നാം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഏല്പിക്കുന്ന ക്ഷതം അത്ര നിസ്സാരമല്ല...

പ്ലാസ്റ്റിക്കിനെ പിന്തുടര്‍ന്ന് തോല്‍പ്പിക്കുക എന്ന ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശം പ്ലാസ്റ്റിക് വിപത്തിനെതിരെയുള്ള ഒരു യുദ്ധപ്രഖ്യാപനമാണ്
നാം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഏല്പിക്കുന്ന ക്ഷതം അത്ര നിസ്സാരമല്ല...

ടുത്ത കാലാവസ്ഥ വ്യതിയാനവും കുതിച്ചുയരുന്ന അന്തരീക്ഷ താപമാനവും കാലം തെറ്റി എത്തുന്ന പേമാരിയും പ്രളയവും ചക്രവാതച്ചുഴിയുമൊക്ക ജൈവമണ്ഡലത്തിനും ജൈവവൈവിദ്ധ്യത്തിനും ഭീഷണി ഉയര്‍ത്തുന്ന ഒരു കാലഘട്ടമാണിത്. ഈ ഭീഷണികളെ എങ്ങനെ നേരിടണം എന്ന ആകുലതകളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുമ്പോഴാണ്, മറ്റൊരു മഹാവിപത്തായി പ്ലാസ്റ്റിക് മാലിന്യകൂമ്പാരം ജൈവവൈവിദ്ധ്യത്തെ ശ്വാസം മുട്ടിക്കുന്നത്. നിത്യേന നാം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്കും ജൈവവൈവിദ്ധ്യത്തിനും ഏല്പിക്കുന്ന ക്ഷതം അത്ര നിസ്സാരമല്ല. പ്ലാസ്റ്റിക്കിനെ പിന്തുടര്‍ന്ന് തോല്‍പ്പിക്കുക എന്ന ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശം പ്ലാസ്റ്റിക് വിപത്തിനെതിരെയുള്ള ഒരു യുദ്ധപ്രഖ്യാപനമാണ്.

ലോകത്തെ ഒരു വര്‍ഷത്തെ പ്ലാസ്റ്റിക് ഉല്പാദനം 400 മില്യണ്‍ ടണ്‍ എന്നാണ് കണക്ക്. അതില്‍തന്നെ പകുതിയിലേറെ ഒറ്റ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളാണ്. ജൈവപദാര്‍ത്ഥങ്ങള്‍ മണ്ണോടു ചേരുമ്പോള്‍ അജൈവ പദാര്‍ത്ഥമായ പ്ലാസ്റ്റിക് നശിക്കാതെ വിഘടിച്ച് കൂടുതല്‍ വിനാശകരമായി തീരുന്നു. ഒരു വര്‍ഷം ഉല്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് 19 ടണ്‍ മുതല്‍ 23 ടണ്‍ വരെ തടാകങ്ങളിലും ജലാശയങ്ങളിലും പുഴകളിലും സമുദ്രങ്ങളിലും വന്നടിയുന്നു എന്നാണ് ഏകദേശ കണക്ക്. ഇതിനേക്കാള്‍ ആപത്കരമാണ് പ്ലാസ്റ്റിക്. ആ മാലിന്യങ്ങള്‍ കത്തിച്ച് അന്തരീക്ഷത്തെ മലിനമാക്കുന്നത്. സൂക്ഷ്മ പ്ലാസ്റ്റിക് (മൈക്രോ പ്ലാസ്റ്റിക്) കണികകള്‍ അന്തരീക്ഷത്തില്‍ തങ്ങിനിന്ന് അത് ശ്വസിക്കുന്നവര്‍ക്ക് ശ്വാസകോശജന്യ രോഗങ്ങളും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളും ഉണ്ടാക്കുന്നു. അടുത്തിടെ ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കത്തിയപ്പോള്‍ ആ പുക ശ്വസിച്ചവര്‍ക്ക് ഉണ്ടായ അസ്വസ്ഥതകള്‍ നാം നേരിട്ടറിഞ്ഞതാണ്. പ്ലാസ്റ്റിക് കത്തി അന്തരീക്ഷത്തില്‍ പടരുന്ന സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ സൂക്ഷ്മ ജീവജാലങ്ങള്‍ക്കും മറ്റു ജീവികള്‍ക്കും ജൈവവൈവിദ്ധ്യത്തിനും എത്ര ആപത്തുണ്ടാക്കുന്നു എന്നതിന്റെ വ്യക്തമായ കണക്കുകള്‍ ഇനിയും ലഭ്യമായിട്ടില്ല. ശാസ്ത്ര പഠനങ്ങള്‍ നിരന്തരം നടത്തി അത് കണ്ടെത്തേണ്ടിയിരിക്കുന്നു.

പ്ലാസ്റ്റിക് ബാ​ഗ് ഭക്ഷിക്കുന്ന പുള്ളിമാൻ/ ഫോട്ടോ: സി സുശാന്ത്‌
പ്ലാസ്റ്റിക് ബാ​ഗ് ഭക്ഷിക്കുന്ന പുള്ളിമാൻ/ ഫോട്ടോ: സി സുശാന്ത്‌

മൈക്രോ പ്ലാസ്റ്റിക് മാലിന്യം

മൈക്രോ പ്ലാസ്റ്റിക് എന്ന 5 മില്ലിമീറ്റര്‍ പോലും വലിപ്പമില്ലാത്ത പ്ലാസ്റ്റിക് ധൂളികള്‍ അന്തരീക്ഷത്തില്‍ പാറിനടന്നും കരയിലും ജലാശയങ്ങളിലും അടിഞ്ഞുകൂടിയും ജൈവവൈവിദ്ധ്യത്തിന് ഏറെ വിപത്തുണ്ടാക്കുന്നു. സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കളിലും ഡിറ്റര്‍ജന്റ് സോപ്പ് കടകളുടെ കീഴാവരണമായി ഉപയോഗിക്കുന്ന നേര്‍ത്ത, പൊടിയുന്ന പ്ലാസ്റ്റിക് ലേപനവും ടൂത്ത്‌പേസ്റ്റിലുമൊക്കെ കലര്‍ന്നിരിക്കുന്ന മൈക്രോ പ്ലാസ്റ്റിക് കണികകള്‍ വാഷ്‌ബേസിനുകളില്‍നിന്നും പുറന്തള്ളപ്പെടുന്ന ജലത്തിലൂടെ പൊതു ജലയിടങ്ങളിലും നീര്‍ത്തടങ്ങളിലുമൊക്കെ എത്തുകയും അവിടെയുള്ള ജലജീവികള്‍ക്കും മത്സ്യങ്ങള്‍ക്കും, പക്ഷികള്‍ക്കുമൊക്കെ ഭീഷണിയാകുന്നു. മൈക്രോ പ്ലാസ്റ്റിക് അകത്തുചെന്ന് വിവിധതരം അര്‍ബ്ബുദം ബാധിച്ച് മത്സ്യ ഇനങ്ങള്‍ ചത്തൊടുങ്ങുന്നു. സിന്തറ്റിക് തുണിത്തരങ്ങളില്‍ അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക് വിഘടിച്ച് മൈക്രോ പ്ലാസ്റ്റിക്കായി പരിണമിച്ച് പരിസ്ഥിതിക്കു ദോഷം ചെയ്യുന്നു.

ശുദ്ധജലാശയങ്ങളേയും ശുദ്ധജല സ്രോതസുകളേയും സമുദ്രങ്ങളേയും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടാതെ ഏറെ മലിനമാക്കപ്പെടുന്നത് മൈക്രോ പ്ലാസ്റ്റിക് നിമിത്തമാണ് എന്നാണ് പുതിയ കണ്ടെത്തല്‍. ശുദ്ധജല സ്രോതസ്സുകളില്‍ അടിയുന്ന മൈക്രോ പ്ലാസ്റ്റിക് മാലിന്യം നാലു മുതല്‍ പന്ത്രണ്ടു മില്യണ്‍ ടണ്‍ വരെയാണെന്നാണ് വാര്‍ഷിക കണക്ക്. 2018-ലെ കണക്കനുസരിച്ച് സമുദ്ര-ശുദ്ധജല ആവാസവ്യവസ്ഥയില്‍ 114 ഇനം ജലജീവികളില്‍ അവയുടെ ദഹനവ്യവസ്ഥയിലും, കോശജാലത്തിലുമൊക്കെ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മത്സ്യങ്ങള്‍, പക്ഷികള്‍ എന്നിവ ജലോപരിതലത്തില്‍ ഒഴുകിനടക്കുന്ന പ്ലാസ്റ്റിക് കഷണങ്ങളെ ആഹരിക്കാറുണ്ട്. ഇങ്ങനെ ആഹരിക്കുന്നവയുടെ ദഹനപ്രക്രിയകള്‍ തടസ്സപ്പെടുകയോ തകരാറിലാവുകയോ ചെയ്യുകയും മരണപ്പെടുകയും ചെയ്യുന്നു.

കണക്കുകളും പഠനങ്ങളും ജൈവവൈവിദ്ധ്യത്തിന് പ്ലാസ്റ്റിക് വിപത്തു മൂലമുണ്ടാകുന്ന ചില നേര്‍ക്കാഴ്ചകളിലൂടെ സഞ്ചരിക്കാം. വനാന്തരങ്ങളിലൂടെ യാത്ര ചെയ്താല്‍ നമ്മെ അമ്പരിപ്പിക്കുമാറ് സഞ്ചാരികള്‍ വലിച്ചെറിയുന്ന മാലിന്യകൂമ്പാരങ്ങളുടെ നേര്‍ക്കാഴ്ചകളാകും വരവേല്‍ക്കുക. പ്രധാന നദികളുടെ ഉത്ഭവങ്ങളിലെ തെളിനീരുറവകളിലും ഉള്‍വനങ്ങളില്‍പോലും ഇങ്ങനെ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാണാം. സസ്യഭുക്കുകളായ ആന, കാട്ടുപോത്ത്, മ്ലാവ്, പുള്ളിമാന്‍, കേഴമാന്‍, കാട്ടുപന്നി, കുരങ്ങ് എന്നിവ ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആഹരിച്ച് ദഹനപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച് അവ മരണപ്പെട്ടുപോകുന്നു. വന യാത്രകളില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ ഭക്ഷിക്കുന്ന മാനുകളേയും പ്ലാസ്റ്റിക് പൊതിയില്‍ ഉപേക്ഷിക്കപ്പെട്ട ആഹാരാവശിഷ്ടം ഭക്ഷിക്കാന്‍ പ്ലാസ്റ്റിക്കിനേയും ഭക്ഷിക്കുന്ന കുരങ്ങുകളേയും ഉപേക്ഷിക്കപ്പെട്ട ശീതളപാനീയങ്ങളുടെ കുപ്പികള്‍ക്കു മരച്ചില്ലകളില്‍ തല്ലുകൂടുന്ന കുരങ്ങുകളേയും കാണാറുണ്ട്. അടുത്തിടെ, ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കവറില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഉപ്പുരസമോ അതിലുണ്ടായിരുന്ന ശീതളപാനീയത്തിന്റെ രസമോ നുകരാന്‍ ഒരു നീര്‍ച്ചാലിനരികില്‍ മത്സരിക്കുന്ന ചിത്രശലഭങ്ങളേയും കാണുകയുണ്ടായി. പ്ലാസ്റ്റിക് സഞ്ചികളാല്‍ മൂടപ്പെട്ട ആനപിണ്ഡം ഇപ്പോള്‍ പതിവ് വനകാഴ്ചയാണ്.

മാലിന്യം നിറഞ്ഞ പ്ലാസ്റ്റിക് സഞ്ചിയിൽ നിന്നു ആഹാരം തേടുന്ന കുളക്കോഴി
മാലിന്യം നിറഞ്ഞ പ്ലാസ്റ്റിക് സഞ്ചിയിൽ നിന്നു ആഹാരം തേടുന്ന കുളക്കോഴി

സമുദ്രനിരപ്പില്‍നിന്നും ആറായിരം അടിക്കുമേലെ ഉയര്‍ന്ന ഒരു മലനിരകളിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരു തെളിനീരുറവയില്‍ സഞ്ചാരികളിലാരോ വലിച്ചെറിഞ്ഞ ഒരു പ്ലാസ്റ്റിക് കപ്പില്‍ വിശ്രമിക്കുന്ന ഒട്ടൊക്കെ അപൂര്‍വ്വനായ ഒരു കാട്ടുതുമ്പിയെ കണ്ടു. കണ്ണുനീര്‍ പോലെ ശുദ്ധവും തെളിഞ്ഞതുമായ ഈ കുളിര്‍ തെളിനീരാണ് ഈ കാട്ടുതുമ്പിയുടെ പ്രജനനകേന്ദ്രവും പ്രധാന ആവാസവ്യവസ്ഥയും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് അവയുടെ ആവാസവ്യവസ്ഥ ഇല്ലാതാക്കിയാല്‍ ഈ കാട്ടുതുമ്പിയുള്‍പ്പെടെ ഈ ശുദ്ധജല സ്രോതസ്സിനെ ആശ്രയിച്ചു കഴിയുന്ന അനേകം ജലജീവികള്‍ എന്നന്നേക്കുമായി ഭൂമിയില്‍നിന്നും അപ്രത്യക്ഷമാകും.

പ്ലാസ്റ്റിക് പുഴകള്‍

വനാന്തരങ്ങളില്‍നിന്ന് തണ്ണീര്‍ത്തടങ്ങളിലേക്ക് യാത്രയായാല്‍ പ്ലാസ്റ്റിക് മാലിന്യ വിപത്ത് ഇതിലും വ്യാപ്തിയുള്ളതും ഭീതി ഉണര്‍ത്തുന്നതുമാണ്. നമ്മുടെ തടാകങ്ങള്‍, ശുദ്ധജല സ്രോതസ്സുകള്‍, ചതുപ്പുകളുമൊക്കെ നമുക്ക് ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിയാനുള്ള ഇടമാണെന്ന മിഥ്യാധാരണയില്‍ ജീവിക്കുന്ന നാം മലയാളികള്‍ വിഡ്ഢികളുടെ മൂഢസ്വര്‍ഗ്ഗത്തിലെന്നേ പറയേണ്ടതുള്ളൂ. കായല്‍പരപ്പിലൂടെ ഒഴുകിനടക്കുന്ന, നാം ഓമനപ്പേരോടെ വിളിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകളുടെ കുപ്പികള്‍, പ്ലാസ്റ്റിക് കപ്പുകള്‍, സ്നഗ്ഗികള്‍ എന്നിവയൊക്കെ നമ്മുടെ നീര്‍ത്തടബോധം വിളംബരം ചെയ്യുന്നവയാണ്. ആഴത്തിലാണ്ടു കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിഘടിച്ച് മൈക്രോ പ്ലാസ്റ്റിക് കണങ്ങളായി ജലജീവിതത്തിന്റെ അസ്തമയത്തിനായി തയ്യാറെടുക്കുന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതാണ്. ഈ മാലിന്യനിക്ഷേപങ്ങള്‍ക്കിടയിലും ഇളം തെന്നലായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന സന്നദ്ധസംഘടനകളും വ്യക്തികളുമുണ്ട്.

പ്ലാസ്റ്റിക് പക്ഷികളുടെ ജീവിതത്തെ എങ്ങനെ നേരിട്ടു ബാധിക്കുന്നു എന്നതിന് സാക്ഷിയാകുവാന്‍ പലവട്ടം കഴിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളിക്കടുത്തുള്ള വെള്ളനാതുരുത്ത് ബീച്ചില്‍ അവിടെ വിരുന്നിനെത്തുന്ന ദേശാടനപക്ഷികളുടെ കണക്കെടുക്കുകയായിരുന്നു. ഒരുമിച്ചു കടല്‍ക്കരയില്‍ വിശ്രമിക്കുന്ന ഒരു പറ്റം കടല്‍കാക്കകളില്‍നിന്നും കുറച്ചകലെ മാറിനില്‍ക്കുന്ന കടല്‍കാക്കയിലായി ശ്രദ്ധ. സൂക്ഷ്മനിരീക്ഷണത്തില്‍ അതിന്റെ കൊക്കുകള്‍ വരിഞ്ഞുമുറുക്കി പ്ലാസ്റ്റിക് മീന്‍വലയുടെ കുരുക്ക് കണ്ടു. ആഹാരം കഴിക്കുവാനാകാതെ കൂട്ടം തെറ്റി മാറിനടക്കുന്ന കടല്‍കാക്കയുടെ കൊക്കില്‍ കുരുങ്ങിയ വലകഷണം മാറ്റുവാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഞങ്ങളെ കണ്ടു ഭയന്ന് ആ കടല്‍കാക്ക കടലിലേക്ക് ചിറകടിച്ചുപോയ കാഴ്ച ഹൃദയ ഭേദകമായിരുന്നു.

പ്ലാസ്റ്റിക് കപ്പുകളുടെ കൂമ്പാരം- ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം
പ്ലാസ്റ്റിക് കപ്പുകളുടെ കൂമ്പാരം- ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം

മറ്റൊരിക്കല്‍ തിരുവനന്തപുരം വേളി അഴിമുഖത്തെ കടല്‍പക്ഷികളെ നിരീക്ഷിക്കവേ തിരമാലകളോട് ചേര്‍ന്ന് മണല്‍പരപ്പില്‍ ചിറകുവിടര്‍ത്തിയിരിക്കുന്ന ദേശാടകനായ ആളചിന്നനെ കണ്ടു. സൂക്ഷിച്ചു നോക്കുമ്പോള്‍ അതിന്റെ കൊക്കുകളിലൂടെ തൊണ്ടയില്‍ കുരുങ്ങിയിരിക്കുന്ന നേര്‍ത്ത വലനാരു കണ്ടു. ആ പക്ഷിയും ഇരതേടാനാകാതെ തീരത്തുകൂടി അലഞ്ഞുനടക്കുന്ന കാഴ്ച ദയനീയമായിരുന്നു. തണ്ണീര്‍ത്തടങ്ങളിലും കായല്‍പ്രദേശങ്ങളിലും വല കുരുങ്ങി വലയുന്ന പക്ഷികളുടെ ദൃശ്യം സുപരിചിതമായി തീര്‍ന്നിരിക്കുന്നു. നാം ജലാശയങ്ങള്‍ എത്രമാത്രം പ്ലാസ്റ്റിക് മാലിന്യമയമാക്കുന്നു എന്നതിന്റെ തെളിവാണ് ഈ കാഴ്ചകള്‍. സാധാരണ പക്ഷികളെ കൂടാതെ വംശനാശ ഭീഷണി നേരിടുന്ന റെഡ് ഡാറ്റ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചേരക്കോഴിയും ഇങ്ങനെ പ്ലാസ്റ്റിക് വല കൊക്കില്‍ കുരുങ്ങി മരണപ്പെടാറുണ്ട്.

കൊക്കിൽ വല കുരുങ്ങിയ കടൽകാക്ക
കൊക്കിൽ വല കുരുങ്ങിയ കടൽകാക്ക

നിത്യോപയോഗത്തില്‍ പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം നിയന്ത്രിക്കുന്നതിനായി ആവശ്യത്തിനും അതിലേറെ അനാവശ്യത്തിനും പ്ലാസ്റ്റിക് സഞ്ചിയെ ആശ്രയിക്കുന്ന രീതി അവസാനിപ്പിച്ച് തുണിസഞ്ചിയും കുറച്ചൊക്കെ പേപ്പറിനേയും ആശ്രയിച്ചാല്‍ കുറേയൊക്കെ മാലിന്യം കുറക്കുവാന്‍ പറ്റും. മൈക്രോപ്ലാസ്റ്റിക് അടങ്ങിയ സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍, ടൂത്ത്‌പേസ്റ്റ്, പൊടിയുന്ന പ്ലാസ്റ്റിക് ലേപനമുള്ള ഡിറ്റര്‍ജന്റ്, സിന്തെറ്റിക് തുണിത്തരങ്ങള്‍ എന്നിവ ഉപേക്ഷിക്കുകയോ ഉപയോഗം കുറയ്ക്കുകയോ ചെയ്താല്‍ തന്നെ പ്ലാസ്റ്റിക്കിനെ തുരത്തി ഓടിക്കുവാന്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന രീതിയില്‍ ചെയ്യാവുന്നതാണ്. പ്ലാസ്റ്റിക്കിനെ തുരത്തുവാന്‍ ഇനിയും അമാന്തിച്ചുകൂടാ എന്ന സന്ദേശത്തിലൂടെ നാമോരോരുത്തരും കര്‍ത്തവ്യ/കര്‍മ്മനിരതരായി പ്ലാസ്റ്റിക്കിനെതിരെ പൊരുതിയാലേ പരിസ്ഥിതിയേയും ജൈവവൈവിദ്ധ്യത്തേയും മാനവരാശിയേയും നിലനിര്‍ത്തുവാനാകൂ. അതിലേറെ പ്രധാനം നമ്മുടെ തണ്ണീര്‍ത്തടങ്ങളും ചതുപ്പുകുളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളാവുന്ന വെറും ഉപയോഗശൂന്യമായ ഇടമല്ല, ശുദ്ധജലത്തിന്റെ ഉറവിടമാണ് എന്ന അവബോധം സൃഷ്ടിക്കലുമാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com