'നാമീ സംസാരിക്കുന്ന ഓരോ മിനിട്ടിലും 2 മില്ല്യണ്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു'

പ്ലാസ്റ്റിക്കുകളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഇന്ന് പരിസ്ഥിതിക്കുതന്നെ വലിയ ഭീഷണിയായി മാറിയിരിക്കുന്നു
'നാമീ സംസാരിക്കുന്ന ഓരോ മിനിട്ടിലും 2 മില്ല്യണ്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു'

ര്‍ഷങ്ങള്‍ക്കു മുന്‍പ് 'ബില്യാര്‍ഡ്സ്' കളിക്കുന്നതിനായുള്ള ബോള്‍ നിര്‍മ്മിക്കുന്നത് ആനയുടെ കൊമ്പ് ഉപയോഗിച്ചുകൊണ്ടായിരുന്നു. ഇതിനായി ആനകളെ വേട്ടയാടുന്നതുമൂലം പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആനകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുകൊണ്ടിരുന്നു. അത് ഒഴിവാക്കുവാനായി ബില്യാര്‍ഡ്സ് ബോള്‍ ഉണ്ടാക്കുവാന്‍ മറ്റു ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുകയും അതിനായി അധികൃതര്‍ വന്‍ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ 1863-ല്‍ അമേരിക്കക്കാരനായ 'ജോണ്‍ വെസ്ലി ഹയാത്' എന്നയാള്‍ വെല്ലുവിളി ഏറ്റെടുക്കുകയും അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സസ്യകോശങ്ങളില്‍ കാണപ്പെടുന്ന 'സെല്ലുലോസ്' ഉപയോഗിച്ചുകൊണ്ട് 'സെല്ലുലോയിഡ്' എന്ന പദാര്‍ത്ഥം ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ അത് പഴയ ബോളിനേക്കാള്‍ ഭാരമുള്ളതായിരുന്നു എന്നു മാത്രമല്ല വേണ്ടത്ര ബൗണ്‍സ് ചെയ്യുകയുമില്ലായിരുന്നു. എന്തിരുന്നാലും അവ ഉപയോഗിച്ച് മറ്റു പല ആവശ്യങ്ങളും നിറവേറ്റാന്‍ കഴിഞ്ഞു. ഇതാണ് ആദ്യത്തെ പ്ലാസ്റ്റിക് എന്ന് അറിയപ്പെടുന്നത്.

ആദ്യത്തെ പ്ലാസ്റ്റിക് എന്ന ഖ്യാതി നേടിയെങ്കിലും 'സെല്ലുലോയിഡ്' പെട്ടെന്ന് തീപിടിക്കുന്നതായതിനാല്‍ ഇതിന്റെ ഉല്പാദനം വളരെ അപകടം പിടിച്ചതായിരുന്നു. അങ്ങനെയാണ് 1907-ല്‍ ശാസ്ത്രജ്ഞര്‍ കല്‍ക്കരി ടാറിന്റെ ഉപോല്പന്നമായ ഫീനോള്‍ ഫോമാല്‍ഡിഹൈഡുമായി സംയോജിപ്പിച്ചുകൊണ്ട് 'ബേക്കലൈറ്റ്' എന്ന പോളിമര്‍ ഉണ്ടാക്കിയെടുക്കുന്നത്. ബേക്കലൈറ്റ് അത്രവേഗം തീപിടിക്കാത്തതും അതിന്റെ അസംസ്‌കൃത വസ്തുക്കള്‍ കൂടുതല്‍ ലഭ്യമായതും ആയിരുന്നു. അതിനുശേഷം 1920-ലാണ് ഗവേഷകര്‍ 'പോളിസ്റ്റയറിന്‍' ഉണ്ടാക്കിയെടുക്കുന്നത്. അതിനുശേഷം വിനൈല്‍, പോളിവിനൈല്‍, അക്രിലിക് നൈലോണ്‍ എന്നീ പോളിമറുകള്‍ വികസിപ്പിച്ചെടുത്തു. 1933-ല്‍ 'പോളി എത്തിലീന്‍' എന്നു വിളിക്കപ്പെട്ട പ്ലാസ്റ്റിക് വികസിപ്പിച്ചു. ഇന്ന് ഏറ്റവുമധികം പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നത് ഇതുപയോഗിച്ചാണ്. 'ഇന്‍ജക്ഷന്‍ മോള്‍ഡിങ്' എന്ന രീതി കണ്ടുപിടിക്കപ്പെട്ടതോടെ പ്ലാസ്റ്റിക്ക് ചൂടാക്കിയതിനുശേഷം വിവിധ അച്ചുകള്‍ ഉപയോഗിച്ച് വിവിധതരത്തിലെ ഉല്പന്നങ്ങള്‍ ഉണ്ടാക്കാനും തുടങ്ങി.

പിന്നീട് രണ്ടാം ലോകമഹായുദ്ധകാലത്തു പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ദ്ധിച്ചു. അമേരിക്കയില്‍ സൈന്യത്തിന്റെ ഹെല്‍മെറ്റുകള്‍, വിനൈല്‍ മഴക്കോട്ടുകള്‍, പ്രതിരോധശേഷിയുള്ള നൈലോണ്‍ ഉപയോഗിച്ച് ഉണ്ടാക്കിയ പാരച്യൂട്ടുകള്‍ എന്നിവ വ്യാപകമായി നിര്‍മ്മിക്കപ്പെട്ടു. യുദ്ധകാലം കഴിഞ്ഞതോടെ കൂടുതല്‍ കമ്പനികള്‍ വിവിധതരത്തിലെ പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. തടി, ചില്ല്, തുണി എന്നിവയെയൊക്കെ പിന്നിലാക്കി പ്ലാസ്റ്റിക് വാണിജ്യലോകത്തെത്തന്നെ കീഴടക്കി.

കരയിലെ പ്ലാസ്റ്റിക് മാലിന്യം

പ്ലാസ്റ്റിക്കുകളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഇന്ന് പരിസ്ഥിതിക്കുതന്നെ വലിയ ഭീഷണിയായി മാറിയിരിക്കുന്നു. നാം ഉപയോഗിച്ചു വലിച്ചെറിയുന്ന ഇവയൊക്കെ എങ്ങോട്ടാണ് പോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു ഭാഗം നിലം നികത്തലിനായാണ് ഉപയോഗിക്കുന്നത്. അങ്ങനെ ഭൂമിക്കടിയില്‍ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക്കിലേക്ക് നിരന്തരമായി മഴവെള്ളം കിനിഞ്ഞിറങ്ങുമ്പോള്‍ പ്ലാസ്റ്റിക്കിലെ വിഷമയമായ പദാര്‍ത്ഥങ്ങള്‍ വെള്ളത്തോടുകൂടി ചേര്‍ന്ന് മണ്ണിലും അടുത്തുള്ള പുഴകളിലും എത്തിച്ചേരുകയും അവിടെയുള്ള ജീവികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

അതിനൊപ്പം നാം വലിച്ചെറിയുന്ന ഭക്ഷണസാധനങ്ങളോടൊപ്പമുള്ള പ്ലാസ്റ്റിക് ആവട്ടെ, പശുക്കളും പക്ഷികളും നായകളും ഭക്ഷിക്കുന്നു.  സ്വാഭാവികമായും അത് അവരുടെ വയറ്റില്‍ എത്തുകയും അത് അവയുടെ ജീവനുതന്നെ ഭീഷണിയാകുകയും ചെയ്യുന്നു.

സമുദ്രങ്ങള്‍ പ്ലാസ്റ്റിക് സമ്പുഷ്ടം

1550 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇന്നേവരെ ഏതാണ്ട് 8.3 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക്ക് ലോകത്ത് ഉല്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 8 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക്കാണ് ഓരോ വര്‍ഷവും നമ്മുടെ സമുദ്രങ്ങളില്‍ എത്തിച്ചേരുന്നത്. ഓരോ മിനിട്ടിലും ഒരു ട്രക്ക് ലോഡ് പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തിലേക്ക് എത്തപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് കണക്ക്. ഇങ്ങനെപോയാല്‍ 2050 ഓടെ കടലില്‍ മത്സ്യങ്ങളെക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്കുകള്‍ ആയിരിക്കും എന്നാണ് ശാസ്ത്രലോകം പറയുന്നത്.

മനുഷ്യര്‍ പുഴകളില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റു പദാര്‍ത്ഥങ്ങളും ഒഴുകിയൊഴുകി സമുദ്രങ്ങളില്‍ എത്തുന്നു. ഇത്തരത്തില്‍ കടലിന്റെ ഉപരിതലത്തില്‍ പരന്നുകിടക്കുന്ന ഇവ സൂര്യപ്രകാശം നിരന്തരമായി ഏല്‍ക്കുമ്പോള്‍ പൊട്ടിപ്പൊട്ടി ചെറിയ കഷണങ്ങളാകുന്നു. ഇതിനെ 'പ്ലാസ്റ്റിക് ഫോട്ടോ ഡീഗ്രേഡേഷന്‍' (Plastic Photodegradation) എന്നാണ് പറയുന്നത്. ഇവ കടല്‍വെള്ളത്തോട് ചേരുകയും കടല്‍ജീവികള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. കടലാമകള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ഏതാണ്ട് 74 ശതമാനം ഇത്തരത്തിലെ മൈക്രോപ്ലാസ്റ്റിക്കുകളാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ഇത്തരത്തില്‍ ഭക്ഷിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകള്‍ ദഹിക്കാതെ വയറ്റില്‍ അവശേഷിക്കുകയും അവയ്ക്ക് പിന്നീട് ഭക്ഷണം കഴിക്കാനാവാതെ വരികയും ആ ജീവികളുടെ മരണം സംഭവിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഏറെ ഗൗരവതരമായ മറ്റൊരുകാര്യം ഇവ ജീവികളുടെ ആഹാരശൃംഖലയില്‍ എത്തുകയും ഒടുവില്‍ മനുഷ്യരില്‍ വരെ അവയുടെ അംശങ്ങള്‍ എത്തുകയും ചെയ്യുന്നു എന്നതാണ്. ഇത്തരത്തില്‍ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഫലമായി വംശനാശം സംഭവിച്ച ജീവികള്‍ വരെയുണ്ട്. അവയില്‍ കടലാമകള്‍ കൂടുതലും കടല്‍ജീവികളാണ്, ചില കടല്‍പക്ഷികള്‍, കടല്‍സീലുകള്‍ എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. 2019-ല്‍ ജീവന്‍ നഷ്ടപ്പെട്ട ഒരു നീലത്തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് നാല്‍പ്പതു കിലോ പ്ലാസ്റ്റിക് ആയിരുന്നു. അത്തരത്തില്‍ കടലിലെ ഓരോ ജീവികളേയും, പക്ഷികളേയും പരിശോധിച്ചാല്‍ അവയുടെ ശരീരത്തില്‍ അല്പമെങ്കിലും പ്ലാസ്റ്റിക് സാന്നിധ്യമില്ലാത്ത ജീവികള്‍ ഇല്ലെന്നുതന്നെ പറയാമെന്ന് ഈ രംഗത്തെ ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നു.

ഗ്രേറ്റ് പസഫിക് ഗാര്‍ബേജ് പാച്ച്

സമുദ്രങ്ങളിലേക്ക് എത്തുന്ന പ്ലാസ്റ്റിക്കുകള്‍ ഒരു വലിയ ദ്വീപിന്റെ ആകൃതിയില്‍ കടലിന്റെ ഒരുഭാഗത്തു കെട്ടിക്കിടക്കുന്നു. അതിനെ പ്ലാസ്റ്റിക് പാച്ചുകള്‍ എന്നാണ് പറയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒന്നും പസഫിക് സമുദ്രത്തിലും അറ്റ്ലാന്റിക് സമുദ്രത്തിലും രണ്ടുവീതവും പ്ലാസ്റ്റിക് പാച്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്. നാമുപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകള്‍ കടലില്‍ ഉണ്ടാകുന്ന ചുഴികള്‍ മൂലം ഒന്നായാണ് പാച്ചുകള്‍ രൂപപ്പെടുന്നത്. ഇത്തരത്തില്‍ പസഫിക് സമുദ്രത്തില്‍ ഹവായിക്കും കാലിഫോര്‍ണിയയ്ക്കും ഇടയില്‍ കാണപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ ഇതുപോലെയുള്ള ദ്വീപാണ്  'ഗ്രേറ്റ് പസഫിക് ഗാര്‍ബേജ് പാച്ച്.' നാം കരുതുന്നതുപോലെ ചെറിയ കൂട്ടമൊന്നുമല്ല ഇത്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ ഇരട്ടിയോളം വലിപ്പമുണ്ട് ഇതിന് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്രയേറെ പ്രദേശത്ത് വ്യാപിച്ചിട്ടുണ്ടെങ്കിലും അവ ചെറിയ ചെറിയ കഷണങ്ങളായി കടലില്‍ ചേര്‍ന്നിരിക്കുന്നതിനാല്‍ ഒരു ഇരുണ്ട സൂപ്പ് പോലെയേ ഉപഗ്രഹചിത്രങ്ങളില്‍പോലും നമുക്ക് കാണാന്‍ കഴിയുകയുള്ളൂ. ഇതില്‍നിന്നും സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണം എത്ര ഭീകരമാണെന്ന് നമുക്ക് മനസ്സിലാക്കാം.

കരയിലും കടലിലും നാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാണുന്നുണ്ടെങ്കിലും വായുവിലും ഇവയുടെ സാന്നിധ്യം ഉണ്ടെന്നത് വസ്തുതയാണ്. മൈക്രോപ്ലാസ്റ്റിക് എന്ന് വിളിക്കപ്പെടുന്ന ഇവ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും അത് ജീവികളുടെ ശ്വസനവ്യവസ്ഥയെ വലിയരീതിയില്‍ ബാധിക്കുകയും ചെയ്യുന്നു. നമ്മുടെ ശ്വാസകോശങ്ങളില്‍ എത്തുന്ന മൈക്രോപ്ലാസ്റ്റിക്കുകള്‍ രക്തത്തില്‍ കലരുകയും അതുവഴി നമ്മുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. മാത്രമല്ല, മൈക്രോപ്ലാസ്റ്റിക് മനുഷ്യരില്‍ ശ്വാസകോശ അര്‍ബ്ബുദം വരെ ഉണ്ടാക്കുന്നതായും പഠനങ്ങളുണ്ട്.

പുനരുപയോഗം പേരിനുമാത്രം

ചെറിയൊരു ശതമാനം പ്ലാസ്റ്റിക് പുനരുപയോഗം നടത്തുന്നുണ്ട്. നമ്മുടെ വീടുകളില്‍നിന്നും മുനിസിപ്പാലിറ്റിയും പഞ്ചായത്ത് അധികൃതരും ശേഖരിക്കുന്ന പ്ലാസ്റ്റിക് കംപ്രസ്സ് ചെയ്തു ബ്ലോക്കുകള്‍ ആക്കുന്നു. ചെറിയ ചെറിയ ഭാഗങ്ങളാക്കി മാറ്റിയതിനുശേഷം വീണ്ടും ചൂടാക്കിക്കൊണ്ട് പലവിധ ഉല്പന്നങ്ങളാക്കി പുനരുപയോഗിക്കാന്‍ കഴിയുന്ന തരത്തിലാക്കി മാറ്റുന്നു.

പക്ഷേ, ലോകത്തെ ആകമാനം കണക്കെടുത്താല്‍ വെറും 9 ശതമാനം പ്ലാസ്റ്റിക് മാത്രമേ റീസൈക്കിള്‍ ചെയ്യുന്നുള്ളൂ എന്നത് ആശങ്കാജനകമാണുതാനും.

വില്ലന്‍ മാത്രമാണോ?

പ്ലാസ്റ്റിക്കിനെ വില്ലന്റെ സ്ഥാനത്തുമാത്രം കാണുന്നത് ഉചിതമല്ല. കാരണം മനുഷ്യന്റെ പുരോഗതിയില്‍ പ്ലാസ്റ്റിക് വലിയ പങ്കുവഹിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് വലിച്ചെറിയപ്പെടുമ്പോളും ഭൂമിയില്‍ കുന്നുകൂടുമ്പോളുമാണ് പ്രശ്നമാകുന്നത്. ആരോഗ്യരംഗത്ത് പ്ലാസ്റ്റിക് വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഏറെയും ഉണ്ടാക്കുന്നത് പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ്. ബഹിരാകാശ വാഹനങ്ങള്‍, കാറുകളിലെ പല ഉപകരണങ്ങള്‍, നാം ഉപയോഗിക്കുന്ന ഹെല്‍മെറ്റ് എന്നിങ്ങനെ നമ്മുടെ ജീവിതത്തില്‍ പ്ലാസ്റ്റിക്കിന്റെ സഹായമില്ലാതെ ഒരു ദിവസം പോലും കടന്നുപോകാറില്ല. എന്നാല്‍, നാം വലിച്ചെറിയുന്ന ഗ്രോസറി കവറുകള്‍, ബോട്ടിലുകള്‍, സ്ട്രോ, കളിപ്പാട്ടങ്ങളുടേയും മറ്റും പാക്കിങ് പ്ലാസ്റ്റിക്കുകള്‍ എന്നിങ്ങനെ വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാത്രമാണ് വില്ലന്‍ സ്ഥാനത്തു പ്രതിഷ്ഠിക്കേണ്ടവ.

നിയന്ത്രണം അത്യാവശ്യം

ഇന്ത്യയില്‍ കഴിഞ്ഞ ജൂലൈ ഒന്നാം തീയതി മുതല്‍ ചില പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിരോധിച്ചെങ്കിലും അവയുടെ ഉപയോഗം നിര്‍ബ്ബാധം തുടരുകയാണ്. എന്നിരുന്നാലും ചില രാജ്യങ്ങള്‍ പ്ലാസ്റ്റിക്കിനെതിരെ  കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെനിയയാണ്  അതില്‍ പ്രധാനം. പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് നാലുവര്‍ഷം തടവും 38,000 ഡോളര്‍ പിഴയുമാണ് അവിടെ ശിക്ഷ. അതുപോലെതന്നെ യു.കെ, തായ്വാന്‍, സിംബാബ്വെ, ആസ്ട്രേലിയ, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും പ്ലാസ്റ്റിക് ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ നിയമനിര്‍മ്മാണം നമ്മുടെ രാജ്യത്തും ഉണ്ടായാല്‍ മാത്രമേ പ്ലാസ്റ്റിക്കിനെ പ്രതിരോധിക്കാന്‍ നമുക്കാവുകയുള്ളൂ.

നാം ചെയ്യേണ്ടത്?

ഇന്ന് ജീവജാലങ്ങള്‍ക്കെല്ലാം ഭീഷണിയായ പ്ലാസ്റ്റിക് നൂറുശതമാനവും മനുഷ്യന്റെ കണ്ടുപിടിത്തമാണെന്നും അതിന്റെ മുഴുവന്‍ ഉപയോഗവും മനുഷ്യരില്‍ തന്നെയാണെന്നുമുള്ള വാസ്തവം നാം മനസ്സിലാക്കണം. അതുകൊണ്ടുതന്നെ ഇത് ഒഴിവാക്കേണ്ടതും മനുഷ്യന്റെ മാത്രം ഉത്തരവാദിത്വമാണ്. മേല്‍സൂചിപ്പിച്ച രീതിയിലെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. കഴിവതും പുനരുപയോഗിക്കുവാനുള്ള ശ്രമങ്ങളും ഉണ്ടാവണം. ഒരു കാരണവശാലും പ്ലാസ്റ്റിക് വഴിയില്‍ വലിച്ചെറിയരുത്. ആഹാരം പൊതിയുവാനായി പേപ്പറുകളോ റീ യൂസബിള്‍ പ്ലാസ്റ്റിക്കുകള്‍ തന്നെയോ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.

ഒരു പരിസ്ഥിതിദിനത്തിനും പരിസ്ഥിതിയെ മാറ്റാനോ സംരക്ഷിക്കാനോ ആവില്ല. നമ്മുടെ മനോഭാവങ്ങള്‍ക്കു മാറ്റുവാന്‍ കഴിയുമെങ്കിലും അങ്ങനെയൊരു മനോഭാവം ഉണ്ടാക്കിയെടുക്കാന്‍ വര്‍ത്തമാനകാലഘട്ടം മനുഷ്യനെ അനുവദിക്കുകയുമില്ല. കാരണം പ്ലാസ്റ്റിക് ഇല്ലാത്തൊരു ജീവിതത്തെപ്പറ്റി മനുഷ്യനു ചിന്തിക്കാനാവില്ല. അത്രയും ആഴത്തില്‍ നമ്മുടെ ജീവിതത്തിലേക്ക് പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഉല്പന്നങ്ങളും ആഴ്ന്നിറങ്ങിക്കഴിഞ്ഞു.

നാമീ സംസാരിക്കുന്ന ഓരോ മിനിട്ടിലും 2 മില്ല്യണ്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇനിയും പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെ നാം ലളിതമായി സമീപിച്ചാല്‍ നമ്മുടെ നാളെകള്‍ കൂടുതല്‍ ദുസ്സഹമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com