ഗാന്ധിജിക്ക് ഇന്ത്യന്‍ മുസ്ലിങ്ങളെ ഒരുമിപ്പിക്കാന്‍ കഴിഞ്ഞില്ല, നരേന്ദ്ര മോദിക്ക് അതു സാധിച്ചു

ഒരു ഭൂമികുലുക്കത്തില്‍, അസാധാരണമായ വിധത്തില്‍ ഒച്ചയുണ്ടാക്കിയ തന്റെ ലൈബ്രറിയില്‍നിന്ന്, ആവശ്യമില്ലാത്ത കുറേ പുസ്തകങ്ങള്‍ ഒഴിവാക്കി, ലൈബ്രറിയുടെ ഭാരം കുറച്ചതിന്റെ ഓര്‍മ്മ എഴുതിയിട്ടുണ്ട്, പാമുക്ക്
ഗാന്ധിജിക്ക് ഇന്ത്യന്‍ മുസ്ലിങ്ങളെ ഒരുമിപ്പിക്കാന്‍ കഴിഞ്ഞില്ല, നരേന്ദ്ര മോദിക്ക് അതു സാധിച്ചു

രു ഭൂമികുലുക്കത്തില്‍, അസാധാരണമായ വിധത്തില്‍ ഒച്ചയുണ്ടാക്കിയ തന്റെ ലൈബ്രറിയില്‍നിന്ന്, ആവശ്യമില്ലാത്ത കുറേ പുസ്തകങ്ങള്‍ ഒഴിവാക്കി, ലൈബ്രറിയുടെ ഭാരം കുറച്ചതിന്റെ ഓര്‍മ്മ എഴുതിയിട്ടുണ്ട്, ഒര്‍ഹാന്‍ പാമുക്ക്. ഭൂമികുലുക്കത്തില്‍ വീടു തകരാതിരുന്നതുകൊണ്ടും ആ ഓര്‍മ്മകള്‍ മാത്രമല്ല, ഉജ്ജ്വലമായ നോവലുകള്‍ എഴുതാന്‍ എഴുത്തുകാരന്റെ സമയജീവിതം ബാക്കിയുണ്ടായിരുന്നതുകൊണ്ടുമാണ് അങ്ങനെ 'ഒഴിവാക്കേണ്ടത്' എന്ന തിരഞ്ഞെടുപ്പിനു സാധിച്ചത്. ഇപ്പോള്‍ ഇന്ത്യയില്‍ സാംസ്‌കാരികമായ കാവിയുന്മാദ ഭൂമികുലുക്കം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്ലാമിന്റെ ഉന്മാദംപോലെ കാവിയുന്മാദവും വെറുപ്പിന്റെ ചാലുകള്‍ കീറുന്നു. കേരളത്തിലും അതിന്റെ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഏതു സിനിമകള്‍ കാണണം/കാണരുത്, ഏതു പുസ്തകങ്ങള്‍ വായിക്കണം/ വായിക്കരുത് തുടങ്ങിയ 'നിരോധനത്തിന്റെ' പുതിയ ശബ്ദതാരാവലികള്‍ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യയില്‍ നേരത്തേയുണ്ട്. കോണ്‍ഗ്രസ്സ് ഇരുട്ടില്‍ തുടങ്ങിവെച്ചത് സംഘ്പരിവാര്‍ വെളിച്ചത്തിലും ചെയ്യുന്നു എന്നേയുള്ളൂ.

ഹിന്ദുത്വ സാംസ്‌കാരികത 'ഒരു വിശുദ്ധ' കര്‍മ്മമണ്ഡലമായി മാറുന്നതിന്റെ ലക്ഷണങ്ങള്‍ എവിടെയും കണ്ടുവരുന്നുണ്ട്. ആ നിലയിലാണ് വാക്കുകളുടെ അര്‍ത്ഥനിക്ഷേപങ്ങള്‍. വാക്കുകളുടെ മറവില്‍നിന്നു വ്യക്തമായ ദൃശ്യപരതയിലേക്കുതന്നെ ആ ജടിലോക്തിയെ എഴുത്തുകാരുടെ സാന്നിധ്യത്തില്‍ എഴുന്നള്ളിക്കുകയാണ്. 

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോണ്‍ക്ലേവില്‍ ശ്രീകുമാരന്‍ തമ്പിയുടെ സാന്നിധ്യത്തില്‍ അത്ഭുപ്പെടുന്നവരും നിരാശപ്പെടുന്നവരുമുണ്ടാവുമോ? ആ സമ്മേളനത്തില്‍ പങ്കെടുത്ത സാംസ്‌കാരിക/സാഹിത്യകാരന്മാരെ ബഹിഷ്‌കരിക്കണം എന്ന കവി സച്ചിദാനന്ദന്റെ ആഹ്വാനം രാഷ്ട്രീയപ്രേരിതമല്ലേ? ഇങ്ങനെ രണ്ടു വിടവുകള്‍ക്കിടയില്‍ ഈ ചോദ്യങ്ങളുടെ മുനകള്‍ ചെന്നു തൊടുന്നു. 'സനാതന ഭൂതകാലത്തെ'ക്കുറിച്ചുള്ള ലജ്ജയുടെ കണിക പോലുമില്ലാത്ത ആദര്‍ശവല്‍ക്കരണത്തിനു കൂട്ടുനില്‍ക്കുന്നവര്‍ക്കു മാത്രമേ, ഈ വിഷയത്തില്‍, 'ബാലന്‍സിങ്ങ്' കലാകൗശലം സാധ്യമാവുകയുള്ളൂ. സനാതന ധര്‍മ്മം എന്ന ആ ഊന്നലില്‍ തന്നെയുണ്ട്, ഭൂതകാല മഹിമയുടെ ഉളുപ്പില്ലായ്മ. അതുകൊണ്ട് സച്ചിദാനന്ദനാണ് ശരി. എല്ലായ്പോഴും സച്ചിദാനന്ദന്‍ ശരിയാകണമെന്നില്ല. എല്ലാ കാലത്തേക്കുമുള്ള 'ശരി'യുടെ പര്യായപദമല്ല സച്ചിദാനന്ദന്‍. എന്നാല്‍, ഈ വിഷയത്തില്‍, സച്ചിദാനന്ദന്‍ രാഷ്ട്രീയമായി തെളിഞ്ഞ മാനവികവാദിയായി നില്‍ക്കുന്നു.

ഇവിടെയാണ് ഭൂമികുലുക്കത്തില്‍ ഏറ്റവും ഒച്ചയുണ്ടാക്കിയ ഒര്‍ഹാന്‍ പാമുക്കിന്റെ ലൈബ്രറി ഒരു രൂപകമാവുന്നത്. ഭാഗ്യവശാല്‍, ഒഴിവാക്കപ്പെടേണ്ട പുസ്തകങ്ങളുടെ ലിസ്റ്റില്‍ ആ കോണ്‍ക്ലേവില്‍ പങ്കെടുത്ത ആരുടെയും പുസ്തകവുമില്ല. (വീണ്ടും) ഭാഗ്യവശാല്‍, അവരുടെ പുസ്തകങ്ങള്‍ എന്റെ ലൈബ്രറിയില്‍ ഇല്ല.  അപ്പോള്‍ പിന്നെയും ആ ചോദ്യം വരാം:

ആ പാട്ടുകള്‍?

എങ്ങനെ കേള്‍ക്കാതിരിക്കും ശ്രീകുമാരന്‍ തമ്പിയുടേയും കൈതപ്രത്തിന്റേയും പാട്ടുകള്‍? 

വായനക്കാരനായ ഞാന്‍ 'സെലക്ടീവാണ്.' പക്ഷേ, ശ്രോതാവായ ഞാന്‍ അതല്ല. ഇതൊരു വൈരുദ്ധ്യമാണ്. അല്ലെങ്കില്‍, വൈരുദ്ധ്യാത്മക സഹൃദയത്വം. 

വൈരുദ്ധ്യാത്മക സഹൃദയത്വത്തിന്റെ ധര്‍മ്മസങ്കടങ്ങളിലേക്ക് വായനക്കാരേയും ശ്രോതാക്കളേയും ഒരിക്കലും തള്ളിവിടാതിരുന്ന ഒരു കവി കേരളത്തില്‍ തന്നെ ജീവിച്ചിരുന്നു. പി. ഭാസ്‌കരന്‍. പി. ഭാസ്‌കരന്‍ എന്ന കവി പുസ്തകംകൊണ്ടോ കവിതകൊണ്ടോ ജീവിതം കൊണ്ടോ നമ്മെ തോല്‍പ്പിച്ചിരുന്നില്ല. വളരെ ഉയര്‍ന്ന അനുപാതത്തില്‍ മരിക്കുന്നതുവരെ അദ്ദേഹം മാനവികാ വാദിയായിരുന്നു. എന്നേക്കുമായ ശരി.

മദ്രസാ കിത്താബില്‍ ഇല്ലാത്ത ഗാന്ധിജി

ഗാന്ധിജിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വത്തിന്റെ ആ ദിവസം ഒരു മലയാളി മുസ്ലിം എന്ന നിലയില്‍ ഓര്‍ത്തുനോക്കി. എങ്ങനെയാണ് മുസ്ലിം ബാല്യം ഗാന്ധിജിയെ ഓര്‍ക്കുന്നത്? 

തീര്‍ച്ചയായും ഓര്‍മ്മയുടെ ആ ബാല്യത്തില്‍ ഒരു ഓത്തുപള്ളിക്കാലമുണ്ട്. ''ഓര്‍ത്തു കണ്ണീര്‍ വാര്‍ക്കാവുന്ന ഒരു ചരിത്ര''മാണ് ഗാന്ധിജിയുടേത്. ചരിത്രത്തിന്റെ ഖേദം നിറഞ്ഞ കാലങ്ങളുടെ നായകനെ നല്ലളം ബീരാന്‍ എഴുതിയിട്ടുണ്ട്. അഹോ പ്രശാന്തി/മഹാത്മാഗാന്ധി/ആത്മജ്ഞാനി /അഖില പ്രധാനി... എന്ന വരികളില്‍ ഗാന്ധിജി ഉള്ളാലെ നിറഞ്ഞുവരുന്നുണ്ട്. എന്നാല്‍, ഓത്തുപള്ളിയില്‍ ഒരു ഉസ്താദും ഗാന്ധിജിയെക്കുറിച്ചു പറഞ്ഞിരുന്നില്ല. ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ മദ്രസകളിലും ആഘോഷമുണ്ടായിരുന്നു. ആഗസ്റ്റ് 15-ഉം സമുചിതമായി പല മദ്രസകളിലും പായസം വിളമ്പി ആചരിച്ചു. മുന്‍പ്, അതായത് എഴുപതുകളിലെ ഞങ്ങളുടെ ആ ഓത്തുപ്പള്ളിക്കാലത്ത്, അത്തരം ആഘോഷങ്ങള്‍ മദ്രസകളില്‍ ഉണ്ടായിരുന്നില്ല. സ്‌കൂളില്‍ ജണ്ഡാ ഊ ചാ രഹേന്‍ഗമാലേ... മിക്കവാറും, അര്‍ത്ഥമറിയാതേയും അക്ഷരം തെറ്റിച്ചും പാടി. പാരീസ് മുട്ടായിയുടെ മധുരം നാവിന്‍ സ്വാതന്ത്ര്യത്തിന്റെ രസമുകുളമായി. മധുരമാണ് സ്വാതന്ത്ര്യം എന്നു പരോക്ഷമായി അനുഭവിച്ചറിഞ്ഞു.

ഗാന്ധിജി, ജവഹര്‍ലാര്‍ നെഹ്റു, അംബേദ്കര്‍, ഭരണഘടന തുടങ്ങി രാജ്യത്തിന്റെ അടയാളങ്ങള്‍ മുസ്ലിങ്ങള്‍ ഓര്‍ത്തുതുടങ്ങിയത് പൗരത്വഭേദഗതിവിരുദ്ധ സമരനാളുകളിലാണ്. ആ നാളുകളില്‍ പുസ്തകശാലകളില്‍ ഇന്ത്യന്‍ ഭരണഘടനയുടെ മലയാളം പതിപ്പുകള്‍ തിരക്കി വന്നവര്‍ മുസ്ലിങ്ങളായിരുന്നു. 'ഒരു കയ്യില്‍ ഖുര്‍ആന്‍, മറുകയ്യില്‍ ഇന്ത്യന്‍ ഭരണഘടന' എന്നു ചില പണ്ഡിതന്മാര്‍ പരസ്യമായി പറഞ്ഞു. എന്നാല്‍, ഞങ്ങളുടെ ബാല്യത്തില്‍ ഓത്തുപള്ളിയില്‍ ഭരണഘടന എന്നു കേട്ടിരുന്നേയില്ല. ഗാന്ധിജി ഒരു പരാമര്‍ശമായിപ്പോലും മദ്രസാ പാഠാവലിയില്‍ വന്നില്ല.

ചുട്ട കോഴിയെ ജീവനോടെ പറപ്പിക്കുന്ന ഔലിയാ കഥകള്‍ കേട്ട ബാല്യം. ഇന്നും സോഷ്യല്‍ മീഡിയകളില്‍ ഔലിയാക്കളുടെ കറാമത്തു (അത്ഭുതസിദ്ധി) കഥകള്‍ എമ്പാടും കേള്‍ക്കാം. എന്നാല്‍, ഇന്ത്യ കണ്ട ഏറ്റവും വലിയ ഔലിയ ഗാന്ധിജിയാണ്. 'അഹിംസ' പോലെ ഒരു കറാമത്ത് അതിനുമുന്‍പോ പിന്‍പോ അത്രയും ഉറപ്പോടെ പറഞ്ഞ വേറൊരാള്‍ ഉണ്ടായിരുന്നില്ല. ഹിംസയുടെ മുന്നില്‍ ആ ചരിത്രം, ഹേ റാം വിളിയോടെ അനശ്വരമായി.

എന്തുകൊണ്ടായിരിക്കാം മദ്രസയില്‍ ഉസ്താദ് ഗാന്ധിജിയെക്കുറിച്ച് ഒന്നും പറയാതിരുന്നത്? ഗാന്ധിജി ഹിന്ദുവായിരുന്നതുകൊണ്ടാവുമോ? അങ്ങനെയെങ്കില്‍ ഇത്രയും 'ഈമാന്‍' (സത്യവിശ്വാസം) ഉള്ള ഹിന്ദു ചരിത്രത്തിലുണ്ടോ? വാസ്തവത്തില്‍ ഗാന്ധിജി, സ്വയം ഒരു വിചാരണയായിരുന്നു. ആ വിചാരണയില്‍ തന്നെത്തന്നെ ഉറപ്പിച്ചുനിര്‍ത്തി. ആ ഉറപ്പിലേക്കെത്താന്‍ ആര്‍ക്കും സാധിച്ചുമില്ല.

സംശയമില്ല, വിമര്‍ശനവിധേയമാക്കേണ്ട ഒരുപാട് ഉള്ളടരുകള്‍ ഗാന്ധിജിയുടെ ജീവിതത്തിലും ദര്‍ശനങ്ങളിലുമുണ്ട്. എവിടെ ഗാന്ധിജി എന്ന ചോദ്യം ആ വ്യക്തിയെയാണ് കൂടുതലായി ദര്‍ശനമായി ചുറഞ്ഞുനില്‍ക്കുന്നത്. ഇന്ത്യ എന്ന രാജ്യം എന്നത് ഗാന്ധിജി മനസ്സിലാക്കിയതിനേക്കാള്‍ കലര്‍പ്പുകള്‍ ഉള്ള ഒന്നായിരുന്നു. പുരുഷമേധാവിത്വം അദ്ദേഹത്തിന്റെ ദര്‍ശനങ്ങളിലെ അടിസ്ഥാന പ്രമേയമായിരുന്നു. അപ്പോഴും സ്ത്രീകള്‍ ഊന്നു വടിയായി ഒപ്പമുണ്ടായിരുന്നു. ഗാന്ധിജി ചിലപ്പോള്‍ വാത്സല്യമായിരുന്നു, നീതി ആയിരുന്നില്ല. പക്ഷേ, ഇന്ത്യ ആരില്‍നിന്നു സ്വാതന്ത്ര്യം നേടണം എന്നതില്‍ ഗാന്ധിജിക്കു സന്ദേഹങ്ങളുണ്ടായിരുന്നില്ല. ഗ്രാമജനതയെ അദ്ദേഹം മറന്നിരുന്നില്ല. 

ഗാന്ധിജി മനസ്സിലാക്കിയ ആ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം തിരിച്ചറിഞ്ഞ നാലു മുസ്ലിങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, വൈക്കം മുഹമ്മദ് ബഷീര്‍, പി.പി. ഉമ്മര്‍ കോയ, ഇ. മൊയ്തു മൗലവി. 

ഗാന്ധിജിയിലേക്ക് അവര്‍ ഹൃദയ കവാടങ്ങള്‍ തുറന്നുവെച്ചു. 'നാലണക്ക് കത്തി വാങ്ങി, കുത്തി വാങ്ങും പാകിസ്താന്‍' എന്ന മുദ്രാവാക്യം മുഴങ്ങിയ തെരുവുകളില്‍, അവര്‍ ഹൃദയവിഭജനങ്ങള്‍ ഇല്ലാതാക്കി. എന്നാല്‍, മലബാര്‍ മുസ്ലിങ്ങള്‍ ആ 'മുസ്ലിങ്ങ'കളെ മനസ്സിലാക്കുന്നതിലും ചേര്‍ത്തുപിടിക്കുന്നതിലും പരാജയമായിരുന്നു. ദേശീയ മുസ്ലിം എന്ന പരിഹാസപ്പേരില്‍, 'ദീനീ മുസ്ലിങ്ങള്‍' അവരെക്കുറിച്ച് തമാശകള്‍ പറഞ്ഞ്, പല്ലില്‍ കുത്തി രസിച്ചു. ദീനീ മുസ്ലിങ്ങള്‍ക്ക് അവര്‍ ഔട്ട് സൈഡര്‍മാരായിരുന്നു.

ചരിത്രത്തെ സ്വച്ഛമായി 'ദീനീ കഥകള്‍' പറഞ്ഞുകൊണ്ട് അനുഭവിക്കുന്നതിനിടയിലാണ് പൗരത്വ ഭേദഗതിയുമായി നരേന്ദ്ര മോദി/അമിത് ഷാ സഖ്യം വരുന്നത്. തെരുവുകളില്‍ മുസ്ലിമുകള്‍ നിരനിരയി നിന്നു. ഭരണഘടനകള്‍ തേടി പുസ്തകശാലകള്‍ കയറിയിറങ്ങി. ഭരണഘടന/ഭരണഘടന - എന്നു പള്ളി മിമ്പറുകളില്‍ മുഴങ്ങി. മദ്രസകളില്‍ സ്വാതന്ത്ര്യദിനത്തിനു മധുരം വിളമ്പി. പാരീസ് മുട്ടായി മാര്‍ക്കറ്റില്‍ കിട്ടാതിരുന്നതുകൊണ്ട്, ഈ കാലത്തെ ചോക്ലേറ്റുകള്‍ തന്നെ നല്‍കി. നബിദിനത്തിനു നെയ്ച്ചോര്‍ വിളമ്പുന്ന പള്ളിയില്‍, ആഗസ്റ്റ് 15-ന് സേമിയ പായസം വിളമ്പി. ഗാന്ധിജിക്ക് ഇന്ത്യന്‍ മുസ്ലിങ്ങളെ ഒരുമിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. നരേന്ദ്ര മോദിക്ക് അതു സാധിച്ചു. ചരിത്രം ചിലപ്പോള്‍ ഇങ്ങനെ വൈരുദ്ധ്യങ്ങളുടെ കിത്താബാണ്.

ഓര്‍ത്തുനോക്കുമ്പോള്‍, ഓത്തുപള്ളിയില്‍ ഗാന്ധിജിയെക്കുറിച്ചുള്ള കഥകള്‍ തന്നെ പറഞ്ഞിരുന്നില്ല. വിഭജനത്തിന്റെ നാളുകളില്‍ മുറിവുകളുടെ അതിര്‍ത്തിയിലൂടെ തകര്‍ന്ന ഹൃദയവുമായി നടന്ന മനുഷ്യന്‍. ഒരു ഖത്തീബും പള്ളി മിമ്പറില്‍ ഗാന്ധിജി എന്ന പേര്‍ ഉച്ചരിച്ചില്ല. ചരിത്രത്തിലെ ഗാന്ധിജി മുസ്ലിങ്ങളോട് ചോദിക്കുന്നുണ്ടാവണം:
''നിങ്ങള്‍ എന്തുകൊണ്ടാണ് എന്നെ മറന്നത്? ഹിന്ദുത്വവാദികള്‍ക്ക് എന്നെ ഓര്‍ക്കാതിരിക്കാനും ഉപേക്ഷിക്കാനും കാരണങ്ങളുണ്ടായിരുന്നു. പക്ഷേ, നിങ്ങള്‍ക്ക്...?''

ഈ ചോദ്യത്തിന് ഈ വെള്ളിയാഴ്ച ഖുതുബയിലെങ്കിലും ഖത്തീബുമാര്‍ മറുപടി പറയണം. കാരണം, ഗാന്ധിജിയെ ഓര്‍ക്കുമ്പോള്‍ ചരിത്രത്തിലെ ഒരു 'ഔലിയ'യെയാണ് നാം ഓര്‍ക്കുന്നത്. ഗാന്ധിജിയോളം കറാമത്ത് കാണിച്ച ഒരു മനുഷ്യന്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യം എന്ന ചുട്ട കോഴിയെ അദ്ദേഹം അഹിംസയിലൂടെ പറപ്പിച്ചു.

സിനിമയിലെ എസ്. ഹരീഷ്, ലിജോ പെല്ലിശ്ശേരി കാലങ്ങള്‍

ഇനി ആ സിനിമയെപ്പറ്റി ശാന്തമായി ആലോചിക്കട്ടെ.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയിലെ ജെയിംസ് എന്ന കഥാപാത്രത്തിന് വേളാങ്കണ്ണി യാത്രയ്ക്കിടയിലുണ്ടായ ആ മനോവിഭ്രാന്തിക്കു കാരണമെന്തായിരിക്കാം? ആരോഗ്യകാരണമാണെങ്കില്‍, അയാള്‍ക്ക് 'സോഡിയം' കുറഞ്ഞിരിക്കണം. സോഡിയം കുറഞ്ഞ ആളുകള്‍ ഇത്തരം വിഭ്രാന്തികളിലൂടെ കടന്നു പോകാറുണ്ട് എന്നു വായിച്ചിട്ടുണ്ട്. ആരോഗ്യകാരണമല്ലെങ്കില്‍, അത് ഒരു രാഷ്ട്രീയ കാരണമാണ്. അതാവട്ടെ, സിനിമാ ബാഹ്യമായ ജീവിതത്തില്‍നിന്നാണ് ചേര്‍ത്തെഴുതേണ്ടത്.

ഒരു നാടകവണ്ടിയുടെ യാത്ര, എഴുതപ്പെടാത്ത ഒരു നാടകത്തിലേക്ക് അതിലെ യാത്രികരെ ഇറക്കിവിടുകയാണ്. ആ നാടകവണ്ടി സിനിമാ ടാക്കീസാണ്. പ്രേക്ഷകരാണ് നാടകം കാണുന്നത്. അതൊരു സ്വപ്നസഞ്ചാരമാണ്.
രണ്ടു സംഭവങ്ങള്‍ ഇതില്‍ ഒരേ കാലത്ത് നടക്കുന്നുണ്ട്:

'ഒരിടത്ത്', എന്ന നാടക ബോര്‍ഡ് പിന്നില്‍ വെച്ച ആ ബസ്, ഒടുവിലാണ് ഒരു ചെറുകഥ പോലെ തിരിച്ചുപോകുന്നത്. ജി. അരവിന്ദന്റെ 'ഒരിടത്ത്' എന്ന സിനിമയില്‍ ഒരു കുഗ്രാമത്തിലേക്ക് വൈദ്യുതി കൊണ്ടുവരുന്നതും ആ ഗ്രാമീണരുടെ ഉള്ളുരുക്കങ്ങളും നാം മുന്നേ കണ്ടിട്ടുണ്ട്. ഇവിടെ ഒരു തമിഴ് ഉള്‍ഗ്രാമത്തിലേക്ക് കേരളത്തില്‍നിന്ന് ഒരു നാടകവണ്ടി വരികയാണ്, ഒരു സ്വപ്നത്തിലേക്ക് പ്രേക്ഷകരെ ഇറക്കിവിട്ട്, വീണ്ടും തിരിച്ചുകയറ്റി നാടക ബസ് തിരിച്ചുപോവുകയാണ്. ആ ഗ്രാമം അരവിന്ദന്റെ 'ഒരിടത്തു' നാം കണ്ട ഗ്രാമമല്ല. വെളിച്ചം അവിടെയുണ്ട്; ഒരു ചെറിയ ടെലിവിഷന്‍ ഉള്‍ക്കണ്ണുകൊണ്ടു കാണുന്ന വയോധിക, വെളിച്ചത്തെ ഉള്‍ക്കണ്ണുകൊണ്ടാണനുഭവിക്കുന്നത്. ജി. അരവിന്ദന്റെ ഒരിടമല്ല, ലിജോ കാണിക്കുന്ന ഒരിടം. ലിജോയുടെ 'ഒരിടത്ത്' എന്ന നാടകവണ്ടി പോകുന്ന ആ തമിഴ് ഗ്രാമം, ഹരിതാഭമായ 'ഒരു ഡ്രീം' ആയി നിലനില്‍ക്കുന്നു. വൈദ്യുതിയുടെ അധികപ്രസരണങ്ങളുള്ള ഒരു കേരളത്തില്‍നിന്നാണ് ഏതാണ്ട് എക്സ്പെയെര്‍ഡ് ആയ ഒരു നാടകവണ്ടിയില്‍ ജെയിംസും സംഘവും വേളാങ്കണ്ണിയില്‍ പോകുന്നത്. ശബ്ദവും വെളിച്ചവും കേരളത്തേക്കാള്‍ തമിഴ്നാടിന്റേതാണ്. ആളനക്കങ്ങളും അതെ. കേരളത്തിന്റെ 'വെളിച്ച'ത്തിന്റെ അതിരുകള്‍ വിട്ടപ്പോഴാണ് ജെയിംസിനു വിഭ്രാമകമായ ആ സ്വപ്നമുണ്ടാവുന്നത്. തമിഴ്നാട്ടിലൂടെ കടന്നുപോകുന്ന 'ഒരിടത്ത്' എന്ന നാടകവണ്ടി രണ്ടു കാലങ്ങളിലൂടെയാണ് ഓടുന്നത്.

മറ്റൊന്ന്, ഇതിലെ അയുക്തിയാണ്. ഇതിലെ അയുക്തിയേയാണ് അമ്മയുടെ 'അന്ധ'മായ ആ ഇരിപ്പില്‍നിന്നു മനസ്സിലാവുന്നത്. വൈകാരികമായി, അമ്മയ്ക്കറിയാം, 'അന്ധമായ' ഒരു വാസ്തവമാണ് അവിടെ നടക്കുന്നതെന്ന്. യാഥാര്‍ത്ഥ്യത്തെ കണ്ണടച്ചിരുട്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ല. അമ്മയേക്കാള്‍ മറ്റാര്‍ക്കാണ് അത് കൂടുതല്‍ മനസ്സിലാവുക? 'എന്റെ ഊരല്ലേ?' എന്ന ആകുലമായ ചോദ്യത്തിന്റെ ആവര്‍ത്തനങ്ങളില്‍, ''താന്‍ ജീവിച്ചിരുന്ന ഒരിടത്തുനിന്ന് വേറെ ഒരിടത്തേ''ക്കു മാറി പാര്‍ക്കേണ്ടിവരുന്ന പൗരന്റെ ഉല്‍ക്കണ്ഠയാണുള്ളത്. ജെയിംസ് എന്ന പൗരത്വം റദ്ദാക്കപ്പെടുകയും 'സുന്ദര'മായി മറ്റൊരു പൗര/മത/ജാതി നാമധാരിയായി മാറുകയും ചെയ്യുന്ന പൗരത്വത്തിന്റെ ദ്വന്ദ്വ സംഘര്‍ഷമാണ് ഈ സിനിമ ഉള്ളടരുകളില്‍ പറയാന്‍ ശ്രമിക്കുന്നത്.

പൗരത്വസമരങ്ങളുടെ ആ നാളുകളില്‍ 'കാഴ്ചക്കാരായി' പാതയോരത്ത് മാറിനിന്നവര്‍ ജെയിംസ്/സുന്ദരം എന്ന രണ്ടു നാമധേയങ്ങളിലൂടെ രണ്ടു കാലങ്ങളും രണ്ടു സ്ഥലങ്ങളും രണ്ടുതരം പൗരത്വവുമാണ് അനുഭവിക്കുന്നത്. ഏതെങ്കിലും അബ്ദുറഹ്മാന്‍മാര്‍ ഇത്തരം വിഭ്രാന്തികളിലൂടെ പലപ്പോഴായി കടന്നുപോയിട്ടുണ്ടാവും. താന്‍ ജീവിക്കുന്ന 'ഒരിടത്തു' നിന്ന് വേറെ 'ഒരിട'ത്തേക്ക് മാറിപ്പോകേണ്ടിവരുന്ന പൗരന്മാരുടെ ആ വിഭ്രാന്തികള്‍ ജി. അരവിന്ദന്റെ സിനിമാകാലങ്ങളില്‍ വിദൂര സ്വപ്നങ്ങളില്‍പോലും ഉണ്ടായിരുന്നില്ല. അന്ന് വോള്‍ട്ടേജ് കമ്മി, വൈദ്യുതിവല്‍ക്കരണം ഇതൊക്കെയായിരുന്നു പ്രശ്‌നങ്ങള്‍. ലിജോയുടെ സിനിമാകാലം കുറേക്കൂടി സങ്കീര്‍ണ്ണമാണ്. ഏതോ അബ്ദുറഹ്മാന്‍ അല്ലെങ്കില്‍ മൂസ, അതുമല്ലെങ്കില്‍ സൈനബ ഇത്തരം ആളുകള്‍ നിരന്തരമായി കാണുന്ന വിഭ്രാമകമായ ആ സ്വപ്നം. ''ഇവിടെ നമുക്ക് ഒന്നും സംഭവിച്ചിട്ടില്ല, ഭാവിയുടെ ഭയങ്ങള്‍ ഞങ്ങള്‍ക്കു ബാധകമല്ല'' എന്ന നന്‍ പകല്‍ മയക്കത്തിലൂടെ കടന്നുപോകുന്ന രണ്ടു സമുദായ മനുഷ്യരെ, തീര്‍ത്ഥാടനത്തിന്റെ വഴിയില്‍ ഇറക്കിവിട്ട്, ഭാവിയുടെ വിഭ്രാമകമായ ഒരു സ്വപ്നത്തിലേക്ക് ഇറക്കിവിടുകയാണ് എസ്. ഹരീഷും ലിജോ ജോസ് പല്ലിശ്ശേരിയും. 'ഇത് ഊരല്ലേ' എന്നു ചോദിക്കുന്നത് ആരാ?
സുന്ദരം.

ആരാ ആ സുന്ദരം?

ജെയിംസ്.

ഉന്മാദം ബാധിച്ച ദേശീയതയ്ക്ക് കയ്യടിക്കുന്നവര്‍ കരാളമായ ഭാവിയെക്കുറിച്ചുള്ള ഇത്തരം ദു:സ്വപ്നങ്ങള്‍ കൂടി കാണേണ്ടതുണ്ട് - ആ ദേശീയതയില്‍ പശു ഉണ്ടാകും, പാല്‍ വാങ്ങാന്‍ ആരുമുണ്ടാകില്ല. ഉപഭോക്താക്കള്‍ ഇല്ലാതെ അതു തെരുവില്‍ ഒഴുക്കിക്കളയേണ്ടിവരും. ഫ്യൂഡല്‍ ഗൃഹാതുരതകള്‍ വിട്ട്, നവോത്ഥാന പുനരുത്ഥാന ജടിലോക്തികള്‍ വിട്ട്, ഒരു രാഷ്ട്രീയ ദു:സ്വപ്നം കാണിക്കുകയാണ് ലിജോ. എസ്. ഹരീഷ് അങ്ങനെ തന്റെ സിനിമയെഴുത്തില്‍ പൗരത്വം എന്ന ഒരു രാഷ്ട്രീയ വിഷയം അവതരിപ്പിച്ചുകൊണ്ട്, ഒരു ഇരുണ്ട സ്വപ്നത്തില്‍നിന്ന് ഉണരാന്‍ പറയുന്നു. ആരാണ് നന്‍ പകല്‍ മയക്കത്തിലെ സ്വപ്നത്തെപോലും ഭരിക്കുന്നത്?

ഭയം/ആളും ഊരും മാറി അവരവരുടെ ഇരിപ്പിടങ്ങളില്‍നിന്ന് ഇറങ്ങിപ്പോരേണ്ടിവരുമോ എന്ന ഭയം. ഭാവിയുടെ പേരാണ് ഭയം. ജെയിംസിനും സുന്ദരത്തിനും വരെ ആ ഭയം ബാധകം. ചരിത്രത്തിനു ബാധകയറുമ്പോള്‍ ഇങ്ങനെയുള്ള സിനിമ സംഭവിക്കും.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com