അനന്യമായ ഇച്ഛാശക്തിയുള്ള അശ്രാന്തപരിശ്രമശാലിയായ വ്യക്തി

സകല പ്രതിബന്ധങ്ങളേയും പ്രതിസന്ധികളേയും നിസ്സാരമായി നേരിട്ട അസാമാന്യ ധൈര്യശാലിയായിരുന്നു കറുപ്പന്‍
അനന്യമായ ഇച്ഛാശക്തിയുള്ള അശ്രാന്തപരിശ്രമശാലിയായ വ്യക്തി

ണ്ഡിറ്റ് കെ.പി. കറുപ്പന്റെ സഹപ്രവര്‍ത്തകയും സുപ്രസിദ്ധ കവയിത്രിയുമായ അമ്പാടി ഇക്കാവമ്മ ഓര്‍മ്മിക്കുന്നു.
വെണ്ണൊളി വീശുന്ന ഒരു പുഞ്ചിരിയോടുകൂടിയല്ലാതെ കറുപ്പന്‍ മാസ്റ്ററെ സ്മരിക്കാന്‍ എനിക്ക് സാധ്യമല്ല. അതിനുചേര്‍ന്ന വടിവൊത്ത പല്ലുകള്‍ ആ മുഖപ്രസാദത്തിനു മേന്മകൂട്ടി. സല്‍കീര്‍ത്തിയുടെ നിറം വെളുപ്പാണെന്നാണല്ലോ, കവിസങ്കേതം. അതിനെ അടിസ്ഥാനമാക്കി നോക്കിയാലും കറുപ്പന്‍ മാസ്റ്റര്‍ 'വെളുപ്പന്‍' മാസ്റ്ററാണ്. അതുപോലെതന്നെ സത്വഗുണം ധവളവര്‍ണ്ണമാണെന്ന് വേദാന്തികള്‍ പറയുന്നു. ആ നിലയ്ക്കും വാസ്തവത്തെ മറയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന്റെ പാണ്ഡിത്യവും പ്രതിഭയും സ്വായത്തമായ വിനയത്തില്‍ കൂടിയാണ് പ്രവഹിച്ചത്.''

അമ്പാടി ഇക്കാവമ്മ
അമ്പാടി ഇക്കാവമ്മ

'പണ്ഡിറ്റ് കറുപ്പന്‍ ഓര്‍മ്മകളിലൂടെ' എന്ന ഗ്രന്ഥത്തില്‍ കെ.കെ. വേലായുധന്‍ എഴുതുന്നു:

''മലയാളത്തിലും തമിഴ്നാട്ടിലുമൊക്കെ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ഭക്തനായ ഗോസായി പലപ്പോഴും കണ്ടത്തില്‍ പറമ്പില്‍ വരാറുണ്ടായിരുന്നു. ടാഗൂറിന്റെ കാബൂളിവാലയെപ്പോലെ എന്നു പറയാം. ചുറുചുറുക്കുള്ള കുട്ടിയെ അദ്ദേഹം 'കര്‍പ്പന്‍' എന്ന് വാത്സല്യപൂര്‍വ്വം വിളിച്ചുലാളിച്ചുകൊണ്ട് ആ പേര് ശുപാര്‍ശ ചെയ്യുകയും ആ കുട്ടി പഠിച്ചു മിടുക്കനാകുമെന്ന് പ്രവചിക്കുകയും ചെയ്തു. കര്‍പ്പന്‍ എന്ന തമിഴ് വാക്കിന് പഠിപ്പുള്ളവന്‍ എന്നാണര്‍ത്ഥം. കറുപ്പസ്വാമി ശാസ്താവിന്റെ ഒരു പരിവാരമൂര്‍ത്തിയായതിനാലാവാം, കറുപ്പന്‍ എന്ന പേര് സമുദായത്തില്‍ സര്‍വ്വസാധാരണമായിരുന്നു.''

കറുപ്പന്‍ എന്ന പേരിനെപ്പറ്റി രസകരമായ ഒരു തമാശ പറഞ്ഞത് ഡോ. പല്പുവാണ്. പല്പുവിന്റെ മകന്‍ പി. ഗംഗാധരന്‍ അത് രേഖപ്പെടുത്തിവച്ചിരിക്കുന്നു. 1920-ല്‍ ഡോ. പല്പു മൈസൂര്‍ സര്‍വ്വീസില്‍നിന്ന് പിരിഞ്ഞ് എറണാകുളത്ത് താമസിക്കാന്‍ വരുമ്പോള്‍, സ്വീകരിക്കാന്‍ അയ്യാക്കുട്ടി ജഡ്ജ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്നിരുന്നു. കൂടെ സുഹൃത്തായ പണ്ഡിറ്റ് കറുപ്പനേയും കൂട്ടി. അന്ന് തൃശൂര്‍ വിക്ടോറിയ ജൂബിലി സ്‌കൂളില്‍ കറുപ്പന്റെ സഹപ്രവര്‍ത്തകനായിരുന്നു, അയ്യാക്കുട്ടി. നല്ല വെയിലുള്ള ഉച്ചസമയത്താണ് മദിരാശി മെയില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ''ഇത് പണ്ഡിറ്റ് കറുപ്പനാണ്'' എന്ന് അയ്യാക്കുട്ടി പരിചയപ്പെടുത്തിയപ്പോള്‍ കറുപ്പനെ നോക്കി പല്പു പറഞ്ഞു: ''എന്നാലിപ്പോള്‍ അര്‍ദ്ധരാത്രിയാണ്!'' നല്ല വെളുത്ത നിറമുള്ള ആളെ കറുപ്പനെന്നു വിളിക്കാമെങ്കില്‍ നട്ടുച്ചയെ അര്‍ദ്ധരാത്രി എന്നും പറയാം. അതായിരുന്നു പല്പുവിന്റെ യുക്തി. ഈ കണ്ടുമുട്ടല്‍ രണ്ടുപേരുടേയും ജീവിതാന്ത്യം വരെയുള്ള ഗാഢസൗഹൃദമായി പരിണമിച്ചു.

ഡോ. പൽപു
ഡോ. പൽപു

അക്കാലത്ത് താഴ്ന്നജാതിക്കാരുടെ പേരുകള്‍ വിചിത്രമായിരുന്നു. കറുപ്പന്‍, വെളുത്ത, ചെമ്പന്‍, ഇട്ടിക്കണ്ടപ്പന്‍ എന്നീ പേരുകള്‍ സാധാരണമായിരുന്നു. കണ്ടം കോരുന്നവനെ കണ്ടങ്കോരന്‍ എന്നു വിളിച്ചിരുന്ന കാലം. തൂപ്പുകാരന്‍ ജീവിതം മുഴുവന്‍ ചൂലന്‍ എന്ന് വിളിക്കപ്പെടും. വയനാട്ടില്‍ കുറുക്കന്‍ എന്ന് പേരുള്ള ഒരു ആദിവാസിയെ എനിക്കറിയാം. പേരിന്റെ വിപര്യയം ജീവിതകാലം മുഴുവന്‍ പേറിയിരുന്നതിനാലാവാം, സര്‍ക്കാര്‍ സഹായത്തോടെ അധഃകൃതരുടെ ജീവിതചര്യകള്‍ വിശദീകരിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച 'ആചാരഭൂഷണം' എന്ന പുസ്തകം തയ്യാറാക്കുമ്പോള്‍, പണ്ഡിറ്റ് കറുപ്പന്‍ പേരുകളെപ്പറ്റി കൃത്യമായി ഇങ്ങനെ നിഷ്‌കര്‍ഷിച്ചത്.

പിറപ്പും പേര്‍വിളിയും (ജനനവും നാമകരണവും)

''ഒരു കുട്ടി പിറന്നാലുടനെ, ഭജനമഠത്തിലോ യോഗത്തിലോ അറിവുകൊടുക്കണം. പേര്‍വിളിനാള്‍, കാലത്ത് കുട്ടിയെ കുളിപ്പിച്ച് കുട്ടിയുടെ അച്ഛനും അമ്മയും അവരുടെ കൂട്ടത്തില്‍പെട്ട മറ്റു സ്ത്രീകളും കുളിച്ച് ശുദ്ധവസ്ത്രം ധരിക്കണം. ഭജനമഠത്തില്‍ അവരവരുടെ കഴിവുപോലെ എന്തെങ്കിലും ഒരു വഴിപാട് കഴിപ്പിക്കേണ്ടതാകുന്നു. അവിടെ കരയോഗമുണ്ടെങ്കില്‍, അതില്‍ ഒരണയില്‍ കുറയാതെ ഒരു സംഭാവന കുട്ടിയുടെ പേരില്‍ അടയ്‌ക്കേണ്ടതാകുന്നു. ഇതുകൊണ്ട് രണ്ടുവിധത്തില്‍ ഗുണമുണ്ടാകും. സമുദായത്തിനൊരു സഹായമാകുന്നതിനു പുറമെ, എല്ലാവരുടേയും ജന്മദിവസവും മറ്റും അറിവാന്‍ സാധിക്കുകയും ചെയ്യുന്നതാണ്. പിന്നീട് വിളക്കു കൊളുത്തിവച്ച് കുട്ടിയെ അച്ഛനോ അമ്മയോ മടിയില്‍ കിടത്തി പേര് വിളിക്കേണ്ടതാകുന്നു.

കുഞ്ഞിക്കുട്ടൻ തമ്പുരാൻ
കുഞ്ഞിക്കുട്ടൻ തമ്പുരാൻ

ചാത്തന്‍, വളവന്‍, വണ്ടി, കൂറ്റന്‍ മുതലായ പേരുകള്‍ വിളിക്കരുത്. കൃഷ്ണന്‍, രാമന്‍, ഗോവിന്ദന്‍, മുകുന്ദന്‍, ബാലന്‍, രവി മുതലായ പേരുകള്‍ ഇടണം. ഇതുപോലെതന്നെ പെണ്‍കുട്ടികള്‍ക്ക് കാളി, മുണ്ടി, ചക്കി, കോത, കറുമ്പ മുതലായ പേരുകള്‍ വിളിക്കരുത്. പാര്‍വ്വതി, ജാനകി, ലക്ഷ്മി, നാരായണി, വിലാസിനി, ലീല, ശാന്ത, കമലം, ആനന്ദം മുതലായ പേരുകള്‍ ഇടണം.''

എറണാകുളം ജില്ലയിലെ ചേരാനല്ലൂര്‍ എന്ന കുഗ്രാമത്തില്‍ പിന്നാക്ക ജാതിയായ അരയ സമുദായത്തില്‍, ദരിദ്രമായ ചുറ്റുപാടില്‍ ജനിച്ച കറുപ്പന്‍ അനന്യമായ ഇച്ഛാശക്തിയുള്ള അശ്രാന്തപരിശ്രമശാലിയായ ഒരു വ്യക്തിയായിരുന്നു. സകല പ്രതിബന്ധങ്ങളേയും പ്രതിസന്ധികളേയും നിസ്സാരമായി നേരിട്ട അസാമാന്യ ധൈര്യശാലി. സ്വപ്രയത്‌നംകൊണ്ട് സ്വന്തം സമുദായത്തെ മാത്രമല്ല, തങ്ങളെക്കാള്‍ അവശത അനുഭവിക്കുന്ന അധഃസ്ഥിതരായ പുലയരേയും പറയരേയും ദുരിതസാഗരത്തില്‍നിന്ന് കരകയറ്റാന്‍ സ്വജീവിതം സമര്‍പ്പിച്ച സഹജീവി സ്‌നേഹിയായിരുന്നു, അദ്ദേഹം. അനന്തമായ വിജ്ഞാനതൃഷ്ണകൊണ്ട് താഴ്ന്നജാതിക്കാര്‍ക്ക് നിഷിദ്ധമായ വിദ്യാഭ്യാസം നേടിയെടുക്കാന്‍ അതിസാഹസികമായി യത്‌നിച്ച സ്ഥിരോത്സോഹി.

അക്കാലത്ത് കേരളത്തിലെ സംസ്‌കൃത സര്‍വ്വകലാശാല എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂര്‍ കോവിലകത്തേക്കാണ് ഉപരിപഠനത്തിന് അദ്ദേഹം പോയത്. കോവിലകത്തിനടുത്തുള്ള ആനാപ്പുഴയില്‍ ഒരു ബന്ധുഗൃഹത്തില്‍ താമസിച്ചുകൊണ്ട് പഠിക്കുന്ന കാലത്ത്, മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാനെപ്പോലുള്ള പണ്ഡിതന്‍മാരുടെ സാന്നിധ്യം കൂടുതല്‍ പഠിക്കാനും വിജ്ഞാനം വര്‍ദ്ധിപ്പിക്കാനുമുള്ള പ്രേരണയും പ്രചോദനവുമായി. 'സ്മരണാഞ്ജലി'യില്‍ ഗോദവര്‍മ്മ വലിയകോയിത്തമ്പുരാന്‍ എഴുതുന്നു: ''ഒരിക്കല്‍ വാലസമുദായത്തില്‍പെട്ട ഒരാള്‍ കുഞ്ഞിക്കുട്ടന്‍ അമ്മാമനെ കാണണമെന്ന ആഗ്രഹത്തോടെ ഞങ്ങളുടെ കോവിലകത്ത് വരികയുണ്ടായി. അന്ന് അയിത്തവും തീണ്ടലും നിഷിദ്ധമാക്കപ്പെട്ട കാലമായിരുന്നല്ലോ. മാത്രമല്ല, കോവിലകങ്ങളിലും മനകളിലും ഭേദപ്പെട്ട നായര്‍ തറവാടുകളിലും കീഴ്ജാതിക്കാര്‍ക്ക് നില്‍ക്കാനുള്ള സ്ഥലവും അകലവുമെല്ലാം സമുദായാചാരപ്രകാരം നിര്‍ണ്ണയിക്കപ്പെട്ടുമിരുന്നു. കുഞ്ഞിക്കുട്ടന്‍ അമ്മാമന്‍, ആ അപരിചിതന്റെ അടുക്കല്‍ ചെന്നുനിന്ന് അല്പനേരം സംസാരിച്ചപ്പോഴേക്കും, വന്ന ആള്‍ ഒരു വിദ്വാന്‍ ആണെന്നു ബോധ്യമായി. പിന്നെ, ഒട്ടും താമസമുണ്ടായില്ല, അദ്ദേഹത്തെ ഇറയത്തേയ്ക്ക് കൂട്ടിക്കൊണ്ടിരുത്തി ഉപചരിക്കാന്‍ തുടങ്ങി. ഇതിനെപറ്റി കോവിലകത്ത് ചില ആക്ഷേപങ്ങള്‍ പൊട്ടിപുറപ്പെട്ടതു കേട്ടപ്പോള്‍ 'വിദ്യയ്ക്ക് അസ്പൃശ്യത ഇല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ('പണ്ഡിറ്റ് കറുപ്പനും മലയാള കവിതയും', കെ.എ. കൃഷ്ണന്‍, അഴീക്കോട്) കോവിലകത്ത് പഠിച്ചുകൊണ്ടിരുന്നപ്പോള്‍, പന്ത്രണ്ടാമത്തെ വയസ്സില്‍ കറുപ്പനെഴുതിയ 'ലങ്കാമര്‍ദ്ദനം' എന്ന നാടകത്തെ അഭിനന്ദിച്ച് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വിലയേറിയ രേഖയാണ്.

''ബാലനായ കവിയില്‍ പ്രിയത്തൊടും
ലാലനാ മധുരമോതുകല്ല, ഞാന്‍
ശീലമോടിവനൊഴുക്കില്‍ മേല്‍ക്കുമേല്‍
ചാലവേ കയറുമില്ല, സംശയം!''

മലയാളത്തിലെ ആദ്യ ജാതിവിരുദ്ധകാവ്യമായ 'ജാതിക്കുമ്മി'യുടെ കര്‍ത്താവ് കറുപ്പനാണ്. ഈ കൃതി രചിച്ചത് 1905-ല്‍ ആയിരുന്നു (ആദ്യമായി അച്ചടിച്ചത് 1912-ല്‍). മഹാകവി കുമാരനാശാന്‍ ദുരവസ്ഥ പ്രസിദ്ധീകരിക്കുന്നതിന് ഒരു ദശകം മുന്‍പാണിത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. പണ്ഡിറ്റ് കറുപ്പന്റെ ശ്രദ്ധേയമായ നാടകമാണ് 'ബാലകലേശം'. കീഴാളരുടെ വിമോചനമാണ് പ്രമേയം. ഇതിനെ പരിഹസിച്ചുകൊണ്ട് വിപ്ലവകാരിയായി അറിയപ്പെട്ടിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 'വാലകലേശം' എന്നു പ്രസ്താവിച്ചത് ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചു. സാഹിത്യരംഗത്ത് ഇത് വലിയ കോലാഹലം സൃഷ്ടിച്ചു. മറ്റൊരു പ്രശസ്ത കൃതിയായ 'ഉദ്യാനവിരുന്ന്' തന്നോടുള്ള അവഗണനയ്‌ക്കെതിരെ ഉയര്‍ത്തിയ പ്രതിഷേധമാണ്. 1925 ഒക്ടോബര്‍ 13-ന് എറണാകുളത്ത് സ്ഥാപിച്ച രാമവര്‍മ്മ മഹാരാജാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ മദ്രാസ് ഗവര്‍ണറായിരുന്ന ഘോഷണ്‍ പ്രഭുവിനെയാണ് ക്ഷണിച്ചത്. അതിനോടനുബന്ധിച്ച് അന്നത്തെ ഇര്‍വ്വിന്‍ പാര്‍ക്കില്‍ ഗവര്‍ണറെ ആദരിക്കാന്‍ നടത്തിയ ഉദ്യാനവിരുന്നില്‍ പ്രമുഖ വ്യക്തികളേയും ഉന്നതോദ്യോഗസ്ഥന്മാരേയും കൊച്ചീ രാജ്യത്തിലെ എം.എല്‍.സിമാരേയും ക്ഷണിച്ചു. എന്നാല്‍ കൊച്ചി നിയമസഭയില്‍ അംഗമായിരുന്ന കറുപ്പനെ മാത്രം ക്ഷണിച്ചില്ല. അതിനെ വിമര്‍ശിച്ചുകൊണ്ടാണ് കറുപ്പന്‍ മാസ്റ്റര്‍ 'ഉദ്യാനവിരുന്ന് അഥവാ ഒരു ധീവരന്റെ ആവലാതി' എന്ന കൃതിയെഴുതിയത്.

''ചൊല്ലാളുന്നെറണാകുളത്തു മരുവു-
ന്നെമ്മെല്‍സികള്‍ക്കൊക്കെയും
ചെല്ലാവുന്ന വിരുന്നിലടിയനെ
ക്കൂടെ ക്ഷണിച്ചീടുകില്‍
വല്ലായ്മക്കിടമെന്തു താടി കലരും
മര്‍ത്ത്യര്‍ കരേറീടുകില്‍
കല്ലോലങ്ങളിലാഴുമോ, തരണി ആര്‍
ചെയ്തീവിധം ദുര്‍വ്വിധം''

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

ധിഷണാശാലിയായ ധൈര്യശാലിക്കേ അക്കാലത്ത് ഇത്തരം രൂക്ഷവിമര്‍ശനം നടത്താനാവൂ!

തന്റെ സമുദായത്തെക്കാളും പരിതാപകരമായ ജീവിതപരിതസ്ഥിതിയില്‍ ഉഴലുന്ന പുലയരേയും പറയരേയും ഉദ്ധരിക്കുവാന്‍ ഉയിരുകളഞ്ഞും പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം തയ്യാറായി. പ്രസിദ്ധമായ ജാതിക്കുമ്മിയില്‍ കറുപ്പന്‍ മാസ്റ്റര്‍ കീഴാളരായ പുലയരുടെ ജീവിതാവസ്ഥ വിവരിക്കുന്നത് ഇപ്രകാരമാണ്:

''പശുക്കളെയടിച്ചെന്നാലുടമസ്ഥന്‍ തടുത്തിടും
പുലയരെയടിച്ചെന്നാലൊരുവനുമില്ല
റോട്ടിലെങ്ങാനും നടന്നാലാട്ടുകൊള്ളുമതുകൊണ്ട്
തോട്ടിലേക്കൊന്നിറങ്ങിയാല്‍ കല്ലേറുകൊള്ളും!''

1913 ഫെബ്രുവരി 14-ന് കൊച്ചി പുലയമഹാസഭ ബോള്‍ഗാട്ടി കായലില്‍ നടത്തിയ പൊതുയോഗമായിരുന്നു, കായല്‍ സമ്മേളനം. പുലയര്‍ക്ക് കരയില്‍ യോഗം ചേരാന്‍ കൊച്ചി മഹാരാജാവ് സ്ഥലം അനുവദിച്ചില്ല. അതിനാല്‍ അനേകം വള്ളങ്ങള്‍ ചേര്‍ത്തുകെട്ടി മുകളില്‍ പലക വിരിച്ചാണ് കായല്‍ സമ്മേളനത്തിന് വേദിയൊരുക്കിയത്. കൊച്ചിയില്‍ കടലിനു ജാതിയില്ല എന്ന വിപ്ലവകരമായ വീക്ഷണമാണ് ഈ സമ്മേളനത്തിനു പിന്നില്‍. ഇതിന്റെ സൂത്രധാരന്‍ പണ്ഡിറ്റ് കറുപ്പനായിരുന്നു. മൂവായിരത്തില്‍പരം പുലയരുടെ ദീനസ്വരം അലറിക്കരയുന്ന കടലിന്റെ ആരവത്തില്‍ അലിഞ്ഞുചേര്‍ന്നു. 1909-ല്‍ കൊച്ചിയില്‍ ആരംഭിച്ച പുലയമഹാസഭയുടെ ഉപജ്ഞാതാവും കറുപ്പന്‍ മാസ്റ്ററായിരുന്നു. കെ.സി ചാഞ്ചന്‍, കെ.പി വള്ളോന്‍ എന്നീ പുലയ യുവാക്കളെ കൊച്ചി രാജ്യപ്രജാമണ്ഡലത്തില്‍ എം.എല്‍.സി(മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍) നിയമനം നേടുന്നതിനു പിന്നിലും കറുപ്പന്‍ മാസ്റ്ററുടെ ബലിഷ്ഠകരങ്ങളായിരുന്നു. അതുകൊണ്ടാണ് പണ്ഡിറ്റ് കറുപ്പന്‍ അകാലചരമമടഞ്ഞപ്പോള്‍, കൊച്ചി നിയമസഭയില്‍ കൂടിയ അനുശോചനയോഗത്തില്‍ പുലയമഹാസഭാ നേതാവും നിയമസഭാസാമാജികനുമായിരുന്ന കെ.പി. വള്ളോന്‍ വികാരനിര്‍ഭരമായി ഇങ്ങനെ പ്രസംഗിച്ചത്:

''അദ്ദേഹം എന്റെ ഗുരുവാണ്. എന്റെ സമുദായത്തിന്റെ പിതാവാണ്. അധഃകൃതരുടെ സര്‍വ്വതോമുഖമായ സമുദ്ധാരണത്തിനു കാരണക്കാരനാണ്. അവശസമുദായങ്ങളെ അനന്തമായ ഹൃദയവേദനയിലാഴ്ത്തിക്കൊണ്ട്, എന്നന്നേയ്ക്കുമായി പിരിഞ്ഞുപോയ അദ്ദേഹമാണെന്നെ മനുഷ്യനാക്കിയത്. മനുഷ്യന്റെ അവകാശങ്ങളെല്ലാം അവഗണിക്കപ്പെട്ട് വെട്ടുവഴിയില്‍ക്കൂടി നടക്കുവാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട്, അന്ധതയില്‍ വളര്‍ന്ന്, അടിമത്തത്തില്‍ കഴിഞ്ഞുകൂടുന്ന ഈ നാട്ടിലെ അധഃകൃതസമുദായത്തിന് സംഘടനാബോധം ആദ്യമായി കുത്തിച്ചെലുത്തി, അവരെ പ്രബുദ്ധരാക്കിയത് അദ്ദേഹമാണ്. പാടത്തെ പാഴ്ച്ചെടിക്കുണ്ടില്‍നിന്ന് തോണ്ടിയെടുത്ത് യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ ആവേശം നല്‍കി, സമുദായബോധവും സംഘടനാപാടവവും പകര്‍ന്നുതന്ന് എന്നെ വളര്‍ത്തിയതും ഉയര്‍ത്തിയതും അദ്ദേഹമാണ്. അവഗണിക്കപ്പെട്ട എന്റെ സമുദായത്തിന്റെ അവകാശങ്ങള്‍ ഈ നിയമസഭയുടേയും അതുപോലെ ഉത്തരവാദപ്പെട്ട മറ്റധികാരകേന്ദ്രങ്ങളുടേയും ശ്രദ്ധയില്‍കൊണ്ടുവന്ന് പാവപ്പെട്ട അധഃകൃതന്റെ അവശതയ്ക്ക് പരിഹാരം ലഭിക്കത്തക്ക ഈ നില കൈവരുത്തിയതും അദ്ദേഹം തന്നെ. പണ്ഡിറ്റ് കറുപ്പന്റെ ആത്മാര്‍ത്ഥവും അശ്രാന്തവുമായ പരിശ്രമമില്ലെങ്കില്‍, ഈ നിയമസഭയില്‍ അയിത്തജാതിക്കാരനായ പുലയന്റേയും പറയന്റേയും മറ്റധഃകൃതന്റേയും കാര്യം ഒരുപക്ഷേ, പര്യാലോചനയ്ക്ക് വിധേയമാക്കപ്പെടുമായിരുന്നില്ല. പട്ടിണിക്കോലങ്ങളായ ഇവിടുത്തെ അധഃകൃതരോടൊപ്പംതന്നെ അവരുടെ പ്രതിനിധിയായ ഞാനും പാടത്തെ ചേറ്റില്‍ അലിഞ്ഞു ചേര്‍ന്ന് ചീഞ്ഞു നശിച്ചുപോകുമായിരുന്നു. വ്യക്തിപരമായി എനിക്ക് അദ്ദേഹത്തോടുള്ള കടപ്പാട് സമുദായത്തിനോടുള്ളതിനേക്കാള്‍, അത്യഗാധമാണ്.''

1932-ല്‍ സമുദായാംഗങ്ങള്‍ക്കു മുന്നില്‍ കറുപ്പന്‍ മാസ്റ്റര്‍ നടത്തിയ പ്രസംഗം ഉല്‍പതിഷ്ണുവും ദീര്‍ഘദര്‍ശിയുമായ ഒരു മഹാപുരുഷനെയാണ് നിര്‍ദ്ധാരണം ചെയ്യുന്നത്. ഇന്ന് വായിക്കുമ്പോള്‍ പോലും, അതിലെ വിപ്ലവകരങ്ങളായ നവീന ചിന്ത നമ്മെ അത്ഭുതപ്പെടുത്തും. 'സ്ത്രീകള്‍ മുന്നോട്ടു വരണം' എന്ന തലക്കെട്ടില്‍ ഈ ലേഖനം പണ്ഡിറ്റ് കറുപ്പന്റെ സമ്പൂര്‍ണ്ണ കൃതികളില്‍ വായിക്കാം:

''സെന്റ് തെരാസസ് സ്‌കൂളില്‍ 1910-ല്‍ സംസ്‌കൃതാദ്ധ്യാപകനായി. 1911-ല്‍ കൊച്ചി രാജ്യ ഫിഷറീസ് വകുപ്പ് ഉദ്യോ ഗസ്ഥന്‍. 1912-ല്‍ എറണാകുളം കാസ്റ്റ് ഹിന്ദു ഗേള്‍സ് ഹൈസ്‌കൂളില്‍ സംസ്‌കൃതാദ്ധ്യാപകന്‍. 1917 മുതല്‍ 1921 വരെ തൃശൂര്‍ വിക്ടോറിയ ജൂബിലി സ്‌കൂളില്‍ അദ്ധ്യാപകന്‍. 1922 മുതല്‍ എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍ സംസ്‌കൃതാദ്ധ്യാപകന്‍. 1932 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ മലയാളം ലക്ചറര്‍, അധഃസ്ഥിത സംരക്ഷണവകുപ്പില്‍ ഉപസംരക്ഷകന്‍, പ്രാഥമിക വിദ്യാഭ്യാസ പരിഷ്‌കരണസമിതി സെക്രട്ടറി, കൊച്ചി ഭാഷാ പരിഷ്‌കരണ സമിതി സെക്രട്ടറി, കൊച്ചി രാജ്യ നിയമസഭാംഗം എന്നീ പദവികളും അദ്ദേഹം വഹിച്ചു.'' (കവിതിലകന്‍ കെ.പി. കറുപ്പന്‍ - ടി.എം. ചുമ്മാര്‍)

കെപി വള്ളോൻ
കെപി വള്ളോൻ

''ഉദ്ധാരം ചെയ്യാവാനില്ലൊരുവരു മുലകില്‍പ്പെട്ട വസ്തുക്കളെല്ലാം
യദ്ധാരാള പ്രവാഹ പ്രകട ഗതിവിധേയങ്ങളാകുന്നുവല്ലോ
ബുദ്ധാതി പ്രൗഢ സിദ്ധാഗ്രണികളുമെതിലാ നിത്യവിശ്രാന്തിയേന്തു-
ന്നമദ്ധാമത്തിങ്കലന്നിര്‍വൃതിയിലണിയുമോ, കാലമേ കാലമേ ഞാന്‍''

1938 മാര്‍ച്ച് 23-ന് അന്‍പത്തിമൂന്നാം വയസ്സില്‍ പ്ലൂരസി എന്ന മാരകമായ ശ്വാസകോശരോഗം മൂര്‍ച്ഛിച്ച് അന്തരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് എഴുതിയ ഈ അന്ത്യശ്ലോകം അത്യന്തം സങ്കടത്തോടുകൂടിയല്ലാതെ, ഒരു അനുവാചകന് വായിക്കാനാവില്ല.

കവി, അദ്ധ്യാപകന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ്, രാഷ്ട്രീയനേതാവ് ഇങ്ങനെ സമസ്തരംഗങ്ങളില്‍ സമഗ്രശോഭ വിതറിയ ഈ ബഹുമുഖപ്രതിഭയെ നവോത്ഥാന നായകരുടെ നിരയില്‍ പ്രതിഷ്ഠിക്കാന്‍ പ്രബുദ്ധകേരളം ഇന്നും വൈമുഖ്യം കാണിക്കുന്നതിനു കാരണമെന്താവാം?.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com