തെയ്യം കാണുമ്പോള്‍ എസ്. ശാരദക്കുട്ടിക്കും അനിതാ തമ്പിക്കും എന്തു തോന്നുന്നു? പോസിറ്റീവ് എനര്‍ജി കിട്ടാറുണ്ടോ?
സുലൈഖ മന്‍സിലി'ലെ ജില്‍ ജില്‍ എന്നു തുടങ്ങുന്ന ആ കല്യാണപ്പാട്ടു കേട്ട് ഖല്‍ബിനകം നിറഞ്ഞുപോയി. ഈ പാട്ട് മുസ്ലിം പെണ്‍കുട്ടികള്‍ക്കു മുന്നില്‍ തുറന്നുകൊടുത്തത്, നൃത്തച്ചുവടുകളുടെ ഒരു വിമോചനധാരയാണ്. റമദാനില്‍ വഅള് കേട്ട് കരയാനും ആണുങ്ങളുടെ ഉദ്ബോധനങ്ങള്‍ കേട്ടു ബോറടിച്ചിരിക്കാനും തയ്യാറല്ലാത്ത ഒരു തലമുറ ആടിയും പാടിയും ഷോട്സുകളിലും റീലുകളിലും നിറയുന്നു. ഇതൊക്കെ കണ്ട് 'കിളി' പോയ ചില ആങ്ങള പ്രബോധകരുണ്ട് എന്നു വരികിലും ഉത്സാഹത്തിന്റെ പെണ്‍ചുവടുകള്‍ പുതിയൊരു രാഗമാലയായി നിറയുന്നു.
ഈ വര്‍ഷം തെയ്യവും കളിയാട്ടവും ഏറെ ഉത്സാഹത്തോടെ പലയിടത്തും നടന്നു. ഉത്സവങ്ങള്‍ ഉണര്‍വ്വുകളാണ്.
നമുക്കു ചില കാര്യങ്ങള്‍ മറ്റൊരു വിധത്തില്‍ സംഗ്രഹിക്കാം:
ഒന്ന്:
ഒരു ഭാഗത്ത് തെയ്യവും കളിയാട്ടവും നടക്കുന്നു. പഴയ ഹിന്ദു കള്‍ച്ചറല്‍ തുടര്‍ച്ച. അതിനെക്കുറിച്ചുള്ള വിവരണങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ മാത്രമല്ല, അച്ചടി മാധ്യമങ്ങളിലും സാംസ്‌കാരിക ചിഹ്നങ്ങളായി വരുന്നു. എന്നാല്‍, ഈ സാംസ്‌കാരിക കളിയാട്ട വൃത്തങ്ങളുടെ അടയാളപ്പെടുത്തലുകളില്‍ ആണവതരണങ്ങള്‍ക്കാണ് പ്രാമുഖ്യം. സ്ത്രീകള്‍ കയ്യാലപ്പുറത്താണ്. ഉദാഹരണത്തിന്, തെയ്യങ്ങളുടെ ഗുഡ്വില്‍ അംബാസിഡറായി സോഷ്യല്‍/പ്രിന്റ് മീഡിയകളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന മുഖം ആരുടേതാണ്? തീര്‍ച്ചയായും വി.കെ. അനില്‍കുമാര്‍. ആ വിഷയത്തില്‍ അനില്‍കുമാറിനുള്ള അറിവ് അഗാധമാണ്. സൂക്ഷ്മമായ അന്വേഷണത്വരയുമുണ്ട്. എന്നാല്‍, എന്തുകൊണ്ട് വി.കെ. അനില്‍കുമാര്‍ മാത്രം? തെയ്യം അടിസ്ഥാനപരമായി ആണുടല്‍ അനുഷ്ഠാനമാണ്. ഭഗവതിയായാലും കെട്ടിയാടുന്ന ഉടല്‍ ആണാണ്. ചരിത്രം എന്നും ടെക്സ്റ്റില്‍ മാത്രമല്ല, ആവിഷ്‌കാരത്തിലും ആണുടല്‍ വീരാരാധനയാണ്. അപ്പോള്‍ ഈ വീരാരാധനയുടെ കള്‍ച്ചറല്‍ ഓഡിറ്റ് ചെയ്യാന്‍ സ്ത്രീകള്‍കൂടി അതേപ്പറ്റി സംസാരിച്ചു തുടങ്ങണം. സ്ത്രീകളെ കയ്യാലപ്പുറത്തിരുത്തി നടത്തുന്ന ആണുടലുകളുടെ വീരാരാധനാ ഭാഷണങ്ങളായി തെയ്യം ചര്‍ച്ചകള്‍ മാറുന്നുണ്ട്. അത് സവര്‍ണ്ണ ഹിന്ദുത്വത്തിലേക്കുള്ള ഗൂഢവഴികള്‍ തീര്‍ക്കുന്നുമുണ്ട്. ഉള്ളടരുകളില്‍ അടിത്തട്ടനുഭവങ്ങളുടെ നീറിപ്പിടയലുകളില്‍ വിമോചനധാരയായിട്ടാണ് തെയ്യങ്ങളുടെ ആവിര്‍ഭാവം. പല മട്ടില്‍ സാമൂഹ്യമായി പരസ്പരം മുഖം തിരിഞ്ഞുനില്‍ക്കുന്ന വിരുദ്ധ ശ്രേണികളുടെ ഒരു സാംസ്‌കാരിക സമാഹാരത്തിന്റെ നടുമുറ്റത്ത് നിന്ന് ചൂട്ടുവെളിച്ചത്തില്‍ വിലക്കുകളിലേക്ക് വെളിച്ചത്തിന്റെ നാമ്പുകള്‍ വന്നു. തോല്‍ക്കാന്‍ മനസ്സില്ലാത്തവരുടെ തോറ്റിയുണര്‍ത്തലായി അവ പുതിയ ദൈവപഥങ്ങള്‍ തീര്‍ത്തു. പ്രാദേശികവും ഭൗതികമായ ഇടുക്കങ്ങളില്‍നിന്നും പൊട്ടിപ്പുറപ്പെട്ടു വന്നവയാണ് അവ. നിഷേധത്തിന്റെ ഒരു ചലനാത്മകത അവരതില്‍ പകര്‍ത്തി. നൂറ്റാണ്ടുകളായി അടിച്ചമമര്‍ത്തപ്പെട്ട കീഴാളത്ത ഖേദങ്ങള്‍ അതിലൂടെ പൊട്ടിയൊഴുകി. എന്നാല്‍, അതിനെക്കുറിച്ച് അമിതമായ ഭ്രമത്തോടെ സംസാരിക്കുന്നത്, ഫ്യൂഡല്‍ ഭൂതകാലത്തെക്കൂടി പുനരാനയിക്കും. അത് രാഷ്ട്രീയമായി അത്ര പ്രത്യാശ നിറഞ്ഞ സന്ദേശമല്ല കാലത്തിനു നല്‍കുന്നത്. വിഭ്രമിപ്പിക്കുന്ന മിത്തുകളും സൂക്ഷ്മ അടിയാള മുദ്രകളുമുണ്ടായിരിന്നിട്ടുകൂടി പക്ഷേ, എവിടെ സ്ത്രീ?
വഅള് പറയാനും മെത്രാനാകാനും പുരോഹിതനാകാനും സ്ത്രീകള്‍ക്ക് മതാനുമതി കിട്ടാത്തതു പോലെയാണ് തെയ്യങ്ങളുടെ അവസ്ഥയും. തെക്കുമ്പാട് സ്ത്രീ തെയ്യം മാത്രമാണ് വടക്ക് ഇതിനൊരപവാദം. തെയ്യം പെര്‍ഫെക്ഷനെക്കുറിച്ച് വാചാലരാവുന്നതും പടം പിടിക്കുന്നതും ആണുങ്ങളാണ്. അപ്പോള്‍ വി.കെ. അനില്‍കുമാര്‍ പറയുന്നത് ആണുങ്ങളുടെ വര്‍ത്തമാനമാണ്. അധികമധികം പറഞ്ഞ് പ്രാകൃതമായ ഗോത്രസമൂഹത്തിന്റെ വിമോചന സാധ്യതകള്‍ ആ കാലത്ത് തുറന്നുവെച്ചതിനെ ആണ്‍വെട്ടത്തുനിന്നു മാത്രമല്ല, ആണ്‍വട്ടത്തുനിന്നുകൂടി മാറിനിന്നു വായിക്കാന്‍ സാധിക്കേണ്ടതുണ്ട്.
എസ്. ശാരദക്കുട്ടി എന്തുകൊണ്ടാണ് തെയ്യത്തെക്കുറിച്ച് എഴുതാത്തത് എന്ന ചോദ്യത്തിന്റെ പ്രസക്തി അതാണ്. അനിതാ തമ്പി തെയ്യത്തെക്കുറിച്ച് ഒരു കവിത എഴുതിയിട്ടുണ്ടോ? സാറാ ജോസഫ് 'മുടിത്തെയ്യമുറയുന്നു' എന്ന പേരില്‍, പെണ്ണുടല്‍ വിഹ്വലതകള്‍ പകര്‍ത്തിയിട്ടുണ്ട്.
രണ്ട്:
യഥാര്‍ത്ഥത്തില്‍ ഇപ്പുറം ചില മാറ്റങ്ങള്‍ സാധിക്കുന്നത്, മുസ്ലിം സമൂഹത്തിലാണ്. മുസ്ലിം സ്ത്രീകള്‍/മുസ്ലിം പെണ്‍കുട്ടികള്‍ 'കയ്യാലപ്പുറത്തെ കാഴ്ചക്കാരുടെ' റോളില്‍നിന്നു മാറുകയാണ്. അതാ അവര്‍ നൃത്തച്ചുവടുകളുമായി വരുന്നു. ഇതിനകം എത്രയെത്ര ഒപ്പനച്ചുവടുകള്‍. പഴയ നാണം കുണുങ്ങി ശൈലിയല്ല. ആത്മവിശ്വാസത്തോടെ ഇമ്പത്താലാറാടി വരികയാണ്. മൂരി എഴുതിയ വരികള്‍ക്കാണ് അവരുടെ ചുവടുകള്‍. (സുലൈഖാ മന്‍സിലിലെ ഇതിനകം പ്രശസ്തമായ ആ ജില്‍ ജില്‍ പാട്ടിലെ ആദ്യ വരികള്‍ ഒഴിച്ച് മറ്റെല്ലാം പഴയ മാപ്പിളപ്പാട്ടെഴുത്തുകാരനായ കുട്ടിയാലി സാഹിബിന്റേതാണ് എന്നു ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്).
സിനിമകള്‍/അതിലെ പാട്ടുകളും ചുവടുകളും മുസ്ലിം പെണ്‍കുട്ടികള്‍ക്കു മുന്നില്‍ ഒരു വിമോചന വാതില്‍ തുറന്നുകൊടുത്തു. പുതിയ കാലത്തെ, പുതിയ വെളിച്ചത്തില്‍ അവര്‍ നിര്‍വ്വചിക്കാന്‍ തുടങ്ങി. നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ ജില്‍ ജില്‍ താളത്തില്‍ അവര്‍ ഒരുക്കിവെച്ചു. സംഗീതം ഹറാമാണ് എന്ന വാദം അംഗീകരിക്കാന്‍ മനസ്സില്ലാത്തവരുടെ തലമുറ വളര്‍ന്നു വരുന്നു. ജമാഅത്തെ ഇസ്ലാമി പ്രതിനിധിയും യുക്തിവാദിയും തമ്മിലുള്ള ഇസ്ലാം നാസ്തിക സംവാദങ്ങള്‍ക്കൊന്നും പുതിയ തലമുറ പെണ്‍കുട്ടികള്‍ക്കു താല്പര്യമില്ല. അവരതിലൊന്നും എന്‍ഗേജാവുന്നില്ല. അവര്‍ നൃത്തച്ചുവടുകളുമായി വരുന്നു.
തെയ്യം കാണുമ്പോള്‍ എസ്. ശാരദക്കുട്ടിക്കും അനിതാ തമ്പിക്കും എന്തു തോന്നുന്നു? ഇതു പോലെ പോസിറ്റീവ് എനര്‍ജി കിട്ടാറുണ്ടോ?
മൂന്ന്:
ഈ താരതമ്യങ്ങള്‍കൊണ്ട് എന്തു പ്രയോജനം എന്നു ചോദിക്കാന്‍ വരട്ടെ, 'കേരളം' എന്ന പശ്ചാത്തലത്തിലാണ് ഇവയുടെയൊക്കെ അവതരണങ്ങള്‍. തെയ്യത്തിന് ആത്മീയതയുടേയും ഭക്തിയുടേയും അധികമാനമുണ്ട്. സംസ്‌കാരവും ജനപദങ്ങളുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ഒപ്പന, മാപ്പിളപ്പാട്ടുകള്‍, സിനിമയിലെ മാപ്പിളപ്പാട്ടുകളുടെ കോറിയോഗ്രാഫി തുടങ്ങിയവ മുസ്ലിം പെണ്‍കുട്ടികളെ പ്രചോദിപ്പിക്കുന്നതുപോലെ തെയ്യം എന്ന ദീര്‍ഘകാല പാരമ്പര്യമുള്ള അനുഷ്ഠാന കല നമ്മുടെ സ്ത്രീ സമൂഹത്തെ പ്രചോദിപ്പിക്കുന്നുണ്ടോ? ഇതാണ് ചോദ്യം.
ഇമാമും പൂച്ചയും
ഭൂമിയിലുള്ള ജീവികളും രണ്ട് ചിറകുക ള്‍കൊണ്ട് പറക്കുന്ന പക്ഷികളുമെല്ലാം നിങ്ങളെപ്പോലെയുള്ള സമുദായങ്ങള്‍ തന്നെയാണ്.
(സൂറ, അന്‍ആം 6/38).
കഴിഞ്ഞ വര്‍ഷത്തെ ബലി പെരുന്നാള്‍ ഖുതുബയില്‍ കണ്ണൂര്‍ സിറ്റിയിലെ കൊള്ളറക്ക പള്ളിയിലെ ഇമാം ഒരു പൂച്ചയുടെ കഥയാണ് പറഞ്ഞത്. ഒരാള്‍ അത്യധികമായ ദുഃഖത്തോടെ, രോഗബാധിതനായി പല വൈദ്യന്മാരേയും സമീപിക്കുന്നു. എവിടെയും അയാളുടെ ദു:ഖത്തിനും രോഗപീഡയ്ക്കും പരിഹാരം കിട്ടുന്നില്ല. ഒടുവില്‍ അയാള്‍ ഒരു മഹാവൈദ്യരുടെ അരികിലെത്തുന്നു. കഴിഞ്ഞകാലത്തു ചെയ്ത പാപങ്ങളേയും അക്രമങ്ങളേയും കുറിച്ച് ഓര്‍ക്കാന്‍ വൈദ്യന്‍ അയാളോട് പറയുന്നു. ഓരോ കാര്യങ്ങളും സൂക്ഷ്മമായി ഓര്‍ത്ത രോഗിയും ദു:ഖിതനുമായ ആ മനുഷ്യന്‍, തന്റെ വീട്ടിലെ പൂച്ചയെ പുറംകാല്‍കൊണ്ട് തൊഴിച്ചപ്പോള്‍ അതു മതിലിലിടിച്ച് തലപൊട്ടി രക്തം വാര്‍ന്ന് ചത്ത കഥ ഓര്‍മ്മിക്കുന്നു. ''പൂച്ചയെ കൊന്നതിന്റെ ദു:ഖമാണ് നിങ്ങള്‍ രോഗമായി അനുഭവിക്കുന്നത്.'' വൈദ്യര്‍ രോഗിയും ദു:ഖിതനുമായ മനുഷ്യനോട് പറയുന്നു. പെരുന്നാള്‍ ഖുതുബ ഉപസംഹരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: മനുഷ്യരോടു മാത്രമല്ല, പൂച്ചകളോടും ജീവജാലങ്ങളോടും നാം കരുണയുള്ളവരാവുക.''
പെരുന്നാള്‍ നിസ്‌കാരത്തില്‍ ഒരു പൂച്ചക്കഥ കടന്നുവരുന്നത് വലിയ കൗതുകവും പെരുന്നാള്‍ നിസ്‌കാരത്തിന് ആനന്ദവും നല്‍കി. ഇപ്പോള്‍ അള്‍ജീറിയയിലെ ഒരു മസ്ജിദിലെ ഇമാം നിസ്‌കാരത്തില്‍ ഖുര്‍ആന്‍ ഓതുമ്പോള്‍ ഒരു പൂച്ച ചുമലില്‍ ചാടിവീഴുന്നു. അരുമയോടെ ഇമാം പൂച്ചയെ തലോടുന്നു. ലാളന കിട്ടിയ പൂച്ച തിരിച്ചുപോകുന്നു. ആ നിസ്‌കാരം കണ്ടുനില്‍ക്കുന്നവരില്‍ ഉണ്ടാക്കുന്നത് കരുണ, ലാളന, വാത്സല്യം തുടങ്ങിയ വികാരങ്ങളാണ്. കാരുണ്യത്തെ വെളിപ്പെടുത്തുന്ന ഒരു തെളിവായിട്ടാണ് പൂച്ച ഇമാമിന്റെ ചുമലില്‍ പ്രത്യക്ഷപ്പെടുന്നത്. അന്‍ആം (കാലികള്‍ എന്നര്‍ത്ഥം) 148/149 വരികള്‍ ആണ് ആ സന്ദര്‍ഭത്തില്‍ ഇമാം ഓതിക്കൊണ്ടിരുന്നത്. സയ്യ്ദ് അഹമ്മദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചി കോയ തങ്ങള്‍ പരിഭാഷപ്പെടുത്തിയ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പരിഭാഷയില്‍ 149-ന്റെ അര്‍ത്ഥം ഇങ്ങനെയാണ് പറയുക: അല്ലാഹുവിനാണ് പൂര്‍ണ്ണമായ തെളിവുള്ളത്. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെയെല്ലാവരേയും നേര്‍മാര്‍ഗ്ഗത്തിലാക്കുമായിരുന്നു.''
ആ പൂച്ച ഒരു തെളിവാണ്
എന്നാല്‍, ഹിംസയുടേയും പിടിച്ചുപറിയുടേയും കള്ളക്കടത്തിന്റേയും സ്വര്‍ണ്ണം ഗുഹ്യഭാഗങ്ങളില്‍ ഒളിച്ചുകടത്തുന്നവരുടേയും മതമാണ് ഇസ്ലാം എന്ന ഒരു നരേറ്റീവ് കൃത്യമായി ഇടവിട്ട് രൂപപ്പെടുന്നുണ്ട്. ദലിത് ചിന്തകനായ ഒരാള്‍ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ മുസ്ലിം മതത്തില്‍പെട്ടവര്‍ ക്രിമിനലുകളായി വരുന്ന വാര്‍ത്തകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സംയമികളാവുന്നു എന്ന ധ്വനിയല്ല, പ്രത്യക്ഷമായിട്ടു തന്നെ ആ ലേഖകന്‍ വാര്‍ത്ത അവതരണങ്ങളുമായി ബന്ധപ്പെട്ട തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെയ്ക്കുന്നു.
വാസ്തവം എന്താണ്?
അത്രയും സംയമനവും ആ ദളിത് ചിന്തകന്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, തങ്ങളുടെ മതനിരപേക്ഷ ബോധത്തിനു കളങ്കം വരരുത് എന്ന ബാലന്‍സിങ്ങ് അടവുനയവും സൂക്ഷിക്കുന്നവരാണോ മലയാളി പത്രപ്രവര്‍ത്തകര്‍? അല്ല എന്ന് ഈ സന്ദര്‍ഭത്തില്‍ മാത്രമല്ല, ഏതു സന്ദര്‍ഭങ്ങളിലും നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. അവര്‍, വലിയൊരു വിഭാഗം, കാര്യങ്ങള്‍ കലക്കുന്നവരും അതില്‍ മീന്‍ പിടിക്കാന്‍ വിദഗ്ദ്ധരുമാണ്.
യഥാര്‍ത്ഥത്തില്‍, മതവും കുറ്റകൃത്യങ്ങളും തമ്മില്‍ നേരിട്ടു ബന്ധമില്ല. മതവും സ്വാതന്ത്ര്യവും തമ്മില്‍ വലിയൊരു സംവാദവും ഏറ്റുമുട്ടലുകളുമുണ്ട്. പൗരോഹിത്യവും അതിന്റെ കിരീടധാരികളായ പുരുഷന്മാരും വിഴുങ്ങിയ ഒരു ഇസ്ലാമുണ്ട്. ആധുനികതയുടെ ട്രാഫിക് ജങ്ഷനില്‍ എങ്ങോട്ടു പോകണമെന്നറിയാതെ സ്തംഭിച്ചുനില്‍ക്കുന്ന ഗോത്രീയ ഇസ്ലാം. എന്നാല്‍, കേരളത്തില്‍ ഈ ഗോത്രീയ ഇസ്ലാം ധാരകളെ പ്രതിരോധിക്കുകയും മാറ്റി നിര്‍ത്തുകയും ചെയ്ത ഒരു പാരമ്പര്യമുണ്ട്. അത് ഇസ്ലാമിന്റെ ഉള്ളില്‍നിന്നുതന്നെ രൂപപ്പെട്ട ഒരു പാരമ്പര്യമാണ്. ആ മുസ്ലിം പാരമ്പര്യത്തെ മുസ്ലിമേതര സമൂഹവും ആലിംഗനം ചെയ്തു. ചെറിയ ഉദാഹരണം പറഞ്ഞാല്‍, ''പാത്തുമ്മ പെറ്റ വാവര് മകന്‍...'' എന്ന് അയ്യപ്പ ഭജനയിലെ പാട്ടില്‍ പുലരുന്ന മൈത്രിയാണ് കേരളം. അത് അത്രമേല്‍ പ്രധാനപ്പെട്ട ഒരു സൂക്ഷ്മ സാംസ്‌കാരിക കലര്‍പ്പാണ്. ഇതില്‍, മൈത്രിയുടെ അന്യോന്യമുള്ള ഈ പ്രചോദനങ്ങളേയും സാംസ്‌കാരിക വിനിമയങ്ങളേയും പലതരത്തില്‍ നമുക്കു സമുഹത്തില്‍ പ്രതിഫലിക്കുന്നതായി കാണാം. മാധ്യമങ്ങള്‍ വലിയൊരളവോളം കെടുത്താന്‍ ശ്രമിച്ചിട്ടും മൈത്രിയുടെ വെളിച്ചം പൂര്‍ണ്ണമായും അണഞ്ഞുപോയിട്ടില്ല.
അപ്പോള്‍ ഇസ്ലാമില്‍നിന്നു പ്രചോദനം ഉള്‍ക്കൊള്ളാത്തവര്‍ ആരാണ്?
മുസ്ലിമുകള്‍
മതമൗലിക വാദികളും ലിബറല്‍ ആശയങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ കട്ടക്കലിപ്പ് വരുകയും ചെയ്യുന്ന ആണ്‍ ഇസ്ലാമിസ്റ്റുകള്‍. ഈ ആണ്‍ ഇസ്ലാമിസ്റ്റുകളെപ്പോലെ തന്നെയാണ് ഇസ്ലാമിനെ ''കള്ളക്കടത്ത്, ഹവാല ഇടപാട്, അക്രമം തുടങ്ങിയ ആ നിരയില്‍ മുഴുവനും അവര്‍ മുസ്ലിമുകളാണ്'' എന്ന തരത്തിലുള്ള അവതരണങ്ങളും.
ഇത്തരം രണ്ട് ആഗോള അവതരണങ്ങള്‍ക്കുമിടയിലാണ് അള്‍ജീറിയയിലെ പള്ളിയില്‍ ഒരു പൂച്ച ഇമാമിന്റെ ചുമലില്‍ ചാടിവീഴുന്നത്. പൂച്ചയ്ക്കറിയാം, ഇമാം തട്ടിത്തെറിപ്പിക്കില്ല എന്ന്. മാത്രവുമല്ല, തലോടുകയും ചെയ്യുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അത്തിപ്പറ്റ മൗലവിയെക്കുറിച്ചുള്ള ഒരു ശിഷ്യന്റെ അനുസ്മരണത്തിലും ഒരു പൂച്ച പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു പൂച്ച മീന്‍ കട്ടുതിന്ന് ഓടുന്നു, അതു കണ്ട വീട്ടുടമ വടിയെടുത്ത് പൂച്ചയെ ഓടിക്കുന്നു,
പൂച്ചയുടെകൂടി ഭക്ഷണമാണ് ആ മീന്‍. പൂച്ചയെ സംബന്ധിച്ചിടത്തോളം അത് ''കട്ടു തിന്നുന്നതല്ല.'' സ്വാഭാവികമായ തീറ്റയാണ്. മനുഷ്യനു ബാധകമായ മോഷണത്തിന്റെ ആ ഒരിത് പൂച്ചയ്ക്ക് ബാധകമല്ല. അതുകൊണ്ട് പൂച്ചയെ ഉപദ്രവിക്കരുത്. അതാണ് അത്തിപ്പറ്റ ഉസ്താദ് പറഞ്ഞ സംഭവത്തിന്റെ സാരാംശം.
ഇമാം നമസ്‌കാരത്തിനിടയില്‍ തലോടുന്ന പൂച്ച ഒരു തെളിവാണ്. കരുണയുടെ, എന്നിട്ടും ''എന്താ മുസ്ലിമുകളെ നിങ്ങള്‍ ഇങ്ങനെ?'' എന്നു എന്തുകൊണ്ടാണ് എല്ലാവരും ചോദിക്കുന്നത്. അവിടെയാണ് മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തേണ്ടത്.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക