കോളനി ഭരണം ഇന്ത്യക്കാര്‍ക്ക് നല്‍കിയ ദുരിതങ്ങളെന്ത്? എഫ്.സി. ബ്രൗണിന്റെ വെളിപ്പെടുത്തല്‍

കൊളോണിയല്‍ ഭരണത്തില്‍ കൃഷിയുടെയും ഗ്രാമീണ വ്യവസ്ഥയുടെയും തകര്‍ച്ച സംബന്ധിച്ച് തലശേരിയിലെ തോട്ടമുടമയായ ഫ്രാന്‍സിസ് കര്‍ണാക് ബ്രൗണ്‍ നല്‍കിയ വിവരങ്ങള്‍ 
കോളനി ഭരണം ഇന്ത്യക്കാര്‍ക്ക് നല്‍കിയ ദുരിതങ്ങളെന്ത്? എഫ്.സി. ബ്രൗണിന്റെ വെളിപ്പെടുത്തല്‍

1853 ജൂണിൽ ന്യൂയോർക്ക് ഡെയ്‌ലി ട്രിബ്യുണിൽ ‘ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം’ എന്ന പേരിൽ കാൾ മാർക്സ് എഴുതിയ ലേഖനത്തിൽ കൊളോണിയൽ ഭരണം ആയിരത്താണ്ടുകളായി നിലനിൽക്കുന്ന ഇന്ത്യൻ മൗഢ്യതയെ തച്ചുതകർത്ത് ഒരു പുതുസമൂഹത്തെ അവിടെ കൊണ്ടുവരും എന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. പിന്നീട് ഒരു പതിറ്റാണ്ടുകാലം മാർക്സും സഹപ്രവർത്തകനായ ഫ്രഡറിക്ക് ഏംഗൽസും ഇന്ത്യയെക്കുറിച്ചു എഴുതിയ കുറിപ്പുകളിൽ ഏഷ്യയുടെ ചലനമില്ലാത്ത സാമൂഹികാന്തരീക്ഷത്തെക്കുറിച്ചും അതിന്റെ ഫലമായി ഇരുട്ടിൽ കഴിയുന്ന ഏഷ്യൻ സമൂഹത്തെക്കുറിച്ചും ഇരുവരും പരിതപിക്കുന്നുണ്ട്. കൊളോണിയലിസം അതികഠിനമായ ചൂഷണമാണ് ഇന്ത്യയുടെമേൽ അടിച്ചേല്പിച്ചത്. എന്നിരുന്നാലും അതിന്റെ സംഹാരാത്മകത സാമൂഹികമായ ഒരു പുനഃസൃഷ്ടിക്കുതകുന്ന പേറ്റുനോവാണ്. ജർമൻ കവി ഗോയ്‌ഥേയെ ഉദ്ധരിച്ചുകൊണ്ട് മാർക്സ് ഇന്ത്യക്കാരെ ഓർമ്മിപ്പിക്കുന്നത് ഈ വേദനകളെ കാര്യമാക്കേണ്ടതില്ല എന്നാണ്. കാരണം പിന്നാലെ വരാൻ പോകുന്നത് ആനന്ദത്തിന്റെ ഒരു കാലമാണ്.

കൊളോണിയൽ ഭരണത്തിന്റെ ആത്യന്തിക ഗുണഫലത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷ മാർക്സിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ആദ്യകാല ഇന്ത്യൻ ദേശീയവാദികളിൽ മിക്കവാറും പേരും ആ നിലപാടാണ് സ്വീകരിച്ചത്. കൊളോണിയൽ ആധുനികത ലോകത്തിന്റെ ഒരു വലിയ ഭാഗത്തെ ജനമനസ്സുകളിൽ കട്ടിപിടിച്ചു നിന്ന സാമൂഹികമായ ഇരുട്ടിനെ നീക്കം ചെയ്തു പുതുവസന്തത്തിന്റെ പ്രകാശം പ്രസരിപ്പിച്ചു എന്ന സിദ്ധാന്തം കാലങ്ങളായി അക്കാദമിക-രാഷ്ട്രീയ തലങ്ങളിൽ നിലനിൽക്കുന്നതാണ്. വെള്ളക്കാരൻ ചുമക്കുന്ന ഈ ധാർമ്മിക ബാധ്യതയെക്കുറിച്ച് കൊളോണിയൽ ചരിത്രകാരന്മാർ പലരും നിരന്തരം ഉൽഘോഷിക്കുകയുണ്ടായി. നമ്മുടെ കാലത്ത് ഈ നിലപാട് ശക്തമായി ഉയർത്തുന്നത് ബ്രിട്ടീഷ് ചരിത്രകാരനായ നിയാൽ ഫെർഗുസനാണ്. അദ്ദേഹത്തിന്റെ എമ്പയർ: ഹൌ ബ്രിട്ടൻ മേഡ് ദി മോഡേൺ വേൾഡ് (2003) എന്ന പുസ്തകം ആധുനിക ജനാധിപത്യ ലോകത്തിന്റെ സൃഷ്ടിയിൽ ബ്രിട്ടീഷ് സാമ്രാജ്യം ഉദാത്തമായ ഒരു പങ്കാണ് നിർവ്വഹിച്ചത് എന്നു സമർത്ഥിക്കുന്നു.

എന്നാൽ, ഇംഗ്ലീഷ് ഭാഷയും പാർലമെന്ററി വ്യവഹാരവും തീവണ്ടിപ്പാതയും കമ്പിത്തപാലും സൈനിക സംവിധാനങ്ങളും നൽകിയ നേട്ടങ്ങൾക്കപ്പുറം കൊളോണിയൽ ഭരണം അതിന്റെ അടിമകളായ സമൂഹങ്ങളെ എങ്ങനെ ഊറ്റിപ്പിഴിഞ്ഞു ചണ്ടിയാക്കി എന്നു ചൂണ്ടിക്കാട്ടിയ ചിന്തകരും അക്കാലത്തുതന്നെ പൊതുമണ്ഡലത്തിൽ പ്രവർത്തിച്ചിരുന്നു. ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യത്തെ ഇന്ത്യക്കാരൻ ദാദാഭായ് നവറോജി അവരിൽ പ്രാമാണികനാണ്. നവറോജി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ യൂറോപ്പിലെ പുരോഗമന പ്രസ്ഥാനങ്ങളുമായി യോജിച്ചു പ്രവർത്തിച്ച വ്യക്തിയാണ്. ലണ്ടനിൽ മാർക്സിന്റെ മകൾ എലീനർ, സോഷ്യലിസ്റ്റ് നേതാവ് ഹെൻറി ഹെയ്ൻഡ്മാൻ തുടങ്ങിയവരുമായി അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നു. രണ്ടാം ഇന്റർനാഷനലിന്റെ ആഭിമുഖ്യത്തിൽ 1904-ൽ ആംസ്റ്റർഡാമിൽ ചേർന്ന സോഷ്യലിസ്റ്റ്-തൊഴിലാളി കക്ഷികളുടെ സമ്മേളനത്തിൽ കാൾ കൗട്‌സ്‌കി, ജോർജ് പ്ലഖാനോവ്, റോസാ ലക്‌സംബർഗ് എന്നിവർക്കൊപ്പം നവറോജിയും പങ്കെടുത്തു എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ദിൻയാർ പട്ടേൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് (നവറോജി: പയനീയർ ഓഫ് ഇന്ത്യൻ നാഷണലിസം, 2020). കൊളോണിയൽ ഭരണകൂടത്തിന്റെ പരിഷ്‌കരണ നടപടികൾ അതിന്റെ ദൂരവ്യാപകമായ സാമ്പത്തിക ആഘാതത്തെ കുറയ്ക്കാൻ പര്യാപ്തമല്ല എന്ന വാദമാണ് നവറോജിയെപ്പോലുള്ള ഇന്ത്യൻ ദേശീയവാദികൾ ഉന്നയിച്ചത്. ദാരിദ്ര്യവും ബ്രിട്ടീഷ് വിരുദ്ധമായ ഇന്ത്യൻ ഭരണവും (1901) എന്ന ഗ്രന്ഥത്തിൽ ഈ വാദമുഖമാണ് അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത്.

മാർക്സ് മുതൽ നവറോജി വരെ കൊളോണിയൽ ഭരണത്തിന്റെ സമകാല വിമർശകരുടെ വാദങ്ങൾക്ക് ഉപോൽബലകമായ വസ്തുതകളും തെളിവുകളും നൽകിയത് ബ്രിട്ടീഷ് പാർലമെന്റിലെ ലിബറൽ അംഗങ്ങളുടെ വാദങ്ങളും പ്രഭുസഭയുടേയും ജനസഭയുടേയും വസ്തുതാന്വേഷണ സമിതികളുടെ കണ്ടെത്തലുകളും ആയിരുന്നു. കൊളോണിയൽ രാജ്യങ്ങളിൽ ദീർഘകാല സേവനം നൽകിയ ഉദ്യോഗസ്ഥരും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധികളും ഇന്ത്യയെ സംബന്ധിച്ച പാർലമെന്ററി സമിതികളുടെ തെളിവെടുപ്പുകളിൽ ഹാജരായിരുന്നു. കമ്പനി ഭരണത്തിന്റെ സിരാകേന്ദ്രങ്ങളായ ബോംബെ, മദ്രാസ്, കൽക്കത്ത തുടങ്ങിയ പ്രദേശങ്ങളിലാണ് അവരിൽ പലരും ജോലിചെയ്തത്. അതിനാൽ ഈ രേഖകളിൽ പ്രവിശ്യകളിലെ ജനജീവിതം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ കാണാനാകും.

കണ്ണൂരിലെ സെന്റ് ജോണ്‍സ് പള്ളിയില്‍ മര്‍ഡോക് ബ്രൗണിന്റെ സ്മാരകഫലകം
കണ്ണൂരിലെ സെന്റ് ജോണ്‍സ് പള്ളിയില്‍ മര്‍ഡോക് ബ്രൗണിന്റെ സ്മാരകഫലകം

1792 മുതൽ കമ്പനി ഭരണത്തിൽ അമർന്ന മലബാറിനെ സംബന്ധിച്ച് ഇത്തരം രേഖകൾ അതിന്റെ ആധുനിക ചരിത്രപഠനങ്ങളിൽ പ്രധാനമാണ്. 1830-‘40 കാലത്തു സഭാസമിതികൾ നടത്തിയ പല അന്വേഷണങ്ങളിലും ഈ പ്രദേശത്തെ സംബന്ധിച്ച ധാരാളം പരാമർശങ്ങളുണ്ട്. ഇന്ത്യയിലെ അടിമത്തം സംബന്ധിച്ച അന്വേഷണത്തിലും (1828, 1834) പരുത്തിക്കൃഷി സംബന്ധിച്ച അന്വേഷണത്തിലും (1848) ഭരണകൂടത്തിന്റെ ഭാഗമായിരുന്ന ബ്രിട്ടീഷുകാർ തന്നെ കൊളോണിയൽ ഭരണത്തെ ശക്തമായി വിമർശിക്കുന്നതു കാണാം. മലബാറിൽ കമ്പനിയുടെ പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്ന തോമസ് ബേബർ കാർഷിക അടിമത്തത്തെക്കുറിച്ച് നൽകിയ വിവരങ്ങളും കൊളോണിയൽ ഭരണത്തിൽ കൃഷിയുടേയും ഗ്രാമീണ വ്യവസ്ഥയുടേയും തകർച്ച സംബന്ധിച്ച് തലശ്ശേരിയിലെ തോട്ടമുടമയായിരുന്ന ഫ്രാൻസിസ് കർണാക് ബ്രൗൺ നൽകിയ അഭിപ്രായങ്ങളും അവയിൽ പ്രധാനമാണ്. കമ്പനി ഭരണം ഇന്നാട്ടിലെ ജനങ്ങൾക്ക് അന്തമറ്റ ദുരിതങ്ങൾ മാത്രമാണ് കൊണ്ടുവന്നത് എന്നാണ് സഭാംഗങ്ങളുടെ ചോദ്യങ്ങൾക്കു ഉത്തരമായി ബ്രൗൺ പറഞ്ഞത്.

1848 മാർച്ച്-മെയ് മാസങ്ങളിൽ മൂന്നുതവണയായാണ് ബ്രൗൺ പാർലമെന്ററി സമിതിക്കു മുന്നിൽ ഹാജരായി തന്റെ വാദങ്ങൾ നിരത്തുന്നത്. (ഇന്ത്യയിൽ പരുത്തിക്കൃഷി സംബന്ധിച്ച സെലക്റ്റ് കമ്മിറ്റി റിപ്പോർട്ട്, ലണ്ടൻ, 1848). ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം ആത്യന്തികമായി ഇന്ത്യയ്ക്കു ഗുണം ചെയ്യും എന്ന പ്രതീക്ഷയൊന്നും മാർക്സിനെപ്പോലെ ബ്രൗൺ പുലർത്തുന്നില്ല. കമ്പനി ഭരണത്തിലെ അപാകതകൾ പരിഹരിക്കണമെങ്കിൽ ബ്രിട്ടീഷ് സർക്കാർ നേരിട്ട് കമ്മിഷണർമാരെ ഇന്ത്യയിലേക്കയച്ച് അടിയന്തര നടപടികൾ സ്വീകരിക്കണം എന്നാണ് അദ്ദേഹത്തിന്റെ വാദം. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാരക്കുത്തക കരാർ പുതുക്കുന്നതു സംബന്ധിച്ച ചർച്ചകൾ പാർലമെന്റിൽ നടക്കുന്ന സമയത്താണ് മാർക്സിന്റെ കുറിപ്പുകൾ ന്യൂയോർക്ക് പത്രത്തിൽ അച്ചടിച്ചുവരുന്നത്. ഇത്തരം ചർച്ചകൾ തന്നെയാണ് പാർലമെന്ററി സമിതി അന്വേഷണങ്ങളുടെ പശ്ചാത്തലവും. അതിന്റെയൊക്കെ ഭാഗമായാണ് 1857-ലെ കലാപത്തിനുശേഷം ഇന്ത്യയുടെ ഭരണം കമ്പനിയിൽനിന്നും ബ്രിട്ടീഷ് സർക്കാർ നേരിട്ട് ഏറ്റെടുക്കുന്നത്. അന്നു മുതൽ ബ്രിട്ടീഷ് രാജ്ഞി ഇന്ത്യയുടെ ചക്രവർത്തിനിയായി.

കമ്പനി ഭരണത്തിന്റെ ആഘാതം സംബന്ധിച്ച കാര്യങ്ങളിൽ മാർക്സും ബ്രൗൺ സായിപ്പും തമ്മിൽ കാര്യമായ അഭിപ്രായവ്യത്യാസങ്ങൾ ഒന്നുമില്ല. അത് ഇന്ത്യയിലെ ജനങ്ങൾക്ക് നൽകിയത് ദുരിതങ്ങൾ മാത്രമാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിൽ നല്ലതായി ഒന്നും തന്നെ കണ്ടെത്താൻ താങ്കൾക്കു കഴിയുന്നില്ലേ എന്ന ചോദ്യത്തിന് ബ്രൗൺ നൽകുന്ന മറുപടി നിഷേധാർത്ഥത്തിലാണ്. അരനൂറ്റാണ്ടുകാലത്തെ കമ്പനി ഭരണം മലബാറിലാകെ കടുത്ത നാശങ്ങളാണ് കൊണ്ടുവന്നത്. നേരത്തെ ടിപ്പുവിന്റെ കാലത്ത് അവിടെ ഭൂവുടമകൾ താരതമ്യേന സമ്പന്നരായിരുന്നു. അവർക്കു തങ്ങളുടെ നികുതിബാധ്യതകൾ നിറവേറ്റാനുള്ള ശേഷിയും ഉണ്ടായിരുന്നു. എന്നാൽ, അത്തരം ഭൂവുടമകളെ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിൽ എത്തിക്കുകയാണ് കമ്പനി ഭരണം ചെയ്തത്. ഭൂമി സർക്കാരിനെ ഏല്പിക്കാമെന്നും കഴിഞ്ഞുകൂടാൻ തങ്ങൾക്ക് എന്തെങ്കിലും തന്നാൽ മതി എന്നുപോലും അവരിൽ ചിലർ സർക്കാരിനോട് അഭ്യർത്ഥിക്കുകയുണ്ടായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തിന്റെ തലസ്ഥാനത്തു ഇരുന്നുകൊണ്ടാണ് മാർക്സും ബ്രൗണും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം സംബന്ധിച്ച തങ്ങളുടെ നിലപാടുകൾ വെളിപ്പെടുത്തുന്നത്. എന്നാൽ, ഇരുവരും വളരെ വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽ നിന്നാണ് വന്നത്. ജർമനിയിൽ ജനിച്ച മാർക്സ് യൂറോപ്പിലെ വിവിധ നഗരങ്ങളിൽനിന്നും പുറത്താക്കപ്പെട്ട് ഒരു രാഷ്ട്രീയ അഭയാർത്ഥിയായാണ് ലണ്ടനിൽ എത്തിയത്. തന്റെ രാഷ്ട്രീയവും ചിന്താപരവുമായ പ്രവർത്തനങ്ങൾക്ക് ഏറ്റവും ഉചിതമായ അന്തരീക്ഷം ഒരുക്കുന്ന നഗരം ലണ്ടനാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മാർക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതികൾ രചിക്കപ്പെടുന്നതും ഈ നഗരത്തിലാണ്. എന്നാൽ, ബ്രൗൺ വന്നത് സാമ്രാജ്യത്വത്തിന്റെ വിദൂരസ്ഥമായ ഒരു കോണിൽ പ്രകൃതിയോടും സർക്കാർ അധികാരികളോടും നിരന്തരം പോരാടിക്കൊണ്ടാണ്. വ്യാപാര വികസനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പിതാവ് മർഡോക്ക് ബ്രൗൺ (1750-1828) സ്‌കോട്‌ലാൻഡിലെ എഡിൻബർഗിൽ ജനിച്ചു യുവാവായിരിക്കെ ആസ്ട്രിയൻ ഈസ്റ്റ് ഇന്ത്യാ വ്യാപാരക്കമ്പനിയുടെ കപ്പലിൽ ഇന്ത്യയിലെത്തി. ആദ്യം കോഴിക്കോട്ടും പിന്നീട് ഫ്രെഞ്ച് അധീന മയ്യഴിയിലും താവളമുറപ്പിച്ച അദ്ദേഹം 1797 മുതൽ തലശ്ശേരിക്കടുത്ത് അഞ്ചരക്കണ്ടിയിൽ ബ്രിട്ടീഷ് കമ്പനി സ്ഥാപിച്ച ഏഷ്യയിലെ ആദ്യത്തെ തോട്ടത്തിന്റെ നടത്തിപ്പുകാരനായി. അതൊരു എളുപ്പമുള്ള ജോലിയായിരുന്നില്ല എന്ന് അക്കാലത്ത് അഞ്ചരക്കണ്ടിയിലെ തോട്ടം സന്ദർശിച്ച ഫ്രാൻസിസ് ബുക്കാനൻ രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ കമ്പോളത്തിനുവേണ്ടി ഏലവും പട്ടയും കുരുമുളകും സ്വന്തമായി ഉല്പാദിപ്പിക്കാനാണ് തോട്ടം തുടങ്ങിയത്. പക്ഷേ, ആംഗ്ലോ-ഫ്രെഞ്ച് യുദ്ധങ്ങളും മൈസൂർ പടയോട്ടവും പഴശ്ശിരാജാവിന്റെ കലാപവും കാരണം തോട്ടത്തിലെ കാർഷിക പ്രവൃത്തികൾ പലപ്പോഴും തടസ്സപ്പെട്ടിരുന്നു. അഞ്ചരക്കണ്ടിയിൽ ബ്രൗൺ നിർമ്മിച്ച വീടിനു കാവലായി ഒരു യൂറോപ്യൻ ഓഫീസറും ശിപായിമാരും സ്ഥിരമായി ഉണ്ടായിരുന്നു. അവരിലൊരാളെ ആയിടെയാണ് പഴശ്ശിയുടെ പടയാളികൾ പതിയിരുന്നു വെടിവെച്ചു കൊന്നതെന്ന് ബുക്കാനൻ പറയുന്നുണ്ട്.

അഞ്ചരക്കണ്ടി പുഴ
അഞ്ചരക്കണ്ടി പുഴ

1828-ൽ തന്റെ മരണംവരെ മർഡോക്ക് ബ്രൗൺ തന്നെയാണ് തോട്ടവും കുടുംബത്തിന്റെ മറ്റു ബിസിനസ്സുകളും നോക്കിനടത്തിയത്. മലബാറിലെ ഏറ്റവും സമ്പന്നരായ വ്യക്തികളിലൊരാളാണ് ബ്രൗൺ എന്ന് അക്കാലത്തെ ബോംബെ ഗവർണർ ജൊനാഥൻ ഡങ്കൻ എഴുതിയിട്ടുണ്ട്. ആയിരം ടണ്ണിലേറെ കേവുഭാരമുള്ള 11 കപ്പലുകൾ യുദ്ധകാലത്ത് ബ്രൗണിനു നഷ്ടമായതായി അദ്ദേഹം പറയുന്നു. കച്ചവടത്തിൽ മര്യാദയൊന്നും നോക്കുന്ന പതിവ് അക്കാലത്തില്ല. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് നില. അത്തരം ഇടപാടുകളിൽ ബ്രൗൺ സമർത്ഥനായിരുന്നു. മാത്രമല്ല, ഏഴു യൂറോപ്യൻ ഭാഷകളും അത്രതന്നെ പ്രാദേശിക ഭാഷകളും വശമായിരുന്ന ബ്രൗണിന് പശ്ചിമതീരത്തു വ്യാപകമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും പ്രദേശത്തെ സുപ്രധാന ശക്തിയാകാനും ഒരു പ്രയാസവും ഉണ്ടായില്ല.

മർഡോക്ക് ബ്രൗൺ മയ്യഴിയിൽ കഴിയുന്ന സമയത്താണ് മകൻ ഫ്രാൻസിസ് കർനാക്ക് ജനിക്കുന്നത്; 1792 നവംബർ പത്തിന്. ഇംഗ്ലണ്ടിലും ഫ്രാൻസിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം തിരിച്ചുവന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ 80-ാമത് കാലാൾപ്പടയിൽ ലെഫ്റ്റനന്റായി ജോലിചെയ്തു. പിന്നീട് സേനയിൽനിന്ന് പിരിഞ്ഞ് അഞ്ചരക്കണ്ടി എസ്റ്റേറ്റിന്റെ നടത്തിപ്പിൽ പിതാവിനെ സഹായിച്ചു. 1838-ൽ ലണ്ടനിലെത്തിയ എഫ്.സി. ബ്രൗൺ അക്കാലത്ത് അവിടെ സ്ഥാപിതമായ ആദ്യത്തെ ഇന്ത്യൻ പരിഷ്‌കരണ പ്രസ്ഥാനമായ ബ്രിട്ടീഷ് ഇന്ത്യാ സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു എന്ന് അടുത്ത ബന്ധുവും ഇംഗ്ലണ്ടിലെ ക്രിസ്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവും പത്രാധിപരുമായിരുന്ന ജോൺ ലഡ്‌ലോ ആത്മകഥയിൽ പറയുന്നുണ്ട്. കൊളോണിയൽ സമൂഹങ്ങളിൽ പരിഷ്‌കരണം ആവശ്യപ്പെടുന്ന നിരവധി മുന്നേറ്റങ്ങൾ ലണ്ടനിൽ ആരംഭിക്കുന്നത് അക്കാലത്താണ്. അവയിലൊന്നായ ഇന്ത്യാ റിഫോംസ് സൊസൈറ്റിയിലും ബ്രൗൺ സജീവ പങ്കാളിയായിരുന്നു. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തിയ ഫ്രാൻസിസ് ബ്രൗൺ കൊളോണിയൽ ഭരണത്തിന്റെ നികുതിനയങ്ങളുടെ കടുത്ത വിമർശകനായി തുടർന്നു. അതുമായി ബന്ധപ്പെട്ട് അരഡസനോളം പുസ്തകങ്ങളും ലഘുലേഖകളും അദ്ദേഹം പുറത്തിറക്കി. കാനറയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി അധികൃതർക്കുള്ള കത്തുകൾ (1838), കൊച്ചിയിലെ ബ്രിട്ടീഷ് വ്യാപാരികളുടെ നിവേദനം (1847), ഇന്ത്യൻ വ്യാപാരത്തിനുള്ള പ്രതിബന്ധങ്ങൾ (1862), ഇന്ത്യയിൽനിന്നുള്ള പരുത്തി കയറ്റുമതി (1863) തുടങ്ങിയവ അവയിൽ ഉൾപ്പെടുന്നു. 1868 സെപ്റ്റംബർ 23-ന് അദ്ദേഹം തലശ്ശേരിയിൽ നിര്യാതനായി.

പിതാവിന്റെ കാലത്തു തോട്ടത്തിന്റെ ചുമതല കയ്യേറ്റ ശേഷം 22 വർഷക്കാലം താൻ മലബാറിലും മറ്റു പ്രദേശങ്ങളിലും ജീവിച്ചതായി എഫ്.സി. ബ്രൗൺ സഭാസമിതിയെ അറിയിക്കുന്നുണ്ട്. യാത്രകൾ അങ്ങേയറ്റം ദുഷ്‌കരമായ അക്കാലത്തു താൻ പലതവണ ബോംബെയും മദ്രാസും ഏതാനും തവണ വിദൂരസ്ഥമായ കൽക്കത്തയും സന്ദർശിക്കുകയുണ്ടായി. മിക്കയിടത്തും കാളവണ്ടികൾക്കു പോകാവുന്ന നിരത്തുകൾപോലും ഉണ്ടായിരുന്നില്ല.

യാത്രയെപ്പറ്റി പറയുമ്പോൾ, ഒരിക്കൽ പാലക്കാട്ടുനിന്ന് കോയമ്പത്തൂരിലേക്ക് നടത്തിയ ഒരു യാത്രയെക്കുറിച്ച് ബ്രൗൺ ഓർമ്മിക്കുന്നു. മഞ്ചലിലായിരുന്നു യാത്ര. സാമാന്യം നല്ല നിരത്താണ്; പക്ഷേ, നിബിഡമായ കാട്ടിലൂടെയാണ് അതു കടന്നുപോകുന്നത്. വന്യമൃഗങ്ങൾ ധാരാളം. അതിനാൽ പകൽസമയം മാത്രമേ യാത്ര പറ്റുകയുള്ളൂ. രാവിലെ പത്തുമണിക്ക് പുറപ്പെട്ട തന്റെ യാത്ര വഴിയിൽ തടസ്സപ്പെട്ടു. കാരണം ഒരു പുലി മുന്‍പിൽ നിൽക്കുന്നു. ഇതൊക്കെ അന്നാട്ടിൽ സർവ്വസാധാരണമാണ്.

കണ്ണൂരിലെ സെന്റ് ജോണ്‍സ് പള്ളിയില്‍ മര്‍ഡോക് ബ്രൗണിന്റെ സ്മാരകഫലം 
കണ്ണൂരിലെ സെന്റ് ജോണ്‍സ് പള്ളിയില്‍ മര്‍ഡോക് ബ്രൗണിന്റെ സ്മാരകഫലം 

തന്റെ എസ്റ്റേറ്റ് തലശ്ശേരി പട്ടണത്തിൽനിന്നും ഏതാണ്ട് എട്ടുമൈൽ കിഴക്ക് അഞ്ചരക്കണ്ടി എന്ന സ്ഥലത്താണ്. കാടിനോട് ചേർന്ന പ്രദേശം. അവിടെനിന്നും പട്ടണത്തിലേക്കു വരാനും ചരക്കുകൾ തുറമുഖത്തു എത്തിക്കാനും താൻ സ്വന്തം പണം ചെലവഴിച്ച് ഒരു നിരത്തു നിർമ്മിച്ചു. അത് നാട്ടുകാർക്കും തുറന്നുകൊടുത്തു. അവിടെ വലിയ പുഴയുണ്ട്. പുഴയിലൂടെ തോണി വഴി പട്ടണത്തിൽ എത്താം. അതിനു കാൽപൈസ കൂലി കൊടുക്കണം. കടത്തുകാർക്ക് അതിനുള്ള അവകാശം സർക്കാർ ലേലം വഴി നൽകുകയാണ്. കടത്തുകൾ ലേലംചെയ്ത വകയിൽ മലബാർ ജില്ലയിൽ മാത്രം 60,000 രൂപ പിരിഞ്ഞു കിട്ടിയതായി ഒരിക്കൽ കളക്ടർ തന്നോടു പറഞ്ഞു. അത് ഈ നാട്ടിലെ 60,000 പൗണ്ടിനു തുല്യമാണ്. എന്നാൽ, ഈ തുകപോലും നിരത്തുകൾ നന്നാക്കാനായി സർക്കാർ ചെലവഴിച്ചില്ല. പകരം അതുകൂടി സർക്കാർ വരുമാനത്തിൽപ്പെടുത്തി മദ്രാസിലേക്ക് അയച്ചു.

ഇതാണ് സർക്കാരിന്റ രീതി. അമിതമായ നികുതിയാണ് ഈടാക്കുന്നത്. ടിപ്പുവിന്റെ കയ്യിൽനിന്ന് ഭരണം ഏറ്റെടുത്തശേഷം കമ്പനി സർക്കാർ പുതിയ നികുതി നിരക്കുകൾ തിട്ടപ്പെടുത്തി. ഭൂമിക്കും അതിലെ സകല സ്ഥാവര-ജംഗമ വസ്തുക്കൾക്കും നികുതിയുണ്ട്. ആർക്കും താങ്ങാനാവാത്ത നികുതി നിരക്കുകളാണ് ചുമത്തിയത്. ഭൂവുടമകളുടെ പ്രയാസങ്ങൾ തനിക്കറിയാം. കാരണം അഞ്ചരക്കണ്ടിയിലെ അഞ്ചു ഗ്രാമങ്ങളിലെ കർഷകരിൽനിന്നു നികുതി പിരിച്ചു സർക്കാരിലേക്ക് അടക്കേണ്ട ചുമതല തനിക്കുള്ളതാണ്. നികുതിഭാരം താങ്ങാനാവാതെ പലരും കൃഷി നിർത്തി. നികുതി കിഴിച്ചാൽ ഭക്ഷണത്തിനുപോലും ഒന്നും തികയുകയില്ല. പലരും നാടുവിട്ടുപോയി. അതിനാൽ കൃഷിയും വ്യാപാരവും നശിച്ചു. ബ്രിട്ടനിലെ തുണിമില്ലുകളുടെ ആവശ്യാർത്ഥം പരുത്തിക്കൃഷി പ്രോത്സാഹിപ്പിക്കണം എന്നു സർക്കാർ പറയുന്നു. എങ്ങനെ കൃഷി ചെയ്യും? തന്റെ പിതാവിന്റെ കാലത്തുതന്നെ എസ്റ്റേറ്റിൽ പരുത്തിക്കൃഷി പരീക്ഷിച്ചിരുന്നു. അമേരിക്കൻ പരുത്തിയേക്കാൾ മെച്ചപ്പെട്ട പരുത്തി ഇന്ത്യയിൽ വിളയും. പക്ഷേ, ഒരാൾക്കും അത് കൊണ്ടുനടത്താൻ കഴിയില്ല. കാരണം തോട്ടങ്ങളിൽനിന്നും പരുത്തി ശേഖരിച്ചു കുരുകളഞ്ഞു വൃത്തിയാക്കി കയറ്റി അയക്കാൻ പല കടമ്പകൾ കടക്കണം. നിരത്തുകളിൽ പത്തോ പതിനഞ്ചോ മൈൽ കൂടുമ്പോൾ ഓരോ ചുങ്കപ്പുര കാണും. ചുങ്കം പിരിക്കാൻ സർക്കാർ ലേലം വിളിച്ച് അവകാശം നൽകിയിരിക്കുകയാണ്. ചുങ്കക്കാർ പരമാവധി പിഴിയും. അതനുസരിച്ചുള്ള വില ഉല്പന്നത്തിനു ലഭിക്കുകയുമില്ല.

കൃഷിഭൂമിക്കും വീടിനും ഉല്പന്നങ്ങൾക്കും ഏകപക്ഷീയമായാണ് സർക്കാർ നികുതി നിശ്ചയിച്ചിരിക്കുന്നത്. മുന്‍പൊക്കെ വിളവിന്റെ ഒരു പങ്ക് എന്ന നിലയിലായിരുന്നു നികുതി. പക്ഷേ, കമ്പനി ഭരണത്തിൽ ഉദ്യോഗസ്ഥർ വന്നു സർവ്വേ നടത്തി നികുതിബാധ്യത നിശ്ചയിക്കാൻ തുടങ്ങി. അത് പണമായി അടക്കുകയും വേണം. വെള്ളപ്പൊക്കം വന്നാലും വരൾച്ച വന്നാലും കൃഷി നശിച്ചാലും നികുതിയിൽ ഇളവില്ല. നികുതി പണമായി കൊടുക്കാൻ കർഷകർക്കൊരു വഴിയുമില്ല. കാരണം അവരുടെ ഉല്പന്നങ്ങൾ കമ്പോളത്തിൽ വിൽക്കാൻ കഴിയുന്നില്ല. അതിനാൽ നികുതിയുടെ വിഷയം വരുമ്പോൾ അവർ പലിശക്കാരനെ സമീപിക്കും. അവർ സർക്കാരിലേക്ക് അടക്കാനുള്ള തുക അടയ്ക്കും. അത് പിന്നീട് കാലങ്ങളോളം കർഷകൻ വീട്ടണം. എത്ര കടമുണ്ട് എന്ന കാര്യംപോലും പലർക്കും അറിയില്ല. അവരിൽ മിക്കവരും ഒരിക്കൽപോലും പണം കൈകൊണ്ടു തൊട്ടിട്ടുപോലുമുണ്ടാവില്ല. അതിനാൽ ഭൂവുടമകൾപോലും ആജീവനാന്ത കടക്കാരായി.

ടിപ്പുവിന്റെ കാലം കഴിഞ്ഞ് ബ്രിട്ടീഷ് ഭരണം വന്ന് ഏതാനും ദശകങ്ങൾക്കകം മലബാർ മുച്ചൂടും മുടിഞ്ഞുപോയ ചിത്രമാണ് ബ്രൗൺ നൽകുന്ന മൊഴികളിൽ തെളിഞ്ഞുവരുന്നത്. കമ്പനിയുടെ നികുതിനയമാണ് അതിനു പ്രധാന കാരണമായത്. വീടിനും കൃഷിക്കും പറമ്പിലെ വൃക്ഷങ്ങൾക്കും ഉപ്പു മുതലുള്ള സകല നിത്യോപയോഗ സാധനങ്ങൾക്കും കനത്ത നികുതിയാണ് കമ്പനി ചുമത്തിയത്. അതിനു പുറമെയാണ് മോട്ടർഫാ എന്നപേരിൽ അറിയപ്പെട്ട മറ്റൊരു നികുതി. വിവിധ തൊഴിലുകൾ ചെയ്യുന്നവർ ഉപയോഗിക്കുന്ന പണിയായുധങ്ങൾക്കുമേൽ ചുമത്തിയ വാർഷിക നികുതിയാണിത്. ബ്രിട്ടീഷ് പ്രവിശ്യകളിലെങ്ങും ഈ നികുതി ചുമത്തിയിരുന്നു. അതിന്റെ നിരക്ക് ഓരോയിടത്തും വ്യത്യസ്തമായിരുന്നു എന്നുമാത്രം. ടിപ്പുവിന്റെ കാലത്ത് മലബാറിൽ അങ്ങനെയൊരു നികുതി ഉണ്ടായിരുന്നില്ല. ഒരു അറബിവാക്കിൽനിന്നാണ് ഈ പേര് വരുന്നത്. അതിനാൽ ഇസ്‌ലാമിക ഭരണത്തിൽനിന്നും പകർത്തിയതാകണം ഈ നികുതി. എന്തായാലും മലബാറിൽ അതിന്റെ ആഗമനം 1792-നു ശേഷമാണെന്ന് ബ്രൗൺ ചൂണ്ടിക്കാണിക്കുന്നു.

ലേഖകന്‍ തലശേരി സെമിത്തേരിയില്‍
ലേഖകന്‍ തലശേരി സെമിത്തേരിയില്‍

മലബാറിൽ വിവിധ സേവനങ്ങളിൽ ഏർപ്പെട്ട തൊഴിലാളികൾ ഉപയോഗിച്ച സകലവിധ ഉപകരണങ്ങൾക്കും മോട്ടർഫാ നികുതി ബാധകമായിരുന്നു. അതിന്റെ നിരക്കാകട്ടെ, അത്യധികവും. ഓരോ പണിയായുധത്തിനും ചുമത്തിയ നികുതിയും അത്തരം ആയുധങ്ങളുടെ വിലയും താരതമ്യപ്പെടുത്തി ഒരു കണക്ക് പാർലമെന്ററി സമിതിയുടെ മുന്നിൽ ബ്രൗൺ വെയ്ക്കുന്നുണ്ട്. വായിക്കുമ്പോൾ ആരെയും ഞെട്ടിക്കുന്ന കണക്കുകളാണത്. ഉദാഹരണത്തിന് മരപ്പണിക്കാരന്റെ മഴുവിന്റെ നിർമ്മാണച്ചെലവ് 80 റീസ് (ഇതൊരു പോർത്തുഗീസ് നാണയമാണ്. ഒരു ഉറുപ്പിക സമം 80 റീസ് എന്ന് ബ്രൗൺ പറയുന്നു). അതിനുള്ള വാർഷികനികുതി ഒരുറുപ്പിക. കൊല്ലന്റെ കൂടം നിർമ്മാണച്ചെലവ് എട്ടണ 80 റീസ്. നികുതി ഒരുറുപ്പിക. കള്ളുചെത്തുകാരന്റെ കത്തി നിർമ്മാണച്ചെലവ് നാലണ 20 റീസ്, നികുതി രണ്ടുറുപ്പിക 20 റീസ്. ക്ഷുരകന്റെ കത്തി-നിർമ്മാണച്ചെലവ് കാണിച്ചിട്ടില്ല; നികുതി ഒരുറുപ്പിക. ആട്ടുകല്ല് നിർമ്മാണച്ചെലവ് രണ്ടുറുപ്പിക, നികുതി ഒരുറുപ്പിക. നെയ്ത്തുതറി നിർമ്മാണം ഒരുറുപ്പിക, നികുതി ഒരുറുപ്പിക. മത്സ്യബന്ധന വലകൾ വലുപ്പം അനുസരിച്ച് ആറിനം-അതിൽ ഏറ്റവും വലുതിന്റെ നിർമ്മാണച്ചെലവ് 34 ഉറുപ്പികയും ചില്ലറയും നികുതി 11 ഉറുപ്പികയും ചില്ലറയും. ഏറ്റവും ചെറിയ ഇനം വലയുടെ നിർമ്മാണച്ചെലവ് രേഖപ്പെടുത്തിയിട്ടില്ല, നികുതി ഒരുറുപ്പിക. ഇടത്തരം ഇനങ്ങൾക്ക് മൂന്നുറുപ്പികയാണ് പൊതുവിൽ ചുമത്തിയ നികുതി. പുഴയിൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന തോണി നിർമ്മാണച്ചെലവ് പത്തുരൂപ, നികുതി ഒരുറുപ്പിക. എണ്ണയാട്ടുന്ന ചക്കിന്റെ നിർമ്മാണച്ചെലവ് പത്തുറുപ്പിക, നികുതി ഒരുറുപ്പിക. ഇങ്ങനെ മൊത്തം 14 ഇനം ഉപകരണങ്ങളും അവയുടെ നികുതിയും ബ്രൗൺ നൽകിയ രേഖയിൽ കാണുന്നുണ്ട്. പൊതുവിൽ കാണുന്ന ഒരു പ്രത്യേകത ഓരോ ഉപകരണവും എത്ര കൂടുതൽ ഉപയോഗിക്കുന്നുവോ അത്രയും കൂടുതൽ നികുതിയും എന്നതാണ് മാനദണ്ഡം. അതിനാലാണ് ചെത്തുകാരൻ തന്റെ കത്തിക്ക് അതിന്റെ നിർമ്മാണച്ചെലവിന്റെ പത്തിരട്ടിയോളം വരുന്ന സംഖ്യ ഓരോ വർഷവും നികുതിയായി നൽകേണ്ടിവന്നത്. ആശാരിയും കൊല്ലനും സ്വർണ്ണപ്പണിക്കാരനും ഇതേ മട്ടിൽ അമിതമായ നികുതിയാണ് തൊഴിലുപകരണങ്ങളുടെ പേരിൽ ഓരോ വർഷവും ഒടുക്കിയത്.

ഇങ്ങനെയുള്ള കഴുത്തറപ്പൻ നികുതി സംവിധാനത്തിൽ സാമ്പത്തിക പ്രവർത്തനങ്ങൾ തീർത്തും അസാധ്യമാണെന്ന് തന്റെ സ്വന്തം അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം വിശദീകരിക്കുന്നു. സർക്കാർ പരുത്തിക്കൃഷിയെ പ്രോത്സാഹിപ്പിച്ച കാലത്തുതാനും അതിൽ ഇടപെട്ടിരുന്നു. ഉൾനാടൻ പ്രദേശങ്ങളിലാണ് പരുത്തിക്കൃഷിചെയ്തത്. അത് മാഞ്ചസ്റ്ററിലെ മില്ലുകളുടെ ആവശ്യത്തിനായി കയറ്റുമതി ചെയ്യാൻ തീരദേശത്തെ തുറമുഖങ്ങളിൽ എത്തിക്കണം. എന്നാൽ, അതിനു പറ്റിയ നിരത്തുകളില്ല. അതിനാൽ ജലമാർഗ്ഗമാണ് ചരക്കു കൊണ്ടുവന്നത്. അതിനു കടത്തുനികുതി കൊടുക്കണം. മാത്രമല്ല, പരുത്തി കുരുവും കരടും പോക്കി കെട്ടുകളാക്കിയാണ് കയറ്റി അയക്കുന്നത്. കുരുവോടെ കൊണ്ടുവരുന്ന പരുത്തിക്ക് ചുങ്കം എട്ടു ശതമാനം. കുരു കളഞ്ഞാൽ അതിന്റെ ഭാരം നാലിലൊന്നാവും. അതായത് ഓരോ കെട്ടിനും യഥാർത്ഥ നികുതി 32 ശതമാനം. (ഇത് പിന്നീട് 20 ശതമാനമെന്നു ബ്രൗൺ തിരുത്തുന്നുണ്ട്). പുറമെ, ഈ പണി ചെയ്യാനുള്ള ഉപകരണമായ ചർക്കയ്ക്കു മോട്ടർഫാ നികുതി വേറെ. അതിനാൽ പരുത്തിക്കൃഷിയിൽനിന്നു താൻ പിന്മാറി.

തന്റെ കീഴിലുള്ള രണ്ടുതറയിലെ ഗ്രാമങ്ങളിൽ ആകെയുള്ളത് ഒരു നെയ്ത്തുകാരനാണെന്ന് ബ്രൗൺ പറയുന്നു. അയാളുടെ നെയ്ത്തുപകരണത്തിന്റെ നികുതി പിതാവിന്റെ കാലം മുതലേ തങ്ങളാണ് അടച്ചുവന്നത്. കാരണം അയാൾക്ക് അതിനുള്ള ശേഷിയില്ല. മിക്കവാറും എല്ലാവരുടേയും അവസ്ഥ അതുതന്നെ. അതിനാൽ സാമ്പത്തിക പ്രവർത്തനം മുരടിച്ചു; ഗ്രാമങ്ങൾ വറുതിയിലായി.

തൊഴിലാളികൾക്ക് പണിയില്ലെങ്കിൽ അവർ എന്തിനു പണിയായുധങ്ങൾക്കു നികുതി കൊടുക്കണം എന്ന് സഭാസമിതിയിലെ ഒരംഗം സംശയം ഉന്നയിക്കുന്നുണ്ട്. അതിന് ബ്രൗൺ പറയുന്ന മറുപടി രസകരമാണ്. നികുതി പിരിവുകാരൻ ഒരിക്കൽ നിങ്ങളെ പിടികൂടിയാൽ പിന്നീട് അതിൽനിന്നു രക്ഷപ്പെടാൻ ഒരു വഴിയുമില്ല. കടം വാങ്ങിയും അടച്ചുകൊള്ളണം. അല്ലെങ്കിൽ ഭരണകൂടത്തിന്റെ മുഴുവൻ ശക്തിയും നിങ്ങൾക്കുമേൽ പ്രയോഗിക്കപ്പെടും.

നികുതിപിരിവിന്റെ ഏകപക്ഷീയ സ്വഭാവത്തെപ്പറ്റി ബ്രൗൺ തന്റെ അനുഭവം മുൻനിർത്തിയാണ് വിവരിക്കുന്നത്. 1822-ലോ അടുത്ത വർഷമോ മലബാറിൽ ഒരു ഭൂസർവ്വേ നടന്നിരുന്നു. വയലുകളുടെ നികുതി പഴയപോലെ നിലനിർത്തി. എന്നാൽ, പറമ്പുകളുടെ നികുതി ഉയർത്തി. പുതിയ കണക്കുപ്രകാരം 153 രൂപ അധികനികുതി അടക്കണമെന്നു തനിക്കും നോട്ടീസ് കിട്ടി. ഈ അധികനികുതിക്കു കാരണമായ ഭൂമി ഏതെന്നു ചൂണ്ടിക്കാണിച്ചു തരണമെന്ന് താൻ സർക്കാറിനു മറുപടി കൊടുത്തു. അങ്ങനെയൊരു ഭൂമി തന്റെ കൈവശമില്ല. ഏതാണ്ട് 12 വർഷം ഈ തർക്കങ്ങൾ നീണ്ടുനിന്നു. കേസ് മദ്രാസിൽ റവന്യൂബോർഡ് വരെയെത്തി. അവസാനം തനിക്കു നികുതിയിൽ 150 രൂപ കുറവു വരുത്തി ഉത്തരവ് വന്നു. ഇംഗ്ലീഷിൽ കത്തിടപാടുകൾ നടത്താൻ ശേഷിയുണ്ട് എന്നതിനാൽ മാത്രമാണ് തനിക്കു അനുകൂലവിധി നേടാൻ സാധിച്ചത്.

ബ്രൗണിന്റെ മകള്‍ മേരിയുടെ സ്മാരകഫലകം തലശേരിയിലെ സെമിത്തേരിയില്‍
ബ്രൗണിന്റെ മകള്‍ മേരിയുടെ സ്മാരകഫലകം തലശേരിയിലെ സെമിത്തേരിയില്‍

എന്നാൽ, സാധാരണ കർഷകരുടെ സ്ഥിതി അതല്ല. അവർക്കു സർക്കാരുമായി തർക്കത്തിൽ ഏർപ്പെടാനുള്ള ശേഷിയില്ല. അഥവാ ആരെങ്കിലും തർക്കിച്ചാൽ അവരെ നിലയ്ക്കുനിർത്താനുള്ള ശേഷി ഉദ്യോഗസ്ഥർക്കുണ്ടുതാനും. കാരണം ജില്ലയിൽ റവന്യൂ അധികാരികൾക്കു തന്നെയാണ് പൊലീസ് അധികാരവും. ആരെങ്കിലും നികുതി വിഷയത്തിൽ തർക്കത്തിനു പോയാൽ അവരെ വേറെ ഏതെങ്കിലും കേസിൽപ്പെടുത്തി അധികാരികൾ പിടിച്ചുകൊണ്ടുവരും. അതിനായി സ്ഥിരം ഗുണ്ടകളെ ഏർപ്പാടാക്കിയ താസിൽദാർമാർ മലബാറിൽ ഉണ്ടായിരുന്നതായി അദ്ദേഹം വിവരിക്കുന്നുണ്ട്. അതിന് അവരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഓരോ കളക്ടറുടേയും കഴിവ് അളക്കുന്നത് അദ്ദേഹം എത്ര നികുതിവരുമാനം കൊണ്ടുവന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ബ്രൗൺ പറയുന്നു: “ഇന്ന് മലബാറിൽ ഒരു ചൊല്ലുണ്ട്. ആരെങ്കിലും റവന്യൂ അധികാരികളുമായി തർക്കത്തിലായാൽ അവർ വൈകാതെ ആപത്തിൽപ്പെടും എന്നതാണത്. മേലധികാരികൾ മാറിയേക്കാം, ജഡ്ജിമാരും സ്ഥലം മാറാം. എന്നാൽ, തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥർ അവിടെത്തന്നെയുണ്ടാകും. അവർക്കു മാറ്റമില്ല. അവരുടെ പക്കൽ ഒരു കറുത്ത പുസ്തകമുണ്ട്. അതിൽ കണക്കുതീർക്കാനുള്ളവരുടെ പേരുമുണ്ട്. അതിനാൽ ഒരിക്കൽ അവരുമായി കുഴപ്പത്തിൽ ചെന്നുപെട്ടാൽ പിന്നെ രക്ഷയില്ല.”

സമിതി അംഗം ജോർജ് തോംസൺ: അപ്പോൾ അപ്പീലിനുള്ള സാധ്യത ഒട്ടുമില്ലെന്നാണോ പറയുന്നത്?

ബ്രൗൺ: റവന്യൂ അധികാരവും മജിസ്‌ട്രേറ്റിന്റെ അധികാരവും ഒരേ കൈകളിലാണ് ഇരിക്കുന്നത്. ജില്ലാതലത്തിലും താഴെതലങ്ങളിലും അതങ്ങനെയാണ്. താഴെത്തട്ടിലെ ഉദ്യോഗസ്ഥർ പൊതുവെ കുറഞ്ഞ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്. അത്തരം സാഹചര്യത്തിൽ സാധാരണ കൃഷിക്കാർക്കും മറ്റു പാവങ്ങൾക്കും നീതിതേടി അപ്പീൽ പോകാനുള്ള ഒരു സാധ്യതയും നിലവിലില്ല.

മാർക്സ് അടക്കമുള്ള സമകാല പാശ്ചാത്യ ചിന്തകർ ഏഷ്യയിലെ ജനങ്ങളെ ഒരു പിന്നാക്ക സമൂഹമായാണ് കണ്ടുവന്നത്. വാനരന്റെ മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്ന ഹിന്ദുവിന്റെ ചിത്രം മാർക്സ് തന്നെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, ബ്രൗൺ അതിൽനിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് സ്വീകരിക്കുന്നത്. പ്രാദേശിക കർഷകരുടെ കഴിവുകളെ അദ്ദേഹം പലപ്പോഴും പുകഴ്ത്തുന്നു. ഇന്ത്യയിലെ കർഷകർക്കു തങ്ങൾക്കു പറ്റിയ കൃഷിരീതികൾ ഏതെന്നറിയാം. താൻ പല പരീക്ഷണങ്ങളും അവിടെ നടത്തി. പക്ഷേ, ഓരോ തവണയും അവ കൂടുതൽ നല്ല നിലയിൽ, കൂടുതൽ പ്രയോജനപ്രദമായി നടപ്പാക്കാനുള്ള വഴികൾ ചൂണ്ടിക്കാട്ടാൻ നാട്ടുകാർക്കു കഴിയും. എന്നാൽ, സർക്കാർ നയങ്ങൾ അവരുടെ ഗ്രാമങ്ങളെ തകർക്കുകയാണ്. അവർ കൃഷിയിൽനിന്നും അകലുകയാണ്. അതവരുടെ പരമ്പരാഗത വൈജ്ഞാനിക സമ്പത്തു ചോർത്തിക്കളയും. തലമുറകൾകൊണ്ട് നേടിയ ഈ സമ്പത്തു പിന്നീട് തിരിച്ചുപിടിക്കുകയെന്നത് എളുപ്പമല്ല. അതിനാൽ താല്‍ക്കാലിക ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള കമ്പനിനയങ്ങൾ നാടിനു ഗുണം ചെയ്യില്ല.

റവന്യൂ നയങ്ങളുടെ മറ്റൊരു പ്രശ്നം അവ കർഷകർക്ക് ദീർഘകാല അവകാശങ്ങൾ ഭൂമിയിൽ അനുവദിക്കുന്നില്ല എന്നതാണ്. അവരെ എപ്പോൾ വേണമെങ്കിലും ഒഴിപ്പിക്കാം. അതിന്റെ ഫലം തങ്ങളുടെ കൈവശമുള്ള ഭൂമിയുടേയും അതിലെ സ്ഥാവര-ജംഗമ വസ്തുക്കളുടേയും സംരക്ഷണത്തിലും പോഷണത്തിലും അവർക്കു താല്പര്യമില്ലാതാകുന്നു എന്നതാണ്. മരങ്ങൾ വെട്ടിമാറ്റപ്പെടുന്നു. പുതിയവ വെച്ചുപിടിപ്പിക്കാൻ ആർക്കും താല്പര്യമില്ല. കാരണം ഓരോ പുതുമരവും പുതിയ നികുതി ബാധ്യതകൾക്കു കാരണമാകുന്നു. അതിന്റെ ദീർഘകാല ഫലങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നത് ആധുനിക കാലത്തെ പരിസ്ഥിതി ചിന്തകരുടെ ഉൾക്കാഴ്ചയോടെയാണ്. മരങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യത്തെപ്പറ്റി അദ്ദേഹം ഇവിടെ പറയുന്നുണ്ട്. പിന്നീട് 1865-ലെ ഇന്ത്യൻ വനനിയമവും തുടർന്ന് 1878-ലെ പരിഷ്‌കരിച്ച വനനിയമവും നടപ്പാക്കുന്ന കാലത്ത് ബ്രിട്ടീഷ് കൊളോണിയൽ മേലധികാരികളും മദ്രാസിലെ ചില ഉദ്യോഗസ്ഥരും തമ്മിൽ പരിസ്ഥിതി സംബന്ധമായ തർക്കങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ വനങ്ങളുടെ സാമ്പത്തിക പ്രാധാന്യം മാത്രമാണ് കൊളോണിയൽ നിയമങ്ങൾ മാത്രമല്ല, സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളും പ്രധാനമായി പരിഗണിച്ചത്. വനസംരക്ഷണം സർക്കാരിന്റെ ചുമതലകളിൽ ഉൾപ്പെടുന്നതാണെന്നു വാദിച്ചത് വനംവകുപ്പിന്റെ ആദ്യത്തെ ചുമതലക്കാരനായ ഡീട്രിസ് ബ്രാൻഡിസ് അടക്കമുള്ള ഉദ്യോഗസ്ഥരാണെന്ന് ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രം സംബന്ധിച്ച ദിസ് ഫിഷർഡ് ലാൻഡ് (വിണ്ടുകീറിയ ഈ ഭൂമി) എന്ന പുസ്തകത്തിൽ മാധവ് ഗാഡ്ഗിലും രാമചന്ദ്ര ഗുഹയും പറയുന്നുണ്ട്. എന്നാൽ, ഇത്തരമൊരു പാരിസ്ഥിതിക അവബോധത്തിന്റെ ആദ്യകിരണങ്ങൾ നമ്മൾ കാണുന്നത്. എഫ് സി ബ്രൗൺ 1848-ൽ പാർലമെന്ററി സമിതിയുടെ മുന്നിൽ നൽകിയ മൊഴികളിലാണ്. നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ സംഭാവനകൾ ആധുനിക ചരിത്രകാരന്മാരാരും കാണുകയുണ്ടായില്ല.

മാര്‍ക്സ്
മാര്‍ക്സ്

തന്റെ ദീർഘമായ ഇന്ത്യൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കൊളോണിയൽ ഭരണം സംബന്ധിച്ച ഒരു വിലയിരുത്തൽ ബ്രൗൺ സമിതിയുടെ ചോദ്യത്തിന് ഉത്തരമായി നൽകുന്നുണ്ട്. അവ ഇങ്ങനെ വായിക്കാം:

സർ ജെയിംസ് ഹോഗ്: ഇന്ത്യൻ സർക്കാർ അന്നാട്ടിലെ ജനങ്ങളുടെ ഗുണത്തിനും നേട്ടത്തിനുമായാണ് പ്രവർത്തിക്കുന്നത് എന്ന് താങ്കൾ കരുതുന്നുണ്ടോ?

ബ്രൗൺ: എന്റെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉത്തമബോധ്യത്തോടെ ഞാൻ പറയുകയാണ്: ഈ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഫലമായി മലബാറിലെ ജനങ്ങളും ആ നാടും നശിക്കുകയാണ്; പാപ്പരാകുകയാണ്.

ഈ സർക്കാർ നാട്ടുകാർക്ക് ഉപദ്രവം മാത്രമാണ് നൽകുന്നത് എന്നാണോ താങ്കളുടെ അഭിപായം?

ആ നാട്ടിലെ സർക്കാർ പൊതുവിൽ ജനങ്ങളുടെ കൊടുംദാരിദ്ര്യത്തിനും കഷ്ടപ്പാടിനും കാരണമാകുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്.

അതായത് ബ്രിട്ടീഷ് ഭരണം ഇന്ത്യയിലെത്തി എന്നത് ഒരു നിർഭാഗ്യമായാണോ നിങ്ങൾ കണക്കാക്കുന്നത്?

ബ്രിട്ടീഷ് ഭരണവും ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണവും അതിന്റെ നയങ്ങളുടേയും രീതികളുടേയും പ്രവർത്തനങ്ങളുടേയും അടിസ്ഥാനത്തിൽ തീർത്തും വ്യത്യസ്തമാണ് എന്നാണ് എന്റെ ബോധ്യം.

അഞ്ചു വർഷം കഴിഞ്ഞ് 1853-ൽ മാർക്സ് ഇന്ത്യയെപ്പറ്റി ആദ്യമായി എഴുതുമ്പോൾ കമ്പനി ഭരണത്തെ സംബന്ധിച്ച് ഏതാണ്ടിതേ മട്ടിൽ തന്നെയാണ് പറയുന്നത്. എന്നാൽ, ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ കൊണ്ടുവരാൻ പോകുന്ന പുതുനാമ്പുകളെക്കുറിച്ച് അദ്ദേഹം പ്രതീക്ഷ പുലർത്തുന്നു. വീണ്ടുമൊരു അരനൂറ്റാണ്ടിനു ശേഷം, ബ്രിട്ടീഷ് ഭരണം ഇന്ത്യയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് എഴുതിയ ദാദാഭായ് നവറോജി ബ്രൗൺ സായിപ്പിന്റെ ചിന്തകളോട് വളരെയേറെ അടുത്തുനിൽക്കുന്നതായി കാണാം. ബ്രിട്ടീഷ് ജനാധിപത്യ പാരമ്പര്യങ്ങൾക്ക് അനുഗുണമല്ല ഇന്ത്യയിലെ അവരുടെ ഭരണം എന്നാണ് കമ്പനി ഭരണവും രാജ്ഞിയുടെ ഭരണവും വിലയിരുത്തിയശേഷം നവറോജി എത്തിച്ചേർന്ന നിഗമനം. സ്വന്തം അനുഭവങ്ങളിലൂടെ ഫ്രാൻസിസ് ബ്രൗണും ഇതേ അഭിപ്രായത്തിലാണ് എത്തിച്ചേരുന്നത്. നിർഭാഗ്യവശാൽ മലബാറിലെ ഈ ആദ്യകാല സാമ്പത്തിക ചിന്തകന്റെ അഭിപ്രായങ്ങൾ വേണ്ടവിധം ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല. മർഡോക്ക് ബ്രൗണിന്റെ കച്ചവടതന്ത്രങ്ങളിലും കമ്പനിക്കാരുമായുള്ള തർക്കങ്ങളിലുമാണ് നമ്മുടെ ചരിത്രകാരന്മാരുടെ കണ്ണ് പോയിട്ടുള്ളത്. എഫ്.സി ബ്രൗൺ മലബാർ ചരിത്രപഠനങ്ങളിൽ ഇടംപിടിക്കുന്നില്ല. എന്നാൽ, അതൊരു പോരായ്മ തന്നെയാണ്. കാരണം ഇന്ത്യൻ ദേശീയതയുടെ ആശയങ്ങൾ പലതും നമ്മൾ ആദ്യമായി കാണുന്നത് മലബാറിൽനിന്നുള്ള ഈ ‘ജൈവബുദ്ധിജീവി’യുടെ വാക്കുകളിലാണ്. ആദ്യകാല ഇന്ത്യൻ ദേശീയവാദികളായ നവറോജിയും രമേശ് ചന്ദ്രദത്തും തങ്ങളുടെ ചിന്തകളുമായി പൊതുമണ്ഡലത്തിൽ ഇറങ്ങുന്നതിനു പതിറ്റാണ്ടുകൾ മുന്‍പേയാണ് അദ്ദേഹം ഈ നിലപാടുകൾ ഉറക്കെപ്പറയുന്നത്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com