ഇന്ത്യന്‍ ഭരണഘടനയുടെ കൈയെഴുത്ത് പ്രതി

ഇന്ത്യന്‍ ഭരണഘടനയുടെ കൈയെഴുത്ത് പ്രതി

നിക്ക് ഈ ജോലിക്ക് പ്രതിഫലമായി ഒന്നും വേണ്ട. പക്ഷേ, ഒരു വ്യവസ്ഥ മാത്രം. ഞാൻ എഴുതി പൂർത്തിയാക്കുന്ന ഓരോ താളിന്റേയും അവസാനം എന്റെ കയ്യൊപ്പിടാൻ അനുമതിയുണ്ടാവണം. അതേപോലെ അവസാനത്തെ പേജിൽ ഞാൻ എന്റെ പേരിനൊപ്പം എന്റെ മുത്തച്ഛന്റെ പേരു കൂടി എഴുതിച്ചേർക്കും. അതിനും അനുമതി തരണം...”

ആ ആവശ്യം അംഗീകരിക്കപ്പെട്ടു. അംഗീകരിച്ചത് ജവഹർലാൽ നെഹ്‌റുവാണ്. സമ്മതം ചോദിച്ചത് ഒരു കാലിഗ്രാഫിസ്റ്റാണ്. പേര് പ്രേം ബിഹാരി നാരായൺ റായ്‌സാഡ (Prem Behari Narain Raizada). ബ്രിമ്മിങ്ഹാമിൽനിന്നും വരുത്തിയ ഏറ്റവും മുന്തിയ കാലിഗ്രാഫിക് പേനയിൽ 303-ാം നമ്പർ നിബ് പിടിപ്പിച്ച് അദ്ദേഹം കലാപരമായ ആകാരസൗഷ്ഠവത്തോടെ ചരിഞ്ഞ ഇംഗ്ലീഷ് അക്ഷരങ്ങളിൽ എഴുത്തുതുടങ്ങി. ആറുമാസമെടുത്തു എഴുത്ത് പൂർത്തീകരിക്കാൻ. എന്താണ് എഴുതിയത്? ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്തുപ്രതി! 1949 നവംബർ 26-ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഭരണഘടനയുടെ കരടുരൂപം അംഗീകരിച്ചിരുന്നു. പിന്നീട് വേണ്ടത് അത് അച്ചടിക്കുകയായിരുന്നു. എന്നാൽ, നെഹ്‌റുവിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു അച്ചടിക്കും മുന്‍പ് അതിനൊരു കയ്യെഴുത്തുപ്രതി ഉണ്ടാവുക എന്നത്. അങ്ങനെയാണ് പ്രേം ബിഹാരിയെ സമീപിക്കുന്നത്. 45.7 സെന്റിമീറ്റർ വീതിയും 58.4 സെന്റിമീറ്റർ നീളത്തിൽ, കൈകൊണ്ട് നിർമ്മിച്ച പാർച്ച്‌മെന്റ് പേപ്പറിലാണ് ബിഹാരി അതെഴുതിയത്. ആകെ 221 ഷീറ്റുകൾ. മൊത്തം ഭാരം 13 കിലോഗ്രാം. ഇതിന്റെ ഓരോ താളിലും പ്രേം ബിഹാരി നാരായൺ റായ്‌സാഡയുടെ കയ്യൊപ്പുണ്ടായിരുന്നു. അവസാനത്തെ പേജിൽ സ്വന്തം പേരിനൊപ്പം മുത്തച്ഛന്റെ പേരും. കാരണം ബാല്യത്തിലേ മാതാപിതാക്കൾ നഷ്ടമായ ബിഹാരിയെ മുത്തച്ഛനാണ് വളർത്തിയത്. ആ വാത്സല്യത്തിനുള്ള മറുവാക്കായാണ് അദ്ദേഹത്തിന്റെ പേര് ബിഹാരി ഭരണഘടനയിൽ എഴുതിച്ചേർത്തത്. ലോകത്തിലെ ഏറ്റവും സുദീർഘമായ ഭരണഘടന ആവുന്നതിനോടൊപ്പം ഇതും ഇന്ത്യൻ ഭരണഘടനയുടെ ഒരു സവിശേഷതയാവുന്നു. ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയിൽ അവസാനത്തെ ഏഴു പേജുകൾ ഒപ്പുകൾക്കായാണ് മാറ്റിവെച്ചിരുന്നത്. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ ഉൾപ്പെട്ടിരുന്ന എല്ലാവരും അതിൽ ഒപ്പുവെച്ചിരുന്നു. ആദ്യത്തെ ഒപ്പ് ജവഹർലാൽ നെഹ്‌റുവിന്റേതായിരുന്നു എന്ന സവിശേഷതയുമുണ്ട്.

ഭരണഘടനയിലെ ചിത്രങ്ങൾ

പൗരസ്ത്യവും പാശ്ചാത്യവുമായ സംസ്‌കാരങ്ങൾ തമ്മിലുള്ള സമന്വയം ലക്ഷ്യമാക്കിയാണ് രബീന്ദ്രനാഥ് ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ചത്. ഭാരതീയ ചിത്രകലയും ശില്പകലയും സമാനമായ സാംസ്‌കാരിക സംവേദനങ്ങൾക്കു പാത്രീഭവിക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹം അതിനനുബന്ധമായി വിശ്വഭാരതി എന്ന ഫൈൻ ആർട്‌സ് പഠനകേന്ദ്രവും വിഭാവനം ചെയ്തിരുന്നു. ആചാര്യ നന്ദലാൽ ബോസ് ആയിരുന്നു അതിന്റെ സംസ്ഥാപനത്തിനും വികസനത്തിനും നേത്യത്വം വഹിച്ചത്. ആധുനിക ഭാരതീയ ചിത്രകലയുടെ ആചാര്യൻമാരില്‍ ഒരാളായാണ് അദ്ദേഹം ഇന്നും അറിയപ്പെടുന്നതും. തികഞ്ഞ ദേശീയവാദിയും മഹാത്മാഗാന്ധിയോട് വളരെയധികം അടുപ്പവുമുള്ള നന്ദലാൽ ബോസ് കലയുടെ സാർവ്വദേശീയതയെ ഇന്ത്യയുടെ പുതിയ തലമുറ ഉൾക്കൊള്ളാൻ പാകത്തിലുള്ള ഒരു പാഠ്യപദ്ധതിയാണ് കലാഭവനുവേണ്ടി രൂപപ്പെടുത്തിയത്. സ്വാഭാവികമായും പൗരാണിക ഇന്ത്യയിൽനിന്നുള്ള ഗുഹാചിത്രകലയും ചുമർച്ചിത്രകലയും മുഗൾഭരണത്തിന്റെ സ്വാധീനങ്ങളുടെ പഠനവും അതിൽ ഉൾപ്പെട്ടിരുന്നു. പ്രശസ്ത ഇന്ത്യൻ ചിത്രകാരനായ അബനീന്ദ്രനാഥ് ടാഗോറിന്റെ ശിഷ്യനായിരുന്ന അദ്ദേഹം ചൈനയുടേയും ജപ്പാന്റേയും ചിത്രകലകളെ ഭാരതീയ ചിത്രകലയുമായി സമന്വയിപ്പിക്കാനുള്ള ശ്രമങ്ങളിലും ഏർപ്പെട്ടിരുന്നു. ഇക്കാരണത്താൽ വിദേശീയരായ പല കലാകാരൻമാരും കലാഭവൻ സന്ദർശിക്കുകയും അവിടെ താമസിച്ച് പഠനഗവേഷണങ്ങളിലേർപ്പെടുകയും ചെയ്തുപോന്നു. അതിനിടെയാണ് 1909-1911 കാലഘട്ടത്തിൽ ക്രിസ്റ്റീൻ ഹെറിങ്ടൺ (Christine Herrington) അജന്തയിലെ ഗുഹാചിത്രങ്ങളെക്കുറിച്ച് പഠിക്കാനായി ഇന്ത്യയിലെത്തുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാചിത്രങ്ങളാകയാലും ബുദ്ധമതവുമായി ബന്ധപ്പെട്ട അത്തരം പാരമ്പര്യ കലാനിർമ്മിതികൾ അപൂർവ്വമാകയാലും അതേക്കുറിച്ചുള്ള ഗവേഷണങ്ങളിൽ സഹായിക്കുന്നതിനായി പൗരാണിക കലകൾക്കുവേണ്ടി മാത്രമുള്ള സർവ്വകലാശാല എന്ന നിലയിൽ പുകൾപെറ്റിരുന്ന ശാന്തിനികേതനിലെ കലാഭവനിലേക്കാണ് ഹെറിങ്ടൺ എത്തിച്ചേർന്നത്. അതോടൊപ്പം മധ്യപ്രദേശിലെ ബാഗ് ഗുഹകളിലെ മുഗൾചിത്രങ്ങൾ കാണാനും അബനീന്ദ്രനാഥ് ടാഗോറിന്റെ ശിഷ്യൻമാരോടൊപ്പം അവർ പോയി. നന്ദലാൽ ബോസും അവർക്കൊപ്പം ഉണ്ടായിരുന്നു. അജന്തയിലേയും ബാഗിലേയും ചിത്രശിലകൾ അവരെ വിസ്മയിപ്പിച്ചുവെങ്കിലും അവ അത്യന്തം നാശോൻമുഖമായ അവസ്ഥയിലായിരുന്നു. അതുകാരണം അജന്ത ഉൾപ്പെടെയുള്ള എല്ലാ ഗുഹാചിത്രങ്ങളുടേയും പകർപ്പുകൾ വരച്ചെടുത്തു സൂക്ഷിക്കുവാൻ അവർ തീരുമാനിച്ചു. കലാഭവനിൽതന്നെ ഗുഹാചിത്രങ്ങൾക്കായും ചുമർചിത്രങ്ങൾക്കുമായുള്ള ഒരു പ്രത്യേക വിഭാഗം സൃഷ്ടിക്കപ്പെടാൻ ഇത് കാരണമായി.

ഭരണഘടനയുടെ കാലിഗ്രാഫി പൂർത്തിയായപ്പോൾ ഓരോ താളിനേയും ചിത്രങ്ങളാൽ അലങ്കരിക്കുന്ന ജോലി വന്നുചേർന്നത് നന്ദലാൽ ബോസിന്റെ ചുമതലയിലായിരുന്നു. മോഹൻജോദാരോ സംസ്‌കൃതിയുടേയും വേദങ്ങളുടേയും കാലത്തിൽനിന്നും വിവിധ സംസ്‌കാരങ്ങളുടെ തേരുൾപാതകളിലൂടെ സ്വാതന്ത്ര്യസമരത്തിന്റെ വിജയപര്യവസാനം വരെയുള്ള ഇന്ത്യയുടെ ചരിത്രമാണ് ഭരണഘടനയുടെ ഓരോ താളിലുമായി നന്ദലാൽ ബോസ് ചിത്രീകരിച്ചത്. ഇതേ മാതൃകയിൽ ഇന്ത്യൻ ഭരണഘടനയുടെ ഹിന്ദിയിലുള്ള കയ്യെഴുത്ത് പ്രതിയും തയ്യാറാക്കപ്പെട്ടിരുന്നു. ആകെ 252 ഷീറ്റുകൾ. മൊത്തം ഭാരം 14 കിലോഗ്രാം. ബസന്ത് കൃഷ്ണൻ വൈദ്യ ആയിരുന്നു അതിന്റെ കാലിഗ്രാഫി തയ്യാറാക്കിയത്. അതിലേയും അലങ്കാരങ്ങൾ വരച്ചുചേർത്തത് നന്ദലാൽ ബോസ് ആയിരുന്നു. അജന്തയിലേയും ബാഗിലേയും ഗുഹാചിത്രങ്ങളിലെ രൂപങ്ങൾ അതിൽ ഉൾപ്പെടുത്തുകയും ചെയ്തു. നന്ദലാലിനോടൊപ്പം കലാഭവനിലെ മറ്റു ചിത്രകാരൻമാരും ഈ യത്നത്തിൽ പങ്കാളികളാവുകയുണ്ടായി. ഉദാഹരണമായി, ഭരണഘടനയുടെ ‘പ്രിയാംബിൾ’ ഭാഗത്തിൽ ചിത്രീകരണം നടത്തിയത് ബിയോഹർ രാംമനോഹർ സിൻഹ (Beohar Rammanohar Sinha) ആയിരുന്നു. അതിന്റെ താഴെ അദ്ദേഹത്തിന്റെ കയ്യൊപ്പുമുണ്ട്. ദിനനാഥ് ഭാർഗവ എന്ന ചിത്രകാരനാണ് സാരനാഥിലെ അശോകസ്തംഭത്തെ മാതൃകയാക്കിക്കൊണ്ടുള്ള ദേശീയചിഹ്നം ഭരണഘടനയിൽ വരച്ചുചേർത്തത്. ഇംഗ്ലീഷ് പതിപ്പും ഹിന്ദി പതിപ്പും കാഴ്ചയിൽ ഒരുപോലെ ആയിരുന്നു. മൊറോക്കോ ലെതർ ഉപയോഗിച്ച് ബൈൻഡ് ചെയ്ത അവയുടെ പുറംചട്ടയിൽ സ്വർണ്ണനിറത്തിലാണ് അക്ഷരങ്ങൾ പതിപ്പിച്ചിരുന്നത്.

ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയിലെ ഓരോ ഭാഗവും നാലായിരം വർഷം പഴക്കമുള്ള ഇന്ത്യാചരിത്രത്തിൽനിന്നുള്ള ഒരു സുവർണ്ണനിമിഷത്തെ ചിത്രത്തിന്റെ രൂപത്തിൽ പ്രതീകവൽകരിക്കുന്നു. അങ്ങനെ ആകെ 22 ചിത്രങ്ങൾ. അവയ്ക്ക് കാലാനുസൃതമായ ക്രമവുമുണ്ട്. സിന്ധൂനദീതടസംസ്‌കാരത്തിലുൾപ്പെടുന്ന മോഹെൻജൊദാരൊ, വേദകാലം, ഗുപ്തകാലഘട്ടം, മൗര്യകാലഘട്ടം, മുഗൾഭരണകാലം, സ്വാതന്ത്ര സമരചരിത്രം തുടങ്ങിയവയെല്ലാം ചിത്രീകൃതമായി. വേദകാലത്തിന്റെ പ്രതീകങ്ങളായി ഗുരുകുലവിദ്യാഭ്യാസത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിഹാസകാലത്തിന്റെ സൂചകങ്ങളായി രാമായണത്തിലേയും മഹാഭാരതത്തിലേയും രംഗങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തുടർന്ന് ബുദ്ധന്റേയും വർദ്ധമാന മഹാവീരന്റേയും ജീവിതം ചിത്രീകരിച്ചിരിക്കുന്നു. അശോകന്റേയും വിക്രമാദിത്യന്റേയും രാജസദസ്സുകളുടെ ചിത്രീകരണമാണ് തുടർന്നുള്ളത്. ചോളകാലത്തെ പ്രതിനിധീകരിക്കുന്നത് നടരാജന്റെ വെങ്കലപ്രതിമയുടെ ചിത്രീകരണമാണ്. ചരിത്രവ്യക്തിത്വങ്ങളെന്ന നിലയിൽ അക്ബർ, ശിവജി, ഗുരുഗോബിന്ദ്, ടിപ്പു സുൽത്താൻ, ലക്ഷ്മിഭായി എന്നിവരേയും ഉൾപ്പെടുത്തിയിരിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കും ഒരു വർഷം മുമ്പ്, 1946-ൽ ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ നോഘാലിയിൽ ഹിന്ദുക്കളെ നിർബ്ബന്ധപൂർവ്വം മതപരിവർത്തനം നടത്തിക്കുന്നതിന്റെ ഭാഗമായി കൂട്ടക്കൊലകളും സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങളും തട്ടിക്കൊണ്ടുപോകലുകളും ഹിന്ദുക്കളുടെ സ്വത്തുവകകൾ കൊള്ളചെയ്യലും അരങ്ങേറിയതിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജി സമാധാനസന്ദേശവുമായി അവിടെ എത്തിയതാണ് ആധുനിക ഇന്ത്യയെ സംബന്ധിക്കുന്ന ഒരു ചിത്രീകരണം. ഗാന്ധിജി നയിച്ച 1930-ലെ ദണ്ഡിയാത്രയും ഉപ്പുസത്യാഗ്രഹവും അതിനു മുന്‍പായി കാണാം.

സുഭാഷ്ചന്ദ്രബോസിന്റെ സഫലമാവാത്ത സ്വപ്നങ്ങൾക്കായും ഒരു താളിന്റെ അതിർത്തികളെ സ്വതന്ത്രമാക്കിയിരിക്കുന്നു. ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രതീകമായി ഹിമാലയത്തേയും വരാനിരിക്കുന്ന ഭരണഘടനാപരിഷ്‌കരണങ്ങളുടെ സൂചകമായി തിരയൊടുങ്ങാത്ത സമുദ്രത്തേയും ചിത്രീകരിച്ചിരിക്കുന്നു. രാജസ്ഥാന്റെ കണ്ണീരുപ്പുകലർന്ന മരുഭൂമിയും പ്രതീകവൽക്കരിച്ചിട്ടുണ്ട്. നിര്‍ദ്ദേശകതത്ത്വങ്ങൾ അഥവാ ഡയറക്ടീവ് പ്രിൻസിപ്പിൾസിനെക്കുറിച്ച് പറയുന്ന ഭാഗത്ത് ഗീതോപദേശമാണ് വരച്ചുചേർത്തിരിക്കുന്നത്. കുരുക്ഷേത്രഭൂമിയിൽ അർജുനനെ ഉപദേശിക്കുന്ന ശ്രീകൃഷ്ണൻ. മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്ന ഭാഗത്ത് രാമായണത്തിലെ ഒരു രംഗമാണ് വരുന്നത്. രാവണനിഗ്രഹം കഴിഞ്ഞ് ലങ്കയിൽനിന്നും സീതയുമായി മടങ്ങുന്ന രാമലക്ഷ്മണൻമാർ. ഈ ചിത്രീകരണത്തിന്റെ അടിസ്ഥാനത്തിലാണ് 1993-ൽ അലഹബാദ് ഹൈക്കോടതി പരിഗണിച്ച, വിശ്വഹിന്ദു അധിവക്ത സംഘ് v/s ഇന്ത്യൻ യൂണിയൻ എന്ന കേസിൽ ഇങ്ങനെയൊരു വിധിയുണ്ടായതെന്ന കാര്യവും ശ്രദ്ധേയമാണ്: “Constitutional entity, and, admittedly, a reality of our national culture and fabric and not a myth” (രാമൻ എന്നത് വെറും സങ്കല്പമോ പുരാവൃത്തമോ അല്ല. അതിന് ഭരണഘടനാപരമായ അസ്തിത്വമുണ്ട്. അത് നമ്മുടെ ദേശീയ സംസ്‌കൃതിയുമായും ദേശീയ സ്വത്വത്തിന്റെ ഇഴകളുമായും ബന്ധപ്പെട്ടിരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്).

ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ നടക്കുന്ന വിപണന സംബന്ധമായ പ്രവർത്തനങ്ങളേയും വ്യാപാരത്തേയും നിയന്ത്രിക്കാൻ സർക്കാരിന് അധികാരം നൽകുന്ന തത്ത്വങ്ങളെക്കുറിച്ച് പരാമർശിക്കുന്ന പതിമൂന്നാം ഭാഗത്തിന്റെ തുടക്കത്തിൽ മഹാബലിപുരത്തെ ശിലാഫലകചിത്രണമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭഗീരഥന്റെ പ്രാർത്ഥനകളുടേയും പരിശ്രമങ്ങളുടേയും ഫലമായി, സ്വർഗ്ഗീയ നദിയായിരുന്ന ഗംഗ ഭൂമിയിലേക്ക് പതിച്ചതിന്റെ കഥയാണ് ഇവിടെ കൊത്തുപണി ചെയ്തിരിക്കുന്നത്. കേന്ദ്രഗവൺമെന്റിന്റേയും സംസ്ഥാന ഗവൺമെന്റിന്റേയും അധികാരപരിധിയിൽ വരുന്ന കാര്യങ്ങളെ വിവേചിച്ച് പ്രസ്താവിച്ചിരിക്കുന്ന ഏഴാം ഭാഗത്തിൽ ബുദ്ധന്റെ സന്ദേശങ്ങളെ പ്രചരിപ്പിക്കുന്ന അശോകചക്രവർത്തിയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒൻപതാം ഭാഗത്തിന്റെ തുടക്കത്തിലെ വിക്രമാദിത്യസദസ്സിന്റെ ചിത്രീകരണം, കലകളുടെ പോഷണം എന്നും ഭാരതപാരമ്പര്യത്തിന്റെ മുഖമുദ്രകളിലൊന്നായിരുന്നു എന്ന സത്യം വിളിച്ചോതുന്നു. ഭരണഘടനയിൽ ചിത്രീകരിക്കപ്പെടുന്ന പ്രമുഖമായ ഏക സ്ത്രീ വ്യക്തിത്വം ഝാൻസി റാണി ലക്ഷ്മീബായി ആണെന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. ലക്ഷ്മീബായിയോടൊപ്പം അതേ താൾ പങ്കിടുന്നത് ടിപ്പുസുൽത്താൻ ആണെന്നതാണ് മറ്റൊരു കൗതുകം. ലോക്‌സഭയിലെ ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ച് പരാമർശിക്കുന്ന, ഭരണഘടനയുടെ പതിനാറാം ഭാഗത്തിന്റെ തുടക്കത്തിലാണ് ഇതുള്ളത്. പബ്ലിക് സർവ്വീസ് കമ്മിഷൻ അഥവാ പി.എസ്‌.സി ഒരു ഭരണഘടനാസ്ഥാപനം ആവുന്നതെങ്ങനെ എന്നു പറയുന്ന ഭരണഘടനയുടെ പതിന്നാലാം ഭാഗം പ്രശസ്തമാണല്ലോ. അവിടെ മുഗൾ ശില്പചാതുര്യത്തിലെ പശ്ചാത്തലത്തിൽ ആസനസ്ഥനായിരിക്കുന്ന അക്ബറിന്റെ രാജധാനിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഔദ്യോഗിക ഭാഷയെക്കുറിച്ചുള്ള വ്യവസ്ഥകളെ ഉൾക്കൊള്ളുന്ന പതിനേഴാം ഭാഗത്തിന്റെ തുടക്കത്തിൽ ദണ്ഡിയാത്രയാണുള്ളത്. ത്രിവർണ്ണപതാകയെ സല്യൂട്ട് ചെയ്യുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമാണ് പത്തൊമ്പതാം ഭാഗത്തിന്റെ തുടക്കത്തിൽ ചേർത്തിരിക്കുന്നത്. 1943 ഒക്‌ടോബർ 21-ന് നേതാജി സിംഗപ്പൂരിൽവെച്ച് പ്രൊവിഷണൽ ഗവൺമെന്റ് ഓഫ് ഫ്രീ ഇന്ത്യ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചതിന്റെ സ്മരണാർത്ഥം ഇന്ത്യൻ നാഷണൽ ആർമിയുടെ അന്നത്തെ ഔദ്യോഗിക മുദ്രയുടെ ഭാഗമായിരുന്ന ‘ടിപ്പുസുൽത്താന്റെ കടുവ’യേയും ചിത്രീകരിച്ചിട്ടുണ്ട്. ആസാദ് ഹിന്ദ് റേഡിയോയിലൂടെ നേതാജി 1944-ൽ മഹാത്മാ ഗാന്ധിക്ക് അയച്ച സന്ദേശത്തേയും ഇത് അനുസ്മരിപ്പിക്കുന്നുണ്ട്: “Father of our Nation, in this holy war for India's liberation, we ask for your blessings and good wishes.”

ഭരണഘടനയുടെ അച്ചടി

സർവ്വേ ഓഫ് ഇന്ത്യയുടെ ഹെഡ്ക്വാർട്ടേഴ്‌സ് ആയ ഡെറാഡൂണിലെ ഹാഥിബാർഖല എസ്‌റ്റേറ്റിന് അനുബന്ധമായുള്ള നോർത്തേൺ പ്രിന്റിങ് ഗ്രൂപ്പ് ഓഫീസ് പ്രസിലാണ് ഭരണഘടനയുടെ കയ്യെഴുത്തുപ്രതി മാസ്റ്റർ ആക്കിക്കൊണ്ടുള്ള അച്ചടി നടന്നത്. ആദ്യ അച്ചടിപ്പതിപ്പിന്റെ ഓഫീസ് കോപ്പി ഇപ്പോഴും ഇവിടെയുണ്ട്. ആയിരം കോപ്പികളാണ് ആദ്യ എഡിഷനായി അച്ചടിച്ചത്. എന്നാൽ, സർവ്വേ ഓഫ് ഇന്ത്യയുടെ ഏറ്റവും പഴക്കം ചെന്ന പ്രസ് ഡെറാഡൂണിലല്ല, കൽക്കട്ടയിലെ ഈസ്‌റ്റേൺ പ്രിന്റിങ് ഓഫീസിലാണ് ഉണ്ടായിരുന്നത്. 1840-കൾ മുതൽക്കേ അത് പ്രവർത്തിച്ചിരുന്നു. അവിടെയാണ് ഇന്ത്യയുടെ ആദ്യത്തെ പോസ്റ്റൽ സ്റ്റാമ്പ് അച്ചടിച്ചത്. എന്നിട്ടും ഭരണഘടനയുടെ അച്ചടിക്കായി ഡെറാഡൂൺ പ്രസിനെ ചുമതലപ്പെടുത്തിയത് അവിടെയുള്ള അച്ചടിയന്ത്രത്തിന്റെ ഗുണമേൻമ കാരണമായിരുന്നു. കല്ലച്ച് എന്നറിയപ്പെടുന്ന ലിത്തോഗ്രാഫ് ഇനത്തിൽപ്പെട്ട അച്ചടിയന്ത്രങ്ങളായിരുന്നു ഇതിനായി ഉപയോഗിച്ചതെങ്കിലും ബ്രിട്ടീഷ് കമ്പനിയായ ക്രാബ്ട്രീ ആന്റ് സൺസ് നിർമ്മിച്ച അന്നത്തെ ഏറ്റവും മികച്ച സാങ്കേതികത ഉറപ്പുവരുത്തുന്ന അച്ചടിയന്ത്രങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്.

കയ്യെഴുത്തുപ്രതിയുള്ള ഗ്രന്ഥശാല

ഇന്ത്യൻ ഭരണഘടനയുടെ ഈ യഥാർത്ഥ കാലിഗ്രാഫിക് പകർപ്പുകൾ രണ്ടും പാർലമെന്റ് ലൈബ്രറിയിലാണ് ഇപ്പോൾ സൂക്ഷിച്ചിട്ടുള്ളത്. ഭരണഘടനാശില്പികളുടെ കയ്യൊപ്പുള്ളതിനാൽ ഇതിന് സവിശേഷമായ ചരിത്രപ്രാധാന്യമുണ്ട്. 1980-കളുടെ മധ്യത്തിൽ, ഈ കാലിഗ്രാഫിക് പതിപ്പുകൾ ദീർഘകാലത്തേക്ക് സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനാൽ ഉചിതമായ പരിരക്ഷ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നതുമായ ആവശ്യം ശക്തമായി. തുടർന്ന് നടന്ന ശാസ്ത്രീയ പരിശോധനയിൽ പേപ്പറിന്റെ തെളിച്ചം നിലനിറുത്തുക, സുവർണ്ണ അക്ഷരങ്ങളുടെ തിളക്കം നിലനിറുത്തുക എന്നിവ അത്യാവശ്യമായി പരിഹരിക്കേണ്ടുന്നവയായി തിരിച്ചറിയപ്പെട്ടു. ലഖ്‌നൗ ആസ്ഥാനമായുള്ള നാഷണൽ റിസർച്ച് ലബോറട്ടറി ഫോർ കൺസർവേഷൻ ഓഫ് കൾച്ചറൽ പ്രോപ്പർട്ടിയാണ് ഇതു സംബന്ധമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ കാലിഗ്രാഫിക് പതിപ്പുകൾ രണ്ടും വായുബദ്ധമായ ഒരു സ്‌ഫടികക്കൂട്ടിൽ സൂക്ഷിക്കാനായുള്ള ജോലി ന്യൂഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയേയാണ് ഏല്പിക്കപ്പെട്ടത്. ഓക്‌സീകരണം, അന്തരീക്ഷവായുവിലെ മലിനീകാരികൾ കൊണ്ടുള്ള രാസമാറ്റങ്ങൾ, സൂക്ഷ്മജീവികളുടെ ആക്രമണം എന്നിവയെ തടയാൻ നിഷ്‌ക്രിയവാതകം നിറച്ചതാവണം സ്‌ഫടികക്കൂട് എന്ന് നാഷണൽ ഫിസിക്കൽ ലബോറട്ടറി നിർദ്ദേശിച്ചു. പേടകത്തിന്റെ അരികുകൾ വെള്ളിലോഹവും കറുത്തീയവും കൊണ്ടാണ് വായുബദ്ധമാക്കിയത്. കൂടാതെ ചില ജൈവപദാർത്ഥങ്ങളും സീലിങ്ങിനായി ഉപയോഗിച്ചു. 1988-1989 കാലഘട്ടത്തിൽ, നാഷണൽ ഫിസിക്കൽ ലബോറട്ടറി നടത്തിയ പരിശോധനയിൽ സ്‌ഫടികക്കൂട് കാര്യമായ സംരക്ഷണം നൽകുന്നില്ല എന്ന് കണ്ടെത്തപ്പെട്ടു. 1989-, പാരീസിലെ പ്രശസ്തമായ ലൂവ്രെ മ്യൂസിയവുമായി നടത്തിയ ചർച്ചകളുടെ ഫലമായി, അമേരിക്കയിലെ ഗെറ്റി കൺസർവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിനെ ബന്ധപ്പെടുകയും കെയ്‌റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ മമ്മികളെ സംരക്ഷിച്ചു സൂക്ഷിക്കാനായി രൂപകല്പന ചെയ്യപ്പെട്ടവയുടെ മാതൃകയിലുള്ള സ്‌ഫടികക്കൂടുകൾ നിർമ്മിച്ചു നൽകാനായി 1993 ജൂലൈയിൽ കരാറിലേർപ്പെടുകയും ചെയ്തു. തുടർന്ന്, നൈട്രജൻ നിറച്ചതും ഓക്‌സിജന്റെ അളവ് 1000 പി.പി.എമ്മിൽ താഴെയാക്കി നിജപ്പെടുത്തിയിട്ടുള്ളതുമായ സ്‌ഫടികക്കൂട്ടിൽ 40-50 ശതമാനം ആപേക്ഷിക ആർദ്രതയിലാണ് ഇപ്പോൾ ഭരണഘടനയുടെ കയ്യെഴുത്തുപ്രതികൾ പാർലമെന്റ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നത്.

ഈ അഭിമുഖം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com