വനിതാസംവരണം; പ്രതിപക്ഷ ഏകീകരണത്തെ അട്ടിമറിക്കലും ഈ നീക്കത്തിന്റെ ലക്ഷ്യമാകാം

സാമൂഹ്യ പുരോഗതിയിലേക്കുള്ള താക്കോല്‍ രാഷ്ട്രീയാധികാരമാണെന്ന്'' പറഞ്ഞത് ഭരണഘടനാശില്പി ബാബാ ഭീംറാവു റാംജി അംബേദ്കര്‍ ആണ്
വനിതാസംവരണം; പ്രതിപക്ഷ ഏകീകരണത്തെ അട്ടിമറിക്കലും ഈ നീക്കത്തിന്റെ ലക്ഷ്യമാകാം

സാമൂഹ്യ പുരോഗതിയിലേക്കുള്ള താക്കോല്‍ രാഷ്ട്രീയാധികാരമാണെന്ന്'' പറഞ്ഞത് ഭരണഘടനാശില്പി ബാബാ ഭീംറാവു റാംജി അംബേദ്കര്‍ ആണ്. തമിഴ്‌നാട്ടിലെ ഒരു ഹിന്ദുത്വ ആചാര്യന്‍ വിശേഷിപ്പിച്ചതുപോലെ വെറും 'സ്റ്റെനോഗ്രാഫര്‍' ആയിരുന്നില്ല അംബേദ്കര്‍. ഭരണഘടനാ അസംബ്ലിയില്‍ നെഹ്‌റുവും അംബേദ്കറുമൊക്കെ എന്തുതരം ഇടപെടലുകളാണ് നടത്തിയതെന്ന് പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. ഇന്ത്യയിലെ ദളിതര്‍, പിന്നാക്ക സമുദായങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പുരോഗതി മനസ്സില്‍ കണ്ടും ഉദാത്തമായ ജനാധിപത്യമൂല്യങ്ങളെ മുറുകെപിടിച്ചും അവര്‍ രാഷ്ട്രത്തിന്റെ ഭാവിഭാഗധേയം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകള്‍ സംബന്ധിച്ച ചരിത്രരേഖകളില്‍നിന്നും മനസ്സിലാക്കാനാകും. 

27 വര്‍ഷമായി വനിതാ സംവരണ ബില്‍ പാസ്സാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട്, പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്കായി 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തുകൊണ്ടുള്ള ബില്ലാണ് പാസായത്. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്, 2010 മാര്‍ച്ച് ഒന്‍പതിനു വനിതാസംവരണ ബില്‍ രാജ്യസഭ പാസ്സാക്കിയതാണ്. എന്നാല്‍, അന്ന് യു.പി.എ ഗവണ്‍മെന്റിനു പിന്തുണ നല്‍കിയിരുന്ന സമാജ്‌വാദി പാര്‍ട്ടിയും എതിര്‍ത്തു. അതോടെ ലോക്സഭയില്‍ അതെത്തിയതുമില്ല. പഴയ ലോഹ്യ, ജയപ്രകാശ് നാരായണ്‍, അംബേദ്കര്‍ പാരമ്പര്യം അവകാശപ്പെടുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടികളാണ് വനിതാസംവരണബില്ലിനെതിരെ വാളുയര്‍ത്തിയത്. അതിനൊരു കാരണമുണ്ട്. 1996-ല്‍ ഇടതു പിന്തുണയോടെ ദേശീയമുന്നണി ഗവണ്‍മെന്റ് ഭരിക്കുന്ന കാലത്ത് നിയമമന്ത്രി രമാകാന്ത് ഖലപ് ഇതിനുവേണ്ടി നീക്കം നടത്തിയപ്പോള്‍ അന്നത്തെ ഭരണകക്ഷി എം.പിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ശരത് യാദവ് നടത്തിയ പ്രസ്താവനയിലെ ഒരു വാചകം വനിതാസംവരണം എന്ന പുരോഗമനപരമായ ആശയത്തിനു പിറകില്‍ ഒളിപ്പിച്ചുവെച്ച ദളിത്-പിന്നാക്ക വിരുദ്ധതയെ ശക്തമായി അടിവരയിട്ട് വ്യക്തമാക്കുന്നുണ്ട്. ''കോന്‍ മഹിളാ ഹേ... കോന്‍ നഹി ഹേ... കേവല്‍ ബാല്‍ കട്ടി മഹിളാ ഭാര്‍ നഹി രഹ്നേ ദേംഗേ'' എന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. തലമുടി ബോബ് കട്ടിംഗ് ചെയ്ത സ്ത്രീകളായിരിക്കും, അതായത് പച്ചപ്പരിഷ്‌കാരികളായ നാഗരിക വനിതകളായിരിക്കും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ദളിതരും പിന്നാക്കക്കാരും ദരിദ്രരുമായ സ്ത്രീകളെ പ്രതിനിധീകരിക്കുന്നുവെന്ന പേരില്‍, സ്ത്രീസംവരണത്തിന്റെ മറവില്‍ നമ്മുടെ ജനപ്രതിനിധി സഭകളില്‍ കയറിവന്നിരിക്കുമെന്നായിരുന്നു യാദവിന്റെ ആരോപണം. വനിതാസംവരണം പോലുള്ള പുരോഗമനപരമായ നടപടികള്‍ കൈക്കൊള്ളുമ്പോള്‍പോലും രാജ്യത്തെ സങ്കീര്‍ണ്ണമായ സാമുദായിക-വര്‍ഗ്ഗ വൈജാത്യങ്ങളെ, വേര്‍തിരിവുകളെ കണക്കിലെടുക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാടിലേക്കാണ് സോഷ്യലിസ്റ്റ് നേതാവിന്റെ പ്രസ്താവന വിരല്‍ചൂണ്ടിയത്. 

എക്സ്പ്രസ് ഇല്ലസ്ട്രേഷൻ
എക്സ്പ്രസ് ഇല്ലസ്ട്രേഷൻ

ഏകീകൃത സിവില്‍കോഡ് എന്ന ആശയം പോലെ വനിതാസംവരണം എന്ന ആശയവും ഹിന്ദുത്വകക്ഷി അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രയോജനപ്പെടുത്തുകയാണോ എന്ന സംശയത്തിന് ഈ ഘട്ടത്തിലും പ്രസക്തിയുണ്ട്. 2014-ലും 2019-ലും ബി.ജെ.പിയുടെ പ്രകടനപത്രികയിലുണ്ടായിരുന്നതാണ് വനിതാസംവരണം നടപ്പാക്കുമെന്ന വാഗ്ദാനം. ഇത്രയും കാലം ഈ ആശയം അട്ടത്തുവെച്ച മോദി ഗവണ്‍മെന്റ് പത്താംവര്‍ഷത്തിലെത്തി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ മാത്രമാണ് വനിതാസംവരണനീക്കവുമായി മുന്നോട്ടുവന്നത് എന്ന വസ്തുത ശ്രദ്ധേയമാണ്. തീര്‍ച്ചയായും ഒരു പൊതുതെരഞ്ഞെടുപ്പിനു മുന്‍പായി ഉണ്ടായിരിക്കുന്ന പ്രതിപക്ഷ ഏകീകരണത്തെ അട്ടിമറിക്കലും ഈ നീക്കത്തിന്റെ ലക്ഷ്യമാകാം എന്നും കരുതേണ്ടതുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ഈ നീക്കത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്യുന്നതിനു ബില്‍ കൊണ്ടുവരണമെന്നു പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇടതുപക്ഷത്തിനും തത്ത്വത്തില്‍ യോജിപ്പുണ്ട്. എന്നാല്‍, പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ നേരത്തെ പരാമര്‍ശിച്ച പിന്നാക്ക സമുദായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ എതിര്‍പ്പുയര്‍ത്തിയേക്കാമെന്നുതന്നെയാണ് കരുതുന്നത്. 'ഇന്‍ഡ്യ' ബ്ലോക്കിലെ സമാജ്‌വാദി പാര്‍ട്ടിയും ആര്‍.ജെ.ഡിയും സംവരണത്തിനുള്ളിലെ സംവരണം അഥവാ 33 ശതമാനം സംവരണത്തിനുള്ളില്‍ ജാതി, സമുദായം എന്നിവ അടിസ്ഥാനമാക്കിയുള്ള സംവരണം വേണമെന്ന് വാദിക്കുന്നവരാണ്.

ഇത് ഉടന്‍ നടപ്പാകാനിടയില്ലെന്നാണ് യൂണിയന്‍ ഗവണ്‍മെന്റുമായി ബന്ധമുള്ളവര്‍ പറയുന്നത്. അതായത് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഇത് നടപ്പാകുകയില്ല. 2026-ല്‍ നടക്കുമെന്നു കരുതുന്ന മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയം എന്ന പ്രക്രിയ പൂര്‍ത്തീകരിക്കപ്പെട്ടതിനുശേഷം മാത്രമായിരിക്കും നടപ്പാകുക. 2020-ല്‍ ഇന്ത്യയിലെ പുരുഷ-സ്ത്രീ അനുപാതം 100 സ്ത്രീകള്‍ക്ക് 108.18 പുരുഷന്‍ എന്ന നിലയിലാണ്. ജനസംഖ്യയില്‍ പകുതിയോളം സ്ത്രീകള്‍. മതവിശ്വാസം, ജാതി/സമുദായം, ലിംഗപദവി എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്നും നിയമത്തിനു മുന്‍പാകെയും അവസരങ്ങളിലും സമത്വം ഉറപ്പുവരുത്തണമെന്നും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയുടെ സാമൂഹ്യാവസ്ഥ പ്രതിഫലിപ്പിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് സ്ത്രീ സമൂഹം ഇന്ത്യയില്‍ രണ്ടാംകിടക്കാരോ മൂന്നാംകിടക്കാരോ ഒക്കെയായിത്തുടരുന്നുവെന്നാണ്. നമ്മുടെ ജനപ്രതിനിധിസഭകളിലെ സ്ത്രീപ്രാതിനിധ്യം ഈ അവസ്ഥയുടെ നല്ലൊരു സൂചകമാണ്. 1957-ലെ ആദ്യത്തെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ത്രീകളുടെ ആകെ എണ്ണം 45 ആയിരുന്നെങ്കില്‍ 2019-ല്‍ അത് 726 ആയി വര്‍ദ്ധിച്ചു. എന്നാല്‍ 2019-ല്‍ 78 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭയിലാകട്ടെ, 24 വനിതകളാണുള്ളത്. ലോക്സഭയിലെ ഏറ്റവും ഉയര്‍ന്ന സ്ത്രീകളുടെ എണ്ണമാണ് ഇത്തവണയെങ്കിലും ആകെ അംഗങ്ങളുടെ ഏകദേശം 14.36 ശതമാനം. കഴിഞ്ഞ ലോക്സഭയില്‍ 62 വനിതാ അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതേസമയം സംസ്ഥാന നിയമസഭകളിലെ വനിതാ എം.എല്‍.എമാരുടെ പ്രാതിനിധ്യം ശരാശരി എട്ടുശതമാനം മാത്രം. ദേശീയ പാര്‍ലമെന്റുകളിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ ആഗോള ശരാശരി 2022 മെയ് വരെ 26.2 ശതമാനം ആയിരുന്നു. നിയമനിര്‍മ്മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും താഴെയാണ്. മറ്റു ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ലിംഗവിവേചനം ഏറെ ശക്തമാണ് ഇപ്പോഴും. 2023-ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ട് പ്രകാരം ആകെയുള്ള 146 രാജ്യങ്ങളില്‍ 127-ാം സ്ഥാനത്താണ് ഇന്ത്യ. 2022-ല്‍ ഇതു 135 ആയിരുന്നു. തീര്‍ച്ചയായും ലിംഗപരമായ ഈ അകലം കുറച്ചുകൊണ്ടുവരുന്നതില്‍ ജനപ്രതിനിധിസഭകളിലെ സ്ത്രീ പ്രാതിനിധ്യം വേണ്ടത്ര ഉറപ്പാക്കുന്നതിനു നിയമങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട് എന്നത് പരമപ്രധാനമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ജനപ്രതിനിധി സഭകളില്‍ വനിതകള്‍ക്കായി 33 ശതമാനം സംവരണം ചെയ്യാനുള്ള നീക്കവും സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെ. എന്നാല്‍, എന്താണ് ഈ നീക്കത്തെ സംബന്ധിച്ച് ആശങ്കകള്‍ക്ക് കാരണമാകുന്നത്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com