കെ.ജി. ജോര്‍ജിന്റെ സിനിമകള്‍: സ്നേഹം നിഷേധിക്കപ്പെട്ട മനുഷ്യരുടെ അന്തര്‍ലോകങ്ങള്‍

കെ.ജി. ജോര്‍ജ് ജീവിച്ചത് സിനിമയിലാണ്. സിനിമ ആഹാരവും പാനീയവും ശ്വാസവായുവുമാക്കിയ ഒരാള്‍ എന്ന് ഒരു അതിശയോക്തിയുമില്ലാതെ പറയാം.
കെ.ജി. ജോര്‍ജിന്റെ സിനിമകള്‍: സ്നേഹം നിഷേധിക്കപ്പെട്ട മനുഷ്യരുടെ അന്തര്‍ലോകങ്ങള്‍

ഇതുവരെ കാണാത്ത കരയിലേയ്ക്കോ 
ഇനിയൊരു ജന്മത്തിന്‍ കടവിലേയ്ക്കോ
മധുരമായ് പാടി വിളിക്കുന്നു-ആരോ
മധുരമായ് പാടി വിളിക്കുന്നു... 
2002 ജൂണ്‍ മാസത്തിലെ ഒരു പകല്‍.

കാറിലെ സ്റ്റീരിയോയില്‍നിന്ന് നിത്യഹരിതമായ ഈ കാല്പനിക ഗാനം ഒഴുകുന്നുണ്ടായിരുന്നു. തിമിര്‍ത്തുപെയ്യുന്ന ജൂണ്‍ മാസ മഴയ്ക്കുള്ളിലൂടെ ഞാന്‍ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു. എറണാകുളത്തുനിന്ന് തൃശൂരിലേയ്ക്കുള്ള പഴയ ഹൈവേയില്‍ ചാലക്കുടി കഴിഞ്ഞുള്ള അല്പം ഇടുങ്ങിയ റോഡില്‍ നിറയെ ചുവന്ന പൂക്കള്‍ മഴയില്‍ നനഞ്ഞുകുതിര്‍ന്നു കിടന്നിരുന്നു. പാട്ടില്‍ ലയിച്ച് അതുവരെ നിശ്ശബ്ദനായിരുന്ന എന്റെ സഹയാത്രികന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു: ''എന്റെ ഉള്‍ക്കടല്‍ എന്ന സിനിമയില്‍ ഈ പൂക്കളുടെ വല്ലാത്തൊരു പ്രസന്‍സ് ഉണ്ട്...'' 
കൂടെയുണ്ടായിരുന്നത് ആരാണെന്ന് ഇനി പറയേണ്ടതില്ലല്ലോ. ജോര്‍ജേട്ടനുമൊരുമിച്ച് നടത്തിയ അസംഖ്യം കാര്‍ യാത്രകളിലൊന്നായിരുന്നു അത്. പറഞ്ഞാലും തീരാത്ത പ്രണയകഥകളുടെ ഉള്‍ഹക്കടലുകള്‍ പാട്ടുകള്‍ക്കൊപ്പം മനസ്സില്‍ തിരയടിച്ചുകൊണ്ടിരുന്നു; തോരാമഴയുടെ ഇരമ്പല്‍ പുറത്തും. 
യാത്ര രാമനിലയത്തില്‍ അവസാനിച്ചു.

പ്രിയപ്പെട്ട എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍ നേരത്തേതന്നെ അവിടെയെത്തിയിരുന്നു. സി.വി. രചിച്ച 'മരണം എന്നു പേരുള്ളവന്‍' എന്ന നോവലൈറ്റ് ജോര്‍ജേട്ടന്‍ സിനിമയാക്കുകയാണ്. വണ്‍ലൈന്‍ എഴുതാനുള്ള കൂടിക്കാഴ്ചയാണ്. പൊന്നുരുക്കുന്നിടത്ത് ഒരു കാര്യവുമില്ലാത്ത പൂച്ചയായതുകൊണ്ട് ഞാന്‍ വൈകാതെ എറണാകുളത്തേയ്ക്കു മടങ്ങി. അന്നു രാത്രി തൃശൂരില്‍നിന്ന് ജോര്‍ജേട്ടന്റെ ഫോണ്‍ വന്നു. ''വണ്‍ലൈന്‍ എഴുതിത്തീര്‍ന്നു. നിനക്കു വായിച്ചു നോക്കാം.'' പിറ്റേന്നു വീണ്ടും ഞാന്‍ തൃശൂര്‍ക്ക് ഡ്രൈവ് ചെയ്തു. രാമനിലയത്തിലെത്തുമ്പോള്‍ ഇരുവരും യാത്രയ്ക്കൊരുങ്ങി നില്‍ക്കുകയാണ്. ഇനി നേരെ എറണാകുളത്തേയ്ക്ക്. സി.വിയും ഒപ്പമുണ്ടാകും. വീണ്ടും കനത്ത മഴയിലൂടെയുള്ള യാത്ര. വണ്‍ലൈന്‍ പ്രതീക്ഷിച്ചതിലും നേരത്തേ പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് ജോര്‍ജേട്ടനും സി.വിയും. ''ഈ ബാലനുണ്ടല്ലോ, ഫൗണ്ടന്‍ പേനയില്‍ മഷിക്കുപ്പി ഫിറ്റ് ചെയ്തിട്ടാ എഴുതുന്നത്. പേന കടലാസ്സില്‍ തൊട്ടാല്‍പ്പിന്നെ ഒരൊഴുക്കാ. എഴുതാനുള്ളത് തീര്‍ത്തിട്ടേ നിര്‍ത്തൂ,'' ജോര്‍ജേട്ടന്‍ പറഞ്ഞു. സി.വിയുടെ നല്ല കൈപ്പടയില്‍ എഴുതിയ വണ്‍ലൈന്‍ അന്നു രാത്രി വായിച്ചു. നോവലൈറ്റ് നേരത്തേ വായിച്ചതാണ്. തിരക്കഥാരചനയുമായി ബന്ധപ്പെട്ട പ്രായോഗിക പാഠാവലിയിലെ ആദ്യത്തെ അദ്ധ്യായം അതായിരുന്നു - ക്യാമറക്കാഴ്ചയും ഉള്‍ക്കാഴ്ചയും കൊണ്ട് വിസ്മയിപ്പിക്കുന്ന രണ്ടുപേര്‍ക്കൊപ്പം.

കെ.ജി. ജോര്‍ജ്
കെ.ജി. ജോര്‍ജ്

പിറ്റേന്നുതന്നെ ജോര്‍ജേട്ടന്‍ തിരക്കഥാരചന തുടങ്ങി. ഹോട്ടല്‍ മുറിയും ആഘോഷങ്ങളുമില്ല. പാലാരിവട്ടത്തെ പി.ജെ. ആന്റണി റോഡിലുള്ള വാടകവീട്ടിലിരുന്നാണ് എഴുത്ത്. പുറത്തെവിടെയും പോകില്ല. രാവിലെ ഒന്‍പതര മണി മുതല്‍ വൈകുന്നേരം അഞ്ചര മണി വരെ എഴുതും. ഒട്ടുമിക്ക വൈകുന്നേരങ്ങളിലും എനിക്ക് ഫോണ്‍ വരും. എഴുതിയിടത്തോളം വായിക്കും. ആദ്യത്തെ ഡ്രാഫ്റ്റ് പോലും ഫെയര്‍ കോപ്പി പോലെ സൂക്ഷ്മമായാണ് എഴുതുക. സവിശേഷമായ ബ്ലാക്ക് ഇങ്ക് പെന്‍കൊണ്ട് വടിവൊത്ത കൈപ്പടയില്‍ എഴുതുമ്പോള്‍ ഒരക്ഷരം തെറ്റിപ്പോയാല്‍പ്പോലും വൈറ്റ്നര്‍കൊണ്ടു മായ്ച്ച് മുകളിലൂടെ വൃത്തിയായി തിരുത്തും. ആ തിരക്കഥയുടെ ക്രമാനുഗതമായ വളര്‍ച്ച രണ്ടു ഡ്രാഫ്റ്റുകളിലൂടെ നേരിട്ടനുഭവിച്ചു. തികഞ്ഞ അച്ചടക്കത്തോടെ ജോര്‍ജേട്ടന്‍ ചെലവഴിച്ച മറക്കാനാകാത്ത രചനാകാലം. സാഹിത്യകൃതിയില്‍നിന്ന് തിരക്കഥയിലേയ്ക്കുള്ള പരിണാമം അടുത്തുകാണാനുള്ള അവസരമായി അത്. ആ നാളുകളിലൊന്നില്‍ ജോര്‍ജേട്ടന്‍ ഒരു പെയ്ന്റിങ് ചെയ്തു. അധികം വലിപ്പമില്ലാത്ത ക്യാന്‍വാസില്‍ ഒരു ന്യൂഡ്. ''ആ ടാലന്റ് പോയോ എന്നൊരു സംശയമുണ്ടായിരുന്നു. പരീക്ഷിക്കാന്‍ വരച്ചതാ...'' എന്നിട്ട് സ്വതസിദ്ധമായ ചിരിയോടെ കൂട്ടിച്ചേര്‍ത്തു: ''പോയിട്ടൊന്നുമില്ല. എവിടെപ്പോകാനാ?''
 
പൂര്‍ത്തിയാക്കിയ സ്‌ക്രിപ്റ്റ് ഡി.റ്റി.പി. ചെയ്തു. എന്‍.എഫ്.ഡി.സിയുടെ ധനസഹായത്തോടെ സിനിമ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. മലയാളത്തിലെ ചില പ്രമുഖ താരങ്ങളുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ആ സിനിമ നടന്നില്ല. അതിനു കാരണങ്ങള്‍ പലതുണ്ടായിരുന്നു. അക്കാര്യമൊന്നും ഇനി പ്രസക്തമല്ല.

പിന്നീട് 2006 മുതല്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായിരുന്ന കാലത്ത് മറ്റൊരു സിനിമയ്ക്ക് ജോര്‍ജേട്ടന്‍ പദ്ധതിയിട്ടു. അതിന്റെ തിരക്കഥാരചന പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ആദ്യം അസുഖബാധിതനായത്. ആ സിനിമയും സംഭവിച്ചില്ല. സജീവസിനിമാജീവിതത്തില്‍നിന്നുള്ള ജോര്‍ജേട്ടന്റെ പിന്‍വാങ്ങല്‍ ഈ ഘട്ടത്തിലാണ് തുടങ്ങിയതെന്നു സൂചിപ്പിക്കാനാണ് ഇത്രയും എഴുതിയത്. ഇതിനു പുറമേയുള്ള കാരണങ്ങളും ഉണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അവയും ഇപ്പോള്‍ അപ്രസക്തമാണ്.
 
കെ.ജി. ജോര്‍ജ് ജീവിച്ചത് സിനിമയിലാണ്. സിനിമ ആഹാരവും പാനീയവും ശ്വാസവായുവുമാക്കിയ ഒരാള്‍ എന്ന് ഒരു അതിശയോക്തിയുമില്ലാതെ പറയാം. സ്വദേശമായ തിരുവല്ലയില്‍നിന്ന് കോട്ടയത്തെത്തി മുടങ്ങാതെ വിദേശസിനിമകള്‍ കണ്ടിരുന്ന കൗമാര-യൗവ്വന കാലത്തിനു ശേഷമാണ് അദ്ദേഹം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നത്. അക്കാലത്തു കണ്ട സിനിമകളുടെ ബിറ്റ് നോട്ടീസുകള്‍ ജോര്‍ജേട്ടന്‍ ഒരു പഴയ പെട്ടിയില്‍ ശേഖരിച്ചു വച്ചിരുന്നു. ഫെലീനിയുടെ ലാ ഡോള്‍സ് വിറ്റ അടക്കമുള്ള യൂറോപ്യന്‍ സിനിമകളുടെ ഇംഗ്ലീഷില്‍ ഡബ് ചെയ്ത പ്രിന്റുകളാണ് അക്കാലത്ത് കേരളത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. പഴയ മലയാള സിനിമകളുടെ ബിറ്റ് നോട്ടീസുകളും പോസ്റ്ററുകളുമൊക്കെ സൂക്ഷിച്ചുവയ്ക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. പക്ഷേ, ജോര്‍ജേട്ടന്റെ നോട്ടീസ് കളക്ഷന്‍ വിസ്മയകരമായിരുന്നു. എത്രയോ തവണ പെട്ടി തുറന്ന് ഞാനാ നോട്ടീസുകള്‍ കണ്ടിരിക്കുന്നു. 
സിനിമാക്കമ്പത്തോടൊപ്പം തീക്ഷ്ണമായിരുന്നു ജോര്‍ജേട്ടന്റെ വായനാജ്വരവും. വിദേശമാസികകളുള്‍പ്പെടെ കിട്ടാവുന്ന എല്ലാ ആനുകാലികങ്ങളും സംഘടിപ്പിച്ച് വായിക്കുമായിരുന്നു. അസുഖബാധിതനായി വായന കുറഞ്ഞ കാലം വരെ ടൈം മാഗസിന്‍ വരുത്തിയിരുന്നു. പല പ്രസിദ്ധീകരണങ്ങളുടേയും ആദ്യ ലക്കം മുതല്‍ സൂക്ഷിച്ചുവച്ചിരുന്നു.

സിനിമാബാഹ്യങ്ങളായ വിഷയങ്ങളിലേയ്ക്കും - വിശേഷിച്ച് മനഃശാസ്ത്രം - ജോര്‍ജേട്ടന്റെ അന്വേഷണങ്ങള്‍ നീണ്ടു. ബിരുദത്തിന് പൊളിറ്റിക്കല്‍ സയന്‍സ് പഠിച്ച ജോര്‍ജേട്ടന്‍ ആനുകാലിക രാഷ്ട്രീയം എക്കാലത്തും സൂക്ഷ്മമായി പിന്തുടര്‍ന്നു. ഈ രാഷ്ട്രീയബോധം മറ്റാര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത തലങ്ങളില്‍ സ്വന്തം ചലച്ചിത്രങ്ങളിലൂടെ പ്രകടിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ 'പാലം അപകടത്തില്‍' എന്ന കഥയെ ആസ്പദമാക്കിയെടുത്ത 'പഞ്ചവടിപ്പാലം' ഒന്നാംതരം ആക്ഷേപ രാഷ്ട്രീയ സിനിമയായതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് വ്യതിരിക്തമായ ഈ 'ജോര്‍ജിയന്‍' കാഴ്ചപ്പാടാണ്. ഒരു കാര്‍ട്ടൂണ്‍ പോലെ എക്കാലത്തും ആ സിനിമ ആസ്വദിക്കാന്‍ കഴിയും. ഇതേ രാഷ്ട്രീയ ഉണര്‍വ്വിന്റെ മറ്റൊരു പ്രതിഫലനമാണ് 'ഇരകള്‍' എന്ന സിനിമയിലുള്ളത്. അസാമാന്യമായ ഒരു ഡിസ്റ്റോപ്പിയന്‍ രാഷ്ട്രീയ പ്രവചനം ആ സിനിമയിലുണ്ട്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനു ശേഷം നടന്ന അക്രമസംഭവങ്ങളാണ് ഇരകള്‍ക്ക് വഴിമരുന്നിട്ടതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'ആദാമിന്റെ വാരിയെല്ല്', 'ലേഖയുടെ മരണം: ഒരു ഫ്‌ലാഷ്ബാക്ക്', 'മറ്റൊരാള്‍' തുടങ്ങിയ കൃതികളിലെ പ്രകടമായ ഫെമിനിസ്റ്റ് രാഷ്ട്രീയം ആ സിനിമകള്‍ പുറത്തുവന്ന കാലത്ത് തീരെ ചര്‍ച്ച ചെയ്യപ്പെട്ടില്ല. തീര്‍ച്ചയായും കാലത്തിനു വളരെ മുന്‍പേ നടന്ന സിനിമകളായിരുന്നു അവ. 

ആദാമിന്റെ വാരിയെല്ല്
ആദാമിന്റെ വാരിയെല്ല്

സ്നേഹം നിഷേധിക്കപ്പെട്ട മനുഷ്യരുടെ അന്തര്‍ലോകങ്ങള്‍ കെ.ജി. ജോര്‍ജിന്റെ പ്രധാനപ്പെട്ട സിനിമകളിലെല്ലാം അപഗ്രഥനവിധേയമായിട്ടുണ്ട്. പരാജയപ്പെട്ട ദാമ്പത്യത്തിന്റെ നരകത്തിലകപ്പെട്ട 'സ്വപ്നാടന'ത്തിലെ ഡോക്ടര്‍ ഗോപിനാഥനും ഭാര്യ സുമിത്രയും അവരാഗ്രഹിക്കുന്ന തരത്തിലുള്ള സ്നേഹം കിട്ടാതെ ഉരുകുന്നവരാണ്. 'മേള'യിലെ കുള്ളനായ സര്‍ക്കസ് കോമാളിയുടെ ദാമ്പത്യം തകരുന്നത് ചുറ്റുമുള്ളവരുടെ വിഷലിപ്തമായ ചുഴിഞ്ഞുനോട്ടങ്ങളും പരിഹാസവും മൂലമാണ്. ഗ്രാമീണജീവിതത്തെക്കുറിച്ചുള്ള മസൃണസങ്കല്പങ്ങളെയാകെ പൊളിച്ചെഴുതുന്ന കോലങ്ങളിലെ മിക്ക കഥാപാത്രങ്ങളും പകയും വിദ്വേഷവും അസൂയയുമായി പരസ്പരം പോരടിക്കുന്നു. ആരില്‍നിന്നും സ്നേഹം ലഭിക്കാത്ത, ആരെയും സ്നേഹിക്കാന്‍ കഴിയാത്ത ഒരാളുടെ തിരോധാനത്തെ ചുറ്റിപ്പറ്റിയാണ് യവനികയുടെ പ്രമേയം മുന്നോട്ടുപോകുന്നത്.

ആത്യന്തികമായ സ്നേഹനിഷേധത്തിന്റെ കഥകളാണ് 'ലേഖയുടെ മരണം: ഒരു ഫ്ളാഷ്ബാക്ക്', 'ആദാമിന്റെ വാരിയെല്ല്', 'മറ്റൊരാള്‍' എന്നീ സിനിമകള്‍. സ്ത്രീകേന്ദ്രീകൃതമാണ് മൂന്നു സിനിമകളുടേയും  പ്രമേയങ്ങള്‍. കോടമ്പാക്കത്തെ ജീര്‍ണ്ണിച്ച കച്ചവടസിനിമാ സംസ്‌കാരത്തിന്റെ ചതിക്കുഴികളില്‍ വീണുപോകുന്ന ഒരു നടിയുടെ ജീവിതമാണ് 'ലേഖയുടെ മരണം: ഒരു ഫ്ളാഷ്ബാക്കി'ന്റെ ഇതിവൃത്തം. പെറ്റമ്മയടക്കമുള്ള ബന്ധുജനങ്ങള്‍ക്ക് ലേഖ എന്ന നടി ഒരു കറവപ്പശുവാണ്. ആത്മാര്‍ത്ഥമായി സ്നേഹിച്ച സുരേഷ് ബാബു എന്ന സംവിധായകനാകട്ടെ; അവളെ വെറുമൊരു നേരമ്പോക്കിനുള്ള പെണ്‍ശരീരമായി മാത്രമാണ് കണക്കാക്കുന്നത്. പാട്രിയാര്‍ക്കിയുടെ ക്രൂരതയാണ് ആദാമിന്റെ വാരിയെല്ലിലൂടെ കെ.ജി. ജോര്‍ജ് തുറന്നുകാട്ടുന്നത്. സമ്പന്നയായ ആലീസും ഇടത്തരക്കാരിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥ വാസന്തിയും ആലീസിന്റെ വീട്ടിലെ വേലക്കാരിയായ അമ്മിണിയും പുരുഷാധിപത്യ ലോകത്തിന്റെ നിഷ്ഠുരതയുടെ ഇരകളാണ്. ആലീസ് ആത്മഹത്യയില്‍ അഭയം തേടുന്നു. വാസന്തി മനോവിഭ്രാന്തിയുടെ യുക്തിരഹിതലോകത്തിലകപ്പെട്ട് മനോരോഗാശുപത്രിയിലെത്തുന്നു. ആലീസിന്റെ ഭര്‍ത്താവ് മാമച്ചന്റെ ലൈംഗികചൂഷണത്തിനു വിധേയയായി ഗര്‍ഭിണിയാകുന്ന അമ്മിണി റെസ്‌ക്യൂ ഹോമില്‍ ചെന്നെത്തുന്നു. സമ്പന്നവര്‍ഗ്ഗത്തിലും മധ്യവര്‍ഗ്ഗത്തിലും ഉള്ള സ്ത്രീകളേക്കാള്‍ സ്വാതന്ത്ര്യബോധം, വിദ്യാഭ്യാസമോ സമ്പത്തോ വംശമഹിമയോ അവകാശപ്പെടാനില്ലാത്ത അമ്മിണിക്കുണ്ടെന്ന് ചിത്രാന്ത്യത്തിലെ സര്‍റിയലിസ്റ്റിക് സീക്വന്‍സിലൂടെ സംവിധായകന്‍ പറഞ്ഞുവയ്ക്കുന്നു. സംവിധായകനേയും ക്യാമറയേയും മറികടന്ന്, തിരശ്ശീലയുടെ പരിമിതികള്‍ ഭേദിച്ച് പുറംലോകത്തിന്റെ അനന്തമായ സ്വാതന്ത്ര്യത്തിലേയ്ക്ക് ഓടിയടുക്കുന്ന അമ്മിണിയേയും റസ്‌ക്യൂ ഹോമിലെ അന്തേവാസികളായ മറ്റു സ്ത്രീകളേയുമാണ് പ്രശസ്തമായ ഈ സീക്വന്‍സില്‍ കെ.ജി. ജോര്‍ജ് ചിത്രീകരിച്ചിട്ടുള്ളത്. 

ഉള്‍ക്കടല്‍
ഉള്‍ക്കടല്‍


സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ അടയാളം മാത്രമല്ല, അവളുടെ അടക്കിവച്ച പ്രതിഷേധങ്ങളുടെ ശക്തമായ വിസ്ഫോടനം കൂടിയാണ് മറ്റൊരാളിലെ സുശീല എന്ന വീട്ടമ്മയുടെ പടിയിറങ്ങിപ്പോക്ക്. തിരശ്ശീലയിലെ പെണ്ണിന്റെ ഏറ്റവും വയലന്റ് ആയ പ്രതികരണം കൂടിയാണ് പുറമേയ്ക്ക് ശാന്തസുന്ദരമെന്നു തോന്നിക്കുന്ന ദാമ്പത്യജീവിതത്തില്‍ നിന്നുള്ള സുശീലയുടെ ഒളിച്ചോട്ടം. 
ഇരകളിലെ സൈക്കോപാത് സീരിയല്‍ കില്ലറായ ബേബി എന്ന ചെറുപ്പക്കാരന്‍ അളവറ്റ പണത്തിന്റെ രൂപത്തില്‍ മാത്രം സ്നേഹം അനുഭവിച്ച ഹതഭാഗ്യനാണ്. പല കാരണങ്ങളാല്‍ സ്നേഹം നിഷേധിക്കപ്പെട്ടതുകൊണ്ടു മാത്രം അപഥസഞ്ചാരിയായി മാറുകയാണ് അയാള്‍. 
മലയാളത്തിലെ മിഡില്‍ സ്ട്രീം സിനിമയുടെ പ്രയോക്താക്കളെന്ന നിലയില്‍ കെ.ജി. ജോര്‍ജിനോടൊപ്പം എപ്പോഴും പരാമര്‍ശിക്കപ്പെടാറുള്ള സംവിധായകരാണ് പത്മരാജനും ഭരതനും. വയലന്‍സും രതിയും കൈകാര്യം ചെയ്യുന്നതില്‍ ഈ മൂന്നു സംവിധായകരും വ്യത്യസ്ത രീതികളാണ് പിന്തുടര്‍ന്നത്. രതിരംഗങ്ങളെ ഏറ്റവും ഇറോട്ടിക് ആയി സമീപിക്കുക എന്നതായിരുന്നു ഭരതന്റെ ശൈലി. പത്മരാജന്റെ തിരക്കഥയില്‍ സംവിധാനം ചെയ്ത പല ചിത്രങ്ങളിലും ഈ സമീപനം ഭരതന്‍ കൈക്കൊണ്ടിരുന്നു. സംവിധായകനെന്ന നിലയില്‍ പത്മരാജന്‍ ലൈംഗികതയെ സമീപിച്ചത് ഭരതനില്‍നിന്നു തുലോം വ്യത്യസ്തമായ കാഴ്ചപ്പാടോടെയായിരുന്നു. രതിരംഗങ്ങളോടുള്ള കെ.ജി. ജോര്‍ജിന്റെ സമീപനം പലപ്പോഴും മറ്റെല്ലാ സംവിധായകരുടേതില്‍നിന്നു വ്യത്യസ്തമായിരുന്നു. ആദ്യചിത്രമായ സ്വപ്നാടനത്തിലെ പ്രധാനപ്പെട്ട ഒരു വൈകാരിക വിസ്ഫോടനം നടക്കുന്നത് ഗോപിനാഥനും സുമിത്രയും തമ്മിലുള്ള ശാരീരികവേഴ്ചയ്ക്കു ശേഷമാണ്.

എഴുപതുകളിലെ ബ്ലാക് ആന്‍ഡ് വൈറ്റ് സിനിമകളുടെ പൊതുസ്വഭാവം വച്ചു നോക്കുമ്പോള്‍ സാമാന്യം ധീരമായിത്തന്നെയാണ് കെ.ജി. ജോര്‍ജ് ഈ വേഴ്ച ചിത്രീകരിച്ചിട്ടുള്ളത്. മേളയിലെ കുള്ളനായ ഗോവിന്ദന്‍കുട്ടിയും അയാളുടെ സുന്ദരിയായ ഭാര്യയും ശാരീരികമായി പൊരുത്തമില്ലാത്തവരാണ്. അവരുടെ രതിജീവിതത്തിലേയ്ക്ക് മറ്റുള്ളവര്‍ ഒളിഞ്ഞുനോക്കാന്‍ തുടങ്ങുമ്പോഴാണ് സൂക്ഷ്മാര്‍ത്ഥത്തില്‍ മേളയിലെ വൈകാരിക പ്രതിസന്ധികള്‍ ആരംഭിക്കുന്നത്. യവനികയിലെ കേന്ദ്രകഥാപാത്രമായ തബലിസ്റ്റ് അയ്യപ്പന്‍ ഒരേസമയം അക്രമാസക്തനും ഭീരുവുമാണ്. സ്ത്രീകളോടുള്ള അയാളുടെ സമീപനം തികച്ചും മനുഷ്യവിരുദ്ധമാണ്. നാടകട്രൂപ്പിലെ ഒരു നടിയോട് അയാള്‍ അപമര്യാദയായി പെരുമാറുന്നുണ്ട്. എപ്പോഴും ബലാല്‍ക്കാരത്തിനൊരുങ്ങിയിരിക്കുന്ന ഒരാളാണ് അയ്യപ്പന്‍. നാടകത്തില്‍ അഭിനയിപ്പിക്കാന്‍ വേണ്ടി ഒരു പാവപ്പെട്ട വീട്ടില്‍നിന്നിറക്കിക്കൊണ്ടുവന്ന രോഹിണിയെ അയാള്‍ ബലാല്‍ക്കാരമായി പ്രാപിക്കുന്ന സീക്വന്‍സ് സിനിമയില്‍ അത്ര എക്സ്പ്ലിസിറ്റായല്ല, ജോര്‍ജ് ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍, രോഹിണി അയ്യപ്പനെ കൊലപ്പെടുത്തുന്ന സീന്‍ അക്ഷരാര്‍ത്ഥത്തില്‍ രക്തരൂഷിതമാണുതാനും. 
താരപരിവേഷമാര്‍ജ്ജിക്കുന്നതുവരെ നിരന്തരമായി ലൈംഗികചൂഷണത്തിനു വിധേയയാകുന്ന ഒരു എക്സ്ട്രാ നടിയായിട്ടാണ് ലേഖയുടെ മരണത്തിലെ നായികയെ അവതരിപ്പിച്ചിട്ടുള്ളത്. പക്ഷേ, ഒരു സീനില്‍പ്പോലും അവയുടെ വിശദാംശങ്ങള്‍ കാണിക്കാന്‍ സംവിധായകന്‍ മുതിര്‍ന്നിട്ടില്ല. 


'ആദാമിന്റെ വാരിയെല്ല്' എന്ന ചിത്രത്തിലെ മൂന്നു സ്ത്രീകഥാപാത്രങ്ങളും സാഡിസത്തിലധിഷ്ഠിതമായ ലൈംഗികജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ബിസിനസ് താല്പര്യങ്ങള്‍ക്കായി ഭാര്യയെ മറ്റുള്ളവര്‍ക്കു കാഴ്ചവയ്ക്കാന്‍ മാത്രം അധമമായ മനസ്സാണ് ആലീസിന്റെ ഭര്‍ത്താവ് മാമച്ചന്റേത്. അവരുടെ വീട്ടിലെ വേലക്കാരി അമ്മിണി മാമച്ചന്റെ നിരന്തരമായ ലൈംഗികചൂഷണത്തിനു വിധേയയാകുന്നു. വാസന്തിയുടെ ഭര്‍ത്താവ് ആല്‍ക്കഹോളിക്കാണ്. മദ്യപിച്ചു ബോധംകെട്ടുറങ്ങുന്ന അയാള്‍ ലഹരിയൊഴിയുന്ന കൊച്ചുവെളുപ്പാന്‍ കാലത്ത് ഭാര്യയെ പ്രാപിക്കുന്ന ഒരു സീക്വന്‍സ് അത്രമേല്‍ വിശദാംശങ്ങളില്ലാതെ ചിത്രീകരിച്ചിട്ടുണ്ട്. വാസന്തിയുടെ പേക്കിനാവുപോലെയാണ് അവള്‍ക്കുമേല്‍ സുരതക്രിയ ചെയ്യുന്ന ഭര്‍ത്താവ് പ്രത്യക്ഷപ്പെടുന്നത്. 'ആദാമിന്റെ വാരിയെല്ലി'ലെ മറ്റു ചില സീക്വന്‍സുകളുടെ സര്‍റിയലിസ്റ്റിക് സ്വഭാവം ഇവിടെയും കാണാം. ഏറ്റവും ഭയാനകമായ രീതിയില്‍ കെ.ജി. ജോര്‍ജ് വയലന്‍സ് ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് ഇരകള്‍. ബേബി എന്ന കഥാപാത്രത്തിന്റെ അക്രമാസക്തമായ മനസ്സിന്റെ ഉപോല്പന്നമെന്നപോലെയാണ് അയാളുടെ രതിജീവിതവും ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. അയല്‍വാസിയായ നിര്‍മ്മല എന്ന പെണ്‍കുട്ടിയോടുള്ള ബേബിയുടെ ബന്ധത്തില്‍ പ്രണയത്തിന്റെ കണികപോലുമില്ല. തരം കിട്ടുമ്പോഴൊക്കെ നിര്‍മ്മലയെ വന്യമായി പ്രാപിക്കുന്ന ബേബി അവള്‍ മറ്റൊരാളുടെ ഭാര്യയാകാന്‍ തീരുമാനിക്കുമ്പോള്‍ അക്രമാസക്തനാകുന്നു. മറ്റൊരവസരത്തില്‍ ആരോടോ പ്രതികാരം ചെയ്യാനെന്നതുപോലെ ബേബി ഒരു ഗ്രാമീണ അഭിസാരികയെ സമീപിക്കുന്നു.

തികച്ചും യാന്ത്രികമായി വേഴ്ചയ്ക്കൊരുങ്ങുന്ന അവളുടെ കുഞ്ഞിനെ കാണുന്നതോടെ ബേബി അവിടെനിന്നു മടങ്ങിപ്പോകുന്നു. ബേബിയുടെ മൂത്ത സഹോദരി ആനി നിംഫോമാനിയാക്ക് ആണ്. തറവാട്ടു വീട്ടിലെ ആശ്രിതനും വേലക്കാരനുമായ ഉണ്ണൂണ്ണി എന്ന അരോഗദൃഢഗാത്രനുമായി ആനി ശാരീരികബന്ധം പുലര്‍ത്തുന്നുണ്ടെന്നറിയുന്ന ബേബി അയാളെ വകവരുത്തുന്നു. ഇത്രയും വിശദമായി ലൈംഗികത ചര്‍ച്ചചെയ്യുന്നുണ്ടെങ്കിലും ഇരകളുടെ ഒരു സീക്വന്‍സിന്റെ ചിത്രീകരണത്തില്‍പ്പോലും സംവിധായകന്‍ മിതത്വം കൈവിടുന്നില്ല. ലൈംഗികതയുടെ ആവിഷ്‌കാരത്തില്‍ കെ.ജി. ജോര്‍ജ് എക്സ്പ്ലിസിറ്റ് അല്ല ഇറോട്ടിക്കും അല്ല എന്നു പറയാം. ഈ രണ്ടു സമീപനങ്ങള്‍ക്കും അപ്പുറത്തുള്ള ഒരു തലത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം സിനിമയിലെ രതിയെ നോക്കിക്കാണുന്നത്. 

കെ.ജി. ജോര്‍ജ്
കെ.ജി. ജോര്‍ജ്


കെ.ജി. ജോര്‍ജിന്റെ ഏറ്റവും അവസാനത്തെ സംവിധാനസംരംഭമായ ഇലവങ്കോടുദേശം (1998) പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായി പൂര്‍ത്തീകരിച്ചതുകൊണ്ട് സാമ്പത്തികമായും കലാപരമായും പരാജയപ്പെട്ടു. തീര്‍ച്ചയായും ഈ ചിത്രത്തെ അദ്ദേഹത്തിന്റെ 'ഹംസഗീത'മായി കണക്കാക്കാനാകില്ല. 1991-ല്‍ ദൂരദര്‍ശനുവേണ്ടി അദ്ദേഹം സംവിധാനം ചെയ്ത 'യാത്രയുടെ അന്ത്യം' എന്ന ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാണ് യഥാര്‍ത്ഥത്തില്‍ കെ.ജി. ജോര്‍ജിന്റെ കയ്യൊപ്പു പതിഞ്ഞ അവസാന ചിത്രം. പാറപ്പുറത്തിന്റെ 'കോട്ടയം-മാനന്തവാടി' എന്ന കഥയെ ആസ്പദമാക്കി മെനഞ്ഞെടുത്ത ഈ സിനിമാജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള ഉല്‍കൃഷ്ടമായ ഒരു ദാര്‍ശനികതലത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.

 
കെ.ജി. ജോര്‍ജ് ജീവിതത്തിന്റെ അരങ്ങൊഴിയുമ്പോള്‍ വ്യക്തിപരമായി വലിയ നഷ്ടബോധം തോന്നുന്നുണ്ട്. കുറച്ചു വര്‍ഷങ്ങളായി ജോര്‍ജേട്ടന്‍ ബൗദ്ധികമായ മൗനത്തിന്റെ യവനികയ്ക്കപ്പുറം ജീവിക്കാന്‍ തൂടങ്ങിയപ്പോള്‍ത്തന്നെ ആ വേദന ഉള്ളില്‍ പടര്‍ന്നിരുന്നു. ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും നല്ല കമ്യൂണിക്കേറ്റര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. സിനിമാലോകത്ത് എന്തെങ്കിലും നേടാന്‍ വേണ്ടി അദ്ദേഹവുമായുള്ള ബന്ധം ദുരുപയോഗപ്പെടുത്തിയിട്ടില്ല. ഏറെ വൈയക്തികമായിരുന്നു ആ ബന്ധം. വ്യക്തിപരമായി പലതരത്തില്‍ എന്നെ ചേര്‍ത്തു നിര്‍ത്തുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്.

ഞാന്‍ ചോദിക്കാതെ തന്നെ വിലപ്പെട്ട പുസ്തകങ്ങള്‍ എനിക്കു സമ്മാനിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും മൂല്യമുള്ളത് റിച്ചാഡ് റൗഡ് എഡിറ്റു ചെയ്ത സിനിമ: 'എ ക്രിട്ടിക്കല്‍ ഡിക്ഷണറി' എന്ന പുസ്തകത്തിന്റെ രണ്ടു വോള്യങ്ങളാണ്. അവയില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പുമുണ്ട്. ''നീ കൊണ്ടുപൊയ്ക്കോ, നിനക്കിതിന്റെ ആവശ്യം വരും'', എന്നു പറഞ്ഞ് ഷെല്‍ഫില്‍ നിന്നെടുത്തു തന്ന ആ പുസ്തകങ്ങള്‍ നിധിപോലെ സൂക്ഷിക്കുന്നു. എപ്പോഴും റഫര്‍ ചെയ്യുന്നു. അത്തരം ഭൗതികമായ സമ്മാനങ്ങള്‍ക്കപ്പുറമായിരുന്നു ധൈഷണികതലത്തില്‍ ജോര്‍ജേട്ടന്റെ സാന്നിദ്ധ്യം. വാര്‍ദ്ധക്യം അനിവാര്യമായ ഒരു ജീവിതഘട്ടമാണ്; മരണവും. പക്ഷേ, അത്രമാത്രം ധിഷണയും നിരീക്ഷണപാടവവും നര്‍മ്മബോധവും ഉള്ള ഒരാളുടെ നീണ്ട നിശ്ശബ്ദത താങ്ങാനാകാവുന്നതിലുമപ്പുറമായിരുന്നു.

കെ.ജി. ജോര്‍ജ് നിശ്ശബ്ദനായിരുന്ന വര്‍ഷങ്ങള്‍ മലയാളസിനിമയുടെ നഷ്ടമായിരുന്നു. പക്ഷേ, അക്കാലത്തും പുതിയ തലമുറയിലെ സിനിമാസ്വാദകരും ചലച്ചിത്രപ്രവര്‍ത്തകരും ഗവേഷകരും അദ്ദേഹത്തെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സിനിമാജീവിതത്തില്‍നിന്നു പിന്‍വാങ്ങി കാല്‍നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇത്തരമൊരു അന്വേഷണം ഉണ്ടാകുന്നത് ഒരു ചലച്ചിത്രകാരനു ലഭിക്കുന്ന വലിയ അംഗീകാരം തന്നെയാണ്. കെ.ജി. ജോര്‍ജിന്റെ പല സിനിമകളും ചലച്ചിത്ര പാഠപുസ്തകങ്ങളാണ്. വരുംതലമുറ കെ.ജി. ജോര്‍ജ് എന്ന ചലച്ചിത്രഗ്രന്ഥം തന്നെ പഠിക്കട്ടെ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com