സ്വപ്നനാടനം മുതല്‍ മറ്റൊരാള്‍ വരെ

സ്വപ്നനാടനം മുതല്‍ മറ്റൊരാള്‍ വരെ

മലയാള സിനിമയേയും മലയാളികളുടെ സിനിമാഭാവുകത്വത്തേയും ഒരുപോലെ പുതുക്കിപ്പണിത സംവിധായകനാണ് കെ.ജി. ജോര്‍ജ്. കഥകളേയും കഥാപാത്രങ്ങളേയും തനതും വ്യത്യസ്തവുമായ ഒരു വീക്ഷണകോണിലൂടെയാണ് അദ്ദേഹം നോക്കിക്കണ്ടതും അവതരിപ്പിച്ചതും. മറ്റൊരാളുടെ കഥയായാലും തന്റെ തന്നെ മനസ്സില്‍ മുളയിട്ട കഥാബീജമായാലും അതിനെ വികസിപ്പിച്ച് ഒരുക്കിയെടുക്കുന്ന മാസ്മരികമായ ഒരു രാസവിദ്യ അദ്ദേഹത്തിനുണ്ട്. 1976-ല്‍ പുറത്തിറങ്ങിയ ആദ്യചിത്രമായ 'സ്വപ്നാടനം' തന്നെ കെ.ജി. ജോര്‍ജ് എന്ന പ്രതിഭയുടെ വ്യതിരിക്തമായ സിനിമാസമീപനത്തെ വെളിവാക്കുന്നു.

സ്വപ്നാടനം- ക്യാമറാമാന്‍
രാമചന്ദ്ര ബാബു സാമൂഹ്യ
മാധ്യമത്തില്‍ പങ്കുവച്ച ചിത്രം

മുഹമ്മദ് സൈക്കോ എന്ന സുപ്രസിദ്ധ മനഃശാസ്ത്രജ്ഞന്റെ കഥാതന്തുവിന് തിരക്കഥ തീര്‍ത്തത് പമ്മന്റെ കൂടെച്ചേര്‍ന്നാണ്. നിവൃത്തികേട്‌കൊണ്ട് മുറപ്പെണ്ണിനെ വിവാഹം ചെയ്യേണ്ടിവരുന്ന ഡോക്ടര്‍ ഗോപിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. വിവാഹാനന്തരം ഗോപിക്കും സുമിത്രയ്ക്കുമിടയിലുണ്ടാവുന്ന പൊരുത്തക്കേടുകളും കലഹങ്ങളുമാണ് ചിത്രത്തിന്റെ സിംഹഭാഗവും. സ്വന്തം പേരുപോലും മാറിപ്പറയുന്ന, ഭൂതകാലം നഷ്ടപ്പെട്ട മാനസികനിലയിലുള്ള കഥാനായകനെ നമ്മള്‍ ആദ്യം കാണുന്നത് മദിരാശിയിലെ ഒരു മനോരോഗകേന്ദ്രത്തിലാണ്.

അവിടന്നങ്ങോട്ട് ഗോപിയുടെ വിവാഹ ജീവിതത്തിന്റെ ഒരു നീണ്ട ഫ്‌ലാഷ് ബാക്കും പ്രണയകാലത്തിന്റെ ഫ്‌ലാഷ് ബാക്കും വര്‍ത്തമാനകാലത്തുനിന്ന് കൂട്ടിയിണക്കുന്ന ഒരു രീതിയാണ് ചിത്രത്തില്‍ അവലംബിച്ചിട്ടുള്ളത്; ഏതാനും മിനിറ്റുകള്‍ നമ്മെ അമ്പരപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഒരു ക്ലൈമാക്‌സും.

ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളും നഷ്ടപ്രണയത്തിന്റെ വേദനകളുമൊക്കെ തികച്ചും സാധാരണമായ ഇതിവൃത്തമാണ്. എന്നാല്‍, സിനിമയുടെ ട്രീറ്റാണ് ഇതിനെ നവ്യാനുഭവമാക്കി മാറ്റുന്നത്. നാര്‍ക്കോ അനാലിസിസ് ഉപയോഗിച്ച് കഥ പറയുന്ന ആദ്യ മലയാള സിനിമയായിരുന്നു സ്വപ്നാടനം. കേന്ദ്രകഥാപാത്രമായ ഡോ. ഗോപിയായി പുതുമുഖം എന്നു പറയാവുന്ന ഡോ. മോഹന്‍ദാസിനെ കാസ്റ്റ് ചെയ്തതും കെ.ജി. ജോര്‍ജിന്റെ ദീര്‍ഘവീക്ഷണമാണ്. മോഹന്‍ദാസിന് അരവിന്ദന്റെ 'ഉത്തരായന'ത്തില്‍ അഭിനയിച്ച പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. തന്റെ കഥാപാത്രത്തിനു യോജിച്ച രൂപഭാവങ്ങള്‍ മോഹന്‍ദാസില്‍ അദ്ദേഹം കണ്ടു. റാണിചന്ദ്രയുടെ കാസ്റ്റിങ്ങും ഉചിതമായിരുന്നു. അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു സുമിത്ര. ആദ്യ ചിത്രത്തിനു തന്നെ മികച്ച പ്രാദേശികചിത്രത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം! ഏതു സംവിധായകനും അസൂയ തോന്നുന്ന സ്വപ്നതുല്യമായൊരു നേട്ടം. 'സ്വപ്നാടന'ത്തിന്റെ വിജയത്തെത്തുടര്‍ന്ന് ആ വര്‍ഷം തന്നെ അഞ്ച് ചിത്രങ്ങളാണ് കെ.ജി. ജോര്‍ജ് സംവിധാനം ചെയ്തത്.

'80-കളിലാണ് ജോര്‍ജിന്റെ സിനിമകള്‍ പ്രേക്ഷകഹൃദയങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കിയത്. ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, മറ്റൊരാള്‍...പ്രമേയത്തിന്റെ കാര്യത്തിലായാലും മേക്കിങ്ങിന്റേയും ട്രീറ്റിന്റേയും കാര്യത്തിലായാലും ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു ഓരോന്നും. ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍. ഓരോന്നിനെക്കുറിച്ചും വിശദമാക്കുകയാണെങ്കില്‍ ഇടവും സമയവും മതിയാവുകയില്ല. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ മലയാളികള്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത ഒരു വിസ്മയമാണ് 'യവനിക.' ഒരേസമയം കലാപരമായ മികവ് പുലര്‍ത്തുകയും ജനസമ്മതി നേടുകയും ചെയ്ത ചിത്രം. നാടകത്തിലൂടെ ഒരു സിനിമ പറയുന്നു. സിനിമയ്ക്കുള്ളില്‍ മറ്റൊരു നാടകവും സംഭവിക്കുന്നു.

തുടക്കം മുതല്‍ ഒടുക്കം വരെ വിട്ടുപോകാതെ പ്രേക്ഷകര്‍ നോക്കിയിരുന്ന സിനിമ. ഇത്രമേല്‍ സുന്ദരമായി ഒരു ക്രൈംത്രില്ലര്‍ മലയാളത്തില്‍ മറ്റാരെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്. പ്രണയവും സംഗീതവും വേദനകളും പൂത്തുലയുന്ന ഒരു ത്രില്ലര്‍. നാടക റിഹേഴ്സല്‍ ക്യാമ്പും നാടകവേദിയുമാണ് ചിത്രത്തിന്റെ മുക്കാല്‍പങ്കും. പിന്നെ മനസ്സില്‍നിന്നും ഓടിക്കൊണ്ടിരിക്കുന്ന ഒരു നാടകവണ്ടിയും... ഭാവനാ തിയേറ്റേഴ്സ്. ഭരത് ഗോപി, തിലകന്‍, നെടുമുടിവേണി, വേണു നാഗവള്ളി, ജലജ, ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍... ഓരോരുത്തരും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു. എം.ബി.എസിന്റെ പശ്ചാത്തല സംഗീതവും എടുത്തുപറയേണ്ടതാണ്. ഹാര്‍മോണിയത്തിന്റേയും തബലയുടേയും മറ്റും നാദവീചികള്‍ സിനിമയുടെ തുടക്കം തൊട്ട് തന്നെ നമ്മെ ഒരു നാടകലോകത്തിനകത്തെത്തിക്കുന്നു.

ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും കെ.ജി. ജോര്‍ജിന്റേതു തന്നെയായിരുന്നു. കൃതഹസ്തനായ നാടകകൃത്ത് എസ്.എല്‍. പുരം സദാനന്ദനെത്തന്നെ സംഭാഷണം ഏല്പിച്ചത് സംവിധായകന്റെ ഔചിത്യം. രാമചന്ദ്രബാബുവിന്റെ ഛായാഗ്രഹണവും ഈ ചിത്രത്തിന്റെ മിഴിവു കൂട്ടി. 1982-ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും കഥയ്ക്കുള്ള അവാര്‍ഡും യവനിക സ്വന്തമാക്കി. തിലകന്‍ മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടു.പുരസ്‌കാരങ്ങള്‍ അംഗീകാരങ്ങളും പ്രോത്സാഹനങ്ങളുമാണെങ്കിലും പലപ്പോഴും അവ നിരര്‍ത്ഥകങ്ങളാകുന്ന സന്ദര്‍ഭങ്ങളുമുണ്ട്. യവനിക കണ്ട ആരുംതന്നെ ഭരത് ഗോപിയുടെ തബലിസ്റ്റ് അയ്യപ്പനെ മറക്കില്ല.

നേരത്തെ പറഞ്ഞ നടന്മാര്‍ എല്ലാവരും മത്സരിച്ചഭിനയിച്ചിട്ടും അയ്യപ്പന്‍ വേറിട്ടുനിന്നു. ഒന്നാന്തരം തബലവാദകനായും മദ്യപനായും റേപ്പിസ്റ്റായും ഗോപി പകര്‍ന്നാടി. അത്രയ്ക്കും മികവാര്‍ന്നതായിരുന്നു ജോര്‍ജിന്റെ പാത്രസൃഷ്ടി. ത്രസിപ്പിക്കുന്ന ഒരു കഥ. സീനുകള്‍ ഒന്നില്‍നിന്നൊന്നിലേയ്ക്ക് ഇഴചേര്‍ന്നു പകര്‍ന്നുപോകുന്ന തിരക്കഥ. അകവും പുറവും ചലനങ്ങളും മാനറിസവും സൂക്ഷ്മതലത്തില്‍ നെയ്‌തെടുത്തുള്ള പാത്രസൃഷ്ടികള്‍.

ഇരകള്‍
ഇരകള്‍

സമൂഹത്തേയും വ്യക്തിയേയും സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള പാടവം...മനുഷ്യമനസ്സുകളിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലാനുള്ള മിടുക്ക് - ഇവ രണ്ടും ആണ് കെ.ജി. ജോര്‍ജ് എന്ന തിരക്കഥാകൃത്തിന്റേയും സംവിധായകന്റേയും സവിശേഷ ശക്തികള്‍. തബലിസ്റ്റ് അയ്യപ്പന്‍ എന്ന ബോണ്‍ ക്രിമിനലിനെ സൃഷ്ടിച്ച അദ്ദേഹം തന്നെ 'ഇര'കളിലൂടെ ബേബി എന്ന സൈക്കോപാത്തിനേയും നമുക്കു കാണിച്ചുതന്നു. 'ഇരക'ളെ വേണമെങ്കില്‍ ഒരു സൈക്കോ ത്രില്ലര്‍ മൂവി എന്ന് പുതിയ ഭാഷയില്‍ വിളിക്കാം. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുള്ളത് എന്നത് വലിയൊരു പ്രത്യേകതയാണ്. തിലകനും സുകുമാരനും നെടുമുടിയും ശ്രീവിദ്യയുമെല്ലാം അണിനിരന്ന ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ സൈക്കോപാത്തായി ഗണേഷ്‌കുമാര്‍ പ്രത്യക്ഷപ്പെടുന്നു. ഗണേഷിന്റെ ആദ്യ ചിത്രം.

കെ.ജി. ജോര്‍ജിന്റെ എല്ലാ സിനിമകളിലും ഉള്ളതുപോലെ. രണ്ടോ മൂന്നോ തലങ്ങള്‍ ഇരകള്‍ക്കും ഉണ്ട്. തികച്ചും സാധാരണക്കാരനായ ഒരു പ്രേക്ഷകന് ഒരു മാനസിക വിഭ്രാന്തിയുള്ള കൊലപാതകിയുടെ നീക്കങ്ങളും അയാള്‍ നടത്തുന്ന പാതകങ്ങളും അതിനു പിന്നാലെ വരുന്ന അന്വേഷണങ്ങളുമൊക്കെ കണ്ട് കണ്ണിമായ്ക്കാതെ സിനിമ നോക്കിയിരിക്കാം. അതേസമയം ഒരു ഒരു വീടിന്റെ അന്തരീക്ഷം, അവിടത്തെ ജീവിതരീതി, ബന്ധങ്ങള്‍, പാരസ്പര്യം, തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം, പുറമേക്ക് പകിട്ടും അകമേ ഛിദ്രമാകുന്ന ബന്ധങ്ങളും... ഇങ്ങനെയൊക്കെ ഒരു സാമൂഹ്യതലത്തിലും ഈ സിനിമ കാണാനാവും. അതിനുമപ്പുറം മനുഷ്യന്‍ എന്ന പ്രതിഭാസത്തെ അതിന്റെ സങ്കീര്‍ണ്ണ മാനസികഘടനയെ അഴിച്ചെടുക്കാന്‍, പലപ്പോഴും മൃഗതുല്യമാവുന്ന അതിന്റെ മാനസികാവസ്ഥയെ അനാവരണം ചെയ്യാന്‍ അദ്ദേഹം സമര്‍ത്ഥമായി ശ്രമിച്ചിരിക്കുന്നു. ഷൂട്ടിംഗ്സെറ്റിലെ സ്റ്റാന്‍ഡിലോ ട്രോളിക്ക് മുകളിലോ അല്ല പലപ്പോഴും കെ.ജി. ജോര്‍ജ് മനുഷ്യമനസ്സിനകത്താണ് തന്റെ ക്യാമറ വച്ചിരിക്കുന്നത്.

കെ.ജി. ജോര്‍ജ് എന്ന സംവിധായകന് പല വിശേഷണങ്ങളുമുണ്ട്. മനഃശാസ്ത്രജ്ഞനായ സംവിധായകന്‍, സ്ത്രീപക്ഷ സംവിധായകന്‍, ശാഠ്യക്കാരനായ സംവിധായകന്‍, വിട്ടുവീഴ്ചയില്ലാത്ത സംവിധായകന്‍, അങ്ങനെയങ്ങനെ... ജോര്‍ജിന്റെ സിനിമകള്‍ മനുഷ്യപക്ഷമാകുമ്പോള്‍ തന്നെ എപ്പോഴും സ്ത്രീപക്ഷമാണ്. സ്ത്രീയുടെ കണ്ണിലൂടെ, മനസ്സിലൂടെ സിനിമയേയും സമൂഹത്തേയും കാണുക എന്നുള്ളത് ഒട്ടും ചെറിയൊരു കാര്യമായിരുന്നില്ല '70-കളുടെ മാധ്യമങ്ങളിലും '80-കളിലും. 'ആദാമിന്റെ വാരിയെല്ല്' മൂന്നു തരത്തില്‍ മൂന്നു തലങ്ങളില്‍ ജീവിക്കുന്ന സ്ത്രീകളുടെ കഥയാണ്.

പ്രതിരോധത്തിന്റെ കഥകള്‍

അവരുടെ നിസ്സഹായതയുടെ കഥയാണ്. അവരുടെ പ്രതിരോധത്തിന്റെ കഥയാണ്.ഈ സിനിമയുടെ ക്ലൈമാക്‌സ് സ്വന്തം സ്വാതന്ത്ര്യത്തിലേക്ക് മനസ്സുകൊണ്ടെങ്കിലും പൊട്ടിയൊഴുകുന്ന ഒരു സ്ത്രീയുടെ അല്ലെങ്കില്‍ സ്ത്രീസമൂഹത്തിന്റെ പുഴയായാണ് അനുഭവപ്പെടുന്നത്. 'മറ്റൊരാ'ളിലെ ഭാര്യയെ ഒരുപക്ഷേ, മലയാളി സമൂഹത്തിന് ന്യായീകരിക്കാനാവില്ല. അവളിലെ കാമുകിയെ അംഗീകരിക്കാനാവില്ല. പക്ഷേ, അവള്‍ക്ക് തീരുമാനമുണ്ട്. നിലപാടുണ്ട്. താന്‍ പറയണമെന്ന് കരുതുന്ന കാര്യങ്ങള്‍ വിചാരിക്കുന്ന അതേ രീതിയില്‍തന്നെ സിനിമയിലൂടെ സമൂഹത്തോട് പറയണം എന്ന ശാഠ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

തന്റെ ഇഷ്ടത്തിന് സിനിമ ചെയ്യാന്‍ തയ്യാറാവുന്ന നിര്‍മ്മാതാക്കളോട് മാത്രമേ അദ്ദേഹം സഹകരിച്ചിരുന്നുള്ളൂ. അല്ലാതെ ഒരുപാട് അവസരങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടുപോയെന്ന് ഒരിക്കലും അദ്ദേഹം ഖേദിച്ചിട്ടില്ല. തന്നോട്‌പോലും ഒരു വിട്ടുവീഴ്ചയും അദ്ദേഹം ചെയ്തിട്ടില്ല എന്നുവേണം കരുതാന്‍. ജോര്‍ജിന്റെ ഉള്‍ക്കടലില്‍ എപ്പോഴും സംഗീതം അലയടിച്ചിരുന്നു. സമാന്തര സിനിമകളില്‍ ചലച്ചിത്രഗാനങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഒരു പോരായ്മയായി പല സംവിധായകരും കരുതിയിരുന്നു. ചലച്ചിത്രഗാനങ്ങളുടെ ലാവണ്യം, സൗന്ദര്യം... അത് മലയാളികളുടെ ഹൃദയവികാരമാണെന്നു തിരിച്ചറിഞ്ഞ ഒരു സംവിധായകനായിരുന്നു കെ.ജി. ജോര്‍ജ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ സിനിമകളിലും ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഗാനങ്ങളെ എങ്ങനെയാണ് ഒരു ചലച്ചിത്രത്തില്‍ അസ്വാഭാവികമായല്ലാതെ ചേര്‍ക്കുക എന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. ഉള്‍ക്കടലും യവനികയും ലേഖയുടെ മരണവും എല്ലാം അതിനുദാഹരണങ്ങളാണ്. മലയാള സംഗീതലോകത്തിന് അദ്ദേഹം സംഭാവനചെയ്ത ഗാനങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും കാലാതീതമായ സൗന്ദര്യശില്പങ്ങളാണ്. .എന്‍.വിയും എം.ബി.എസും മിക്കപ്പോഴും അദ്ദേഹത്തിന്റെ ഗാനത്തിന്റെ രണ്ടു ചിറകുകളായിരുന്നു; മിഴികളില്‍ നിറകതിരായും സ്‌നേഹം മൊഴികളില്‍ സംഗീതമായും.

എം.ബി.എസ്
എം.ബി.എസ്
ഒ.എന്‍.വി
ഒ.എന്‍.വി

.എന്‍.വിയുടേയും എം.ബി.എസിന്റേയും യേശുദാസിന്റേയും രാസലായനിക്കൂട്ട്. അങ്ങനെയെത്ര പാട്ടുകള്‍...

''ഇനിയും പകല്‍കിളി പാട്ടു പാടും

ഇനിയും ത്രിസന്ധ്യ പൂ ചൂടി നില്‍ക്കും

ഇനിയും ഈ നമ്മള്‍ നടന്നുപോകും വഴിയില്‍ വസന്തമലര്‍ കിളികള്‍...''

ചിറകാര്‍ന്ന സ്വപ്നങ്ങളേ... നന്ദി!?

ഈ ലേഖനം വായിക്കാന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com