‘‘ലൈംഗികതയെക്കുറിച്ചുള്ള തുറന്നെഴുത്തുകള്‍ ഫെമിനിസ്റ്റ് രചനകളല്ല’’

ഫെമിനിസ്റ്റ് സാഹിത്യത്തെ ഒരു നിര്‍വ്വചനത്തില്‍ ഒതുക്കാന്‍ പറ്റില്ല. സ്വതന്ത്രമായി ചിന്തിക്കുന്ന സ്ത്രീയെക്കുറിച്ച് എഴുതുന്നത് തീര്‍ച്ചയായും ഫെമിനിസമാണ്
‘‘ലൈംഗികതയെക്കുറിച്ചുള്ള തുറന്നെഴുത്തുകള്‍ ഫെമിനിസ്റ്റ് രചനകളല്ല’’

ടീച്ചര്‍ എഴുതിത്തുടങ്ങിയിട്ട് അന്‍പത് വര്‍ഷങ്ങള്‍ കഴിയുന്നു. അതിനിടയില്‍ എഴുത്തിലും ജീവിതത്തിലും നിരവധി പ്രതിസന്ധികള്‍ നേരിട്ടു. എഴുത്തുകാരി ആവേണ്ടിയിരുന്നില്ല എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

50 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി എഴുതിയിട്ടില്ല. ഇടയ്ക്കിടയ്ക്ക് എഴുത്തിന് ബ്രേക്കുകള്‍ ഉണ്ടാകുമായിരുന്നു. ഒരുപാട് തടസ്സങ്ങളും പ്രയാസങ്ങളും ഉണ്ടായിരുന്നെങ്കിലും എഴുത്തുകാരി ആവേണ്ടിയിരുന്നില്ല എന്ന് ഒരിക്കലും ഞാന്‍ ആലോചിച്ചിട്ടില്ല. എന്റെ മനസ്സിലുള്ളതെല്ലാം എഴുതാന്‍ കഴിയുന്നില്ലല്ലോ എന്ന ദുഃഖം മാത്രമെ ഉള്ളൂ. വലിയ പ്രതിസന്ധികളൊക്കെ വന്നപ്പോള്‍ വേദനിച്ചിട്ടുണ്ട്. എഴുത്ത് നിര്‍ത്തിയാലോ എന്ന് ആലോചിച്ചിട്ടുണ്ട്, ഒരിക്കല്‍ എഴുത്ത് നിര്‍ത്തുകയും ചെയ്തു. പതിമൂന്നു വര്‍ഷം ഞാന്‍ എഴുത്തില്‍ നിശ്ശബ്ദയായിരുന്നു. ഞാന്‍ ആഗ്രഹിച്ച രീതിയില്‍ എഴുതാന്‍ കഴിഞ്ഞില്ല. കാരണം അമ്മയുടെ യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചതും വളര്‍ന്നതും. വീട്ടിനുള്ളില്‍ ഒരുപാട് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. അച്ഛന്‍ മാത്രമേ എന്നെ മനസ്സിലാക്കിയിരുന്നുള്ളൂ. വായിക്കാനും എഴുതാനും പ്രസിദ്ധീകരിക്കാനും ഒക്കെ പ്രേരിപ്പിച്ചത് അച്ഛനായിരുന്നു. കഥകള്‍ അച്ചടിച്ചുവരാന്‍ തുടങ്ങിയപ്പോള്‍ പലരും എതിര്‍ത്തു. ചില അദ്ധ്യാപകരുടെ പരിഹാസവും വിമര്‍ശനവും കേള്‍ക്കേണ്ടിവന്നു. അതൊക്കെ വല്ലാതെ ബാധിച്ചു. എങ്കിലും എഴുത്ത് എന്റെ നിയോഗം തന്നെയായിരുന്നു.

എഴുതിത്തുടങ്ങുന്ന സമയത്ത്, മലയാളത്തില്‍ സ്ത്രീഎഴുത്തിന്റെ വസന്തകാലമായിരുന്നു. ധാരാളം സ്ത്രീ എഴുത്തുകാര്‍ അന്ന് ഉണ്ടായിരുന്നു. അതിനിടയില്‍ എനിക്കും ഒരു സ്ഥാനം കിട്ടി. കാമ്പിശ്ശേരി കരുണാകരനെപ്പോലുള്ള വലിയ പത്രാധിപന്മാര്‍ കാണാന്‍ വീട്ടില്‍ വന്നിട്ടുണ്ട്. എം.ടിയുടെ കത്തുകള്‍ കിട്ടിയിരുന്നു. അങ്ങനെയുള്ള അംഗീകാരങ്ങള്‍ കിട്ടിയ സന്ദര്‍ഭമായിരുന്നു അത്. പക്ഷേ, സമൂഹം എന്നെ മുന്നോട്ടുപോകാന്‍ അനുവദിച്ചില്ല. എം. കൃഷ്ണന്‍ നായര്‍ എന്നെ നന്നായി ആക്രമിച്ചു. ആ സമയത്താണ് ആര്‍ത്തവസമയത്ത് സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന രീതിയെ അപഹസിച്ചുകൊണ്ട് 'മുരിക്കിന്‍ പൂവുകള്‍' എന്ന കഥ വന്നത്. അത് വായിച്ച് ഒരു അദ്ധ്യാപിക ക്ലാസ്സില്‍ വച്ച് എന്നെ അപമാനിക്കുകയുണ്ടായി. പിന്നീട് 'ധ്രുവങ്ങള്‍' എന്ന കഥ 'മലയാളനാട്ടി'ല്‍ വന്നു. അതില്‍ അശ്ലീലമെന്നു തോന്നുന്ന ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. അത് കഥാസന്ദര്‍ഭത്തിന് ആവശ്യമായിരുന്നു. ആ കഥ വന്നപ്പോള്‍ വീട്ടില്‍ പ്രശ്‌നമായി. അതിനെക്കുറിച്ച് ഒരു സുഹൃത്ത് മോശമായി പരാമര്‍ശിച്ചു എന്നു പറഞ്ഞ് അച്ഛന്‍ ദേഷ്യപ്പെട്ടു. അതുവരെ എല്ലാ പ്രോത്സാഹനവും തന്ന അച്ഛനും കൈവിട്ടു. 'എഴുതിയെഴുതി താഴോട്ടാണോ പോകുന്നത്?' അച്ഛന്റെ ആ ചോദ്യം എന്നെ വല്ലാതെ തളര്‍ത്തി. എല്ലാവരേയും വെറുപ്പിച്ച് എന്തിനാണ് ഇങ്ങനെ എഴുതുന്നത് എന്ന് ഞാന്‍ ആലോചിച്ചു. എന്തായാലും ആ കഥയോടെ എഴുത്തു നിര്‍ത്തി.

ടീച്ചറിന്റെ കഥയും ജീവിതവും തമ്മില്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ട് എന്ന് തോന്നുന്നു. ഒടുവില്‍ വിജയിക്കുന്നത് കഥയാണോ ജീവിതമാണോ?

ഈ വര്‍ത്തമാനകാലത്തുനിന്നു നോക്കിയാല്‍ ഞാന്‍ പറയും കഥയാണ് വിജയിച്ചതെന്ന്. ആദ്യകാലത്ത് ജീവിതമായിരുന്നു മുന്നില്‍നിന്നത്. അതാണല്ലോ ഞാന്‍ എഴുത്ത് മതിയാക്കിയത്. പിന്നീട് അദ്ധ്യാപനം, കുടുംബം, മക്കളുടെ വളര്‍ച്ച, ഗവേഷണം തുടങ്ങിയ കാര്യങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയത്. സാഹിത്യം വിട്ട് ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കു പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എഴുത്തിലേക്കു തിരിച്ചുവന്നത്. ഭര്‍ത്താവ് എല്ലാ സ്വാതന്ത്ര്യവും തന്നു. ഞാന്‍ എഴുത്തിലേക്ക് തിരിച്ചുവരണം എന്ന് ഏറ്റവും അധികം ആഗ്രഹിച്ചത് അദ്ദേഹമായിരുന്നു. മാധവിക്കുട്ടി കേരളത്തിനു പുറത്ത് ജീവിച്ചതുകൊണ്ടാണ് എഴുത്തിലും ജീവിതത്തിലും സ്വാതന്ത്ര്യം അനുഭവിച്ചത്. ഇവിടെ അത് സാധ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തില്‍ ജീവിച്ച പല എഴുത്തുകാരികള്‍ക്കും എഴുത്തിടവേളകള്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ എന്നെപ്പോലെ എഴുത്ത് നിര്‍ത്തുകതന്നെ ചെയ്തു. പിന്നീടാണ് മനസ്സിലായത്, ഇതൊരു ആഗോളപ്രവണതയാണെന്ന്. ഓസ്‌ട്രേലിയയില്‍ ഞാന്‍ പങ്കെടുത്ത ഒരു നാഷണല്‍ സെമിനാറില്‍ 'സ്ത്രീകള്‍ എന്തുകൊണ്ട് എഴുത്തു നിര്‍ത്തിയിട്ട് ഒരിടവേളയ്ക്കുശേഷം തിരിച്ചുവരുന്നു?' എന്നൊരു സെഷന്‍ തന്നെ ഉണ്ടായിരുന്നു. രാജ്യങ്ങള്‍ പലതാണെങ്കിലും പ്രശ്‌നങ്ങള്‍ പലതാണെങ്കിലും എഴുത്തുകാരിക്ക് സംഭവിക്കുന്നത് ഒന്നുതന്നെയാണ്.

ചന്ദ്രമതി
ചന്ദ്രമതി

ടീച്ചറോടൊപ്പം തുടങ്ങിയ എഴുത്തുകാരികളില്‍ പലരും എഴുത്ത് നിര്‍ത്തി പോയി എന്ന് പറഞ്ഞല്ലോ? ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ആ സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു?

ഞങ്ങള്‍ എഴുതിത്തുടങ്ങുന്ന കാലത്ത് മാധവിക്കുട്ടിയാണ് സാഹിത്യരംഗത്ത് കരുത്തോടെ നിറഞ്ഞുനിന്നിരുന്നത്. സ്ത്രീ അനുഭവങ്ങളുടെ വ്യത്യസ്ത മുഖങ്ങള്‍ അവര്‍ ആവിഷ്‌കരിച്ചു. പക്ഷേ, സമൂഹം ആ രചനകളോട് വൈമുഖ്യം പ്രകടിപ്പിച്ചു. പലരും വീടുകളില്‍നിന്ന് അവരുടെ രചനകള്‍ ഒഴിവാക്കി. തികച്ചും യാഥാസ്ഥിതിക നിലപാടാണ് സമൂഹം ആ എഴുത്തുകാരിയോട് പുലര്‍ത്തിയിരുന്നത്. ഇത് പുതിയ എഴുത്തുകാരോടുള്ള സമീപനത്തെ ഒരു പരിധിവരെ

സ്വാധീനിച്ചിരിക്കാം, പലരും കുടുംബബന്ധങ്ങളില്‍ പെട്ട് എഴുത്തു നിര്‍ത്തി. ചിലര്‍ സ്വയം എഴുത്ത് വേണ്ടെന്നു വെച്ചു. മാധവിക്കുട്ടി വലിയൊരു സത്യമായിരുന്നു. സ്ത്രീ എന്താകണമോ അത് ഞാന്‍ ആണെന്ന സത്യം വിളിച്ചുപറഞ്ഞ സ്ത്രീ. അന്ന് അവരെ അനുകരിക്കാന്‍ പല എഴുത്തുകാരികളും ശ്രമിച്ചു. കേരളത്തിന് പുറത്ത് മാധവിക്കുട്ടി അനുഭവിച്ച സ്വാതന്ത്ര്യം, കേരളത്തിന് അകത്തു സംഭവിച്ചില്ല, ഗ്രേസി, അഷിത തുടങ്ങിയവര്‍ക്ക് ഇടവേളകള്‍ ഉണ്ടായി. ലത കുമാരി, ബി. സുനന്ദ എന്ന എഴുത്തുകാരികള്‍ പിന്നീട് എഴുതിയില്ല. എം.പി. പദ്മജ (സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്റെ ഭാര്യ), എം.പി. ഗിരിജ എന്നീ രണ്ടു പേര്‍ ഉണ്ടായിരുന്നു. (രണ്ടു പേരും ഈയിടെ അന്തരിച്ചു), സമൂഹത്തിന്റെ ചില നിബന്ധനകളാണ് പലപ്പോഴും എഴുത്തുകാരികളെ പിന്നോട്ടു നയിക്കുന്നത്. അവിവാഹിതകള്‍ക്ക് വിവാഹക്കമ്പോളത്തില്‍ പിന്തള്ളപ്പെടുമോ എന്ന പേടി. വിവാഹിതര്‍ക്ക് ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും എതിര്‍പ്പുകള്‍. അന്ന് വിവാഹമായിരുന്നല്ലോ സ്ത്രീ ജീവിതത്തിന്റെ അന്തിമലക്ഷ്യമായി കണക്കാക്കപ്പെട്ടിരുന്നത്. ഇന്ന് ആ സ്ഥാപനത്തിന്റെ വില എത്രയോ കുത്തനെ ഇടിഞ്ഞു.

ആദ്യകാലത്ത് ഞാന്‍ പരിധിക്കുള്ളില്‍നിന്ന് ബോള്‍ഡായി എഴുതി. വിവാഹം കഴിഞ്ഞപ്പോഴാണ് എനിക്ക് സ്വാതന്ത്ര്യം കിട്ടിയത്. പക്ഷേ, തിരിച്ചുവരാന്‍ തോന്നിയില്ല. ആ പഴയ ഊര്‍ജ്ജം നിലനിര്‍ത്താന്‍ കഴിയുമോ എന്ന് സംശയമായി.

കുമാരി ചന്ദ്രികയും ചന്ദ്രമതിയും തമ്മിലുള്ള സംഘര്‍ഷം കഥയില്‍ സംഭവിക്കാറുണ്ടോ?

ഒരുപാട് വായനയുടെ പിന്‍ബലത്തിലാണ് കുമാരി ചന്ദ്രിക എഴുതാന്‍ തുടങ്ങിയത്. പക്ഷേ, മുന്നോട്ടുപോയില്ല. ചന്ദ്രികയും ചന്ദ്രമതിയും തമ്മില്‍ രചനാവേളകളില്‍ ചിലപ്പോള്‍ സംഘര്‍ഷം ഉണ്ടാകാറുണ്ട്. ചന്ദ്രിക എഴുതുന്നതുപോലെയല്ല ചന്ദ്രമതി എഴുതുന്നത്. ചന്ദ്രമതി എന്ന പേരില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ അയ്യപ്പപ്പണിക്കര്‍ സാര്‍ ഒരു കാര്യം പറഞ്ഞു, നേരത്തെ എഴുതിയതെല്ലാം മറക്കുക, എല്ലാ അനുകരണങ്ങളും ഒഴിവാക്കി

സ്വന്തം ഗ്രാമത്തിലേക്കു നോക്കി എഴുതൂ. അങ്ങനെ ഗ്രാമത്തിലേക്ക് മനസ്സ് കൊണ്ടുപോയി, അവിടെ ഉള്ള ആളുകളെ, അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന കഥകളെ നിരീക്ഷിച്ചു. അങ്ങനെ പുതിയ ശൈലിയില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍, ഇടയ്ക്ക് ചന്ദ്രിക കയറിവരുമായിരുന്നു. അതുകൊണ്ട് ഓരോ കഥയും നന്നായി എഡിറ്റു ചെയ്യുമായിരുന്നു. ക്രമേണ ചന്ദ്രിക അപ്രത്യക്ഷയായി.

ആധുനികതയുടെ പ്രഭാവകാലത്താണ് എഴുതിത്തുടങ്ങുന്നത്. അതിന്റെ സ്വാധീനം കഥകളില്‍ ഉണ്ടായോ?

സ്വാധീനം ഉണ്ടായിരുന്നു. അത് പലതരത്തിലാണ് സംഭവിച്ചത്, ഭാഷ, ഇതിവൃത്തം എന്നിവയില്‍ ആധുനികരെ അനുകരിക്കാന്‍ ശ്രമിച്ചു. പ്രത്യേകിച്ച് സ്ത്രീപുരുഷ ബന്ധങ്ങള്‍ അവതരിപ്പിക്കുന്നതില്‍. എഴുതിത്തുടങ്ങുമ്പോള്‍ എനിക്ക് ആഴത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിരുന്നില്ലല്ലോ. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ആധുനിക എഴുത്തുകാരെ അനുകരിക്കാന്‍ ശ്രമിച്ചു. അതുപോലെ ഈ എഴുത്തുകാരുടെ രചനകള്‍ പലതും ദുര്‍ഗ്രഹമായിരുന്നു. ചില കഥകളില്‍ ഞാനും അത് പിന്തുടര്‍ന്നു. അതാണ് സാഹിത്യരീതി എന്ന് വിശ്വസിച്ചു.

ഈ അനുകരണങ്ങളില്‍നിന്ന് വിമുക്തമാകണമെന്ന് പിന്നീട് ആഗ്രഹിച്ചോ?

ആഗ്രഹിച്ചിട്ടുണ്ടാവണം. പുരുഷന്മാര്‍ എഴുതുന്നതുപോലെ സ്ത്രീകള്‍ എഴുതിയാല്‍ അത്ര അംഗീകാരം കിട്ടില്ലെന്നു മനസ്സിലായി. ഒരേ വിഷയം പുരുഷനും സ്ത്രീയും അവതരിപ്പിച്ചാല്‍ കിട്ടുന്ന പ്രതികരണം വ്യത്യസ്തമാണ്. സമൂഹം സ്ത്രീയുടെ മാറ്റം അംഗീകരിക്കാന്‍ തയ്യാറായില്ല. 'മുരിക്കിന്‍ പൂവ്' എന്ന കഥ വന്നപ്പോഴുള്ള അനുഭവം അതാണ്. പക്ഷേ, അതൊരു കാലഘട്ടമായിരുന്നു. അതിലൂടെ കടന്നുപോകാതിരിക്കാന്‍ കഴിയില്ലായിരുന്നു.

മാധവിക്കുട്ടിയുടെ കഥകളെക്കാള്‍, പല തലങ്ങളിലും സരസ്വതി അമ്മയുടെ രചനകളുടെ സ്വാധീനമാണ് ടീച്ചറിന്റെ കഥകളില്‍ ഉള്ളതെന്നു തോന്നുന്നു. അത്തരം ഒരു കണ്ടെത്തല്‍ ഉണ്ടായിട്ടുണ്ടോ?

ആദ്യകാലങ്ങളില്‍ സരസ്വതിഅമ്മയുടെ കഥകള്‍ അധികമൊന്നും വായിച്ചിട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എല്ലാ കഥകളും വായിച്ചത്. സരസ്വതിഅമ്മയുടെ കഥകള്‍ ചന്ദ്രമതിയെ സ്വാധീനിച്ചിട്ടില്ല എന്നാണ് എന്റെ വിശ്വാസം.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എഴുത്തു നിര്‍ത്തിയ ആ പതിമൂന്നു വര്‍ഷക്കാലത്തെ മാനസിക അനുഭവങ്ങളെ എങ്ങനെ കാണുന്നു?

എഴുത്ത് നിര്‍ത്തിയപ്പോള്‍ ഒരു വലിയ ശ്വാസംമുട്ടല്‍ പോലെ തോന്നിയിരുന്നു എല്ലാവരോടും വെറുപ്പ്, അച്ഛനോടുപോലും ചെറിയ ദേഷ്യം തോന്നി, എന്നെ എന്റെ വഴിക്കു വിടുന്നില്ലല്ലോ എന്ന്. അന്നാണ് ഞാന്‍ ഡയറി എഴുതിത്തുടങ്ങിയത്. ഇഷ്ടംപോലെ കവിതകള്‍ എഴുതി. തികച്ചും വ്യക്തിപരമായ കാര്യങ്ങളായിരുന്നു ഗദ്യത്തില്‍ കുറിപ്പുകളായി എഴുതിയത്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതി. ആ രീതിയിലാണ് എന്റെ സര്‍ഗ്ഗാത്മക സംഘര്‍ഷങ്ങള്‍ ആവിഷ്‌കരിച്ചത്. അതില്‍ ജീവിതത്തോടും ബന്ധങ്ങളോടുമുള്ള എന്റെ മനോഭാവങ്ങളും സമീപനങ്ങളും ഉണ്ടായിരുന്നു. ആ ഡയറി എവിടെയോ നഷ്ടപ്പെട്ടുപോയിവിവാഹശേഷം ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി. ഭര്‍ത്താവ് അദ്ദേഹത്തിന്റെ സ്വത്വം എന്റെമേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിച്ചില്ല. എനിക്ക് ആവശ്യമുള്ള സ്വാതന്ത്ര്യം തന്നു. പരസ്പര ബഹുമാനം എന്നും ഞങ്ങള്‍ പുലര്‍ത്തിയിരുന്നു. മനസ്സ്  ശാന്തമായത് ആ കാലഘട്ടത്തിലാണ്.

അദ്ധ്യാപിക എന്ന നിലയിലുള്ള നിരീക്ഷണം, പഠനം ഒക്കെ എങ്ങനെയാണ് എഴുത്തിനെ സ്വാധീനിച്ചത്?

സാഹിത്യത്തില്‍ ഉണ്ടാവുന്ന പുതിയ സിദ്ധാന്തങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനുമുള്ള അവസരങ്ങള്‍ കിട്ടി. അരിസ്‌റ്റോട്ടില്‍ തുടങ്ങി ദരിദ വരെയുള്ളവരെ പഠിപ്പിക്കാനുള്ള സന്ദര്‍ഭം ഉണ്ടായി. അതൊരു വെല്ലുവിളിയായിത്തന്നെ എടുത്തിരുന്നു. ക്ലാസ്സുകളില്‍ കുട്ടികള്‍ തികഞ്ഞ താല്പര്യം കാണിക്കുകയും ചെയ്തു. അതൊക്കെ സന്തോഷമുള്ള കാര്യമായിരുന്നു. എഴുതാനിരിക്കുമ്പോള്‍ ഈ ആശയങ്ങളൊക്കെ, സിദ്ധാന്തങ്ങളൊക്കെ അറിയാതെ കടന്നുവരും. ക്ലാസ്സ് എടുക്കാന്‍ വേണ്ടി സിലബസിലും പുറത്തുമുള്ള ഓരോ എഴുത്തുകാരേയും സമഗ്രമായി പഠിക്കാന്‍ ശ്രമിച്ചു. അതിലൂടെ വലിയ ഉള്‍കാഴ്ചകള്‍ കിട്ടി. നല്ല അദ്ധ്യാപകര്‍ എപ്പോഴും സ്വയം നവീകരിക്കുന്നവരാണ്. അക്കാദമിക് ജീവിതം എഴുത്തിനെ ഒരുപാട് സ്വാധീനിച്ചു. ഒരു ഇംഗ്ലീഷ് അദ്ധ്യാപിക ആയിരുന്നില്ലെങ്കില്‍ എനിക്ക് പലതും എഴുതാന്‍ കഴിയുമായിരുന്നില്ല എന്ന് വിശ്വസിക്കുന്നു.

അദ്ധ്യാപനത്തിന്റെ ഭാഗമായി ധാരാളം കവിതകള്‍ പഠിപ്പിക്കേണ്ടിവന്നിട്ടുണ്ടല്ലോ. പലപ്പോഴും കഥകളില്‍ പ്രകടമാവുന്ന കാവ്യസ്വാധീനം അതിന്റെ ഫലമാണോ?

ആയിരിക്കാം. ഭാഷ കവിതയിലും എനിക്ക് വഴങ്ങിത്തരാറുണ്ട്. ഞാന്‍ പറഞ്ഞല്ലോ വിഷമഘട്ടത്തില്‍ എന്നെ താങ്ങിനിര്‍ത്തിയത് കവിതകളാണ്. പുറത്ത് ആരും കാണാത്ത കവിതകള്‍. വൃത്തനിബദ്ധമായും പ്രാസമൊപ്പിച്ചും ഒന്നും എഴുതാന്‍ അറിയില്ല. പ്രസിദ്ധീകരിച്ച ചില കവിതകളില്‍ അങ്ങനെ കണ്ടിട്ടുണ്ടെങ്കില്‍ അത് ആകസ്മികമായി വന്നതാണ്. കഥകളില്‍ കവിത മനപ്പൂര്‍വം കയറ്റുന്നതല്ല. ബോധപൂര്‍വം ചെയ്യുന്നതല്ല, സന്ദര്‍ഭം അനുസരിച്ച് വന്നു പോകുന്നതാണ്. 'കവിതയുടെ കഥ' എന്ന ഒരു കഥ എഴുതുമ്പോള്‍ അതില്‍ കവിത വരാതെ തരമില്ലല്ലോ.

കഥയിലെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ചന്ദ്രമതിയുടെ കഥകള്‍ എന്ന നിരീക്ഷണം ശ്രദ്ധിച്ചിട്ടുണ്ടോ? ആ സന്ദര്‍ഭങ്ങള്‍ എങ്ങനെ ഓര്‍ക്കുന്നു?

സാധാരണയായി സ്ത്രീകള്‍ എഴുതുന്നത്, ഒരു പ്രത്യേക ചട്ടക്കൂട്ടില്‍ നിന്നാണ്; സ്ത്രീ പുരുഷ ബന്ധങ്ങള്‍ തുടങ്ങി എന്തും അങ്ങനെയെ എഴുതൂ. അത് അപൂര്‍ണ്ണമാണെന്ന് എനിക്ക് തോന്നി. പുരുഷന്മാര്‍ എത്ര സ്വാതന്ത്ര്യത്തോടെ എഴുതുന്നു! അതുകൊണ്ടാണ് എഴുപതുകളില്‍ ഞാന്‍ തുറന്ന് എഴുതാന്‍ തയ്യാറായത്. ചന്ദ്രമതിയായി വന്നപ്പോഴും ചട്ടക്കൂടില്‍നിന്നു മാറി എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. നിരവധി അനുഭവങ്ങളിലൂടെയാണ് ഇവിടെ എത്തിയത്. എന്റെ വഴി ഞാന്‍ തന്നെ കണ്ടെത്തുകയായിരുന്നു. എന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചതൊക്കെ, ഞാന്‍ പൊട്ടിച്ചെറിയുകയാണ് ചെയ്തത്. പക്ഷേ, ഗ്രാമത്തെക്കുറിച്ച് എഴുതിയപ്പോള്‍ കുറെയൊക്കെ മാറ്റേണ്ടിവന്നു. നാഗരികതയും ഗ്രാമീണതയും വ്യത്യസ്തമാണല്ലോ, അടിസ്ഥാന വൈകാരികത ഒന്നുതന്നെയാണെങ്കിലും. എന്നാല്‍, സ്വന്തം പാത സൃഷ്ടിക്കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു. അത്  സ്വാതന്ത്ര്യ പ്രഖ്യാപനമാകാം.

കുറെ കാലത്തെ ഇടവേളയ്ക്ക് ശേഷം എഴുതിത്തുടങ്ങുന്നത് തൊണ്ണൂറുകളിലാണ്. അപ്പോഴേക്കും സാഹിത്യത്തിന്റെ അന്തരീക്ഷം മാറി. ആ കാലം ഓര്‍മ്മിക്കുന്നത് എങ്ങനെയാണ്?

തിരികെ വന്നപ്പോള്‍ എഴുത്ത് ഒരുപാട് മാറിക്കഴിഞ്ഞിരുന്നു. ആധുനികതയുടെ സ്ഥാനത്ത് ഉത്തരാധുനികത. പുതിയ കാലത്തിന്റെ ഭാഗമായി മാറണം എന്ന ചിന്തയോടെയാണ് എഴുത്ത് തുടങ്ങിയത്. അന്ന് എഴുതിക്കൊണ്ടിരുന്ന എല്ലാ എഴുത്തുകാരുടേയും കൃതികള്‍ വായിച്ചിരുന്നു. അതില്‍നിന്ന് മാറി സഞ്ചരിക്കണമെന്ന് തീരുമാനിച്ചു. ആധുനികതയുടെ ദുരന്തവീക്ഷണത്തെക്കാള്‍ ഉത്തരാധുനികതയുടെ ഹാസ്യധാരയോടായിരുന്നു എനിക്ക് താല്പര്യം തോന്നിയത്. അതാണ് ദേവി ഗ്രാമ കഥകളെ തുടര്‍ന്നുവന്ന കഥകളില്‍ ഉള്ളത്. ഒരിക്കലും സ്വയം അനുകരിക്കാനും ശ്രമിച്ചില്ല.

കഥയെക്കുറിച്ച് തന്നെ കഥകള്‍ എഴുതിയിട്ടുണ്ട്. കഥ എന്ന മാധ്യമത്തെക്കുറിച്ച് എപ്പോഴും ഗൗരവമായി ചിന്തിക്കുന്നു. ഇതിന്റെ പ്രേരണ എന്താണ്?

കഥയുടെ സ്വയം പ്രതിഫലനമാണത്. ഇത് പുതിയ കാര്യമൊന്നുമല്ല. പരമ്പരാഗതമായി സാഹിത്യത്തില്‍ ഇത്തരം സമീപനങ്ങള്‍ ഉണ്ടായിരുന്നു. രാമായണത്തില്‍പ്പോലും അത് കാണാം. ഞാന്‍ ഇതൊക്കെ എഴുതുന്ന കാലത്ത് സ്ത്രീ എഴുത്തുകാരൊന്നും ഈ രീതിയില്‍ സ്വയം ആവിഷ്‌കരിച്ചിരുന്നില്ല. ഇന്ന് അങ്ങനെ സംഭവിക്കുന്നുണ്ട്. അന്ന് ഇതൊരു പുതുമയുള്ള രീതി ആയിരുന്നു. അത് ബോധപൂര്‍വ്വം കൊണ്ടുവന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം കഥയെഴുത്ത് ഒരു വലിയ പ്രോസസ്സാണ്. പല തവണ മാറ്റി എഴുതിയാണ് ഒരു കഥ പൂര്‍ത്തിയാക്കുന്നത്. കഥയെത്തന്നെ കഥാപാത്രമാക്കാനും വായനക്കാരന്റെ കൈപിടിച്ച് കഥയ്ക്കുള്ളില്‍ കഥാകൃത്തിന് നടക്കാനും ഇത്തരം രീതികള്‍കൊണ്ട് കഴിയുന്നു.

പല കഥകളിലും ചന്ദ്രമതി ഒളിഞ്ഞും തെളിഞ്ഞും വരുന്നുണ്ടല്ലോ?

എന്റെ ആത്മാംശം കഥകളില്‍ ഉണ്ട്. ഏതു കഥാപാത്രത്തെ സൃഷ്ടിച്ചാലും അത് വന്നുപോകും. വായനക്കാര്‍ അറിയാതെ അത് മറച്ചുകൊണ്ട് പോകുന്നതാണ് എഴുത്തുകാരിയുടെ കൗശലം. ചന്ദ്രമതി നൂറു ശതമാനവും കഥയ്ക്ക് പുറത്തുനില്‍ക്കേണ്ട ആളല്ല. കഥയ്ക്കുള്ളില്‍ എഴുത്തുകാരി വരിക, അത് വായനക്കാര്‍ തിരിച്ചറിയാതിരിക്കുക എന്നത് പ്രത്യേക അനുഭവമാണ്.

ചന്ദ്രമതി
ചന്ദ്രമതി

കഥകള്‍ നിരവധി പേരുടെ ജീവിതത്തെ സ്പര്‍ശിച്ചിട്ടുണ്ട്. ആ അനുഭവങ്ങള്‍ പറയാമോ?

നിരവധി അനുഭവങ്ങള്‍ അത്തരത്തില്‍ ഉണ്ടായിട്ടുണ്ട്. നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവര്‍ (നിര്‍)ഭാഗ്യവാന്മാര്‍ എന്നൊരു കഥ ഞാന്‍ എഴുതിയിട്ടുണ്ട്. പഠിക്കുന്ന കാലത്തേ എല്ലാ മത്സരങ്ങള്‍ക്കും ചേരുമായിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയന്‍ കഥാമത്സരം യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ നടന്നു. ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവുമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുന്നാണ് കഥ എഴുതേണ്ടത്. എന്റെ എതിരെ ഇരിക്കുന്നത് നല്ല ഭംഗിയുള്ള ഒരു ആണ്‍കുട്ടിയാണ്. അന്ന് കഥയ്ക്ക് വിഷയം തന്നില്ല. ഇഷ്ടമുള്ള വിഷയം എഴുതാമെന്നു പറഞ്ഞു. പെട്ടെന്ന് ആലോചിച്ചപ്പോള്‍ കഥയൊന്നും വരുന്നില്ല, കഥയ്ക്കുവേണ്ടിയുള്ള ധ്യാനത്തിനിടയില്‍ എന്റെ നോട്ടം എതിരെ ഇരിക്കുന്ന പയ്യന്റെ കണ്ണുകളില്‍ പതിഞ്ഞു. അവന്‍ ചിരിച്ചു. അത് കണ്ട് ഞാന്‍ കുനിഞ്ഞിരുന്നു. ആദ്യ വാചകം എഴുതി, 'യുവറോണര്‍, ഈ മരയഴിക്കൂട്ടിനുള്ളില്‍ പ്രതിസ്ഥാനത്തിന്റെ

ചൂടേറ്റുനിന്നുരുകുന്ന ഞാന്‍ ആദ്യമായി എന്നെത്തന്നെയൊന്ന് പരിചയപ്പെടുത്തട്ടെ. എന്റെ പേര് സേതുമാധവന്‍.' എന്റെ മുന്നില്‍ ഇരിക്കുന്ന കുട്ടിയുടെ പേര് സേതുമാധവന്‍ എന്നാണ്. അത് അറിയാതെയാണ് എഴുതിയത്. പേപ്പറുകളില്‍ പേര് എഴുതാന്‍ പാടില്ല, ഫാള്‍സ് നമ്പര്‍ മാത്രമേ എഴുതാവൂ. അതുകൊണ്ട് എനിക്ക് അയാളുടെ പേര് അറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. സേതുമാധവന്‍ എന്ന പേര് സ്വയം വന്നതാണ്. ഞാന്‍ കഥ എഴുതിക്കഴിഞ്ഞു നോക്കുമ്പോള്‍, അവന്‍ ഒന്നും എഴുതിയിട്ടില്ല, എന്നെ നോക്കി ഇരിക്കുകയാണ്. ബ്ലാങ്ക് പേപ്പറാണ് മുന്നില്‍. ഞാന്‍ അപകടം മണത്തു. കഥ കൊടുത്തിട്ട് അവിടെനിന്ന് വേഗം ഓടി. സെനറ്റ് ഹാളിലെ മത്സരവേദിയില്‍ എത്തി. അവിടെ എന്റെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. കഥയ്ക്ക് എനിക്കായിരുന്നു ഒന്നാം സമ്മാനം. ആ കഥ യൂണിവേഴ്‌സിറ്റി യൂണിയന്റെ പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചു വന്നു. അതില്‍ എന്റെ അഡ്രസ്സ് ഉണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് എനിക്ക് ഒരു കത്തു വന്നു. 'എന്റെ പേര് സേതുമാധവന്‍ എന്നാണ്. കഥാമത്സരത്തില്‍ കുട്ടിക്കെതിരെ ഇരുന്നവന്‍. എന്റെ കഥ മുഴുവന്‍ താന്‍ ആവാഹിച്ചുകളഞ്ഞല്ലോ. ആ കഥയിലെ സേതു അമ്മയെ തീയില്‍ എറിഞ്ഞു കൊല്ലുന്നു. അത് ചെയ്യാന്‍ പറ്റാത്തതാണ് എന്റെ ദുഃഖം. എന്റെ മനസ്സില്‍ കയറിയിട്ടുപോയ മുല്ലപ്പൂ അണിഞ്ഞ പെണ്‍കുട്ടിപോലും തന്റെ കഥയില്‍ ഉണ്ട്. എന്ത് സിദ്ധിയാണ് തനിക്കുള്ളത്? നമുക്ക് കണ്ടേ പറ്റൂ. എന്റെ കഥ ഞാന്‍ അറിയാതെ എന്നില്‍നിന്ന് കണ്ടെത്തിയ മനോഹരിയായ കഥാകാരി' എന്നൊക്കെ എഴുതിയിരുന്നു. കത്തു കിട്ടിയത് കോളേജിലെ സിസ്റ്ററുടെ കയ്യിലാണ്. അവര്‍ എന്നെ ഒരുപാട് വഴക്കു പറഞ്ഞു. കോളേജിലേക്ക് കത്തു വരാന്‍ പാടില്ല. ഇനിയും കത്തു വന്നാല്‍ അച്ഛനെ അറിയിക്കും എന്ന് പറഞ്ഞു.

ഞാന്‍ ആ കത്ത് വാങ്ങി കൊണ്ടുപോന്നു. പിന്നെയും അയാള്‍ കത്തുകള്‍ അയച്ചു. ഒടുവില്‍ ഞാന്‍, എന്നെ സഹോദരിയായി കാണണം എന്നൊക്കെ ആ പഴയ മട്ടില്‍ എഴുതി. പിന്നെ കത്തുകള്‍ വരാതെയായി. വന്നിട്ട് എനിക്ക് തരാത്തതാണോ എന്ന് അറിയില്ല. അത് അങ്ങനെ അവസാനിച്ചു.

വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അത് തിരുവനന്തപുരത്തെ ആര്‍.സി.സിയില്‍വെച്ചാണ്. ഞാന്‍ ഭര്‍ത്താവുമൊത്ത് ഒരു ബന്ധുവിനെ കാണാന്‍ പോയതാണ്. അവിടെ ഒരാള്‍ മുടിയൊക്കെ പോയി റേഡിയേഷന്‍ കഴിഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ട് അയാള്‍ എഴുന്നേറ്റ് വന്നു, ചന്ദ്രികയല്ലേ എന്ന് ചോദിച്ചു. ഞാന്‍ അതെ എന്ന് പറഞ്ഞു. 'എനിക്ക് തന്നെ എത്ര വര്‍ഷം കഴിഞ്ഞാലും തിരിച്ചറിയാമെടോ, ഞാനാണ് തന്റെ കഥാപാത്രം സേതുമാധവന്‍.' ഞാന്‍ നടുങ്ങിപ്പോയി. അപ്പോള്‍ അയാളുടെ അനിയത്തി വന്നു, എന്നെ പരിചയപ്പെട്ടു. അവള്‍ പറഞ്ഞു. ചേട്ടന്‍ പറയാറുണ്ട് ചേച്ചിയെ എങ്ങനെയെങ്കിലും ഒന്ന് കാണണമെന്ന്. അടുത്ത തവണ വരുമ്പോള്‍ എന്നെ കണ്ടിട്ട് പോണമെന്ന് സേതുമാധവന്‍ പറഞ്ഞു. ഞാന്‍ ശരിയെന്നും പറഞ്ഞു. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ കസിന്‍ പറഞ്ഞു: 'ചേച്ചി ഇനി അയാളെ കാണണ്ട, ബ്രെയിനിലാണ് റേഡിയേഷന്‍. അപകടനിലയിലേക്ക് പോവുകയാണ്. അത് കണ്ടാല്‍ ചേച്ചിക്ക് താങ്ങാന്‍ കഴിയില്ല.' പിന്നീട് കുറെക്കാലം കഴിഞ്ഞ് സേതുമാധവന്റെ അനിയത്തിയെ കണ്ടു. അവള്‍ പറഞ്ഞു, 'ചേട്ടന്‍ പോയി' ഒരു ദുരന്ത ജീവിതമായിരുന്നു സേതുമാധവന്റേത് എന്നു പറഞ്ഞു. അതൊരു വലിയ അനുഭവമായിരുന്നു. എതിരെയിരിക്കുന്ന അപരിചിതന്റെ കഥ എന്റെ പേനത്തുമ്പിലേക്ക് ഒഴുകിവരിക!

വെബ്‌സൈറ്റ് എന്ന കഥയ്ക്കും ഒരു അനുബന്ധ അനുഭവം ഉണ്ടായതായി അറിയാം?

ലെനിന്‍ രാജേന്ദ്രന്റെ 'രാത്രിമഴ' എന്ന ചിത്രത്തിന്റെ ആദ്യഭാഗം 'വെബ്‌സൈറ്റ്' എന്ന കഥയാണ്. അതിലെ കഥാപാത്രത്തിന്റെ പേര് വിനോദ് കൃഷ്ണ എന്നാണ്. എങ്ങനെ ആ പേര് വന്നു എന്ന് എനിക്ക് അറിയില്ല. അന്ന് അതേ പേരുള്ള ഒരാള്‍ കൊച്ചിയില്‍ ഉണ്ടെന്നും എനിക്കറിയില്ല. ഈ കഥയുടെ ഇംഗ്ലീഷ് വിവര്‍ത്തനം ഒരു ഉത്തരേന്ത്യന്‍ സര്‍വ്വകലാശാലയില്‍ പാഠഭാഗമായിരുന്നു. കഥയിലെ വിനോദ് കൃഷ്ണയ്ക്ക് ഒരു വെബ്‌സൈറ്റ് ഉണ്ട്. ംംം.്ശിീറസൃശവെിമ.രീാ, കേരളത്തിലെ വിനോദ് കൃഷ്ണയ്ക്കും ഇങ്ങനെയൊരു വെബ്‌സൈറ്റ് ഉണ്ടായിരുന്നു. കഥ പഠിക്കുന്ന കുട്ടികള്‍ ഒരു കൗതുകത്തിന് ഈ വെബ്‌സൈറ്റില്‍ കയറി നോക്കി. അപ്പോള്‍ അങ്ങനെ ഒരാളുണ്ട്! കുട്ടികള്‍ അയാള്‍ക്ക് എഴുതാന്‍ തുടങ്ങി. ചന്ദ്രമതിയേയോ കഥയേയോ അറിയാത്ത വിനോദ് കൃഷ്ണ ചിന്താക്കുഴപ്പത്തിലായി. ഓഫീസില്‍ സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് ആമി എന്ന സുഹൃത്ത് (ധന്യ ഇന്ന് വിനോദിന്റെ ഭാര്യ) പറഞ്ഞത് ഇത് ചന്ദ്രമതി ടീച്ചറിന്റെ കഥയാണെന്ന്. കഥയിലെ സമാന അനുഭവങ്ങള്‍ ഈ വിനോദ് കൃഷ്ണയ്ക്കും ഉണ്ട്. ഒരു ദിവസം ആമി എന്നെ വിളിച്ചുപറഞ്ഞു. ഞാന്‍ ടീച്ചറെ കാണാന്‍ വരുന്നുണ്ട്. ഒരു സമ്മാനവും കൊണ്ടുവരുന്നുണ്ട്. ഒരു ദിവസം ആമിയും ഒരു ചെറുപ്പക്കാരനും കൂടി വീട്ടില്‍ വന്നു. ആമി സമ്മാനം കൊണ്ടുവരുമെന്ന് പറഞ്ഞപ്പോള്‍ ഏതെങ്കിലും പുസ്തകമായിരിക്കുമെന്ന് കരുതി. ഞാന്‍ ചോദിച്ചു: 'എവിടെ സമ്മാനം?' അടുത്തിരിക്കുന്ന ആളിനെ ചൂണ്ടിക്കൊണ്ട് അവള്‍ പറഞ്ഞു: 'ഇതാണ് സമ്മാനം. പേര് വിനോദ് കൃഷ്ണ.' 'ആഹാ! എന്റെ ഒരു കഥയിലെ നായകന്റെ പേരാണത്,' ഞാന്‍ പറഞ്ഞു. 'ഇതുതന്നെയാണ് ടീച്ചറിന്റെ കഥാപാത്രം,' ആമി പറഞ്ഞു. അയാള്‍ പെട്ടെന്ന് എഴുന്നേറ്റ് എന്റെ കാലില്‍ തൊട്ടുവന്ദിച്ചു. അത് വല്ലാത്തൊരു വൈകാരിക നിമിഷമായിരുന്നു. വെബ്‌സൈറ്റിലേക്ക് പലരും അയച്ച മെയിലുകളുടെ കോപ്പിയും അവര്‍ കൊണ്ടുവന്നിരുന്നു. ഒരു പ്രണയലേഖനം പോലും ഉണ്ടായിരുന്നു. അങ്ങനെ വിനോദ് എന്റെ മാനസപുത്രനായി. ഇന്ന് മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും സംവിധായകനുമാണ് വിനോദ് കൃഷ്ണ.

ഒരു കഥയിലേക്ക് എത്തുന്നത് എങ്ങനെയാണ്?

കഥയുടെ സ്പാര്‍ക്ക് ഉള്ളില്‍ വീഴുന്നത് ടി.വിയില്‍ കേള്‍ക്കുന്ന ഒരു സംഭാഷണത്തില്‍നിന്ന് ആവാം, വായിക്കുന്നതിലെ ഏതെങ്കിലും ഭാഗത്തുനിന്ന് ആവാം, ഏതെങ്കിലും സംഭാഷണത്തിലോ കാഴ്ചയിലോ നിന്നാവാം. ഇങ്ങനെ പല രീതിയിലാണ് കഥയുടെ ആശയം മനസ്സില്‍ വീഴുന്നത്. അത് രൂപപ്പെട്ടുവരാന്‍ ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ ഒക്കെ എടുക്കും. ഒരിക്കല്‍ അച്ഛന്‍ വയ്യാതെ ഒരു ആശുപത്രിയില്‍ കിടക്കുന്നു. റൂം ലിഫ്റ്റിന്റെ വാതിലിനു നേരെയാണ്. അതില്‍ ഒരു ആണും പെണ്ണും വര്‍ത്തമാനം പറഞ്ഞു ഒരു മൂലയ്ക്കു നില്‍ക്കുന്നത് ഞാന്‍ കണ്ടു. എപ്പോള്‍ ലിഫ്റ്റ് വന്നാലും അവര്‍ അതിലുണ്ട്. അവര്‍ താഴോട്ടും മുകളിലോട്ടും പോയ്‌ക്കൊണ്ടിരിക്കും. ഞാന്‍ അവിടെയുള്ള നേഴ്‌സിനോട് ചോദിച്ചു, 'അവര്‍ എന്താ ഇങ്ങനെ ചെയ്യുന്നത്' എന്ന്? അപ്പോള്‍ അവര്‍ പറഞ്ഞു, 'ആ ആണ്‍കുട്ടി ഗുരുതരമായ ഒരു രോഗമുള്ള ആളാണ്. ഇനി കിടപ്പാകാന്‍ അധിക കാലം ഒന്നും ഇല്ല. പെണ്‍കുട്ടി അടുത്ത റൂമില്‍ ഉള്ളതാണ്. ഇത് ഞങ്ങള്‍ക്ക് അറിയാം അതുകൊണ്ട് അനുവദിക്കുന്നതാണ്' അത് മനസ്സില്‍ കിടന്നു. അതാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ച എലിവേറ്ററിലെ പ്രണയം എന്ന കഥയുടെ അടിസ്ഥാനം. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത് കഥയായി മാറിയത്.

കഥ എഴുതുന്ന വേളയില്‍ കഥയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷം രൂപപ്പെടാറുണ്ടോ?

യാഥാര്‍ത്ഥ്യം അതുപോലെ അവതരിപ്പിക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്തതുകൊണ്ടാണ് എനിക്ക് ആദ്യകാലത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇപ്പോള്‍ ഭാവനയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഞാന്‍ ഓരോ സംഭവങ്ങളും അടരുകളായാണ് പറയുന്നത്. ഇതിന്റെ ഉള്ളിലേക്ക് കടക്കുന്ന വായനക്കാര്‍ക്കേ അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ കഴിയൂ. കഥാരചനാ വേളയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവാറില്ല. ഭാഷ മാത്രമേ ചിലപ്പോള്‍ സംഘര്‍ഷം ഉണ്ടാക്കുകയുള്ളൂ. സന്ദര്‍ഭത്തിന് ഏറ്റവും യോജിക്കുന്ന വാക്ക് ചിലപ്പോള്‍ ഒളിച്ചുകളിക്കും.

പെണ്ണെഴുത്ത് എന്ന ആശയം രൂപപ്പെട്ടു വന്ന കാലത്ത്, അതിനെക്കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു അതിന്റെ സാഹചര്യം എന്തായിരുന്നു?

പെണ്ണെഴുത്ത് എന്ന വാക്കിനേത്തന്നെ ഞാന്‍ എതിര്‍ത്തിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധം ഉണ്ടായിരുന്ന ആള്‍ക്കാരാണ് അന്ന് അതിനെ കൊണ്ടുവന്നതും സപ്പോര്‍ട്ട് ചെയ്തതും. സ്വാഭാവികമായും ആ പാര്‍ട്ടിയുമായി ബന്ധമുള്ള എഴുത്തുകാരികളെ മാത്രം ആ ലേബല്‍ അനുഗ്രഹിക്കും. ഫെമിനിസത്തെ പെണ്ണെഴുത്തുകാര്‍ കപടമായി വ്യാഖ്യാനിക്കുന്നത് കണ്ടു. സ്വയം കുടുംബത്തിനകത്ത് സ്വസ്ഥമായി ജീവിക്കുക, മക്കളെയൊക്കെ വിവാഹത്തിലൂടെ സുരക്ഷിതരാക്കുക, എന്നിട്ട് കുടുംബം നമ്മുടെ സ്വാതന്ത്ര്യത്തിന് തടസ്സമാകുന്നു എന്ന് മറ്റുള്ളവരോട് പറയുക, വിവാഹം പോലുള്ള കാര്യങ്ങള്‍ നിരസിക്കാന്‍ ഉപദേശിക്കുക, ഇത്തരം റാഡിക്കല്‍ ഫെമിനിസം നമുക്ക് ചേര്‍ന്നതല്ലെന്ന് അന്ന് തോന്നി. പക്ഷേ, ഇന്ന് ഈ ആശയങ്ങളൊക്കെ വ്യാപകമായി പടര്‍ന്നുകഴിഞ്ഞു. ഫെമിനിസത്തെ തള്ളിപ്പറയുകയല്ല. ഞാന്‍ ഒരു ഇന്‍ഡിവിഡുവലിസ്റ്റിക് ഫെമിനിസ്റ്റാണ്. ഒരു സിദ്ധാന്തത്തിന്റേയും അടിമയല്ല. കുടുംബനിരാസം അല്ല ഫെമിനിസം. പുരുഷന്മാരെ നിരസിക്കുന്നത് ഫെമിനിസം അല്ല. പുരുഷ വിദ്വേഷവും പുരുഷ നിരാസവും കുടുംബ നിരാസവും ഒക്കെ റാഡിക്കല്‍ ഫെമിനിസമാണ്. അതൊക്കെ മനപ്പൂര്‍വം കൊണ്ടുവന്നതാണ്. മീഡിയയുടെ ശ്രദ്ധ കിട്ടാനാണ് അങ്ങനെ

ചെയ്തത്. പക്ഷേ, അവര്‍ അവരോട് സത്യസന്ധത പുലര്‍ത്തുന്നില്ല. അങ്ങനെ എനിക്ക് തോന്നി അവര്‍ ഒരു തലമുറയെ വഞ്ചിക്കുകയാണ്. അന്നത്തെ ഫെമിനിസ്റ്റുകളുടെ വാക്കില്‍ വിശ്വസിച്ച് വഴിതെറ്റിയ ധാരാളം പെണ്‍കുട്ടികള്‍ ഉണ്ട്. ഇതിനെയൊക്കെയാണ് ഞാന്‍ എതിര്‍ത്തത്. ഇന്ന് സമൂഹം ഒരുപാട് മാറിക്കഴിഞ്ഞു.

മലയാളത്തില്‍ ശരിയായ അര്‍ത്ഥത്തിലുള്ള ഫെമിനിസ്റ്റ് സാഹിത്യം ഉണ്ടായതായി വിശ്വസിക്കുന്നുണ്ടോ?

ഫെമിനിസ്റ്റ് സാഹിത്യത്തെ ഒരു നിര്‍വ്വചനത്തില്‍ ഒതുക്കാന്‍ പറ്റില്ല. സ്വതന്ത്രമായി ചിന്തിക്കുന്ന സ്ത്രീയെക്കുറിച്ച് എഴുതുന്നത് തീര്‍ച്ചയായും ഫെമിനിസമാണ്. പുരുഷന്റെ കണ്ണിലൂടെ മാത്രം കണ്ടിരുന്ന ലോകത്തെ സ്ത്രീയുടെ കണ്ണിലൂടെ കാണുമ്പോള്‍ അതിന് പുതുമയും വ്യത്യസ്തതയും ഉണ്ടാകും. ലൈംഗികബന്ധത്തെക്കുറിച്ച് സംസാരിക്കുക, തുറന്നെഴുതുക, ലൈംഗിക വൈകൃതങ്ങളെ പര്‍വ്വതീകരിക്കുക ഇതൊക്കെയാണ് പുതിയ ഫെമിനിസ്റ്റ് സാഹിത്യം എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. അതൊന്നും അല്ല ശരിയായ ഫെമിനിസ്റ്റ് രചനകള്‍. സ്ത്രീ തന്റെ അനുഭവങ്ങളെ സത്യസന്ധമായി ആവിഷ്‌കരിച്ചാല്‍ അത് ഫെമിനിസ്റ്റ് സാഹിത്യമായി. ആ അനുഭവങ്ങളില്‍ അവളുടെ ശരീരവും രതിഅനുഭവങ്ങളും ഒക്കെ വരും. പക്ഷേ, അത് ശ്രദ്ധപിടിച്ച് പറ്റാനുള്ള ആയുധങ്ങള്‍ ആയിട്ടല്ല, അനുഭവങ്ങളുടെ തീക്ഷ്ണതയായിട്ട് വരണം. അങ്ങനെ എഴുതുന്ന എഴുത്തുകാരികള്‍ നമുക്കുണ്ട്. കള്ളനാണയങ്ങളാണ് കൂടുതല്‍ എന്നേയുള്ളൂ.

പലര്‍ക്കും ഫെമിനിസത്തെക്കുറിച്ച് ശരിയായ ധാരണ ഇല്ല. ഫെമിനിസത്തിന് ഒരു രൂപം മാത്രമല്ല, ഓരോ പെണ്ണിനും ഓരോ ഫെമിനിസമാണുള്ളത് എന്ന് പറയാറുണ്ട്. അതാണ് ഞാന്‍ ഇന്‍ഡിവിഡുവലിസ്റ്റിക് ഫെമിനിസം എന്ന് പറഞ്ഞത്. എന്റെ പ്രശ്‌നങ്ങളല്ലല്ലോ മറ്റൊരു സ്ത്രീയുടെ പ്രശ്‌നങ്ങള്‍. പെണ്ണെഴുത്തിനെ ഇവിടെ കൊണ്ടുവന്നത് വിദേശ മാതൃകകള്‍ മുന്നില്‍വെച്ചാണ്. വിദേശത്തെ സ്ത്രീകളുടെ പോലെയുള്ളതല്ല നമ്മുടെ പ്രശ്‌നങ്ങള്‍. ഇവിടെ സ്ത്രീധനമരണങ്ങള്‍ കൂടുന്നു. അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇങ്ങനെ സ്ത്രീകള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ ഇവിടെ ഉണ്ട് അതൊക്കെ അഭിസംബോധന ചെയ്യണം നമുക്ക് നമ്മുടേതായ ഫെമിനിസം ഉണ്ടാകണം. ലൈംഗിക സ്വാതന്ത്ര്യമാണ് ഫെമിനിസം എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. ഇവിടുത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കണ്ടെടുത്ത് അവതരിപ്പിക്കാന്‍ കഴിയണം. ചിലരില്‍നിന്നും അത്തരം രചനകള്‍ വരുന്നുണ്ട്.

എഴുതാന്‍ തുടങ്ങിയിട്ട് അന്‍പത് വര്‍ഷമായി. അതിനിടയില്‍ സ്ത്രീകളിലുണ്ടായ സാമൂഹിക രാഷ്ട്രീയ പരിണാമങ്ങളെ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞതായി വിശ്വസിക്കുന്നുണ്ടോ?

കഴിഞ്ഞിട്ടില്ല എന്ന് പറയാം, വേണമെങ്കില്‍ ശ്രമിച്ചിട്ടില്ല എന്നുതന്നെ പറയാം. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കഥകളില്‍ കൂടുതല്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും ചരിത്രപരമായ വിശകലനത്തിനു ശ്രമിച്ചിട്ടില്ല. എന്തൊക്കെ സാമൂഹ്യ രാഷ്ട്രീയ പരിണാമങ്ങള്‍ ഉണ്ടായാലും നിസ്സഹായയായി നില്‍ക്കുന്ന ഒരു സ്ത്രീ എന്റെ മനസ്സിലുണ്ട്.

കഥകളിലൊക്കെ ആധുനിക സാങ്കേതികവിദ്യയുടെ അന്തരീക്ഷം സജീവമായുണ്ടല്ലോ?

എന്റെ സാങ്കേതിക വിജ്ഞാനം വളരെ പരിമിതമാണ്. നമ്മള്‍ ജീവിക്കുന്നത് അത്തരമൊരു ലോകത്തായതുകൊണ്ട് അതിന്റെ പ്രതിഫലനങ്ങള്‍ കഥകളില്‍ വരുന്നു എന്നേയുള്ളൂ.

കംപ്യൂട്ടര്‍ പരിശീലനം ഒരു വാശിയോടെ ഞാന്‍ സ്വയം നേടിയെടുത്തതാണ്. ഞാന്‍ പഠിപ്പിച്ച കുട്ടികളില്‍ പലരും ഐ.ടി. കമ്പനികളിലും കോള്‍ സെന്ററുകളിലുമൊക്കെ ജോലി ചെയ്യുന്നുണ്ട്. അവരില്‍ പലരും വന്ന് ടെക്‌നിക്കല്‍ ലൈഫ് അവര്‍ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചൊക്കെ സംസാരിക്കാറുണ്ട്. ശാരീരികവും മാനസികവുമായ പ്രതിസന്ധികളെപ്പറ്റി പറയാറുണ്ട്. പുതിയ ടെക്‌നോളജിയെക്കുറിച്ച്

സംസാരിക്കും അതൊക്കെയാണ് ഇവിടെയൊരു ടെക്കിപോലുള്ള കഥകളില്‍ വരുന്നത്. ഇപ്പോള്‍ ചെറിയ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉണ്ട്. കംപ്യൂട്ടര്‍ അഡിക്ഷന്‍ അവരെ ആത്മഹത്യയിലേക്കുപോലും നയിക്കുന്നു. ക്രിമിനല്‍സ് ആക്കുന്നു. ഇങ്ങനെ പലര്‍ക്കും ഉണ്ടാകുന്ന നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതൊക്കെ കഥകളില്‍ വരും.

വികാരങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ തുറന്നെഴുതാന്‍ ശ്രമിക്കാറുണ്ടോ?

വികാരങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് ആവിഷ്‌കരിക്കുന്നത്. വ്യക്തിപരമായ വികാരങ്ങള്‍ പോലും ആരും കാണരുതെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. വികാരങ്ങളിലൂടെ അതിഭാവുകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കാറില്ല. തുറന്നെഴുത്തിനുവേണ്ടിയുള്ള തുറന്നെഴുത്ത് ഞാന്‍ എഴുപതുകളില്‍ ഉപേക്ഷിച്ചതാണ്.

രോഗവും ഭാവനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്. ടീച്ചര്‍ എങ്ങനെയാണ് രോഗത്തെ എഴുത്തിലേക്ക് കൊണ്ടുവന്നത്?

രോഗം വന്നപ്പോള്‍ ഇതോടെ ജീവിതം തീര്‍ന്നു എന്ന് വിശ്വസിച്ചില്ല. അതിജീവനം സാധ്യമാകും എന്നുതന്നെ വിശ്വസിച്ചു. എന്നെ ചികിത്സിച്ച ഡോ. വി.പി. ഗംഗാധരന്‍ പറഞ്ഞത്, ഈ രോഗം വന്നത് ഒരു പുസ്തകം എഴുതാനുള്ള സന്ദര്‍ഭം ഒരുക്കാന്‍ വേണ്ടിയാണ് എന്നാണ്. അദ്ദേഹം പറഞ്ഞു, രോഗത്തെപ്പറ്റി ഡോക്ടര്‍മാര്‍ ധാരാളം എഴുതിയിട്ടുണ്ട്. പക്ഷേ, രോഗികള്‍ അനുഭവങ്ങള്‍ ഏറെ എഴുതിയിട്ടില്ല. അതുകൊണ്ട് രോഗാനുഭവങ്ങള്‍ എഴുതണം എന്ന് പറഞ്ഞു. അത് മനസ്സില്‍ കിടന്നിരുന്നു. രോഗം അനുഭവിച്ചു തീര്‍ക്കുമ്പോള്‍ ശരീരം ക്ഷീണിക്കും. മനസ്സിലെ ആഗ്രഹങ്ങള്‍ നടക്കാതെപോകും. ഞാന്‍ എങ്ങനെയൊക്കെയോ പിടിച്ചുനിന്നു. അന്ന് കുറെയൊക്കെ വായിക്കും. ആലോചിച്ച് കിടക്കും. സുഹൃത്തുക്കള്‍ ഇടയ്ക്കുവരുമായിരുന്നു. വനിത പത്രാധിപരായിരുന്ന മണര്‍കാട് മാത്യുവാണ് ഈ അനുഭവങ്ങള്‍ മനോരമ വാര്‍ഷികപതിപ്പിലേക്കുവേണ്ടി എഴുതണമെന്ന് എന്നോടു പറഞ്ഞത്. 'മനോരമ വാര്‍ഷിക പതിപ്പിനുവേണ്ടി കുറച്ച് കാര്യങ്ങള്‍ എഴുതുക. പിന്നീട് ടീച്ചറിന് അത് വിപുലമാക്കി പുസ്തകമാക്കാമല്ലോ' എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ എനിക്ക് എഴുതാന്‍ കഴിയും എന്ന വിശ്വാസമില്ലായിരുന്നു. എഴുതിത്തുടങ്ങിയപ്പോള്‍ തടസ്സങ്ങള്‍ മാറി. നല്ല ഒഴുക്കായി. അതാണ് പിന്നീട് പുസ്തകമായത് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' രോഗകാലം എന്റെ സ്വഭാവത്തെ തന്നെ മാറ്റി. എനിക്ക് പെട്ടെന്ന് ദേഷ്യം വരുമായിരുന്നു. അത് മാറി. അതുപോലെ ദയയും ഉദാരതയും കൂടി. ആളുകളോടുള്ള വൈകാരിക അടുപ്പം കൂടി. മനുഷ്യരെ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. രോഗസമയത്ത് എന്നെ തേടി ഒരുപാട് പേര്‍ വന്നു. പക്ഷേ, കാണണമെന്ന് ഞാനാഗ്രഹിച്ച പലരും വന്നില്ല. പലരേയും തിരിച്ചറിയാന്‍ പറ്റി. ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് രോഗം സൃഷ്ടിച്ചത്.

കഥയില്‍നിന്നും നോവലിലേക്ക് എത്തുന്നത് എങ്ങനെയാണ്? എഴുത്തിലെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണോ നോവല്‍ എന്ന മാധ്യമം തിരഞ്ഞെടുത്തത്?

'അപര്‍ണ്ണയുടെ തടവറകള്‍' എന്ന നോവല്‍ ചെറുകഥയായി എഴുതാന്‍ തുടങ്ങിയതാണ്. പക്ഷേ, പിന്നീട് അത് നോവലായി മാറി. അതിന്റെ ഇംഗ്ലീഷ് പരിഭാഷ വന്നപ്പോള്‍ ഒരാള്‍ എഴുതി. ഇതിന് കുറെക്കൂടി പേജുകള്‍ ഉണ്ടായിരുന്നെങ്കില്‍ നന്നാകുമായിരുന്നുവെന്ന്. നോവലിലെ ബന്ധങ്ങളെ ചിമിഴുകളില്‍ അടയ്ക്കാതെ തുറന്നുവിടണമായിരുന്നു എന്ന് ഒരു വിദേശ നിരൂപകന്‍ പറഞ്ഞു. അപ്പോഴാണ് നോവലിന്റെ വിശാലമായ ക്യാന്‍വാസിനെക്കുറിച്ച് ബോധ്യം ഉണ്ടായത്. ഇനി നോവല്‍ എഴുതുമ്പോള്‍ ഈ ബോധം മനസ്സില്‍ ഉണ്ടാവും. ഇതുവരെ ബഷീറിന്റെ നോവലുകളാണ് എനിക്ക് മോഡലായി തോന്നിയിട്ടുള്ളത്. 'അപര്‍ണ്ണയുടെ തടവറകള്‍' വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിനു പല കാരണങ്ങള്‍ ഉണ്ടായിരുന്നു. നോവലിന്റെ സാങ്കേതികതയില്‍ കൂടുതല്‍ ശ്രദ്ധിച്ചതുകൊണ്ട് പാരായണക്ഷമത അങ്ങനെ ശ്രദ്ധിച്ചില്ല. വായനക്കാരുമായി ശരിയായി സംവദിക്കാന്‍ കഴിയുന്ന നോവലുകളേ അവര്‍ സ്വീകരിക്കുകയുള്ളു. ഇത് മനസ്സിലാക്കിയാണ് അടുത്ത നോവല്‍ എഴുതാന്‍ പോകുന്നത്.

കഥയുടെ രൂപഘടനയില്‍ നേടിയ സ്വാതന്ത്ര്യം പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ?

കുറെയൊക്കെ ഉപയോഗപ്പെടുത്തി എന്ന് കരുതാം. ഒരുപാട് പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാന്‍ കഴിയുന്നതാണ് ചെറുകഥയുടെ ഫ്രെയിം. പലതരം മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ആധുനികതയില്‍നിന്നും ഉത്തരാധുനികതയിലേക്ക് എത്തി. ഇപ്പോള്‍ മലയാളകഥ പ്രാദേശിക റിയലിസത്തിലാണ് നില്‍ക്കുന്നത്. ദേവീഗ്രാമകഥകളില്‍ അത്തരം ചില കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ മിക്കവരുടേയും കഥകളില്‍ കടുത്ത പ്രാദേശിക റിയലിസമാണ് വരുന്നത്. ഗ്രാമത്തിന്റെ ഭാഷ, ജീവിത രീതി, ഒക്കെ അതേപടി ഒപ്പിയെടുക്കുന്നു.

ഉത്തരാധുനിക കാലത്ത് എഴുത്തുകാര്‍ നഗരകഥകള്‍ എഴുതുമ്പോഴാണ് ടീച്ചര്‍, ഗ്രാമകഥകള്‍ എഴുതിയത്. അത് വായനക്കാര്‍ എങ്ങനെ സ്വീകരിച്ചു?

നന്നായി വായിക്കപ്പെട്ടു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നിരൂപകന്മാരും എഴുത്തുകാരുമൊക്ക എന്റെ പേര് പരാമര്‍ശിക്കുന്നു, പരിഗണിക്കുന്നു എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ തിരഞ്ഞെടുത്ത വഴി ശരിയായിരുന്നു എന്ന് ബോധ്യപ്പെട്ടു. ഞാന്‍ എന്റേതായ വഴി തിരഞ്ഞെടുക്കുകയായിരുന്നു. അയ്യപ്പപ്പണിക്കര്‍ സാറാണ് ഗ്രാമകഥകള്‍ എഴുതാന്‍ പ്രേരിപ്പിച്ചത് ആ വഴി കൃത്യമായിരുന്നു എന്ന് തെളിഞ്ഞു. മാത്രമല്ല, ഇതോടൊപ്പം നഗരകഥകളും എഴുതി.

100 വര്‍ഷം 100 കഥകള്‍ വന്നപ്പോള്‍ ടീച്ചര്‍ പറഞ്ഞു എന്നെ ചരിത്രത്തില്‍നിന്ന് വെട്ടിമാറ്റി എന്ന്. അത്തരം തമസ്‌കരണം പിന്നീടും ഉണ്ടായോ?

ആ പുസ്തകം ഇറങ്ങിയപ്പോള്‍ വിഷമം തോന്നി. അത് ഇപ്പോഴും ഉണ്ട്. അയ്യപ്പപ്പണിക്കര്‍ സാറായിരുന്നു അതിന്റെ പ്രാഥമിക ലിസ്റ്റ് നോക്കിയത്. ഞാന്‍ ആ പേപ്പര്‍ നോക്കിയപ്പോള്‍ അതില്‍ ചന്ദ്രിക/കുമാരി ചന്ദ്രിക ഉണ്ട്. മൂന്ന് പേരായിരുന്നു അതിനു മാര്‍ക്ക് ഇട്ടത്. ഒരാള്‍ മാത്രം എന്നെ പരിഗണിച്ചു. മറ്റ് രണ്ടു പേരും എന്നെ തഴഞ്ഞു. അപ്പോള്‍ ഞാന്‍ ചിന്തിച്ചു, ഞാന്‍ അത്രക്കെ ഉള്ളോ? അക്കാലത്തു ഞാന്‍ നല്ല കഥകള്‍ എഴുതിയിരുന്നു. പലതും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഡി.സി. ബുക്‌സിന് അത് കണ്ടെത്താനായില്ല. സാര്‍ എന്റെ വിഷമം മനസ്സിലാക്കി. എന്നോട് പറഞ്ഞു, 'വേണമെങ്കില്‍ ഞാന്‍ അവരോട് പറഞ്ഞ് ചന്ദ്രികയുടെ കഥ ഉള്‍പ്പെടുത്താം. അതോ സ്വന്തം കഴിവുകൊണ്ട് ചരിത്രത്തില്‍ ഇടം നേടണോ?' ശുപാര്‍ശ വേണ്ടാന്ന് ഞാന്‍ പറഞ്ഞു. എഴുതി വിജയിക്കും എന്നും പറഞ്ഞു. ഈ പുസ്തകത്തിന്റെ അനുബന്ധമായി കഥാദശകം വന്നപ്പോള്‍ എന്റെ കഥ അവര്‍ ചോദിച്ചു വാങ്ങി ചേര്‍ത്തു. അതൊരു മധുരപ്രതികാരമായി. 100 വര്‍ഷത്തെ കഥാചരിത്രം ഉണ്ടാക്കിയവര്‍ക്ക് ചന്ദ്രിക ഒരു നല്ല കഥാകാരി അല്ലായിരുന്നു. എനിക്കും ചരിത്രത്തില്‍ ഇടം നേടണം എന്ന വാശി അതോടെ ഉണ്ടായിതമസ്‌കരണം ഇപ്പോഴും പിന്തുടരുന്നുണ്ട്. കാരണം മതത്തിന്റേയോ രാഷ്ട്രീയത്തിന്റേയോ സപ്പോര്‍ട്ട് ഇല്ലാതെ നില്‍ക്കുന്ന എഴുത്തുകാരില്‍ ഒരാളാണ് ഞാന്‍.

ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇവിടെ വരെ എത്തിയത്. ടീച്ചര്‍ക്ക് ഈ ഊര്‍ജ്ജം കിട്ടുന്നത് എവിടെനിന്നാണ്?

എന്നെ സ്‌നേഹിക്കുന്ന ധാരാളം വായനക്കാര്‍ ഉണ്ട്. അവരുടെ പിന്തുണ കിട്ടാറുണ്ട്. എന്താണ് എഴുതാത്തത് എന്ന് ചോദിക്കുന്ന ഒരുപാട് പേരുണ്ട്. എന്നെ തേടി വീട്ടില്‍ വരുന്നവര്‍ ഉണ്ട്. എഴുതാന്‍ സ്‌നേഹത്തോടെ പ്രേരിപ്പിക്കുന്നവര്‍ ഉണ്ട്. പഠിപ്പിച്ച കുട്ടികള്‍, സുഹൃത്തുക്കള്‍, മക്കള്‍ ഒക്കെ എനിക്ക് എഴുതാന്‍ ഊര്‍ജ്ജം തരാറുണ്ട്. രോഗം ബാധിച്ചു കിടക്കുമ്പോഴൊക്കെ ആശുപത്രിയില്‍ അപരിചിതരില്‍നിന്നുപോലും എഴുത്തുകാരിക്ക് എന്തു സ്‌നേഹമാണ് കിട്ടുന്നത്! ഒരു എഴുത്തുകാരി എന്ന നിലയില്‍ എനിക്ക് സ്‌നേഹവും ആദരവും കിട്ടുന്നുണ്ട്.

ടീച്ചര്‍ വീണ്ടും എഴുതിത്തുടങ്ങുമ്പോള്‍ ഇവിടെ സ്ത്രീ എഴുത്ത് സജീവമായി മാറി സാറാ ജോസഫ്, ഗ്രേസി, അഷിത തുടങ്ങിയവര്‍ സജീവമായിരുന്നു. ഇവരുടെ സ്വാധീനം ഉണ്ടായിട്ടുണ്ടോ?

സാറാ ടീച്ചറിന്റെ ആദ്യകാല കഥകള്‍ എനിക്ക് ഇഷ്ടമാണ്. നോവലുകളും താല്പര്യമുണ്ടാക്കിയിട്ടുണ്ട്. 'ആലാഹയുടെ പെണ്‍മക്കളും' 'ബുധനി'യുമൊക്കെ മികച്ച നോവലുകളാണ്. പക്ഷേ, ഞങ്ങളുടെ ആശയസമീപനങ്ങളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. ഗ്രേസി നല്ല സുഹൃത്താണ്, അഷിതയും അങ്ങനെയായിരുന്നു. പക്ഷേ, ഞങ്ങള്‍ എല്ലാവരുടേയും രീതികള്‍ വ്യത്യസ്തങ്ങളാണ്.

ടീച്ചര്‍ ധാരാളം കവിത എഴുതിയിട്ടുണ്ട്. അതൊന്നും പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടാണ്?

എന്റെ വികാരങ്ങളുടെ, മനോഭാവങ്ങളുടെ സ്വഭാവിക പ്രതികരണങ്ങളാണ് കവിതകള്‍. ഒരു ഡയറി നിറയെ എഴുതിവെച്ചിട്ടുണ്ട്. ചേട്ടന്റെ മരണശേഷം ഉണ്ടായ നിഷ്‌ക്രിയതയില്‍നിന്ന് ഉണര്‍ന്നപ്പോള്‍ ആദ്യം എഴുതിയത് കവിതകളാണ്. അത് ഞങ്ങള്‍ക്ക് മാത്രമെ മനസ്സിലാകൂ. കവിതകള്‍ തികച്ചും വ്യക്തിപരമാണ്. മറ്റൊരാള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാലും ചില കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇത്രയും കാലത്തെ ജീവിതം പഠിപ്പിച്ചത് എന്താണ്?

ഒരുപാട് സംഘര്‍ഷങ്ങളിലൂടെയാണ് ജീവിതം മുന്നോട്ടുപോകുന്നത്. അവിടെ പിടിച്ചുനില്‍ക്കണമെങ്കില്‍, അതിജീവിക്കണമെങ്കില്‍ ഉള്ളിന്റെ ഉള്ളില്‍നിന്ന് ഒരു ശക്തി ഉണ്ടാവണം. അതിന്റെ ഉറവിടം നമ്മള്‍ തന്നെ കണ്ടെത്തണം. അത് ജീവിതം പഠിപ്പിച്ച പാഠമാണ്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com