വഹീദ: കണ്‍മുന്നിലെ മധുരസ്വപ്നം

വഹീദ: കണ്‍മുന്നിലെ മധുരസ്വപ്നം

പന്ത്രണ്ടു വര്‍ഷം മുന്‍പ് തിരുവനന്തപുരത്തെ കനകക്കുന്ന് പാലസില്‍വെച്ച് സുഹൃത്തും അഭിനേത്രിയും എഴുത്തുകാരിയുമൊക്കെയായ സജിതാ മഠത്തില്‍ പേരു പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ ഔപചാരികമായി ചിരിച്ചു വഹീദ; തലമുറകളുടെ ഹൃദയംകവര്‍ന്ന മന്ദഹാസം. പിന്നെ പ്രൗഢമായി കൈകൂപ്പി. എന്നെങ്കിലുമൊരിക്കല്‍ കാണാനാകുമെന്ന് സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത ആരാധനാപാത്രത്തെ തൊട്ടുമുന്നില്‍ കയ്യെത്തുംദൂരത്ത് കണ്ടതിന്റെ ഞെട്ടലിലായിരുന്നു ഞാന്‍.

എന്തു പറയണമെന്നറിയാതെ, പുഞ്ചിരിക്കുന്ന ആ കണ്ണുകളില്‍ നോക്കി നിര്‍ന്നിമേഷനായി നില്‍ക്കേ ചുണ്ടില്‍ ഞാന്‍ പോലുമറിയാതെ ഒരു പാട്ടിന്റെ പല്ലവി വന്നു നിറഞ്ഞു: ''ആജ് ഫിര്‍ ജീനേ കി തമന്നാ ഹേ ആജ് ഫിര്‍ മര്‍നേ കാ ഇരാദാ ഹേ...''

ഞങ്ങള്‍ക്കിരുവര്‍ക്കു മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ ആ വരി മൂളിയപ്പോള്‍ അത്ഭുതത്തോടെ എന്നെ നോക്കി വഹീദാജി. പിന്നെ വിസ്മിതനേത്രയായി മന്ത്രിച്ചു: '', താങ്ക് യൂ, ഇറ്റ്സ് ആന്‍ അണ്‍ഫൊര്‍ഗെറ്റബ്ള്‍ സോംഗ്...''

അത്രമാത്രം. അടുത്ത നിമിഷം സജിതയ്‌ക്കൊപ്പം നടന്നകന്നു അവര്‍. കണ്‍മുന്നില്‍നിന്ന് ഒരു മധുരസ്വപ്നം ഞൊടിയിടയില്‍ മാഞ്ഞുപോയപോലെ. നിരാശ തോന്നി. രാജസ്ഥാനിലെ ചിത്തോര്‍ഗഢ് കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കു മുകളിലൂടെ പൂമ്പാറ്റയെപ്പോലെ പാറിനടന്ന 'ഗൈഡി'ലെ ആ പഴയ റോസിയായിരുന്നു അപ്പോഴും മനസ്സില്‍. കാലിടറാതിരിക്കാന്‍ ശ്രദ്ധിച്ച്, ചുറ്റുമതിലിനു മുകളിലൂടെ ആഹ്ലാദഭരിതയായി ഓടിനടക്കവേ താഴെ നില്‍ക്കുന്ന കാമുകന്‍ ദേവാനന്ദിനെ നോക്കി പാടുകയാണവള്‍:

''മേ ഹൂ ഗുബാര്‍ യാ തൂഫാന്‍ ഹൂ, കോയീ ബതായേ മേ കഹാം ഹൂം, ഹോ ഡര്‍ ഹേ സഫര്‍ മേ കഹി ഖോ നാ ജാവോ മേ, രാസ്താ നയാ...'' ആശയം ഏതാണ്ടിങ്ങനെ: എന്തുപറ്റി എനിക്ക്? മഞ്ഞുമേഘങ്ങളില്‍ ചെന്നുപെട്ടോ, അതോ കൊടുങ്കാറ്റില്‍ അകപ്പെട്ടോ? വഴിതെറ്റുമോ എന്നാണെന്റെ പേടി. അപരിചിതമാണല്ലോ ഈ വഴികളെല്ലാം...

വഹീദയോര്‍മ്മകളില്‍ എല്ലാ വര്‍ണ്ണഭംഗിയോടെയും നിറഞ്ഞുനില്‍ക്കുന്ന ഗാനരംഗം. അതുവരെ മോഹിപ്പിച്ചതൊക്കെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഗാനോത്സവങ്ങളായിരുന്നല്ലോ: 'പ്യാസ'യിലെ ജാനേ ക്യാ തൂനെ കഹി, 'സി ഐ ഡി'യിലെ കഹി പെ നിഗാഹേ, 'സാഹിബ് ബീബി ഔര്‍ ഗുലാ'മിലെ ഭവരാ ബഡാ നാദാന്‍ ഹേ, 'കാഗസ് കെ ഫൂലി'ലെ വഖ്ത് നേ കിയാ... 'ഗൈഡി'ല്‍ ആദ്യമായി വഹീദയെ വര്‍ണ്ണപ്പകിട്ടില്‍ കണ്ടപ്പോള്‍ തെല്ലൊരു നിരാശ തോന്നിയെന്നത് സത്യം. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ വിഖ്യാത ഛായാഗ്രാഹകന്‍ വി.കെ. മൂര്‍ത്തിയെപ്പോലുള്ളവര്‍ ഹൃദയംകൊണ്ട് ഒപ്പിയെടുത്ത സൗന്ദര്യത്തിന് കളറില്‍ ചെറിയൊരു മങ്ങല്‍ സംഭവിച്ചപോലെ. ചിലപ്പോള്‍ എന്റെ തോന്നലാവും.

സ്വാതന്ത്ര്യത്തിന്റെ ആഘോഷം

എങ്കിലും 'ഗൈഡി'ലെ (1965) ആ ഗാനരംഗം ഇന്നും ഏറെ പ്രിയങ്കരം; വഹീദയുടെ പ്രസാദാത്മക സാന്നിധ്യം കൊണ്ടുതന്നെ. ബന്ധനങ്ങളും നിരാശാജനകമായ ദാമ്പത്യത്തിന്റെ ചങ്ങലകളും യഥേഷ്ടം പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ അനന്തവിശാലമായ ആകാശത്തേക്ക് പറന്നുയര്‍ന്നുകൊണ്ട് റോസി പാടുന്ന ആ പാട്ട് എത്ര മനോഹരമായാണ് ഫാലി മിസ്ട്രി ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. റോസിയുടെ ആ സമയത്തെ മാനസികാവസ്ഥ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നു ശൈലേന്ദ്രയുടെ വരികളും സച്ചിന്‍ ദേവ് ബര്‍മ്മന്റെ സംഗീതവും ലതാ മങ്കേഷ്‌കറുടെ ആലാപനവും.

''ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ഫെമിനിസ്റ്റ് ഗാനം'' എന്ന് 'ആജ് ഫിര്‍ ജീനേ കി തമന്നാ'യെ വിശേഷിപ്പിച്ചിട്ടുണ്ട് വഹീദ. നസ്രീന്‍ മുന്നി കബീറുമായുള്ള അഭിമുഖത്തില്‍ (കോണ്‍വെര്‍സേഷന്‍സ് വിത്ത് വഹീദ റഹ്മാന്‍) വഹീദ പറയുന്നു: ''പാട്ടിന് മുന്‍പ് ദേവിന്റെ രാജുവും എന്റെ റോസിയും തമ്മിലൊരു ഹ്രസ്വ സംഭാഷണമുണ്ട്. രാജു പറയുകയാണ്: ജീവിച്ചു തളര്‍ന്ന, ജീവിതത്തോടുള്ള ആസക്തി തന്നെ നഷ്ടപ്പെട്ട ഒരു നാല്‍പ്പതുകാരിയായിരുന്നു ഇന്നലെ നീ. ഇന്നോ? തികച്ചും സ്വതന്ത്രയായ, അങ്ങേയറ്റം ആഹ്ലാദഭരിതയായ പതിനാറുകാരി...''

രാജുവിന്റെ ആ വാക്കുകള്‍ക്കുള്ള മറുപടിയായാണ് പാട്ടിന്റെ വിരുത്തം റോസി പാടിത്തുടങ്ങുന്നത്. ''കാണ്ഡോ സേ ഖീംച് കേ യേ ആഞ്ചല്‍, തോഡ് കേ ബന്ധന്‍ ബാന്ധേ പായല്‍, കോയീ നാ രോകോ ദില്‍ കി ഉഢാന്‍ കോ ദില്‍ വോ ചലാ...'' മുള്ളുകളില്‍ കുടുങ്ങിയ വസ്ത്രം വലിച്ചെടുക്കും പോലെ എല്ലാ ബന്ധനങ്ങളില്‍നിന്നും മോചനം നേടി, ഹൃദയത്തെ ഇഷ്ടാനുസരണം പറക്കാന്‍ വിടുന്ന ഒരു സ്ത്രീയുടെ മനസ്സുണ്ട് ശൈലേന്ദ്രയുടെ വരികളില്‍; നൃത്തത്തോടുള്ള പ്രണയം വീണ്ടെടുത്ത ഒരു യഥാര്‍ത്ഥ കലാകാരിയുടേയും.

വിരുത്തത്തിനു പിന്നാലെ 'ആജ് ഫിര്‍ ജീനേ കി തമന്നാ ഹേ' എന്ന് പാടിത്തുടങ്ങുമ്പോള്‍ ആ സ്വാതന്ത്ര്യ പ്രഖ്യാപനം പൂര്‍ണ്ണമാകുന്നു: ''ഇന്നെനിക്ക് വീണ്ടും ജീവിക്കാന്‍ മോഹം, വീണ്ടും മരിക്കാനും...'' മനസ്സില്‍ തോന്നുന്നതെല്ലാം ഉറക്കെ വിളിച്ചുപറയുകയാണ് പുതിയ റോസി. ഓരോ വാക്കുകളിലും ജീവിതത്തോടുള്ള പ്രണയം പൂത്തുലയുന്നു: കല്‍ കെ അന്ധേരോ സെ നികല്‍ കേ, ദേഖാ ഹേ ആംഖേ മല്‍തെ മല്‍തെ ഹോ ഫൂല്‍ ഹി ഫൂല്‍ സിന്ദഗി ബഹാര്‍ ഹേ തയ് കര്‍ ലിയാ... ഇരുളടഞ്ഞ ഭൂതകാലത്തില്‍നിന്ന് പുറത്തുവന്നിരിക്കുന്നു ഞാന്‍, കണ്ണു തിരുമ്മിനോക്കുമ്പോള്‍ ചുറ്റും കാണുന്നത് പൂക്കള്‍ മാത്രം, വസന്തം വന്നെത്തിയപോലെ...

ആ വസന്തത്തിന്റെ സുഗന്ധം ലതാ മങ്കേഷ്‌ക്കര്‍ക്കു കൂടി അവകാശപ്പെട്ടതാണെന്നു പറയും വഹീദ. ''ഓരോ വാക്കിനും ലതാജി പകര്‍ന്നുനല്‍കിയിട്ടുള്ള ഭാവം അസാധ്യം. ചില ഗാനങ്ങളിലെ വൈകാരികാംശം അഭിനയിച്ചു ഫലിപ്പിക്കാന്‍ നമുക്ക് അമിതമായ ഭാവപ്രകടനങ്ങളെ ആശ്രയിക്കേണ്ടിവരും. പക്ഷേ, ഈ പാട്ടില്‍ എനിക്കത് വേണ്ടിവന്നില്ല. പാതിയിലേറെ ജോലിയും ലതാജി നിര്‍വ്വഹിച്ചുകഴിഞ്ഞുവല്ലോ.''

വഹീദ റഹ്മാന്‍
വഹീദ റഹ്മാന്‍

ഭാഗ്യം കൊണ്ട് 'ജീവിച്ച' പാട്ട്

ഭാഗ്യത്തിന്റെ അകമ്പടിയോടെ 'ഗൈഡി'ല്‍ ഇടം നേടിയ പാട്ടാണതെന്നത് മറ്റൊരു കൗതുകം. ഉദയ്പൂരില്‍ പടത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് റെക്കോര്‍ഡിംഗിനായി ദേവാനന്ദ് മുംബൈയിലേക്ക് പോയത്. ''തിരിച്ചുവരുമ്പോള്‍ നിരാശനായിരുന്നു അദ്ദേഹം'' - വഹീദ ഓര്‍ക്കുന്നു. ''ബര്‍മ്മന്‍ദാ കേള്‍പ്പിച്ച ഈണം ഇഷ്ടപ്പെട്ടില്ലത്രേ അദ്ദേഹത്തിന്. അക്കാര്യം അദ്ദേഹം സംവിധായകന്‍ ഗോള്‍ഡിയോടും (വിജയ് ആനന്ദ്) എന്നോടും തുറന്നുപറയുകയും ചെയ്തു. ട്യൂണ്‍ മാറ്റിച്ചെയ്യാന്‍ ബര്‍മ്മന്‍ദായെ നിര്‍ബ്ബന്ധിക്കണം- അതായിരുന്നു ദേവിന്റെ ആവശ്യം. ആദ്യം പാട്ട് കേള്‍ക്കട്ടെ, എന്നിട്ട് തീരുമാനിക്കാം എന്നായി ഞങ്ങള്‍. കേട്ടുനോക്കിയപ്പോള്‍ ഗോള്‍ഡിക്കും എനിക്കും അത്ഭുതം: ഇതിനെന്താണ് കുഴപ്പം? അസ്സല്‍ പാട്ട്; സന്ദര്‍ഭത്തിനു കൃത്യമായി ഇണങ്ങുന്നതും. മാറ്റേണ്ട കാര്യമേയില്ല - ഞങ്ങള്‍ വിധിയെഴുതി.''

എന്നാല്‍ ദേവാനന്ദുണ്ടോ വഴങ്ങുന്നു? പഴയ പല്ലവിതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു അദ്ദേഹം. ഒടുവില്‍ സംവിധായകന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടു വെയ്ക്കുന്നു: ''എന്തായാലും നമുക്ക് പാട്ട് ഷൂട്ട് ചെയ്യാം. ബോംബെയില്‍ തിരിച്ചുചെന്ന ശേഷം റഷസ് കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഒഴിവാക്കാം. പുതിയ പാട്ട് വെച്ച് റീഷൂട്ട് ചെയ്യാന്‍ ഞാന്‍ റെഡി.'' വഹീദയ്ക്കും ഉണ്ടായിരുന്നില്ല മറിച്ചൊരു അഭിപ്രായം.

രാജസ്ഥാനിലെ വിവിധ ലൊക്കേഷനുകളില്‍വെച്ച് അഞ്ചു ദിവസം കൊണ്ടാണ് 'ആജ് ഫിര്‍ ജീനേ കി തമന്നാ ഹേ' ചിത്രീകരിച്ചു തീര്‍ത്തതെന്ന് വഹീദ. ''വൈകീട്ട് ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടലില്‍ തിരിച്ചെത്തുമ്പോള്‍ ഞങ്ങളെല്ലാവരുടേയും ചുണ്ടില്‍ ആ പാട്ടുണ്ടാകും. അഞ്ചാം ദിവസം ദേവ് പറഞ്ഞു: ഈ പാട്ട് ഇനി മാറ്റേണ്ട. എന്നോട് പൊറുക്കുക. നേരത്തെ പറഞ്ഞതെല്ലാം തിരിച്ചെടുക്കുന്നു...''

ശ്വാസം നേരെ വീണത് അപ്പോഴാണ്. മനോഹരമായ ആ ഗാനമില്ലായിരുന്നെങ്കില്‍ 'ഗൈഡ്' എത്ര അപൂര്‍ണ്ണമായേനെ എന്ന് ചിന്തിച്ചുനോക്കുക. അതുപോലെ, പിയാ തോസെ നൈനാ ലാഗേ രെ, സയ്യാ ബേഈമാന്‍ (ലത), ദിന്‍ ഢല്‍ ജായേ, ക്യാ സേ ക്യാ ഹോ ഗയാ, തെരെ മേരെ സപ്നേ (മുഹമ്മദ് റഫി), ഗാത്താ രഹേ മേരാ ദില്‍ (കിഷോര്‍ കുമാര്‍), അല്ലാ മേഘ് ദേ പാനി ദേ, വഹാം കോന്‍ ഹേ തേരാ (എസ് ഡി ബര്‍മ്മന്‍) എന്നീ പാട്ടുകളും. എല്ലാം വ്യത്യസ്ത ദൃശ്യശ്രവ്യാനുഭവങ്ങള്‍. അക്കൂട്ടത്തില്‍ ആ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടത് ലതാജിയുടെ 'ആജ് ഫിര്‍ ജീനേ കി തമന്ന' മാത്രം. മികച്ച ചിത്രം, കഥ, സംഭാഷണം, സംവിധാനം, നടന്‍, നടി, ക്യാമറ തുടങ്ങി അവാര്‍ഡുകളായ അവാര്‍ഡുകളെല്ലാം 'ഗൈഡ്' വാരിക്കൂട്ടിയിട്ടും ലതാജിയുടെ പാട്ട് അംഗീകരിക്കപ്പെട്ടില്ല എന്നതാണ് വിരോധാഭാസം.

ലതാ മങ്കേഷ്‌കര്‍ എന്ന ഗായികയെ മനസ്സുകൊണ്ട് നമിക്കാതിരിക്കാനാവില്ല വഹീദയ്ക്ക്. ''എത്രയോ പാട്ടുകാര്‍ വന്നുപോയിരിക്കുന്നു സിനിമയില്‍. കാലത്തെ അതിജീവിച്ച് ലതാജി എന്നിട്ടും നിലനിന്നെങ്കില്‍ അതിനു പിന്നില്‍ പൂര്‍ണ്ണതയ്ക്ക് വേണ്ടിയുള്ള അവരുടെ അവിരാമമായ അദ്ധ്വാനവും ആത്മസമര്‍പ്പണവും തന്നെ. സിനിമ കാണാതെ പാട്ട് മാത്രം കേട്ടാലും പറയാനാകും മീനാകുമാരിക്കോ നര്‍ഗീസിനോ മധുബാലയ്‌ക്കോ നൂതനോ അതോ ഡിംപിള്‍ കപാഡിയയ്‌ക്കോ... ആര്‍ക്ക് വേണ്ടിയാണ് ലതാജി പാടുന്നതെന്ന്'' - നസ്രീനുമായുള്ള സംഭാഷണത്തില്‍ വഹീദ പറയുന്നു.

കനകക്കുന്നിലെ ആ വിസ്മയക്കാഴ്ച്ച മായുന്നില്ല മനസ്സില്‍നിന്ന്; ഗൈഡിലെ ആ ഗാനരംഗവും: അപ്നേ ഹി ബസ് മേ നഹി മേം, ദില്‍ ഹേ കഹി തോ ഹൂം... എനിക്കെന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു; ഹൃദയം എങ്ങോ കൈവിട്ടുപോയപോലെ.

രവിമേനോന്‍ എഴുതിയ ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com