ദേശരാഷ്ട്രനിര്‍മിതിയുടെനീക്കിബാക്കി

ഇസ്രയേലി ചരിത്രകാരനും എഴുത്തുകാരനുമായ ഇലാന്‍ പപ്പേ (Ilan Pappé) എഴുതിയ പുസ്തകമായ ‘ദി ഐഡിയാ ഒഫ് ഇസ്രയേല്‍’ ആരംഭിക്കുന്നത് രസകരമായ ഒരു സംഭവാഖ്യാനത്തോടെയാണ്.
ദേശരാഷ്ട്രനിര്‍മിതിയുടെനീക്കിബാക്കി

ഇസ്രയേലി ചരിത്രകാരനും എഴുത്തുകാരനുമായ ഇലാന്‍ പപ്പേ (Ilan Pappé) എഴുതിയ പുസ്തകമായ ‘ദി ഐഡിയാ ഒഫ് ഇസ്രയേല്‍’ ആരംഭിക്കുന്നത് രസകരമായ ഒരു സംഭവാഖ്യാനത്തോടെയാണ്. 1937-ല്‍, പലസ്തീനിലെ സംഘര്‍ഷത്തിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി ബ്രിട്ടീഷ് അധികാരികള്‍ നിയോഗിച്ച പീല്‍ കമ്മിഷന്‍ പ്രദേശത്ത് എത്തിച്ചേരുന്നതിനു രണ്ടാഴ്ച മുന്‍പാണ് ആ സംഭവം നടക്കുന്നത്. സയണിസ്റ്റ് ചരിത്രകാരനും ഇസ്രയേലിലെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ബെന്‍ സയണ്‍ ദിനുറിനെ ജൂതസമൂഹത്തിന്റെ നേതാക്കളിലൊരാളായ ദാവീദ് ബെന്‍ ഗുറിയോണ്‍ സമീപിക്കുകയും സി.ഇ ’72 മുതല്‍ 1882 വരെയുള്ള കാലഘട്ടത്തില്‍ ഈ പ്രദേശത്ത് തുടര്‍ച്ചയായി ജൂതന്മാര്‍ ജീവിച്ചുപോന്നിട്ടുണ്ട് എന്നു വ്യക്തമാക്കുന്ന തരത്തിലുള്ള ഗവേഷണഫലങ്ങള്‍ എന്തെങ്കിലും കമ്മിഷനു നല്‍കാനാകുമോ എന്ന് ആരായുകയും ചെയ്യുന്നതാണ് പരാമര്‍ശിക്കപ്പെടുന്ന സംഭവം (ടൈറ്റസിന്റെ നേതൃത്വത്തിലുള്ള റോമന്‍ സൈന്യം ജറുസലേം വളയുകയും ജൂതകലാപകാരികളെ കൊന്നൊടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് ജൂതന്മാര്‍ക്ക് ആ പ്രദേശം വിട്ടോടേണ്ടിവന്നത് സി.ഇ ‘72-ഓടുകൂടിയാണ്. പലസ്തീനിലേക്കു പുറമേനിന്നുള്ള ജൂതകുടിയേറ്റം ആരംഭിക്കുന്നതാകട്ടെ, 1882-ലും. ഇതിനിടയ്ക്കും ജൂതന്മാര്‍ ഇവിടെയുണ്ടായിരുന്നുവെന്ന് സ്ഥാപിക്കുകയാണ് ഗുറിയോണിന്റെ ലക്ഷ്യം).

തീര്‍ച്ചയായും ഗുറിയോണിന്റെ ആവശ്യം നിറവേറ്റാന്‍ കഴിയുമെന്നുതന്നെയാണ് ദിനുര്‍ മറുപടി പറയുന്നത്. എന്നാല്‍, ഒരുപാട് കാലഘട്ടങ്ങള്‍ (periods) അന്തര്‍ഭവിച്ചിട്ടുണ്ട് ചരിത്രരചനയുടെ പരിഗണനയില്‍ വരുന്ന ഈ കാലത്തില്‍. അതുകൊണ്ടുതന്നെ പലരീതിയിലുള്ള വൈദഗ്ദ്ധ്യം (ranges of expertise) ആവശ്യമാണ് ശ്രമത്തിന്. തെളിവുണ്ടാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി ദശകങ്ങളോളം പ്രയത്നിക്കേണ്ടിവരികയും ചെയ്യും.

എന്നാല്‍, ദിനുറിന്റെ മറുപടി ഗുറിയോണിനെ തൃപ്തനാക്കുന്നില്ല. “നിങ്ങള്‍ക്കിത് മനസ്സിലാകുന്നില്ലല്ലോ” എന്നു നീരസത്തോടെ അദ്ദേഹം പ്രതികരിക്കുന്നു. “പീല്‍ കമ്മിഷന്‍ എത്തുന്നതിന് ഇനി രണ്ടാഴ്ച സമയമാണുള്ളത്. അപ്പോഴേക്കും താങ്കള്‍ക്ക് ഇങ്ങനെയൊരു നിഗമനത്തിലെത്താം. അതിനുശേഷം ഈ നിഗമനത്തിനു തെളിവു നല്‍കുന്നതിന് ഒരു പതിറ്റാണ്ട് മുഴുവന്‍ തന്നെ വേണമെങ്കില്‍ എടുക്കാമല്ലോ” എന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.

നിഗമനം ആദ്യം. തെളിവ് പിറകേയുണ്ടാക്കിയാല്‍ മതി. ദേശീയതാവാദികളുടെ ചരിത്രരചനയുടെ പൊള്ളത്തരം വെളിവാക്കുന്ന ഈ കഥയുടെ യഥാതഥത്വം സംബന്ധിച്ച് ഗ്രന്ഥകാരനു പൂര്‍ണ്ണമായും ഉറപ്പില്ലെങ്കിലും ‍’ദ ഐഡിയാ ഒഫ് ഇസ്രയേല്‍’ എന്ന പുസ്തകത്തിലുള്ളത് മുഴുവന്‍ ചരിത്രരചന, വിദ്യാഭ്യാസം, സിനിമ, സാഹിത്യം തുടങ്ങിയ മണ്ഡലങ്ങളില്‍ തങ്ങള്‍ക്കനുകൂലമായ കാഴ്ചപ്പാടുകള്‍ ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രം എന്ന സങ്കല്പത്തെ ഉറപ്പിച്ചെടുക്കാന്‍ കുത്തിനിറയ്ക്കുന്നതു സംബന്ധിച്ച് നടത്തിയ ഇടപെടലുകളെക്കുറിച്ചാണ്.

ജൂതരുടെ സ്വദേശം ബ്രിട്ടീഷ് അധീനതയിലുള്ള പലസ്തീന്‍ പ്രദേശത്താണ് എന്ന് ഉറപ്പിച്ചെടുക്കുന്നതിനു നിരന്തരം ചരിത്രം നിര്‍മ്മിച്ചെടുക്കുകയും വിവിധ വ്യവഹാര മണ്ഡലങ്ങളില്‍ വ്യാപകമായി ആ കാഴ്ചപ്പാടിന് അനുകൂലമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുക എന്നത് കുറേക്കാലമായി ജൂതവംശീയവാദികളും ഇസ്രയേല്‍ ഭരണകൂടവും അവലംബിച്ചുപോരുന്ന തന്ത്രമാണ്. ഈ തന്ത്രം പലസ്തീന്‍ പ്രദേശത്തെ ഭൂമിയുടെ മുകളിലുള്ള ജൂതരുടെ അവകാശത്തെ മതപരമായും ചരിത്രസാധുതയുള്ള ഒന്നായും ചിത്രീകരിക്കുന്നു. യഥാര്‍ത്ഥത്തില്‍, സയണിസ്റ്റുകളുടെ വാദത്തില്‍ മാത്രമല്ല, ഇങ്ങനെ വംശീയാവകാശവാദങ്ങള്‍ തീര്‍ച്ചയായും നിരത്തപ്പെട്ടിട്ടുള്ളത്, അറബ് ദേശീയതയെ അടിസ്ഥാനപ്പെടുത്തിയ പലസ്തീന്‍കാരുടെ ചരിത്രാഖ്യാനങ്ങളിലും വംശീയാവകാശവാദങ്ങള്‍ പ്രകടമാകുന്നുണ്ട്.

രണ്ടു വാദങ്ങളും അടിസ്ഥാനപരമായി ഇസ്രയേലുകാരുടേയും പലസ്തീന്‍കാരുടേയും ജീവിതാനുഭവങ്ങളെ അവഗണിക്കുന്നുണ്ട്. ജൂതകുടിയേറ്റം വ്യാപകമായി നടക്കുന്നതിനു മുന്‍പും ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന, പിന്നീട് ബ്രിട്ടീഷ് മാന്‍ഡേറ്റ് പലസ്തീന്‍ എന്നു വിളിക്കപ്പെട്ട പ്രദേശങ്ങളില്‍ അറബ് വംശജര്‍ക്കൊപ്പം ജൂതരും കഴിഞ്ഞുപോന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ജൂതരേയും അല്ലാത്തവരേയും രണ്ടു രാഷ്ട്രങ്ങളായി, ഈ പ്രദേശത്തെ രണ്ടു രാഷ്ട്രങ്ങളായി വിഭജിക്കാനുള്ള യൂറോപ്യന്‍ മേല്‍ക്കൈയില്‍ നടന്ന പദ്ധതിയിലാണ് നിത്യമായ അസമാധാനത്തിന്റേയും കലഹത്തിന്റേയും വിത്തുകള്‍ അടങ്ങിയിട്ടുള്ളത്. ആ പദ്ധതി ദൈവദത്തമായി ജൂതര്‍ക്ക് അവകാശം സിദ്ധിച്ച ഭൂമിയെന്ന അവകാശവാദത്തേയും അറബ് രാഷ്ട്രമെന്ന സങ്കല്പത്തേയും വളര്‍ത്തിയെടുക്കാനാണ് സഹായകമായത്.

ദേശരാഷ്ട്രങ്ങള്‍ക്കുവേണ്ടിയുള്ള

അഭിലാഷം

യൂറോപ്പിലാണ് ദേശരാഷ്ട്രങ്ങള്‍ (Nation States) പിറവിയെടുക്കുന്നത്. 19-ാം നൂറ്റാണ്ടോടെ ആ പ്രവണത ലോകമെമ്പാടും ശക്തിയാര്‍ജ്ജിക്കുകയും ചെയ്തു. ലോകത്തു പലയിടങ്ങളിലും ചിന്നിച്ചിതറി കിടക്കുകയോ ഒരു പ്രദേശത്തുതന്നെ പ്രത്യേക രാഷ്ട്രീയാധികാരങ്ങളില്ലാതെ കഴിയുകയോ ഒക്കെ ചെയ്തിരുന്ന ജനതകള്‍ താന്താങ്ങളുടേതായ ഇടത്തിനോ ഉള്ള ഇടത്തിനുമേല്‍ സ്വന്ത അവകാശത്തിനോ ആഗ്രഹിക്കാനാരംഭിച്ചു. ചില കഥകളുടേയോ ചരിത്രാഖ്യാനങ്ങളുടേയോ പൊതു പൈതൃകത്തിന്റേയോ പൊതുവായ ഭാഷയുടേയോ പിന്‍ബലവും ഈ ആഗ്രഹങ്ങള്‍ക്കു നല്‍കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ഈ ആഗ്രഹവും അവയ്ക്കു പിന്‍ബലം നല്‍കിയ കഥകളുമാണ് സ്വതന്ത്ര ദേശരാഷ്ട്രങ്ങളുടെ പിറവിക്കു കാരണമാകുന്നത്.

സയണിസ്റ്റ് പ്രസ്ഥാനക്കാര്‍ ചെയ്തതുപോലെ, 1800-കളുടെ തുടക്കത്തിൽ പലസ്തീന്‍കാര്‍ ഒരു പ്രത്യേക ദേശീയ സ്വത്വം വികസിപ്പിക്കാനും ആരംഭിച്ചു. കാലങ്ങളായി ഒട്ടോമന്‍ ആധിപത്യത്തില്‍ കഴിഞ്ഞിരുന്ന പലസ്തീന്‍കാര്‍ അവരനുഭവിച്ച അടിച്ചമര്‍ത്തലുകളോടുള്ള പ്രതികരണം എന്ന നിലയില്‍കൂടിയാണ് ഒരു ദേശീയസ്വത്വത്തെക്കുറിച്ച് സങ്കല്പിക്കാന്‍ തുടങ്ങിയത്. ഇസ്രയേലുകാരെപ്പോലെത്തന്നെ ഈ പൊതു പലസ്തീന്‍ ദേശീയ സ്വത്വബോധം അവരുടേതായ ഒരു രാഷ്ട്രത്തിനായുള്ള ആഗ്രഹമായിട്ടും വളരുകയായിരുന്നു. ഇതര പശ്ചിമേഷ്യന്‍ ജനതകളെപ്പോലെ പലസ്തീന്‍കാരും അറബ് വംശജരാണെന്നു പറയാമെങ്കിലും വംശം ദേശീയതയ്ക്ക് തുല്യമായി പരിഗണിക്കുന്നതില്‍ ആധുനിക കാലത്ത് രാഷ്ട്രീയമായ ശരികേടുണ്ട്. ഒരു ഏകീകൃത പാന്‍-അറബ് സ്വത്വം എന്ന ആശയം താരതമ്യേന പുതിയതാണ്. 1960-കളില്‍ ശക്തിപ്പെട്ട ആ അറബ് ദേശീയതാവാദം പൊടുന്നനെ അസ്തമിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. എല്ലാ ദേശീയ സ്വത്വങ്ങളും ഒരു പരിധിവരെ കൃത്രിമമാണ് എന്നതാണ് വാസ്തവം. ഇന്നു നമുക്കറിയാവുന്ന ശക്തമായ ദേശീയ സ്വത്വങ്ങൾ വലിയൊരു ആധുനിക പ്രതിഭാസമാണ്. ബെനഡിക്ട് ആന്‍ഡേഴ്സണനേയും എറിക് ഹോബ്സ്ബാമിനേയും പോലുള്ള ചിന്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തീര്‍ച്ചയായും ഇസ്രയേലുകാര്‍ക്കും പലസ്തീന്‍കാര്‍ക്കും പൗരാണിക കാലം തൊട്ടേ നിലനിന്നുപോരുന്നതെന്നു കരുതുന്ന, പൊതുപൈതൃകങ്ങള്‍ അവകാശപ്പെടാവുന്നതാണ്. അറബ് ഭാഷയും ഹിബ്രുഭാഷയും ഉദാഹരണം. അതേസമയം, ഈ സ്വത്വങ്ങള്‍ പലനിലയ്ക്കും ആധുനികമായ കണ്ടുപിടുത്തങ്ങളാണെന്ന നിഗമനവും പൂര്‍ണ്ണമായും തള്ളിക്കളയാവുന്നതല്ല. മിക്കവാറും എല്ലാ ദേശീയ സ്വത്വങ്ങളുടേയും കഥ അങ്ങനെത്തന്നെ. എന്നാല്‍, ദേശീയതകള്‍ ചോദ്യം ചെയ്യപ്പെടാവുന്ന ഈ അവസ്ഥയെ ദേശീയമായ സ്വയംനിര്‍ണ്ണയാവകാശം (National self determination) എന്ന ആശയം കൊണ്ടാണ് ആധുനിക ജനാധിപത്യക്രമം മറികടക്കുന്നത്, അത് ആളുകള്‍ക്ക് സ്വന്തം ദേശീയ സ്വത്വം നിര്‍ണ്ണയിക്കാനും ആ സ്വത്വത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയമായി സംഘടിക്കാനും അനുവാദം നല്‍കുന്നു. ഇസ്രയേല്‍കാരും പലസ്തീന്‍കാരും ശക്തമായ ദേശീയസ്വത്വബോധം പ്രകടിപ്പിക്കുന്നവരാണ്. ഇരുകൂട്ടരും ഈ ദേശീയ സ്വത്വബോധങ്ങളേയും അവയുടെ അവകാശാതിര്‍ത്തികളേയും പരസ്പരം മാനിക്കുകയും തര്‍ക്കവിഷയങ്ങള്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കുകയും ചെയ്യുക എന്നതാണ് പോംവഴി എന്ന് നിരന്തരം നിര്‍ദ്ദേശിക്കപ്പെടാറുണ്ടെങ്കിലും ആ പ്രദേശം എല്ലാക്കാലത്തും കൊലനിലങ്ങളായി തുടരുകതന്നെ ചെയ്യുന്നുവെന്നതാണ് വൈപരീത്യം.

ഒരു നൂറ്റാണ്ടു പഴക്കമാണ് ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനുള്ളത്. പ്രദേശത്തേയ്ക്കുള്ള ജൂത കുടിയേറ്റത്തോടെ തുടങ്ങി എന്നു പറയാം. അതായത് 1900-കളില്‍ ആരംഭിച്ച ജൂത-അറബ് സംഘര്‍ഷത്തില്‍ അതിന്റെ വേരുകള്‍ കണ്ടെത്താവുന്നതാണ്. 1948-ല്‍ ഔപചാരികമായി ആരംഭിച്ചുവെന്നും പറയാം. എന്നാല്‍, ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കമുള്ള വംശീയവൈരമായി ചിത്രീകരിക്കുന്നതില്‍നിന്നും വാസ്തവം എത്രയോ അകലെയാണ്. മുസ്‍ലിം- ജൂത സംഘര്‍ഷമായിട്ട് ഈ കലഹം ചിത്രീകരിക്കപ്പെടുന്നത് പഴക്കമുള്ള യുദ്ധം എന്ന വ്യാഖ്യാനത്തിന്റെ ഭാഗമായിട്ടാണ്. എന്നാല്‍, ഈ പ്രദേശത്ത് മുസ്‍ലിങ്ങളും ജൂതന്മാരും ഏഴാം നൂറ്റാണ്ട് മുതല്‍ക്കെ സമാധാനപരമായും സഹവര്‍ത്തിത്വത്തോടും കഴിഞ്ഞുപോന്നിരുന്നുവന്നും പലസ്തീനിലെ മുസ്‍ലിങ്ങളുള്‍പ്പെടുന്ന അറബ് വംശജര്‍ എതിര്‍ത്തത് ഒട്ടോമന്‍ മുസ്‍ലിം ഭരണാധികാരിയെയാണെന്നും ശ്രദ്ധിക്കേണ്ടതാണ്. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം ജൂത-മുസ്‍ലിം സംഘര്‍ഷമാണെന്നു ചിത്രീകരിക്കുന്നത് ഇന്തോ-പാക് സംഘര്‍ഷം ഹിന്ദു-മുസ്‍ലിം സംഘര്‍ഷമായി വ്യാഖ്യാനിക്കുന്നതിനു തുല്യമാണ്.

20-ാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഈ സംഘര്‍ഷമുണ്ടായിട്ടില്ല. യൂറോപ്പില്‍ വളര്‍ന്നുവന്ന വിദ്വേഷത്തില്‍നിന്നും പീഡനത്തില്‍നിന്നും രക്ഷനേടാന്‍ ആയിരക്കണക്കിന് ജൂതന്മാര്‍ യൂറോപ്പ് വിട്ട് പലസ്തീന്‍ പ്രദേശത്ത് സ്വന്തം രാഷ്ട്രം സ്ഥാപിക്കുക (1920-ല്‍ അത് ബ്രിട്ടീഷ് നിയന്ത്രണത്തിലാകുന്നതുവരെ ഇത് ഒട്ടോമൻ പലസ്തീനായിരുന്നു) എന്ന ലക്ഷ്യത്തോടെ നടത്തിയ കുടിയേറ്റമാണ് തദ്ദേശവാസികളില്‍ ആശങ്കയുണ്ടാക്കുന്നതും സംഘര്‍ഷങ്ങള്‍ക്കു തുടക്കമിടുന്നതും. വൈകാതെ ജൂതരും അറബികളും തമ്മിലുള്ള വംശീയാതിക്രമം ഒരു പ്രതിസന്ധിയിലേക്കു നീങ്ങി. 1947-ൽ ഐക്യരാഷ്ട്രസഭ ഈ പ്രദേശത്തെ ജൂതന്മാർക്കുള്ള ഇസ്രയേലെന്ന രാജ്യമായും അറബികൾക്കുള്ള പലസ്തീൻ എന്ന രാജ്യമായും വിഭജിക്കാൻ നിർദ്ദേശിച്ചു.

എന്നാല്‍, അക്കാലത്തെ പ്രാദേശിക അറബ് നേതാക്കൾ ഈ പദ്ധതിയെ യൂറോപ്യൻ കൊളോണിയൽ ശക്തികളുടെ ഇടപെടലെന്ന നിലയ്ക്കാണ് വീക്ഷിച്ചത്. അവര്‍ ഇസ്രയേലായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളെ ബലം പ്രയോഗിച്ച് കൂട്ടിച്ചേര്‍ത്ത് രാജ്യത്തെ ഏകീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെതിരെ നടത്തിയ ചെറുത്തുനില്‍പ്പില്‍ ഇസ്രയേൽ സൈന്യം വിജയിച്ചു. എന്നാൽ, ജറുസലേമിന്റെ പടിഞ്ഞാറൻ പകുതി ഉൾപ്പെടെ പലസ്തീനിന്റെ ഭാഗമാകേണ്ട ഭൂമി അവകാശപ്പെടുന്നതിനുവേണ്ടി അവർ ഐക്യരാഷ്ട്രസഭ വരച്ച അതിർത്തിയെ മാനിക്കാന്‍ മെനക്കെട്ടില്ല. അവർ പലസ്തീന്‍ ജനതയെ പൂര്‍ണ്ണമായും പിഴുതെറിയുകയും പുറത്താക്കുകയും ചെയ്തു. ഈ ശ്രമം ഏകദേശം 700,000 അഭയാർത്ഥികളെയാണ് സൃഷ്ടിച്ചത്. ഈ അഭയാർത്ഥികളുടേയും അവരുടെ പിൻഗാമികളുടേയും അവസ്ഥയും ഇന്നും ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങളില്‍ ഒരു പ്രധാന ഘടകമാണ്.

1948-ലെ യുദ്ധത്തോടെ ഫലത്തില്‍ പലസ്തീന്‍കാര്‍ രാജ്യമില്ലാത്ത ജനതയായി മാറിത്തുടങ്ങി. അറബ് രാജ്യങ്ങളായ ജോര്‍ദാന്‍, ഈജിപ്ത് എന്നിവയുടെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലും ഗാസയിലുമായിട്ടാണ് പലസ്തീന്‍കാര്‍ കൂടുതലും ഒതുങ്ങിയത്. 1967-ല്‍ ഇസ്രയേൽ അയല്‍ രാജ്യങ്ങളുമായി മറ്റൊരു യുദ്ധത്തിനും മുതിര്‍ന്നു. അതോടെ, അവര്‍ വെസ്റ്റ് ബാങ്കും ഗാസയും സൈനികമായി കൈവശപ്പെടുത്തി. വെസ്റ്റ് ബാങ്ക് ഇപ്പോഴും ഇസ്രയേല്‍ അധിനിവേശത്തിലാണ് (കിഴക്കൻ ജറുസലേം ഉൾപ്പെടെ). ഗാസ സൈനിക ഉപരോധത്തിലും. ജറുസലേം ഔദ്യോഗികമായി കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെട്ടു. കൂടാതെ ഏഴു ദശലക്ഷം പലസ്തീൻ അഭയാർത്ഥികളുമായി. ചുരുക്കത്തില്‍ പലസ്തീന്‍കാര്‍ക്ക് ഇപ്പോഴും ഒരു പരമാധികാര-സ്വതന്ത്ര രാഷ്ട്രമില്ല എന്നതായി അവസ്ഥ.

ഈ ലേഖനം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com