ഒലീവിലകളില്‍ ചോരക്കാറ്റ് വീശുമ്പോള്‍

ഒലീവിലകളില്‍ ചോരക്കാറ്റ് വീശുമ്പോള്‍

ശ്ചിമേഷ്യയുടെ ആകാശഭൂമികളുടെ വിറ നിലച്ചിട്ടില്ല. ഇക്കഴിഞ്ഞ ഏഴാം തീയതി സാബത്ത് ദിവസത്തിൽ ടെൽഅവീവിലെ ചാരക്കണ്ണുകളെ വെട്ടിച്ച് ശരമാരികളായി ‘ഹമാസ്’ തൊടുത്തുവിട്ട മിസൈലുകളേറ്റ് നിലംപതിച്ചവരുടേയും പ്രത്യാക്രമണത്തിൽ വീണുപോയവരുടേയും രക്തവും മിഴിനീരുംകൊണ്ട് ഗാസയുടേയും വെസ്റ്റ്ബാങ്കിന്റേയും കുരുതിനിലങ്ങൾ നനഞ്ഞു കുതിർന്നിരിക്കുന്നു.

ഇടവേളയ്ക്കുശേഷം വീണ്ടും ഒലീവിലകളിൽ ചോരക്കാറ്റ് വീശുന്നു. ഇടിമുഴക്കംപോലെ ബോംബ് വർഷങ്ങൾ. ഒലീവ് പൂക്കുന്ന മാസമാണ് ഒക്ടോബർ.

തീമഴയിൽ ഭയചകിതരായി ഇമപൂട്ടിയിരിക്കുകയാണ് ഒലീവിൻ കായകൾ. അവിടെയിപ്പോൾ കുരുതിയുടെ ജഡകുടീരങ്ങൾ പൊങ്ങുന്നു. ഗാസയിൽ ഗാന്ധാരീവിലാപങ്ങളുയരുന്നു. പിറന്ന മണ്ണിൽ ജീവിക്കാനുള്ള പലസ്തീൻ ജനതയുടെ മൗലികാവകാശങ്ങളെ അതിക്രൂരമായി ഹനിക്കുന്ന ഇസ്രയേൽ ഭരണകൂടത്തിന്റെ ഹിംസയ്ക്കെതിരെ ഹമാസ് മേധാവി ഇസ്മായിൽ ഹാനിയ: ഞങ്ങൾ മുട്ടുമടക്കുന്ന പ്രശ്നമില്ല. ഈ പ്രശ്നത്തിൽ ആരൊക്കെ മൗനം പാലിച്ചാലും ശരി, പുറം തിരിഞ്ഞാലും ശരി, ജറൂസലേമിന്റേയും വിശുദ്ധമായ മസ്ജിദുൽ അഖ്സയുടേയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സാധ്യമല്ല. ഇസ്രയേൽ അന്യായമായി തടവിലാക്കിയ ആറായിരത്തിലധികം പലസ്തീനികളുടെ മോചനവും ഞങ്ങളുടെ മുഖ്യലക്ഷ്യങ്ങളിലൊന്നു മാത്രം.

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനിലെ കുഞ്ഞുങ്ങള്‍ 
ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനിലെ കുഞ്ഞുങ്ങള്‍ 

ഇതിഹാസ സമാനം, ഇൻതിഫാദ

ഗാസ മുനമ്പിൽനിന്നു പൊടുന്നനവെ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തെക്കുറിച്ച് ‘പലസ്തീൻ സംഘം ഉജ്ജ്വല വിജയത്തോട് അടുക്കുന്നു’ വെന്ന് അൽഅഖ്സ ടെലിവിഷനിലൂടെ ഹമാസ് തലവൻ അവകാശപ്പെടുന്നു. പലസ്തീനികളുടെ രക്തധമനി കെട്ടുപിണഞ്ഞു കിടക്കുന്ന പിതൃഭൂമിയേയും ഇസ്രയേലിന്റെ അധിനിവേശ ജയിലുകളിൽ കഴിയുന്ന തടവുകാരേയും മോചിപ്പിക്കാനുള്ള പോരാട്ടത്തിൽ കുതിച്ചുകയറ്റം അഥവാ ‘ഇൻതിഫാദ’യുടെ ഐതിഹാസിക പ്രതിരോധങ്ങളുടെ പ്രഥമ പരിവൃത്തം ഉടനെ പൂർത്തിയാക്കണമെന്നും ഇസ്മായിൽ ഹാനിയ, ഹമാസ് പോരാളികളെ ഓർമ്മിപ്പിക്കുന്നുണ്ട്.

1987 കാലത്തായിരുന്നു ആദ്യത്തെ ഇൻതിഫാദ. 2000-2005-ൽ രണ്ടാമത്തേത് സംഭവിച്ചു. അന്ന് രണ്ടായിരം പലസ്തീനികളും ആയിരം ഇസ്രയേലികളും കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവന്ന കണക്ക്. യുദ്ധാനന്തര മരണങ്ങളുടെ കണക്ക് എത്ര സത്യസന്ധമാണെന്നു പറഞ്ഞാലും ആരും വിശ്വസിക്കില്ല. 2005-ലെ യുദ്ധാന്തരീക്ഷം പലരുടേയും ഓർമ്മയിലുണ്ടാകും. അന്നുണ്ടായ വെടിനിർത്തലിനുശേഷം 2014-ലായിരുന്നു ഗാസയിൽനിന്ന് അധിനിവേശക്കാർക്കെതിരെ ഹമാസിന്റെ രണ്ടാമത്തെ കനത്ത റോക്കറ്റാക്രമണം. അന്ന് ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് മൂന്നു പേരെ തട്ടിക്കൊണ്ടുപോയ സംഭവം അപ്രതീക്ഷിതമായിരുന്നു. ഇതിന്റെ പേരിലായിരുന്നു ഏഴാഴ്ച നീണ്ട യുദ്ധം. പിന്നീട് മൂന്ന് കൊല്ലത്തോളം വലിയ തോതിലുള്ള സംഘർഷമൊന്നുമില്ലാതെ കടന്നുപോയി.

കൊവിഡാനന്തര പശ്ചിമേഷ്യയിൽ ശാന്തി പൂക്കുന്നുവെന്നു ലോകം വെറുതെ ആശിച്ച വർഷങ്ങൾ. 2021-ലാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. അക്കൊല്ലം മേയ് മാസത്തിൽ അൽഅഖ്‌സ മസ്ജിദ് പരിസരത്ത് അധിനിവേശക്കാരും പലസ്തീൻ ജനതയും ഏറ്റുമുട്ടി. 11 ദിവസമാണ് ആ പോരാട്ടം നിലനിന്നത്. ഇന്നിപ്പോൾ കൂട്ടക്കുരുതിയിൽ പ്രാണൻ പൊലിഞ്ഞവരുടെ കണക്കെടുപ്പ് അസാധ്യമാകുംവിധം ഇരുഭാഗങ്ങളിലും അക്രമങ്ങൾ അന്ത്യമില്ലാതെ തുടരുന്നു. ലോകരാജ്യങ്ങൾ കയ്യും കെട്ടി നോക്കിനിൽക്കുന്നു. വൻശക്തികൾ മുതലെടുപ്പിന്റെ തന്ത്രങ്ങൾ മെനയുന്നു. ഇറാന്റേയും റഷ്യയുടേയും പിന്തുണ ഹമാസിനുണ്ടെന്നും ഇസ്രയേലിനെ ആയുധമണിയിക്കുന്നത് അമേരിക്കയാണെന്നും ലോകം വിശ്വസിക്കുന്നു. കരചരണങ്ങളറ്റ മനുഷ്യരുടെ ദീനവിലാപങ്ങൾ ഗോലാൻകുന്നുകളേയും കടന്നുപോയി ആഗോള മനസ്സാക്ഷിയെ നൊമ്പരം കൊള്ളിക്കുന്നു.

പ്രമുഖ അറബ്-അമേരിക്കൻ മാധ്യമപ്രവർത്തകയായിരുന്ന ഹെലൻ തോമസിന്റെ ‘വൈറ്റ് ഹൗസിന്റെ പിന്നാമ്പുറങ്ങൾ’ എന്ന പേരിലുള്ള പുസ്തകത്തിൽ പശ്ചിമേഷ്യയുടെ രക്തപങ്കിലമായ ചരിത്രത്തിലെ അതിദാരുണമായ അദ്ധ്യായമായ സബാറ-ഷാത്തില കുരുതിയെക്കുറിച്ചു പറയുന്നുണ്ട്. ആ സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് പുതുതായി പൊട്ടിപ്പുറപ്പെട്ട ഹമാസ്- ഇസ്രയേൽ സംഘർഷം. അന്ന് സബാറ-ഷാത്തില പാലം വഴി ഇരച്ചുകയറിയ ക്രിസ്ത്യൻ മാറോനെറ്റ് തീവ്രവാദികളായ ഫലാഞ്ചിസ്റ്റുകൾ രണ്ട് പലസ്തീനി അഭയാർത്ഥി ക്യാമ്പുകളിൽ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് ഹെലൻ തോമസ് ഹൃദയസ്പൃക്കായി എഴുതിയിട്ടുണ്ട്. നൂറു കണക്കിന് പലസ്തീനികളെയാണ് അന്നു കൂട്ടക്കൊല ചെയ്തത്. ഇസ്രയേൽ സേന തീവ്രവാദികൾക്ക് ആളും ആയുധവും നൽകി. അമേരിക്ക, വ്യക്തമായും ഈ സംഹാരത്തിനു ചൂട്ട് പിടിച്ചുവെന്നാണ് വ്യക്തമായ തെളിവുകൾ സഹിതം അവർ കുറ്റപ്പെടുത്തിയത്.

ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ ക്ക് മുന്നില്‍ 
പലസ്തീന്‍കാര്‍ 

കുരുതിയുടെ വംശഗാഥ

ആ വർഷം റംസാൻ ചന്ദ്രികയുദിച്ചപ്പോൾ, പലസ്തീനികൾ താമസിക്കുന്ന പൂർവ ലെബനനിലെ ബേക്കാ താഴ്വരയിലും ഗലീലിക്കുന്നുകളിലും ഹിംസയുടെ പ്രചണ്ഡവാതമടിച്ചു. സ്വന്തം ചോരയുടേയും വിയർപ്പിന്റേയും ഉപ്പ് വീണ മണ്ണിൽ നിന്ന്, ജന്മവേരുകൾ ആഴത്തിൽ പതിഞ്ഞ പിതൃഭൂമിയിൽനിന്ന് പലസ്തീനികളെ ജൂതപ്പട ആട്ടിയോടിച്ചു. നിരവധിയാളുകൾ കല്ലും കവണയുമായി ശത്രുക്കളോടെതിരിട്ട് അവിടെ മരിച്ചുവീണു. രക്തസാക്ഷിത്വം പലസ്തീനികൾക്കു പ്രണയംപോലെയാണ്, മധുവിധുപോലെയാണ്. മരണത്തെ സ്വയംവരിച്ച പെൺപടയുടെ രക്തക്കിനാക്കളിലേക്കാണ് ഹെലൻ തോമസിന്റെ ലേഖനങ്ങൾ ലോകത്തിന്റെ കണ്ണ് തുറപ്പിച്ചത്. ഇപ്പോൾ നടക്കുന്ന കുരുതിയുടെ ഗാഥ പകർത്താൻ ഹെലൻ തോമസില്ല. ആ ജനുസ്സിൽപ്പെട്ട മാധ്യമ പ്രവർത്തകരാരും തന്നെയില്ല.

നൂറുകണക്കിന് പലസ്തീൻ പോരാളികൾ ഇന്നും രണഭൂമിയിൽ മരിച്ചുവീഴുന്നു, വിധവകളായവർ ഭർത്താക്കന്മാരുടേയും അനാഥകളായി തീർന്ന കുഞ്ഞുങ്ങൾ മണ്ണിൽ ലയിച്ച അച്ഛനമ്മമാരുടേയും മക്കൾ നഷ്ടപ്പെട്ടവർ ആ പൊന്നോമനകളുടേയും ഫ്രെയിം ചെയ്ത ചിത്രങ്ങൾ മാറിലടുക്കിപ്പിടിച്ച് കണ്ണുനീർ വാർക്കുന്നു. അവരുടെ സ്വപ്നങ്ങളിൽ മയ്യത്തിന്റെ മണം വന്നുനിറയുന്നു. അവരുടെ കണ്ണുകൾ ആരെയോ തിരഞ്ഞുകൊണ്ടേയിരിക്കുന്നു.

പ്രപഞ്ചം പിളർത്തുന്ന പോർവിമാനങ്ങളുടെ ഭീകരാരവം ഫസ്തീനികൾക്ക് നിദ്രാഭംഗമുണ്ടാക്കുന്നു. രക്തദാഹികളായ കഴുകന്മാർ മേലെ വട്ടമിട്ടു പറക്കുന്നു.

1947-ല്‍ ഐക്യരാഷ്ട്രസഭയുടെ വിഭജന ഒത്തുതീർപ്പിന്റെ ഫലമായാണ് പലസ്തീൻ മണ്ണിന്റെ അതിരിനകത്തൊരു ഇസ്രയേൽ രാഷ്ട്രം അന്യായമായി പിറവിയെടുത്തത് എന്നതുതന്നെ ആ രാജ്യത്തിന്റെ ജന്മാരംഭത്തിലെ കൊടുംപിഴയായിരുന്നു. ഐക്യരാഷ്ട്ര ജനറൽ അസംബ്ലിയുടെ 181 വകുപ്പിന്റെ നിർദ്ദേശപ്രകാരം ജറുസലേം തലസ്ഥാനമായി അങ്ങനെ ഇസ്രയേൽ രാഷ്ട്രം നിലവിൽ വന്നു. അതിനും മൂന്നു പതിറ്റാണ്ടുകൾക്കു മുന്‍പ് 1917-ന്റെ തുടക്കം തൊട്ട് തന്നെ ബ്രിട്ടീഷ് നേതൃത്വത്തിൽ അറബ് മേഖലയിൽ ഒരു സയോണിസ്റ്റ് ആധിപത്യത്തിന് അടിത്തറ ഇടാനുള്ള വിഫലശ്രമങ്ങൾ നടന്നിരുന്നു. ബ്രിട്ടീഷുകാരുടെ വളർത്തു പുത്രന്മാരായി കടന്നുവന്ന അന്നത്തെ ജൂതവംശം പലസ്തീന്റെ ഫലഭൂയിഷ്ഠ പ്രദേശങ്ങൾക്ക് അതിരുകൾ നിർണ്ണയിച്ചു. പതിയെ ആ ഭൂമിയെ ഇസ്രയേലാക്കി മാറ്റി. ജർമനിയിലെ നാസി തടങ്കൽപ്പാളയങ്ങളിൽനിന്ന് ആയിരക്കണക്കിന് ജൂതന്മാർ പലസ്തീനിലേക്ക് ഒളിച്ചോടി വന്നിരുന്നു. ബ്രിട്ടീഷ സംരക്ഷണത്തിൽ അവരും പലസ്തീനകത്ത് തന്നെ താവളമടിച്ചു. അങ്ങനെ ‘വിരുന്നുവന്നവർ വീട്ടുകാരായി’ മാറി. വിരുന്നുകാർ വീട്ടുകാർക്കെതിരെ നിരന്തരമായ ആക്രമണങ്ങളുടെ തുടല് പൊട്ടിക്കുകയും ചെയ്തു. പലസ്തീന്റെ മണ്ണിൽ ജനിച്ച് ശ്വസിച്ച് ജീവിച്ചുപോന്ന അറബികളുടെ അസ്തിത്വത്തിന് അതൊരു വൻഭീഷണിയായി മാറുകയും ചെയ്തു. ജോർദാൻ നദിയുടെ പടിഞ്ഞാറ് വെസ്റ്റ്ബാങ്കിലും ഗാസ സമതലത്തിലും അധിവസിച്ച്, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പലസ്തീൻ രാജ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ അവിടെനിന്നാരംഭിച്ചു.

ആറുനാൾ നീണ്ടുനിന്ന യുദ്ധം

1967-ൽ ഇസ്രയേൽ അമേരിക്കയുടെ സഹായത്തോടെ വളർത്തിയെടുത്ത ആധുനിക സൈനിക ശേഷി മുഴുവൻ പലസ്തീനികളുടെമേൽ പ്രയോഗിക്കാൻ തുടങ്ങി. ആറു ദിവസം മാത്രം നീണ്ടു നിന്ന ഏകപക്ഷീയമായ യുദ്ധത്തിൽ അടിയറവ് പറയേണ്ടിവന്ന പലസ്തീനികൾക്ക് തങ്ങളുടെ രാജ്യം വിട്ടോടേണ്ടിവന്നു. സ്വന്തം പാരമ്പര്യത്തിന്റെ പരിലാളനയിൽ വളർന്ന മാതൃഭൂമിയുടെ നെഞ്ചിൽ ചവിട്ടി ജൂതപ്പട കരാള നൃത്തമാടുന്നത് നോക്കിനിൽക്കാനേ നിരായുധരായ പലസ്തീനികൾക്കു കഴിഞ്ഞുള്ളൂ. ജോർദാനിലേക്കും ലെബനനിലേക്കും ഈജിപ്തിലേക്കും പലസ്തീൻ കുടുംബങ്ങൾ പരക്കെ ചിതറിപ്പോയി.

ഈജിപ്തിലെ സീനായ് മരുഭൂമിയിലും സിറിയയിലെ ഗോലാൻ കുന്നുകളിലും ഇരച്ചുകയറി ഇസ്രയേൽ വിജയപതാക നാട്ടി. തുടക്കത്തിൽ ബ്രിട്ടീഷുകാരുടേയും ക്രമേണ അമേരിക്കൻ സാമ്രാജ്യത്വത്തിന്റേയും അനുഗ്രഹാശിസ്സുകളോടെയായിരുന്നു ഇസ്രയേൽ സൈനികരുടെ തീർത്തും അന്യായമായ ഈ അധിനിവേശം. എഴുപതുകളായപ്പോഴേക്കും ജൂതഭീകരവാദം കൊടികുത്തി വാഴാൻ തുടങ്ങി. പിന്നീട് ഇസ്രയേലിന്റെ ഭരണാധികാരികളായിത്തീർന്ന മെനാഹം ബെഗിനും യിറ്റ്ഷാക്ക് ഷമീറുമെല്ലാം കൊലച്ചിരി മുഴക്കി കൂട്ടക്കുരുതിക്ക് രഹസ്യമായി നേതൃത്വം നൽകിയതായി ആധുനിക ചരിത്രം സാക്ഷ്യപ്പെടുത്തി. ഇന്നിപ്പോൾ ബെഞ്ചമിൻ നെതന്യാഹു ചെയ്യുന്നതും അതുതന്നെ.

യാസര്‍ അറഫാത്ത്
യാസര്‍ അറഫാത്ത്

യാസർ അറഫാത്ത്: പലസ്തീനിയൻ സ്പാർട്ടക്കസ്

കുവൈത്തിൽ ഒരു എൻജിനീയറായി ജോലി നോക്കിയിരുന്ന അബു അമ്മാർ എന്ന യാസർ അറഫാത്തിന്റെ നേതൃത്വത്തിൽ പലസ്തീനെ ഇസ്രയേലിന്റെ അധീനതയിൽനിന്ന് മോചിപ്പിക്കാൻ ഒരു ജനകീയ പ്രസ്ഥാനം രൂപമെടുത്തു. പലസ്തീൻ വിമോചന സംഘടന അഥവാ പി.എൽ.ഒ എന്ന പേരിൽ ലോകമെങ്ങുമുള്ള ദേശീയ വിമോചന പ്രസ്ഥാനങ്ങൾക്ക് ആവേശത്തിന്റെ അഗ്നിജ്വാല കൊളുത്തിക്കൊടുത്ത പ്രസ്ഥാനമായിരുന്നു പി.എൽ..

ലോകമെങ്ങുമുള്ള ദേശീയ വിമോചനപ്രസ്ഥാനങ്ങളെ സമരതീക്ഷ്ണമാക്കിയ പി.എൽ.ഒയും പിന്നീട് ഫത്താഹ് എന്ന പൊരുതുന്നവരുടെ പ്രസ്ഥാനവും പലസ്തീനികളുടെ പോരാട്ടവീര്യത്തിന് ഇന്ധനം പകർന്നുകൊടുത്തു. സ്വന്തം പൂർവ്വികരുടെ പൈതൃകത്തിന്റെ ജീവവായു നിറഞ്ഞ മണ്ണിൽനിന്ന് തങ്ങളെ ആട്ടിപ്പുറത്താക്കാനും പിന്മുറക്കാർക്ക് അവകാശപ്പെട്ട മുന്തിരിത്തോപ്പുകളും ഒലീവ് തോട്ടങ്ങളും തിരിച്ചുപിടിക്കാനുമുള്ള ശക്തമായ ഒരു പ്രതിരോധ പ്രസ്ഥാനമായി പി.എൽ.ഒ മാറുകയായിരുന്നു.

ഇടതു കയ്യിൽ ഒലീവിൻ ചില്ല. വലതുകയ്യിൽ തൂലിക. ഹോൾസ്റ്ററിൽ പിസ്റ്റൾ. ഇസ്രയേലിന്റെ അധിനിവേശത്തിനെതിരെ തോക്ക് കൊണ്ടും തൂലികകൊണ്ടും യാസർ അറഫാത്ത് സമരമുഖം സൃഷ്ടിച്ചു. അറേബ്യൻ ജനതയ്ക്ക് ഈ പലസ്തീനിയൻ സ്പാർട്ടക്കസ്, കാലമെത്ര കഴിഞ്ഞാലും ഒരു വീരപുരുഷൻ തന്നെയാണ്. ജോർജ് ഹബാഷ്, ലൈലാ ഖാലിദ് തുടങ്ങിയ തീവ്രചിന്ത ജ്വലിക്കുന്ന നേതാക്കൾ കൂടി വന്നതോടെ അറഫാത്തിന്റെ പ്രസ്ഥാനത്തിനകത്ത് ശൈഥില്യങ്ങൾ മുളപൊട്ടി. വിമാനറാഞ്ചിയായ ലൈലാ ഖാലിദിനെപ്പോലുള്ള സ്ത്രീകൾ അക്കാലത്തെ പലസ്തീനി യൗവനങ്ങളെ പ്രക്ഷോഭ തീക്ഷ്ണമാക്കി.

സ്വന്തം എഴുത്തുമേശയ്ക്ക് മുന്‍പിൽ ഒറ്റുകാരുടെ വെടിയേറ്റ് മരിച്ച കമാൽ നാസർ എന്ന കവിയുടെ അനാഥമായ മേശപ്പുറത്ത് പൂർത്തിയാകാത്ത ഒരു വിപ്ലവ കവിതയുടെ വരികൾ. അത് മുഴുമിപ്പിക്കേണ്ട ബാധ്യത നിങ്ങളുടേത്-അറഫാത്ത് പറയുന്നു. കരീബിയൻ സ്വപ്നങ്ങളിൽ വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ച ചെഗുവേരയാണ് അറഫാത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട നേതാവ്.

പിന്നെ വിയറ്റ്‌നാമിന്റെ വീരേതിഹാസകാരനായ ഹോചിമിൻ.

അഭയാർത്ഥി ക്യാമ്പുകളിൽ ബോംബെറിഞ്ഞ് നിരവധി സ്ത്രീകളേയും കുട്ടികളേയും ഉൾപ്പെടെ നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയവർക്കെതിരെ പ്രതിരോധ നിര സൃഷ്ടിച്ചപ്പോൾ ഇസ്രയേലിന്റെ കണ്ണിൽ അത് ഭീകരവാദമായി. ദെയറി യാസീൻ എന്ന പലസ്തീനി ഗ്രാമത്തിൽ മെനഹാം ബെഗിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ കൂട്ടക്കുരുതി നടന്നപ്പോൾ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയതായിരുന്നു ലോകം കണ്ട മറ്റൊരസംബന്ധം.

പലസ്തീൻ വിമോചന പ്രസ്ഥാനം ശിഥിലമാക്കാൻ കച്ചകെട്ടിയിറങ്ങിയ ഇസ്രയേലിനും മൊസ്ദിനും അമേരിക്കയും സി..എയും എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തു. ഇതിനകം പി.എൽ.ഒയ്ക്കകത്ത് അഭിപ്രായവ്യത്യാസങ്ങൾ തലപൊക്കുകയും അബു മൂസയുടെ നേതൃത്വത്തിൽ മറ്റൊരു തീവ്രവാദ ഗ്രൂപ്പ് രൂപം കൊള്ളുകയും ചെയ്തു. സിറിയ കേന്ദ്രമായി പ്രവർത്തിക്കുന്ന അബു നിദാൽ ഗ്രൂപ്പും ലിബറേഷൻ ഫ്രണ്ടും കമാൻഡോകളെ പരിശീലിപ്പിച്ച് ഭീകരവാദത്തിന്റെ മാർഗം സ്വീകരിച്ചു. പി.എൽ.ഒയിലെ പിളർപ്പ് ശത്രുക്കൾ മുതലെടുത്തു.

അറഫാത്തിന്റെ വലംകയ്യും പി.എൽ.ഒയുടെ ഉപസൈനിക മേധാവിയുമായ അബുജീഹാദ് ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ കിങ്കരന്മാരാൽ കൊലചെയ്യപ്പെട്ടു. 1987 ഡിസംബർ ഒന്‍പതാം തീയതിയാണ് ഇൻതിഫാദ (കുതിച്ചുകയറ്റം) എന്ന വിമോചന പ്രസ്ഥാനം ആരംഭിച്ചത്. കല്ലുകൾ കയ്യിലേന്തിയ പലസ്തീനി യുവാക്കളുടെ പ്രതിരോധത്തിന്റെ പത്മവ്യൂഹമാണ് ഇൻതിഫാദ. വിമോചന പോരാട്ടങ്ങളുടെ ചരിത്രത്തിലെ സുപ്രധാന അധ്യായമായിരുന്നു അത്. ഇസ്രയേലി തടവിലകപ്പെട്ട, തീവ്രമായി ചിന്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ പിന്നിൽ. തടവറയിൽനിന്നു രക്ഷപ്പെട്ട അവർ ‘ബാബുൽ മഹാരിബ്’ എന്ന സ്ഥലത്ത് ഇസ്രയേലി പട്ടാളക്കാരുടെ നേരെ സ്‌ഫോടക വസ്തുക്കളെറിഞ്ഞു. ആ തീയുണ്ടകൾ പലസ്തീൻ പ്രതിരോധമുഖത്തിനു തീക്ഷ്ണതയുടെ പരിവേഷം പകർന്നു. സ്വാതന്ത്ര്യത്തിനും വിമോചനത്തിനുമായി പൊരുതുന്ന എല്ലാ പലസ്തീനികളുടേയും വിശാലമായ ഐക്യനിര കെട്ടിപ്പടുക്കാൻ ഇൻതിഫാദ മുൻകൈയെടുത്തു.

ഹമാസി’ന്റെ പിറവി

1987-ലാണ് ഇസ്‌ലാമിക് റസിസ്റ്റൻസ് മൂവ്‌മെന്റ് (ഹമാസ്) എന്ന പേരിൽ ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡ് നേതാക്കളിൽനിന്ന് ആവേശമുൾക്കൊണ്ട് തീവ്രചിന്താഗതിക്കാരായ പലസ്തീനികളുടെ സംഘടന രൂപംകൊണ്ടത്. യാസർ അറഫാത്തിന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പുള്ള, സമരോൽസുകരായ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ സംഘടനയ്ക്ക് ഊർജ്ജം പകർന്നത്. ഗാസ പിടിക്കാനുള്ള 2007-ലെ പോരാട്ടത്തിലും പലസ്തീൻ നാഷണൽ അതോറിറ്റിയുടെ നേതൃത്വത്തിലും ഹമാസിനു നിർണ്ണായക സ്വാധീനമുണ്ടായിരുന്നു. പല രാജ്യങ്ങളും ഹമാസിനെ ഭീകരസംഘടനകളുടെ പട്ടികയിലുൾപ്പെടുത്തി നിരോധനമേർപ്പെടുത്തി. ഐക്യരാഷ്ട്ര രക്ഷാകൗൺസിലിൽ പക്ഷേ, ഹമാസിനെ ഭീകരസംഘടനയാക്കാനുള്ള പ്രമേയം പരാജയപ്പെട്ടു. പി.എൽ.ഒയുമായി അഫിലിയേറ്റ് ചെയ്തിരുന്ന ഫത്താഹ് പാർട്ടിയെ തോൽപ്പിച്ച് ഹമാസ്, പലസ്തീൻ നാഷനൽ അതോറിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം നേടി. ഇസാദുദ്ദീൻ അൽഖസാം എന്ന പേരിലുള്ള സൈനിക ബ്രിഗേഡാണ് ഹമാസിന്റെ കരുത്ത്. ഷെയ്ഖ് അഹമ്മദ് യാസീൻ രൂപവൽക്കരിച്ച ഹമാസിന്റെ ചെയർമാൻ ഇസ്മായിൽ ഹാനിയയും ഡെപ്യൂട്ടി ചെയർമാൻ സാലെഹ് അൽ അരൂറിയുമാണ്.

രാജ്യമില്ലാത്തവരുടെ ദുരന്തം

പലസ്തീന്റെ ഭൂഭാഗങ്ങളത്രയും പലപ്പോഴായി ഇസ്രയേലിന്റെ അധീനതയിലമർന്നു. കേവലം പത്ത് ശതമാനം ഭൂമി മാത്രമാണ് പലസ്തീന് സ്വന്തമായുള്ളത്. ഈ കൊച്ചുപ്രദേശത്താണ് ഏറ്റവുമധികം ജനസാന്ദ്രതയുമായി ഒരു ജനത ശ്വാസംമുട്ടി കഴിയുന്നതെന്നോർക്കുക. അവരുടെ ജന്മസ്വത്താണ് ഇസ്രയേൽ തട്ടിയെടുത്ത് കൈക്കലാക്കിയത്.

ഇടയ്ക്കിടെ ഓരോ തുണ്ട് ഭൂമി തിരിച്ചുകിട്ടിയ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഈ പ്രദേശങ്ങളിൽ ഓരോ ദിവസവും വെടിയേറ്റ് മരിച്ചുവീഴുന്ന ദുരന്തവാർത്തകളും പുറത്തു വന്നുതുടങ്ങി. ഗാസാമുനമ്പിൽ അല്ലെങ്കിൽ വെസ്റ്റ് ബാങ്കിൽ ഗ്രനേഡുകളോ ഷെല്ലുകളോ പൊട്ടിത്തെറിച്ച് കുരുതിയുടെ രാവുകൾ ഉദിച്ചു. ജോർദാൻ നദിയുടെ മുകളിൽനിന്നു മരണദൂതുമായി പക്ഷിക്കൂട്ടം ചിറകടിച്ചെത്തി. തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ട കുട്ടികളുടെ കബന്ധങ്ങൾ തിരിച്ചറിയാതെ ഭ്രാന്തുപിടിച്ച് പരക്കംപായുന്ന അച്ഛനമ്മമാർ. വർഷങ്ങൾക്കപ്പുറം ആറുനാൾ നീണ്ട യുദ്ധത്തിൽ പലസ്തീനികളെ രാജ്യമില്ലാത്തവരാക്കി മാറ്റുകയും പലസ്തീൻ എന്ന കൊച്ചുരാജ്യത്തെ ഭൂപടത്തിൽനിന്ന് തുടച്ചുനീക്കാൻ യത്നിക്കുകയും ചെയ്യുന്നതിന് നെടുനായകത്വം വഹിച്ച ജൂതനേതാക്കൾക്ക് അമേരിക്ക സകല പിന്തുണയും നൽകുന്നതാണ് ലോകം കണ്ടത്. പലസ്തീനികൾ നിരന്തരം വഞ്ചിക്കപ്പെടുകയായിരുന്നു. ലോകരാജ്യങ്ങൾ പലതും പലസ്തീന്റെ ആവശ്യത്തിനു നേരെ പുറംതിരിഞ്ഞുനിന്നു. പക്ഷേ, ലോകത്തിന്റെ പല ഭാഗങ്ങളിലും ചേക്കേറിയ പലസ്തീനി പ്രവാസികൾ സ്വന്തം രാജ്യം തിരിച്ചുപിടിക്കാനുള്ള പോരാട്ടങ്ങളിൽ പരോക്ഷമായി പങ്കാളികളായി. എഡ്വേർഡ് സയ്യിദിനെപ്പോലുള്ളവരുടെ മാർഗദർശനം അവർക്ക് ഊർജം പകർന്നു. പി.എൽ.ഒ വക്താവ് ഹനാൻ അഷ്‌റാവി പലസ്തീനിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്തുണ പലസ്തീൻ വിമോചനപ്പോരാളികൾക്ക് ഉറപ്പാക്കിക്കൊടുത്തു.

സ്വന്തം ഹൃദയരക്തത്തിൽ മുക്കിയെടുത്ത തന്റെ പൊൻനാരായംകൊണ്ട് പലസ്തീന്റെ പടനായകനായ കവി മഹ്മൂദ് ദർവീഷ് കുറിച്ചിട്ടതുപോലെ അടർക്കളത്തിൽ മരിച്ചുവീണ പലസ്തീനികളുടെ കുഴിമാടത്തിനു മുന്‍പിൽ ദൈവം ഓരോ ചെടി നട്ടുവളർത്തും. കനിവോലുന്ന പച്ചപ്പുകളുമായി മുളപൊട്ടുന്ന ആ ചെടികളുടെ സാഫല്യത്തിലൂടെ വരാനിരിക്കുന്ന തലമുറ സ്വന്തം രക്തം തിരിച്ചറിയും. പൂക്കളായി, പഴങ്ങളായി പലസ്തീൻ മണ്ണിലെ രക്തസാക്ഷികൾ പുനർജനിക്കും.

എന്താണ് ഗാസയില്‍ സംഭവിക്കുന്നത്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com