ഈ നിര്‍മ്മിതിക്കകത്ത് എടുക്കുന്ന തീരുമാനങ്ങള്‍ ശരിയായ രീതിയില്‍ ആകാന്‍ സാദ്ധ്യതയില്ല!

വാസ്തുശാസ്ത്രത്തിലെ ഗ്രാഫിക് സംവിധാനത്തില്‍ ഓരോ കോണുകളും ഇല്ലാതെ വന്നാല്‍ അതിന്റെ ദോഷങ്ങളായി വരുന്നത് വരാഹമിഹിരന്‍ വിവരിക്കുന്നുണ്ട്
പുതിയ പാർലമെന്റ് മന്ദിരം/ പിടിഐ
പുതിയ പാർലമെന്റ് മന്ദിരം/ പിടിഐ

രോ മനുഷ്യാലയ-ദേവാലയ വാസ്തു രൂപകല്പനയും പൂര്‍ണ്ണത കൈവരിക്കുന്നതിനുവേണ്ടി ശാസ്ത്ര നിര്‍ദ്ദേശ ആകാരങ്ങള്‍ ആണ് ദീര്‍ഘതുരവും സമചതുരവും. ഈ രണ്ടു ആകാരങ്ങളില്‍ സമചതുരം കൂടുതല്‍ ശ്രേഷ്ഠമായി കരുതുന്നതിനാല്‍ ഈ ആകാരം ദേവാലയങ്ങള്‍ക്കും ദീര്‍ഘചതുരം മനുഷ്യാലയങ്ങള്‍ക്കും ആണ് സാധാരണ പ്രയോഗിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സമചതുരവും ദീര്‍ഘചതുരവും ഒന്നുതന്നെയാണ്. ഒരു സമചതുരത്തില്‍ ആ ചതുരത്തിന്റെ ഒരു ഭാഗം ചേര്‍ത്തുവെച്ചാല്‍ ലഭിക്കുന്ന ആകാരമാണ് ദീര്‍ഘചതുരം. ദേവാലയ നിര്‍മ്മിതിയില്‍ വാസ്തു പുരുഷമണ്ഡലം എന്ന വാസ്തു ഗ്രാഫിക് സംവിധാനത്തില്‍ നേര്‍ നടുക്കു വരുന്ന, ബ്രഹ്മസ്ഥാനം ആണ് നിര്‍മ്മിതിക്ക് എടുക്കുന്നത്. മനുഷ്യാലയത്തില്‍ ഈ ബ്രഹ്മസ്ഥാനം 'നടുമുറ്റം' എന്നത് അംഗണ വിധികൊണ്ട് പൂര്‍ണ്ണമായും നിര്‍മ്മിതി ഒഴിവാക്കുന്നു. അതായത് നടുമുറ്റത്തിനു ചുറ്റും തെക്കിനി, പടിഞ്ഞാറ്റി, വടക്കിനി, കിഴക്കിനി എന്നീ നാലു ഗ്രഹം നിര്‍മ്മിച്ച മനുഷ്യാലയ പൂര്‍ണ്ണ നിര്‍മ്മിതി-നാല് കെട്ട് ഗൃഹം നിര്‍മ്മിക്കുന്നു.

'വാസ്തു പുരുഷ മണ്ഡലം' എന്ന വാസ്തു ഗ്രാഫിക് സംവിധാനത്തില്‍ കര്‍മ്മാളന്മാര്‍ക്ക് ഏറ്റവും സുപരിചിതമായ സ്വന്തം ശരീരം തന്നെ ആരോപിക്കപ്പെട്ടിരിക്കുന്നു. കാലാന്തരത്തില്‍ വാസ്തു വ്യാഖ്യാന പരമ്പരയില്‍ ഈ ആരോപിത മനുഷ്യശരീരം അസുരനും ഇദ്ദേഹത്തിന്റെ ദേഹത്തു കയറിനില്‍ക്കുന്നു എന്നു വ്യാഖ്യാനിക്കുന്ന ദേവതകള്‍ സൂര്യന്റെ പ്രകാശത്തോടെ വര്‍ത്തിക്കുന്ന പ്രപഞ്ചശക്തികളും ആണ്. സൂര്യാപേക്ഷിതമായ പ്രകാശവും ഇരുട്ടും പ്രാണജന്യമായ ജനനമരണ പ്രക്രിയയും ഈ ഗ്രാഫിക് സംവിധാനത്തില്‍ സമന്വയിപ്പിച്ചിട്ട് 'വാസ്തു പുരുഷമണ്ഡലം' എന്ന ഗ്രാഫിക് സംവിധാനത്തില്‍ ഗ്രാഫ് നിര്‍മ്മിക്കുന്നത്, തിരശ്ചീനമായും ഊര്‍ദ്ധ്വമയും തര്യക് ആയി വരക്കുന്ന രേഖകള്‍ കൊണ്ടാണ്. ഇതില്‍ ഊര്‍ദ്ധ്വരേഖകളെ പഞ്ചഭൂത സാംഖ്യാ ദര്‍ശനപ്രകാരം അഗ്‌നിരേഖകള്‍ എന്നും തിരശ്ചീന രേഖകളെ ജലരേഖകള്‍ എന്നും പറയുന്നു. തിര്യക് രേഖകള്‍ വായുരേഖകളായി കണക്കാക്കുന്നു. ഇപ്രകാരം വാസ്തു ശാസ്ത്ര പുരുഷമണ്ഡലം ഒരു മെറ്റാഫിസിക്കല്‍ സമീപനത്തോടെ കാണാവുന്നതാണ്. ചതുരം എന്ന ആകാരത്തില്‍ എല്ലാ ഗണിതരൂപങ്ങളായ ത്രികോണം, വൃത്തം, ആയതവൃത്തം... എന്ന എല്ലാ ആകാരങ്ങളും അടങ്ങിയിരിക്കുന്നു. അതിനാല്‍ നിര്‍മ്മിതിക്കുവേണ്ട എല്ലാ ആകാരങ്ങളും പൂര്‍ണ്ണതയില്‍ നിര്‍മ്മിക്കാന്‍ ഈ ഗ്രാഫിക് സംവിധാനത്തില്‍ സാധിക്കുന്നു.

നവ നിര്‍മ്മിത ലോകസഭാ മന്ദിര രൂപരേഖ കൃത്യമായി അറിയില്ലെങ്കിലും ലഭ്യമായ ബാഹ്യ ആകാരം ദീര്‍ഘചതുരമായ വാസ്തു-പുരുഷ-മണ്ഡല ഗ്രാഫിക് സംവിധാനത്തില്‍ ചേര്‍ത്തു വെയ്ക്കുമ്പോള്‍, ആരോപിക്കുമ്പോള്‍ കോണുകളുടെ അഭാവത്താല്‍ മാനുഷിക വ്യാപാരങ്ങള്‍ക്കു ശ്രേഷ്ഠമായി ശാസ്ത്രം കരുതുന്നില്ല. മാത്രമല്ല, ഓരോ കുറ്റമറ്റ തീരുമാനങ്ങള്‍ ശരിയായവിധം തീരുമാനിക്കാന്‍ ഇരിക്കുന്ന, നില്‍ക്കുന്ന വിധവും പ്രാധാന്യമുണ്ടെന്നാണ് വാസ്തുശാസ്ത്ര നിര്‍ദ്ദേശങ്ങള്‍. ശാസ്ത്രരിത്യ തീരുമാനങ്ങള്‍ ശരിയായ രീതിയില്‍ ആകണമെങ്കില്‍ ഓരോരുത്തരുടേയും ഇരിപ്പിടങ്ങള്‍ വിദിക് ആകാതെ കിഴക്ക്/വടക്ക് മുഖം വരത്തക്കവിധം ക്രമീകരിക്കേണ്ടതാണ്. ഇതില്‍ വടക്ക് കാന്തിക പ്രഭാവവും കിഴക്ക് ന്യൂട്രല്‍ ഫക്‌സ് പ്രഭാവം ഉള്ളതുകൊണ്ടാണ് ഇപ്രകാരം ശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്. വാസ്തുവിന്റെ-മന്ദിരത്തിന്റെ ആകാരം തന്നെ കോണുകള്‍ ഇല്ലാതെ അപൂര്‍ണ്ണമാകയാല്‍ ഈ നിര്‍മ്മിതിക്കകത്ത് എടുക്കുന്ന തീരുമാനങ്ങള്‍ ശരിയായ രീതിയില്‍ ആകാന്‍ സാദ്ധ്യതയില്ല.

വാസ്തുശാസ്ത്രത്തിലെ ഗ്രാഫിക് സംവിധാനത്തില്‍ ഓരോ കോണുകളും ഇല്ലാതെ വന്നാല്‍ അതിന്റെ ദോഷങ്ങളായി വരുന്നത് വരാഹമിഹിരന്‍ വിവരിക്കുന്നുണ്ട്. പൂര്‍ണ്ണമായ രൂപത്തില്‍ മാത്രമേ കോണുകളും ശിരസും പാദവും കൈകാലുകളും വരുന്നുള്ളൂ. ഇവ ഇല്ലാതെ-അംഗങ്ങളെയുള്‍ക്കൊള്ളാന്‍ ഇടം ഇല്ലാതെ വന്നാല്‍ ഈ ഗ്രാഫ് അപൂര്‍ണ്ണമാകുകയും ഈ ഗ്രാഫില്‍ ചേര്‍ത്തുവെയ്ക്കുന്ന മനുഷ്യശരീരം വികലാംഗത്വത്തോടെ വര്‍ത്തിക്കുകയും ചെയ്യും. അതായത് പൂര്‍ണ്ണമായ ഗ്രാഫിക് സംവിധാനത്തില്‍ വാസ്തുപുരുഷന്‍ വികലാംഗത്വമില്ലാതെ പരിപൂര്‍ണ്ണനായിരിക്കണം എന്നു സാരം.

വാസ്തുഗ്രാഫിക് സംവിധാനത്തില്‍ കോണുകള്‍, വശങ്ങള്‍ എന്നിവ ഇല്ലാതെ അംഗങ്ങളെ ഉള്‍ക്കൊള്ളുന്നില്ല എങ്കില്‍ വരാഹമിഹിരന്‍ ദോഷങ്ങളെ വിവരിക്കുന്നത് ഇപ്രകാരമാണ്.*

1. പൃഥ്വികോണ്‍: കന്നിമൂല എന്നു വിളിക്കുന്ന തെക്ക്-പടിഞ്ഞാറ് കോണ്‍ ഇല്ലാതെ വന്നാല്‍ ഗ്രാഫിക് സംവിധാനത്തില്‍ വാസ്തുപുരുഷ പാദം ഇല്ലാതാകുന്നു. ഈ കോണിന്റെ അഭാവം സ്ത്രീ ദോഷത്തിനും തലമുറനാശത്തിനും സ്വയം നശിച്ച അടിമത്വത്തിലേക്ക് എത്തുകയും ചെയ്യുന്ന ദോഷങ്ങള്‍ കാരണമാകുന്നു.

2. ഈശാനകോണ്‍: ജലം മൂല എന്ന വടക്ക്-കിഴക്ക് കോണ്‍ ഇല്ലാതെ വന്നാല്‍ ഗ്രാഫിക് സംവിധാനത്തില്‍ ശിരസ്സിനു ഇടമില്ലാതെ വരികയും സകല ഐശ്വര്യങ്ങളും നശിക്കുകയും ചെയ്യുന്നു.

3. അഗ്‌നികോണ്‍: തെക്ക്-കിഴക്ക് അഗ്‌നിയുടെ ഇടമാണ്. ഗ്രാഫിക് സംവിധാനത്തില്‍ 'കൈ' വെയ്ക്കാനുള്ള ഇടമാണ്. ഈ ഇടത്തിന്റെ ഇല്ലായ്മ കയ്യില്ലാത്തവന്റെ ഗതിയാണ് ഈ രൂപത്തിനും വന്നുചേരുന്നത്. ആവശ്യമായ കര്‍മ്മനിര്‍വ്വഹണത്തിനുപോലും സാധിക്കാതെ വരും.

4. വായുകോണ്‍: വടക്ക് പടിഞ്ഞാറ്, വായുകോണ്‍ പ്രാണന്റെ പ്രതീകമാണ്. ഈ ഭാഗലോപം പ്രാണന്‍ ഇല്ലാത്ത അവസ്ഥയും സ്ത്രീ ദോഷത്തിനു കാരണമാകുകയും ചെയ്യും.

ഈ നാലു മൂലകള്‍ വശങ്ങള്‍ എന്നിവ വന്നാലാണ് നാലു മൂലകളില്‍നിന്ന് വസ്തുവിന്റെ ബ്രഹ്മസ്ഥാനത്തിലൂടെ നേര്‍ നടുവിലൂടെ ഊര്‍ദ്ധ്വരേഖയില്‍ സന്ധിക്കുമ്പോള്‍ അത് പഞ്ചമന ത്രികോണം എന്ന സ്വരൂപമായി മാറുകയും 'സുഖം'(3) എന്ന അവസ്ഥ വന്നുചേരുകയും ഉള്ളൂ.

പണിതീര്‍ന്ന ഒരു വാസ്തുരൂപത്തിനു കോണുകളിലോ വശങ്ങളിലോ എന്തൊക്കെ കുറവുകള്‍ വന്നിരുന്നാല്‍ അതിനു പൂര്‍ണ്ണമായി പരിഹാരം ഇല്ലെങ്കിലും വാസ്തുദോഷ പരിഹാര ക്രിയകള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതായത് കുറവുകളോടെ ഉള്ള ഈ നിര്‍മ്മിതിയെ പൂര്‍ണ്ണ മനുഷ്യാലയ വാസ്തു ഗ്രാഫിക് ആയ ദീര്‍ഘചതുരത്തിലേക്ക് ഉള്‍പ്പെടുത്തി അതിനെ ഭൂമിയില്‍നിന്നു 78 സെന്റിമീറ്റര്‍ ഉയരം മതില്‍/തറ കെട്ടണം. ഈ ദീര്‍ഘചതുരാകാരമായ മതിലിന്റെ ചുറ്റളവ് ശ്രേഷ്ഠമായ ഏകയോനിയില്‍ വരുന്ന അളവാണ് സ്വീകരിക്കേണ്ടത്* ഭാരത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു നിര്‍മ്മിതി രൂപകല്പനയില്‍തന്നെ വാസ്തുശാസ്ത്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതായിരുന്നു. പുതിയ ലോകസഭാ മന്ദിര അന്തര്‍ഭാഗ ക്രമീകരണം ദേശീയ പക്ഷിയായ മയൂരാകാരമാണെന്നും ബഹ്യാകാരം ദേശീയ പുഷ്പമായ പങ്കജ സമാനമാണെന്നും രൂപകല്പന ചെയ്തവര്‍ വ്യാഖ്യാനിക്കുമ്പോഴാണ് സാധാരണക്കാര്‍ക്ക് ഈ ബോധം ഉണ്ടാകുന്നത്. മാത്രവുമല്ല, ഈ മന്ദിര അകത്തള ക്രമീകരണങ്ങള്‍, ഇരിപ്പിടങ്ങള്‍ ദിശാവിന്യാസത്തെ ഒരിക്കലും ആകില്ല. അതായത് 'വിദിക്' എന്ന പ്രതിഭാസം ഉണ്ടാകുന്നു. വാസ്തുശാസ്ത്രം ഇതിനോടു യോജിക്കുന്നില്ല. വരാഹമിഹിരന്റെ മതപ്രകാരം ''ഏറ്റവും ലളിതമായ ദന്തദാവനം നടത്തുമ്പോള്‍ കൂടി ശ്രേയസ്സിനുവേണ്ടി കൃത്യമായ ദിശാവിന്യാസത്തോടെ കിഴക്ക് അഥവാ വടക്ക് തിരിഞ്ഞിരിക്കണമെന്നു നിര്‍ദ്ദേശിക്കുന്നു.*

1.    സ്ത്രീദോഷ-സുതമരണം പ്രേഷിത്വം ചാവി ചരണവൈകല്ല്യേ അവികല പുരുഷേ വസതാം, മാനാര്‍ത്ഥയുതാനി സൗഖ്യാനി അര്‍ത്ഥക്ഷയാംഗനാ ദോഷ:
2.    ദക്ഷിണഭുജേന ഹീനേ വാസ്തുന്‍ നരേ അര്‍ത്ഥക്ഷയാംഗനാ ദോഷ: വാമേര്‍ത്ഥ ധാന്യഹാനി: ശിരസി ഗുണൈ ഹീയതേ സര്‍വേവ: (ബ്രഹദ്‌സംഹിത 53, 67, 68)
3.    സു: നല്ലത്, 'ഖം' ആകാശം, ഉല്‍കൃഷ്ടമായ ഭൂതം.
*    1. കേതു യോനി: അഭിവാഞ്ച്ശിതാര്‍ത്ഥ: തത സ്വാത്വികോ അമര ഗുരുര്‍ ദ്വിജോ ഭവേത്' പൂര്‍വ്വഭിക്ഷു: അഭിഹിതോപി സര്‍വ്വത: സര്‍വ്വഭിക്ഷു: അഭിഹിതോ വിശേഷത. 
(മനുഷ്യാലയ ചന്ദ്രിക-327)
2    ഉദഹ്ങ് മുഖ: പ്രാങ്മവേ ഏവ നിത്യം
കാമം യഥേഷ്ടം ഹൃദയേ നിവേശ്യ... ബ്രഹദ് സംഹിത-പഞ്ചാശീതം:8

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com