'ഇടതുപക്ഷം ഒതുങ്ങിപ്പോയ ഒരു പൊളിറ്റിക്കല്‍ മൂവ്മെന്റാണ്, അതിന്റെയൊരു പ്രസക്തി ഇന്ന് ഇല്ല' 

രാജ്യത്തിന്റെ പരമോന്നത ജനാധിപത്യ സ്ഥാപനമായ പാര്‍ലമെന്റിലേക്ക് കേരളം പല കാലത്തായി തെരഞ്ഞെടുത്ത് അയച്ച മഹാരഥന്മാരായ ജനപ്രതിനിധികളെപ്പോലെ തലയെടുപ്പുള്ള മലയാളി
'ഇടതുപക്ഷം ഒതുങ്ങിപ്പോയ ഒരു പൊളിറ്റിക്കല്‍ മൂവ്മെന്റാണ്, അതിന്റെയൊരു പ്രസക്തി ഇന്ന് ഇല്ല' 

ന്ത്യയുടെ പാര്‍ലമെന്റുമായി കേരളം അഭിമാനത്തോടെ ചേര്‍ത്തു പറയുന്ന പേരുകളില്‍ ദീര്‍ഘകാലം ലോക്സഭാ സെക്രട്ടറി ജനറലായിരുന്ന പി.ഡി.ടി ആചാരിയെ മാറ്റി നിര്‍ത്താനാകില്ല. രാജ്യത്തിന്റെ പരമോന്നത ജനാധിപത്യ സ്ഥാപനമായ പാര്‍ലമെന്റിലേക്ക് കേരളം പല കാലത്തായി തെരഞ്ഞെടുത്ത് അയച്ച മഹാരഥന്മാരായ ജനപ്രതിനിധികളെപ്പോലെ തലയെടുപ്പുള്ള മലയാളി; അവരില്‍ പലരെക്കാള്‍ പാര്‍ലമെന്റിന്റെ ചട്ടങ്ങളിലും നടപടിക്രമങ്ങളിലും ആഴമുള്ള അറിവ്; ജനാധിപത്യത്തോടും മതേതരത്വത്തോടും വിട്ടുവീഴ്ച ഇല്ലാത്ത പ്രതിബദ്ധത. പി.ഡി. തങ്കപ്പന്‍ ആചാരി എന്ന മുഴുവന്‍ പേര് അറിയാത്തവര്‍ക്കും പി.ഡി.ടി ആചാരി സുപരിചിതന്‍. പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയാണ് സ്വദേശം. പതിന്നാല്, പതിനഞ്ച് ലോക്സഭകളുടെ കാലത്ത് സെക്രട്ടറി ജനറലും ലോക്സഭാ സെക്രട്ടേറിയറ്റിന്റെ എക്‌സ് ഒഫീഷ്യോ അഡ്മിനിസ്ട്രേറ്റീവ് മേധാവിയുമായി പ്രവര്‍ത്തിച്ചു. ലോക്സഭാ സെക്രട്ടേറിയറ്റില്‍നിന്നു വിരമിച്ച ശേഷവും ഡല്‍ഹിയില്‍ സ്ഥിരതാമസം. കേരളത്തില്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങള്‍ മിക്കപ്പോഴുമുണ്ട്. നിരവധിയാളുകള്‍ ശ്രദ്ധയോടെ കേള്‍ക്കുന്ന പ്രഭാഷകന്‍; റിസര്‍ജന്റ് ഇന്ത്യ, ഗ്ലിംപ്സസ് ഓഫ് രാജീവ് ഗാന്ധീസ് വിഷന്‍ ഓഫ് ഇന്ത്യ, ലോ ഓഫ് ഇലക്ഷന്‍സ് തുടങ്ങിയ ശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവ്.
ജനാധിപത്യത്തേയും മതേതരത്വത്തേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും ജനങ്ങളുടേയും ഉത്തരവാദിത്വങ്ങളേയും കുറിച്ച്, രാജ്യം കടന്നുപോകുന്ന സവിശേഷ സാഹചര്യത്തെക്കുറിച്ച് അവ്യക്തത ഒട്ടുമില്ലാതെ പി.ഡി.ടി ആചാരി സംസാരിക്കുന്നു: 

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന തീരുമാനത്തിലേക്ക് എത്തുന്നതിനു മുന്നോടിയായി റിപ്പോര്‍ട്ടു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ വെച്ചിരിക്കുകയാണല്ലോ. അത്തരമൊരു തീരുമാനംകൊണ്ട് എന്തു രാഷ്ട്രീയ നേട്ടമായിരിക്കും യഥാര്‍ത്ഥത്തില്‍ ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത് എന്നാണ് കരുതുന്നത്? 

പാര്‍ലമെന്റിന്റേയും നിയമസഭകളുടേയും തെരഞ്ഞെടുപ്പ് 1950-കളിലും 1960-കളിലും ഒന്നിച്ചാണ് നടന്നുകൊണ്ടിരുന്നത്. കാരണം, 1952-ല്‍ എല്ലാം ഒന്നിച്ചാണ് തുടങ്ങിയത്. അഞ്ചു വര്‍ഷമാകുമ്പോള്‍ പാര്‍ലമെന്റിന്റേയും നിയമസഭകളുടേയും കാലാവധി തീരുന്നു, ഒരുമിച്ച് തെരഞ്ഞെടുപ്പും നടക്കുന്നു. ആ പ്രക്രിയ അങ്ങനെയങ്ങ് പോവുകയായിരുന്നു. എന്നാല്‍, 1969-ല്‍, കാലാവധി തീരാന്‍ ഒന്നൊന്നര വര്‍ഷം ബാക്കിയുള്ളപ്പോള്‍ ലോക്സഭ പിരിച്ചുവിട്ടു. അവിടം മുതല്‍ ആ ഒരു പാറ്റേണ്‍ മാറി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പു നേരത്തെ നടന്നു, പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വന്നു. പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ അസ്ഥിരത ഉണ്ടാവുകയും ഗവണ്‍മെന്റുകള്‍ വീഴുകയും നിയമസഭ പിരിച്ചുവിടുകയുമൊക്കെ ചെയ്തപ്പോള്‍ പൂര്‍ണ്ണമായും ആ ഒരു രീതി മാറിക്കഴിഞ്ഞു. അതിനുശേഷം ആരും അതിനെക്കുറിച്ചു ചിന്തിച്ചിരുന്നേയില്ല. ഇപ്പോള്‍ ഈ ഗവണ്‍മെന്റാണ് ഈ ഒരു ആശയം കൊണ്ടുവരുന്നത്. പ്രധാനമന്ത്രി അതിനെക്കുറിച്ചു ചില പരാമര്‍ശങ്ങളൊക്കെ നടത്തുകയുണ്ടായി. അദ്ദേഹം പറയുന്ന പ്രധാനപ്പെട്ട ഒരു പോയിന്റെന്നു പറയുന്നത്, ഗവണ്‍മെന്റിന്റെ ശ്രദ്ധ മുഴുവന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്കു തിരിയുന്നു; വികസനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്കും ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നു, എപ്പോഴും തെരഞ്ഞെടുപ്പു പ്രചാരണം നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ്. പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പു നടത്തുകയാണെങ്കില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടത്തിയാല്‍ മതിയല്ലോ. അങ്ങനെ വരുമ്പോള്‍ ഗവണ്‍മെന്റിനു മറ്റു കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അവസരമുണ്ടാകുമെന്നുമൊക്കെയുള്ളതാണ് അദ്ദേഹത്തിന്റെ വാദം. അദ്ദേഹം അങ്ങനെയാണത് അവതരിപ്പിച്ചത്. അതിനേത്തുടര്‍ന്ന് കുറേ ചര്‍ച്ചകളൊക്കെ നടന്നു. പക്ഷേ, ആര്‍ക്കും അതേക്കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നില്ല. ഗവണ്‍മെന്റ് അത് ഗൗരവത്തിലെടുത്തു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. മുന്‍ രാഷ്ട്രപതി അധ്യക്ഷനായി ഒരു സമിതിയെ വെച്ചതുതന്നെ ഒരു അസാധാരണമായ നടപടിയാണെന്ന് എനിക്കു തോന്നുന്നു. കാരണം, രാഷ്ട്രപതിയായിരുന്ന ഒരാള്‍ പിന്നീട് ഒരു കമ്മിറ്റിയുടെ ചെയര്‍മാനായിട്ടു വരിക; എന്നിട്ട് അദ്ദേഹം ആ റിപ്പോര്‍ട്ട് രാഷ്ട്രപതിക്കാണോ മറ്റാര്‍ക്കെങ്കിലുമാണോ കൊടുക്കുന്നത് എന്ന് അറിയില്ല. അതൊക്കെയൊരു അസാധാരണമായ ഒരു നടപടിക്രമമാണ്. അങ്ങനെ സാധാരണ ചെയ്യാറില്ല. 

തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നു എന്നു പറയാന്‍ എളുപ്പമുണ്ടെങ്കിലും ഒരുപാട് പ്രായോഗിക പ്രശ്‌നങ്ങളുള്ള ഒരു കാര്യമാണത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇപ്പോള്‍ ഏപ്രില്‍- മെയ് മാസത്തില്‍ നടക്കണമല്ലോ. ആ സമയത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടത്തണം എന്നുള്ളതാണല്ലോ ഉദ്ദേശ്യം. അങ്ങനെ വരുമ്പോള്‍ ഈ നിയമസഭകളെല്ലാം പിരിച്ചു വിടേണ്ടിവരും. നിയമസഭ പിരിച്ചുവിടുക എന്നത് രണ്ടു തലങ്ങളിലാണ് നടക്കുന്നത്. ഒന്ന്, സംസ്ഥാനം ഭരിക്കുന്ന ഗവണ്‍മെന്റിന്റെ അധികാരമാണ് അത്. ഇപ്പോള്‍ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടത്തിയാല്‍ അത് രാഷ്ട്രീയമായി ഗുണം ചെയ്യും എന്ന് കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ ഗവണ്‍മെന്റിനു തോന്നുകയാണ്. എങ്കില്‍ പിരിച്ചുവിടാം; ഗവര്‍ണറെക്കൊണ്ട് പിരിച്ചുവിടീക്കാം. എന്നിട്ട് തെരഞ്ഞെടുപ്പ് നടത്താം. പല സംസ്ഥാനങ്ങളും പലപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ട്. മറ്റൊന്ന്, കേന്ദ്രം സംസ്ഥാന ഗവണ്‍മെന്റിനെ പിരിച്ചുവിടുക എന്നതാണ്. അതൊരു പ്രത്യേക സാഹചര്യത്തിലാണ്. ഒരു സംസ്ഥാനത്തിന്റെ ഭരണം ഭരണഘടനാ വ്യവസ്ഥകള്‍ക്കനുസരിച്ചു കൊണ്ടുപോകാന്‍ അസാധ്യമായ ഒരു സാഹചര്യം ഉണ്ടായിക്കഴിഞ്ഞാല്‍ ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് രാഷ്ട്രപതിക്ക് ആ സംസ്ഥാനത്തെ ഭരണം ഏറ്റെടുക്കുകയും നിയമസഭ പിരിച്ചുവിടുകയും ചെയ്യാം. അങ്ങനെയൊരു സാഹചര്യത്തില്‍ മാത്രമേ അതു ചെയ്യാന്‍ പറ്റുകയുള്ളൂ. വാസ്തവത്തില്‍ നമ്മുടെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കടന്നാക്രമണമാണ് ഈ 356-ാം വകുപ്പ്. ഭരണഘടനാ അസംബ്ലിയില്‍ അത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് സാധാരണ ഉപയോഗിക്കേണ്ടിവരാത്ത ഒരു വകുപ്പാണ്; എങ്കിലുമൊരു മുന്‍കരുതല്‍ എന്ന നിലയ്ക്കു വയ്ക്കുന്നു എന്നു മാത്രമേ ഉള്ളൂ എന്നാണ് അന്ന് ഡോ. അംബേദ്കര്‍ പറഞ്ഞിരുന്നത്. പക്ഷേ, പില്‍കാലത്ത് വളരെ തുടര്‍ച്ചയായി ഉപയോഗിച്ച ഒരു വകുപ്പാണത്. ആദ്യകാലങ്ങളിലൊക്കെ അങ്ങനെ യഥേഷ്ടം പിരിച്ചുവിടാമായിരുന്നു. പക്ഷേ, സുപ്രീംകോടതി അതില്‍ ഇടപെട്ട് തടയിട്ടിട്ടുണ്ട്. കോടതി പറയുന്നത്, അവിടെ ഭരണഘടനാ പ്രതിസന്ധിയുണ്ടെന്നു പ്രസിഡന്റിനു ബോധ്യമായിക്കഴിഞ്ഞാല്‍ ചെയ്യാം എന്നാണ്. പക്ഷേ, പ്രസിഡന്റിനു ബോധ്യമാകുന്നതിന് ഉപോല്‍ബലകമായ സാഹചര്യം ഉണ്ടാകണം. അല്ലാതെ പ്രസിഡന്റിന് ചുമ്മാ ബോധ്യമായെന്നു പറഞ്ഞാല്‍ പറ്റില്ല. ആ സാഹചര്യം ഉണ്ടായോ, എന്തു സാഹചര്യം എന്നു ഞങ്ങള്‍ പരിശോധിക്കും എന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ കേന്ദ്ര ഗവണ്‍മെന്റിനു തോന്നുന്നതുപോലെ ഒരു സംസ്ഥാന ഗവണ്‍മെന്റിനേയും നിയമസഭയേയും പിരിച്ചുവിടാന്‍ കഴിയാതെ വന്നു. അതുകൊണ്ട് അങ്ങനെ ചെയ്യാന്‍ കേന്ദ്രത്തിനു കഴിയില്ല. എല്ലാ സംസ്ഥാനങ്ങളോടും നിങ്ങളിതു പിരിച്ചുവിടണം എന്നു പറഞ്ഞാല്‍ അവരതിനു സമ്മതമല്ല എന്നു പറഞ്ഞാല്‍ എന്തുചെയ്യും. അങ്ങനെയൊരു നിര്‍ദ്ദേശം കൊടുക്കാന്‍ പറ്റില്ല. 256, 257 വകുപ്പുകളനുസരിച്ച് കേന്ദ്ര ഗവണ്‍മെന്റിന് സംസ്ഥാന ഗവണ്‍മെന്റിനു നിര്‍ദ്ദേശം കൊടുക്കാം. എക്‌സിക്യൂട്ടീവിന്റെ കാര്യത്തിലും ഭരണഘടനാ നിര്‍വ്വഹണത്തിന്റെ കാര്യത്തിലുമൊക്കെ ചില നിര്‍ദ്ദേശങ്ങള്‍ കൊടുക്കാം. 365-ാം വകുപ്പ് അനുസരിച്ചാണെങ്കില്‍, കേന്ദ്രം നല്‍കുന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ 356 പ്രകാരം കേന്ദ്ര ഗവണ്‍മെന്റിന് ഏറ്റെടുക്കാം എന്നു പറഞ്ഞിട്ടുണ്ട്. അതായത് ഒരു എക്‌സിക്യൂട്ടീവ് പവര്‍ ഉപയോഗിച്ചു മാത്രമേ കേന്ദ്രത്തിനു സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കാന്‍ പറ്റുകയുള്ളൂ. എന്നാല്‍, നിയമസഭ പിരിച്ചുവിടണം എന്നു പറയുന്നത് ഒരു എക്‌സിക്യൂട്ടീവ് പവറും ഉപയോഗിച്ചല്ല. അങ്ങനെ നിര്‍ദ്ദേശം കൊടുക്കാന്‍ നമ്മുടെ ഭരണഘടനയനുസരിച്ച് കേന്ദ്രത്തിന് അധികാരമില്ല. 

ഇത് മറികടക്കാനാണ് ഭരണഘടനയില്‍ ഇവര്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. പ്രധാനമായും രണ്ട് വകുപ്പുകളാണ്. ഒന്ന് 172; സംസ്ഥാന നിയമസഭയുടെ കാലാവധി നിശ്ചയിക്കുന്ന വകുപ്പാണത്. അതില്‍ ഭേദഗതി വരുത്തിയിട്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പു നടക്കുന്ന അതേ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി ഈ നിയമസഭ പിരിച്ചുവിടാം എന്നു വേണമെങ്കില്‍ എഴുതിവയ്ക്കും. അത് പക്ഷേ, ഫെഡറലിസത്തിന് എതിരാണ്. അങ്ങനെയൊരു അധികാരം കേന്ദ്ര ഗവണ്‍മെന്റിനു കൊടുത്തിട്ടില്ല. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നമ്മുടെ ഫെഡറല്‍ സംവിധാനം കൊടുത്തിരിക്കുന്ന അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണത്. ഫെഡറലിസത്തിന് എതിരാണെങ്കില്‍ അത് അടിസ്ഥാന ഘടനയ്ക്ക് എതിരായിപ്പോകും. ഫെഡറലിസം എന്നത് അടിസ്ഥാന ഘടനയുടെ ഭാഗമാണ്. അടിസ്ഥാന ഘടനയ്‌ക്കെതിരായ ഒരു നിയമനിര്‍മ്മാണവും നടത്താന്‍ പാര്‍ലമെന്റിന് അധികാരമില്ല. അതുകൊണ്ട് ഈ പറയുന്ന പ്രപ്പോസല്‍ പ്രാവര്‍ത്തികമാകുമെന്ന് എനിക്ക് ഇപ്പോഴും വിശ്വാസമില്ല. ഇവരെങ്ങനെയാണ് ഇതു കൊണ്ടുവരാന്‍ പോകുന്നതെന്നു മനസ്സിലാകുന്നില്ല. 2018-ല്‍ നിയമ കമ്മിഷന്‍ ഇതിനെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. അതു വായിച്ചിട്ടില്ലാത്തതുകൊണ്ട് വിശദാംശങ്ങള്‍ അറിയില്ല. 

സാഹചര്യങ്ങളെല്ലാം ഇങ്ങനെയാണെന്ന് അറിയാമായിരുന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ഈ നീക്കവുമായി മുന്നോട്ടു പോകുന്നതിനു പിന്നിലെ ഉദ്ദേശ്യം എന്തായിരിക്കും? 

നമ്മള്‍ ഈ വിഷയത്തില്‍ സ്വതന്ത്രമായ ഒരു വിശകലനം നടത്തുകയാണല്ലോ ചെയ്യുന്നത്. നമുക്ക് അത്രയല്ലേ പറ്റുകയുള്ളൂ. നമ്മുടെ പക്കല്‍ വസ്തുതാപരമായ വിവരങ്ങള്‍ ഇല്ല. ഈ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നത് വോട്ട് ക്യാച്ചിംഗ് ആയിട്ടുള്ള ഒരു മുദ്രാവാക്യമല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അങ്ങനെയൊരു വിഷയമല്ല അത്. അതുകൊണ്ട് അത്ര പെട്ടെന്ന് അവരത് നടപ്പാക്കുമെന്നു തോന്നുന്നില്ല. പിന്നെ എന്തിനാണ് അവര്‍ ഈ ധൃതി കാണിക്കുന്നതെന്നു മനസ്സിലാകുന്നില്ല. പക്ഷേ, നമ്മള്‍ അതിന്റെയൊരു വസ്തുനിഷ്ഠ സാഹചര്യം പഠിച്ചാല്‍, ബി.ജെ.പി എന്ന പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങളും തെരഞ്ഞെടുപ്പു തന്ത്രങ്ങളുമൊക്കെ രൂപപ്പെടുത്തുന്നത് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വെച്ചിട്ടാണ്. കാരണം ഹിന്ദി ബെല്‍റ്റില്‍നിന്ന് 305 ലോക്സഭാ സീറ്റുകളുണ്ട്. അതു കിട്ടിക്കഴിഞ്ഞാല്‍ അവര്‍ക്കു സുഖമായി ഭരിക്കാം. ഹിന്ദി ബെല്‍റ്റിലെ ആളുകളുടെ ആവശ്യങ്ങള്‍, അവരുടെ മൈന്റ് അതൊക്കെ അവര്‍ ഭംഗിയായി പഠിച്ചിട്ടുണ്ട്. അതു കണ്ടിട്ടാണ് അവര്‍ തെരഞ്ഞെടുപ്പു തന്ത്രം ഉണ്ടാക്കുന്നത്. അതില്‍ വാസ്തവത്തില്‍ ഈ വിഷയം വരുന്നില്ല. ജനങ്ങള്‍ക്കു മനസ്സിലാകുക പോലുമില്ല. അതേസമയം, കുറച്ചുകൂടി സാധ്യതയുള്ള സംഗതി, ഒരു മുസ്ലിം വിരുദ്ധമായ അല്ലെങ്കില്‍ മുസ്ലിങ്ങളെ ബാധിക്കുന്ന ഏതെങ്കിലും ഒരു വിഷയം: ഉദാഹരണത്തിന്, ഏക വ്യക്തിനിയമം. അതിനൊരു വലിയ സ്വീകാര്യത ഉണ്ട്. അതിപ്പോള്‍, ഹിന്ദി ബെല്‍റ്റില്‍ മാത്രമല്ല, അല്ലാത്തിടത്തുമുണ്ട്. കാരണം, മുസ്ലിം പുരുഷന്മാര്‍ക്ക് നാലു വിവാഹം വരെ ചെയ്യാം എന്ന ഒരു പൊതുവായ പെര്‍സെപ്ഷന്‍ ഉണ്ട് ഇവിടെ. എന്തുകൊണ്ട് അവര്‍ക്കു മാത്രം അങ്ങനെയൊരു അനുമതി കൊടുക്കുന്നു? നമ്മളെല്ലാം നിയമപ്രകാരം ഏക ഭാര്യാ വ്രതക്കാരാണല്ലോ എന്ന ചിന്ത. നാലു സ്ത്രീകളെ കല്യാണം ചെയ്യാന്‍ അവസരമുള്ളതുകൊണ്ടാണ് അവരുടെ ജനസംഖ്യ കൂടുന്നത് എന്നൊരു ഭയങ്കര തെറ്റിദ്ധാരണയുമുണ്ട് ഇവിടെ. ഞങ്ങളുടെ ഗവണ്‍മെന്റാണ് അതിനു തടയിട്ടത് എന്നു വേണമെങ്കില്‍ അവകാശപ്പെടാന്‍ വേണ്ടി അങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ ഇടയുണ്ട് എന്നെനിക്കു തോന്നുന്നു. അതിനകത്തൊരു പൊളിറ്റിക്‌സുണ്ട്. ഒരു ഇലക്ടറല്‍ പൊളിറ്റിക്‌സിന്റെ ഒരു ഭാഗമായിട്ട് അതു കൊണ്ടുവരാം. അല്ലാതെ ഈ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നൊക്കെയുള്ളത് ഒരു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അത്ര പ്രാധാന്യമുള്ളതാണെന്നു തോന്നുന്നില്ല. 

പിഡിടി ആചാരി ലോക്സഭാ സെക്രട്ടറി ആയിരുന്ന കാലത്തു യുപിഎ സ്പീക്കർ സ്ഥാനാർഥിയായിരുന്ന മീര കുമാർ പത്രിക സമർപ്പിക്കുന്നു
പിഡിടി ആചാരി ലോക്സഭാ സെക്രട്ടറി ആയിരുന്ന കാലത്തു യുപിഎ സ്പീക്കർ സ്ഥാനാർഥിയായിരുന്ന മീര കുമാർ പത്രിക സമർപ്പിക്കുന്നു

പാര്‍ലമെന്റിന്റെ പുതിയ മന്ദിരവും അതിന്റെ ഉദ്ഘാടനവുമൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ. ഒരു പുതിയ കെട്ടിടം എന്നതിനപ്പുറം അതു പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സന്ദേശം എന്താണ്? 

പ്രധാനമന്ത്രിയാണല്ലോ ഈ ഗവണ്‍മെന്റിനും പാര്‍ട്ടിക്കുമെല്ലാം കാഴ്ചപ്പാട് കൊടുക്കുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങളാണല്ലോ നടപ്പാക്കുന്നത്; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കാര്യത്തിലും വ്യക്തിപരമായി അതിന്റെയൊരു ഭാഗമായിട്ട് നിന്ന് എല്ലാ ഘട്ടങ്ങളിലും എല്ലാ കാര്യങ്ങളും അദ്ദേഹം തന്നെയാണ് ചെയ്തത്; കല്ലിട്ടതും ഭൂമി പൂജ നടത്തിയതും എല്ലാം. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ അവരൊരു പുതിയ കണ്‍സെപ്റ്റ് കൊണ്ടുവന്നിട്ടുണ്ട്: പുതിയ ഇന്ത്യ. 1947-ല്‍ സ്വാതന്ത്ര്യം കിട്ടിയെങ്കിലും 2014 വരെയുള്ളത് പഴയ ഇന്ത്യയാണ്. കൊളോണിയലിസത്തിന്റെ തുടര്‍ച്ചയായിട്ടു വന്ന ഭരണസംവിധാനങ്ങളൊക്കെയുണ്ടായിരുന്ന ആ രീതിയിലുള്ള ഒരു ഇന്ത്യ. എല്ലാ കൊളോണിയല്‍ പാരമ്പര്യങ്ങളും പിന്തുടര്‍ന്നുകൊണ്ടുപോയ അതില്‍നിന്നു വ്യത്യസ്തമായി ഭാരതീയത കൊണ്ടുവരേണ്ടത് ആവശ്യമാണ്. ഭാരതീയത എന്നു പറയുന്നത് ഇതിനകത്ത് പ്രതിഫലിക്കണം. അതിന് കൊളോണിയല്‍ കാലത്ത് ഉണ്ടാക്കിവച്ച ഈ പാര്‍ലമെന്റ് മന്ദിരം മാറണം, പുതിയ പാര്‍ലമെന്റ് മന്ദിരം ഉണ്ടാകണം; പുതിയ പാര്‍ലമെന്റാകുമ്പോള്‍ ചിലപ്പോള്‍ അടുത്ത സെന്‍സസ് കഴിയുമ്പോള്‍ ഇതിന്റെ അംഗസംഖ്യ കൂട്ടിയേക്കും. 545 എന്നുള്ളത് ചിലപ്പോള്‍ ആയിരമൊക്കെ ആക്കിയേക്കും. അങ്ങനെ വരുമ്പോള്‍ എല്ലാം പുതിയതാണല്ലോ. സ്വാതന്ത്ര്യദിനം എന്നത് അമൃതകാലം എന്നാക്കി. ഓരോന്നിനും പുതിയ പേര് കൊടുക്കുന്നു. മറ്റേതില്‍നിന്നുള്ള ടോട്ടല്‍ ബ്രേക്ക്. 2013-ല്‍ അവസാനിച്ച ആ ഭരണവും കാര്യങ്ങളും ഇന്ത്യയുടെ ചരിത്രവുമൊക്കെ അവിടംകൊണ്ട് നിര്‍ത്തി. 2014 മുതല്‍ പുതിയ ഇന്ത്യയാണ് നമ്മുടെ മുന്നില്‍ കാണുന്നത്. ആ പുതിയ ഇന്ത്യയെ പ്രതിനിധാനം ചെയ്താണ് പുതിയ പാര്‍ലമെന്റ് ഹൗസ്. 1860-ല്‍ ഉണ്ടാക്കിയ ഐ.പി.സി (ഇന്ത്യന്‍ ശിക്ഷാ നിയമം), പിന്നെ, ക്രിമിനല്‍ നടപടിക്രമം (സി.ആര്‍.പി.സി), ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് ഇതെല്ലാം മാറ്റുന്നു. സിവില്‍ പ്രൊസീജ്യര്‍ കോഡ് എന്താ മാറ്റാത്തത് എന്നു മനസ്സിലാകുന്നില്ല. അതും 1908-ലോ മറ്റോ ഉണ്ടാക്കിയതാണ്. അതും കൊളോണിയലാണല്ലോ. ഇവര്‍ക്ക് കൂടുതല്‍ ആഭിമുഖ്യം ക്രിമിനല്‍ പ്രൊസീജ്യറിനോടാണ്. അല്ലെങ്കില്‍പിന്നെ സിവില്‍ പ്രൊസീജ്യര്‍ കോഡും മാറ്റണ്ടേ. ശിക്ഷാനിയമത്തിലൂടെയാണ് ഏതു ഗവണ്‍മെന്റും അധികാരം ഉപയോഗിക്കുന്നത്. ക്രിമിനല്‍ സൈഡിലാണ് അവരുടെ ശ്രദ്ധ മുഴുവന്‍. 

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ശിക്ഷാ നിയമങ്ങള്‍ അല്ലേ? 

അതെ, സിവില്‍ പ്രൊസീജ്യര്‍ കോഡൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ. അതുകൊണ്ടായിരിക്കും അതില്‍ തൊടാത്തത്. അത് കൊളോണിയലായാലും സാരമില്ല, പൊയ്ക്കോട്ടെ എന്ന മട്ട്. അതൊരു നിരുപദ്രവകാരിയായ സാധനമാണ്; അധികാരം ഉപയോഗിക്കാവുന്നത് ഇവിടെയാണ്. അതായിരിക്കാം കാരണം. അതിനെല്ലാം പുതിയ പേരു കൊടുത്തു. ഇന്ത്യന്‍ പീനല്‍കോഡ് എന്നതിനു പകരം ഭാരതീയ ന്യായസംഹിത എന്നു മാറ്റി. ഹിന്ദി ഉപയോഗിക്കുന്നു എന്ന വിമര്‍ശനം വരാതിരിക്കാന്‍ സംസ്‌കൃതമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റിനു പകരം വരുന്നത് ഭാരതീയ സാക്ഷ്യ ബില്‍ ആണ്. ആ ബില്ലുകള്‍ പെട്ടെന്നു പാസ്സാക്കാനാണ് അവരുടെ പരിപാടി. മറ്റൊന്ന്, കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ ഡ്രാഫ്റ്റ് ചെയ്യുന്ന പല നിയമങ്ങളിലും ഒരുപാട് അവ്യക്തത ഉണ്ട്. ഇംഗ്ലീഷ് ഗ്രാമര്‍ പോലും തെറ്റായിരിക്കുന്ന പല വകുപ്പുകളും പാര്‍ലമെന്റ് പാസ്സാക്കുന്ന പല ബില്ലുകളിലും ഞാന്‍ കണ്ടു. ഗ്രാമര്‍ തെറ്റ് വരുമ്പോള്‍ അതിന്റെ കണ്‍സപ്റ്റില്‍ അവ്യക്തത ഉണ്ടാകും. അങ്ങനെ അവ്യക്തത ഉണ്ടായിക്കഴിഞ്ഞാല്‍ വലിയ പ്രശ്‌നമല്ലേ. പൊലീസുകാരന് ഇഷ്ടംപോലെ ഉപയോഗിക്കാമല്ലോ. രാജ്യദ്രോഹം എന്നു പറയുന്ന ആ ഒരു വകുപ്പുതന്നെ നോക്കൂ; ഐ.പി.സിയിലെ 124 (എ) എന്ന വകുപ്പ്. 1870-ലോ മറ്റോ ആണ് അത് എഴുതിച്ചേര്‍ത്തത്. അതിനു മുന്‍പ് അതില്ല. അതില്‍ ബ്രിട്ടീഷുകാരുടെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു. അതായത്, ഗവണ്‍മെന്റിനെതിരെ ആര് ശബ്ദിച്ചാലും അവര്‍ അകത്താണ്. ഇവിടെ അത് രാജ്യദ്രോഹമായി. രാജ്യദ്രോഹവും സര്‍ക്കാര്‍ ദ്രോഹവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. നമ്മളത് വളച്ചൊടിച്ച് ഇവിടെ രാജ്യദ്രോഹമാക്കി. ഇപ്പോള്‍ ഇവരതില്‍ ഗവണ്‍മെന്റ് എന്നുള്ളത് മാറ്റി രാജ്യത്തിന്റെ അഖണ്ഡത, ഐക്യം തുടങ്ങിയതൊക്കെ, ഏതാണ്ടൊക്കെ എഴുതിവച്ചിട്ടുണ്ട്. പക്ഷേ, അതൊക്കെ വായിച്ചു നോക്കിക്കഴിഞ്ഞാല്‍ അതിലെ ഡ്രാഫ്റ്റിംഗിലെ പിശക് എന്നത് ഭയങ്കരമാണ്. ക്രിമിനല്‍ നിയമത്തില്‍ പൊലീസ് നിശ്ചയിക്കുന്നതാണ് നിയമം. രാജ്യദ്രോഹത്തിനെതിരായ നിയമം വായിച്ചുനോക്കിയാല്‍, ഒരു കൈക്രിയപോലും ഒരു ക്രിമിനല്‍ കുറ്റകൃത്യമാകാം. ഒരു കാര്‍ട്ടൂണ്‍; ആ സംഗതികള്‍ മുഴുവന്‍ ഇവര്‍ നിലനിര്‍ത്തിയിട്ടുണ്ട്. സംസാരിക്കാന്‍ വയ്യാത്ത ആള്‍ ആംഗ്യഭാഷയാണല്ലോ ഉപയോഗിക്കുന്നത്. അങ്ങനെയൊരാള്‍ ഒരു സ്റ്റേജില്‍ കയറി, അല്ലെങ്കില്‍ നാലു പേരുടെ മുന്നില്‍ നിന്നുകൊണ്ട് ഒരു ഗവണ്‍മെന്റിനെതിരായിട്ട് ആംഗ്യം കാണിക്കുന്നു. അതു മതി; അയാളെ പിടിച്ച് അകത്താക്കാന്‍ അതുമതി. ആ സാധനം അതുപോലെത്തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. കൊളോണിയല്‍ കാലത്തേക്കാള്‍ കുറച്ചുകൂടി കട്ടികൂടിയ സാധനമാണ് ഇതിനകത്ത് കയറ്റിയിരിക്കുന്നത്. കൊളോണിയല്‍ കാലത്തുനിന്നുള്ള മടങ്ങിവരവ് എന്നു പറയുമ്പോഴും പല നിയമങ്ങളും നമ്മള്‍ വെള്ളം ചേര്‍ക്കാതെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട് ഇതില്‍. പേര് മാറ്റി എന്നതേയുള്ളു. അതായത്, ഞാന്‍ ആദ്യം പറഞ്ഞ പോയന്റ്; പുതിയ ഭാരതം; ഭാരതീയതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ഭാരതം, അതിനൊരു പുതിയ പാര്‍ലമെന്റ് മന്ദിരം, പുതിയ നിയമങ്ങള്‍, എല്ലാം പുതിയത്. ഇതാണ് അതിന്റെ സങ്കല്പം. അതിന്റെ പൊളിറ്റിക്‌സും അതുതന്നെയാണ്. 

ബി.ജെ.പി പറയുന്ന പുതിയ ഇന്ത്യ നമ്മുടെ ജനാധിപത്യ, മതേതര സംവിധാനങ്ങളെ ഇപ്പോഴത്തേതുപോലെ സംരക്ഷിക്കുന്നതായിരിക്കും എന്നു കരുതാന്‍ കഴിയാത്തവിധമാണ് അവരുടെ ഓരോ പ്രവൃത്തിയും. അതാണല്ലോ അനുഭവം. ഈ സ്ഥിതിയെ, ഇതിലേക്ക് എത്തിയ രാഷ്ട്രീയ സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
 
ഞാന്‍ സാധാരണ രാഷ്ട്രീയം കൈകാര്യം ചെയ്യാറില്ല. രാഷ്ട്രീയത്തിലേക്കു ഞാന്‍ പോവുകയുമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും ഞാന്‍ വിമര്‍ശിക്കാറുമില്ല; അത് ഭരിക്കുന്ന പാര്‍ട്ടി ആയാലും പ്രതിപക്ഷമായാലും. എന്റെ ഒരു രീതിയല്ല അത്. ഞാന്‍ സെക്രട്ടറി ജനറലായി ഇരുന്ന ഒരാളാണ്. എല്ലാവരോടും നിഷ്പക്ഷമായി പെരുമാറുകയും എല്ലാവരേയും നിഷ്പക്ഷമായി നോക്കിക്കാണുകയും സഹായിക്കുകയും എല്ലാവരേയും ഒരുപോലെ ഡീല്‍ ചെയ്യുകയുമൊക്കെ ചെയ്ത ഒരാളാണ്. എനിക്ക് പാര്‍ട്ടി പൊളിറ്റിക്‌സ് ഇല്ല. ഞാന്‍ പക്ഷേ, ഭരണഘടനാപരവും നിയമപരവുമായ ആംഗിളില്‍കൂടി മാത്രമാണ് കാര്യങ്ങള്‍ സംസാരിക്കുകയും എഴുതുകയുമൊക്കെ ചെയ്യുന്നത്. ഞാന്‍ നോക്കുമ്പോള്‍, നമ്മുടെ ഭരണഘടനയെക്കുറിച്ചു പറയുമ്പോള്‍, അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ എന്നു പറയുന്നത് ഒന്ന് മൗലികാവകാശങ്ങളാണ്. പിന്നെ പൗരത്വം. ഈ രാജ്യം എന്താണ് എന്ന് ഒന്ന്, രണ്ട്, മൂന്ന് വകുപ്പുകളില്‍ കൃത്യമായി പറയുന്നുണ്ട്. ഇന്ത്യാരാജ്യം എന്നത് യൂണിയന്‍ ഓഫ് സ്റ്റേറ്റ്സ് ആണ്; സംസ്ഥാനങ്ങള്‍ക്ക് ചില അധികാരങ്ങള്‍ കൊടുത്തിട്ടുണ്ട്. ഈ സംസ്ഥാനങ്ങളുടെ പേരുകള്‍ മാറ്റാനും ഒരു സംസ്ഥാനത്തിന്റെ കുറച്ചു ഭാഗമെടുത്തു വേറൊരു സംസ്ഥാനമാക്കാനും അല്ലെങ്കില്‍ കേന്ദ്രഭരണ പ്രദേശമാക്കാനും അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ അതിരു മാറ്റിയെടുക്കാനുമൊക്കെ പാര്‍ലമെന്റിനും അധികാരമുണ്ട്. അങ്ങനെയുള്ള ഒരു സംവിധാനമാണ് നമ്മുടേത്. ആരായിരിക്കണം ഇന്ത്യന്‍ സിറ്റിസണ്‍ എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഭരണഘടന നിലവില്‍ വരുന്ന സമയത്ത് ഇവിടെ ജീവിച്ചവരും പിതാവ് അല്ലങ്കില്‍ മാതാവ് ആരെങ്കിലുമൊരാള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന ആള്‍, ഇങ്ങനെയൊക്കെ ഇവിടെ ജനിച്ചുവളരുന്ന ആളുകളെയാണ് ഇവിടുത്തെ പൗരന്മാരാക്കുന്നത്. ആരായാലും. അതിനു മതമില്ല, ജാതിയില്ല, വര്‍ണമില്ല. അതാണ് നമ്മുടെ ഭരണഘടനയുടെ സങ്കല്പം. അതാണ് സെക്യുലറിസം.
മൗലികാവകാശങ്ങള്‍ എന്നു പറയുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ജീവിക്കുന്ന പൗരന്മാരെ ഏറ്റവും ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു കാര്യമാണ്. അതില്‍ 14, 15, 16, 20, 21, 25 എന്നീ ഭരണഘടനാ വകുപ്പുകളാണ് ഏറ്റവും പ്രധാനം. വിവേചനം പാടില്ല എന്നാണ് 14-ാം വകുപ്പ് പറയുന്നത്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നും നിയമത്തിന്റെ പരിരക്ഷ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും പറയുന്ന വകുപ്പ്. ഇന്ത്യയിലെ ഒരു പൗരനെതിരായും ജാതിയുടേയോ മതത്തിന്റേയോ വര്‍ണ്ണത്തിന്റേയോ ജനിച്ച സ്ഥലത്തിന്റേയോ അടിസ്ഥാനത്തില്‍ ഒരു വിവേചനവും പാടില്ല എന്നാണ് 15-ാം വകുപ്പു പറയുന്നത്. ഗവണ്‍മെന്റിന്റെ സേവനങ്ങളില്‍ തുല്യ അവസരം കൊടുക്കണം എന്നു പറയുന്നതാണ് 16. ഒരാളെ ശിക്ഷിക്കുമ്പോള്‍ ആ സമയത്ത് ആ കുറ്റത്തിന് എന്തുതരം ശിക്ഷയാണോ നിലനില്‍ക്കുന്നത് അതു മാത്രമേ കൊടുക്കാന്‍ പാടുള്ളൂ എന്നാണ് 20-ാം വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. അയാള്‍ കുറ്റകൃത്യം നടത്തിയ ശേഷം ആ ശിക്ഷാ നിയമത്തില്‍ മാറ്റം വന്ന് ശിക്ഷ കൂട്ടിയെങ്കില്‍ അത് കൊടുക്കാന്‍ പറ്റില്ല. ഒരാളിനെ ഒരു കുറ്റത്തിന് രണ്ട് പ്രാവശ്യം ശിക്ഷിക്കാന്‍ പാടില്ല. 21 എന്നു പറഞ്ഞാല്‍ മൗലികാവകാശങ്ങളുടെ ആണിക്കല്ലാണ്. ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യത്തിന്റെ അവകാശം. അതങ്ങോട്ടു സുപ്രീംകോടതി വ്യാപിപ്പിച്ച്, വളരെ വിശാലമായ ഒരു ക്യാന്‍വാസിലാണ് അത് ഇപ്പോള്‍ നില്‍ക്കുന്നത്. വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശം, ജോലിക്കുള്ള അവകാശം, ആശുപത്രിയില്‍ പോയാല്‍ ചികിത്സയ്ക്കുള്ള അവകാശം, വ്യക്തിയുടെ അന്തസ്സ് ഇതെല്ലാം 21-ാം വകുപ്പിലുണ്ട്. മറ്റൊരു ഭാഗത്ത് മതസ്വാതന്ത്ര്യം; 25-ാം വകുപ്പ്. ഏതു മതവും പിന്തുടരാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം. ഒരു മതവും പിന്തുടരാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. ഈ മൗലികാവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി കോടതിയെ സമീപിക്കാനുള്ള അവകാശം ഇതില്‍തന്നെ ഏറ്റവും പ്രധാനമാണ്; 32-ാം വകുപ്പ്. ലോകത്തിലെ ഏതു ജനാധിപത്യ രാജ്യങ്ങളിലെ ഭരണഘടനയോടും കിടപിടിക്കാവുന്ന ഒരു സ്വാതന്ത്ര്യ സമുച്ചയമാണ് നമ്മുടെ ഈ മൗലികാവകാശങ്ങളുടെ വകുപ്പുകള്‍. ഭരണഘടനയുടെ കാതലായ ഭാഗങ്ങളാണ് ഇതു മുഴുവന്‍. ഇതു മാറ്റിയെടുക്കുക എന്നു പറയുന്നത് നമ്മുടെ രാജ്യത്തെ ഭരണയന്ത്രത്തിന്റെ സ്ഥിരം പരിപാടി ആയിരുന്നു. ഞാന്‍ ഒരു പാര്‍ട്ടിയെ മാത്രം കുറ്റം പറയുന്നില്ല. 1950 മുതലേ ഇത് ആരംഭിച്ചിരുന്നു. ഈ രാജ്യത്തെ വ്യക്തികളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള ഒരു പ്രവണത ഇവിടുത്തെ ഭരണകൂടത്തിന് എന്നുമുണ്ടായിരുന്നു. അങ്ങനെയാണ് ഭരണഘടനയില്‍ അവര്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയത്. റീസണബിള്‍ റെസ്ട്രിക്ഷന്‍ എന്നു പറയുന്ന ഒരു സാധനം കൊണ്ടുവന്ന് ഭരണഘടന ഉറപ്പുനല്‍കുന്ന നമ്മുടെ സ്വാതന്ത്ര്യത്തെ ഹനിക്കാനും കവര്‍ന്നെടുക്കാനുമുള്ള ധാരാളം ഭേദഗതികള്‍ കാലാകാലങ്ങളില്‍ വരുത്തിയിട്ടുണ്ട്. അപ്പോഴിത് ഇന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ല. പൗരരുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യം വളരെ വിദഗ്ദ്ധമായ രീതിയില്‍ കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങള്‍ എല്ലാക്കാലത്തും നടന്നിട്ടുണ്ട്. 

മതരാഷ്ട്രവാദത്തെ ചെറുത്തുതോല്‍പ്പിക്കുക എന്നത് രാജ്യത്തെ മുഴുവന്‍ ജനാധിപത്യവാദികളുടേയും അടിയന്തര കടമയായി മാറി എന്നു കരുതുന്നുണ്ടോ? 

ഈ രാജ്യം ഒരു മതരാഷ്ട്രമാകാന്‍ പറ്റില്ല. മതരാഷ്ട്രമായാല്‍ ഈ രാജ്യത്തിന്റെ കെട്ടുറപ്പും ഐക്യവും നഷ്ടപ്പെട്ടുപോകും. കാരണം, മതരാഷ്ട്രം എന്നു പറയുമ്പോള്‍ ഒരു മതം രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമാകും. അപ്പോള്‍ മറ്റു മതങ്ങള്‍ക്കു സ്വാതന്ത്ര്യം ഉണ്ടാകില്ല. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ ഇങ്ങനെയുള്ള രാജ്യങ്ങളിലൊന്നും മറ്റു മതങ്ങള്‍ക്കു നിലനില്‍ക്കാന്‍ പറ്റില്ല, അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം കൊടുക്കില്ല. അങ്ങനെ വരുമ്പോള്‍ എപ്പോഴും മറ്റു മതങ്ങളുടെ ഉള്ളിലിങ്ങനെ നീറിപ്പുകഞ്ഞുകൊണ്ടിരിക്കും. ഭരണകൂടത്തിനും ഈ രാജ്യത്തിനും എതിരായിട്ടു പോലും ഒരു വിദ്വേഷവും വെറുപ്പും അവരുടെ മനസ്സില്‍ പുകഞ്ഞുകൊണ്ടിരിക്കും. അതു വളരെ സ്വാഭാവികമാണ്. അങ്ങനെ വന്നുകഴിഞ്ഞാല്‍ അതു വലിയ വിപത്തുകള്‍ക്കു വഴിതെളിക്കും. ഒന്നാമത്തെ കാര്യം, നമ്മുടെ ഇവിടെ ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ട 20 കോടി ജനങ്ങളുണ്ട്. ഈ ജനസംഖ്യ എന്നു പറയുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലെ നാലോ അഞ്ചോ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്. അവരെ അടിച്ചമര്‍ത്തി, അവരുടെ മനസ്സില്‍ വിദ്വേഷത്തിന്റെ അഗ്‌നി സര്‍വ്വസമയവും ജ്വലിച്ചുകൊണ്ടിരുന്നാല്‍ ഈ രാജ്യത്തിന്റെ കെട്ടുറപ്പിനേയും ഐക്യത്തേയും സമൂഹത്തിന്റെ സൗഹാര്‍ദ്ദത്തേയുമൊക്കെ ദോഷമായി ബാധിക്കുന്ന കാര്യമാണ്. ആത്യന്തികമായി നമ്മുടെ രാജ്യത്തിന്റെ നിലനില്പിനെത്തന്നെ അതു ബാധിക്കും. അതാണ് അതിന്റെയൊരു അനന്തരഫലം എന്നു പറയുന്നത്. 

മറ്റൊരു വശമുള്ളത്, ഈ മതരാഷ്ട്രം എന്നു പറയുമ്പോള്‍ ഹിന്ദുമതമാണല്ലോ ഇവിടുത്തെ ഏറ്റവും പ്രബലമതം. ഇന്ത്യയില്‍ 80 ശതമാനത്തില്‍ കൂടുതലാളുകള്‍ പിന്തുടരുന്ന മതമാണ് ഹിന്ദു മതം. ഹിന്ദുമതത്തിന് ഒരു ചരിത്രമുണ്ട്. സനാതന ധര്‍മ്മത്തിന്റെ ഘടന; അതായത്, വര്‍ണ്ണവ്യവസ്ഥയില്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന ഒരു ഘടനയാണ് അതിനുള്ളത്. ഹിന്ദുമതത്തിന്റെ സാമൂഹിക ഘടന എന്നു പറയുന്നത് ജാതിയില്‍ അധിഷ്ഠിതമാണ്. വര്‍ണ്ണം എന്നുള്ളതാണ് ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത്; പിന്നീടത് ജാതിയായിട്ട് പരിണമിച്ചു. ഹിന്ദു മതത്തില്‍നിന്ന് ഈ ജാതി വ്യവസ്ഥയെ വേര്‍പെടുത്താന്‍പോലും പറ്റില്ല. കാരണമെന്താണെന്നു വച്ചാല്‍, ഹിന്ദുമതത്തില്‍ ആരാധിക്കപ്പെടുന്ന ദൈവങ്ങള്‍പോലും ജാതി അല്ലെങ്കില്‍ വര്‍ണ്ണ വ്യവസ്ഥയെ പിന്തുണയ്ക്കുകയും അതു ശരിയാണെന്നു ബോധിപ്പിക്കുകയും ചെയ്യുന്നു. പുരാണങ്ങള്‍ വായിച്ചാല്‍ അതു മനസ്സിലാകും. ഭഗവത്ഗീതയില്‍ ചാതുര്‍വര്‍ണ്യം മയാസൃഷ്ടം എന്നൊക്കെ പറയുന്ന ശ്ലോകങ്ങള്‍ കാണിക്കുന്നത്, ദൈവംപോലും പറഞ്ഞിരിക്കുകയാണ് ഞാനാണിത് സൃഷ്ടിച്ചുവെച്ചിരിക്കുന്നതെന്ന്. അപ്പോള്‍, അടിസ്ഥാനപരമായി ഒരു അസമത്വം നിലനിര്‍ത്തിക്കൊണ്ടുപോകുന്ന മതമാണ്. നമ്മുടെ മതഗ്രന്ഥങ്ങളൊക്കെ അതിന് അനുമതി തരുന്നവയാണ്. അതില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥിതിയാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്. സനാതനധര്‍മ്മങ്ങളില്‍ അതിന്റെ നിയമം എന്നു പറയുന്നത് മുഴുവന്‍ ഉണ്ടാക്കിയെടുത്തിരിക്കുന്നത് ഈ ധര്‍മ്മശാസ്ത്രങ്ങളില്‍നിന്നാണ്. മനുസ്മൃതി, യാജ്ഞവല്‍ക്യസ്മൃതി എന്നൊക്കെ പറയുന്ന കുറേ സ്മൃതികളുണ്ട്. ഇതാണ് ധര്‍മ്മശാസ്ത്രങ്ങള്‍ എന്ന് ഉദ്ദേശിക്കുന്നത്; ഞാന്‍ മനസ്സിലാക്കിയിടത്തോളം. ഈ ധര്‍മ്മശാസ്ത്രങ്ങള്‍ പ്രകാരം കുറ്റത്തിനു ശിക്ഷ ജാതിയുടെ നില അനുസരിച്ചാണ്. ബ്രാഹ്മണര്‍ കുറ്റം ചെയ്താല്‍ ഇന്ന ശിക്ഷ, ശൂദ്രര്‍ ചെയ്താല്‍ ഇന്ന ശിക്ഷ എന്നിങ്ങനെ ജാതികളുടെ അടിസ്ഥാനത്തിലുള്ള ഒരു ശിക്ഷാനിയമമാണ് ധര്‍മ്മശാസ്ത്രങ്ങള്‍ പറയുന്നത്. വിദ്യാഭ്യാസം ചെയ്ത ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം എന്നു പറയുന്നതൊക്കെ ധര്‍മ്മശാസ്ത്രത്തിന്റെ ഭാഗമാണ്. നമ്മള്‍ മതരാഷ്ട്രമായിക്കഴിഞ്ഞാല്‍ ഗവേണന്‍സിന്റെ ഒരു മോഡല്‍ എന്താ? ഹിന്ദുമതത്തിന്റെ ഭാഗമായി വരുന്ന ഭരണവ്യവസ്ഥ; ആ ഭരണവ്യവസ്ഥയുടെ മോഡലെന്താ? ഇതാണ് നീതി എന്ന ആശയം ജാതിയുടേയും വര്‍ണ്ണവ്യവസ്ഥയുടേയും അടിസ്ഥാനത്തിലാണ് വരുന്നത്. ആ രീതിയില്‍ വളരെ പിന്തിരിപ്പനായ പ്രാകൃതമായ ഒരു വ്യവസ്ഥയാണ് ധര്‍മ്മശാസ്ത്രങ്ങള്‍ കൊടുക്കുന്ന ഗവേണന്‍സ് മോഡല്‍. ഇതു നടപ്പിലാക്കിയേ പറ്റുകയുള്ളൂ. മതരാഷ്ട്രം എന്നു നമ്മള്‍ പറയുന്നത് ഹിന്ദുരാഷ്ട്രമാണല്ലോ. അതിന്റെ അടിസ്ഥാനം ഇതാണ്. അല്ലെങ്കില്‍പിന്നെ അത് ഹിന്ദു രാഷ്ട്രമല്ല. അല്ലാത്തത് ആധികാരികമല്ല. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യം എന്നു പറയുന്നത് ഹിന്ദുരാഷ്ട്രത്തിന്റെ ആധികാരികമായ, അടിസ്ഥാനപരമായ ഒരു ഗവേണന്‍സ് മോഡലേ അല്ല. അതു നമ്മള്‍ മനസ്സിലാക്കണം. അതല്ലാതെയുള്ള, വര്‍ണ്ണവ്യവസ്ഥയും ജാതിവ്യവസ്ഥയും അനുസരിച്ചുള്ള ശിക്ഷാനിയമങ്ങളും അതിനനുസരിച്ചുള്ള ഭരണസംവിധാനവും അങ്ങനെയാണ് ഇതില്‍ പറയുന്നത്. 

നമ്മള്‍ സാധാരണ പൊക്കിപ്പിടിച്ചു പറയാറുള്ള ഒരു കാര്യമുണ്ട്: ലോകാ സമസ്താ സുഖിനോ ഭവന്തു. നമ്മള്‍ എല്ലായിടത്തും ഉപയോഗിക്കുന്നതാണ്. പാശ്ചാത്യ ലോകത്തെയൊക്കെ നമ്മള്‍ കൗണ്ടര്‍ ചെയ്യുന്നത് ഇങ്ങനെയാണ്. ഞങ്ങള്‍ക്ക് ഭാരതീയതയില്‍ ഇത്ര വിശാലമായ കാഴ്ചപ്പാടുണ്ട് എന്നു നമ്മള്‍ കാണിക്കുന്ന ഒരു സാധനമാണത്. ആ ഒരു ശ്ലോകത്തിന്റെ അവസാന വരിയാണ് ഇത്. അതിനുമുന്‍പ് മൂന്നു വരികള്‍ വേറെയുണ്ട്. അത് നമ്മള്‍ വളരെ സൗകര്യപൂര്‍വ്വം മറച്ചുവെച്ചിട്ടുണ്ട്. അതിനു നേരെ മുകളിലുള്ളതില്‍ പറയുന്നത്: ''ഗോ ബ്രാഹ്മണേഛാ പ്രതിബന്ധു സര്‍വഥാ, ലോകാസമസ്താ സുഖിനോഭവന്തു.'' രാജാവിന്റെ ധര്‍മ്മത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ധര്‍മ്മശാസ്ത്രത്തിലെ ഒരു ശ്ലോകമാണിത്. പശുവിനേയും ബ്രാഹ്മണനേയും സംരക്ഷിക്കുന്നത് രാജാവിന്റെ, അതായത് ഭരണകര്‍ത്താവിന്റെ കടമയാണ്. അങ്ങനെയുള്ള ഭരണകര്‍ത്താവ് ഭരിക്കുന്ന സ്ഥലത്ത് ലോകാ സമസ്താ സുഖിനോ ഭവന്തു. ലോകാ എന്നു പറഞ്ഞാല്‍ ജനങ്ങള്‍ എന്നു മാത്രമേയുള്ളൂ. അല്ലാതെ ലോകങ്ങള്‍ എന്നല്ല. ലോക്സഭ എന്നു പറഞ്ഞാല്‍ ഹൗസ് ഓഫ് ദ പീപ്പിള്‍ എന്നാണ് അര്‍ത്ഥം. അല്ലാതെ ഹൗസ് ഓഫ് ദ വേള്‍ഡ് അല്ലല്ലോ. അതായത് അങ്ങനെയുള്ള രാജ്യത്ത് സമസ്ത ജനങ്ങളും സംതൃപ്തരായിരിക്കട്ടെ എന്നാണ് ശ്ലോകത്തിന്റെ അര്‍ത്ഥം. എന്തു വിശാലതയാണ് ഇതിലുള്ളത്? ഞാന്‍ പറഞ്ഞത്, ഇതാണ് ഭരണത്തെക്കുറിച്ചും സാമൂഹിക വ്യവസ്ഥയെക്കുറിച്ചും ശിക്ഷാനിയമങ്ങളെക്കുറിച്ചുമൊക്കെ നമ്മുടെ സങ്കല്പം. ഇതാണ് സനാതനധര്‍മ്മം നല്‍കിയിരിക്കുന്ന മോഡല്‍. ഈ മോഡല്‍ വെച്ചുകൊണ്ട് രാജ്യം ഭരിക്കാന്‍ പറ്റുമോ, ഈ 21-ാം നൂറ്റാണ്ടില്‍? 

മറ്റൊന്ന്, സനാതന വ്യവസ്ഥയില്‍ അധികാരം എന്നത് ബ്രാഹ്മണ, ക്ഷത്രിയ വര്‍ഗ്ഗങ്ങളില്‍ മാത്രമായി കേന്ദ്രീകരിക്കുന്ന ഒരു സംവിധാനമാണ്. അതുകൊണ്ട് എല്ലാ അധികാര കേന്ദ്രങ്ങളിലും അവരുടെ മേധാവിത്വം, ആധിപത്യം ഉറപ്പിക്കുക എന്നത് സനാതനധര്‍മ്മ മോഡലിന്റെ ഒരു ഭാഗമാണ്; അതിന്റെ ഒരു ആവശ്യമാണത്. അത് അങ്ങനെ ചെയ്‌തേ പറ്റുകയുള്ളൂ, അങ്ങനെ വരുമ്പോള്‍ ഭൂരിഭാഗം വരുന്ന മറ്റാളുകള്‍, ഈ വര്‍ഗ്ഗങ്ങളില്‍പെടാത്ത ആളുകള്‍, ഒ.ബി.സി, ദളിതുകള്‍ തുടങ്ങിയ ആളുകള്‍ക്ക് ചെന്നുപറ്റാന്‍ കഴിയാത്ത ഒരു മേഖലയാണ് ഇതെല്ലാം. അധികാരഘടനയില്‍നിന്ന് ഇവരെ പുറന്തുള്ളുക എന്നതാണ്; അവര്‍ക്ക് അവിടെ നില്‍ക്കാന്‍ അധികാരമില്ല, അവര്‍ അതിന്റെ ഭാഗമല്ല. കാലക്രമത്തില്‍ അവര്‍ അധികാര ഘടനയുടെ ഭാഗമല്ലാതായി മാറും. ലളിതമായി പറഞ്ഞാല്‍ ഇന്നു നിലനില്‍ക്കുന്ന സംവരണത്തെ മതരാഷ്ട്രം വന്നുകഴിഞ്ഞാല്‍ വെള്ളം ചേര്‍ത്ത് ഡയല്യൂട്ട് ചെയ്യും. അങ്ങനെ ചെയ്ത് ചെയ്ത് ഒടുവിലിത് വെറും പച്ചവെള്ളമായിട്ടങ്ങ് മാറും. അത് വളരെ വിദഗ്ദ്ധമായിട്ട് ചെയ്യാം. ആരും അറിയില്ല. ഗവണ്‍മെന്റ് മെഷിനറിക്ക് അകത്തു നടക്കുന്ന കാര്യങ്ങള്‍ ആരും അറിയില്ല, ഞാനിതിന്റെ ഭാഗമായിരുന്നതുകൊണ്ട് എനിക്കു കുറേ അറിയാം. ഇതിന്റകത്തെ തന്ത്രങ്ങളൊക്കെ എനിക്കറിയാം. അത് പ്രയോഗിച്ചുകഴിഞ്ഞാല്‍ ഈ ആളുകള്‍ ഓട്ടോമാറ്റിക്കലി പുറത്താണ്. അല്ലെങ്കില്‍തന്നെ പിന്നാക്കക്കാര്‍ക്കും അധഃസ്ഥിത ജനതയ്ക്കും ബുദ്ധിയില്ല, അവര്‍ക്ക് അപകര്‍ഷതാബോധമാണ് എന്നൊക്കെയുള്ള ചിന്ത ഇവിടെയുണ്ട്. ഹിന്ദു മേല്‍ജാതിക്കാര്‍ക്ക് മനസ്സില്‍ അങ്ങനെയൊരു ധാരണയുണ്ട്. അതു നടപ്പാക്കാനുള്ള ഒരു അവസരമാണ് ഈ മതരാഷ്ട്രം. ഇതൊക്കെ സാധ്യതകളാണ്. അല്ലാതെ ഇങ്ങനെ നടക്കണമെന്നൊന്നുമില്ല. സാധ്യതകളുണ്ട് ഇതിനെല്ലാം. മതരാഷ്ട്രമായി വന്നു കഴിഞ്ഞാല്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ന് സംവരണം മൂലം, അതിന്റെ പ്രയോജനംകൊണ്ട് അധികാരസ്ഥാനങ്ങളില്‍ കുറേയെങ്കിലും കയറിയിരിക്കുന്ന ആളുകള്‍ ക്രമേണ ഒഴിവാക്കപ്പെടും. അടുത്ത തലമുറ വരാതിരിക്കുകയും ചെയ്യും. ഇതില്‍ മാത്രമല്ല, പ്രൊഫഷണല്‍ കോളേജുകളിലെ അഡ്മിഷനെയൊക്കെ ഇതു ബാധിക്കുന്ന കാര്യങ്ങളാണ്. വളരെ ബുദ്ധിപരവും വഞ്ചനാപരവുമായ ഒരു മൈന്‍ഡ് ഇതിന്റെ പിറകിലുണ്ട്, ഈ മതരാഷ്ട്രത്തിന്റെ പിന്നില്‍. ഈ ആളുകളെ ഒഴിവാക്കാനുള്ള മൈന്‍ഡാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ഒഴിവാക്കപ്പെടും എന്നതിനു സംശയം വേണ്ട. പക്ഷേ, അങ്ങനെ ഒഴിവാക്കപ്പെട്ടാല്‍, അന്‍പത്തിയഞ്ചോ അറുപതോ എഴുപതോ ശതമാനം വരുന്ന ജനങ്ങളെ അധികാരത്തിന്റെ എല്ലാ സ്ഥാനങ്ങളില്‍നിന്നും നിഷ്‌കാസിതരാക്കിയാല്‍ ഈ രാജ്യം എങ്ങനെയാണ് മുന്‍പോട്ടു പോകുന്നത്? പോകാന്‍ പറ്റില്ല; ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പറ്റില്ല. പത്താം നൂറ്റാണ്ടിലായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. അങ്ങനെയാണല്ലോ നേരത്തേ ഉണ്ടായിരുന്നത്. അതുകൊണ്ടെന്താ പറ്റുന്നതെന്നു ചോദിച്ചാല്‍, അന്തച്ഛിദ്രം, സാമൂഹിക സംഘര്‍ഷം, ഏറ്റുമുട്ടലുകള്‍, അക്രമം ഇതെല്ലാമല്ലാതെ എന്താ ഉള്ളത്. അങ്ങനെ വന്നുകഴിഞ്ഞാല്‍ രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കും. അതുകൊണ്ട് ഞാന്‍ എല്ലായിടത്തും പറയാറുള്ളത്, ഈ രാജ്യം ഒന്നിച്ചുനില്‍ക്കണം; ദേശസ്‌നേഹമുള്ള ആളുകളുടെ ചുമതല മതേതരത്വത്തെ ശക്തിപ്പെടുത്തുക എന്നുള്ളതാണ്. മതേതരത്വം ഉണ്ടെങ്കില്‍ മാത്രമേ ഈ രാജ്യത്തിനു നിലനില്‍ക്കാന്‍ പറ്റുകയുള്ളൂ. 

ജവഹര്‍ലാല്‍ നെഹ്രു
ജവഹര്‍ലാല്‍ നെഹ്രു

ജവഹര്‍ലാല്‍ നെഹ്രു മുതല്‍ നരേന്ദ്ര മോദി വരെയുള്ള പ്രധാനമന്ത്രിമാരുടെ കാലം പരിശോധിച്ചാല്‍, ഏകാധിപത്യ മനോഭാവവും അഴിമതിയും വര്‍ഗ്ഗീയതയും വെറുപ്പിന്റെ രാഷ്ട്രീയവും ഇന്നു നേടിയിരിക്കുന്ന മേധാവിത്വം ഇന്ത്യ ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്. പക്ഷേ, മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് ഈ അവസ്ഥയില്‍ ഒരു പങ്കില്ലേ. അതിനെ ഏതുവിധത്തിലാണ് വിലയിരുത്തുക? 

സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ അവകാശങ്ങള്‍ എല്ലാ ഭരണകൂടങ്ങളും കവര്‍ന്നെടുത്തു എന്ന് നേരത്തേ ഞാന്‍ പറഞ്ഞ കാര്യമുണ്ടല്ലോ, അതുപോലെത്തന്നെ ഈ രാജ്യത്തെ മതേതരവല്‍ക്കരിക്കുക എന്നതു മാത്രമാണ് നമ്മള്‍ ചെയ്യേണ്ടിയിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. അതിലൂടെ മാത്രമേ ഈ രാജ്യത്തെ ഒരു സാമൂഹിക സൗഹാര്‍ദ്ദം നിലനില്‍ക്കുകയുള്ളൂ. സെക്യുലറിസത്തിലൂടെ മാത്രമേ നമ്മുടെ സാമൂഹിക ഉള്‍ച്ചേരല്‍ നടക്കുകയുള്ളൂ. ഈ രാജ്യത്തെ ജനങ്ങളെ സെക്യുലറൈസ് ചെയ്യുക എന്നതായിരുന്നു ആദ്യത്തെ ചുമതല. ആ ചുമതലയില്‍ ഇവിടെ ഭരണകൂടങ്ങളെല്ലാം പരാജയപ്പെട്ടുപോയി. ജനങ്ങള്‍ക്ക് മതേതര വിദ്യാഭ്യാസം കൊടുക്കാന്‍ കഴിയാതിരുന്നതുകൊണ്ട് ആളുകളെല്ലാം എത്ര പെട്ടെന്നാണ് വര്‍ഗ്ഗീയവല്‍കരിക്കപ്പെട്ടത്. ഈ രാജ്യത്തെ ജനങ്ങള്‍ ഇന്ന് ടോട്ടലി കമ്യൂണലൈസ്ഡ് ആണ്. അതെന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. നമ്മള്‍ വാസ്തവത്തില്‍ വളരെ ഗൗരവമുള്ള ഒരു ആത്മപരിശോധന നടത്തേണ്ടതാണ് ഇതിനെക്കുറിച്ച്. ഈ രാജ്യത്തിന്റെ ഭാവി നന്നായിരിക്കണം, രാജ്യം ഒരുമിച്ചുനില്‍ക്കണം എന്നൊക്കെ ആഗ്രഹിക്കുന്ന ആളുകള്‍ ഗൗരവത്തില്‍ ആത്മപരിശോധന നടത്തേണ്ടതാണ്. കാരണം ഈ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. അതിനൊരു സംശയവും വേണ്ട. അതേസമയത്ത് മതത്തിന്റെ അതിപ്രസരം മാറ്റിനിര്‍ത്തിയിട്ട്, അത് അപകടമാണ് എന്നു കണ്ടുകൊണ്ട് ഈ ജനങ്ങളെ മുഴുവന്‍ കൂടുതല്‍ കൂടുതല്‍ മതേതരവല്‍കരിച്ചിരുന്നെങ്കില്‍ ഇന്നൊരുപക്ഷേ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. എത്ര പെട്ടെന്നാണ് ജനങ്ങള്‍ വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ടുപോയത്. 

സംഘപരിവാര്‍ രാജ്യത്തിന്റെ അധികാരത്തില്‍ എത്തുക എന്ന സ്ഥിതിയെക്കുറിച്ച് രാജ്യത്തെ മുന്‍കാല നേതാക്കള്‍ക്ക് ചിന്തയേ ഉണ്ടായിരുന്നില്ല, അല്ലേ? 

അതെ, ഉണ്ടായിരുന്നില്ല. സംഘപരിവാര്‍ എന്നത് ഒരു മാനിഫെസ്റ്റേഷനാണ്. അതിന്റെയൊരു പ്രത്യേക ദൗത്യം ഏര്‍പ്പെടുത്തിയിരിക്കുന്ന ഒരു ഗ്രൂപ്പാണ്. പക്ഷേ, അവരുടെ ആ മനോഭാവമുള്ള ആളുകളാണ് മിക്കവാറുമൊക്കെ ഈ രാജ്യത്തുള്ളത്. അനുകൂലമായ സാഹചര്യം വന്നപ്പോള്‍ അവരങ്ങ് വളര്‍ന്നു. കമ്യൂണിസ്റ്റ് കാട് വളരുന്നതുപോലെയാണ്; അതങ്ങ് ശക്തമായി വളരില്ലേ, അതുപോലെയാണ് ഈ വര്‍ഗ്ഗീയത വളര്‍ന്നത്. അതെന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍, നമ്മള്‍ അടിസ്ഥാനപരമായി കമ്യൂണലാണ്, സെക്ടേറിയനാണ് നമ്മള്‍. യഥാര്‍ത്ഥ മതേതരത്വത്തില്‍ വിശ്വസിക്കുന്നവര്‍ നമ്മുടെ രാഷ്ട്രീയത്തില്‍ കുറവായിരുന്നു. കാരണം അവര്‍ക്ക് മതേതരത്വം പ്രോല്‍സാഹിപ്പിക്കുക എന്നതായിരുന്നില്ല, അധികാരത്തിലിരിക്കുക എന്നതായിരുന്നു ലക്ഷ്യം. അധികാരത്തിലിരിക്കാന്‍ ജനങ്ങളെ വര്‍ഗ്ഗീയവല്‍കരിക്കണം എന്ന തിരിച്ചറിവ് ബി.ജെ.പിക്കാര്‍ കൊണ്ടുവന്നതു മാത്രമൊന്നുമല്ല. ഇതൊക്കെ അതിനുമുന്‍പ് ഇവിടെ നിലനിന്ന സംഗതികളാണ്. അതുകൊണ്ട് ഇവര്‍ ചെയ്യുന്നത് കുഴപ്പമില്ല എന്നു ചിന്തിക്കുന്ന ആളല്ല ഞാന്‍. അവരതിനെ കുറേക്കൂടി വേഗത്തിലാക്കി. 

കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയില്‍നിന്ന് ആ പാര്‍ട്ടിയും മറ്റു മതേതര പാര്‍ട്ടികള്‍ക്കും എന്തുതരം പാഠങ്ങളാണ് പഠിക്കാനുള്ളത്. അങ്ങനെ പഠിക്കാനുണ്ട് എന്ന ക്യാംപെയ്ന്‍ ആവശ്യമുള്ള സ്ഥിതിയാണോ? 

അങ്ങനെ ഭയങ്കരമായ ക്യാംപെയ്ന്‍ ആവശ്യമാണ്. കോളേജുകളിലും സര്‍വ്വകലാശാലകളിലുമൊക്കെ വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ വിളിക്കുമ്പോള്‍ ഞാന്‍ വളരെ ബോധപൂര്‍വം ഊന്നല്‍ കൊടുത്തു പറയുന്ന ഒരേയൊരു കാര്യം ഇതാണ്. ആര്‍.എസ്.എസ്സുകാര്‍ നടത്തിയ ഒരു സമ്മേളനത്തില്‍പോലും ഞാന്‍ അവിടെച്ചെന്ന് അവരോടു പറഞ്ഞു. മതേതരത്വം ഇല്ലാതെ ഈ രാജ്യത്തിനു നിലനില്‍ക്കാന്‍ പറ്റില്ല എന്നു പറഞ്ഞു. എന്റെ അഭിപ്രായം ഞാന്‍ ശക്തമായി പറയാറുണ്ട്. പക്ഷേ, അതിനൊരു വൈഡര്‍ പബ്ലിസിറ്റി കിട്ടുന്നില്ല; ജനങ്ങളിലേക്ക് എത്തുന്നില്ല എന്നത് വേറൊരു കാര്യമാണ്. അതിനിപ്പോള്‍ ഞാനെന്തു ചെയ്യാന്‍? ഞാനൊരു വ്യക്തിയല്ലേ; എന്റെ അഭിപ്രായം ഞാന്‍ പറയുന്നു. 

പ്രതിപക്ഷ പാര്‍ട്ടികളില്‍ വലിയൊരു വിഭാഗം ചേര്‍ന്നു രൂപീകരിച്ച ഇന്‍ഡ്യാ മുന്നണിയില്‍ എത്രത്തോളം പ്രതീക്ഷയുണ്ട്? അല്ലെങ്കില്‍ രാജ്യം അതില്‍ എത്രത്തോളം പ്രതീക്ഷ വയ്ക്കണം എന്നാണ് കരുതുന്നത്? 

അതൊരു താല്‍ക്കാലികമായ സംഗതിയാണ്. അതിലൊന്നും ഒരു നീണ്ടുനില്‍ക്കുന്ന ഫലപ്രാപ്തിയൊന്നും ഉണ്ടാകില്ല. അങ്ങനെയല്ല നമ്മുടെ രാജ്യത്തെ സാഹചര്യവും രാജ്യത്തെ ജനങ്ങളും. 'ഇന്‍ഡ്യ'യുടെ ഊന്നല്‍ എന്താണ്; നിലവിലിരിക്കുന്ന ഗവണ്‍മെന്റിനെ താഴെ ഇറക്കുക എന്നത് മാത്രമല്ലേയുള്ളൂ, വേറൊന്നുമില്ലല്ലോ. ആശയപരമായ ഉള്ളടക്കം അതിനകത്ത് ഇല്ല. ഈ രാജ്യത്തില്‍ നമ്മള്‍ ഇഷ്യൂസ് ഫ്രെയിം ചെയ്യുമ്പോള്‍ ഏറ്റവും ശക്തമായ രീതിയില്‍ ഫ്രെയിം ചെയ്യേണ്ട ഇഷ്യൂ കമ്യൂണലിസം വേഴ്സസ് സെക്യുലറിസം എന്നുള്ളതാണ്. പക്ഷേ, ആ സെക്യുലറിസം എന്ന ഒരു ആശയം ഏറ്റവും കൂടുതല്‍ ദുരുപയോഗപ്പെടുത്തുകയും ഏറ്റവും കൂടുതല്‍ അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്ന ഒരു ആശയമാണ്. അതെന്താണ് എന്നു മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല. ഞാന്‍ അതുകൊണ്ടാണ് ഉദാഹരണങ്ങള്‍ പറഞ്ഞത്. അതായത്, മതരാഷ്ട്രം വന്നാല്‍ ഈ രാജ്യത്തിന് എന്തു സംഭവിക്കും: അത് ജനങ്ങളോട് പറഞ്ഞു മനസ്സിലാക്കണം. ഈ രാജ്യത്തെ പൗരന്മാര്‍ ആരും തന്നെ ഈ രാജ്യം കുട്ടിച്ചോറാകണം എന്ന് ആഗ്രഹിക്കുന്നവരല്ല. ഈ രാജ്യം ഐക്യത്തോടെ നില്‍ക്കണം, ശക്തമായി നില്‍ക്കണം എന്ന് ആഗ്രഹമുള്ളവരല്ലേ എല്ലാവരും. രാജ്യസ്‌നേഹമുള്ള ആളുകളാണ്. പക്ഷേ, രാജ്യസ്‌നേഹം എന്നു പറഞ്ഞാല്‍ നമ്മുടെ അതിര്‍ത്തിയില്‍ പാക്കിസ്താന്‍ ആക്രമിക്കുമ്പോള്‍ വന്ദേമാതരം എന്നൊക്കെ പറഞ്ഞ് വികാരം കൊണ്ട് രോമം എഴുന്നേറ്റ് നില്‍ക്കുന്നത് മാത്രമല്ല രാജ്യസ്നേഹം. രാജ്യസ്‌നേഹത്തിനു വേറെ ചില തലങ്ങളുമുണ്ട്. രാജ്യസ്‌നേഹം എന്നു പറയുമ്പോള്‍ ഈ രാജ്യത്തിന്റെ സാമൂഹികമായ തലത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ കൂടിയുണ്ട്. ഈ രാജ്യത്തെ ഒരു മതേതര രാജ്യമാക്കി മാറ്റി ജനങ്ങളേയും സെക്യുലറാക്കി വിദ്യാഭ്യാസം ചെയ്ത്, ഈ മതങ്ങളുടെ ഒരു അതിപ്രസരം മാറ്റി, ക്രമേണ അത് കുറച്ചുകൊണ്ടു വന്ന്, മതങ്ങളുടെ പേരില്‍ ഉണ്ടാക്കുന്ന പാര്‍ട്ടികളുമായി യാതൊരു വിധ സഖ്യവും ഉണ്ടാക്കാതെ അവരെ ഒറ്റപ്പെടുത്തി, മതേതരത്വത്തില്‍ മാത്രം വിശ്വസിക്കുന്ന ആളുകള്‍ ഉണ്ടാകണം ഈ രാജ്യത്ത്. പക്ഷേ, നമ്മുടെ രാഷ്ട്രീയം എന്നത് ഒത്തുതീര്‍പ്പുകളുടെ രാഷ്ട്രീയമാണ്. അടിസ്ഥാന ആദര്‍ശത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന ഒരു കാഴ്ചപ്പാടാണ് നമ്മുടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ ചെയ്യുന്നത്. അതിലൂടെ വര്‍ഗ്ഗീയത വളരുകയും മതേതരത്വം ബലഹീനമാവുകയും ചെയ്യുന്നു. അതു പാടില്ല. അതിനേക്കുറിച്ചു ജനങ്ങളില്‍ കാഴ്ചപ്പാടുണ്ടാക്കണം, ജനങ്ങളില്‍. അതിന് എന്താണ് മാര്‍ഗ്ഗം എന്നതിനേക്കുറിച്ച് എനിക്കു വ്യക്തമായ ധാരണയില്ല. 

രണ്ട് യു.പി.എ സര്‍ക്കാരുകളുടെ വീഴ്ചകളും അഴിമതിയും മറ്റും മോദി സര്‍ക്കാരിന്റെ 2014-ലെ വരവിനു പശ്ചാത്തലമൊരുക്കി എന്നു കരുതുന്നുണ്ടോ? 

ഉണ്ടല്ലോ. അതുണ്ടല്ലോ; അതിനു സംശയമൊന്നും വേണ്ട. തന്നെയുമല്ല, അന്നു നിലവിലിരുന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷ മതങ്ങളെ പ്രീണിപ്പിക്കുന്നു എന്ന ഒരു പൊതുവായ ധാരണയും ഉണ്ടായിരുന്നു. അതെന്തുകൊണ്ടാണെന്ന് അറിഞ്ഞുകൂടാ. അത് ശരിയാണോ തെറ്റാണോ എന്ന വാദത്തിലേക്കു ഞാന്‍ പോകുന്നില്ല. പക്ഷേ, അങ്ങനെയൊരു ധാരണ ജനങ്ങളില്‍ ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്. അതുകൊണ്ട് വടക്കേ ഇന്ത്യയിലെ, ഞാനാദ്യം പറഞ്ഞ ഹിന്ദി ബെല്‍റ്റിലെ ജനങ്ങളോട് ചോദിച്ചാല്‍ അവര്‍ പറയുന്നത് കോണ്‍ഗ്രസ് വന്നാല്‍ മുസ്ലിം ഭരണമായിരിക്കും ബി.ജെ.പി വന്നാല്‍ ഹിന്ദു ഭരണമായിരിക്കും എന്നാണ്. ഹിന്ദു ഭരണമാണ് ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമെന്നും അവര്‍ പറയും. ഇതാണ് ഇവിടുത്തെ ശരാശരി ഹിന്ദിക്കാരന്റെ കാഴ്ചപ്പാട്. ഇതിനു കാരണക്കാര്‍ മുന്‍പ് ഭരിച്ചിരുന്ന പാര്‍ട്ടിക്കാര്‍ തന്നെയാണ്. അങ്ങനെയൊരു ഐഡന്റിഫിക്കേഷന്‍ ജനങ്ങളുടെ മനസ്സില്‍ എങ്ങനെ വന്നു? മനുഷ്യരുടെ മനസ്സിലെ പെര്‍സെപ്ഷനെ ശരിയാക്കേണ്ട ബാധ്യത മതേതര പാര്‍ട്ടികള്‍ക്ക് അല്ലെങ്കില്‍ മതേതര മുന്നണിക്ക് ഉണ്ടായിരുന്നു. അത് ഇവിടെ നടന്നില്ല. എന്തുകൊണ്ടാണ് ഈ പറഞ്ഞ പെര്‍സെപ്ഷന്‍ ജനങ്ങളുടെ മനസ്സില്‍ ഉണ്ടായിരിക്കുന്നത്? വെറുതേ ഉണ്ടായതല്ലല്ലോ. അതിനൊരു വസ്തുനിഷ്ഠ സാഹചര്യം ഉണ്ടായിരുന്നു. അതിനു കാരണക്കാര്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളാണ്. ആലോചനയും ദീര്‍ഘദൃഷ്ടിയുമില്ലാതെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍. അത് പലയിടത്തുമുണ്ട്. പക്ഷേ, ഞാന്‍ അതേക്കുറിച്ചു വിശദീകരിക്കുന്നില്ല. എനിക്കറിയാം ഞാന്‍ പറയുന്നത് എന്താണെന്നുള്ളത്. ഇത് ഇതുപോലെ വരണം. അതില്‍ വരുന്ന തെറ്റുകളുമൊക്കെ വന്നോട്ടെ; അതിലെനിക്കു കുഴപ്പമില്ല. 

ഇടതുപക്ഷത്തിന് രാജ്യത്തെ വര്‍ഗ്ഗീയവിരുദ്ധ, മതേതര മുന്നേറ്റത്തിന് ആശയപരമായ നേതൃത്വം കൊടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷ താങ്കള്‍ പങ്കുവയ്ക്കുന്നുണ്ടോ? 

ഇന്നത്തെ രാഷ്ട്രീയ സാഹചര്യം വച്ചുനോക്കുമ്പോള്‍ അവര്‍ക്കത് പറ്റില്ല. ഒതുങ്ങിപ്പോയ ഒരു പൊളിറ്റിക്കല്‍ മൂവ്മെന്റാണത്. അതിന്റെയൊരു പ്രസക്തി ഇന്ന് ഇല്ല എന്നു വേണമെങ്കില്‍ പറയാം. മതരാഷ്ട്രത്തിലേക്കു നമ്മള്‍ മൂവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍, വര്‍ഗ്ഗീയതയുടെ പേരിലുള്ള രാഷ്ട്രീയം കൊടികുത്തി വാഴുമ്പോള്‍, അതിന്റെയൊരു ഉച്ചസ്ഥായിയില്‍ എത്തിക്കഴിഞ്ഞിരിക്കുമ്പോള്‍ ഇടതുപക്ഷം പ്രതിനിധാനം ചെയ്യുന്ന ആദര്‍ശം - അതിന്റെ ഭാഗമാണല്ലോ മതേതരത്വം- അതെല്ലാം ബലഹീനമായിപ്പോയില്ലേ. അതൊരു സത്യമല്ലേ? ആരെങ്കിലും മതേതരത്വത്തെക്കുറിച്ചു പറയുന്നുണ്ടോ? ആരും പറയുന്നില്ല; കാരണം പേടിയാണ്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍നിന്ന് കാലാകാലങ്ങളില്‍ രക്ഷപ്പെട്ടതുകൊണ്ടാണ് അങ്ങനെ വരുന്നത്. രാജ്യം പത്തമ്പതു വര്‍ഷത്തിലധികം ഭരിച്ച പാര്‍ട്ടിയുടെ ഉത്തരവാദിത്വമായിരുന്നു രാജ്യത്തെ സെക്യുലറൈസ് ചെയ്യുക എന്നത്. ഭരണഘടനയില്‍ മതേതരത്വം എന്ന് എഴുതിവച്ചതുകൊണ്ടായില്ല. ഭരണകൂടത്തിനു മതമില്ല എന്നാണ് മതേതരത്വത്തിന്റെ സങ്കല്പം. ഭരണകൂടം ഒരു മതത്തേയും പരിപോഷിപ്പിക്കുന്നില്ല. യൂറോപ്യന്‍ സെക്യുലറിസമായാലും ഇന്ത്യയിലെ സെക്യുലറിസമായാലും ലോകത്തെ മറ്റേതെങ്കിലും ഭാഗത്തെ സെക്യുലറിസമായാലും എല്ലാം ഒന്നുതന്നെയാണ്. അതിനു രൂപാന്തരങ്ങളൊന്നുമില്ല. ഇന്ത്യയിലെ സെക്യുലറിസം സര്‍വ്വമത സമഭാവനയാണ് എന്നാണ് പറയാറ്. അതിന്റെ പരിണതഫലം എന്താണെന്നറിയാമോ, മതങ്ങളുടെ അതിപ്രസരം. നമ്മുടെ കേരളത്തിലെ കാര്യം തന്നെയെടുക്കാം. തെരഞ്ഞെടുപ്പു വരുമ്പോള്‍ എല്ലാ മതാധ്യക്ഷന്മാരേയും സമുദായ നേതാക്കളേയും കാണാന്‍ പോകുന്നില്ലേ. അങ്ങനെയൊരു പ്രാമുഖ്യം അവര്‍ക്കു കൊടുത്ത് അങ്ങനെയൊരു സിസ്റ്റം നമ്മള്‍ നിലനിര്‍ത്തിപ്പോരുകയാണ്. അതിന്റെ ആവശ്യമെന്താ? നമ്മള്‍ തെറ്റിലൂടെ ഒരുപാടു ദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. ഈ തെറ്റ് തുടങ്ങിയപ്പോഴേ നിര്‍ത്തണമായിരുന്നു. അതിനുള്ള കാഴ്ചപ്പാടും ദീര്‍ഘദൃഷ്ടിയും നമുക്ക് ഇല്ലാതെ പോയി. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ആ കാഴ്ചപ്പാടുണ്ടായില്ല. നമ്മള്‍ ഒഴുക്കില്‍പെട്ട് നീങ്ങുകയാണ്; ഒഴുക്കിനെതിരെ നീന്താനോ ഒന്നും നമുക്കറിയില്ല; അതിനുള്ള ശക്തി ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ല. 

മതേതരത്വം പുനഃസ്ഥാപിക്കാനുള്ള സുസ്ഥിരവും ശക്തവുമായ മൂവ്മെന്റിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തണം. മതേതരത്വത്തിലൂടെ മാത്രമേ ഈ രാജ്യത്തിനു നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ എന്ന സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണം. ബാക്കി ജനങ്ങള്‍ ഏറ്റെടുത്തുകൊള്ളും.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com