സിഗററ്റ് വലിയിലൂടെ തടി കുറയ്ക്കാമെന്നുവരെ അവര്‍ പരസ്യപ്പെടുത്തി! മറ്റുള്ളവര്‍ നമുക്കായി ചമക്കുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങള്‍
By ജെ. പ്രഭാഷ് | Published: 01st June 2023 05:18 PM |
Last Updated: 01st June 2023 05:18 PM | A+A A- |

തന്റെ കാലത്തെ ജീവിതം വെറും പുറംപൂച്ചിന്റേയും മേനിനടിക്കലിന്റേയുമാണെന്ന് പ്രശസ്ത എഴുത്തുകാരി സൂസന്‍ സൊന്റാഗ് പറഞ്ഞത് മറ്റൊരര്‍ത്ഥത്തില്‍ നമ്മുടെ കാലഘട്ടത്തിനും ചേരും. അണിഞ്ഞൊരുങ്ങിയും സൗന്ദര്യം വര്‍ദ്ധിപ്പിച്ചും സ്വയം കെട്ടുകാഴ്ചയായി മാറിക്കൊണ്ടിരിക്കുയാണല്ലോ നാം ഓരോരുത്തരും. കാമ്പിനു പകരം സ്‌റ്റൈല്‍ എന്നതാണ് ആപ്തവാക്യം. കാക്ക കുളിച്ചാല്‍ കൊക്കാവില്ലെങ്കിലും സൗന്ദര്യത്തിന്റെ അവസാന വാക്ക് കൊക്കാവുമ്പോള്‍ കാക്കയ്ക്ക് കുളിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലല്ലോ. നിറത്തിന്റേയും ആകാരത്തിന്റേയും അടിസ്ഥാനത്തില്‍ മനുഷ്യരെ കറുത്ത/വെളുത്ത കണ്ണികളില്‍ നിര്‍ത്തുന്ന യുക്തിക്കു പിന്നില്‍ പക്ഷേ, ഒരു അധികാരഘടനയുണ്ട്. അത് അധികാരത്തെ വെളുത്തവന്റെ (പാശ്ചാത്യര്‍/സവര്‍ണ്ണന്‍/പുരുഷന്‍) ജന്മാവകാശവും അനുസരണയെ കറുത്തവന്റെ (പൗരസ്ത്യര്‍/അവര്‍ണ്ണന്‍/സ്ത്രീ) കടമയുമാക്കി മാറ്റുന്നു.
ഈ തിരിച്ചറിവ് ഉണ്ടായിരിക്കുമ്പോഴും കറുത്തവന്റെ ലാവണ്യസങ്കല്പത്തിനു വെളുത്തനിറവും വെളുത്തവരുടെ ആകാരഭംഗിയുമാണെന്നതാണ് ഏറ്റവും വലിയ ദുരന്തം. വെളുത്തനിറം, ചുവന്ന ചുണ്ട്, നീണ്ട ചെറിയ മൂക്ക്, നീലയും നീണ്ടതുമായ കണ്ണുകള്‍, സ്വര്‍ണ്ണത്തലമുടി, നീണ്ട വിരലുകള്‍. കൂടാതെ പുരുഷന്മാര്‍ക്ക് വിരിഞ്ഞ മാറിടവും ഒതുങ്ങിയ അരക്കെട്ടും സ്ത്രീകള്‍ക്ക് മാറിടം മുന്‍പോട്ടും നിതംബം പുറകോട്ടും. ഇംഗ്ലീഷ് അക്ഷരമാലയിലെ 'ട' എന്ന അക്ഷരത്തിന്റെ ആകൃതി. ഏകദേശം ഇതിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഒ. ചന്തുമേനോന്റെ ഇന്ദുലേഖയുടെ വര്‍ണ്ണനം. 'സുവര്‍ണ്ണസദൃശമായ വര്‍ണ്ണവും കുരുവിന്ദസമങ്ങളായ രദനങ്ങളും വിദ്രുമംപോലെ ചുവന്ന അധരങ്ങളും കരിങ്കുവലയങ്ങള്‍ക്കു ദാസ്യംകൊടുത്ത നേത്രങ്ങളും ചെന്താമരപ്പൂവുപോലെ ശോഭയുള്ള മുഖവും നീല കുന്തളങ്ങളും സ്തനഭാരവും അതികൃശമായ മദ്ധ്യവും...'
ഇത്തരം സങ്കല്പങ്ങള്‍ സമൂഹത്തിന്റെ സൃഷ്ടിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചരിത്രം നിര്‍ണ്ണയിക്കുന്നതും അതിനെ നിര്‍വ്വചിക്കുന്നതും വിജയികളാണെന്നു പറയുംപോലെയാണ് സൗന്ദര്യത്തിന്റെ കാര്യവും. അതു വസ്തുതയല്ല (fact), വിശ്വാസവും മനസ്സിന്റെ തോന്നലുമാണ്. അതു നിര്‍വ്വചിക്കുന്നത് എല്ലായ്‌പോഴും ഭരണവര്‍ഗ്ഗവും പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയുമാണ്. വിപണി അതിനെ മുന്നോട്ടു കൊണ്ടുപോയി വസ്തുതകളായും ശാസ്ത്രസത്യങ്ങളായും ആരോഗ്യ പ്രശ്‌നങ്ങളായും അതുകൊണ്ടുതന്നെ തിരുത്തപ്പെടേണ്ടവയായും അവതരിപ്പിക്കുന്നു. മനുഷ്യന്റെ നിറവും ശരീരപ്രകൃതിയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് രൂപപ്പെട്ടതാണെന്ന വസ്തുത ഇവിടെ തമസ്‌കരിക്കപ്പെടുന്നു.
നിറവ്യത്യാസം പ്രകടമാകുന്നത് ഏതാണ്ട് 12000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് (Anita Bhagwandas, Ugly: Giving Us Back Our Beatuy Standards). ആഫ്രിക്കയില്‍നിന്ന് മറ്റു സ്ഥലങ്ങളിലേക്കു കുടിയേറ്റം തുടങ്ങിയതോടെ മനുഷ്യ ജീനുകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുകയും അത് തൊലിയുടെ നിറത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. ചൂടു പ്രദേശങ്ങളില്‍ താമസം തുടങ്ങിയവര്‍ക്ക് അള്‍ട്രാവൈലറ്റ് രശ്മികളില്‍നിന്നു സംരക്ഷണം നല്‍കുന്ന മെലാനിന്റെ (melanin) അംശം കൂടുകയും അവരുടെ നിറം കറുത്തതും തണുപ്പു കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക് വൈറ്റമിന്‍ ഡി സംശ്ലേഷണം ചെയ്യേണ്ടതുകൊണ്ട് അവരുടെ നിറം വെളുത്തതുമായി. ഇതുതന്നെയാണ് അവയവങ്ങളുടെ കാര്യത്തിലും സംഭവിച്ചത്. മൂക്ക് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. തണുത്ത പ്രദേശങ്ങളില്‍ ശ്വാസകോശത്തില്‍ എത്തുന്നതിനു മുന്‍പ് വായുവിന്റെ തണുപ്പ് അകറ്റേണ്ടതിനാല്‍ മൂക്ക് നീണ്ടതും നാസാരന്ധ്രങ്ങള്‍ വീതി കുറഞ്ഞതുമായി. അതേസമയം മറ്റു പ്രദേശങ്ങളില്‍ നീളം കുറഞ്ഞ പരന്ന മൂക്കിനാണ് കാര്യക്ഷമത കൂടുതല്‍ (Nancy Etcoff, Survival of the Prettiest: The Science of Beatuy). ഈ ശാസ്ത്രസത്യം മനപ്പൂര്‍വ്വം മൂടിവയ്ക്കുകയും യൂറോപ്യന്‍ സൗന്ദര്യസങ്കല്പം സാര്‍വ്വത്രികമായി അംഗീകരിക്കപ്പെടുകയും ചെയ്തു, പ്രത്യേകിച്ച് കൊളോണിയല്‍ കാലഘട്ടം മുതല്‍ ഇങ്ങോട്ട്. ഇതൊരു രേഖീയമായ പ്രക്രിയയുമായിരുന്നില്ല. സൗന്ദര്യത്തെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണ മാറിയും മറിഞ്ഞും വികാസം പ്രാപിച്ചുകൊണ്ടിരുന്നു. സ്ത്രീകളുടെ കാര്യത്തിലെ ഈ മാറ്റം അവരുടെ വിമോചനസാധ്യതകളെ പരിമിതപ്പെടുത്തുംവിധം ഉള്ളതായിരുന്നുവെന്നത് പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു (Anita, Ugly). ചരിത്രം പരിശോധിച്ചാല്‍ ഇത് ബോദ്ധ്യമാവും.

സൗന്ദര്യത്തിന്റെ ചരിത്രം
പുരാതന ഗ്രീക്ക് ചിന്തകന്മാര്‍ വളരെയേറെ ശ്രദ്ധപതിപ്പിച്ചിരുന്നൊരു വിഷയമാണ് സൗന്ദര്യം. സൗന്ദര്യത്തിന്റെ അളവ്‌കോലായി യുക്ലിഡ് അവതരിപ്പിച്ച 'ഗോള്‍ഡന്‍ റേഷ്യോ' ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. മനുഷ്യസൗന്ദര്യം മാത്രമല്ല, വാസ്തുവിദ്യയും കലയും സംഗീതവുമെല്ലാം ഈ അളവുകോലില്‍ ഉള്‍പ്പെട്ടു. ഇതനുസരിച്ച്, നീണ്ട ഭുജങ്ങളും വീതികൂടിയ ചുമലും വിരിഞ്ഞ മാറിടവും ദൃഢമായ മാംസപേശികളുമായിരുന്നു പുരുഷസൗന്ദര്യത്തിന്റെ ലക്ഷണങ്ങള്‍. മറുവശത്ത് മെലിഞ്ഞ ശരീരവും വീതികുറഞ്ഞ ചുമലും വെളുത്ത നിറവും സ്വര്‍ണ്ണ തലമുടിയും കറുത്ത പുരികവും അംഗപ്പൊരുത്തമുള്ള മുഖവും വൃത്താകാരരൂപവും ചെറിയ മാറിടവും സ്ത്രീ സൗന്ദര്യത്തിന്റെ മാതൃകയായി. അക്കാലത്തെ ശില്പങ്ങളില്‍ ഈ ലാവണ്യസങ്കല്പം തെളിഞ്ഞു നില്‍ക്കുന്നു. ഇതില്‍ സ്ത്രീകളുടെ പ്രതിമകളില്‍ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട ശരീരഭാഗങ്ങളും ശരീരത്തിന്റെ വളവും പ്രകടമായി കാണാം. ഗ്രീക്ക് മിത്തോളജിയിലെ വിശ്വസുന്ദരിയായ ഹെലന്‍ രാജ്ഞിയുടെ ചിത്രം ചിത്രകാരനായ സീയുക്‌സെസ് (Zeuxis) വരച്ചതിനെക്കുറിച്ചൊരു കഥയുണ്ട്.
ചിത്രരചനയ്ക്കാവശ്യമായ ഒരു മോഡലിനെ (വിശ്വസുന്ദരിയെ) ലഭിക്കാതായതോടെ, അഞ്ച് സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ ആവശ്യാനുസരണം കൂട്ടിച്ചേര്‍ത്ത് അദ്ദേഹം ചിത്രം പൂര്‍ത്തിയാക്കി!
സൗന്ദര്യത്തെക്കുറിച്ചുള്ള പുരാതന ഭാരതീയ സങ്കല്പവും പരാമര്‍ശം അര്‍ഹിക്കുന്നു. സിന്ധുനദീതട സംസ്‌കാരത്തില്‍നിന്നു കണ്ടെടുത്ത അവശിഷ്ടങ്ങളില്‍ ചിലത് ഇതിലേക്ക് വെളിച്ചം വീശുന്നു. പൊതുവെ കറുത്ത നിറവും വലിയ മൂക്കും കണ്ണുകളും തടിച്ച ചുണ്ടും വീതിയുള്ള നെറ്റിത്തടവുമാണ് ശില്പങ്ങളുടെ സവിശേഷത. സ്ത്രീകളുടെ കാര്യത്തില്‍ മറ്റു ചില വ്യത്യാസങ്ങളും കാണാം. ഉദാഹരണത്തിന്, നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ രൂപം, നീണ്ടുചുരുണ്ട തലമുടിയും മെല്ലിച്ച ദേഹപ്രകൃതിയും നീണ്ട കൈകാലുകളും ചെറിയ മാറിടവുമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. എന്നാല്‍, ആര്യന്‍ അധിനിവേശത്തിനുശേഷം ഈ സൗന്ദര്യസങ്കല്പത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയുണ്ടായി. വെളുത്ത നിറവും (ഗോതമ്പിന്റെ) അംഗത്തികവുള്ള ശരീരവും നീണ്ടുമെലിഞ്ഞ മൂക്കും നീണ്ട കണ്ണുകളും ചെറിയ ചുണ്ടുകളും മറ്റുമായി സ്ത്രീ ശരീരം ചിത്രീകരിക്കാന്‍ തുടങ്ങി. ചുവര്‍ചിത്രങ്ങളും ക്ഷേത്രങ്ങളിലെ കൊത്തുപണികളും ഇതിഹാസങ്ങളിലേയും അക്കാലത്തെ സാഹിത്യകൃതികളിലേയും സൗന്ദര്യവര്‍ണ്ണനയും ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാകും. തദ്ദേശീയരുടെ ലാവണ്യലക്ഷണങ്ങള്‍ ലക്ഷണം കെട്ടതാവുകയും പുറത്ത്‌നിന്നു വന്നവരുടേത് ലക്ഷണയുക്തമാവുകയും ചെയ്തു. ആര്യന്‍ അധിനിവേശം രാഷ്ട്രീയവും സാംസ്‌കാരികവും മാത്രമല്ല, സൗന്ദര്യശാസ്ത്രപരവുമായിരുന്നു എന്നു സാരം. പില്‍ക്കാലത്ത് സംഭവിച്ച വിദേശാക്രമണങ്ങള്‍ മുഗളന്മാരുടേത് ഉള്‍പ്പെടെ ഇതിനെ വീണ്ടും ശക്തിപ്പെടുത്തി. ബ്രിട്ടീഷുകാരുടെ വരവോടെ അതിന് യൂറോ സെന്‍ട്രിക്കായൊരു മാനവും ലഭിച്ചു. ഇത് ഇന്ത്യയുടെ മാത്രമല്ല, കോളണിവല്‍ക്കരിക്കപ്പെട്ട മുഴുവന്‍ പ്രദേശങ്ങളുടേയും ചരിത്രമാണ്.
യൂറോപ്യന്‍ സൗന്ദര്യസങ്കല്പം ഏകശിലാരൂപം പൂണ്ടും അക്ഷയമായും നിലനിന്നുപോന്നു എന്നല്ല പറഞ്ഞുവരുന്നത്. സ്ഥലകാലഭേദം അനുസരിച്ചു പല മാറ്റങ്ങളും അതിനുണ്ടായി. അടുത്ത കാലത്ത് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയും ഫോട്ടോഗ്രാഫറുമായ എസ്തര്‍ ഹോണിഗ് (Esther Honig) അവരുടെ ഫോട്ടോ, 'എന്നെ സുന്ദരിയാക്കൂ' എന്ന അടിക്കുറിപ്പോടെ, 25 രാജ്യങ്ങളിലെ പ്രശസ്തരായ ഫോട്ടോഷോപ്പേഴ്‌സിന് അയച്ചുകൊടുത്ത സംഭവം ഓര്‍മ്മവരുന്നു. ഫലമോ, ഓരോ രാജ്യക്കാരും അവരവരുടെ സൗന്ദര്യസങ്കല്പമനുസരിച്ച് എസ്തറിനെ സുന്ദരിയാക്കി. പശ്ചാത്യ രാജ്യങ്ങളില്‍പെട്ടവര്‍ തന്നെ ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട്, ഇറ്റലി, ഗ്രീസ്... വ്യത്യസ്ത രീതിയാണ് ഇക്കാര്യത്തില്‍ അവലംബിച്ചത്. മുടിയിലും ചുണ്ടിലും കണ്ണിലും പുരികത്തും കവിളിലും നെറ്റിയിലും മൂക്കിലും ചെറുചെറു മാറ്റങ്ങള്‍ വരുത്തി. ഇവിടെ പക്ഷേ, രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയമാണ്: ചിത്രങ്ങളുടെ പൊതുസ്വഭാവം (പാശ്ചാത്യ പൗരസ്ത്യ വ്യത്യാസമില്ലാതെ) പശ്ചാത്യ സൗന്ദര്യസങ്കല്പവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്; ഫോട്ടോഷോപ്പേഴ്‌സ് ചമച്ച എസ്തറിനെപ്പോലൊരു സുന്ദരിയെ ലോകത്തെവിടേയും കാണാനാവില്ല! ഇതിനെക്കുറിച്ച് എസ്തര്‍ പറയുന്നത് ഇങ്ങനെ: 'ഫോട്ടോയില്‍ കാണുംവിധമുള്ള സൗന്ദര്യം തികച്ചും അപ്രാപ്യം തന്നെ.' ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നാണ് അവരുടെ പക്ഷം. ഒരിക്കലും പ്രാപ്യമല്ലാത്ത സൗന്ദര്യമാതൃകയില്‍ തളച്ചിട്ട് സ്ത്രീകളെ വിപണിയുടെ ഇരയായി മാറ്റുന്ന ആണ്‍കോയ്മയില്‍ അധിഷ്ഠിതമായ നമ്മുടെ സമൂഹത്തില്‍ ഇങ്ങനെ സംഭവിച്ചില്ലെങ്കിലെ അതിശയിക്കേണ്ടതുള്ളൂ എന്നവര്‍ തുടര്‍ന്നു പറയുന്നു. സൗന്ദര്യസിദ്ധിക്കുള്ള എല്ലാവിധ ഒറ്റമൂലിയും വിപണിയുടെ കൈവശമുണ്ടല്ലോ. മുട്ടുവിന്‍ തുറക്കപ്പെടും എന്ന ബൈബിള്‍ വചനത്തെ ഓര്‍മ്മിപ്പിക്കുമാറ് വരുവിന്‍, ഉപയോഗിക്കുവിന്‍ സുന്ദരിയായിടുവിന്‍ ഇതാണ് വിപണിയുടെ മുദ്രാവാക്യം. ഇതിലേക്ക് പിന്നീട് മടങ്ങിവരാം.
സൗന്ദര്യസങ്കല്പം കാലനിബദ്ധമാണെന്നു പറഞ്ഞുവല്ലോ. മാറ്റം മുഖ്യമായും സ്ത്രീകളുടെ ഉടലഴകും അവരുടെ ചില അവയവങ്ങളുടെ ആകാരഭംഗിയുമായും ബന്ധപ്പെട്ട് നില്‍ക്കുന്നു. തുടക്കത്തിലെ സൗന്ദര്യലക്ഷണമായ മെലിഞ്ഞ ശരീരം മധ്യകാലമായതോടെ മിതമായ തടിക്കു വഴിമാറി. ശരീരവണ്ണം പ്രഭുത്വത്തിന്റെ ലക്ഷണമായിപ്പോലും പാശ്ചാത്യലോകം കാണാന്‍ തുടങ്ങി. എന്നാല്‍, കോളണികളുടെ സ്ഥാപനവും തുടര്‍ന്നുണ്ടായ വ്യാവസായിക വിപ്ലവവും കാര്യങ്ങളെ മാറ്റിമറിച്ചു. ശരീരപ്രകൃതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യര്‍ക്ക് ഉച്ചനീചത്വം കല്പിക്കുകയും അതനുസരിച്ച് കറുത്തവരെ ഇകഴ്ത്തുകയും ചെയ്യുന്നത് എക്കാലവും യൂറോപ്യന്‍ എഴുത്തിലും ചിന്തയിലും വ്യാപകമായിരുന്നു എന്ന കാര്യം ഓര്‍ക്കുക (Sabrina tSrings, Fearing the Black Body: The Racial Origins of Fat Phobia). വെള്ളക്കാരുടെ കണ്ണില്‍ കറുത്ത വര്‍ണ്ണമുള്ള ഏവരും ഒരുപോലെയാണെന്ന് പ്രശസ്ത ഇന്ത്യന്‍ എഴുത്തുകാരി ഗീതാജ്ഞലി ശ്രീ പറയുന്നതില്‍ കാര്യമുണ്ട് (Tomb of Sand). ഇതുതന്നെയായിരുന്നു കോളണികളിലെ ജനങ്ങളോടുള്ള അവരുടെ മനോഭാവത്തില്‍ പ്രതിഫലിച്ചിരുന്നത്. ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളില്‍ സ്ഥൂലിച്ച ശരീരപ്രകൃതിക്കു പൊതുവെ അംഗീകാരം ലഭിച്ചിരുന്നെങ്കിലും കൊളോണിയല്‍ ശക്തികള്‍ ഇതിനെ ആര്‍ത്തിയുടേയും അലസതയുടേയും ലക്ഷണമായി വ്യാഖ്യാനിച്ചു. ഇതോടെ തടിച്ച ശരീരം (കറുത്ത നിറവും) ചതുര്‍ത്ഥിയായി.
സ്വന്തം നാട്ടില്‍ സംഭവിച്ച വ്യാവസായിക വിപ്ലവവും ഈ നിലപാടിനു ശക്തി പകര്‍ന്നു. വ്യാവസായിക വിപ്ലവത്തോടെ വെയിലും മഴയും ഏല്‍ക്കാതെ ഫാക്ടറികള്‍ക്കുള്ളില്‍ പണിയെടുക്കുന്ന ഒരു വലിയ മദ്ധ്യവര്‍ഗ്ഗ സമൂഹം രൂപപ്പെട്ടു. ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇവര്‍ക്ക് അല്ലലില്ലാതായതോടെ, വണ്ണവും നിറവും പ്രഭുത്വത്തിന്റെ ലക്ഷണമല്ലാതായി. ഇതോടെ വണ്ണിച്ച ശരീരത്തില്‍നിന്നു മെല്ലിച്ച ശരീരത്തിലേക്കും ചര്‍മ്മം ടാന്‍ (tan) ചെയ്യുന്ന രീതിയിലേക്കും അവര്‍ (പ്രഭുക്കന്മാരും പ്രഭ്വിമാരും) മാറാന്‍ തുടങ്ങി. സ്ഥൂല ശരീരപ്രകൃതിയെ നിരുത്സാഹപ്പെടുത്തിയ മറ്റൊരു ഘടകം ലൈഫ് ഇന്‍ഷുറന്‍സിന്റെ വരവാണ്. ആരോഗ്യത്തെ അളന്ന് തിട്ടപ്പെടുത്തേണ്ടത് ഇന്‍ഷുറന്‍സ് വ്യവസായത്തെ സംബന്ധിച്ചിടത്തോളം അതീവ ഗൗരവമുള്ള ഒന്നാണ്. ഭാര പട്ടിക (weight table) ഉണ്ടാകുന്നത് ഇങ്ങനെയാണ്. ഇതോടെ മെല്ലിച്ച/മിതമായ വണ്ണമുള്ള ശരീരം (സ്ത്രീ പുരുഷ ഭേദമന്യെ) സൗന്ദര്യലക്ഷണവും ആരോഗ്യത്തിന്റെ ശാസ്ത്രീയ മാനദണ്ഡവുമായി (Anita, Ugly).
മാറിടത്തിന്റേയും നിതംബത്തിന്റേയും കാര്യത്തിലും ചില മാറ്റങ്ങള്‍ സംഭവിച്ചു. തുടക്കത്തില്‍ സ്തനങ്ങള്‍ക്കു സൗന്ദര്യത്തേക്കാള്‍ ഉപയോഗത്തിനായിരുന്നു ഊന്നല്‍ (Marilyn Yalom, A History of the Breast). എന്നാല്‍, ക്രമേണ അവ സൗന്ദര്യത്തിന്റെ നിദാനമായി. വലിയ മാറിടം സൗന്ദര്യത്തിന്റെ ലക്ഷണവുമായി. പക്ഷേ, കോളണിവല്‍ക്കരണത്തോടെ ശരീരവണ്ണത്തില്‍ സംഭവിച്ച മനംമാറ്റം ഇക്കാര്യത്തിലും ഉണ്ടായി. വലിയ സ്തനങ്ങള്‍ കറുത്ത വര്‍ഗ്ഗക്കാരുടേയും ശാരീരികാദ്ധ്വാനം ചെയ്യുന്നവരുടേയും അടയാളമായി. ഇതോടെ ചെറിയ സ്തനങ്ങളായി ഫാഷന്‍. അവയുടെ വലിപ്പം കുറയ്ക്കാന്‍ സര്‍ജറിവരെ വൈദ്യശാസ്ത്രം കണ്ടുപിടിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തോടെ (നാല്‍പതുകള്‍) അവയുടെ വലിപ്പം വീണ്ടും പ്രശ്‌നമായി. ചെറുതിനു ചാരുത ഇല്ലാതായി. അതൊരു വലിയ പോരായ്മയായി തീര്‍ന്നു. താമസംവിനാ, വലുതും ഉയര്‍ന്ന് തള്ളിനില്‍ക്കുന്നതുമായ മാറിടം അനിതാ ഭഗവന്‍ദാസിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ കണ്ണീര്‍ക്കണത്തിന്റെ ആകൃതിയില്‍ ഉള്ളത് ട്രെന്‍ഡായി മാറി. നിതംബത്തിന്റെ ചരിത്രവും ഏതാണ്ട് ഇതേ രീതിയിലാണ് പരിണമിച്ചത്. ഇംഗ്ലീഷ് അക്ഷരമാലയിലെ 'ട' സ്ത്രീ സൗന്ദര്യത്തിന്റെ അടയാളമാവുന്നത് ഇങ്ങനെയാണ്.

സൗന്ദര്യവും സാങ്കേതികവിദ്യയും
ഏകശിലാരൂപത്തിലുള്ള ഇത്തരം സൗന്ദര്യസങ്കല്പം പ്രചരിപ്പിക്കുന്നതില്‍ സാങ്കേതികവിദ്യ, പ്രത്യേകിച്ച് ഫോട്ടോഗ്രാഫിയും ഇന്റര്‍നെറ്റും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഫോട്ടോഗ്രാഫി തന്നെ വെള്ളക്കാര്‍ വെള്ളക്കാര്‍ക്കുവേണ്ടി കണ്ടുപിടിച്ചതാണല്ലോ. 'എന്തിനാണ് വെള്ളക്കാര്‍ ഫോട്ടോ എടുക്കുന്നത്? അവര്‍ക്ക് സൗന്ദര്യം ഉണ്ടായിട്ട്. ആര്‍ക്ക്, ഫോട്ടോയ്‌ക്കോ? അല്ല, വെള്ളക്കാര്‍ക്ക്', ഏതോ കൃതിയില്‍ വായിച്ച സംഭാഷണശകലമാണ് ഇത്. വെള്ളക്കാരുടെ സൗന്ദര്യം പകര്‍ത്തി സൂക്ഷിക്കാനാണ് ഫോട്ടോഗ്രാഫി കണ്ടുപിടിച്ചത് എന്ന ധ്വനി ഇത് നല്‍കുന്നു.
1950കളില്‍ കളര്‍ഫിലിം പ്രചാരത്തിലായതോടെ ഫോട്ടോയുടെ നിറം ക്രമീകരിക്കുന്നതിനായി കൊടാക്ക് കമ്പനി ഒരു മാതൃകാ ചിത്രം തവിട്ട് നിറത്തില്‍ മുടിയുള്ള വെളുത്ത സുന്ദരി ഫിലിം ലാബുകള്‍ക്ക് അയച്ചുകൊടുത്തിരുന്നു (Anita, Ugly). ഷെര്‍ലി കാര്‍ഡ് എന്ന പേരില്‍ അറിയപ്പെട്ട ഈ ചിത്രത്തിന്റെ നിറവുമായി താരതമ്യം ചെയ്താണ് അക്കാലത്ത് ആള്‍ക്കാരുടെ ഫോട്ടോകള്‍ ഡെവലപ് ചെയ്തിരുന്നത്. ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ വരവോടെ ഇതിന്റെ ആവശ്യം ഇല്ലാതായെങ്കിലും വെളുപ്പിനോടുള്ള മുന്‍വിധി മറ്റുതരത്തില്‍ ഇവിടെയും പ്രകടമാണ്. ഇതിന്റെ തെളിവാണ് 2016ല്‍ 'യൂത്ത് ലബോറട്ടറീസ്' എന്ന സംഘടന നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ നടത്തിയ സൗന്ദര്യമത്സരം (Beatuy AI). 60,000 പേര്‍ അയച്ച സെല്‍ഫികളില്‍നിന്ന് അതു തയ്യറാക്കിയ ചുരുക്കപ്പട്ടികയിലെ 44 പേരില്‍ ഒരാള്‍ മാത്രമാണ് കറുത്ത നിറക്കാരിയായി (കറുപ്പും വെളുപ്പും അല്ലാത്ത നിറം) ഉണ്ടായിരുന്നത്! ട്വിറ്ററിലെ ഇമേജ് ക്രോപ്പിംഗ് അല്‍ഗോരിതം എല്ലായ്‌പോഴും വെളുത്ത മുഖമുള്ളവരെ കേന്ദ്രീകരിക്കുന്നതും ടിക്ക് ടോക്കിന്റെ അല്‍ഗോരിതം 'ബ്ലാക് ലൈവ്‌സ് മാറ്റര്‍' (2020) എന്ന ഹാഷ്ടാഗിനു സ്വയം കല്പിത വിലക്ക് ഏര്‍പ്പെടുത്തിയതും ഇതിനോട് ചേര്‍ത്തു വായിക്കാം. അല്‍ഗോരിതങ്ങളുടെ ഈ പക്ഷപാതിത്വത്തെ വിളിക്കുന്ന പേരാണ് 'കോഡഡ് ഗെയ്‌സ്' (coded gaze).
മുകളില്‍പറഞ്ഞ സൗന്ദര്യസങ്കല്പം പ്രചരിപ്പിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കും ചെറുതല്ല. മുന്‍പൊക്കെ വളരെ വിരളമായാണല്ലോ നാം ഫോട്ടോ എടുത്തിരുന്നത്. എടുക്കുന്നതാവട്ടെ, അധികം ശ്രദ്ധിക്കപ്പെടാതെ ഫോട്ടോ ആല്‍ബങ്ങളില്‍ വിശ്രമിച്ചും പോന്നു. അതിന്റെ സ്ഥാനത്ത് ഇപ്പോള്‍ നാം സ്വന്തം ഫോട്ടോ നിമിഷംപ്രതി എടുക്കുകയും മറ്റുള്ളവരുടെ ചിത്രങ്ങള്‍ നിരന്തരം കാണുകയും തമ്മില്‍ താരതമ്യം ചെയ്യുന്നതും പതിവാക്കിയിരിക്കുന്നു. ചിത്രങ്ങള്‍ പലപ്പോഴും സാങ്കേതികവിദ്യയിലൂടെ 'സൗന്ദര്യവല്‍ക്കരിക്കപ്പെടുന്നു' എന്നതും യാഥാര്‍ത്ഥ്യമാണ്. ഇതോടെ അഴകിന്റെ 'വെളുത്ത മാതൃക' അറിഞ്ഞും അറിയാതേയും നമ്മെ അടിക്കടി അതിലേക്ക് പിടിച്ചടുപ്പിക്കാന്‍ തുടങ്ങി. സെല്‍ഫിയില്‍ കാണുന്ന രീതിയില്‍ തങ്ങളുടെ മുഖം മിനുക്കാന്‍ പ്ലാസ്റ്റിക് സര്‍ജറിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരുന്നു എന്നാണ് 2017ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 55 ശതമാനം പ്ലാസ്റ്റിക് സര്‍ജന്മാര്‍ അവരുടെ അടുത്ത് എത്തുന്നവര്‍ ഇത്തരക്കാരാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു (Anita, Ugly).
സൗന്ദര്യസങ്കല്പത്തിന്റെ ഇതേ മൂശയിലാണ് നാം കുട്ടികളെ വളര്‍ത്തുന്നതും. ചെറുപ്രായത്തില്‍ത്തന്നെ അഴകിന്റേയും വൈരൂപ്യത്തിന്റേയും ദ്വന്ദങ്ങളുടെ നടുവിലൂടെയാണ് അവരുടെ പോക്ക്. സൗന്ദര്യത്തിന്റെ വാര്‍പ്പ് മാതൃകയെക്കുറിച്ചു മാത്രമല്ല, സ്വന്തം/മറ്റുള്ളവരുടെ വൈരൂപ്യത്തെക്കുറിച്ചും അവര്‍ക്കു ബോദ്ധ്യം വരുന്നു. കഥകളും കളിപ്പാട്ടങ്ങളുമെല്ലാം ഇതിന്റെ ഉപാധികളാകുന്നു എന്നതും ശ്രദ്ധേയമാണ്. ബാലസാഹിത്യത്തിലെ ഒട്ടുമിക്ക കഥകളിലും തിന്മയും വൈരൂപ്യവും നന്മയും സൗന്ദര്യവും പരസ്പര പൂരകങ്ങളാണല്ലോ. മലയാളക്കരയിലെ കുട്ടികള്‍പോലും വായിക്കുന്നത് എനിഡ് ബ്ലൈറ്റണ്‍ന്റേയും അതുപോലുള്ള മറ്റ് എഴുത്തുകാരുടേയും കഥകളാണെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. ബ്ലൈറ്റണ്‍ന്റെ കഥകളില്‍ വംശീയാധിക്ഷേപം നടത്തുന്ന പല സന്ദര്‍ഭങ്ങളും ഉണ്ടെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. കളിപ്പാട്ടങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ഇതു കുട്ടികളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്നതാണ് 1940കളില്‍ അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ (Kenneth B. Clark and Mamie Phipps Clark, Children, Race, and Power). 37 വയസ്സില്‍പ്പെട്ട ആഫ്രിക്കന്‍ അമേരിക്കന്‍ കുട്ടികള്‍ക്ക് നാല് നിറത്തിലുള്ള പാവകള്‍ കൊടുത്തിട്ട് അതില്‍ ഒരെണ്ണം എടുക്കാന്‍ പറഞ്ഞപ്പോള്‍ ബഹുഭൂരിപക്ഷം കുട്ടികളും വെളുത്ത പാവയേയാണ് തിരഞ്ഞെടുത്തതത്രേ. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ കറുത്ത പാവയെ തിരഞ്ഞെടുത്ത കുട്ടികള്‍ അവയോട് മോശമായി പെരുമാറി എന്നും അവരുടെ നിറത്തോട് സാമ്യമുള്ള പാവ ഏതാണെന്ന ചോദ്യം കുട്ടികളില്‍ പലരേയും അസ്വസ്ഥരാക്കി എന്നും പഠനം തുടര്‍ന്നു പറയുന്നു.

സൗന്ദര്യമെന്ന അധികാര വ്യവസ്ഥിതി
ഇതൊക്കെ പരിഹാരമില്ലാതെ ഇപ്പോഴും തുടരുന്നു എന്നു മാത്രമല്ല, അതു കൂടുതല്‍ സങ്കീര്‍ണ്ണമായി തീര്‍ന്നിരിക്കുന്നു. സൗന്ദര്യവും വൈരൂപ്യവും അധികാര വ്യവസ്ഥയുടെ രണ്ടുവശങ്ങളായും മാറിക്കഴിഞ്ഞു. സൗന്ദര്യമുള്ളവര്‍ക്കു കൂടുതല്‍ അധികാരവും മുന്തിയ പരിഗണനയും ലഭിക്കാറുണ്ടെന്നതും വാസ്തവമാണ്. പലപ്പോഴും പൊതുസമൂഹവും അധികാരികളും അവരുടെ കാര്യത്തില്‍ ബദ്ധശ്രദ്ധാലുക്കളാകുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അമരിക്കയിലെ കോളേജ് വിദ്യാര്‍ത്ഥികളില്‍ (ആണ്‍കുട്ടികള്‍) നടത്തിയ പഠനമനുസരിച്ച് വൈരൂപ്യമുള്ളവരേക്കാള്‍ സൗന്ദര്യമുള്ളവരെ, പ്രത്യേകിച്ച് സുന്ദരിമാരെ സഹായിക്കുവാനാണ് അവര്‍ക്കു കൂടുതല്‍ താല്പര്യം (Nancy Etcoff, Survival of the Prettiest : The Science of Beatuy). അഭിമുഖത്തിനു ക്ഷണിക്കപ്പെടാനും ജോലിയും സ്ഥാനക്കയറ്റവും ലഭിക്കാനും ശാരീരിക സൗന്ദര്യം ഒരു ഘടകമാണത്രേ. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരെക്കാള്‍ 34 ശതമാനം അധിക വരുമാനം ലഭിക്കുകയും ചെയ്യുന്നു (Anita, Ugly).
അപ്പുറത്ത്, വൈരൂപ്യം അപമാനത്തിനും അവഗണനയ്ക്കും ഇടം നല്‍കുന്നുമുണ്ട്. 2020ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നടത്തിയ പഠനത്തില്‍ കണ്ടത് പ്രായപൂര്‍ത്തിയായവരില്‍ 61 ശതമാനം കുട്ടികളില്‍ 66 ശതമാനം അവരുടെ പ്രതിച്ഛായയെക്കുറിച്ച് വ്യാകുലപ്പെടുന്നു എന്നാണ്. അഭിമാനക്ഷതം, നിരാശ, ഭാവിയെക്കുറിച്ചുള്ള ആശങ്ക, സങ്കുചിതമായ കാഴ്ചപ്പാട് തുടങ്ങിയവയാണ് ഇവരെ പൊതുവായി അലട്ടുന്ന കാര്യങ്ങള്‍. ബോഡി ഷെയ്മിംഗ് നമ്മുടെ നാട്ടിലും ഒട്ടും കുറവല്ലല്ലോ. ശരീരിക വൈകല്യമുള്ളവരെ കോമാളിവേഷം കെട്ടിക്കുന്നത് നമ്മുടെ പതിവ് രീതിയാണ്. ഇവിടെയാണ് മൂലധനവും വിപണിയും രംഗപ്രവേശം ചെയ്യുന്നത്. സൗന്ദര്യത്തിനു ലോകോത്തര നിലവാരം ഉണ്ടെന്നും അതില്‍നിന്നു വേറിട്ടുനില്‍ക്കുന്നത് വലിയ പോരായ്മയാണെന്നും അതുകൊണ്ടുതന്നെ അതു തിരുത്തപ്പെടേണ്ടതാണെന്നും അവര്‍ പ്രചരിപ്പിക്കുന്നു. ഇതിലൂടെ രണ്ട് കാര്യങ്ങള്‍ അത് ഉറപ്പിക്കുന്നു: യൂറോ സെന്‍ട്രിക് സൗന്ദര്യ മാനദണ്ഡങ്ങള്‍ സാര്‍വ്വത്രികമാക്കുകയും അവയ്ക്ക് സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്യുന്നു; സ്ത്രീകളെ അണിയിച്ചൊരുക്കി പുരുഷന്റെ കാഴ്ചവസ്തുവാക്കി മാറ്റുന്നു.

സൗന്ദര്യവും വിപണിയും
സൗന്ദര്യവര്‍ദ്ധനവിനായി അണിഞ്ഞൊരുങ്ങുന്നത് ചരിത്രാതീതകാലം മുതല്‍ കണ്ടുവരുന്ന രീതിയാണ്. മെസോലിത്തിക്ക് കാലത്ത് 400,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ മനുഷ്യന്‍ പൗഡറിനു സമാനമായ വസ്തു ഉപയോഗിച്ചിരുന്നതായും ശരീരത്തില്‍ പച്ചകുത്തുന്നത് 3250 ബി.സി. മുതല്‍ നിലവിലുണ്ടായിരുന്നതായും പുരാവസ്തു ഗവേഷകര്‍ രേഖപ്പെടുത്തുന്നു. സാധാരണ ഗതിയില്‍ പ്രഭുക്കന്മാരും ഉന്നതകുലജാതരുമായിരുന്നു അണിഞ്ഞൊരുങ്ങിയിരുന്നത് എന്നുമാത്രം. എന്നാല്‍, അച്ചടിയുടെ കണ്ടുപിടിത്തത്തോടെ ഇതിനു വലിയ പ്രചാരം ലഭിച്ചതായി കാണാം. ഇതോടെ സൗന്ദര്യവര്‍ദ്ധന ഉല്പന്നങ്ങളും അവയുടെ ചേരുവകളുമൊക്കെ സാധാരണക്കാരില്‍ എത്താന്‍ തുടങ്ങി. എന്നാല്‍, ആധുനിക കാലത്തെപ്പോലെ സൗന്ദര്യത്തെക്കുറിച്ച് ഒരു ഏകശിലാ കാഴ്ചപ്പാടോ വിപണിയുടെ ഇടപെടലോ അന്ന് ഉണ്ടായിരുന്നില്ല.
ഇന്നിപ്പോള്‍ സൗന്ദര്യത്തെ നിര്‍വ്വചിക്കുന്നതും നിര്‍വ്വചനത്തിനൊത്ത് നമ്മെ പാകപ്പെടുത്തുന്നതും മൂലധന ശക്തികളാണ്. സൗന്ദര്യവര്‍ദ്ധന ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനേക്കാള്‍ അവയ്ക്കായുള്ള ആഗ്രഹം ജനിപ്പിച്ച് മനുഷ്യരെ കണ്ടീഷന്‍ ചെയ്യുകയാണ് വാസ്തവത്തില്‍ അവര്‍ ചെയ്യുന്നത്. അവര്‍ ഏറ്റവും അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, സ്വാഭാവികമായും സ്ത്രീകളിലാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാറ്റിനേയും സൗന്ദര്യപ്രശ്‌നമായി വ്യാഖ്യാനിച്ച് ഒടുവില്‍ അതിനുള്ള ഒറ്റമൂലിയുമായി അവര്‍ എത്തുന്നു. സാധാരണ ക്രീമുകളിലും മരുന്നുകളിലും പുഷ് അപ്പ് ബ്രായിലും തുടങ്ങി കോണ്ടൂറിംഗിലും (contouring) സര്‍ജറിയിലുംവരെ ഇത് എത്തിനില്‍ക്കുന്നു. മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, ഭാരം കുറയ്ക്കാനും വണ്ണം കുറയ്ക്കാനും നിറം മാറ്റാനും എന്നുവേണ്ട സ്തനങ്ങളുടെ വലിപ്പം കൂട്ടാനും കുറയ്ക്കാനും വരെയുള്ള 'മാന്ത്രികദണ്ഡ്' തങ്ങളുടെ കൈവശം ഉണ്ടെന്ന മട്ടിലാണ് അവരുടെ പ്രചരണവും പരസ്യവും. (പാശ്ചാത്യ രാജ്യങ്ങളില്‍) ഒരുകാലത്ത് സിഗററ്റ് വലിയിലൂടെ തടി കുറയ്ക്കാമെന്നുവരെ അവര്‍ പരസ്യപ്പെടുത്തി! മരുന്നിന്റേയോ സര്‍ജറിയുടേയോ പാര്‍ശ്വഫലങ്ങള്‍ ഒന്നും അവരെ അലട്ടുന്നുമില്ല. യഥാര്‍ത്ഥത്തില്‍ വിപണി ചെയ്യുന്നത് അതിന്റെ ഉല്പന്നങ്ങള്‍ക്കനുസരിച്ച് നമ്മുടെ ശരീരത്തെ പാകപ്പെടുത്തുകയാണ്. റെഡിമെയ്ഡ് ഡ്രസ്സ് ഇതിന്റെ ഉത്തമ ഉദാഹരണമാണ്. മുന്‍പ് ശരീരത്തിനൊത്ത് വസ്ത്രം തുന്നിയിരുന്നിടത്ത്, ഇപ്പോള്‍ വസ്ത്രത്തിന്റെ അളവനുസരിച്ച് ശരീരത്തെ മെരുക്കുകയോ അല്ലെങ്കില്‍ അതിനു ചേരാത്ത വസ്ത്രം ധരിക്കുകയോ ചെയ്യുക എന്നതാണ് ഏക പോംവഴി.
സൗന്ദര്യവര്‍ദ്ധവിനോടൊപ്പം വാര്‍ദ്ധക്യത്തിന്റെ ജരാനരകളെ തേയ്ച്ച് മായ്ചുകളയാനും സൗന്ദര്യവ്യവസായം ഇപ്പോള്‍ തയ്യാറാണ്. ഫെയ്‌സ് ലിഫ്റ്റ് സര്‍ജറിയിലൂടെ അല്ലെങ്കില്‍ റിറ്റിഡെക്ടമിയിലൂടെ വാര്‍ദ്ധക്യത്തിന്റെ ദൃശ്യമായ അടയാളങ്ങളെ മായ്ചുകളയുമെന്നാണ് അവകാശവാദം. 'ഘടികാരത്തെ വിപരീതമാക്കൂ' എന്നാണ് ഒരു ബോംബെ കമ്പനി അതിന്റെ പരസ്യത്തില്‍ പറയുന്നത്. ഇന്ത്യയില്‍ ഒന്നര ലക്ഷം രൂപയാണ് ഫെയ്‌സ് ലിഫ്റ്റ് സര്‍ജറിയുടെ ശരാശരി ചെലവ്. വീണ്ടും വീണ്ടും ഇതിനു വിധേയരായെങ്കില്‍ മാത്രമേ മുഖകാന്തി നിലനിര്‍ത്താനാവൂ എന്ന വസ്തുതയും അവശേഷിക്കുന്നു. കമ്പനി പറയും പോലെ 'ഘടികാരത്തെ വിപരീതമാക്കാന്‍' സമ്പന്നര്‍ക്കേ കഴിയൂ എന്നര്‍ത്ഥം. വെല്‍നെസ് ഇന്‍ഡസ്ട്രിയെക്കൂടി (Wellness industry) ഇതിനോട് ചേര്‍ത്തുവെച്ചാല്‍ സൗന്ദര്യവ്യവസായത്തിന്റെ വലിപ്പം നമ്മെ അന്താളിപ്പിക്കും. 2022ല്‍ ലോക വെല്‍നെസ് ഇന്‍ഡസ്ട്രിയുടെ ടേണ്‍ ഓവര്‍ 4.6 ട്രില്യണ്‍ ഡോളറായിരുന്നു. ഡയറ്ററി ഇന്‍ഡസ്ടിയുടേത് 71.81 ബില്യണും കോസ്‌മെറ്റിക് സര്‍ജറി ഇന്‍ഡസ്ട്രിയുടേത് 55.65 ബില്യണും. ഇന്ത്യയുടേത് ഇത് യഥാക്രമം, $20.1 ബില്യണും $110 മില്യണും $331 ബില്യണും വരും. ഫെയര്‍നെസ് ക്രീമിന്റെ മാത്രം മാര്‍ക്കറ്റ് 27000 കോടി രൂപയായിരുന്നുവത്രേ. പ്രതിവര്‍ഷം ഇതിന് എട്ട് ശതമാനം വളര്‍ച്ച ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.
മേനിയഴകിനപ്പുറം
മുകളില്‍ പറഞ്ഞതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. മറ്റുള്ളവര്‍ നമുക്കായി ചമച്ചിരിക്കുന്ന ലാവണ്യസങ്കല്പത്തെ സാക്ഷാല്‍ക്കരിക്കാന്‍ നാം ചെലവഴിക്കുന്ന സമ്പത്തിനും സമയത്തിനും അദ്ധ്വാനത്തിനും കയ്യും കണക്കുമില്ല. വേദന തിന്നും ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ അനുഭവിച്ചും ഇതിനു വിധേയമാകുമ്പോഴും തൊലിപ്പുറ മേനി അഴകിനപ്പുറം ഒന്നും സംഭവിക്കുന്നില്ല എന്ന വാസ്തവം നാം വിസ്മരിക്കുന്നു. ഇതിനു മറ്റൊരു അര്‍ത്ഥതലം കൂടിയുണ്ട് പശ്ചാത്യേതര ജനവിഭാഗങ്ങള്‍ അവരുടെ ആകാരത്തിലെ വംശീയമായ 'പോരായ്മകള്‍' തിരുത്തിയും മായ്ചു കളഞ്ഞും കോക്കേഷ്യക്കാരുടെ വംശീയ അടയാളങ്ങള്‍ സ്വന്തം ശരീരത്തില്‍ ഏറ്റണം! 21ാം നൂറ്റാണ്ടില്‍ എത്തിനില്‍ക്കുന്ന മനുഷ്യന്‍ തന്റെ പൂര്‍വ്വികരെ അപേക്ഷിച്ച് എല്ലാ മേഖലകളിലും മുന്നേറിയെങ്കിലും കൊളോണിയലിസത്തിന്റേയും അടിമത്തത്തിന്റേയും ജാതി സമ്പ്രദായത്തിന്റേയും ചരിത്രം അയാളെ ഇപ്പോഴും വേട്ടയാടുന്നു. ഇതിന്റെ നേര്‍തെളിവാണ് സൗന്ദര്യത്തോടുള്ള നമ്മുടെ സമീപനം.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം സദാ മാറിക്കൊണ്ടിരിക്കുന്ന സൗന്ദര്യ കാഴ്ചപ്പാടും അതിന്റെ ഓരം ചേര്‍ന്നു സഞ്ചരിക്കാനുള്ള വ്യഗ്രതയും പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും ഗൗരവമേറിയത് അവരുടെ സ്വത്വം വെറും ആകാരഭംഗിയായി ചുരുക്കപ്പെടുന്നു എന്നതാണ്. ബാക്കിയുള്ളതിന് ബൗദ്ധിക പ്രവൃത്തി, രാഷ്ട്രീയം, കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സൗന്ദര്യം കഴിഞ്ഞുള്ള പരിഗണനയേ ഉള്ളൂ. ഒരു സ്ത്രീ തത്ത്വചിന്തകയാവാം, എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ഭരണകര്‍ത്താവും കലാകാരിയും ഉന്നത ഉദ്യോഗസ്ഥയുമാവാം. എന്നാല്‍, അവരെ അപ്പോഴും അഴകിന്റെ അളവുകോല്‍കൊണ്ടാണ് നാം അളക്കുന്നത്. പുരുഷനേക്കാള്‍ സ്ത്രീയുടെ മേലാണ് സമൂഹം സൗന്ദര്യത്തിന്റെ സെര്‍ച്ച്‌ലൈറ്റ് ഫോക്കസ് ചെയ്യുന്നത്. സൗന്ദര്യമില്ലാത്ത പുരുഷന്‍ ഉന്നതസ്ഥാനത്തിരിക്കുമ്പോള്‍ ഉയരാത്ത പുരികം സൗന്ദര്യമില്ലാത്ത സ്ത്രീ സമാന പദവിയിലെത്തുമ്പോള്‍ ഉയരും.
'ബ്ലാക്ക് ലൈവ്‌സ് മാറ്ററും' 'മീ ടൂ' മുന്നേറ്റവുമെല്ലാം വരുകയും പോവുകയും ചെയ്തിട്ടും ഇക്കാര്യം മാറ്റമില്ലാതെ തുടരുന്നു. നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന വ്യവസ്ഥിതി നമ്മെ വാര്‍ത്തെടുത്തിരിക്കുന്നത് ചില മുന്‍ധാരണകളുടെ അടിസ്ഥാനത്തിലാണ്. അതില്‍ ഒന്നാണ് സൗന്ദര്യം, കീര്‍ത്തി, വിജയം, സമ്പത്ത്, സന്തോഷം തുടങ്ങിയവ ഉണ്ടാകണമെങ്കില്‍ സമൂഹ നിര്‍മ്മിതമായ ലാവണ്യമാതൃകയ്ക്കുള്ളില്‍ നാം ഒരോരുത്തരും ഉള്‍ച്ചേരണം എന്നത്. ഫ്രാന്‍സിസ് ബേക്കണ്‍ന്റെ ഏറെ പ്രശസ്തമായ ചിത്രമാണ് 'സ്റ്റഡീസ് ഒഫ് ദ ഹ്യൂമന്‍ ബോഡി' (Studies of the Human Body). മനുഷ്യശരീരം ഇന്നത്തെ അവസ്ഥയില്‍ രൂപപ്പെട്ടത് ആകസ്മികമായാണെന്ന ആശയമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. സൃഷ്ടാവ് നിനച്ചിരുന്നെങ്കില്‍ അത് മറ്റൊരു രീതിയില്‍ രൂപപ്പെടുമായിരുന്നു എന്ന് ബേക്കണ്‍ വാദിക്കുന്നു ഉദാഹരണത്തിനു മൂന്നു കയ്യും നാല് കാലുകളുമായി. ഇതിനോട് നമുക്കു യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, അദ്ദേഹത്തിന്റെ വാദഗതി സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ പ്രസക്തമാണ്. പലരും പല നിറത്തിലും ആകൃതിയിലും ജനിച്ചത് യാദൃച്ഛികമായാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ നാം അതിനെ ശാസ്ത്രസത്യമായി അവതരിപ്പിക്കുകയും അധികാരവ്യവസ്ഥയായി മാറ്റുകയും ചെയ്തിരിക്കുന്നു.
ഇഷ്ടമുള്ള സൗന്ദര്യമാനദണ്ഡം സ്വീകരിക്കാനും അതനുസരിച്ച് അണിഞ്ഞൊരുങ്ങാനും ശരീരത്തെ മാറ്റാനും നമുക്ക് ഓരോരുത്തര്‍ക്കും അവകാശമുണ്ട്. മറിച്ച് അതിനെ ഒരു ജീവല്‍ പ്രശ്‌നവും അവസാന വാക്കായും കാണുന്നതും അതിനെ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നതും അപകടകരമാണ്. ജീവിതം പരസ്യമോ വിപണിയോ ഭരണവര്‍ഗ്ഗമോ സമൂഹമോ നിര്‍വ്വചിക്കുന്നതല്ല. ജീവിതത്തിന് അര്‍ത്ഥവും മൂല്യവും ലഭിക്കുന്നത് അതിന്റെ തന്നെ സര്‍ഗ്ഗാത്മക ശക്തിയില്‍നിന്നാണ്, സര്‍ഗ്ഗാത്മകമായി ജീവിക്കുമ്പോഴാണ്. സൗന്ദര്യത്തിനും സൗന്ദര്യ സങ്കല്പത്തിനും ഇതില്‍ തീരെ ചെറിയ പങ്കേ ഉള്ളൂ. മനുഷ്യന്‍ എന്നാല്‍, ശരീരം മാത്രമല്ലല്ലോ. പക്ഷേ, ഇതു മനസ്സിലാകണമെങ്കില്‍ അയ്യപ്പപ്പണിക്കര്‍ പറഞ്ഞതുപോലെ 'കാണുന്ന വഴിപോകാതെ/പുത്തന്‍ വഴിയൊരുക്കണം.' തങ്ങളില്‍നിന്ന് ഭിന്നമായതെന്തിനേയും കൈത്തെറ്റാണെന്നു കരുതുന്ന പാശ്ചാത്യ കാഴ്ചപ്പാടിനെക്കുറിച്ച് നാം എന്തിനു വ്യാകുലപ്പെടണം? അവരുടെ സൗന്ദര്യ/വൈരൂപ്യ സങ്കല്പത്തെ നാം എന്തിനു ഭയക്കണം?
ഈ ലേഖനം കൂടി വായിക്കൂ
ബി.ജെ.പിയുടെ പണ രാഷ്ട്രീയത്തെ ശക്തമായി ചെറുത്ത ഡികെ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ