ആദ്യത്തെ പാര്‍ലമെന്റ് ആക്രമണവും '67-ലെ തെരഞ്ഞെടുപ്പും

ഇന്ദിരയുടെ ഉദയം മുതല്‍ നേതൃപക്ഷം വരെ: രാഷ്ട്രീയ മാറ്റങ്ങളുടെ '67
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിഞ്്ജ ചെയ്യുന്നു
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിഞ്്ജ ചെയ്യുന്നു

1967-ലെ പൊതുതെരഞ്ഞെടുപ്പിനു രണ്ടു സവിശേഷതകളുണ്ടായിരുന്നു. ഇന്ദിര രാഷ്ട്രനേതാവ് എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച ഒന്നായിരുന്നു അത് എന്നതാണ് ഒന്നാമത്തെ സവിശേഷത. കോണ്‍ഗ്രസ്സിന്റെ ഏകച്ഛത്രാധിപത്യത്തിനു പ്രതിപക്ഷം വെല്ലുവിളി ഉയര്‍ത്തി എന്നതാണ് രണ്ടാമത്തെ സവിശേഷത. ഈ രണ്ടു സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു എന്നതുപോലെ ഇന്ത്യന്‍ ബഹുജനം തങ്ങളുടെ സാന്നിദ്ധ്യം ശക്തമായി അടയാളപ്പെടുത്തുകയും ചെയ്ത തെരഞ്ഞെടുപ്പായിരുന്നു 1967-ലേത്.

''ഒരു വലിയ മനുഷ്യന്റെ മകള്‍... ഒരു കൊച്ചുമനുഷ്യന്‍ വരുത്തിയ തെറ്റ്...'' എന്നായിരുന്നു പില്‍ക്കാലത്ത് കാമരാജ് അധികാരപ്രമത്തയായ ഇന്ദിരയെപ്പറ്റി പറഞ്ഞത്. ഇന്ദിരയുടെ രാഷ്ട്രീയ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചയാളായിരുന്നു കാമരാജ്. 1959-ലാണ് ഇന്ദിര ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. സ്വന്തം ആളുകളെ ബോധപൂര്‍വ്വം സ്ഥാനങ്ങളിലേക്കു ഉയര്‍ത്തിക്കൊ ണ്ടുവരുന്നതിന് എതിരായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. ഒരു കൊല്ലത്തെ കാലാവധി അവസാനിച്ച് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സന്ദര്‍ഭം വന്നപ്പോള്‍ തല്‍സ്ഥാനത്തു തുടരാന്‍ ഇന്ദിര വൈമനസ്യം പ്രകടിപ്പിച്ചു. 1960-ല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അവരോട് അദ്ധ്യക്ഷയായി തുടരാന്‍ ആവശ്യപ്പെട്ടെങ്കിലും കാമരാജിനു വഴിയൊരുക്കാനായിരുന്നു അവര്‍ താല്‍പ്പര്യപ്പെട്ടത്.

1964ജനുവരി ആറിനു ഭുവനേശ്വറില്‍ എ.ഐ.സി.സി യോഗത്തില്‍ പങ്കെടുക്കാനെത്തിച്ചേര്‍ന്ന നെഹ്‌റുവിനു പക്ഷാഘാതമുണ്ടായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ചുമതലകള്‍ മന്ത്രിസഭയിലെ മുതിര്‍ന്ന രണ്ട് അംഗങ്ങള്‍ക്കിടയില്‍ വിഭജിച്ചു നല്‍കപ്പെട്ടു. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും ടി.ടി. കൃഷ്ണാമാചാരിയുമായിരുന്നു ഈ മന്ത്രിമാര്‍. അതേവര്‍ഷം മെയ് 27-ന് നെഹ്‌റു മരിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അന്നു പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരാന്‍ സാദ്ധ്യതയുള്ള പേര് നെഹ്‌റുവിന്റെ ഇടതുപക്ഷാഭിമുഖ്യത്തോടു വിയോജിപ്പുള്ള മൊറാര്‍ജി ദേസായിയുടേതായിരുന്നു. എന്നാല്‍, നെഹ്‌റുവിനുശേഷം ആര് എന്ന ചോദ്യത്തിനു ലാല്‍ബഹാദൂര്‍ ശാസ്ത്രി എന്ന പേര് ഉയര്‍ത്തിക്കാട്ടാനാണ് സിന്‍ഡിക്കേറ്റ് എന്നറിയപ്പെട്ട കോണ്‍ഗ്രസ്സിനുള്ളിലെ സമ്മര്‍ദ്ദ ഗ്രൂപ്പ് താല്‍പ്പര്യപ്പെട്ടത്. രാഷ്ട്രീയക്കാരിലെ രാഷ്ട്രീയക്കാരന്‍ എന്നറിയപ്പെട്ട കാമരാജ് വിശേഷിച്ചും.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അന്നു പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരാന്‍ സാദ്ധ്യതയുള്ള പേര് നെഹ്‌റുവിന്റെ ഇടതുപക്ഷാഭിമുഖ്യത്തോടു വിയോജിപ്പുള്ള മൊറാര്‍ജി ദേസായിയുടേതായിരുന്നു. എന്നാല്‍, നെഹ്‌റുവിനുശേഷം ആര് എന്ന ചോദ്യത്തിനു ലാല്‍ബഹാദൂര്‍ ശാസ്ത്രി എന്ന പേര് ഉയര്‍ത്തിക്കാട്ടാനാണ് സിന്‍ഡിക്കേറ്റ് എന്നറിയപ്പെട്ട കോണ്‍ഗ്രസ്സിനുള്ളിലെ സമ്മര്‍ദ്ദ ഗ്രൂപ്പ് താല്‍പ്പര്യപ്പെട്ടത്. രാഷ്ട്രീയക്കാരിലെ രാഷ്ട്രീയക്കാരന്‍ എന്നറിയപ്പെട്ട കാമരാജ് വിശേഷിച്ചും. ആ അവസരത്തിലും ഇന്ദിരയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്കു പൊന്തിവന്നിരുന്നു എന്ന് ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമെഴുതിയയാളും സുഹൃത്തുമായ പുപുല്‍ ജയകര്‍ പറയുന്നു. എന്നാല്‍, പല കാരണങ്ങളാല്‍ ഇന്ദിര അപ്പോള്‍ അക്കാര്യത്തില്‍ താല്‍പ്പര്യമെടുത്തില്ല. എന്നാല്‍, തന്റെ മന്ത്രിസഭയില്‍ ഇന്ദിര വേണമെന്നു ശാസ്ത്രി നിര്‍ബ്ബന്ധം പിടിച്ചു. ഒടുവില്‍ അതിനു വഴങ്ങി ഇന്ദിര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ ചുമതല ഏറ്റെടുത്തു.

ലാല്‍ ബഹാദൂര്‍ ശാസ്ത്രി
ലാല്‍ ബഹാദൂര്‍ ശാസ്ത്രി

1964-ല്‍ താഷ്‌കെന്റില്‍ വെച്ച് ഉണ്ടായ ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ ആകസ്മിക നിര്യാണം കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയൊരു വിടവ് സൃഷ്ടിച്ചു. നെഹ്‌റുവിന്റെ ഇടതുപക്ഷ നയങ്ങളുടെ പ്രയോക്താവ് ആയിരുന്നു ഇന്ദിര ഉള്‍പ്പെടുന്ന ഒരു വിഭാഗമെങ്കില്‍ മൊറാര്‍ജി ദേസായിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഇവര്‍ക്കിടയില്‍ ഒരു അനുരഞ്ജനഘടകമായി നിലകൊള്ളാന്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്കായിരുന്നു. ശാസ്ത്രിയുടെ മരണം സൃഷ്ടിച്ച വിടവ് നികത്തുന്നതിന് ഏറെ വൈകാതെ തന്നെ കാമരാജ് കര്‍മ്മനിരതനായി. ഇന്ദിരയുടെ പേരാണ് കാമരാജ് നിര്‍ദ്ദേശിച്ചത്. എന്നാല്‍, മൊറാര്‍ജി ദേസായിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം അതിനെ എതിര്‍ത്തു. തുടര്‍ന്ന് നേതൃസ്ഥാനത്തേയ്ക്ക് മത്സരം നടന്നു. ഇന്ദിരക്ക് 355 വോട്ടും മൊറാര്‍ജിക്ക് 169 വോട്ടും കിട്ടി.

ഇന്ദിരയെ നേതൃസ്ഥാനത്തേയ്ക്ക് താല്‍ക്കാലികമായാണ് കാമരാജ് നിര്‍ദ്ദേശിച്ചത് എന്നാണ് പി.വി. നരസിംഹറാവുവിനെപ്പോലുള്ള ചില നേതാക്കള്‍ പില്‍ക്കാലത്ത് പറഞ്ഞുകേട്ടിട്ടുള്ളത്. ഒരു 'വോട്ടുപിടുത്ത യന്ത്രം' എന്ന നിലയിലാണ് ആ സ്ഥാനത്തേയ്ക്ക് ഇന്ദിരയെ ഉയര്‍ത്തിക്കാട്ടിയതെന്നും 1967-ലെ തെരഞ്ഞെടുപ്പിനുശേഷം അനുഭവസമ്പന്നനായ മറ്റൊരാളെ ആ സ്ഥാനത്തേയ്ക്കു നിയോഗിക്കാനാണ് കാമരാജും നിജലിംഗപ്പയും അതുല്യഘോഷുമെല്ലൊം കരുതിയിരുന്നതെന്നും പറയുന്നു. എന്തായാലും റാവു പറയുന്നതില്‍ വസ്തുതയുണ്ടെന്നു വെളിപ്പെടുത്തുന്നതാണ് അന്നത്തെ രാഷ്ട്രീയ പശ്ചാത്തലം.

സ്വാതന്ത്ര്യലബ്ധിയുടെ മുഹൂര്‍ത്തത്തില്‍ ബ്രിട്ടീഷുകാരില്‍നിന്ന് അധികാരം പിടിച്ചെടുത്തത് പ്രധാനമായും സമൂഹത്തില്‍ അധീശത്വമുള്ള മൂന്നു വിഭാഗങ്ങളായിരുന്നുവെന്ന് പ്രണബ് ബര്‍ധന്‍ എഴുതിയിട്ടുണ്ട്. 1960-കളില്‍ നാലാമതൊരു വിഭാഗം (ഇന്ത്യന്‍ ബഹുജനം) കൂടി തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങളുടെ സംരക്ഷണവും രാഷ്ട്രീയ പ്രാതിനിധ്യവും കാംക്ഷിച്ച് രംഗത്തുവന്നു. തെരഞ്ഞെടുപ്പു ജനാധിപത്യവും വോട്ടെടുപ്പുകളും നല്‍കുന്ന സാദ്ധ്യതകള്‍ തങ്ങള്‍ക്കു കൂടി ഉപയോഗപ്പെടുത്താമെന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ ബഹുജനമായിരുന്നു അത്. ഒരുതരത്തില്‍ ജനാധിപത്യത്തില്‍ ഈ ബഹുജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു തെരഞ്ഞെടുപ്പുകളുടെ സുഗമവും നിഷ്പക്ഷവുമായ നടത്തിപ്പ് കാരണമായിട്ടുണ്ട് എന്നതാണ് ചരിത്രം. ഈ ബഹുജന രാഷ്ട്രീയം യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ശക്തമായ ജനപക്ഷ നയങ്ങള്‍ക്കു വഴിവെയ്ക്കുന്നത് തടയിടുന്നതിനു ഹിന്ദുത്വ രാഷ്ട്രീയവും ഇതോടൊപ്പം ഉയര്‍ന്നുവന്നു എന്നും കാണാം.

1966 ജനുവരി 2-ന് ഇന്ദിര പ്രധാനമന്ത്രിയായി. തൊട്ടടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പും നടന്നു. ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പൊതുതെരഞ്ഞെടുപ്പില്‍ മുന്നേറും എന്നുറപ്പായിരുന്നു. കോണ്‍ഗ്രസ് മുന്നേറുമെന്നതിനുള്ള ഗ്യാരന്റി കാമരാജ് ഉറപ്പുവരുത്തിയിരുന്നു. നെഹ്‌റുവിന്റെ നയങ്ങളുടെ കൂടി പിന്തുടര്‍ച്ച ഉറപ്പുവരുത്തുന്ന ഇന്ദിര തന്നെയായിരുന്നു ആ ഗ്യാരന്റി. ഇന്ത്യന്‍ ബഹുജനങ്ങളുടെ വര്‍ദ്ധിച്ചുവന്ന രാഷ്ട്രീയാഭിമുഖ്യത്തിനു മുന്‍പാകെ വേറെ വഴിയില്ലായിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ മദ്ധ്യവര്‍ത്തിനയം പിന്തുടരുന്ന ഒരാളെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു കൊണ്ടുവരാമെന്നും കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ കരുതി.

ഇന്ദിര നായകസ്ഥാനത്ത് അവരോധിക്കപ്പെടുന്ന സമയത്ത് നമ്മുടെ രാഷ്ട്രീയ-സാമൂഹ്യമണ്ഡലങ്ങളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരുന്നത് എന്നതിനെക്കുറിച്ച് 'ഓട്ടം ഒഫ് ദ മാട്രിയാര്‍ക്: ഇന്ദിരാ ഗാന്ധിസ് ഫൈനല്‍ ടേം ഇന്‍ ഓഫിസ്' എന്ന പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താവായ ഡീഗോ മയ്യോരാനോ വിശദീകരിക്കുന്നുണ്ട്. 1955 ജനുവരിയില്‍ ആവടിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹനിര്‍മ്മാണം എന്ന മുദ്രാവാക്യം അംഗീകരിച്ചത് കോണ്‍ഗ്രസ്സിലും ഭരണതലത്തിലും അധീശത്വം പുലര്‍ത്തിയിരുന്ന ഒരു പ്രബലവിഭാഗമായ ഇന്ത്യന്‍ വ്യവസായി മുതലാളിവര്‍ഗ്ഗത്തില്‍ ആശങ്കയും നീരസവും സൃഷ്ടിച്ചു. അതേസമയം മറ്റൊരു പ്രബലശക്തിയെ, ഗ്രാമങ്ങളില്‍ പ്രധാനമായും കേന്ദ്രീകരിച്ചിരുന്ന സമ്പന്ന കര്‍ഷകവിഭാഗത്തെ രണ്ടാംപദ്ധതിയില്‍ വ്യവസായവല്‍ക്കരണത്തിനു കൊടുത്ത ഊന്നലുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും അകറ്റിയിരുന്നുവെന്നും മയ്യോരാനോ പറയുന്നുണ്ട്. മൂന്നാമത്തെ വിഭാഗമായ മദ്ധ്യവര്‍ഗ്ഗമാകട്ടെ, ഏറെക്കുറെ രാജ്യത്തിന്റെ ആധുനികവല്‍ക്കരണം സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്നും ഭാവിയിലൊന്നും അവ നടപ്പാകാന്‍ പോകുന്നില്ലെന്നും വിശ്വസിച്ചു തുടങ്ങിയിരുന്നു. ഈ മൂന്നു വര്‍ഗ്ഗങ്ങള്‍ക്കും പുറമേ നാലാമതൊരു വിഭാഗം-ഇന്ത്യന്‍ ബഹുജനങ്ങള്‍- ഭരണകൂടനയങ്ങള്‍ തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതാകണമെന്ന ആവശ്യമുയര്‍ത്തി രംഗത്തുവന്നതും ഇക്കാലത്താണ്. രാഷ്ട്രത്തിന്റെ വിഭവങ്ങള്‍ കയ്യാളുന്നതില്‍നിന്നു തങ്ങളെ ഇത്രയും കാലം മാറ്റിനിര്‍ത്തിയിരുന്ന നേരത്തെ പറഞ്ഞ മൂന്നു സാമൂഹ്യവര്‍ഗ്ഗങ്ങള്‍ക്കെതിരെ ഈ വിഭാഗം ശക്തമായ നിലപാടെടുക്കാന്‍ തുടങ്ങി. അങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 1960-കളുടെ ഒടുവിലും 1970-കളിലുമായി ക്രമേണയാണെങ്കിലും ബഹുജനങ്ങള്‍ നായകസ്ഥാനത്തേക്കു വന്നു. ഹിന്ദിമേഖലയില്‍ സ്വാതന്ത്ര്യസമരക്കാലത്ത് കോണ്‍ഗ്രസ്സിന്റെ നട്ടെല്ലായിരുന്ന നാമമാത്ര കര്‍ഷകരായിരുന്നു ഇവരില്‍ മുഖ്യമെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായ ഭിന്നിപ്പിനെത്തുടര്‍ന്നു സംജാതമായ ഇടതുപക്ഷ തീവ്രവാദ പ്രവണതകള്‍ സജീവമായി തുടങ്ങിയിരുന്നു. അര്‍ദ്ധജന്മിത്വ വാഴ്ചാക്രമത്തില്‍ തങ്ങളുടെ യജമാനന്മാരുടെ താല്പര്യത്തിനനുസരിച്ച് നീങ്ങുന്ന പതിവുവിട്ട്, ക്രമേണ സ്വന്തം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നവരും പ്രതികരിക്കുന്നവരുമായിക്കൂടി ഇന്ത്യന്‍ ബഹുജനങ്ങള്‍ മാറുകയായിരുന്നു.

ഗോവധ നിരോധനവും

ഹിന്ദുത്വ രാഷ്ട്രീയവും

സമ്പന്ന കര്‍ഷകര്‍ക്ക് നെഹ്‌റുവിയന്‍ നയങ്ങളില്‍ അതൃപ്തിയുണ്ടായിരുന്നു. കാര്‍ഷികമേഖലയെ അറുപതുകളുടെ തുടക്കത്തില്‍ ബാധിച്ച മുരടിപ്പും വിളവുകുറവും ക്ഷാമവുമെല്ലാം ഇവരുടെ നീരസത്തിനു ശക്തി വര്‍ദ്ധിപ്പിച്ചിരുന്നു. സമ്പദ്‌മേഖല പൊതുവേ ഭദ്രമായിരുന്നില്ല. ചൈനയുമായും പാകിസ്താനുമായും ഉണ്ടായ യുദ്ധങ്ങളും ഉരസലുകളുമെല്ലാം സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിരുന്നു. ചുരുക്കത്തില്‍ ഈ നാലു സാമൂഹ്യവിഭാഗങ്ങളും ക്രമേണ ഭരണകക്ഷിക്കെതിരെ തിരിയുന്നു എന്ന അവസ്ഥ സംജാതമായി.

ഇന്ത്യന്‍ ബഹുജനങ്ങളുടെ താല്‍പ്പര്യങ്ങളെ സാഹചര്യത്തിനനുസരിച്ച് ഉപയോഗിക്കാമെന്ന് ഇന്ദിരയും അവരെ പിന്തുണച്ച വിഭാഗങ്ങളും കരുതിയപ്പോള്‍ മതപരമായ വിഭജനം മൂര്‍ച്ഛിപ്പിച്ച് അതിനു തടയിടുക എന്ന തന്ത്രമാണ് വ്യവസായ-മുതലാളിവര്‍ഗ്ഗവും സമ്പന്ന കര്‍ഷകസമൂഹവും കൈക്കൊണ്ടത്. ഗോവധ നിരോധനം ആവശ്യപ്പെട്ട് 1966-ല്‍ ഗോരക്ഷ അഭിയാന്‍ ദളിന്റെ പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് ആക്രമിച്ചത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. 1966 നവംബര്‍ ഏഴിനായിരുന്നു ഇന്ത്യയിലെ ആദ്യത്തെ പാര്‍ലമെന്റ് ആക്രമണം എന്നു പറയാവുന്ന ഈ സംഭവം നടന്നത്. ഇന്ദിരാഗാന്ധി അധികാരമേറ്റിട്ട് കഷ്ടിച്ച് പത്തുമാസങ്ങളേ ആയിരുന്നുള്ളൂ അതു നടക്കുമ്പോള്‍. അവിഭക്ത പഞ്ചാബില്‍ കര്‍ണലിനെ പ്രതിനിധീകരിച്ച ഭാരതീയ ജനസംഘിന്റെ എം.പി. സ്വാമി രാമേശ്വരാനന്ദിന്റെ നേതൃത്വത്തില്‍ ഗോരക്ഷക് അഭിയാന്‍ പ്രവര്‍ത്തകര്‍ എന്നു സ്വയം വിശേഷിപ്പിച്ച ഒരു ജനക്കൂട്ടം പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തിലേക്ക് ആദ്യം ഇരച്ചുകയറാന്‍ ശ്രമിക്കുകയായിരുന്നു. ഗേറ്റുകള്‍ അടച്ചിട്ടിരിക്കുന്നുവെന്നു മനസ്സിലാക്കിയ പ്രക്ഷോഭകര്‍ പാര്‍ലമെന്റ് സ്ട്രീറ്റിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു നേരെ തലങ്ങും വിലങ്ങും ആക്രമണം നടത്തി. തൊട്ടടുത്ത് ഒരു വീട്ടിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് കാമരാജ് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. എട്ടു പേരാണ് അന്നത്തെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. ഇന്ദിരാഗാന്ധിക്കെതിരെയുള്ള അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെ ആയിരുന്നു ഈ സംഭവങ്ങള്‍. എന്നാല്‍, ഈ സംഭവം ഫലത്തില്‍ ഇന്ദിരയ്ക്കു അനുകൂലമായ അനുകൂലമായ മനോഭാവം പൊതുരംഗത്ത് ശക്തിപ്പെടുന്നതിനു ഉപകരിക്കപ്പെടുകയാണ് ഉണ്ടായത്. അതേസമയം, നിലവിലുള്ള ജനാധിപത്യ വ്യവസ്ഥയ്ക്കും അവയുടെ സ്ഥാപനങ്ങള്‍ക്കും നേരെ കായികമായ ആക്രമണങ്ങള്‍പോലും അഴിച്ചുവിടാന്‍ പ്രാപ്തരാണെന്നു ഹിന്ദുത്വവാദികള്‍ക്കു തെളിയിക്കാനും സാധിച്ചു.

ഗോവധ നിരോധനത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഇന്ദിരാഗാന്ധി എ.കെ. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സഹോദരനും റിട്ട.ജഡ്ജിയുമായ ആര്‍.പി. മുഖര്‍ജി, ആര്‍.എസ്.എസ് സര്‍സംഘ്ചാലക് എം.എസ്. ഗോള്‍വല്‍ക്കര്‍, പുരി ശങ്കരാചാര്യര്‍, ഡി.പി. മിശ്ര, ചരണ്‍സിംഗ്, അന്നത്തെ അഗ്രിക്കള്‍ച്ചറല്‍ പ്രൈസസ് കമ്മിഷന്‍ ചെയര്‍മാനും സാമ്പത്തിക ശാസ്ത്രജ്ഞനും പിന്നീട് സി.പി.എം. നേതാവും പശ്ചിമബംഗാള്‍ ധനമന്ത്രിയുമായിരുന്ന ഡോ. അശോക് മിത്ര, കേന്ദ്ര ഭക്ഷ്യസാങ്കേതിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എച്ച്.എ.ബി. പാര്‍പിയ എന്നിവര്‍ക്കു പുറമേ ധവളവിപ്ലവത്തിന്റെ പിതാവെന്നു വിളിക്കുന്ന വര്‍ഗീസ് കുര്യനും ആ സമിതിയിലുണ്ടായിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് '67-ലെ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

1967-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 17-നും ഫെബ്രുവരി 21-നും ഇടയിലാണ് നടന്നത്. ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം ഒരു അഗ്‌നിപരീക്ഷണമായിരുന്നു ആ തെരഞ്ഞെടുപ്പ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അമരത്തു താനുണ്ടായിരിക്കുമെന്നു തെളിയിക്കാനുള്ള വെല്ലുവിളിയായിട്ടാണ് അവരതിനെ കണ്ടത്. ശാസ്ത്രിയുടെ മരണശേഷം പ്രധാനമന്ത്രിയായപ്പോള്‍ പാര്‍ട്ടിക്കകത്തും പുറത്തുമുള്ള ഇന്ദിരയുടെ വിമര്‍ശകര്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ പരുപരുത്ത തലങ്ങളില്‍ നീങ്ങാന്‍ കഴിവുള്ളവളല്ല അവരെന്നു വാദിച്ചു. എന്നാല്‍, തന്റെ ദൃഢനിശ്ചയത്തില്‍ ഇന്ദിര നിലകൊള്ളുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭുവനേശ്വറില്‍വെച്ച് ഇന്ദിരയ്ക്കു നേരെ കല്ലേറുണ്ടായി. രക്തം വാര്‍ന്നിരുന്ന ഇന്ദിര ആശുപത്രിയില്‍ പോകാന്‍ വിസമ്മതിക്കുകയും മൈക്ക് പിടിച്ചെടുത്ത് ഗുണ്ടായിസത്തെ അപലപിക്കുകയും ജനാധിപത്യപരമായി തന്നെ നേരിടാന്‍ എതിരാളികളെ വെല്ലുവിളിക്കുകയുമാണ് അവര്‍ ചെയ്തത്.

നാലു പ്രധാനമന്ത്രിമാര്‍ ഇന്ത്യക്കുണ്ടായതിനുശേഷമാണ് 1967-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് 520 ഏകാംഗ മണ്ഡലങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്- അഞ്ച് വര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ 26 എണ്ണം വര്‍ദ്ധിച്ചു. ഇതില്‍ 77 എണ്ണം പട്ടികജാതി മണ്ഡലങ്ങളും 37 എണ്ണം പട്ടികവര്‍ഗ്ഗ മണ്ഡലങ്ങളുമായിരുന്നു. ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം ഒരു ലിറ്റ്മസ് ടെസ്റ്റായിരുന്നു അത്. ഒരുവശത്ത് നെഹ്‌റുവിയന്‍ നയങ്ങളുടെ വലതുപക്ഷ വിമര്‍ശകരായ സ്വതന്ത്രാപാര്‍ട്ടിയും ഹിന്ദുത്വവാദികളും വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ മറുവശത്ത് ഇന്ദിരയ്‌ക്കെതിരെയുള്ള ഇടതുവിമര്‍ശനവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു തീര്‍ത്തും അനുകൂലമായ ഒരു ഫലമല്ല തെരഞ്ഞെടുപ്പ് നല്‍കിയത്. പാര്‍ട്ടി ആദ്യമായി 300 സീറ്റുകള്‍ക്കു താഴേക്കു പോയി. 283 സീറ്റുകളാണ് കിട്ടിയത്. അഞ്ച് വര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ 78 സീറ്റുകളുടെ ഇടിവ്. വോട്ട് വിഹിതം 40 ശതമാനത്തിലേറെയായി കുറയുകയും ചെയ്തു.

കൃത്യമായി പറഞ്ഞാല്‍ ഹിന്ദുത്വവാദികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ വലതുപക്ഷം രാഷ്ട്രീയാധികാരത്തിനുവേണ്ടി അക്കാലം തൊട്ടാരംഭിച്ച ശ്രമങ്ങളുടെ തുടര്‍ച്ചയും ഫലപ്രാപ്തിയുമാണ് ഇന്ന് ദൃശ്യമാകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനും വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും അവസാനമായി നടക്കുന്നത് '67-ലാണ്. സംസ്ഥാന തെരഞ്ഞെടുപ്പുകളിലും കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ്സിന് അന്നു ലഭിച്ചത്. ഈ തിരിച്ചടികളെ മറികടക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത് മദ്ധ്യപക്ഷത്തുനിന്ന് ഇടത്തോട്ടു ചാഞ്ഞുകൊണ്ടാണ്. ഇന്ദിരാഗാന്ധിയുടെ ചുവന്ന ദശകം എന്നു വിശേഷിപ്പിക്കപ്പെടുന്ന '72-'73 വരെയുള്ള കാലഘട്ടത്തില്‍ അവര്‍ സോഷ്യലിസ്റ്റ് നടപടികള്‍ കൈക്കൊള്ളുന്നത് ഈ സാഹചര്യത്തിലാണ്. നാലാമത്തെ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തീരുമാനിച്ചത് നിലനില്‍ക്കുന്ന രാഷ്ട്രീയ ചിത്രം സമൂലമായി മാറ്റണം എന്നുതന്നെയായിരുന്നു. 16 സംസ്ഥാനങ്ങളില്‍ എട്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് സംസ്ഥാന നിയമസഭകളില്‍ കേവല ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ബാക്കിയുള്ള എട്ടില്‍ കേരളവും ഒറീസയും യഥാക്രമം കമ്യൂണിസ്റ്റ് ആധിപത്യമുള്ള ഇടതുപക്ഷ സഖ്യത്തേയും (സപ്തകക്ഷി മുന്നണി) വലതുപക്ഷ സഖ്യത്തേയും തെരഞ്ഞെടുത്തു. ഹിന്ദിവിരുദ്ധ പ്രക്ഷോഭം സൃഷ്ടിച്ച തരംഗത്തിലേറി ദ്രാവിഡ മുന്നേറ്റക്കഴകം (ഡി.എം.കെ) കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രവും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കുമാരസ്വാമി കാമരാജിന്റെ സ്വന്തം സംസ്ഥാനവുമായ മദ്രാസില്‍ അധികാരത്തിലേറി. പശ്ചിമ ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാന നിയമസഭകളില്‍ കോണ്‍ഗ്രസ്സിനു കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബംഗാളില്‍ ഇടതുപക്ഷ പിന്തുണയോടെ അജോയ് മുഖര്‍ജിയുടെ ബംഗ്ലാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി ഗവണ്‍മെന്റ് അധികാരത്തിലേറി. കേരളത്തിലും ഇടതുപക്ഷ മുന്നേറ്റം ഉണ്ടായി. എന്നാല്‍ കോണ്‍ഗ്രസ്സിനെതിരെ കോണ്‍ഗ്രസ് വിമര്‍ശകരായ സ്വതന്ത്ര പാര്‍ട്ടിയും ജനസംഘും കോണ്‍ഗ്രസ്സില്‍നിന്നും വിട്ടുപോയ വലതുപക്ഷ വിമതരും മറ്റും ഉണ്ടാക്കിയ മുന്നേറ്റത്തിനു പകരം വെയ്ക്കാവുന്ന തരത്തിലുള്ള ഒരു നേട്ടവും കോണ്‍ഗ്രസ് വിമര്‍ശകരായ ഇടതുപക്ഷത്തിന് ഉണ്ടാക്കാനായില്ല എന്നു രാഷ്ട്രീയ ചരിത്രകാരനും നിരീക്ഷകനുമായ ഹിരണ്‍മയി കാര്‍ലേക്കര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുഖ്യമായും കോണ്‍ഗ്രസ്സിനെ നയിച്ച ഇന്ദിരാഗാന്ധിയുടെ സോഷ്യലിസ്റ്റ് പ്രതിച്ഛായ കമ്യൂണിസ്റ്റ് ഇടതുപക്ഷകക്ഷികള്‍ക്കൊപ്പം നിലകൊണ്ട വിഭാഗങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടിയോട് അടുപ്പിച്ചു എന്നതാണ് കാരണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ റഷ്യന്‍ അനുകൂലവിഭാഗം പലയിടങ്ങളിലും കോണ്‍ഗ്രസ്സിനൊപ്പം നിലകൊള്ളുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com