കോണ്‍ഗ്രസ്സിനകത്തെ ഇടതു ലോബിയും സോഷ്യലിസ്റ്റ് ഇന്ദിരയും

എന്തുകൊണ്ടും നിര്‍ണ്ണായകമായിരുന്നു ഇന്ത്യയുടെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം '71-ലെ തെരഞ്ഞെടുപ്പ്. 1971-ലെ ഇന്ദിരയുടെ വിജയത്തില്‍ വരാനിരിക്കുന്ന ഒരു ദശകത്തിന്റെ രാഷ്ട്രീയ ചിത്രം എന്തെന്നു നിര്‍വ്വചിക്കുന്ന സമ്പൂര്‍ണ്ണ രാഷ്ട്രീയ വിയോജിപ്പിന്റേയും കയ്‌പേറിയ ഏറ്റുമുട്ടലുകളുടേയും വിത്തുകള്‍ ഉണ്ടായിരുന്നു.
ഇന്ദിരഗാന്ധിയും സഞ്ജയ് ഗാന്ധിയും
ഇന്ദിരഗാന്ധിയും സഞ്ജയ് ഗാന്ധിയും special arrangement

രാഷ്ട്രീയരംഗത്തും സമ്പദ്‌മേഖലയിലും സൃഷ്ടിക്കപ്പെട്ട വലിയ ചലനങ്ങളുടെ പശ്ചാത്തലത്തിലാണ് 1971-ലെ തെരഞ്ഞെടുപ്പു നടക്കുന്നത്. ബാങ്കിംഗ് ദേശസാല്‍ക്കരണം ഉള്‍പ്പെടെയുള്ള ഇന്ദിരയുടെ 'സോഷ്യലിസ്റ്റ് പരിഷ്‌കാരങ്ങള്‍', ഹരിതവിപ്ലവം എന്നിങ്ങനെ സമ്പദ്‌മേഖലയില്‍ മാറ്റങ്ങളുണ്ടാക്കിയ രണ്ടു പ്രധാന ഗവണ്‍മെന്റ് ഇടപെടലുകള്‍ ഉണ്ടായി. 1960-കളുടെ അവസാന പകുതിയിലും 1970-കളുടെ ആദ്യ വര്‍ഷങ്ങളും ഇന്ത്യയുടെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ സവിശേഷതകളില്‍ നിരവധി മാറ്റങ്ങള്‍ കണ്ട വര്‍ഷങ്ങളായിരുന്നു. കൃത്യമായ ഫലങ്ങള്‍ ഉടനടി ദൃശ്യമായില്ലെങ്കിലും ഭക്ഷ്യക്ഷാമവും സാമ്പത്തിക മാന്ദ്യവും ഉള്‍പ്പെടെയുള്ള ജനതതി നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ ഭരണകൂടവും സമൂഹവും ഗൗരവമായി അഭിസംബോധന ചെയ്യാന്‍ തുടങ്ങിയിരുന്നു.

ഇന്ദിരാഗാന്ധി അവലംബിച്ച നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവന്ന മുറുമുറുപ്പും പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പുമായിരുന്നു '71-ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉണ്ടായ സംഭവവികാസം. ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായ സീനോ-റഷ്യന്‍ ഭിന്നിപ്പും ഇന്ത്യന്‍ ഭരണകൂടത്തെ നയിക്കുന്ന വര്‍ഗ്ഗത്തെ സംബന്ധിച്ച വിലയിരുത്തലിലും രാഷ്ട്രീയ തന്ത്രത്തിലും പരിപാടിയിലുമുണ്ടായ അഭിപ്രായവ്യത്യാസവും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മൂന്നു കഷണങ്ങളാക്കി മാറ്റിയതാണ് മറ്റൊരു സംഭവവികാസം. വലതുപക്ഷ സാമ്പത്തിക നയങ്ങള്‍ക്കു വേണ്ടി നിലകൊണ്ട സ്വതന്ത്രാപാര്‍ട്ടിയുടേയും ജനസംഘം ഉള്‍പ്പെടെയുള്ള ഹിന്ദുത്വ വലതുപക്ഷത്തിന്റേയും വര്‍ദ്ധിതശക്തി രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇന്ദിരയുടെ നയങ്ങള്‍ ഒരു ഇടതുപക്ഷ രാഷ്ട്രീയ പരിപാടിയുടെ ഭാഗമാണെന്ന വലിയ ആരോപണമാണ് പാര്‍ട്ടിക്കുള്ളില്‍നിന്നും ഉയര്‍ന്നത്. 1969-ല്‍ രാജ്യത്തെ 14 ബാങ്കുകളെ ദേശസാല്‍ക്കരിച്ചത് ഇന്ദിരയ്ക്ക് ശരിക്കും പറഞ്ഞാല്‍ ഗുണകരമായില്ല. എന്നിട്ടും തുടര്‍ന്നു നാട്ടുരാജ്യങ്ങളിലെ മുന്‍ ഭരണാധികാരികളുടെ പ്രിവിപേഴ്സ് നിര്‍ത്തലാക്കാനുള്ള തീരുമാനമുണ്ടായി. എന്നാല്‍, ഈ നടപടികളെല്ലാം ഇന്ദിര ഒരു യഥാര്‍ത്ഥ സോഷ്യലിസ്റ്റാണെന്ന ധാരണ ജനങ്ങള്‍ക്കിടയ്ക്ക് ശക്തിപ്പെടാന്‍ കാരണമായിട്ടുണ്ട്.

വിഭാഗീയതയ്ക്കും തര്‍ക്കങ്ങള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് എസ്. നിജലിംഗപ്പ, പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്ന് ആരോപിച്ച് 1969-ല്‍ ഇന്ദിരയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു. ഹിന്ദിബെല്‍റ്റ് എന്നു വിളിക്കപ്പെടുന്ന പ്രദേശത്ത് പാര്‍ട്ടിക്കു നിരവധി സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടതും ഇന്ദിരക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഉത്തേജകമായി. ''വ്യക്തി ആരാധന വളര്‍ത്തിയെടുക്കുന്നു'' എന്ന് അന്ന് അവര്‍ക്കെതിരെ ആരോപണവുമുണ്ടായി. വ്യക്തി ആരാധനയെ പാര്‍ട്ടിയുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ തുടരുക എന്നതിനു അനിവാര്യമായ ഒരു സംഗതിയായിട്ടാണ് ഇന്ദിര കണക്കാക്കിയത് എന്നു പില്‍ക്കാലത്ത് അവരുടെ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ദിരാഗാന്ധി അവലംബിച്ച നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവന്ന മുറുമുറുപ്പും പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പുമായിരുന്നു '71-ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉണ്ടായ സംഭവവികാസം. ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായ സീനോ-റഷ്യന്‍ ഭിന്നിപ്പും ഇന്ത്യന്‍ ഭരണകൂടത്തെ നയിക്കുന്ന വര്‍ഗ്ഗത്തെ സംബന്ധിച്ച വിലയിരുത്തലിലും രാഷ്ട്രീയ തന്ത്രത്തിലും പരിപാടിയിലുമുണ്ടായ അഭിപ്രായവ്യത്യാസവും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മൂന്നു കഷണങ്ങളാക്കി മാറ്റിയതാണ് മറ്റൊരു സംഭവവികാസം.

ഇന്ദിരയെ പുറത്താക്കിയതോടെ പാര്‍ട്ടി പിളര്‍ന്നു. ഇന്ദിരാ കോണ്‍ഗ്രസ് (ആര്‍) രൂപീകരിച്ചു. കെ. കാമരാജിന്റേയും പിന്നീട് മൊറാര്‍ജി ദേസായിയുടേയും കീഴില്‍ പഴയ പാര്‍ട്ടിയെ കോണ്‍ഗ്രസ് (ഒ) എന്നു വിളിച്ചു 'ഒ' എന്നത് 'ഓര്‍ഗനൈസേഷനെ' - സംഘടനയെ പ്രതിനിധീകരിക്കുമ്പോള്‍ ഇന്ദിരയുടെ പാര്‍ട്ടിയുടെ പേരിലുള്ള 'ആര്‍' എന്നത് റിക്വിസിഷനെ (ഞലൂൗശേെശീി) സൂചിപ്പിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ പിളര്‍പ്പ് പ്രധാനമായും ഒരു വശത്ത് പാര്‍ട്ടിയുടെ പഴയ കാവല്‍ക്കാരും മറുവശത്ത് ഇന്ദിരയും അവരുടെ അനുയായികളും/ വിശ്വസ്തരും തമ്മിലുള്ള പിളര്‍പ്പായിരുന്നു. ആ പാര്‍ട്ടിയിലെ വലതുപക്ഷ ചായ്വുള്ള നേതാക്കളും ഇടതുപക്ഷക്കാരും തമ്മിലുള്ള ഭിന്നിപ്പായിട്ടാണ് ഇതു ചിത്രീകരിക്കപ്പെട്ടത്.

യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ആശയപരമായ അനൈക്യമാണോ കോണ്‍ഗ്രസ്സിനെ പിളര്‍പ്പിലേക്കു നയിച്ചത്? 1967-ലെ തെരഞ്ഞെടുപ്പില്‍നിന്ന് ഇന്ദിരാഗാന്ധി പഠിച്ച പാഠങ്ങളിലൊന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ സംഘടിതശക്തിയായി ഉയര്‍ന്നുവരുന്ന നാലാമതൊരു വിഭാഗത്തെ, ബഹുജനങ്ങളെ കോണ്‍ഗ്രസ്സിനോട് അടുപ്പിക്കേണ്ടതുണ്ട് എന്നതായിരുന്നു. അതേസമയം നേരത്തെ കോണ്‍ഗ്രസ്സിനൊപ്പം നിന്നിരുന്ന ധനിക കര്‍ഷകരേയും വന്‍കിട-ഇടത്തരം വ്യവസായി വ്യാപാരി വിഭാഗത്തേയും മധ്യവര്‍ഗ്ഗത്തേയും തന്നോടൊപ്പം നിര്‍ത്തേണ്ടിയും വന്നിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ചായ്വ് സോവിയറ്റ് യൂണിയനോടായിരുന്നു എന്നത് അമേരിക്ക ഉള്‍പ്പെടുന്ന മുതലാളിത്ത ചേരി ഇന്ത്യയെ സംശയത്തോടെ കാണുന്നതിനു വഴിവെച്ചു. തുടര്‍ന്നു വര്‍ഷംതോറും 900 മില്യണ്‍ ഡോളര്‍ സഹായം നല്‍കാമെന്ന വാഗ്ദാനത്തില്‍നിന്നു ലോകബാങ്ക് പിന്മാറി. ഈ സന്ദര്‍ഭത്തിലാണ് ഇന്ദിരാഗാന്ധി തന്റെ സോഷ്യലിസ്റ്റ് പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകുന്നത്. കോണ്‍ഗ്രസ് ഫോറം ഫോര്‍ സോഷ്യലിസ്റ്റ് ആക്ഷന്‍ എന്നറിയപ്പെടുന്ന കോണ്‍ഗ്രസ്സിലെ ഉല്‍പ്പതിഷ്ണുക്കളുടേയും ഇടതുപക്ഷ രാഷ്ട്രീയ കക്ഷികളുടേയും പിന്തുണ ഇതിനു ലഭിച്ചു. 1967-നു മുന്‍പ് വളരെ അപൂര്‍വ്വമായാണ് ഇന്ദിര സോഷ്യലിസം എന്ന ആശയത്തിലേയ്ക്ക് തിരിഞ്ഞിരുന്നതെന്ന് രാമചന്ദ്രഗുഹ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭൂപരിഷ്‌കരണം എന്ന മുദ്രാവാക്യം സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതല്‍ക്കേ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നെങ്കിലും അതു നടപ്പാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ആത്മാര്‍ത്ഥത കാട്ടിയിരുന്നില്ല. സമത്വമെന്ന ആശയത്തോടു പ്രതിബദ്ധമായിരുന്നെങ്കില്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തില്‍ മുന്നോട്ടുവെച്ച ഇത്തരം മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ആ പാര്‍ട്ടി ശ്രദ്ധ നല്‍കുമായിരുന്നു. ഭൂപരിഷ്‌കരണം നടപ്പിലാകാത്ത സാഹചര്യത്തില്‍ ബ്രിട്ടീഷുകാരുടെ കാലത്തു നിലനിന്നിരുന്ന നാടുവാഴിത്ത ബന്ധങ്ങള്‍ ഏറെക്കുറെ നിലനില്‍ക്കുകയും ദരിദ്ര-ഭൂരഹിത കര്‍ഷകര്‍ അതേ അവസ്ഥയില്‍ തുടരുകയും ചെയ്തു. ചുരുക്കത്തില്‍ സ്വാതന്ത്ര്യലബ്ധി അവരുടെ ജീവിതത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിരുന്നില്ലെന്നര്‍ത്ഥം. 1960-കളുടെ രണ്ടാം പകുതിയില്‍ ബഹുജനങ്ങള്‍ക്കിടയിലെ രാഷ്ട്രീയമായ ജാഗരണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിനുപോലും വേരോട്ടമുണ്ടായി. രാജ്യമെമ്പാടും ബഹുജന-വര്‍ഗ്ഗസമരങ്ങള്‍ ക്രമേണ ശക്തിപ്പെട്ടു.

മൊറാര്‍ജി ദേശായി
മൊറാര്‍ജി ദേശായി

ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണാനന്തരം കാമരാജ്, നിജലിംഗപ്പ, സഞ്ജീവ റെഡ്ഢി, അതുല്യഘോഷ് എന്നിവരുള്‍പ്പെട്ട സിന്‍ഡിക്കേറ്റ് എന്നറിയപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം അവര്‍ക്കു വെല്ലുവിളിയായി മൊറാര്‍ജി ദേസായി പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവരുന്നതിനു തടയിടാനായി ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയായിരുന്നു. തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് ഇന്ദിര ചലിക്കുമെന്ന ധാരണയിലായിരുന്നു ഇത്. ഇന്ദിരയാകട്ടെ, പാര്‍ട്ടിക്കകത്തും പൊതുസമൂഹത്തിലും തനിക്കു പിന്തുണ സൃഷ്ടിച്ചെടുക്കുന്നതില്‍ തല്പരരായിരുന്നു. അവരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.എന്‍. ഹക്‌സറെപ്പോലെയുള്ള ഉപദേശകരുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്സിനകത്തെ ഇടതു ലോബിയോട് ചേര്‍ന്നു പോകാന്‍ ഇന്ദിര തീരുമാനിക്കുന്നത്.

ബാങ്കിംഗ് ദേശസാല്‍ക്കരണവും

ഇന്ദിരയും

ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കുമേല്‍ സാമൂഹിക നിയന്ത്രണമേര്‍പ്പെടുത്തുക എന്നതിനായിരുന്നു തുടക്കത്തില്‍ ഇന്ദിരാഗാന്ധിയുടെ താല്‍പ്പര്യം. സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സുകാരുടെ ബാങ്ക് ദേശസാല്‍ക്കരണം എന്ന ആവശ്യം നിറവേറ്റുന്നതില്‍ അവര്‍ കാലവിളംബം വരുത്തി. എന്നാല്‍, അവയുടെ ദേശസാല്‍ക്കരണത്തില്‍ കുറഞ്ഞതൊന്നും അംഗീകരിച്ചു കൊടുക്കാന്‍ കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാര്‍ തയ്യാറില്ലായിരുന്നു. മൊറാര്‍ജി ദേസായിയെയാണ് ബാങ്കുകളുടെ സാമൂഹിക നിയന്ത്രണത്തിനു നടപടികളെടുക്കാന്‍ ചുമതലപ്പെടുത്തിയത്. പാര്‍ലമെന്റ് ഇതു സംബന്ധിച്ച് ഒരു ആക്ട് പാസ്സാക്കുകകയും ചെയ്തു. മോഹന്‍ ധാരിയയും എസ്.എന്‍. മിശ്രയുമുള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് വിഭാഗക്കാര്‍ ഈ ആക്ടില്‍ പ്രതിഫലിച്ചു കണ്ടത് മൊറാര്‍ജിയുടെ നയങ്ങളാണ്. അത് അവര്‍ക്ക് അസ്വീകാര്യവുമായിരുന്നു. ഫരീദാബാദില്‍ ചേര്‍ന്ന എ.ഐ.സി.സി സമ്മേളനത്തില്‍ അവര്‍ മുന്നോട്ടുവെച്ച ബാങ്കിംഗ് ദേശസാല്‍ക്കരിക്കാനുള്ള ആവശ്യത്തെ ഇന്ദിരാഗാന്ധി എതിര്‍ക്കുകയും ബാങ്കിംഗ് രംഗത്തെ സാമൂഹിക നിയന്ത്രണം എന്ന ആശയം മാത്രം അടുത്ത രണ്ടു വര്‍ഷം നടപ്പാകട്ടെ എന്നു വാദിക്കുകയും ചെയ്തു. എന്നാല്‍, രാഷ്ട്രപതിയായിരുന്ന സക്കീര്‍ ഹുസൈന്റെ നിര്യാണത്തോടെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരം അനിവാര്യമായത്. സ്വന്തം സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്സിലെ സിന്‍ഡിക്കേറ്റ് പക്ഷത്തെ ദുര്‍ബ്ബലമാക്കാന്‍ ഇന്ദിരയ്ക്ക് പാര്‍ട്ടിയിലെ ഉല്‍പ്പതിഷ്ണുക്കളുടേയും പുരോഗമന വാദികളുടേയും പിന്തുണ ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് 1969 ജൂണില്‍ ബാങ്കിംഗ് ദേശസാല്‍ക്കരണത്തിന് ഇന്ദിര നിര്‍ബ്ബന്ധിതയാകുന്നത്.

പി.എന്‍ ഹക്‌സര്‍
പി.എന്‍ ഹക്‌സര്‍

അതേസമയം, ശീതളപാനീയരംഗത്തെ കുത്തക അനുഭവിച്ചിരുന്ന കൊക്കക്കോളപോലുള്ള ബഹുരാഷ്ട്ര ഭീമന്മാരോടുള്ള മൃദുസമീപനത്തില്‍നിന്നുതന്നെ ഇന്ദിരയുടെ ഇരട്ടത്താപ്പ് വ്യക്തമായിരുന്നു. വിദേശ വിനിമയ നിയന്ത്രണ നിയമത്തിനു വഴിപ്പെടാത്ത കൊക്കക്കോളയുടെ നിലപാടിനു '71-ല്‍ അധികാരത്തില്‍ വന്ന ഇന്ദിരാ ഗവണ്‍മെന്റ് വഴങ്ങിക്കൊടുത്തു. തൊട്ടടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഇന്ദിര പരാജയമടയുകയും ഒരു കോണ്‍ഗ്രസ് ഇതര ഗവണ്‍മെന്റ് അധികാരത്തില്‍ വരികയും റയില്‍വേ സമരക്കാലത്ത് ഇന്ദിര ജയിലിലടച്ചയാളും 'ഇടതുപക്ഷത്തിന്റെ വെള്ളിനക്ഷത്രം' എന്ന വിശേഷിപ്പിക്കപ്പെടുകയും ചെയ്ത ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്ന തൊഴിലാളി യൂണിയന്‍ നേതാവ് വ്യവസായ മന്ത്രിയായതോടുകൂടിയാണ് ഈ നയം തിരുത്തപ്പെടുന്നത്. 60 ശതമാനം ഓഹരി ഒരു ഇന്ത്യന്‍ പങ്കാളിക്കു കൈമാറണമെന്നു മാത്രമല്ല അന്നു ജോര്‍ജ് ഫെര്‍ണാണ്ടസ് ശഠിച്ചത്. മറിച്ച് ശീതളപാനീയത്തിന്റെ ഫോര്‍മുല ആ ഇന്ത്യന്‍ പങ്കാളിക്കു കൈമാറണമെന്നു കൂടിയാണ്. ഇന്ദിരയുടെ മകന്‍ സഞ്ജയ് '74-ല്‍ സര്‍ജ് എന്ന പ്രസിദ്ധീകരണത്തിനു നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്: ''സ്വകാര്യ കമ്പനികളോടു മത്സരിക്കാന്‍ കഴിയാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ സ്വാഭാവിക മരണത്തിനു വിട്ടുകൊടുക്കാന്‍ നാം തയ്യാറാകേണ്ടതുണ്ട്'' എന്നാണ്. 'പ്രൊട്ടക്ഷണിസ്റ്റ് നയങ്ങള്‍ക്കെതിരെ' ഇന്ദിരയ്‌ക്കൊപ്പം നിന്ന ഒരു വിഭാഗത്തിന്റെ എതിര്‍പ്പാണ് സഞ്ജയ് പ്രകടമാക്കിയത്. ഇന്ദിരാ വിഭാഗത്തില്‍ സഞ്ജയ് ഗാന്ധിയുടെ വളര്‍ന്നുവരുന്ന സ്വാധീനം അതിനകം തന്നെ ശ്രദ്ധേയമായിത്തീര്‍ന്നിരുന്നു. പിളര്‍പ്പിനെത്തുടര്‍ന്ന് ഇന്ദിരാ വിഭാഗത്തിനു 'നുകം വെച്ച കാള' എന്ന ചിഹ്നം നഷ്ടമായിരുന്നു. പകരം പശുവും കിടാവും എന്ന ചിഹ്നം സ്വീകരിച്ചു. ഇന്ദിരയേയും മകന്‍ സഞ്ജയിനേയുമാണ് ഈ ചിഹ്നം പ്രതിനിധീകരിക്കുന്നത് എന്ന് എതിരാളികള്‍ പരിഹസിച്ചതും പാര്‍ട്ടിയില്‍ സഞ്ജയ് ഗാന്ധിയുടെ വളര്‍ന്നുവരുന്ന സ്വാധീനം ശ്രദ്ധിക്കപ്പെട്ടതും വിജയ് സംഘ്‌വി 'ദ കോണ്‍ഗ്രസ്: ഇന്ദിര ടു സോണിയ' എന്ന തന്റെ പുസ്തകത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1969-ലാണ് ഇന്ദിരയുടെ ഇളയമകനായ സഞ്ജയ് ഇംഗ്ലണ്ടിലെ റോള്‍സ് റോയ്‌സ് ഫാക്ടറിയില്‍ പരിശീലനവും നേടി നാട്ടിലെത്തുന്നത്. അന്ന് അദ്ദേഹത്തിനു 23 വയസ്സായിരുന്നു പ്രായം. നാട്ടിലെത്തിയ സഞ്ജയ് ഇന്ത്യയില്‍ ചെറിയ കാര്‍ നിര്‍മ്മിക്കുന്നതിനു ലൈസന്‍സിന് അപേക്ഷിച്ചു. ഗവണ്‍മെന്റ് അനുമതി നല്‍കിയ ഒരേ ഒരു അപേക്ഷ സഞ്ജയ് ഗാന്ധിയുടേതു മാത്രമായിരുന്നു. ഈ വിഷയത്തില്‍ ഇന്ദിരയ്‌ക്കെതിരെ സ്വജന പക്ഷപാതം ആരോപിക്കപ്പെട്ടു. പാര്‍ലമെന്റില്‍ വലിയ ഒച്ചപ്പാടുമുണ്ടായി. എന്നാല്‍, ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ കൂട്ടാക്കാതെ അവ തള്ളിക്കളയാനാണ് ഇന്ദിര മുതിര്‍ന്നത്. അവിടം കൊണ്ടും തീര്‍ന്നില്ല. ബന്‍സിലാല്‍ നയിച്ച ഹരിയാനയിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് 300 ഏക്കര്‍ ഭൂമി കാര്‍ ഫാക്ടറിക്കായി കൈമാറി. 15000 കൃഷിക്കാരെയാണ് ഇതിനുവേണ്ടി ബലം പ്രയോഗിച്ചും അല്ലാതേയും ഒഴിപ്പിച്ചത്. സഞ്ജയ് ഗാന്ധിയുടെ കാര്‍ പ്രൊജക്ടിനെ എതിര്‍ത്ത പി.എന്‍. ഹക്‌സറിനു സ്ഥാനമൊഴിയേണ്ടിവന്നു. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു ക്ലിക്ക് ക്രമേണ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പിടിമുറുക്കാനാരംഭിച്ചു.

പിളര്‍പ്പിനു തൊട്ടുപിന്നാലെ, അവിഭക്ത കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതൃഘടകത്തിലെ ഭൂരിപക്ഷം പേരും ഇന്ദിരയ്‌ക്കൊപ്പം കോണ്‍ഗ്രസ് (ആര്‍)-ല്‍ ചേര്‍ന്നിരുന്നു. രാജ്യത്തിന്റെ 'മഹത്തായ പാര്‍ട്ടിക്ക്' കനത്ത ആഘാതമായെങ്കിലും പിളര്‍പ്പ് ഇന്ദിരയുടെ വന്‍ ശക്തിപ്രകടനമായി അതു മാറുകയായിരുന്നു. 1967-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിനു ശേഷം മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് - പ്രധാനമായും സ്വതന്ത്രാപാര്‍ട്ടി - കൂടുതല്‍ ശക്തിപ്പെടാനുള്ള സാഹചര്യം പാകപ്പെട്ടു. ഇന്ദിരയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ 1971-ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രാ പാര്‍ട്ടി 'മഹാസഖ്യത്തില്‍' ചേര്‍ന്നു. 1972-ല്‍ സി. രാജഗോപാലാചാരിയുടെ മരണശേഷം ഈ പാര്‍ട്ടിക്കു ശക്തിക്ഷയം സംഭവിച്ചു. ഇന്ദിരയെ തോല്‍പ്പിക്കുക എന്ന ഇന്ദിരാവിരുദ്ധരുടെ ലക്ഷ്യം കുറച്ചുകൂടി വര്‍ഷത്തേയ്ക്ക് യാഥാര്‍ത്ഥ്യമാകാതെ പോകുകയും ചെയ്തു. 1967-നു ശേഷം സാമ്പത്തികരംഗത്തെ സ്ഥിതിഗതികള്‍ നാലാം പഞ്ചവത്സര പദ്ധതിയെത്തുടര്‍ന്നു കുറച്ചുകൂടി മെച്ചപ്പെട്ടിരുന്നു. രാജ്യത്തെ ഭക്ഷ്യക്ഷാമമെന്ന ഗുരുതര പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ദിശയിലേക്കുള്ള ഒരു വലിയ ചുവടുവെയ്പായിരുന്നു ഹരിതവിപ്ലവം. കാര്‍ഷിക മുതലാളിത്തം വളര്‍ത്തിയെങ്കിലും ഇതേത്തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ വ്യാപകമായ മാറ്റങ്ങളുണ്ടായി. ഹരിതവിപ്ലവത്തിന്റെ തുടക്കം രാജ്യത്തെ ഭക്ഷ്യക്ഷാമത്തിന്റെ വമ്പിച്ച പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ദിശയിലേക്കുള്ള ഒരു വലിയ ചുവടുവയ്പായിരുന്നു. ഇതിനു കീഴില്‍ കാര്‍ഷികമേഖലയില്‍ വ്യാപകമായ മാറ്റങ്ങളുണ്ടായി. കാര്‍ഷികമേഖലയില്‍ ആധുനിക സാങ്കേതികവിദ്യയുടെ പ്രയോഗവും വിപുലമായ ഗവേഷണവും കാര്‍ഷികവിളകളുടെ ഉല്‍പ്പാദനത്തില്‍ പ്രകടമായ വര്‍ദ്ധന ഉറപ്പാക്കി. കാലം ചെല്ലേ, ഹരിതവിപ്ലവം അതിലും വലിയ സാമൂഹിക-സാമ്പത്തിക വെല്ലുവിളികളില്‍ കലാശിച്ചെങ്കിലും അത് ഭക്ഷ്യരംഗത്തെ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്കു നയിച്ചിട്ടുണ്ട്.

27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള ലോക്‌സഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 1967-ല്‍നിന്നും വ്യത്യസ്തമായി പുതിയ സംസ്ഥാനങ്ങളൊന്നും സൃഷ്ടിക്കപ്പെട്ടിരുന്നില്ല. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി എന്നതൊഴിച്ചാല്‍ വേറെ വ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. എട്ടു ദേശീയ പാര്‍ട്ടികളും 17 പ്രാദേശിക പാര്‍ട്ടികളുമാണ് 1971-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ആര്‍), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഒ) എന്നിവയ്ക്കു പുറമേ സി.പി.ഐ, സി.പി.ഐ (എം), പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി, ഭാരതീയ ജനസംഘ്, സ്വതന്ത്രാ പാര്‍ട്ടി എന്നിവയായിരുന്നു പ്രധാന ദേശീയ പാര്‍ട്ടികള്‍. ബംഗ്ലാ കോണ്‍ഗ്രസ്, ഭാരതീയ ക്രാന്തിദള്‍, ദ്രാവിഡ മുന്നേറ്റ കഴകം, കേരളാ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ശിരോമണി അകാലിദള്‍ എന്നീ പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പം ആര്‍.എസ്.പി, പെസന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി എന്നിങ്ങനെ രണ്ടു ഇടതു പക്ഷകക്ഷികള്‍ക്കു കൂടി പ്രാദേശിക പാര്‍ട്ടി പദവിയാണ് ഉണ്ടായിരുന്നത്. ഇതിനു പുറമേ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒട്ടനവധി ചെറു പ്രാദേശിക കക്ഷികളും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. 1971 മാര്‍ച്ച് ഒന്നിനും 10-നും ഇടയിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 55.2 ശതമാനം സമ്മതിദായകര്‍ വോട്ടു രേഖപ്പെടുത്തി. ഇന്ദിരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ആര്‍) 43.68 ശതമാനം വോട്ടുകള്‍ നേടി 352 സീറ്റുകള്‍ നേടി. മറ്റൊരു പാര്‍ട്ടിക്കോ സഖ്യത്തിനോ ഇന്ദിരാ കോണ്‍ഗ്രസ്സിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാനോ അടുത്തെത്താന്‍ പോലുമോ കഴിഞ്ഞില്ല, സംഘടനാ കോണ്‍ഗ്രസ്സിനായിരുന്നു കനത്ത ആഘാതമേറ്റത്. 16 സീറ്റുകള്‍ നേടാനേ അതിനു കഴിഞ്ഞുള്ളൂ. 1967-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭാവിയില്‍ വലിയ സാദ്ധ്യത സ്വതന്ത്ര പാര്‍ട്ടിക്കു ലഭിക്കുമെന്ന തോന്നല്‍ ഉളവായിരുന്നെങ്കിലും എട്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഭാരതീയ ജന്‍സംഘ് 22 സീറ്റുകള്‍ നേടിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും (മാര്‍ക്‌സിസ്റ്റ്) യഥാക്രമം 23, 25 സീറ്റുകള്‍ നേടി. 23 സീറ്റുകളില്‍ വിജയിച്ച് ഡി.എം.കെ ശക്തമായ പ്രാദേശിക ശക്തിയായി ഉയര്‍ന്നുവന്നതും ഈ തെരഞ്ഞെടുപ്പിലാണ്.

എന്തുകൊണ്ടും നിര്‍ണ്ണായകമായിരുന്നു ഇന്ത്യയുടെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം '71-ലെ തെരഞ്ഞെടുപ്പ്. 1971-ലെ ഇന്ദിരയുടെ വിജയത്തില്‍ വരാനിരിക്കുന്ന ഒരു ദശകത്തിന്റെ രാഷ്ട്രീയ ചിത്രം എന്തെന്നു നിര്‍വ്വചിക്കുന്ന സമ്പൂര്‍ണ്ണ രാഷ്ട്രീയ വിയോജിപ്പിന്റേയും കയ്‌പേറിയ ഏറ്റുമുട്ടലുകളുടേയും വിത്തുകള്‍ ഉണ്ടായിരുന്നു. റായ്ബറേലി നിയോജകമണ്ഡലത്തില്‍ സ്വന്തം വിജയത്തിനു തിരക്കഥയൊരുക്കാന്‍ ഇന്ദിര ഗവണ്‍മെന്റ് സംവിധാനത്തെ ഉപയോഗിച്ചുവെന്നും ഇതു തെരഞ്ഞെടുപ്പ് തട്ടിപ്പിനു തുല്യമാണെന്നുമുള്ള കണ്ടെത്തല്‍ പിന്നീടുണ്ടായി. 1975-ല്‍, അലഹബാദ് ഹൈക്കോടതി വിധിയും അതോടുള്ള പ്രതികരണമായി ഉണ്ടായ അടിയന്തരാവസ്ഥയും ഇന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായ രാഷ്ട്രീയ ചര്‍ച്ചയായി തുടരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com