ക്യാമറ കണ്ട ജീവിതവൈവിദ്ധ്യങ്ങള്‍

ന്യൂസ് ഫോട്ടോഗ്രാഫര്‍ പീതാംബരന്‍ പയ്യേരിയുടെ ക്യാമറയുമേന്തിയുള്ള മൂന്ന് പതിറ്റാണ്ട് മാധ്യമജീവിതം
പീതാംബരന്‍ പയ്യേരി
പീതാംബരന്‍ പയ്യേരി photo akashaMittai

ഡക്കാന്‍ ക്രോണിക്കിളില്‍ ചീഫ് ഫോട്ടോഗ്രാഫറായി 2018-ല്‍ റിട്ടയര്‍ ചെയ്ത പീതാംബരന്‍ പയ്യേരിയുടെ തുടക്കം കോഴിക്കോട് കേരള കൗമുദിയിലായിരുന്നു-1987ല്‍. തുടര്‍ന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, മലയാള മനോരമ, ഡെക്കാന്‍ ക്രോണിക്കിള്‍ എന്നീ പത്രങ്ങളിലും പ്രവര്‍ത്തിച്ച സമ്പന്നമായ അനുഭവങ്ങളേറെയുണ്ട്. ''ബേപ്പൂരിലെ കല്ലിങ്ങല്‍ എന്ന തീരദേശഗ്രാമത്തില്‍നിന്ന് ആദ്യമായി പത്താം ക്ലാസ്സ് പാസ്സായത് ഞാനായിരുന്നു'', പീതാംബരന്‍ തന്റെ കടന്നുവന്ന വഴിത്താരകള്‍ ഓര്‍മിക്കുന്നു. 1970-കളുടെ അവസാനം ഉരു വ്യവസായം തകര്‍ന്നപ്പോള്‍, നാട്ടിലെ മരപ്പണിക്കാര്‍ ഗള്‍ഫില്‍ പോയി. അവര്‍ അവധിക്കു വരുമ്പോള്‍ വിവിധതരം ക്യാമറ കൊണ്ടുവരുമായിരുന്നു. ''ഫിലിം റോളുകള്‍ അതില്‍ ഇടാനായി ചിലര്‍ എന്റടുത്തു കൊണ്ടുവന്നു. ഒപ്പമുള്ള ലഘുലേഖ വായിച്ചുനോക്കി ഫിലിം ലോഡ് ചെയ്യാന്‍ ഞാന്‍ പഠിച്ചു.'' എങ്കില്‍ പിന്നെ പടമെടുത്തു തരൂ എന്നായി ചിലര്‍. ആ ഫിലിം ഗള്‍ഫില്‍ കൊണ്ടുപോയി പ്രോസസ് ചെയ്ത് തിരിച്ചുകൊണ്ടുവരുമ്പോള്‍ മാസങ്ങള്‍ കഴിയും. ഫോട്ടോ എടുക്കുമ്പോഴുള്ള ആങ്കിളുകളും ലൈറ്റിങ്ങുമൊക്കെ എഴുതിവച്ച്, പ്രിന്റുമായി ഒത്തുനോക്കി പഠനം തുടര്‍ന്നു. കുറെക്കഴിഞ്ഞപ്പോള്‍ ചിലരൊക്കെ പീതാംബരനെ ക്യാമറ ഏല്പിച്ചു തിരിച്ചുപോയി. അങ്ങനെ, എല്ലാത്തരം ക്യാമറകളും കൈകാര്യം ചെയ്യാന്‍ പഠിച്ചു.

വ്യവസായവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച എം.ഐ. ബാലന്‍ എന്ന സഹൃദയന്റെ യാത്രയയപ്പിനു ഫോട്ടോയെടുക്കാന്‍ പോയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ''ചെറുവണ്ണൂരില്‍ സ്റ്റുഡിയോ നടത്തുന്ന ശങ്കരേട്ടനും ഞാനും ഫോട്ടോകളെടുത്തു. നാട്ടുകാരനായ സംവിധായകന്‍ പി.എസ്. മണിയുടെ വീട്ടില്‍നിന്ന്, സിനിമ ചെയ്യുന്ന 35 എം.എം. ഫിലിം മുറിച്ചെടുത്ത് ക്യാമറയിലിട്ടാണ് ഞാന്‍ ചിത്രമെടുത്തത്. ശങ്കരേട്ടനെടുത്തതൊന്നും കിട്ടിയില്ല. ഞാനെടുത്ത 16 ഫോട്ടോകള്‍ കിട്ടി. അതാണ് ചില പത്രങ്ങളില്‍ അച്ചടിച്ചു വന്നത്. അതു കണ്ട് എന്നെ അഭിനന്ദിക്കാന്‍ കുടുംബസമേതം ബാലന്‍ എത്തിയപ്പോള്‍ ഞാന്‍ കടലില്‍ കല്ലുമ്മക്കായ പറിക്കുകയായിരുന്നു.''

ബാലന്‍ അത്ഭുതപ്പെട്ടു. അദ്ദേഹം മുന്‍കൈയെടുത്ത് പീതാംബരനെ 15 ദിവസത്തെ സംരംഭകത്വ പരിശീലനത്തിനു ചേര്‍ത്തു. സര്‍ക്കാരില്‍നിന്ന് 25000 രൂപയുടെ വായ്പയും സംഘടിപ്പിച്ചുകൊടുത്തു. അങ്ങനെ, നാട്ടില്‍ വിജി സ്റ്റുഡിയോ തുടങ്ങി.

സി.പി.എം ചെമ്പട ഉറ്റവരെ തട്ടിക്കൊണ്ട്പോയെന്ന് പറഞ്ഞ് വിലപിക്കുന്ന നന്ദിഗ്രാമിലെ
സ്ത്രീകൾ(2007)
സി.പി.എം ചെമ്പട ഉറ്റവരെ തട്ടിക്കൊണ്ട്പോയെന്ന് പറഞ്ഞ് വിലപിക്കുന്ന നന്ദിഗ്രാമിലെ സ്ത്രീകൾ(2007) ഫോട്ടോ :പീതാംബരന്‍ പയ്യേരി

ആയിടയ്ക്ക് കോഴിക്കോട് നടന്ന ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനത്തിന്റെ ഫോട്ടോയെടുക്കാന്‍ പോയി. പക്ഷേ, പത്രക്കാരനല്ലാത്തതിനാല്‍ സംഘാടകര്‍ അകത്തേക്കു കടത്തിവിട്ടില്ല. എടുക്കുന്ന ഫോട്ടോകള്‍ അവര്‍ക്കു നല്‍കാമെന്നു പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ''അതോടെയാണ് പത്രത്തില്‍ കയറണമെന്ന ആഗ്രഹമുണ്ടായത്.''

കള്ളക്കടത്ത് വ്യാപകമായ കാലമായിരുന്നു, അത്. പൊതുമേഖലാസ്ഥാപനമായ 'സില്‍ക്ക്' പൊളിക്കാന്‍ കൊണ്ടുവന്ന ഒരു കപ്പലിലെ ഹൈ ഫ്രീക്വന്‍സി വയര്‍ലെസ് സെറ്റിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി അവരും കസ്റ്റംസുമായി തര്‍ക്കമുണ്ടായി. 'സില്‍ക്കി'ലെ ജീവനക്കാര്‍ കപ്പലില്‍നിന്ന് എടുത്തുകൊണ്ടുപോയ സെറ്റ് കസ്റ്റംസ് പിടിച്ചെടുത്ത് വെസ്റ്റ് ഹില്ലിലുള്ള അവരുടെ ഗോഡൗണില്‍ കൊണ്ടുപോയി. അച്ഛന്റെ അനുജനോടൊപ്പം അവിടെ പോയപ്പോള്‍, മദ്യലഹരിയില്‍, അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് ഇക്കഥ പറഞ്ഞത്. ''ഇതൊന്നും നിങ്ങളറിഞ്ഞില്ലേ'' എന്ന് ചോദിച്ച് അയാള്‍ പരിഹസിച്ചു.

അന്ന് നാട്ടില്‍ ഏറെപ്പേര്‍ വായിക്കുന്ന പത്രം കേരള കൗമുദിയായിരുന്നതിനാല്‍ ആ വാര്‍ത്തയുമായി അവിടെച്ചെന്ന് ന്യൂസ് എഡിറ്റര്‍ പി.ജെ. മാത്യുവിനെ കണ്ടു. മാധ്യമജീവിതത്തിലേക്കുള്ള വാതില്‍ തുറന്നുതന്നത് അദ്ദേഹമാണ്. ''ആ വയര്‍ലെസ് സെറ്റിന്റെ പടം കൊണ്ടുവന്നാല്‍ വാര്‍ത്ത ഒന്നാം പേജില്‍ കൊടുക്കാം'' - അദ്ദേഹം പറഞ്ഞു.

അയലത്തുകാരനായിരുന്നു ഗോഡൗണിലെ സെക്യൂരിറ്റി ഗാര്‍ഡ്. ഒരു കുപ്പിയുമായാണ് ചിറ്റപ്പന്‍ ഒപ്പം വന്നത്. ''രണ്ടാളും കൂടി അത് സേവിച്ചിരിക്കേ, ഞാന്‍ സെറ്റിന്റെ പടങ്ങളെടുത്തു. അതുമായി കേരള കൗമുദിയിലെത്തി. അവ കണ്ട് മാത്യുസാര്‍ അത്ഭുതപ്പെട്ടു. പത്രത്തില്‍ പ്രാധാന്യത്തോടെ വാര്‍ത്തയും പടവും വന്നു.''

കാപ്പാട് ബീച്ച് അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കപ്പെടുന്നതിനു മുന്‍പ് അവിടെപ്പോയി ഫോട്ടോ എടുത്തുകൊണ്ടുവരാന്‍ പി.ജെ. മാത്യു പീതാംബരനോട് ആവശ്യപ്പെട്ടു. ''ഒരു ഷോട്ടില്‍ ബീച്ച് മുഴുവന്‍ കിട്ടുമായിരുന്നില്ല. കടലിലേക്കു തള്ളിനില്‍ക്കുന്ന ഒരു പാറയുടെ എതിര്‍ദിശയില്‍നിന്ന് ബീച്ചിലെ കാഴ്ചകളുടെ മൂന്ന് ഫോട്ടോകളെടുത്തു. അവ ഒന്നാക്കിയാണ് നല്‍കിയത്. എട്ടുകോളത്തിലാണ് അത് പത്രത്തിന്റെ ഒന്നാം പേജില്‍ വന്നത്.''

അക്രമികൾ തകർത്ത നന്ദീഗ്രാമിലെ വീടിനു മുന്നിൽ ആമിനയും സഹോദരനും (2007)
അക്രമികൾ തകർത്ത നന്ദീഗ്രാമിലെ വീടിനു മുന്നിൽ ആമിനയും സഹോദരനും (2007) ഫോട്ടോ പീതാംബരന്‍ പയ്യേരി

മറ്റൊരിക്കല്‍, ദക്ഷിണേന്ത്യന്‍ ആദിവാസി കലോത്സവത്തിന്റെ ചിത്രങ്ങളെടുക്കാന്‍ വയനാട്ടിലേക്കയച്ചു. ആര്‍. സുഭാഷായിരുന്നു അന്ന് വയനാട് ലേഖകന്‍. ആദ്യ ദിവസം ഒന്നാം പേജില്‍ എട്ടുകോളത്തില്‍ ഫോട്ടോ വന്നു. മൂന്ന് ദിവസം നീണ്ട കലോത്സവത്തിന്റെ മുഴുവന്‍ പേജ് ചിത്രങ്ങള്‍ എന്നും ഉള്‍പേജുകളിലുണ്ടായിരുന്നു.

1998-ല്‍ പി. മുസ്തഫ രാജിവച്ച്, മലയാള മനോരമയില്‍ ചേര്‍ന്നപ്പോള്‍ പീതാംബരന്‍ കേരള കൗമുദിയില്‍ ഫോട്ടോഗ്രാഫറായി. ''പക്ഷേ, രണ്ടുവര്‍ഷം നിയമന ഉത്തരവൊന്നും കിട്ടിയില്ല. പിന്നെ, ട്രെയിനിയായി.''

ന്യൂസ് എഡിറ്റര്‍ പി.ജെ. മാത്യു നല്ല പടങ്ങള്‍ എടുക്കാന്‍ എന്നും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. കളക്ടര്‍ കെ. ജയകുമാറിന്റെ യാത്രയയപ്പായിരുന്നു ആദ്യദിവസം എടുത്ത ഫോട്ടോ. ''രണ്ടാം ദിവസം ഒരു പരിപാടിയുമില്ലാത്തതിനാല്‍ പാളയം മാര്‍ക്കറ്റില്‍ പോയി, ഒരു സാധാരണ പടവുമായി വന്നപ്പോള്‍, ''എന്തിനാടാ ഇതൊക്കെ തൂക്കി നടക്കുന്നത്'' എന്ന് ചോദിച്ച് മാത്യുസാര്‍ ശകാരിച്ചു. അത് ചീത്ത പറഞ്ഞതല്ലെന്നും നല്ല പടങ്ങള്‍ കിട്ടാന്‍ വേണ്ടിയാണെന്നും തോന്നി.''

നന്ദിഗ്രാം കലാപകാലത്ത് കൊൽക്കത്തയിൽ പട്ടാളം
റോന്ത് ചുറ്റുന്നു.
നന്ദിഗ്രാം കലാപകാലത്ത് കൊൽക്കത്തയിൽ പട്ടാളം റോന്ത് ചുറ്റുന്നു.ഫോട്ടോ പീതാംബരന്‍ പയ്യേരി

ജീവന്‍ തുടിക്കുന്ന

ചിത്രങ്ങള്‍

പ്രതിഭകളുടെ സംഗമവേദിയായിരുന്നു തൊണ്ടയാട്ടെ കൗമുദി ഓഫീസ്. ''അന്ന് കോയക്ക (പ്രമുഖ സ്പോര്‍ട്‌സ് ലേഖകന്‍ കെ. കോയ) ഒഴികെ എല്ലാവരും ചെറുപ്പക്കാരോ യുവമനസ്സുള്ളവരോ ആയിരുന്നു. അന്ന് പ്രധാനപ്പെട്ട സംഭവങ്ങളുണ്ടാകുമ്പോള്‍ ഒരു പേജ് മുഴുവന്‍ ഫോട്ടോ കൊടുക്കുമായിരുന്നു. നാട്ടിന്‍പ്പുറങ്ങളില്‍ സഞ്ചരിച്ച്, ജീവന്‍ തുടിക്കുന്ന ധാരാളം ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിലൂടെ അന്നുണ്ടാക്കിയ ബന്ധങ്ങള്‍ വളരെ വിപുലമായിരുന്നു.'' പടമെടുത്തത് അച്ചടിച്ചുവരുന്ന പേജും കൊണ്ടാണ് രാത്രി വീട്ടില്‍ പോയിരുന്നത്. നാട്ടിലേക്കുള്ള ബസ് പോയാല്‍, സിറ്റി ബ്യൂറോയില്‍ കിടന്നുറങ്ങുകയായിരുന്നു പതിവെന്നും പീതാംബരന്‍ പയ്യേരി അനുസ്മരിക്കുന്നു.

ഫോട്ടോ എടുക്കാന്‍ കാസര്‍കോട് വരെ പോകുമായിരുന്നു. ആ യാത്രകളില്‍ പ്രാദേശിക ലേഖകരുടെ സ്നേഹവും സഹകരണവും ഏറെ ലഭിച്ചു. പക്ഷേ, അന്നെടുത്ത ബ്ലാക് ആന്റ് വൈറ്റ് ചിത്രങ്ങളുടെ നെഗറ്റീവുകളൊന്നും കയ്യിലില്ല.

പീതാംബരന്‍ ജോലിയില്‍ കയറി ഏതാനും മാസങ്ങള്‍ക്കകം പി.ജെ. മാത്യു രാജിവച്ചു. പിന്നെ, റസിഡന്റ് എഡിറ്റര്‍ എന്‍.പി. മുഹമ്മദിനായി ചുമതല. ഫോട്ടോകള്‍ക്കു വലിയ പ്രാധാന്യം നല്‍കാന്‍ അദ്ദേഹത്തിനു താല്പര്യമില്ലായിരുന്നു. അങ്ങനെ, ജോലി വിരസവും സംഘര്‍ഷനിര്‍ഭരവുമായി.

മടുപ്പകറ്റാന്‍ ഏതാനും ദിവസത്തേക്ക് ഒരു യാത്ര പോകാന്‍ പീതാംബരന്‍ തീരുമാനിച്ചു. ക്യാമറയ്ക്കൊപ്പം കുറച്ച് ഫിലിം റോളുകളുമെടുത്ത് പുല്‍പ്പള്ളിയിലെ സുഹൃത്തായ പൊതുപ്രവര്‍ത്തകന്‍ സുബ്രഹ്മണ്യന്റെ ബാര്‍ബര്‍ഷോപ്പിലെത്തി. നമ്പൂതിരിച്ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ച കട. കണ്ടപാടെ അദ്ദേഹം ചോദിച്ചു: ''അറിഞ്ഞുകൊണ്ടു വന്നതാണ്, അല്ലേ?''

നാഗര്‍ഹോളയിലെ കാട് കത്തുന്നത് അപ്പോള്‍ മാത്രമാണ് അറിഞ്ഞത്. ഒരു കെട്ടിടത്തിന്റെ മുകളില്‍നിന്ന് ആ കാഴ്ച്ച കണ്ടു. സുബ്രഹ്മണ്യനൊപ്പം പുഴ കടന്ന് കാട്ടുവഴികളിലൂടെ അവിടെയെത്തി. പടങ്ങളെടുത്ത് ഉടന്‍ കോഴിക്കോടിനു മടങ്ങി. ''വി.ഇ. ബാലകൃഷ്ണനായിരുന്നു അന്നു രാത്രി ഡെസ്‌ക് ചീഫ്. സെറ്റ് ചെയ്തുവച്ച പേജ് മാറ്റി, അദ്ദേഹം എട്ടു കോളത്തില്‍ രണ്ടു പടങ്ങള്‍ ഒന്നാം പേജില്‍ കൊടുത്തു'' - മറ്റാര്‍ക്കും കിട്ടാത്ത ഫോട്ടോകള്‍.

സയാമീസ് ഇരട്ടകൾ : ഗുണ്ടൂരിലെ ഒരു ആശുപത്രിയിൽ നിന്ന് പകർത്തിയ ദൃശ്യം
സയാമീസ് ഇരട്ടകൾ : ഗുണ്ടൂരിലെ ഒരു ആശുപത്രിയിൽ നിന്ന് പകർത്തിയ ദൃശ്യംഫോട്ടോ പീതാംബരന്‍ പയ്യേരി

ആ പത്രവുമായി വയനാട്ടിലേക്കു പോയ വാനില്‍ കയറി രാവിലെത്തന്നെ അവിടെ തിരിച്ചെത്തി. മൂന്ന് ദിവസം തുടര്‍ച്ചയായി ഫോട്ടോകളും വാര്‍ത്തകളും കേരള കൗമുദി നല്‍കി. കത്തുന്ന മരത്തിന്റെ കനലിന്റെ പശ്ചാത്തലത്തില്‍, ചാരത്തില്‍ വീണുകിടക്കുന്ന ഉങ്ങ് മരത്തിന്റെ കായ്കള്‍ തിന്നാനെത്തിയ മാന്‍കൂട്ടത്തിന്റെ ചിത്രമായിരുന്നു, അവസാനത്തേത്.

1992 മെയ് ഒന്നിനു കോഴിക്കോട്‌നിന്ന് ഇന്ത്യന്‍ എക്സ്പ്രസിന്റെ എഡിഷന്‍ ആരംഭിക്കുന്നതിന്റെ സജ്ജീകരണങ്ങള്‍ക്കെത്തിയ റസിഡന്റ് എഡിറ്റര്‍ എം.കെ. ദാസ് ഈ ഫോട്ടോകള്‍ കണ്ട് ഇഷ്ടപ്പെട്ട് കേരള കൗമുദിയിലേക്ക് വിളിച്ച് അന്വേഷിച്ചു. അദ്ദേഹത്തെ ചെന്നുകണ്ടപ്പോള്‍ നാഗര്‍ഹോളയില്‍ നിന്നെടുത്ത കുറച്ചു ഫോട്ടോകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. അവ പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ റിപ്പോര്‍ട്ടിനൊപ്പം പ്രസിദ്ധീകരിക്കപ്പെട്ടു. തുടര്‍ന്ന്, പീതാംബരന്‍ പയ്യേരി അവിടെ സ്റ്റാഫ് ഫോട്ടോഗ്രാഫറായി നിയമിതനായി.

ഇന്ത്യന്‍ എക്സ്പ്രസില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലിയില്‍ ഒഴുക്കുന്നതിന്റെ ചിത്രമെടുക്കാന്‍ പോയതാണ് അവിസ്മരണീയമായ ഒരു അനുഭവം. മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ടി. നാരായണനുമൊത്ത് വൈകിട്ട് നാലു മണിക്ക് അവിടെ എത്തിയപ്പോള്‍ ഇരുട്ടും മഴയും. പാപനാശിനിയില്‍ ആരെയും കാണാന്‍ വയ്യാത്ത അവസ്ഥ. ചിതാഭസ്മം ഒഴുക്കാന്‍ കുടവുമായി അവിടെ ഇറങ്ങിയവരുടെ വെള്ളത്തോര്‍ത്ത് മാത്രമേ, ക്യാമറയുടെ വ്യൂ ഫൈന്ററിലൂടെ നോക്കിയപ്പോള്‍ കണ്ടുള്ളൂ. വെള്ളത്തിനു നല്ല തണുപ്പായിരുന്നതിനാല്‍ അവരെല്ലാം കരയ്ക്കുകയറി. ''ഡയഫ്രം മുഴുവന്‍ തുറന്നുവച്ചും ഫ്‌ലാഷ് പരമാവധി കൂട്ടിയും ആകെ മൂന്ന് പടങ്ങളെടുത്തു.'' മടക്കയാത്ര ജീപ്പിലും ബസിലുമായിരുന്നു. അന്ന് നെഗറ്റീവ് കണ്ടാല്‍ മാത്രമേ എടുത്ത പടം കിട്ടിയോ എന്നറിയൂ. അത്രയും ബുദ്ധിമുട്ടിയിട്ട് നല്ല പടമൊന്നും കിട്ടാതെ വന്നാലോ എന്ന ആശങ്കയില്‍ ബസ് യാത്രയിലുടനീളം രണ്ടാളും ഒന്നും സംസാരിച്ചില്ല.

ഇറങ്ങാന്‍ നേരത്ത് നാരായണേട്ടനോട് പറഞ്ഞു: ഡെവലപ്പ് ചെയ്ത് കഴിഞ്ഞാല്‍ എന്നെ വിളിക്കണം. കുറേക്കഴിഞ്ഞിട്ടും നാരായണേട്ടന്റെ ഫോണ്‍വിളിയൊന്നും കിട്ടാതായപ്പോള്‍ മനോരമയില്‍ വിളിച്ചു. അദ്ദേഹം ഓഫീസില്‍നിന്നു പോയി എന്ന മറുപടിയാണ് കിട്ടിയത്. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമാണ്. അങ്ങനെ വിഷമിച്ചിരിക്കുമ്പോള്‍, നാരായണേട്ടന്‍ സ്‌കൂട്ടറില്‍ വെസ്റ്റ്ഹില്‍ ഓഫീസിലേക്കു പാഞ്ഞുവന്നു. മനോരമയില്‍ അദ്ദേഹം ഏഴ് മിനിറ്റ് ഫോട്ടോ ഡവലപ്പ് ചെയ്തിട്ട്, അതില്‍ തെളിഞ്ഞത് ഒരു തോര്‍ത്ത് മാത്രം. ഞാന്‍ 12 മിനിറ്റ് ഡവലപ്പ് ചെയ്തപ്പോള്‍ ഒരു പടം കിട്ടി. അതിന്റെ രണ്ട് പ്രിന്റ് എടുത്തു. ഇന്ത്യന്‍ എക്സ്പ്രസിലും മനോരമയിലും അന്ന് ഒരേ പടമാണ് വന്നത്.

ഇന്ത്യന്‍ എക്സ്പ്രസ്സിലായിരുന്നപ്പോള്‍, പ്രാദേശിക സംഭവങ്ങളുടെ ഫോട്ടോ എടുക്കുന്നത് കാര്യമായി കുറഞ്ഞു. നാട്ടുകാര്‍ വിളിക്കാതെയായി. പക്ഷേ, മലബാറില്‍ മുഴുവന്‍ യാത്ര ചെയ്യാനായി. അതനുസരിച്ച് ബത്തയും ഒന്നാം ക്ലാസ്സ് യാത്രക്കൂലിയും കിട്ടുമായിരുന്നു. കുറേ നല്ല പടങ്ങള്‍ കിട്ടി.

''പക്ഷേ, എല്ലാ രാഷ്ട്രീയക്കാരില്‍നിന്നും അടിയും കിട്ടിയിട്ടുണ്ട്.'' അരീക്കോട് അനധികൃത മണല്‍വാരലിന്റെ ഫോട്ടോ എടുത്തതിന് കൈക്കോട്ടുകൊണ്ട് ചിലര്‍ ക്യാമറ അടിച്ചുതകര്‍ത്തു.'' പക്ഷേ, എനിക്കു വാശിയായി. ഒരു സുഹൃത്തിന്റെ ക്യാമറ വാങ്ങി തുണിസഞ്ചിയിലിട്ട്, അടുത്ത ദിവസം അവിടെപ്പോയി ഫോട്ടോകളെടുത്തു. അവ പത്രത്തില്‍ വന്നു.

മണല്‍ കടത്തുകാര്‍ തകര്‍ത്ത ആ ക്യാമറ ഏഴു കൊല്ലം കോടതിയില്‍ കിടന്നു. തിരിച്ചു കിട്ടിയപ്പോള്‍ തീര്‍ത്തും ഉപയോഗശൂന്യമായിരുന്നു. മലയാള മനോരമയില്‍ ആറു വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളും പീതാംബരന്‍ പയ്യേരി പങ്കുവച്ചു. പേജ് കോട്ടയത്തുനിന്നു തയ്യാറാക്കി, ഫോട്ടോ കൊടുക്കേണ്ട സ്ഥലം സെന്റിമീറ്റര്‍ കണക്കാക്കിയാണ് കിട്ടുക. പടങ്ങള്‍ അതനുസരിച്ച് ക്രോപ്പ് ചെയ്ത് കൊടുക്കണം.

നന്ദിഗ്രാം സംഭവവുമായി ബന്ധപ്പെട്ട് ഫോട്ടോയെടുക്കാനായി, റിപ്പോര്‍ട്ടര്‍ വി. ജയദേവിനൊപ്പം 29 ദിവസം പശ്ചിമബംഗാള്‍ സന്ദര്‍ശിച്ചതാണ് അവിസ്മരണീയമായ മറ്റൊരു അനുഭവം. നന്ദിഗ്രാമില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുളള ഒരു ഗ്രാമത്തിലാണു താമസിച്ചത്. ഒരു മാസത്തേക്ക് ടാക്സി ബുക്ക് ചെയ്തു. നാട്ടുകാരനായ ഡ്രൈവറുടെ സഹായത്തോടെ പലയിടങ്ങളിലും പോകാനായി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമംകൊണ്ട് താറുമാറായ സ്ഥലങ്ങള്‍ സി.പി.എം പ്രവര്‍ത്തകര്‍ കാണിച്ചുതന്നു. സി.പി.എം അക്രമത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ തൃണമൂലുകാരും കാണിച്ചുതന്നു. മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കാര്‍ക്ക് കേരളത്തിലെ 'ഓച്ചുതാനന്ദനെ' അറിയാമായിരുന്നു. അതുകൊണ്ട് അവര്‍ക്കിടയില്‍ വലിയ സ്വീകാര്യത കിട്ടി. അന്ന് വി.എസ്. ഇവിടെ മുഖ്യമന്ത്രിയാണ്.

സംഘര്‍ഷത്തില്‍ കത്തിച്ച വീടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടു. ഇരുഭാഗത്തേയും ജനങ്ങള്‍ ഭീകരമായി പീഡിപ്പിക്കപ്പെട്ടു. ശ്രീ ശ്രീ രവിശങ്കര്‍ പങ്കെടുത്ത ഒരു പ്രാര്‍ത്ഥനായോഗത്തിലേക്കു വയറില്‍ പൊള്ളലേറ്റ ഒരു പെണ്‍കുട്ടിയെ കൊണ്ടുവന്നതു കണ്ടു. അതോടെ അദ്ദേഹത്തിനു പ്രസംഗിക്കാന്‍ കഴിയാതെയായി.

പത്തനംതിട്ടയിൽ നടന്ന ഒരു സ്വാതന്ത്ര്യദിന പരേഡിൽ നിന്ന്
പത്തനംതിട്ടയിൽ നടന്ന ഒരു സ്വാതന്ത്ര്യദിന പരേഡിൽ നിന്ന് ഫോട്ടോ പീതാംബരന്‍ പയ്യേരി

''നന്ദിഗ്രാമിലെ അത്തരം കാഴ്ചകള്‍ മനസ്സ് മരവിപ്പിക്കുന്നവയായിരുന്നു.'' കൂട്ടക്കൊല നടത്തി മൃതദേഹങ്ങള്‍ ഗ്രാമത്തില്‍ കുഴിച്ചിട്ടിരിക്കുന്നുവെന്നും പ്രചാരണമുണ്ടായി. അത് അന്വേഷിക്കാന്‍ പോയ ഡി.ഐ.ജിക്കൊപ്പം മാധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നു. ഒരു സ്ഥലത്തുനിന്ന് അഴുകിയ മൃതദേഹം കണ്ടെടുത്തു. ബീഭത്സമായ ആ പടങ്ങള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചില്ല.

ബംഗാള്‍ ഗ്രാമങ്ങളില്‍ അന്‍പത് വര്‍ഷം മുന്‍പുള്ള കേരളത്തെയാണ് കണ്ടത്. റിക്ഷ, സൈക്കിള്‍, ഓലമേഞ്ഞ വീടുകള്‍, കോഴിക്കൂട്, കുളം, വയല്‍... ബ്ലാക്ക് ആന്റ് വൈറ്റില്‍ നമ്മള്‍ കണ്ട മുന്‍കാല കേരളം. അവിടെപ്പോയാല്‍ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' ഇപ്പോള്‍ കളറില്‍ ഷൂട്ട് ചെയ്യാം. ഈ ഗ്രാമക്കാഴ്ച്ചകളെക്കുറിച്ച് പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ ഇരുപതോളം ഫോട്ടോകള്‍ ചേര്‍ത്ത് ഒരു ഫീച്ചറെഴുതി.

ശബരിമല ഉത്സവകാലത്ത് അവിടെ താമസിച്ച് പീതാംബരന്‍ പയ്യേരിയും ഫോട്ടോകളെടുത്തിട്ടുണ്ട്. ''ശബരിമല വല്ലാത്ത സന്തോഷം കിട്ടുന്ന സ്ഥലമാണ്. അവിടെ സോഷ്യലിസമാണ്. ഒരു സീസണില്‍ അവിടെ ജോലി ചെയ്താല്‍ ഒട്ടേറെ ആജീവനാന്ത സുഹൃത്തുക്കളെ കിട്ടും.'' ഈ ബന്ധങ്ങള്‍ മാധ്യമജീവിതത്തില്‍ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ള എല്ലാവിഭാഗം ആള്‍ക്കാരുമായി ഉണ്ടാക്കിയ സൗഹൃദം പിന്നീടും തുടര്‍ന്നു. അവരെയൊക്കെ ഇടയ്ക്ക് വിളിക്കും.

പീതാംബരൻ പയ്യേരി  എത്യോപ്യ ആഡിസ് അബാബയിലെ ദേശീയ മ്യൂസിയത്തിൽ.
33 ദശലക്ഷം വർഷം പഴക്കമുള്ള 'ലൂസി ' അസ്ഥികൂടം ഇവിടെ സൂക്ഷിച്ചിരിക്കുന്നു
പീതാംബരൻ പയ്യേരി എത്യോപ്യ ആഡിസ് അബാബയിലെ ദേശീയ മ്യൂസിയത്തിൽ. 33 ദശലക്ഷം വർഷം പഴക്കമുള്ള 'ലൂസി ' അസ്ഥികൂടം ഇവിടെ സൂക്ഷിച്ചിരിക്കുന്നുfacebook

ക്യാമറയുമേന്തിയുള്ള മൂന്ന് പതിറ്റാണ്ട് നീണ്ട മാധ്യമജീവിതത്തില്‍ ഒട്ടേറെ ദുരിതക്കാഴ്ചകള്‍ അടുത്തുകാണാന്‍ കഴിഞ്ഞു. പാലക്കാട്ട് മഴ തീരെ പെയ്യാത്ത ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ഫോട്ടോയെടുക്കാന്‍ പോയി. കരിഞ്ഞുണങ്ങി, ഓല തൂങ്ങിക്കിടക്കുന്ന തെങ്ങുകള്‍. അര്‍ദ്ധരാത്രി വരുന്ന കുടിവെള്ളം മണ്‍കുടങ്ങളില്‍ ശേഖരിച്ചു കൊണ്ടുപോകുന്ന സ്ത്രീകള്‍. ''ഞങ്ങളുടെ കൈയിലുള്ള വെള്ളക്കുപ്പികള്‍ അവര്‍ക്കു നല്‍കി.'' തിരുവനന്തപുരത്തെ ഒരു കോളനിയില്‍ ചെന്നപ്പോള്‍, അഴുക്കുചാലിനു സമീപത്തിരുന്ന് ഒരു സ്റ്റാര്‍ ഹോട്ടലിലേക്ക് ഈന്തപ്പഴത്തില്‍ കശുവണ്ടിപ്പരിപ്പ് നിറയ്ക്കുന്നവരെ കണ്ടു.

കോട്ടയത്ത് ഒരു സ്ത്രീ ഗള്‍ഫില്‍ പോയി. അവര്‍ തിരിച്ചുവരണമെന്ന് ഭര്‍ത്താവ് ആഗ്രഹിച്ചു. കടം വാങ്ങി ഗള്‍ഫിലേക്കു പോയ അവര്‍ക്ക് അത് വീട്ടാതെ മടങ്ങാനാവുമായിരുന്നില്ല. കുട്ടികളോടൊപ്പമുള്ള കുറേ ചിത്രങ്ങളെടുത്ത ശേഷം അവരെ കയറില്‍ കെട്ടി മീനച്ചിലാറിലൂടെ അയാള്‍ നീന്തി. അക്കരെ എത്തുമ്പോഴേക്കും കുട്ടികള്‍ രണ്ടും മരണമടഞ്ഞിരുന്നു. ആ കാഴ്ച വലിയ സങ്കടമായി.

2011-ല്‍ തിരുവനന്തപുരത്ത് ഡെക്കാന്‍ ക്രോണിക്കിളില്‍ ചേര്‍ന്നു. ''അത് ചെറുപ്പക്കാര്‍ വായിക്കുന്ന ഇംഗ്ലീഷ് പത്രമാണ്. അവര്‍ക്കു രസിക്കുന്ന ചിത്രങ്ങളേ അതില്‍ പ്രസിദ്ധീകരിക്കപ്പെടൂ.''

പത്രങ്ങളുടെ ഡെഡ്ലൈന്‍ പാലിക്കുക മുന്‍പ് വലിയ വെല്ലുവിളിയായിരുന്നുവെന്ന് പീതാംബരന്‍ ഓര്‍ക്കുന്നു. ചില പത്രങ്ങള്‍ ഫോട്ടോയുടെ വലുപ്പം പോലും മുന്‍കൂട്ടി നിശ്ചയിച്ചാകും പടമെടുക്കാന്‍ അയയ്ക്കുക. ബസിലും ഓട്ടോയിലും ജീപ്പിലുമൊക്കെ കയറിയാണ് തിരിച്ചെത്തുക. ''പുതിയ തലമുറയ്ക്ക് മനസ്സിലാക്കാന്‍ കൂടി സാധിക്കാത്തത്ര ബുദ്ധിമുട്ടുള്ള ഒരുകാലത്തിലൂടെയാണ് കടന്നുവന്നത്. പക്ഷേ, അന്ന് നല്ല പടങ്ങള്‍ കണ്ടാല്‍ തുള്ളിച്ചാടുന്ന ന്യൂസ് എഡിറ്റര്‍മാരുണ്ടായിരുന്നു. ബൈലൈനോടെ അവ പത്രത്തില്‍ വന്നാല്‍ രാവിലെത്തന്നെ നാട്ടുകാര്‍ വിളിക്കുമായിരുന്നു. അതു കേള്‍ക്കുമ്പോഴുള്ളത്ര സന്തോഷം ജീവിതത്തില്‍ മറ്റൊന്നുമില്ല. ഇന്ന് പത്രത്തിലെ ഫോട്ടോ കണ്ട് ആരും അങ്ങനെ വിളിക്കില്ല.''

കാലം മാറിയപ്പോള്‍ വലിയ മാറ്റങ്ങളുമുണ്ടായിരിക്കുന്നു. എങ്കിലും ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മറ്റ് ഫോട്ടോഗ്രാഫര്‍മാരെ അപേക്ഷിച്ച് കൂടുതല്‍ അവസരങ്ങള്‍ ഇന്നും കിട്ടുന്നുണ്ട്.

''ബ്ലാക് ആന്റ് വൈറ്റ് കാലത്തും ഡിജിറ്റല്‍ കാലത്തും പടങ്ങള്‍ എടുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ഫോട്ടോ ജേണലിസത്തിന് നിലയും വിലയുമുള്ള കാലത്തുതന്നെ റിട്ടയര്‍ ചെയ്യാനായതില്‍ അതിലേറെ സന്തോഷവുമുണ്ട്.'' പീതാംബരന്‍ പയ്യേരിക്ക് ഇപ്പോള്‍ പരിഭവങ്ങളില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com