മലയാളസാഹിത്യത്തില്‍ സ്ത്രീവിവേചനം നിലനില്‍ക്കുന്നു

പെണ്‍കുട്ടികള്‍ക്ക് ആനന്ദം എന്ന വാക്കിന്റെ പൊരുള്‍ പറഞ്ഞുകൊടുക്കുന്നത് അമ്മമാരോ സ്ത്രീകളോ ആണെങ്കില്‍ അതാണ് ആ പെണ്‍കുട്ടിയെ ഭാവിയില്‍ ശക്തരാക്കുന്നത്
യമ
യമ

എണ്‍പതുകളില്‍ ജനിച്ച ഒരു സ്ത്രീയെന്ന നിലയ്ക്ക് സാമൂഹികവും സാങ്കേതികവുമായ മാറ്റങ്ങളുടെ വേലിയേറ്റം എന്റെ ജീവിതത്തേയും കലാജീവിതത്തേയും കലക്കിമറിച്ചിട്ടുണ്ട്. സവിശേഷമായ കാലാനുഭൂതി ബഹളങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുന്ന ഒന്നാണെന്നു കരുതിപ്പോന്നിരുന്ന എനിക്ക് ബഹളങ്ങളിലും കലയെ തിരയേണ്ടിവന്നു. നാടകസങ്കേതവും നാടകാഭിനയവും പഠനവിഷയമാകുന്നതിനു മുന്‍പ് ഞാനൊരു ശാസ്ത്രവിദ്യാര്‍ത്ഥിയായിരുന്നു. സംക്ഷേപിച്ചു മാത്രം ഉത്തരം പറഞ്ഞു ശീലിച്ച ഞാന്‍ വികാരങ്ങളുടേയും വാക്കുകളുടേയും മഹാപ്രളയത്തില്‍ പെട്ടുപോയി. വാക്കുകളുടെ മാലിന്യത്തില്‍ തന്നെയാണ് അര്‍ത്ഥങ്ങളുടെ സുഗന്ധവും ദുര്‍ഗന്ധവും എന്ന് പിന്നീടുള്ള ജീവിതവും സാമൂഹ്യസാഹചര്യങ്ങളും എന്നെ പഠിപ്പിച്ചത്. പുരുഷന്മാരുടെ ഭാഷ പഠിക്കാന്‍ ശ്രമിച്ച ഞാന്‍ എന്നെത്തന്നെ വെറുപ്പിച്ചു. അതെനിക്ക് ഒട്ടും തന്നെ ചേരുന്നതായിരുന്നില്ല. അഭിനയിക്കുമ്പോള്‍ ഉച്ചരിച്ച ഓരോ വാക്കും ഞാന്‍ മറന്നു. ഒരു കഥാപാത്രത്തിന്റെപോലും ജീവിതം വേദിക്കു പുറത്ത് എന്നെ അലട്ടിയില്ല. അങ്ങനെ അര്‍ത്ഥമില്ലാത്തതെന്തോ ആണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന ഒരു ബോധം എന്നെ പിടികൂടി.

സ്ത്രീകളുടെ കൂട്ടായ്മകള്‍ വളരെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും സംഘടനാപരമായ പ്രൊഫഷണലിസം ഇല്ലായ്മ എന്നെ ഒരുപാട് വിഷമിപ്പിച്ചു. വിശേഷിച്ച് ജീവിക്കാന്‍ വേണ്ട മിനിമം വേതനം പോലും ആ മേഖല ഉറപ്പുതരുന്നില്ല എന്നതുകൊണ്ട് കുറേക്കാലം ആരു വിളിച്ചാലും ഞാന്‍ അഭിനയിക്കാന്‍ പോകാതെയായി. ഫോണ്‍ ഉപേക്ഷിച്ചു. വളരെ ചെറുപ്പത്തിലേ വീടിനേയും വീട്ടുകാരേയും ഉപേക്ഷിച്ച എനിക്ക് ജീവിതത്തില്‍ എന്തെങ്കിലും വെട്ടിപ്പിടിക്കാനുള്ള മോഹങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എനിക്കിഷ്ടപ്പെട്ടവര്‍ക്കുവേണ്ടി എന്റെ സമയവും ബുദ്ധിയും അടിയറവ് പറയുന്നതിലേക്കുവരെ പോയി കാര്യങ്ങള്‍. പെണ്‍കുട്ടികള്‍ക്ക് ആനന്ദം എന്ന വാക്കിന്റെ പൊരുള്‍ പറഞ്ഞുകൊടുക്കുന്നത് അമ്മമാരോ സ്ത്രീകളോ ആണെങ്കില്‍ അതാണ് ആ പെണ്‍കുട്ടിയെ ഭാവിയില്‍ ശക്തരാക്കുന്നത് എന്നെനിക്കു തോന്നാറുണ്ട്. അങ്ങനെയൊരു ഭാഗ്യമില്ലാതെ പോയതിനാല്‍ ജീവിതം ആസ്വദിക്കാനുള്ള മാനസികാവസ്ഥയില്‍ എത്താന്‍ എനിക്ക് സ്വയം ഒരുപാട് അധ്വാനിക്കേണ്ടിവന്നു.

ഏറ്റവും കഴിവുള്ളവരാല്‍ മഹത്വമാര്‍ജ്ജിച്ച ഒരു സമൂഹമൊന്നുമല്ല മനുഷ്യരുടേത്. അതില്‍ പാതി വരുന്ന സ്ത്രീകളുടേയും അധികാരമില്ലാത്തവരുടേയും ഒളിവിലും തിരിവിലും അമര്‍ച്ചചെയ്യപ്പെട്ട സ്വാഭിമാനത്തിനേയും അവരുടെ കൂസലില്ലായ്മയുടേയും എഴുതപ്പെടാത്ത ചരിത്രമുണ്ട്. ഞാന്‍ എഴുത്തിലേക്കു വരുന്നത് വളരെ വൈകിയാണ്. കലാപഠനത്തില്‍ വ്യാപൃതയായിരുന്ന ഒരാളെന്ന നിലയ്ക്ക് അതെനിക്ക് വളരെ അമ്പരപ്പിക്കുന്ന ഒരു സത്യം വെളിപ്പെടുത്തിത്തന്നു. തിയേറ്റര്‍ മേഖലയ്ക്ക് എത്ര പരിമിതി ഉണ്ടെങ്കിലും ഒരു സ്ത്രീ തിയേറ്റര്‍ പെര്‍ഫോര്‍മര്‍ എന്നത് ഒരു രണ്ടാംതരം നിലനില്‍പ്പായിരുന്നില്ല. എന്നാല്‍, മലയാളസാഹിത്യത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്ന രീതിയില്‍ കാര്യമായ വിവേചനം ഉണ്ട്. ഒന്നാമത്, നിങ്ങള്‍ ഒരു സ്ത്രീ ആണെങ്കില്‍ ഏറ്റവും മഹത്തായ ഒരു രചനയില്‍ത്തന്നെ തുടങ്ങി നിങ്ങളെ തെളിയിക്കേണ്ടിവരും; രണ്ട്, നിങ്ങളെ ആരും തഴയില്ല, മറിച്ച് ആക്രമിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com