''ഞാന്‍ എന്റെ സന്തോഷത്തിനും ആഹ്ലാദത്തിനും വേണ്ടിയാണ് ചിത്രരചന തിരഞ്ഞെടുത്തത്''

ശ്രുതി ശിവകുമാറിന്റെ ചിത്രതലങ്ങളില്‍ വലിയ ആകാരങ്ങള്‍ കാണാന്‍ കഴിയില്ല. ചെറിയ വസ്തുക്കളുടെ ആവിഷ്‌കാരത്തിലൂടെ വലിയ ലോകം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്
ശ്രുതി ശിവകുമാര്‍
ശ്രുതി ശിവകുമാര്‍TP Sooraj/express

ഇന്ത്യന്‍ കല പുതിയ അന്വേഷണപഥങ്ങളിലൂടെയാണ് എന്നും സഞ്ചരിക്കുന്നത്. കാലത്തിന്റെ സ്പന്ദങ്ങള്‍ ഉള്‍ക്കൊള്ളാനും ആധുനിക രൂപാന്തരങ്ങള്‍ സൃഷ്ടിക്കാനും പുതിയ കലാകൃത്തുക്കള്‍ക്കു കഴിയുന്നു. രാഷ്ട്രീയ ശരിയും മാധ്യമ സാധ്യതയും ഒരുപോലെ കൊണ്ടുപോകാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത്തരമൊരു സര്‍ഗ്ഗാത്മകപാതയിലാണ്, കൊല്ലം വാളത്തുങ്കല്‍ സ്വദേശിയായ ശ്രുതി ശിവകുമാര്‍. കലയിലെ പുതുതലമുറ തുടര്‍ച്ചകളെ സ്വീകരിക്കുകയല്ല, തിരസ്‌കരിക്കുകയാണ് ചെയ്യുന്നത്. പക്ഷേ, കലയില്‍ ഉറച്ചുനില്‍ക്കുമ്പോഴും അതിനുള്ളിലെ അതിജീവനം അത്ര അനായാസമല്ല.

കലാപാരമ്പര്യമുള്ള കുടുംബത്തില്‍നിന്നല്ല, ശ്രുതി കലയുടെ ജീവിതഭൂമിയിലേക്കു വരുന്നത്. ''ഞാന്‍ എന്റെ സന്തോഷത്തിനും ആഹ്ലാദത്തിനും വേണ്ടിയാണ് കല തിരഞ്ഞെടുത്തത്. പ്ലസ് ടു കഴിഞ്ഞപ്പോള്‍, അടുത്ത പഠനത്തിനായി എന്ത് തിരഞ്ഞെടുക്കണമെന്ന ചോദ്യം വന്നപ്പോള്‍ കല തന്നെ മതി എന്നു തീരുമാനിച്ചു. അപ്പോള്‍ കലയെക്കുറിച്ചൊന്നും അധികം അറിഞ്ഞിരുന്നില്ല. മാവേലിക്കര ഫൈനാര്‍ട്ട്സ് കോളേജില്‍ ചേര്‍ന്നപ്പോഴാണ് കൂടുതല്‍ മനസ്സിലാക്കിത്തുടങ്ങിയത്. ഒഴിഞ്ഞ മനസ്സില്‍നിന്നുമാണ് തുടങ്ങിയത്.''

ശ്രുതിയുടെ ഒരു പെയിന്റിംഗ്‌
ശ്രുതിയുടെ ഒരു പെയിന്റിംഗ്‌

കല പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ തന്നെ ശ്രുതി പെയിന്റിങ്ങാണ് തിരഞ്ഞെടുത്തത്. കലയിലെ പ്രായോഗികതയെക്കുറിച്ചല്ല ചിന്തിച്ചത്, മറിച്ച് ആവിഷ്‌കാരത്തിനു പറ്റിയ മാധ്യമം എന്ന നിലയിലാണ് പെയിന്റിങ്ങ് തിരഞ്ഞെടുത്തത്. ''പെയിന്റിങ്ങ് എടുക്കുമ്പോള്‍ തന്നെ എനിക്ക് അറിയാം അത് ബുദ്ധിമുട്ടുള്ള ഒന്നാണെന്ന്. ക്യാന്‍വാസ് വാങ്ങണം പെയിന്റ് വാങ്ങണം അതൊക്കെ പണച്ചെലവുള്ള കാര്യമാണ് അതൊന്നും കാര്യമാക്കിയില്ല, ഉപയോഗിച്ച് കളഞ്ഞ ക്യാന്‍വാസില്‍പോലും വരച്ചു. കിട്ടിയ സ്പേസ് പരമാവധി എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ഞാന്‍ ചിന്തിച്ചത്.''

കലാജീവിതത്തിന്റെ ആദ്യകാലങ്ങള്‍ മുതല്‍ തന്നെ സ്വന്തം വഴി കണ്ടെത്താനാണ് ശ്രുതി ശ്രമിച്ചത്. തുടക്കത്തില്‍ തന്നെ പുതിയ അന്വേഷണങ്ങള്‍ ആരംഭിച്ചിരുന്നു. ''എം.എഫ്.എയ്ക്ക് ചേരുന്ന സന്ദര്‍ഭത്തിലാണ് കലയെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചു തുടങ്ങിയത്. നമ്മള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍, അത് എത്രത്തോളം നമ്മുടേത് മാത്രമായിരിക്കണമെന്ന് ആഗ്രഹിച്ചു തുടങ്ങിയത് അപ്പോഴാണ്. ഒരോ ചിത്രങ്ങളിലൂടെയും എന്താണ് സംവദിക്കേണ്ടത്, എങ്ങനെ ആവിഷ്‌കരിക്കണമെന്നൊക്കെ ആലോചിച്ചു. ഉപയോഗിക്കുന്ന നിറങ്ങളെക്കുറിച്ച്, ഇമേജുകളെ കുറിച്ചൊക്കെ ആലോചിച്ചത് ആ കാലത്താണ്. പ്രധാനമായും നിറങ്ങളുടെ വിനിയോഗത്തെ കുറിച്ചാണ് അന്വേഷണം നടത്തിയത്. ഇന്ത്യന്‍ ചിത്രകലയില്‍ പ്രത്യേകിച്ച് മ്യൂറല്‍ പെയിന്റിങ്ങുകളില്‍ നിറങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്ന് നിരീക്ഷിച്ചു. പിന്നീട് ജാപ്പനീസ് ചിത്രങ്ങളോട് താല്പര്യം തോന്നി. അവരുടെ ശൈലികള്‍, ടെക്നിക്കുകള്‍ തുടങ്ങിയവ ആകര്‍ഷിച്ചു.''

ശ്രുതിയുടെ ഒരു പെയിന്റിംഗ്‌
ശ്രുതിയുടെ ഒരു പെയിന്റിംഗ്‌Sudheesh Siva
കലയെ ഗൗരവമായി എടുത്തുതുടങ്ങിയപ്പോള്‍ തന്നെ അതിന്റെ സംവേദന സാധ്യതകളെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും കൃത്യമായ ധാരണ ശ്രുതി രൂപീകരിച്ചിരുന്നു. ജീവിതത്തോടും സമൂഹത്തോടും കല എങ്ങനെ പ്രതികരിക്കണമെന്നും ചിന്തിച്ചു
ശ്രുതി ശിവകുമാര്‍
ശ്രുതി ശിവകുമാര്‍TP Sooraj/Express

കലയെ ഗൗരവമായി എടുത്തുതുടങ്ങിയപ്പോള്‍ തന്നെ അതിന്റെ സംവേദന സാധ്യതകളെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും കൃത്യമായ ധാരണ ശ്രുതി രൂപീകരിച്ചിരുന്നു. ജീവിതത്തോടും സമൂഹത്തോടും കല എങ്ങനെ പ്രതികരിക്കണമെന്നും ചിന്തിച്ചു: ''എന്തു വരയ്ക്കണം, എന്തിന് വരയ്ക്കണം എന്ന ചോദ്യം എപ്പോഴും ഉണ്ടായിരുന്നു. കാഴ്ചക്കാരോട് എന്താണ് പറയേണ്ടത് എങ്ങനെ പറയണം ഈ ചോദ്യങ്ങള്‍ എപ്പോഴും ഉണ്ട്. എന്റെ ജീവിതാവസ്ഥ, മാനസികനില ഇതൊക്കെ എന്റെ ചിത്രങ്ങളില്‍ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കും. രാഷ്ട്രീയവും ചുറ്റുപാടുകളും ചിത്രങ്ങളില്‍ സൃഷ്ടിക്കാറുണ്ട്. പക്ഷേ, അത് ഒരു വിഷയമാക്കാന്‍ ശ്രമിക്കാറില്ല. വിഷയത്തിനോ ആശയങ്ങള്‍ക്കോ അപ്പുറത്തേക്കു പോകാനാണ് ആഗ്രഹിക്കുന്നത്.''

ശ്രുതിയുടെ ചിത്രതലങ്ങളില്‍ വലിയ ആകാരങ്ങള്‍ കാണാന്‍ കഴിയില്ല. ചെറിയ വസ്തുക്കളുടെ ആവിഷ്‌കാരത്തിലൂടെ വലിയ ലോകം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ശ്രുതി പറയുന്നു: ''ചെറിയ ഇമേജുകള്‍ സൃഷ്ടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കിട്ടുന്ന ചെറിയ ഓബ്ജക്ടുകള്‍ സൂക്ഷിച്ചു വെക്കാറുണ്ട്. അത് സ്റ്റഡി ചെയ്യാറുമുണ്ട്. വരയിലേക്ക് അതെല്ലാം കടന്നുവരുന്നുണ്ട്. പലപ്പോഴും ടു ഡി ദൃശ്യാനുഭവം ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ കുറേയൊക്കെ അബ്സ്ട്രാക്ക്ട് രീതികളിലേക്കു കല മാറിയിട്ടുണ്ട്. ഫോമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുമ്പോഴും പലപ്പോഴും പ്രാധാന്യം കൊടുക്കുന്നത് നിറങ്ങള്‍ക്കാണ്.''

രാഷ്ട്രീയ ശരിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ കാലത്ത് കലയുടെ ഉള്ളടക്കം പ്രധാനമാണ്. കല ഒരു രാഷ്ട്രീയ പ്രസ്താവനയായി മാറിയ സന്ദര്‍ഭമാണിത്.

''കലയിലെ ഉള്ളടക്കം എന്നതിനെക്കുറിച്ചു ചിന്തിക്കാ റുണ്ട്. ഏതെങ്കിലും ഒരു വിഷയം വരയ്ക്കുമ്പോള്‍ അതിലൂടെ എന്ത് അനുഭവമാണ് എനിക്ക് കിട്ടുക എന്ന് ആലോചിക്കാറുണ്ട്. സമൂഹത്തിനു കിട്ടുന്ന അനുഭവത്തെക്കുറിച്ചു ചിന്തിക്കാറുണ്ട്. ഞാന്‍ കടന്നുപോകുന്ന സന്ദര്‍ഭങ്ങളൊക്കെ എന്റെ ചിത്രങ്ങളില്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനുള്ളില്‍നിന്നുകൊണ്ടാണ് രാഷ്ട്രീയ ശരിയെക്കുറിച്ച് ചിന്തിക്കുന്നത്.''

''കലയിലെ ഉള്ളടക്കം എന്നതിനെക്കുറിച്ചു ചിന്തിക്കാ റുണ്ട്. ഏതെങ്കിലും ഒരു വിഷയം വരയ്ക്കുമ്പോള്‍ അതിലൂടെ എന്ത് അനുഭവമാണ് എനിക്ക് കിട്ടുക എന്ന് ആലോചിക്കാറുണ്ട്. സമൂഹത്തിനു കിട്ടുന്ന അനുഭവത്തെക്കുറിച്ചു ചിന്തിക്കാറുണ്ട്. ഞാന്‍ കടന്നുപോകുന്ന സന്ദര്‍ഭങ്ങളൊക്കെ എന്റെ ചിത്രങ്ങളില്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനുള്ളില്‍നിന്നുകൊണ്ടാണ് രാഷ്ട്രീയ ശരിയെക്കുറിച്ച് ചിന്തിക്കുന്നത്.''
ശ്രുതി ശിവകുമാര്‍
ശ്രുതി ശിവകുമാര്‍TP Sooraj/ Express

ശ്രുതിയുടെ കലയില്‍ ഫോക്ക് സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നു നിരീക്ഷണമുണ്ടായിട്ടുണ്ട്. ഇമേജുകളുടെ രൂപഘടനയിലും നിറങ്ങളുടെ വിനിയോഗത്തിലും ആ മുദ്രകള്‍ കാണാന്‍ കഴിയും.

''നമ്മുടെ സംസ്‌കാരത്തേയും ആദിമജീവിതത്തേയുമൊക്കെ അറിയാന്‍ ശ്രമിക്കാറുണ്ട്. നാം കടന്നുവന്ന വഴികള്‍, നമ്മള്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒക്കെ ശ്രദ്ധിക്കാറുണ്ട്. ഇതൊക്കെ കലയില്‍ അന്തര്‍ധാരയായി വരുന്നുണ്ട്. അതൊന്നും ബോധപൂര്‍വ്വമായി സൃഷ്ടിക്കപ്പെടുന്നതല്ല. പലതും സ്വാഭാവികമായി വരുന്നതാണ്. ഇത്തരം നിരീക്ഷണങ്ങള്‍ വന്നപ്പോഴാണ് ഈ സവിശേഷത തിരിച്ചറിഞ്ഞു തുടങ്ങിയത്.''

ശ്രുതിയുടെ RELICS IN PRESENCE എന്ന പ്രദര്‍ശനം കലാലോകത്തിന്റെ ശ്രദ്ധ നേടിയിരുന്നു. പേപ്പര്‍ പള്‍പ്പ് ഉപയോഗിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് അവതരിപ്പിച്ചത്. കലയിലെ പുതിയ പരീക്ഷണത്തിന് ശ്രുതി തയ്യാറാവുകയായിരുന്നു. ''ഞാന്‍ ക്യാന്‍വാസിലും പേപ്പറിലുമൊക്കെയാണ് വരച്ചുകൊണ്ടിരുന്നത്. കൊറോണ കാലത്താണ് പേപ്പര്‍ പള്‍പ്പിലേക്കു തിരിയുന്നത്. പ്രാക്ടീസ് ചെയ്യുന്തോറും അതില്‍ വലിയ താല്പര്യമായി. നമ്മള്‍ തന്നെ നമ്മുടെ മീഡിയം കണ്ടെത്തുന്നു, നിര്‍മ്മിക്കുന്നു. ഇതിനു മുന്‍പ് നിറങ്ങളുടെ കാര്യത്തിലും പരീക്ഷണം നടത്തിയിട്ടുണ്ട്. പെയിന്റില്‍ പ്രകൃതിയില്‍നിന്നു കിട്ടുന്ന വസ്തുക്കള്‍ ചേര്‍ത്ത് പുതിയ നിറങ്ങള്‍ സൃഷ്ടിച്ചിരുന്നു. മണ്ണ്, ഇലകള്‍, പൂക്കള്‍ ഒക്കെ ചേര്‍ത്ത് പുതിയ നിറം സൃഷ്ടിച്ചു. പേപ്പര്‍ പള്‍പ്പ് ഉണ്ടാക്കുമ്പോള്‍ തന്നെ, അത് നമുക്ക് ഇഷ്ടമുള്ള രീതിയിലേക്കു മാറ്റാന്‍ കഴിയും. പേപ്പര്‍ തന്നെ ഫോമാക്കാന്‍ കഴിയും. ഈ മീഡിയത്തിന്റെ നിര്‍മ്മാണത്തിന്റെ തുടക്കം മുതല്‍ തന്നെ അത് ഒരു വര്‍ക്കായി മാറും. പേപ്പറിന്റെ ചരിത്രം പോലും ഇതിലൂടെ നമുക്ക് കണ്ടെത്താന്‍ കഴിയും. പ്രദര്‍ശനത്തിന്റെ തുടക്കത്തില്‍ ഈ മീഡിയത്തെക്കുറിച്ച് കാണികള്‍ക്കു വേണ്ടത്ര ബോധ്യം ഉണ്ടായില്ല. ഇതിന്റെ നിര്‍മ്മാണത്തെക്കുറിച്ച് ഒരു വീഡിയോ തയ്യാറാക്കിയിരുന്നു. അത് കണ്ടപ്പോഴാണ് ആളുകള്‍ക്ക് മീഡിയത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലായത്'' കലയില്‍ നടത്തുന്ന പരീക്ഷണങ്ങളാണ്, രൂപപ്പെടുത്തുന്ന വേറിട്ട ഭാഷയാണ് കലാകൃത്തിന്റെ വ്യക്തിത്വം സാധ്യമാക്കുന്നത്. ശ്രുതി അത് തിരിച്ചറിയുന്നു.

പക്ഷേ, ഇന്നത്തെ സാഹചര്യത്തില്‍ ഒരു കലാകാരിക്ക്/കലാകാരന് സമൂഹത്തില്‍ എങ്ങനെ അതിജീവിക്കാന്‍ കഴിയുമെന്നത് ഒരു ചോദ്യചിഹ്നമാണ്. ''എങ്ങനെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന് ആലോചിക്കാറുണ്ട്. കല ചെയ്തു മാത്രം ഇവിടെ ജീവിക്കാന്‍ കഴിയില്ല. മറ്റു തൊഴില്‍ മേഖലയിലേക്കു പോയാല്‍ കലയില്‍ സജീവമാകാന്‍ കഴിയില്ല. കലയില്‍ ഞങ്ങളൊക്കെ നേരിടുന്ന ഒരു സന്ദിഗ്ധതയാണിത്.'' ശ്രുതി ശിവകുമാര്‍ കലയില്‍ അന്വേഷണവും അതിജീവനവും നടത്തുകയാണ്. ചരിത്രം അത് അടയാളപ്പെടുത്തിയേക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com