വി.എസ്. ഷൈന്‍: ക്യാമറയുടെ മൂന്നാം കണ്ണ്

ഡാര്‍ക്ക് റൂമില്‍ പ്രോസസ് ചെയ്ത്, പ്രിന്റെടുത്ത് വാഹനങ്ങളില്‍ മറ്റു കേന്ദ്രങ്ങളിലേക്ക് അയച്ചിരുന്ന കാലത്ത് ഫോട്ടോഗ്രാഫറായി തുടങ്ങി ഡിജിറ്റല്‍ യുഗത്തില്‍ വിരമിച്ച മാധ്യമ ജീവിതമാണ് വി.എസ്. ഷൈനിന്റേത്
വി.എസ്. ഷൈന്‍:
ക്യാമറയുടെ മൂന്നാം കണ്ണ്

പത്രങ്ങള്‍ക്കുവേണ്ടി വാര്‍ത്താചിത്രങ്ങള്‍ എടുത്തിരുന്ന എറണാകുളത്തെ എം.പി. സ്റ്റുഡിയോയിലായിരുന്നു മാതൃഭൂമിയുടെ മുന്‍ സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ വി.എസ്. ഷൈന്‍ ഫോട്ടോഗ്രഫിയില്‍ പരിശീലനം തുടങ്ങിയത്. ഗംഗാധരന്‍ മാസ്റ്റര്‍, ടി.ഒ. ഡൊമനിക്ക് എന്നിവരുടെ ശിക്ഷണത്തില്‍ ഫോട്ടോഗ്രഫി പഠിച്ചു. കേരള സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിലും പഠിച്ചു. എം.ആര്‍.ഡി. ദത്തന്‍, ബാബുരാജ്, വിജയന്‍, വെങ്കിട്ടരാമന്‍, മെന്‍ഡസ് എന്നിവരായിരുന്നു ഗുരുനാഥന്‍മാര്‍. ഈ കലാപഠനം, പില്‍ക്കാലത്ത് ഫോട്ടോഗ്രഫിയെ ഏറെ സഹായിച്ചിട്ടുണ്ട്.

''ആകര്‍ഷകമായ കലാവിഷ്‌കാരങ്ങള്‍ക്കു സാദ്ധ്യത ആ മേഖലയിലാണെന്ന് തിരിച്ചറിഞ്ഞു. ഫോട്ടോ എടുക്കുമ്പോള്‍ കൃത്യമായ ഘടനയും ലൈറ്റിങ്ങും ആംഗിളുകളും തിരഞ്ഞെടുക്കാന്‍ കലാപഠനം സഹായകരമായി.'' പിന്നെ, മൂത്തകുന്നത്തെ രേഖാ സ്റ്റുഡിയോയിലും പരിശീലിച്ചു. ചേച്ചിയുടെ ഭര്‍ത്താവായിരുന്നു സ്റ്റുഡിയോ നടത്തിയിരുന്നത്.

ഡിഗ്രിക്കു പഠിച്ച മാല്യങ്കര എസ്.എന്‍.എം. കോളേജില്‍ മാഗസിന്‍ എഡിറ്ററായിരുന്നു. അക്കാലത്ത് കഥകളും എഴുതിയിട്ടുണ്ട്, വി.എസ്. ഷൈന്‍.

1987-ലാണ് മാതൃഭൂമിയില്‍ ഫോട്ടോഗ്രാഫറായി ചേരുന്നത്; കോഴിക്കോട് യൂണിറ്റില്‍. ആദ്യ മാസത്തില്‍ എടുത്ത വാഹനാപകട ചിത്രമാണ് ആദ്യത്തെ ശ്രദ്ധേയ ന്യൂസ് ഫോട്ടോ. സ്റ്റേഡിയത്തിനടുത്ത് ഓട്ടോറിക്ഷ ഇടിച്ച് ഒരു കാല്‍നട യാത്രികന്‍ റോഡില്‍ തെറിച്ചുവീഴുന്ന ലൈവ് ചിത്രമായിരുന്നു, അത്. 34 വര്‍ഷത്തെ സേവനത്തിനിടയില്‍ മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ ഒരു പ്രഭാതം; പുതുപ്പള്ളിയിലെ വീട്ടില്‍ നിന്ന്...
2006 april 2
ഉമ്മന്‍ ചാണ്ടിയുടെ ഒരു പ്രഭാതം; പുതുപ്പള്ളിയിലെ വീട്ടില്‍ നിന്ന്... 2006 april 2 ഫോട്ടോ: വി.എസ്. ഷൈന്‍

തൃശൂരിലെ മുണ്ടൂരിനടുത്ത് ഇടഞ്ഞ പാറമേക്കാവ് രാജേന്ദ്രന്‍ എന്ന ആനയെ മയക്കുവെടി വച്ച വെറ്ററിനറി ഡോക്ടര്‍ ആനയുടെ കുത്തേറ്റ് മരിച്ചതിനു സാക്ഷിയാകേണ്ടിവന്നു, ഷൈന്. അദ്ദേഹം വിരമിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്കു മുന്‍പായിരുന്നു ദാരുണാന്ത്യം. 'എക്സ്പ്രസ്' ദിനപത്രത്തിലെ ഫോട്ടോഗ്രാഫറായ പ്രദീപുമൊത്തായിരുന്നു അവിടെ പോയത്. ഞങ്ങള്‍ ഡോക്ടറുടെ അടുത്തുണ്ടായിരുന്നു. മയക്കുവെടിവച്ചാല്‍ ആന മുന്നോട്ടാണ് ഓടാറ്. പക്ഷേ, വെടിയേറ്റ ആന അടുത്തേയ്ക്ക് പാഞ്ഞുവന്നു. ജീവനും കൊണ്ട് വയലിലൂടെ ഓടുന്നതിനിടയില്‍ ഒരു പടമെടുത്തു. ഡോക്ടറുടെ പിന്നാലെ ആന പായുന്നതായിരുന്നു, അത്. അടുത്ത കൈത്തോടിലേക്ക് ഓടിപ്പോയ ഡോക്ടറെ തൊട്ടടുത്ത നിമിഷങ്ങളില്‍ ആന കൊന്നു.''

കൊച്ചിയിലെ പഴയ വിമാനത്താവളത്തില്‍, ഉപരാഷ്ട്രപതി കെ.ആര്‍. നാരായണന് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുമ്പോള്‍ ആരവമില്ലാതെ ഏകനായി നടന്നുവരുന്ന കെ. കരുണാകരന്റെ ചിത്രം എടുത്തു. അത് അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

അന്ന് കൂടുതല്‍ സാമൂഹിക പ്രാധാന്യം കൈവന്ന ചില ചിത്രങ്ങളും ഷൈന്‍ എടുത്തിട്ടുണ്ട്. തോപ്പുംപടിയില്‍ കാറിടിച്ച്, ബസിനടിയില്‍പ്പെട്ട് മരിച്ച ഒരു യുവാവിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവരുടെ ഫോട്ടോ, വലിയ ചോദ്യചിഹ്നങ്ങളുയര്‍ത്തി. കളമശ്ശേരിയിലെ പൂട്ടിപ്പോയ ഒഗലെ ഗ്ലാസ് ഫാക്ടറി ഗേറ്റിനു മുന്നിലെ മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ദമ്പതിമാരുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയായിരുന്നു, മറ്റൊന്ന്. ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളെ ദീര്‍ഘദര്‍ശനം ചെയ്ത ചിത്രങ്ങളാണവ.

ആദ്യ ചിത്രങ്ങളിലൊന്ന്.കോഴിക്കോട് സ്റ്റേഡിയത്തിനടുത്ത് നടന്ന അപകടം(1987)
ആദ്യ ചിത്രങ്ങളിലൊന്ന്.കോഴിക്കോട് സ്റ്റേഡിയത്തിനടുത്ത് നടന്ന അപകടം(1987) ഫോട്ടോ: വി.എസ്. ഷൈന്‍

കഥാകൃത്ത് സി.എസ്. ചന്ദ്രികയെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ പുരുഷ പൊലീസുകാര്‍ മര്‍ദ്ദിക്കുന്ന ചിത്രവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. അതിന് സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരവും കിട്ടി.

ഗുരുവായൂര്‍ കേശവന് ദേവസ്വത്തിന്റെ ആനകള്‍ കൂട്ടത്തോടെ പ്രണാമം അര്‍പ്പിക്കുന്നതിന്റെ ചരിത്രം തുടങ്ങുന്നത് ഒരു ഫോട്ടോയോടെയാണെന്ന് വി.എസ്. ഷൈന്‍ അനുസ്മരിച്ചു. ഒരു ആന മാത്രം വന്ന് കേശവന്റെ പ്രതിമയ്ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയായിരുന്നു, പതിവ്. പുന്നത്തൂര്‍ കോട്ടയിലുള്ള മറ്റ് ആനകള്‍ അപ്പോള്‍ അതുവഴി കടന്നുപോവും. ''ആ ആനകള്‍ അപ്പോള്‍ കുറച്ചുനേരം അവിടെ നിന്നാല്‍ നല്ലൊരു പടം എടുക്കാമല്ലോ എന്ന് അവിടുത്തെ ലേഖകനോട് ചോദിച്ചു. വലിയ സ്വാധീനമുള്ള പൊതുപ്രവര്‍ത്തകനായ അദ്ദേഹം ദേവസ്വം അധികാരികളോട് സംസാരിച്ച്, അതിന് അനുവാദം വാങ്ങി. അതിനുശേഷം ആ ചടങ്ങില്‍ മറ്റ് ആനകളും വരിയായി നില്‍ക്കും.''

കെ. ഗോപാലകൃഷ്ണന്‍ മാതൃഭൂമി പത്രാധിപരായിരിക്കേ, ഒന്നാം പേജില്‍ തൃശൂര്‍ പൂരത്തിന്റെ അസാധാരണമായൊരു മുഴുവന്‍ പേജ് ചിത്രം വന്നതിന്റെ കഥയും വി.എസ്. ഷൈന്‍ വിവരിച്ചു. നാലുപേരെയാണ് പടമെടുക്കാനയച്ചത്. എന്നാല്‍, പത്രാധിപര്‍ക്ക് ഒരു ചിത്രവും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ദേഷ്യപ്പെട്ടു. ഒരു ഫോട്ടോ സെലക്ട് ചെയ്യാന്‍ കൂടെപ്പോയ ബി. ചന്ദ്രകുമാറിനോട് പത്രാധിപര്‍ ആവശ്യപ്പെട്ടു. തെക്കോട്ടിറക്കത്തിനായി ആനകള്‍ തിരിയുന്നതിന്റെ പടം അദ്ദേഹം തെരഞ്ഞെടുത്ത് നല്‍കി. അത് ആര്‍ക്കും സ്വീകാര്യമായില്ല. എല്ലാ പത്രങ്ങളിലും വരുന്ന സാധാരണ ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ അത് വലിയ ചര്‍ച്ചയാകുമെന്ന് പറഞ്ഞപ്പോള്‍, പത്രാധിപര്‍ സ്വീകരിച്ചു. അങ്ങനെ, കീഴ്വഴക്കത്തില്‍നിന്നു വഴിമാറി സഞ്ചരിച്ച ആ ചിത്രം അച്ചടിക്കപ്പെട്ടു.

ഗുരുവായൂര്‍ കേശവന്റെ പ്രതിമകള്‍ക്ക് മുന്നില്‍ ആനകളുടെ പ്രണാമം.
ഗുരുവായൂര്‍ കേശവന്റെ പ്രതിമകള്‍ക്ക് മുന്നില്‍ ആനകളുടെ പ്രണാമം. ഫോട്ടോ: വി.എസ്. ഷൈന്‍

ടി.എന്‍. ശേഷന്‍ തെരഞ്ഞെടുപ്പ് കമ്മിഷണറായിരിക്കേ നടന്ന, 1994-ലെ ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ടി. കുഞ്ഞുമുഹമ്മദ്. പുതുതായി ഏര്‍പ്പെടുത്തിയ ചില പരിഷ്‌കാരങ്ങള്‍ കാരണം വോട്ടെണ്ണല്‍ പാതിര കഴിഞ്ഞും നീണ്ടുപോയി. അവിടെ കാത്തുനിന്നു. ഫലപ്രഖ്യാപനത്തിനുശേഷം വിജയി പുറത്തുവന്നപ്പോള്‍, ചുറ്റിനും ഈയാംപാറ്റകള്‍. അതിനിടയിലൂടെ അദ്ദേഹം വരുന്ന ചിത്രമായിരുന്നു, പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.

യാത്രകള്‍ എന്നും ഹരമായിരുന്നു. 1995-ല്‍ സഹപ്രവര്‍ത്തകനായ ടി. അജിത് കുമാറിനും കെ.എന്‍. ഷാജിക്കുമൊപ്പം നടത്തിയ ഹിമാലയന്‍ യാത്രയുടെ ചിത്രങ്ങള്‍ തൃശൂരില്‍ 'മൈന്‍ഡ് സ്‌കേപ്പ്' എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചു. എം.പി. സുരേന്ദ്രനായിരുന്നു, ആ പേരിട്ടത്. ഗംഗോത്രിയില്‍നിന്ന് ഗോമുഖ് വഴി, മഞ്ഞുപാളികള്‍ നിറഞ്ഞ് അപകടം പതിയിരിക്കുന്ന പാതയിലൂടെ കിലോമീറ്ററുകള്‍ താണ്ടിയാണ് തപോവനിലെത്തിയത്. ആരും വരാത്ത കൊടും ശൈത്യത്തിലും അവിടെ ഒറ്റയ്ക്ക് താമസിക്കുന്ന മാത എന്ന തപസ്വിനിയേയും കണ്ടു.

ഇത്തരം അനുഭവങ്ങളെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ഫോട്ടോയ്ക്ക് പിന്നില്‍' എന്ന കോളത്തില്‍ 25 ആഴ്ചകള്‍ എഴുതിയിട്ടുണ്ട്. വാരാന്തപ്പതിപ്പിലും മറ്റു പ്രസിദ്ധീകരണങ്ങളിലുമടക്കം ധാരാളം ഫീച്ചറുകളും എഴുതി. വടകരയിലെ സിദ്ധാശ്രമത്തേയും മാനസിക വിഭ്രാന്തി ബാധിച്ച മകന്‍ രാജുവുമായി തൃശൂര്‍ റൗണ്ടില്‍ നാല് പതിറ്റാണ്ടോളം അലഞ്ഞ ലക്ഷ്മിയമ്മാളിനേയും കുറിച്ചുള്ള ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടും. അടുത്തിടെ അവ സമാഹരിച്ച് 'കൈവിടര്‍ത്തുന്ന കാലം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

എറണാകുളത്തെ തോപ്പുംപടിയില്‍ ബസ്സിനടിയില്‍ പെട്ട് മരിച്ച യുവാവിന്റെ പടം മൊബൈലില്‍ എടുക്കാന്‍ തിടുക്കം കൂട്ടുന്നവര്‍.
എറണാകുളത്തെ തോപ്പുംപടിയില്‍ ബസ്സിനടിയില്‍ പെട്ട് മരിച്ച യുവാവിന്റെ പടം മൊബൈലില്‍ എടുക്കാന്‍ തിടുക്കം കൂട്ടുന്നവര്‍. ഫോട്ടോ: വി.എസ്. ഷൈന്‍

കേരളത്തിലെ പതിന്നാല് ജില്ലകളിലേയും സാമൂഹിക, കലാ-സാഹിത്യ, പൊതുജീവിതത്തിലുണ്ടായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന 350 ചിത്രങ്ങളും ലഘുവിവരണങ്ങളും ഉള്‍ക്കൊള്ളുന്ന 'പ്രദക്ഷിണം: മണ്ണ്, മനുഷ്യന്‍, മലയാളം' എന്ന ചിത്രപുസ്തകം തയ്യാറാക്കിയിട്ടുണ്ട്. ''പല കാരണങ്ങളാല്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാതെപോയ ചിത്രങ്ങളും ഇതിലുണ്ട്. ഒരു പരിവര്‍ത്തനകാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇക്കാലത്തിനിടയില്‍ എല്ലാ രംഗത്തും വന്ന മാറ്റങ്ങളുടെ ഡോക്യുമെന്റേഷനാണത്.'' വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഒരു ലക്ഷം രൂപയുടെ ആഗോള പാരിസ്ഥിതിക പുരസ്‌കാരം അതിനു കിട്ടി. നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഡോക്യുമെന്ററി ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡാര്‍ക്ക് റൂമില്‍ പ്രോസസ് ചെയ്ത്, പ്രിന്റെടുത്ത് വാഹനങ്ങളില്‍ മറ്റു കേന്ദ്രങ്ങളിലേക്ക് അയച്ചിരുന്ന കാലത്ത് ഫോട്ടോഗ്രാഫറായി തുടങ്ങി ഡിജിറ്റല്‍ യുഗത്തില്‍ വിരമിച്ച മാധ്യമ ജീവിതമാണ് വി.എസ്. ഷൈനിന്റേത്. ''അന്ന് നാല്‍പ്പതോളം ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ മാത്രമാണ് കേരളത്തിലുണ്ടായിരുന്നത്. ഇന്ന് എത്രയോ പേര്‍! വിഷ്വല്‍ കമ്യൂണിക്കേഷനും മൊബൈല്‍ ഫോണുകളും വ്യാപകമായതോടെ, സ്വന്തം നിലയില്‍ വ്യത്യസ്തമായ ചിത്രങ്ങള്‍ കണ്ടെത്താന്‍ കഴിയുക എന്നതാണ് ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ മുന്നിലുള്ള വലിയ വെല്ലുവിളി'', വി.എസ്. ഷൈന്‍ പറഞ്ഞു.

കളമശ്ശേരിയിലെ പൂട്ടിപ്പോയ ഒഗലെ ഗ്ലാസ് ഫാക്ടറിയുടെ മുന്നിലെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കുടുംബ ഫോട്ടോ.
കളമശ്ശേരിയിലെ പൂട്ടിപ്പോയ ഒഗലെ ഗ്ലാസ് ഫാക്ടറിയുടെ മുന്നിലെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കുടുംബ ഫോട്ടോ. ഫോട്ടോ: വി.എസ്. ഷൈന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com