ജീവശ്വാസംകൊണ്ട് അഭിനയിക്കുന്നയാള്‍

പ്രാണവായുവിനെപ്പോലും അഭിനയത്തോടിണക്കിച്ചേര്‍ത്ത കലാകാരനാണ് പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍ ആശാന്‍. ആറരപതിറ്റാണ്ടായി കഥകളിയാണ് ആശാന്റെ ജീവശ്വാസം. എല്ലാ പ്രകാരത്തിലും കഥകളിക്കു മാത്രമായി നീക്കിവെച്ച ജീവിതം
 സദനം ബാലകൃഷ്ണന്‍
സദനം ബാലകൃഷ്ണന്‍ ഫോട്ടോ:പി. ജവഹര്‍ /എക്‌സ്പ്രസ്

വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നൈയില്‍ നാട്യകലാ കോണ്‍ഫറന്‍സിന്റെ വേദിയില്‍ ഒരു പ്രമുഖ കഥകളി കലാകാരന്റെ ഭാവാഭിനയമുണ്ടായിരുന്നു. അതിനുശേഷം നടന്ന ചര്‍ച്ചയില്‍ വിഖ്യാത കലാനിരൂപകയായ കപില വാത്സ്യായന്‍ കാണികളോടായി ഒരു ചോദ്യം ചോദിച്ചു: എങ്ങനെയാണ് ഇദ്ദേഹം ഇത്രയും തന്മയത്വത്തോടെ അഭിനയം അവതരിപ്പിച്ചതെന്ന്. സ്വാഭാവികമായും മുഖഭാവപ്രകടനങ്ങളും ഹസ്തമുദ്രകളും ഉപയോഗിച്ചാണ് ഈ നിസ്തുല പ്രകടനം നടത്തിയതെന്നു കാണികളില്‍ പലരും പറഞ്ഞപ്പോള്‍ കപില വാത്സ്യായന്‍ അതിനോട് തീര്‍ത്തും വിയോജിച്ചു. മുഖത്തെ അതുല്യ ഭാവങ്ങളും വര്‍ണ്ണവ്യതിയാനങ്ങളും സ്വന്തം ശ്വാസക്രമീകരണത്തിലൂടെ ആ മഹാനടന്‍ സഫലീകരിച്ചതാണെന്നായിരുന്നു അവരുടെ വിലയിരുത്തല്‍!

പ്രാണവായുവിനെപ്പോലും അഭിനയത്തിനോടിണക്കിച്ചേര്‍ത്ത കലാകാരനാണ് ഇത്തവണ പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍ ആശാന്‍.

പ്രാണവായുവിനെപ്പോലും അഭിനയത്തിനോടിണക്കിച്ചേര്‍ത്ത ഈ കലാകാരനാണ് ഇത്തവണ പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍ ആശാന്‍. കഴിഞ്ഞ ആറരപതിറ്റാണ്ടായി കഥകളിതന്നെയാണ് ആശാന്റെ ജീവശ്വാസം. എല്ലാ പ്രകാരത്തിലും കഥകളിക്കു മാത്രമായി നീക്കിവെച്ച ജീവിതം. പ്രാണവായു അഭിനയത്തിന് ഇന്ധനമാക്കിയ നടന്‍ പക്ഷേ, ജനിച്ചുവീണപ്പോള്‍ ആരോഗ്യം കഷ്ടിയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ചുഴലിയില്‍ ആര്‍ക്ക്യത്ത് വീട്ടില്‍ കൃഷ്ണനും ഉമയമ്മയ്ക്കും 1944-ല്‍ പിറന്ന കുഞ്ഞ് തീര്‍ത്തും അനാരോഗ്യവാനും ജീവച്ഛവം കണക്കെയും ആയിരുന്നതിനാല്‍ അവന്റെ ജാതകം എഴുതിക്കാന്‍ വീട്ടുകാര്‍ മുതിര്‍ന്നില്ല. പക്ഷേ, നാട്ടറിവുകളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ബാലനെന്ന ഭാഗ്യജാതകക്കാരന്‍ തന്റെ ബാലാരിഷ്ടതകളെ അതിജീവിച്ചു. കഥകളി എന്ന കലാരൂപത്തിന് ആ കുട്ടിയെ തീര്‍ത്തും വേണമായിരുന്നുവെന്ന വിധിവിഹിതത്തിനു പിമ്പേ വന്ന ദശാബ്ദങ്ങള്‍ സാക്ഷ്യം നല്‍കും. പതിനൊന്നാം വയസ്സില്‍ കുറുമാത്തൂര്‍ സ്‌കൂളിലെ ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ആശാന്റെ കഥകളി അഭ്യസനത്തിന്റെ തുടക്കം. സ്‌കൂളിലെ ഡാന്‍സ് ക്ലാസ്സില്‍ ചേര്‍ന്ന കുട്ടി, താന്‍ പഠിക്കുന്നത് കഥകളിയാണെന്നറിയുന്നതുപോലും മാസങ്ങള്‍ക്കു ശേഷമായിരുന്നു. കൊണ്ടിവീട്ടില്‍ നാരായണന്‍ നായരായിരുന്നു ആദ്യഗുരു. കരപ്രമാണിമാരുടേയും ജന്മിമാരുടേയും ആശിര്‍വാദത്തിലും ഔദാര്യത്തിലും വളര്‍ന്നുവന്ന കഥകളി കലാകാരന്മാരിലെ അവസാനത്തെ കണ്ണികളിലൊരാളാണ് സദനം ബാലകൃഷ്ണന്‍. തുടക്കം മുതലേ ഈ കലാകാരനെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു വളര്‍ത്തി വലുതാക്കിയതില്‍ സ്‌കൂള്‍ മാനേജരും ജന്മിയുമായിരുന്ന കുറുമാത്തൂര്‍ നാരായണന്‍ നമ്പൂതിരിപ്പാടിനുള്ള പങ്ക് ഏറെ വലിയതാണ്. പന്ത്രണ്ടാം വയസ്സ് മുതല്‍ താമസവും ഭക്ഷണവും കഥകളി അഭ്യസനത്തിനുള്ള സൗകര്യവുമെല്ലാം ഏര്‍പ്പാടാക്കിയിരുന്നത് കുറുമാത്തൂര്‍ ഇല്ലത്തു തന്നെയായിരുന്നു. അരങ്ങേറ്റത്തിനു ഗുരുവിനു നല്‍കിയ ദക്ഷിണപോലും 'ഏഴുന്നള്ളിയേടത്തു' നിന്ന് നല്‍കിയതായിരുന്നു. 1956-ല്‍ ഇല്ലത്തുവെച്ച് രണ്ട് ദിവസമായി നടന്ന അരങ്ങേറ്റത്തില്‍ വീട്ടില്‍നിന്നു പങ്കെടുത്തവര്‍ രണ്ടുപേര്‍ മാത്രം. ആദ്യ ദിവസം അച്ഛന്‍. പിറ്റേന്ന് അച്ഛന്‍ പെങ്ങള്‍. പിന്നീട് പേരൂര്‍ ഗാന്ധി സേവാസദനം കഥകളി സ്‌കൂളിലേക്കും കലാമണ്ഡലത്തിലേക്കും പ്രവേശനത്തിനുള്ള അപേക്ഷ അയപ്പിക്കുന്ന കാര്യത്തിലും ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാന്‍ വഴിച്ചെലവും ആള്‍തുണയും ഉറപ്പുവരുത്തുന്നതിലുമെല്ലാം കുറുമാത്തൂര്‍ നമ്പൂതിരിപ്പാട് കാണിച്ച കരുതലും സ്നേഹവും ഇന്നും ആശാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

സദനം ബാലകൃഷ്ണന്‍ അരങ്ങില്‍
സദനം ബാലകൃഷ്ണന്‍ അരങ്ങില്‍

പതിനാലാം വയസ്സില്‍

കഥകളി അക്കാദമിയില്‍

പതിനാലാം വയസ്സില്‍ സദനം കഥകളി അക്കാദമിയില്‍ ചേര്‍ന്നത് കഥകളിയിലേക്കുള്ള പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്റെ തുടക്കമായിരുന്നു. ആദ്യത്തെ മൂന്നു വര്‍ഷം തേക്കിന്‍കാട് രാമുണ്ണി നായരാശാനായിരുന്നു ഗുരു. കലാജീവിതത്തിലെ സ്വന്തം ഗുരുവായ പദ്മശ്രീ കീഴ്പടം കുമാരന്‍ നായരുടെ ശിക്ഷണവും സ്നേഹവുമാണ് പിന്നീടങ്ങോട്ട് സദനം ബാലകൃഷ്ണന്‍ എന്ന കലാകാരനു വഴിവിളക്കായത്.

ഒരൊറ്റ ദിവസത്തിന്റെ വ്യത്യാസത്തിലാണ് 'സദനം ബാലകൃഷ്ണന്‍', 'കലാമണ്ഡലം ബാലകൃഷ്ണന്‍' ആവാതെ പോയത്. തൊട്ടുതൊട്ട ദിവസങ്ങളിലായിരുന്നു, സദനത്തിലേയും കലാമണ്ഡലത്തിലേയും പ്രവേശനത്തിനായുള്ള അഭിമുഖങ്ങള്‍. രണ്ടാം ദിവസത്തെ കലാമണ്ഡലത്തിലെ അഭിമുഖത്തില്‍ വിജയിച്ചുവെങ്കിലും സദനത്തില്‍ തലേന്നുതന്നെ പ്രവേശനം സ്വീകരിച്ചതിനാല്‍ അത് അങ്ങനെ തന്നെയാവട്ടെ എന്ന് നിശ്ചയിക്കുകയാണുണ്ടായത്. വീണ്ടുമൊരിക്കല്‍കൂടി കലാമണ്ഡലത്തില്‍ ചേരാനുള്ള അവസരം വന്നത് കഥകളിയില്‍ ഉപരിപഠനത്തിനായി കേന്ദ്ര ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ചപ്പോഴാണ്. ഇത്തവണ സാക്ഷാല്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടെ കീഴില്‍ പഠിക്കാനുള്ള സാഹചര്യം ഒത്തുവന്നുവെങ്കിലും കീഴ്പടം കുമാരന്‍ നായര്‍ എന്ന സ്വന്തം ഗുരുനാഥന്റെ കൂടെ വീണ്ടും പഠിക്കാനായി സദനം തന്നെ തിരഞ്ഞെടുത്തു. ഇങ്ങനെയൊക്കെയാണെങ്കിലും കലാമണ്ഡലത്തിലെ പ്രതിഭാധനരായ കലാകാരന്മാരോടൊപ്പം ചേര്‍ന്നു നിരവധി അരങ്ങുകളില്‍ കഥകളി അവതരിപ്പിക്കാനും അവരോടൊപ്പം കളിയരങ്ങില്‍ ഒരുപോലെ സ്വീകാര്യനുമാവാന്‍ സദനം ബാലകൃഷ്ണനായി.

രണ്ടു തവണ കലാമണ്ഡലത്തെ കൈവിട്ട സദനം ബാലകൃഷ്ണനോട് രണ്ട് പ്രാവശ്യം അവാര്‍ഡുകള്‍ നല്‍കിയാണ് കലാമണ്ഡലം പകരം വീട്ടിയത്! 2007-ലും 2017-ലും. ഇതില്‍ രണ്ടാമത്തേത് കഥകളിക്കുള്ള സമഗ്ര സംഭാവനയ്ക്കായി നല്‍കിയ പരമോന്നത ബഹുമതിയായിരുന്നു. സദനത്തിലെ പഠനകാലത്തിനിടയില്‍ ചെറിയൊരു കാലയളവില്‍ പറശ്ശിനിക്കടവ് കഥകളി യോഗത്തിലും പഠനശേഷം സദനത്തില്‍ തന്നെയും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചുവെങ്കിലും അറിയപ്പെടുന്ന കഥകളി കലാകാരന്‍, അദ്ധ്യാപകന്‍, കലാപണ്ഡിതന്‍ തുടങ്ങിയ തന്റെ വേഷങ്ങള്‍ ആശാന്‍ നിറഞ്ഞാടിയത് ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിലായിരുന്നു.

തികച്ചും യാദൃച്ഛികമായാണ് 1974-ല്‍ സദനം ബാലകൃഷ്ണന്‍ അന്താരാഷ്ട്ര കഥകളി കേന്ദ്രത്തില്‍ അദ്ധ്യാപകനായെത്തുന്നത്. ''ജീവിതം വഴിമുട്ടിനിന്ന ഒരു ഘട്ടത്തിലാണ് ഞാന്‍ ഡല്‍ഹിക്കു വണ്ടി കയറിയത്'' എന്ന് ആശാന്‍ ഓര്‍ക്കുന്നു. മുപ്പത്തിമൂന്ന് വര്‍ഷം നീണ്ടുനിന്ന സഫലമായ ഒരു കലാസപര്യയുടെ തുടക്കമായിരുന്നു അത്.

താല്‍ക്കാലികമായി പ്രവര്‍ത്തനം നിലച്ചുപോയ ഡല്‍ഹി അന്താരാഷ്ട്ര കഥകളി കേന്ദ്രം പുനരാരംഭിക്കുക എന്ന ദൗത്യമായിരുന്നു സദനം ബാലകൃഷ്ണനടക്കം പുതുതായി തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരുടെ ദൗത്യം. കേവലം അഞ്ച്

വിദ്യാര്‍ത്ഥികളായിരുന്നു അന്നവിടെ പഠിതാക്കളായുണ്ടായിരുന്നത്. മൂന്ന് പതിറ്റാണ്ടിനിപ്പുറം 2007-ല്‍ ഡല്‍ഹിയില്‍നിന്നു മടങ്ങുമ്പോള്‍ നൂറ്റിഅന്‍പതിലധികം കുട്ടികളുള്ള (അതില്‍ത്തന്നെ അധികപങ്കും പെണ്‍കുട്ടികളുള്ള) ഒരു മികച്ച സ്ഥാപനമായി കഥകളി കേന്ദ്രത്തെ വളര്‍ത്താന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യം ആശാനുണ്ട്. ഇതിനിടയില്‍ 1975-1980 കാലത്ത്, ഏതാണ്ട് അഞ്ചു വര്‍ഷത്തോളം സ്വന്തം ഗുരുവായ കീഴ്പടം കുമാരന്‍ നായരാശാന്‍ തന്നെ കഥകളി കേന്ദ്രത്തെ നയിച്ചുവെന്നത് തനിക്കു വീണുകിട്ടിയ ഒരു ഭാഗ്യമായാണ് ബാലകൃഷ്ണനാശാന്‍ കരുതുന്നത്.

ഗുരു കീഴ്പടം കുമാരന്‍ നായര്‍ക്കൊപ്പം
ഗുരു കീഴ്പടം കുമാരന്‍ നായര്‍ക്കൊപ്പം

''ആ അഞ്ചു കൊല്ലം കൂടി ചേര്‍ത്താല്‍ ആശാന്റെ ശിക്ഷണത്തില്‍ ഞാന്‍ പതിനെട്ട് വര്‍ഷം പഠിച്ചിട്ടുണ്ട്'' എന്നു പറയുമ്പോള്‍ എന്നും കഥകളി പഠിക്കാന്‍ വെമ്പുന്ന ഒരു തുടക്കക്കാരന്റെ ഉത്സാഹമാണ് നമുക്കു കാണാന്‍ കഴിയുക.

''അറിയുന്തോറുമാര്‍ക്കും തന്നറിവില്ലായ്മ ബോധ്യമാം'' എന്ന തത്ത്വത്തില്‍ ഉറച്ചുവിശ്വസിക്കുന്ന ആശാന്‍ അന്‍പതാം വയസ്സിലാണ് പഴയ കല്ലടിക്കോടന്‍ സമ്പ്രദായം പഠിക്കാന്‍ കാന കണ്ണന്‍ നായരാശാനെ സമീപിക്കുന്നത്. അതുകഴിഞ്ഞ് രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം കപ്ലിങ്ങാടന്‍ സമ്പ്രദായം പഠിക്കാന്‍ പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായരാശാന് ദക്ഷിണവെച്ച് നമസ്‌കരിക്കുമ്പോള്‍ പലര്‍ക്കും അതു വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

ഡല്‍ഹിയില്‍ സ്ഥിരതാമസമായിരുന്നിട്ടും കേരളത്തിന്റെ സാഹിത്യമണ്ഡലത്തില്‍ നിറഞ്ഞുനിന്ന പല എഴുത്തുകാരുമുണ്ട്, നമുക്ക്. എം. മുകുന്ദനേയും ഒ.വി. വിജയനേയും പോലെയുള്ളവര്‍. ആ ഗണത്തില്‍പ്പെടുത്താവുന്ന കലാകാരനാണ് ബാലകൃഷ്ണനാശാന്‍. നാല്‍പ്പത്തഞ്ചു കൊല്ലത്തിലധികം കേരളത്തിനു പുറത്തായിരുന്നിട്ടും മലയാളത്തിലെ കഥകളി വേഷക്കാര്‍ക്കൊപ്പം സ്വന്തം കസേര വലിച്ചിട്ടിരിക്കാന്‍ സാധിച്ചുവെന്നത് ആശാന്റെ കഴിവിനും അര്‍പ്പണബോധത്തിനുമുള്ള അംഗീകാരം തന്നെയാണ്.

പ്രഗല്‍ഭനായ കഥകളിനടന്‍ എന്ന ഒറ്റ വിശേഷണത്തില്‍ ഒതുക്കാന്‍ പറ്റില്ല സദനം ആശാനെ. കഥകളിയുടെ എല്ലാ വിഭാഗങ്ങളിലും (ആട്ടക്കഥ, അഭിനയം, കൊട്ട്, പാട്ട്, ചുട്ടി, അണിയറ) ആര്‍ജ്ജിച്ച ആഴത്തിലുള്ള അറിവ്. അത് വ്യക്തമായി പഠിതാക്കളിലേക്കും ശ്രോതാക്കളിലേക്കും കാണികളിലേക്കും എത്തിക്കാനുള്ള കഴിവും സമര്‍പ്പണബോധവും. ഇതൊക്കെ ഒന്നിച്ച് കാണാവുന്നത് വളരെക്കുറച്ചു പേരില്‍ മാത്രമാവും.

മലയാളവും ഇംഗ്ലീഷും അത്യാവശ്യം ഹിന്ദിയും തമിഴും ഒരു പോലെ കൈകാര്യം ചെയ്യുന്ന, കഥകളിയെപ്പറ്റി കേരളത്തിനപ്പുറവും ഇന്ത്യയ്ക്കു പുറത്തും ക്ലാസ്സുകളും ലെക്ചര്‍ ഡെമോണ്‍സ്ട്രേഷനുകളും നടത്തുന്ന എത്ര കഥകളി കലാകാരന്മാര്‍ നമുക്കുണ്ട് ?

ഗുരുനാഥന്‍ കീഴ്പടം ആശാന്റെ നിര്‍ദ്ദേശാനുസര ണം ഹിന്ദി പ്രവീണ്‍ പരീക്ഷ പാസ്സായത് തന്റെ ഉത്തരേന്ത്യന്‍ ജീവിതത്തില്‍ ഏറെ ഉപകരിച്ചുവെന്ന് ബാലകൃഷ്ണനാശാന്‍ എന്നും അടിവരയിട്ട് പറയാറുണ്ട്. സാമാന്യ വിദ്യാഭ്യാസം മാത്രമുള്ള ഈ കലാകാരന്‍ ഇംഗ്ലീഷില്‍ എഴുതിയ പല ലേഖനങ്ങളും കഥകളിയെ കേരളത്തിനു പുറത്ത് പരിചയപ്പെടുത്താന്‍ ഏറെ സഹായിച്ചു. 'കഥകളി - എ പ്രാക്ടീഷണേഴ്സ് പെഴ്സ്പെക്റ്റിവ്' എന്ന പേരില്‍ ആശാന്‍ രചിച്ച ഇംഗ്ലീഷ് ഗ്രന്ഥം ഇന്നും അന്യഭാഷകളിലെ കലാസ്നേഹികള്‍ക്കു കഥകളിയുടെ ലോകത്തേക്കു തുറക്കുന്ന ആദ്യത്തെ കിളിവാതിലാണ്.

സ്പിക് മാകെ(SPIC MACAY)യുമായി സഹകരിച്ച് നാല്‍പ്പത് വര്‍ഷത്തോളം ഇന്ത്യയിലുടനീളവും ഇന്ത്യയ്ക്ക് പുറത്തും കഥകളിയും

ലെക്ചര്‍ ഡെമോണ്‍സ്ട്രേഷനും നടത്തുവാനും കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളായ സി.സി.ആര്‍.ടി, ഐ.സി.സി.ആര്‍ തുടങ്ങിയവയിലൂടെ കഥകളിയുടെ പ്രോത്സാഹനത്തിനും പ്രചരണത്തിനുമായി വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കാനും ആശാനു കഴിഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയില്‍ അങ്ങോളമിങ്ങോളവും ഇരുപത്തഞ്ചില്‍പ്പരം പുറംരാജ്യങ്ങളിലുമുള്ള കലാപ്രവര്‍ത്തകരുമായി ഒത്തുപ്രവര്‍ത്തിക്കാനും കഥകളിയുടെ സാധ്യതകളെപ്പറ്റി അവരെ ബോധവല്‍ക്കരിക്കാനും കഴിഞ്ഞുവെന്ന് ആശാന് ഉത്തമബോധ്യമുണ്ട്.

അതിരുകള്‍ പിന്നിട്ട

ആട്ടക്കഥകള്‍

കഥകളിയെ ഇത്രമേല്‍ മറ്റ് ഭാഷകളോടും സംസ്‌കാരങ്ങളോടും ചേര്‍ത്തുവെച്ച് പരിപോഷിപ്പിച്ച മറ്റൊരു കഥകളി നടനും ഉണ്ടാവില്ലതന്നെ. ഗ്രീക്ക്, ഇംഗ്ലീഷ്, ഫ്രെഞ്ച്, ഹിന്ദി, തമിഴ് തുടങ്ങി നിരവധി ഭാഷകളില്‍നിന്നുള്ള കഥകള്‍ ആട്ടക്കഥകളാക്കി അവതരിപ്പിക്കാന്‍ ബാലകൃഷ്ണനാശാനു കഴിഞ്ഞു.

ഫ്രെഞ്ച് സാഹിത്യകാരന്‍ പിയര്‍ കോര്‍ണലിയ(Pierre Corneille)യുടെ വിഖ്യാതമായ ദുരന്തകാവ്യം ലേ സിഡ് (Le Cid) 'മഹാരഥി'യെന്ന പേരില്‍ കഥകളിയായി അവതരിപ്പിച്ചത് വളരെ വിജയകരമായ ഒരു പരീക്ഷണമായിരുന്നു.

കോര്‍ണേലിയയും മോലിയയും (Molière) ചേര്‍ന്നൊരുക്കിയ സിഷെ (Psyché) 'സുമന' എന്ന ആട്ടക്കഥയായാണ് ആശാന്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്.

അരങ്ങില്‍ വളരെയേറെ വിജയം നേടിയതും ഇപ്പോഴും പ്രദര്‍ശിപ്പിച്ചു വരുന്നതുമായ കഥകളിയാണ് ആശാന്‍ തന്നെ മൊഴിമാറ്റം നടത്തി ചിട്ടപ്പെടുത്തിയ വില്യം ഷെയ്ക്സ്പിയറുടെ 'ഒഥെല്ലോ'. അതിനുശേഷം ചെയ്ത 'മാക്ബെത്ത്' എന്തുകൊണ്ടോ അത്രകണ്ട് സ്വീകരിക്കപ്പെട്ടില്ല.

യൂറിപ്പഡീസിന്റെ 'ആല്‍സിസിറ്റ്സ്', 'ഹെലന്‍' എന്നീ ഗ്രീക്ക് നാടകങ്ങള്‍ 'ആത്മബലി', 'ഹേല' എന്ന പേരുകളിലാണ് ആട്ടക്കഥകളാക്കി അവതരിപ്പിച്ചത്. ഗ്രീക്ക് ദുരന്തനാടകമായ 'ബാക്കായ്' (Bacchae) ഡെല്‍ഫിയിലെ പുരാതനമായ ആംഫി തിയറ്റേറ്റില്‍ വിജയകരമായി അവതരിപ്പിച്ചത് ഇന്നും മറക്കാനാവാത്ത ഒരു ഓര്‍മ്മയാണ് ബാലകൃഷ്ണനാശാന്. ഡോ. അകവൂര്‍ നാരായണനായിരുന്നു ഈ കൃതി മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്തത്.

ഭാരതീയ കഥകളെ ആസ്പദമാക്കി രചിച്ച ആട്ടക്കഥകളില്‍ ഏറ്റവും വിജയകരമായത് 'ഭീഷ്മാനുതാപ'വും 'രാധാമാധവ'വും 'നീലമണീയ'വുമാണ്. 'രാവണ' എന്ന ചതുര്‍ഭുജിന്റെ ഹിന്ദി പുരാണനാടകത്തിലെ ഒരു രംഗമാണ് 'നീലമണീയ'മായി ആശാന്‍ കഥകളിയിലേക്കു കൊണ്ടുവന്നത്.

ഇന്നും ഇടയ്ക്കൊക്കെ അരങ്ങില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന 'നീലമണീയ'ത്തില്‍ ശൂര്‍പ്പണഖ എന്ന രാമായണ കഥാപാത്രത്തിന്റെ ഹൃദയസ്പര്‍ശിയായ പൂര്‍വ്വകാലമാണ് കാണിക്കുന്നത്. നീലമണി എന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടി എങ്ങനെ ശൂര്‍പ്പണഖയായി മാറി എന്നു വിവരിക്കുന്ന ഈ കഥ പ്രമേയംകൊണ്ടും അവതരണംകൊണ്ടും തികച്ചും വേറിട്ടു നില്‍ക്കുന്നതാണ്. ദുരഭിമാനക്കൊല (honour killing) ഇനിയും വിട്ടൊഴിഞ്ഞുപോകാത്ത ഇന്ത്യന്‍ സമൂഹത്തില്‍ ഈ കഥ ഇന്നും വളരെ പ്രസക്തിയുള്ളതാണ്.

'വിശ്വശാന്തി' എന്ന പേരില്‍ എഴുതിയ കഥയില്ലാ കഥകളി, യുദ്ധത്തിന്റെ വിപത്തുകളെ അടിവരയിട്ടു പറയുന്ന അതിശക്തമായ ഒരു അവതരണമാണ്. അതുകൊണ്ടുതന്നെ ഈ ആട്ടക്കഥയ്ക്ക് ഇപ്പോഴും അരങ്ങുകള്‍ കിട്ടുന്നുണ്ട്.

വിജയിച്ച ആട്ടക്കഥകളോടൊപ്പം അത്രമേല്‍ കൊണ്ടാടപ്പെടാത്തതും പരാജയപ്പെട്ടതുമായ നിരവധി പരീക്ഷണാത്മക കഥകളുമുണ്ടായിരുന്നുവെന്ന് ആശാന്‍ തുറന്നുസമ്മതിക്കുന്നു. വിഭീഷണ പുത്രന്‍ (തരണീ സേനന്‍), പരശുരാമ വിജയം, പുരോഹിത രാവണന്‍, പിന്നെ പേരുകള്‍ മറന്നുപോയ പല കഥകളും... ആശാന്‍ രചിച്ച ആട്ടക്കഥകളുടെ ലിസ്റ്റ് നീണ്ടു പോവുകയാണ്.

ഇതുവരെ എഴുതിയ എല്ലാ ആട്ടക്കഥകളും കൈവശമില്ലെങ്കിലും കഥകളിയുടെ മികവുകൂട്ടാന്‍ ഓരോ പരീക്ഷണവും നല്‍കിയ ഊര്‍ജ്ജവും ഉള്‍ക്കാഴ്ചകളും സഹായിച്ചുവെന്ന് ആശാനു സംശയമേതുമില്ല.

യൂറിപ്പഡീസിന്റെ 'ആല്‍സിസിറ്റ്സ്', 'ഹെലന്‍' എന്നീ ഗ്രീക്ക് നാടകങ്ങള്‍ 'ആത്മബലി', 'ഹേല' എന്ന പേരുകളിലാണ് ആട്ടക്കഥകളാക്കി അവതരിപ്പിച്ചത്. ഗ്രീക്ക് ദുരന്തനാടകമായ 'ബാക്കായ്' (Bacchae) ഡെല്‍ഫിയിലെ പുരാതനമായ ആംഫി തിയറ്റേറ്റില്‍ വിജയകരമായി അവതരിപ്പിച്ചത് ഇന്നും മറക്കാനാവാത്ത ഒരു ഓര്‍മ്മയാണ് ബാലകൃഷ്ണനാശാന്.
അരങ്ങില്‍
അരങ്ങില്‍

ഇന്ത്യയിലെ മറ്റു പ്രസിദ്ധ കലാകാരന്മാരുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള ധാരാളം അവസരങ്ങള്‍ ആശാന് ഉണ്ടായിട്ടുണ്ട്. പ്രസിദ്ധ നര്‍ത്തകിമാരായ ഇന്ദ്രാണി റഹിമാന്‍, സ്വപ്നസുന്ദരി, ഭാരതി ശിവജി എന്നിവരെ ചുരുങ്ങിയ കാലയളവിലേക്കെങ്കിലും കഥകളി പഠിപ്പിച്ചിട്ടുണ്ട്. ലീലാ സാംസണ്‍, പണ്ഡിറ്റ് രവിശങ്കര്‍, പണ്ഡിറ്റ് ബ്രിജു മഹാരാജ് തുടങ്ങിയവരുടെ പല അവതരണങ്ങളും ചിട്ടപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. രാജാ രാധാ റെഡ്ഡി, ജയറാം വനശ്രീ, മാധവി മുഡ്ഗള്‍, ഭാരതി ശിവജി, ലീലാ സാംസണ്‍, സിംഘജിത് സിംഗ്, അതിഥി മംഗള്‍ദാസ്, പ്രീതി പട്ടേല്‍, അരുണ മൊഹന്തി, പ്രതിഭാ പ്രഹ്ലാദ് തുടങ്ങിയവരോടൊപ്പം നൃത്തവേദികള്‍ പങ്കിടാന്‍ ആശാന് അവസരം ഉണ്ടായിട്ടുണ്ട്. സോണല്‍ മാന്‍സിംഗിന്റെ കൂടെ ഗീതാഗോവിന്ദത്തില്‍ കൃഷ്ണനും രാധയും കുമാരസംഭവത്തില്‍ ശിവനും പാര്‍വ്വതിയുമൊക്കെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയ പ്രകടനങ്ങളായിരുന്നു.

വിവിധ ദിവസങ്ങളിലാണെങ്കിലും ഒരേ മഹോത്സവത്തിന്റെ ഭാഗമായി മഹാന്മാരായ പണ്ഡിറ്റ് ബ്രിജു മഹാരാജ്, കേളു ചരണ്‍ മഹാപത്ര, സത്യനാരായണന്‍ ശര്‍മ, വെമ്പട്ടി ചിന്നസത്യം എന്നിവര്‍ക്കൊപ്പം അരങ്ങത്തെത്താന്‍ കഴിഞ്ഞതും തന്റെ ഭാഗ്യമായി ആശാന്‍ കരുതുന്നു. കൃത്യനിഷ്ഠത ആശാന്റെ കൂടപ്പിറപ്പാണ്. ഡല്‍ഹിയിലെ മുപ്പത്തിമൂന്ന് വര്‍ഷത്തെ

പ്രവര്‍ത്തനത്തിനിടയില്‍ ഒരൊറ്റ മീറ്റിങ്ങിനോ പരിപാടിക്കോ അഞ്ചു മിനിറ്റ് പോലും താമസിച്ചെത്തിയിട്ടില്ല താന്‍ എന്ന് ആശാന്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍, ഇത്തിരിയൊന്ന് വൈകി കളരിയിലെത്തിയാല്‍ ആശാന്റെ ഭാവം മാറുമെന്ന് പഴയ സഹപ്രവര്‍ത്തകരും ശിഷ്യരും ഒരുപോലെ ഏറ്റുപറയും.

സദനം ബാലകൃഷ്ണനാശാന്‍ സംഘത്തിലുണ്ടെങ്കില്‍ തലമുതിര്‍ന്ന കലാകാരന്മാര്‍ക്കു പോലും ചെറിയൊരു ശങ്കയാണ്. ആദരവ് കലര്‍ന്ന ഭയം. എല്ലാ കളികള്‍ക്കു ശേഷവും അതിന്റെ ഗുണദോഷങ്ങളെ വിലയിരുത്തണമെന്ന് ആശാനു നിര്‍ബ്ബന്ധമാണ്. വലിപ്പച്ചെറുപ്പമില്ലാതെ, മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്ന ആശാന്റെ അഭിപ്രായങ്ങള്‍ പൊതുവെ എല്ലാവരും അംഗീകരിക്കുകയും ചെയ്യും. ഇകഴ്ത്തി ആത്മവിശ്വാസം തകര്‍ക്കുന്നവയല്ല ഈ അഭിപ്രായങ്ങള്‍, മറിച്ച് തെറ്റ് ചൂണ്ടിക്കാട്ടി കൂടുതല്‍ മികവു നേടാന്‍ സഹായിക്കുന്നവയാണ് എന്ന ബോധ്യം എല്ലാവരിലും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞുവെന്നത് ആശാന്റെ മാത്രം നേട്ടമാണ്.

ഏറ്റവും മികച്ച കഥകളി കലാകാരന്മാര്‍ പോലും ബാലകൃഷ്ണന്റെ 'അസ്സലായി' എന്ന അഭിപ്രായത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ്. താന്‍ ബഹുമാനിക്കുന്ന കലാകാരന്മാരുടെ നല്ല അഭിപ്രായങ്ങള്‍ക്ക് ആശാനും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. സോണല്‍ മാന്‍സിംഗിന്റെ സ്ഥാപനത്തിനുവേണ്ടി നടത്തിയ ഒരു കഥകളി അവതരണത്തിനുശേഷം ഗോപിയേട്ടന്‍ (കലാമണ്ഡലം ഗോപിയാശാന്‍) അണിയറയില്‍ വന്ന് നേരിട്ട് അഭിനന്ദിച്ചതും ഒരു അഭിനയ അവതരണ ക്ലാസ്സിനു ശേഷം പണ്ഡിറ്റ് ബ്രിജു മഹാരാജ് ചേര്‍ത്തുപിടിച്ച് അനുമോദിച്ചതുമെല്ലാം വിവരിക്കുമ്പോള്‍ മുതിര്‍ന്നവരുടെ പ്രോത്സാഹനത്തില്‍ നിഷ്‌കളങ്കമായി സന്തോഷിക്കുന്ന ഒരു കൊച്ചു കുട്ടിയായി മാറാറുണ്ട്, ആശാന്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുടുംബജീവിതത്തെപ്പറ്റി പരാമര്‍ശിക്കാതെ ആശാന്റെ കഥ പൂര്‍ണ്ണമാവില്ല. ജാതകമില്ലായിരുന്നെങ്കിലും പഠനം കഴിഞ്ഞയുടനെത്തന്നെ കല്യാണം നടന്നു. സ്വന്തം മുറപ്പെണ്ണ് ജാനകിയുമായി. ജനനത്തിനു മുമ്പേ മാതാപിതാക്കള്‍ പറഞ്ഞുറപ്പിച്ച ബന്ധം. പിന്നെ രണ്ട് വര്‍ഷം സദനത്തില്‍ കുടുംബസമേതം താമസിച്ചെങ്കിലും, 1974 മുതല്‍ 1987 വരെ ഒരാള്‍ ഡല്‍ഹിയിലും മറ്റെയാള്‍ നാട്ടിലുമായി അകന്നു ജീവിക്കേണ്ടിവന്നു. ഇക്കാലമത്രയും പ്രതിമാസം മണിയോര്‍ഡറായി അയച്ചിരുന്ന 100 രൂപയും വീട്ടിലിരുന്നു തയ്ച്ചു നേടിയ ചെറിയ വരുമാനവും വെച്ച് കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകളടക്കം വീട്ടുകാര്യങ്ങളൊക്കെ തന്റെ സഹധര്‍മ്മിണി എങ്ങനെ നടത്തിയെന്നത് ഇന്നും ആശാന് ഒരു വിസ്മയം തന്നെയാണ്.

1987-ല്‍ എമിനന്റ് ആര്‍ട്ടിസ്റ്റ് ക്വാട്ടയില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഡല്‍ഹിയിലെ ഏഷ്യാഡ് വില്ലേജില്‍ ഒരു വീട് അനുവദിച്ചപ്പോള്‍ ഭാര്യയേയും കുട്ടികളേയും ഡല്‍ഹിയിലേക്കു കൂടെ കൂട്ടി. അതിനുശേഷം അരനൂറ്റാണ്ടായി എവിടെയായിരുന്നാലും പ്രിയപത്‌നി ആശാന്റെ കൂടെത്തന്നെയാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നടത്തിയ പല യാത്രകളിലും ശില്പശാലകളിലുമൊക്കെ പ്രിയപത്‌നി ആശാന്റെ കൂടെത്തന്നെയുണ്ടായിരുന്നു. കഥകളിയോടുളള നിരന്തര സഹവാസം മൂലം നല്ലൊരു കഥകളി ആസ്വാദകയായി മാറിക്കഴിഞ്ഞു തന്റെ ഭാര്യയെന്ന് അഭിമാനത്തോടെ പറയുന്ന ആശാന്റെ മുന്‍പില്‍ ഭാര്യയേയും മക്കളേയും പുറംലോകം കാണിക്കുന്നതില്‍ ഒട്ടും ശ്രദ്ധവെയ്ക്കാത്ത ശരാശരി കഥകളിക്കാര്‍ പകച്ചുനില്‍ക്കും. തീര്‍ച്ച.

കഥകളിക്കായി സ്വയം സമര്‍പ്പിച്ചപ്പോള്‍ സ്വന്തം സാമ്പത്തിക നേട്ടങ്ങളെപ്പറ്റിയും ഭൗതിക സുഖങ്ങളെപ്പറ്റിയും ചിന്തിക്കാന്‍ മറന്നുപോയി, ആശാന്‍. 2007-ല്‍ കഥകളി കേന്ദ്രത്തിന്റെ പ്രിന്‍സിപ്പലായി വിരമിക്കുമ്പോള്‍, കേന്ദ്ര സംഗീത അക്കാദമി അവാര്‍ഡ് ജേതാവും എമിനന്റ് ആര്‍ട്ടിസ്റ്റുമായിരുന്ന ആശാന്റെ ശമ്പളം 8000 രൂപ മാത്രമായിരുന്നു!

(സര്‍ക്കാര്‍ ഓഫീസില്‍ സ്ഥിരം ജോലിയുള്ള ഏറ്റവും താഴെ തട്ടിലുള്ള ജീവനക്കാര്‍ക്കുപോലും ഇതിന്റെ മൂന്നോ നാലോ ഇരട്ടി ശമ്പളം കാണുമല്ലൊ) സാംസ്‌കാരിക മന്ത്രാലയം സ്വന്തം താമസത്തിനായി അനുവദിച്ച വീടിന്റെ നല്ലൊരു ഭാഗം കഥകളി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം അഞ്ചു വര്‍ഷത്തോളം (1987-1992) വിട്ടുകൊടുത്ത് ആശാന്‍ കലാലോകത്തിനു വേറിട്ടൊരു മാതൃകയായി (ഇക്കാലത്ത് കഥകളി കേന്ദ്രത്തിനു സ്വന്തമായ ഒരു കെട്ടിടമില്ലാത്ത അവസ്ഥയായിരുന്നു).

ലീലാ സംസണ്‍
ലീലാ സംസണ്‍

രണ്ടായിരത്തിഏഴില്‍ ഡല്‍ഹി വിട്ടെങ്കിലും പിന്നെയും ഒരു വ്യാഴവട്ടത്തിലധികം സമയമെടുത്തു കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍. ഡല്‍ഹിയില്‍നിന്നു നേരെ പോയത് ചെന്നൈ കലാക്ഷേത്രയിലേക്കായിരുന്നു. ആത്മാര്‍ത്ഥ സുഹൃത്തും ആരാധികയും നൃത്തവേദികളില്‍ സഹപ്രവര്‍ത്തകയുമായ ലീലാ സാംസന്റെ സ്നേഹപൂര്‍വ്വമായ ക്ഷണമായിരുന്നു കലാക്ഷേത്രയില്‍ ഒരു രണ്ടാമങ്കത്തിന് ആശാനെ പ്രേരിപ്പിച്ചത്. ഇത്രയും ആത്മാര്‍ത്ഥതയുള്ള ഒരു ഡയറക്ടറെ ലഭിക്കാന്‍ കലാക്ഷേത്ര ഇനിയും വളരെക്കാലം കാത്തിരിക്കേണ്ടിവരുമെന്ന് ആശാന് സംശയമേതുമില്ല. ക്ലാസ്സും പരിസരവും തൂത്തുവാരുന്നതടക്കം സ്ഥാപനത്തിനുവേണ്ടി എന്തു പ്രവൃത്തിയും സസന്തോഷം ചെയ്യാനുള്ള അവരുടെ മന:സ്ഥിതി ആരെയും വിസ്മയിപ്പിക്കുമെന്നാണ് ആശാന്റെ സാക്ഷ്യം.

കേരളത്തിനു പുറത്ത് തനിക്കൊരിക്കലും ആസ്വാദക ക്ഷാമം അനുഭവപ്പെട്ടിട്ടില്ല എന്നു പറയുന്ന ആശാന് പക്ഷേ, കേരളത്തിലെ കഥകളി ആസ്വാദനത്തെപ്പറ്റിയും കഥകളിയോടുള്ള സമീപനത്തെപ്പറ്റിയുമൊക്കെ ഏറെ പറയാനുണ്ട്.

കേരളത്തില്‍ വളരെ കുറച്ചു പേര്‍ കഥകളി അറിഞ്ഞ് ആസ്വദിക്കുന്നവരായുണ്ടെങ്കിലും ബഹുഭൂരിപക്ഷവും കഥകളിയെ തങ്ങള്‍ക്കു മനസ്സിലാക്കാന്‍ പറ്റാത്ത ഒരു കലാരൂപമായാണ് നോക്കിക്കാണുന്നത്. ഈ പ്രവണതയ്ക്ക് മാറ്റം വരേണ്ടതുണ്ട്. സ്‌കൂളുകളില്‍ കഥകളിയെപ്പറ്റി ഒരു സാമാന്യ ധാരണയുണ്ടാക്കുക, പുരാണകഥകള്‍ പരിചയപ്പെടുത്തുക തുടങ്ങിയവയൊക്കെ നല്ല കഥകളി ആസ്വാദകരെ സൃഷ്ടിക്കാന്‍ സഹായിക്കും.

പത്രമാധ്യമങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കഥകളിക്കു വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ല. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കം സ്ഥിരമായി നിരീക്ഷിക്കുന്ന ആര്‍ക്കും ഈ അവഗണന കണ്ടില്ലെന്നു നടിക്കാനാവില്ല.

ഉത്സവാഘോഷങ്ങളിലും മറ്റും കഥകളിക്ക് പ്രത്യേകം അവസരമൊരുക്കാറുണ്ടെങ്കിലും മിക്കപ്പോഴും മറ്റെല്ലാ പരിപാടികള്‍ക്കും ശേഷം രാവേറെ ചെന്ന ശേഷം ആളൊഴിഞ്ഞ സദസ്സുകള്‍ക്കു മുന്നിലായിരിക്കും കഥകളിയുടെ ഊഴം. കഥകളിക്ക് ഏറെ പ്രാമുഖ്യം നല്‍കുന്ന കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങളില്‍പോലും സ്ഥിതി വ്യത്യസ്തമല്ല. അവിടുത്തെ ഒരു ജൂബിലി ആഘോഷത്തെപ്പറ്റി അന്നത്തെ പ്രിന്‍സിപ്പാല്‍ ആയിരുന്ന പദ്മശ്രീ കലാമണ്ഡലം ഗോപിയാശാന്റെ അഭിപ്രായം ഇങ്ങനെയായിരുന്നുവത്രെ: ''ആഘോഷം കെങ്കേമമായി. അക്കൂട്ടത്തില്‍ കഥകളിയും ഉണ്ടായിരുന്നു!''

''എന്തേ, അങ്ങനെ?'' എന്നു ചോദിച്ചപ്പോള്‍ പറഞ്ഞത് ഭരതനാട്യവും ഒഡീസിയും കഥകും മറ്റും കഴിഞ്ഞ് കാലത്ത് മൂന്നര മണിക്കു ശേഷമായിരുന്നു കഥകളി അരങ്ങേറിയത് എന്നായിരുന്നു!

കഥകളിയുടെ കമ്പോളവല്‍ക്കരണത്തില്‍ ആശാന് ഏറെ ദുഃഖമുണ്ട്. കഥകളിയുടെ നിലവാരം നഷ്ടപ്പെടുന്ന രീതിയിലുള്ള ഫ്യൂഷന്‍/ജുഗല്‍ ബന്ദികളോട് ഒട്ടും അഭിപ്രായവുമില്ല. രണ്ട് നൃത്തരൂപങ്ങള്‍ ചേര്‍ന്നുനില്‍ക്കേണ്ടത്, കലാപരമായി ഒരുമിച്ച് ഉയരാനായി മാത്രമായിരിക്കണം എന്നാണ് ആശാന്റെ പക്ഷം.

അശീതിയുടെ (എണ്‍പതാം പിറന്നാളിന്റെ) പടിവാതിക്കല്‍ എത്തിയ ആശാന്‍ ഇപ്പോള്‍ മറ്റൊരു പ്രധാന ദൗത്യത്തിലാണ്. ഏറെയാരും അറിയാതേയും കാണാതേയും പോയ ആശാന്റെ ജീവിത കഥ 'കഥകളി അതിസാദരം' എന്ന പേരില്‍ സ്വന്തം ഭാഷയില്‍ നമ്മളിലേക്കെത്തിക്കുന്ന ശ്രമത്തിന്റെ ഒടുവിലത്തെ ഘട്ടത്തിലാണ് ആശാനിപ്പോള്‍.

***

(ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറാണ് ലേഖകന്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com