സാമൂതിരി സഭയിലെ പാതിരിയും പാക്കനാരും

കേരളത്തിന്റെ സാമൂഹ്യ- സാംസ്‌കാരിക ചരിത്ര പഠനങ്ങളില്‍ സുപ്രധാനമായ ഒരു പേരാണ് യാകൊമോ ഫെനിസ്യോ എന്ന ജസ്യൂട്ട് പാതിരിയുടേത്. അന്നത്തെ ഹിന്ദു-ബ്രാഹ്മണ സമൂഹത്തെ സംബന്ധിച്ചുള്ള പഠനങ്ങളില്‍ അദ്ദേഹം ഉദ്ധരിക്കുന്ന പ്രമുഖമായ പേര് പാക്കനാരുടേതാണ്
വാസ്‌കോ ഡി ഗാമ കോഴിക്കോട് സമൂതിരിയെ കാണുന്നു. ചിത്രകാരന്റെ ഭാവനയില്‍
വാസ്‌കോ ഡി ഗാമ കോഴിക്കോട് സമൂതിരിയെ കാണുന്നു. ചിത്രകാരന്റെ ഭാവനയില്‍

1603 മാര്‍ച്ചില്‍ നല്ല കുളിരുള്ള ഒരു പ്രഭാതത്തിലാണ് കോഴിക്കോട്ടെ തന്റെ പ്രാര്‍ത്ഥനാലയത്തില്‍നിന്ന് ജസ്യൂട്ട് പാതിരി യാകോമോ ഫെനിസ്യോ കിഴക്കന്‍ മലനിരകളിലെ തോഡര്‍മലയിലേക്കു യാത്ര തിരിച്ചത്. ദുഷ്‌കരമായ ഈ യാത്രയ്ക്ക് അദ്ദേഹം തയ്യാറായത് വൈപ്പിക്കോട്ട സെമിനാരിയിലെ ഈശോസഭാ ആസ്ഥാനത്തുനിന്നും ബിഷപ്പ് ഫ്രാന്‍സിസ്‌കോ റോസ് നല്‍കിയ ഒരു നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. റോമന്‍ സഭയുടെ കീഴില്‍ പുതുതായി രൂപീകൃതമായ അങ്കമാലി രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ്‌കോ റോസ് അഭിഷേകം ചെയ്യപ്പെട്ടത് 1600-ല്‍ ആണെങ്കിലും അതിനുമുന്‍പേതന്നെ മലബാറിലെ സഭാകാര്യങ്ങള്‍ നിയന്ത്രിച്ചത് അദ്ദേഹമായിരുന്നു. തോഡര്‍മലയിലെ ആദിവാസികള്‍ റോമന്‍ സഭയില്‍നിന്നും പണ്ടെന്നോ ബന്ധമറ്റുപോയ ഒരു ക്രൈസ്തവസമൂഹമാണ് എന്ന് അദ്ദേഹം കേട്ടിരുന്നു. അതിനാല്‍ അവിടെ നേരിട്ടുപോയി അന്വേഷിച്ചു സത്യാവസ്ഥ കണ്ടെത്തണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തൊട്ടു മുന്‍വര്‍ഷം ഒരു വൈദികനേയും അനുചരനേയും അദ്ദേഹം അങ്ങോട്ട് അയച്ചിരുന്നു. എന്നാല്‍, കൃത്യമായ വിവരങ്ങള്‍ ഒന്നും കിട്ടിയില്ല. അതിനാലാണ് വീണ്ടും ഒരു സംഘത്തെ വിദൂരസ്ഥമായ കുന്നുകളിലേക്ക് അയക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

ഏതാനും വര്‍ഷം മുന്‍പ്, അതായത് 1599 ജൂണില്‍ ഉദയംപേരൂരില്‍ നടന്ന സൂനഹദോസില്‍ മലനാട്ടിലെ തോമാശ്ലീഹായുടെ അനുയായികളായ ക്രൈസ്തവരുടെ ആത്മീയ നേതൃത്വം റോമന്‍ കത്തോലിക്കാസഭ ഏറ്റെടുത്തിരുന്നു. ഇവിടെ സഭയുടെ നിയന്ത്രണം പോര്‍ച്ചുഗീസ് ഭരണത്തിലുള്ള ഗോവയിലെ ആര്‍ച്ചുബിഷപ്പിനു നല്‍കണം എന്ന് പോര്‍ച്ചുഗീസ് രാജാവ് നടത്തിയ അഭ്യര്‍ത്ഥന മാര്‍പാപ്പ മാനിക്കുകയും വൈകാതെ അങ്കമാലി കേന്ദ്രമായ മലബാര്‍ രൂപതയുടെ മെത്രാനായി ഈശോസഭയിലെ വൈദികന്‍ ഫ്രാന്‍സിസ്‌കോ റോസ് നിയമിതനാകുകയും ചെയ്തിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്ക് കോഴിക്കോട്ടും കൊച്ചിയിലും ഒക്കെയുള്ള വ്യാപാര ഇടപാടുകളിലും നാട്ടുകാരായ രാജാക്കന്മാരുമായുള്ള തര്‍ക്കങ്ങളിലും യുദ്ധങ്ങളിലും അദ്ദേഹം ഒരു സ്ഥിരം ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം 1601-ല്‍ കൊച്ചിയില്‍നിന്നും കോഴിക്കോട് എത്തിയ ഫെനിസ്യോ അച്ചന്‍ സാമൂതിരി നാട്ടില്‍ ഏതാണ്ട് 18 വര്‍ഷക്കാലം പ്രവര്‍ത്തിക്കുകയുണ്ടായി. 1558-ല്‍ ഇറ്റലിയിലെ കാപ്പൂവയില്‍ ജനിച്ച അദ്ദേഹം ജസ്യൂട്ട് സഭയില്‍ വൈദികനായി ചേര്‍ന്ന ശേഷമാണ് കൊച്ചിയില്‍ എത്തിയത്. സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള യുദ്ധങ്ങളുടെ കാലം കഴിഞ്ഞ് ഇരുകൂട്ടരും പരസ്പരം സഹകരണം ആരംഭിച്ച കാലത്താണ് അദ്ദേഹം മലബാറില്‍ എത്തിയത്. ഒരു നൂറ്റാണ്ടുകാലം സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മില്‍ കടല്‍യുദ്ധം നടന്നിരുന്നു. പിന്നീട് സാമൂതിരിയുടെ നാവികത്തലവന്‍ കുഞ്ഞാലി മരക്കാരും സാമൂതിരി രാജാവും തമ്മില്‍ അസ്വാരസ്യം ഉടലെടുത്തു. അതു പോര്‍ച്ചുഗീസുകാര്‍ മുതലെടുക്കുകയും ചെയ്തു. ഉദയംപേരൂര്‍ സൂനഹദോസിനായി ഗോവയില്‍നിന്നും കപ്പലില്‍ കൊച്ചിയിലേക്കു പുറപ്പെട്ട ആര്‍ച്ചുബിഷപ്പ് മെനസ്സസ് കോഴിക്കോട് ഇറങ്ങി സാമൂതിരിയെ കണ്ടു ചര്‍ച്ച നടത്തി. ഇരുകൂട്ടരും സംയുക്തമായി കുഞ്ഞാലിയുടെ നാവികപ്പടയെ പ്രതിരോധിച്ചു. 1600 മാര്‍ച്ചിലാണ് കുഞ്ഞാലി നാലാമന്‍ കീഴടങ്ങുന്നത്. പോര്‍ച്ചുഗീസുകാര്‍ അദ്ദേഹത്തെ ഗോവയിലേക്കു കൊണ്ടുപോയി തൂക്കിക്കൊന്നു.

കോഴിക്കോട്ടു നഗരത്തിന്റെ ദൃശ്യം കടലിൽ നിന്നും. 1575ൽ ഒരു ഡച്ച് ചിത്രകാരൻ തയ്യാറാക്കിയ രേഖാചിത്രം.
കോഴിക്കോട്ടു നഗരത്തിന്റെ ദൃശ്യം കടലിൽ നിന്നും. 1575ൽ ഒരു ഡച്ച് ചിത്രകാരൻ തയ്യാറാക്കിയ രേഖാചിത്രം.

അങ്ങനെ വികസ്വരമായ പോര്‍ച്ചുഗീസ്-സാമൂതിരി ബന്ധങ്ങളില്‍ ഒരു നയതന്ത്ര പ്രതിനിധിയുടെ റോളിലാണ് ഫെനിസ്യോ അച്ചന്‍ കോഴിക്കോട് പ്രവര്‍ത്തിച്ചത്. നഗരത്തില്‍ കടല്‍ത്തീരത്ത് മനോഹരമായ പള്ളി നിര്‍മ്മിക്കാന്‍ അതിനകം സാമൂതിരിസഭയ്ക്ക് അനുമതി നല്‍കിയിരുന്നു. സാമൂതിരി തന്നെയാണ് ഭൂമിപൂജയ്ക്ക് നേതൃത്വം നല്‍കിയതും. അക്കാലത്ത് കിഴക്കന്‍ ദേശങ്ങളിലെ ഏറ്റവും പ്രമുഖമായ വാണിജ്യനഗരവും സംസ്‌കാരകേന്ദ്രവും ആയിരുന്നു കോഴിക്കോട്. ചൈന മുതല്‍ ആഫ്രിക്കയും യൂറോപ്പും അടക്കമുള്ള പല നാടുകളില്‍നിന്നുമുള്ള സഞ്ചാരികളും കച്ചവടക്കാരും നഗരത്തില്‍ ചുറ്റിനടന്നു. ആയിരം ജോലിക്കാരുള്ള വമ്പന്‍ ചൈനീസ് കപ്പല്‍ കോഴിക്കോട് തുറമുഖത്തു താന്‍ കണ്ടതായി അറബ് യാത്രികന്‍ ഇബ്ന്‍ ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ മലഞ്ചരക്കു വാണിജ്യത്തില്‍ അറബികളും മാപ്പിളമാരുമാണ് മുന്നില്‍ നിന്നത്. അവരെ തകര്‍ക്കാനാണ് ഒരു നൂറ്റാണ്ടുകാലം പോര്‍ച്ചുഗീസുകാര്‍ ശ്രമിച്ചത്. അതിലവര്‍ വിജയം നേടിയ അവസരത്തിലാണ് ഫാദര്‍ ഫെനിസ്യോ നഗരത്തില്‍ എത്തുന്നത്. ഫെനിസ്യോ അച്ചന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് സമീപകാലം വരെ പരിമിതമായ വിവരങ്ങളാണ് ലഭ്യമായിരുന്നത്. ജസ്യൂട്ട് പാതിരിമാര്‍ തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ കത്തുകള്‍ മേലധികാരികള്‍ക്ക് എഴുതിയിരുന്നു. അത്തരം കത്തുകള്‍ സമാഹരിച്ചു നിരവധി വാള്യങ്ങള്‍ സഭ തന്നെ പുറത്തിറക്കിയിട്ടുണ്ട്. മലബാറിലെ ഈശോസഭയുടെ ചരിത്രം സംബന്ധിച്ച ഫാദര്‍ ഫെറോളിയുടെ ഗ്രന്ഥത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളുണ്ട്. സഭാ ആസ്ഥാനത്തേക്ക് അയച്ച ഏതാനും കത്തുകളുടെ അടിസ്ഥാനത്തിലാണ് പ്രസ്തുത പരാമര്‍ശങ്ങള്‍. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ നരവംശശാസ്ത്രജ്ഞന്‍ വില്യം എച്ച് റിവേഴ്സ് നീലഗിരിയിലെ തോഡര്‍ സമൂഹത്തെക്കുറിച്ചു പഠിക്കുന്ന വേളയില്‍ ബ്രിട്ടീഷ് ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന ഒരു രേഖ കണ്ടെത്തി. മൂന്നു നൂറ്റാണ്ടു മുന്‍പ് ഫാദര്‍ ഫെനിസ്യോ തോഡര്‍മലയിലേക്കു നടത്തിയ യാത്രയുടെ വിശദമായ വിവരണമാണ് ആ കുറിപ്പിലുള്ളത്. 1603 ഏപ്രില്‍ ഒന്നിന് തയ്യാറാക്കി കൊച്ചിയിലെ ജസ്യൂട്ട് സഭാ ആസ്ഥാനത്തേക്ക് അയച്ച പോര്‍ച്ചുഗീസ് ഭാഷയിലുള്ള റിപ്പോര്‍ട്ട് പരിഭാഷപ്പെടുത്തി അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ അനുബന്ധമായി ചേര്‍ക്കുകയുണ്ടായി.

ഫെനിസ്യോ അച്ചന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് സമീപകാലം വരെ പരിമിതമായ വിവരങ്ങളാണ് ലഭ്യമായിരുന്നത്. ജസ്യൂട്ട് പാതിരിമാര്‍ തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ കത്തുകള്‍ മേലധികാരികള്‍ക്ക് എഴുതിയിരുന്നു. അത്തരം കത്തുകള്‍ സമാഹരിച്ചു നിരവധി വാള്യങ്ങള്‍ സഭ തന്നെ പുറത്തിറക്കിയിട്ടുണ്ട്. മലബാറിലെ ഈശോസഭയുടെ ചരിത്രം സംബന്ധിച്ച ഫാദര്‍ ഫെറോളിയുടെ ഗ്രന്ഥത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളുണ്ട്.
ഫാദർ ഫെലിസ്യോ കോഴിക്കോട്ടു പ്രവർത്തിച്ചത് കടൽത്തീരത്തെ ദേവമാതാ പള്ളി കേന്ദ്രമാക്കിയാണ്.
ഫാദർ ഫെലിസ്യോ കോഴിക്കോട്ടു പ്രവർത്തിച്ചത് കടൽത്തീരത്തെ ദേവമാതാ പള്ളി കേന്ദ്രമാക്കിയാണ്.

ഫെനിസ്യോയുടെ

തോഡര്‍മല യാത്ര

മണ്ണാര്‍ക്കാട് വഴി നടത്തിയ സാഹസിക യാത്രയുടെ വിവരങ്ങളാണ് അതില്‍ അദ്ദേഹം നല്‍കുന്നത്. ആനയും കടുവയും മറ്റു വന്യമൃഗങ്ങളും വിഹരിക്കുന്ന അതീവ ദുര്‍ഗ്ഗമമായ കുന്നുകളാണ് അവര്‍ പിന്നിട്ടത്. ഫെനിസ്യോ അച്ചന്റെ കൂടെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായ ഒരു ഏറാടിയും (ഉമാര ധകുമാര?പ ഏറാടി എന്ന പേരുള്ള അദ്ദേഹം സാമൂതിരിയുടെ ബന്ധുവും രഹസ്യമായി ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയുമാണെന്ന് ഫാദര്‍ ഫെനിസ്യോ പറയുന്നു. എന്നാല്‍, പോര്‍ച്ചുഗീസുകാരുടെ രഹസ്യങ്ങള്‍ അറിയാനായി സാമൂതിരി നിയോഗിച്ച ചാരനാണ് അദ്ദേഹം എന്ന് വേറെ ചിലരും അഭിപ്രായപ്പെടുന്നു) രണ്ടു നായന്മാരും ഏതാനും കൂലിക്കാരും വഴികാട്ടികളും അടക്കം 14 പേര്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാളെ വാര്യര്‍ എന്നാണ് അദ്ദേഹം വിളിക്കുന്നത്. വൈകാതെ താനും ക്രിസ്തുമതത്തില്‍ ചേര്‍ന്നുകൊള്ളാം എന്ന് വാര്യരും തനിക്ക് ഉറപ്പുനല്‍കിയതായി അച്ചന്‍ എഴുതുന്നുണ്ട്. വഴിയില്‍ ഭക്ഷണം ഉണ്ടാക്കാനുള്ള പാത്രങ്ങളും ഒക്കെയായാണ് അവര്‍ യാത്ര ചെയ്തത്. ചുമട്ടുകാര്‍ കൂടെ ഉണ്ടെങ്കിലും നായന്മാര്‍ പാത്രങ്ങള്‍ സ്വയം തലച്ചുമടായാണ് കൊണ്ടുപോയത്. വേറെ ജാതിക്കാര്‍ പാത്രത്തില്‍ തൊട്ടാല്‍ ഭക്ഷണം അശുദ്ധമാകും എന്നാണ് അവര്‍ കരുതിയത്.

യാത്രയുടെ മൂന്നാം ദിവസം തോഡരുടെ അയല്‍ഗ്രാമക്കാരായ ബഡഗരുടെ ഗ്രാമത്തില്‍ സംഘം എത്തിച്ചേര്‍ന്നു. ബഡഗരുടെ സഹായത്തോടെയാണ് തോഡര്‍ ഗ്രാമത്തിലെ അംഗങ്ങളെ അവര്‍ വിളിച്ചുകൂട്ടുന്നത്. അവരുടെ സ്ത്രീകളേയും പുരുഷന്മാരേയും പൂജാരിയേയും സംഘം കണ്ടു. അച്ചന്‍ അവരോട് കന്യാമറിയത്തെക്കുറിച്ചും ഉണ്ണിയേശുവിനെക്കുറിച്ചും പറഞ്ഞു. തങ്ങള്‍ വന്നത് പണ്ടെന്നോ വിട്ടുപോയ ക്രൈസ്തവ സഹോദരരെ തേടിയാണ് എന്നും അദ്ദേഹം അവരെ അറിയിച്ചു. പക്ഷേ, രണ്ടു ദിവസം അവര്‍ക്കിടയില്‍ കഴിഞ്ഞിട്ടും അവരില്‍ ക്രൈസ്തവ സ്വാധീനം ഒന്നും കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതിനാല്‍ ഇനിയും അങ്ങോട്ട് യാത്രകള്‍ നടത്തുന്നത് വിഫലമാണ് എന്ന ഉപദേശത്തോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. യാത്ര കഴിഞ്ഞതോടെ പലര്‍ക്കും അസുഖം വന്നു എന്നും ക്രിസ്തുമതത്തില്‍ ചേരാമെന്നു വാഗ്ദാനം നല്‍കിയ വാര്യരുടെ കാര്യത്തില്‍ താന്‍ അതീവ ആശങ്കയുള്ളവനാണ് എന്നും അദ്ദേഹം എഴുതുന്നു. എത്ര ശമിച്ചിട്ടും സാമൂതിരിയുടെ നാട്ടില്‍ കാര്യമായ സ്വാധീനമൊന്നും ഉണ്ടാക്കാന്‍ പാതിരിമാര്‍ക്കു കഴിഞ്ഞിട്ടില്ല എന്ന വിമര്‍ശനം അദ്ദേഹം നേരിടുന്നുണ്ടായിരുന്നു.

സാമൂതിരി കുടുംബത്തിലെ ഒരു രാജ്ഞിയടക്കം പലരും സത്യമതത്തില്‍ ചേരാനായി താല്പര്യം കാണിക്കുന്നുണ്ട് എന്ന് അദ്ദേഹം അയച്ച കത്തുകളില്‍ പറയുന്നുണ്ട്. അവരില്‍ പലരേയും പാതിരിക്കു പരിചയപ്പെടുത്തുന്നത് ''നമ്മുടെ ഏറാടി'' എന്ന് അദ്ദേഹം വിളിക്കുന്ന വ്യക്തിയാണ്. ഗോവയില്‍നിന്നും ആര്‍ച്ചുബിഷപ്പ് കോഴിക്കോടു വഴി തെക്കോട്ടു പോകുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ കപ്പലില്‍വെച്ചാണ് ഏറാടി രഹസ്യമായി ജ്ഞാനസ്നാനം കയ്യേല്‍ക്കുന്നത്. പിന്നീട് കുഞ്ഞാലി നാലാമനെ പോര്‍ച്ചുഗീസ് സംഘം ഗോവയിലേക്കു കൊണ്ടുപോകുമ്പോള്‍ ഏറാടിയും കൂടെപ്പോയിരുന്നു. അവിടെ പോര്‍ച്ചുഗീസ് പ്രമാണിമാരുമായി അദ്ദേഹം ചങ്ങാത്തം കൂടി. മലബാറിലെ ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ തുക സംഭാവനയും കൈപ്പറ്റിയാണ് ടിയാന്‍ നാട്ടിലേക്കു മടങ്ങുന്നത്.

കൊച്ചി നഗരം മറ്റൊരു ചിത്രം-കാലം 1665.
കൊച്ചി നഗരം മറ്റൊരു ചിത്രം-കാലം 1665.

ഫെനിസ്യോ അച്ചന്റെ സുവിശേഷ പ്രവര്‍ത്തനത്തെ ഈശോസഭയുടെ ചരിത്രകാരനായ ഫെറോളി തന്നെ വിശേഷിപ്പിക്കുന്നത് 'ആക്രമണോത്സുകം' എന്നാണ്. സാമൂതിരി സഭയിലും നഗരത്തിലെ പൊതുസ്ഥലങ്ങളിലും പാതിരി ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിച്ചു. തദ്ദേശീയരുടെ വിശ്വാസങ്ങളെ തികഞ്ഞ അന്ധവിശ്വാസം എന്ന് ആരോപിച്ച് ആക്രമിക്കുകയായിരുന്നു അദ്ദേഹം സ്വീകരിച്ച മാര്‍ഗ്ഗം. അതിനായി ഹിന്ദുവിശ്വാസങ്ങള്‍ സംബന്ധിച്ച് അദ്ദേഹം പഠനം നടത്തി. ലോകോല്പത്തിയെപ്പറ്റിയുള്ള ഹിന്ദുവിശ്വാസങ്ങള്‍, അവരുടെ ദൈവങ്ങളുടെ പ്രത്യേകതകള്‍, വിശ്വാസക്രമങ്ങള്‍ എന്നിവയൊക്കെ അദ്ദേഹം വിവരിക്കുന്നു. ബ്രാഹ്മണരുടെ വിശ്വാസങ്ങളെ വിമര്‍ശിക്കുന്ന മലബാറിലെ ഒരു കവിയുടെ - പാക്കനാര്‍ എന്ന് അദ്ദേഹം ചിലയിടങ്ങളില്‍ വിവരിക്കുന്നു - മുന്നൂറോളം അഷ്ടകങ്ങള്‍ അദ്ദേഹം സംഭരിക്കുകയുണ്ടായി. അവയില്‍ പലതും അദ്ദേഹം തന്റെ കൃതിയില്‍ ഉദ്ധരിക്കുന്നുമുണ്ട്.

ഫെനിസ്യോ അച്ചന്റെ സുവിശേഷ പ്രവര്‍ത്തനത്തെപ്പറ്റി സഭയുടെ ചരിത്രകാരനായ ഫെറോളി തന്നെ പറയുന്നത് അതൊരു പരാജയമായിരുന്നു എന്നാണ്. അന്യവിശ്വാസങ്ങളെ അപഹസിക്കാനും ഇകഴ്ത്തിക്കാട്ടാനുമാണ് അദ്ദേഹം സമയം ചെലവഴിച്ചത്. സാമൂതിരി സഭയില്‍പോലും അവസരം കിട്ടിയാല്‍ ഇതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഒരു അവസരത്തില്‍ സാമൂതിരിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം ഹിന്ദുദൈവങ്ങളെ വിമര്‍ശിക്കാന്‍ തുടങ്ങിയപ്പോള്‍ രാജാവ് ചെറുചിരിയോടെ ''പാതിരി വീണ്ടും നമ്മുടെ ദൈവങ്ങളുടെ നേരെ തിരിയുകയാണ്'' എന്നു പറഞ്ഞതായി അദ്ദേഹം തന്നെ ഒരു കത്തില്‍ വിവരിക്കുന്നുണ്ട്. അതൊന്നും അച്ചനെ പിന്തിരിപ്പിച്ചില്ല. ഹിന്ദു ദൈവങ്ങള്‍ മോഷ്ടാക്കളും കള്ളം പറയുന്നവരും സ്ത്രീകളോടു മോശമായി പെരുമാറുന്നവരുമാണ് എന്നാണ് അദ്ദേഹം വാദിച്ചത്. കൃഷ്ണന്‍ എന്നു ഹിന്ദുക്കള്‍ വിളിക്കുന്ന ദൈവം ചെറുപ്പത്തിലേ മോഷണം ശീലമാക്കിയ ആളാണ്. അതേപ്പറ്റി ആളുകള്‍ അമ്മയോടു പരാതി പറഞ്ഞതിനു അടി കിട്ടിയപ്പോള്‍ ആറ്റില്‍ കുളിക്കുന്ന പെണ്ണുങ്ങളുടെ വസ്ത്രം തട്ടിയെടുത്താണ് അദ്ദേഹം പകരം വീട്ടിയത്. കാലിമേക്കല്‍ ആയിരുന്നുവത്രെ ഈ ദൈവത്തിന്റെ തൊഴില്‍. ഇങ്ങനെയുള്ള ദൈവങ്ങള്‍ക്കു പറ്റിയ പണിതന്നെ. ഇതുകേട്ട ഒരു ബ്രാഹ്മണന്‍ മറുപടി പറഞ്ഞത് ''ഓരോരുത്തര്‍ക്കും ഓരോ രീതി, ഓരോ വിശ്വാസം'' എന്നാണ്. പാതിരി അതിനോടു പ്രതികരിച്ചത് ഇങ്ങനെയാണ്: ''നിങ്ങള്‍ രണ്ടു വഴി കാണുന്നു. ഒന്ന് സ്വര്‍ഗ്ഗത്തിലേക്കുള്ള പാത; മറ്റൊന്ന് പാറക്കെട്ടുകള്‍ നിറഞ്ഞ കാട്ടുപ്രദേശത്തേയ്ക്കും. ഏതാണ് നിങ്ങള്‍ തെരഞ്ഞെടുക്കുക?''

മട്ടാഞ്ചേരിയിലെ ഡച്ച് സെമിത്തേരിയിൽ നഗരത്തിലെ ഒരു വ്യാപാര പ്രമുഖന്റെ കല്ലറ.
മട്ടാഞ്ചേരിയിലെ ഡച്ച് സെമിത്തേരിയിൽ നഗരത്തിലെ ഒരു വ്യാപാര പ്രമുഖന്റെ കല്ലറ.
വാസ്‌കോ ഡി ഗാമ കോഴിക്കോട് സമൂതിരിയെ കാണുന്നു. ചിത്രകാരന്റെ ഭാവനയില്‍
മുസലീനിയുടെ ഫാസിസ്റ്റ് ഭരണത്തെ ടാഗോര്‍ വാഴ്ത്തിയോ?

സാമൂതിരിയുടെ വിഗ്രഹാരാധന മാത്രമല്ല, നാട്ടിലെ പ്രബലരായിരുന്ന മുസ്ലിങ്ങളുടെ വിശ്വാസത്തേയും അദ്ദേഹം നിരന്തരം ചോദ്യം ചെയ്തു. അവര്‍ക്കൊക്കെ ഏക രക്ഷാമാര്‍ഗ്ഗം ക്രിസ്തുവിന്റെ മാര്‍ഗ്ഗമാണ്. അതുകേട്ട സഭയിലെ പ്രായം ചെന്ന ഒരു മുസ്ലിം പ്രമാണി ഇങ്ങനെ ചോദിച്ചു: ''അച്ചന്‍ കുറേക്കാലമായല്ലോ ഇതും പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട്. എന്നിട്ടെന്തേ ഒരാളും നിങ്ങളുടെ കൂടെ കൂടാത്തത്?''

അദ്ദേഹത്തിന്റെ ചോദ്യം ന്യായമായിരുന്നു. പോര്‍ച്ചുഗീസ് ആഭിമുഖ്യത്തില്‍ ഈശോസഭയുടെ വൈദികര്‍ അക്കാലത്തു നടത്തിയ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ പരാജയമായിരുന്നു എന്നു സഭ തന്നെ വിലയിരുത്തിയിട്ടുണ്ട്. തീരദേശങ്ങളിലെ മുക്കുവരും മറ്റു അവശസമുദായങ്ങളുമാണ് അവരുടെ കൂടെ ചേര്‍ന്നത്. ബ്രാഹ്മണരേയോ മറ്റു മേല്‍ജാതി വിഭാഗങ്ങളേയോ ആകര്‍ഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. സാമൂതിരിയുടെ കൊട്ടാരത്തിലെ ഒരു രാജ്ഞിയും മക്കളും കുരിശിന്റെ വഴിയില്‍ ചേരുമെന്ന് അദ്ദേഹം കത്തുകളില്‍ പറയുന്നുണ്ട്. എന്നാല്‍ പോര്‍ച്ചുഗീസ് പാതിരിമാരെ സാമൂതിരി ഒട്ടും വിശ്വസിച്ചില്ല എന്നാണ് വസ്തുതകള്‍ കാണിക്കുന്നത്. കുഞ്ഞാലിയും അനുയായികളും സാമൂതിരിക്കെതിരെ തിരിഞ്ഞപ്പോള്‍ പാതിരിമാരുടെ സഹായത്തോടെയാണ് അദ്ദേഹം പോര്‍ച്ചുഗീസുകാരുമായി സഖ്യചര്‍ച്ചകള്‍ നടത്തിയത്. അതേസമയം ഇന്ത്യന്‍ തീരത്തു വന്നുചേര്‍ന്ന ഡച്ചുകാരുമായി കച്ചവട ഇടപാടുകള്‍ വികസിപ്പിക്കാന്‍ അദ്ദേഹത്തിനു താല്പര്യമുണ്ടായിരുന്നു. 1607-ല്‍ കോഴിക്കോട്ടെത്തിയ ഫ്രെഞ്ച് യാത്രികന്‍ പേരാര്‍ദ് ദ ലാവെല്‍ സാമൂതിരിയെ കണ്ടപ്പോള്‍ അദ്ദേഹം ആദ്യം ചോദിച്ച കാര്യം ഡച്ചുകാരും ഫ്രെഞ്ചുകാരും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള വ്യത്യാസങ്ങള്‍ സംബന്ധിച്ചാണ്. ലാവെലിന്റെ സന്ദര്‍ശനത്തിന് ഏതാനും വര്‍ഷം മുന്‍പ് ഒരു ഡച്ച് കപ്പല്‍ കോഴിക്കോട്ടു വന്നിരുന്നു. വ്യാപാരാവശ്യങ്ങള്‍ക്കായി വീണ്ടും വരും എന്ന വാഗ്ദാനവും അവര്‍ നല്‍കിയിരുന്നു. പോര്‍ച്ചുഗീസുകാരേക്കാള്‍ അദ്ദേഹം കൂടുതല്‍ താല്പര്യപ്പെട്ടത് ഡച്ചുകാരുമായി വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കാനായിരുന്നുവെങ്കിലും അതിനുള്ള സൗകര്യങ്ങള്‍ ഒത്തുവന്നത് സാമൂതിരിയുടെ മുഖ്യ എതിരാളിയായ കൊച്ചി രാജാവിനാണ്.

നിരവധി സമുദ്രങ്ങള്‍ താണ്ടിയുള്ള യാത്രകള്‍ക്കു ശേഷമാണ് ലാവെല്‍ കോഴിക്കോട് എത്തിയത്. ബംഗാളില്‍നിന്നും കണ്ണൂരേക്കു പോയ കപ്പലിലാണ് അദ്ദേഹവും മൂന്നു സഹചാരികളും മലബാറില്‍ എത്തിയത്. മുട്ടുങ്ങല്‍ എന്ന സ്ഥലത്താണ് അദ്ദേഹം കപ്പലിറങ്ങിയത്. അവിടെനിന്നും പുറപ്പെട്ട് വടകരയും കുഞ്ഞാലിയുടെ കോട്ട നിന്ന ഇരിങ്ങലും പന്തലായനിയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം കോഴിക്കോട് എത്തിയത്. നാട്ടിലേക്കുള്ള കപ്പല്‍ കാത്ത് എട്ടുമാസം അവര്‍ കോഴിക്കോട് കഴിഞ്ഞു. അക്കാലത്തെ കോഴിക്കോടിന്റെ മനോഹരമായ വിവരണം ലാവെല്‍ നല്‍കുന്നുണ്ട്. സാമൂതിരി എല്ലാ വിശ്വാസങ്ങളേയും ഒരേപോലെ മാനിച്ചു. എല്ലാവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കി. കച്ചവടകാര്യങ്ങളില്‍ തികഞ്ഞ സത്യസന്ധതയും നീതിയും പുലര്‍ത്തിയ നാടാണ് കോഴിക്കോട് എന്ന് അദ്ദേഹം എടുത്തുപറയുന്നു. ചരക്കുകള്‍ പാണ്ടികശാലയില്‍ ഇറക്കിക്കഴിഞ്ഞാല്‍ വ്യാപാരികള്‍ക്ക് അതിന്റെ സുരക്ഷയെക്കുറിച്ച് പരിഭ്രമിക്കേണ്ട കാര്യമേയില്ല. സാമൂതിരിയുടെ ചുങ്കം ഉദ്യോഗസ്ഥര്‍ അവയെല്ലാം കൃത്യമായി കണക്കെടുത്ത് സുരക്ഷിതമായി വെക്കും. അതിനാല്‍ വ്യാപാരകേന്ദ്രം എന്ന നിലയില്‍ കോഴിക്കോട് ലോകമെങ്ങും പ്രസിദ്ധമാണ്.

ഫെലിസ്യോ അച്ചൻ ദീർഘകാലം സേവനം അനുഷ്ടിച്ച അർത്തുങ്കൽ പള്ളി.
ഫെലിസ്യോ അച്ചൻ ദീർഘകാലം സേവനം അനുഷ്ടിച്ച അർത്തുങ്കൽ പള്ളി.

ഫെനിസ്യോയുടെ

തീവ്രപരിവര്‍ത്തനങ്ങള്‍

തങ്ങള്‍ കോഴിക്കോട് താമസിച്ച സമയത്ത് രണ്ടു കത്തോലിക്കാ പാതിരിമാര്‍ അവിടെ ഉണ്ടായിരുന്നു എന്ന് ലാവെല്‍ പറയുന്നു. ആദ്യത്തെയാള്‍ ഒരു ഇറ്റലിക്കാരന്‍; മറ്റെയാള്‍ പോര്‍ച്ചുഗീസ്. ഇറ്റാലിയന്‍ പുരോഹിതന്‍ - അയാളുടെ പേര് ലാവെല്‍ മറന്നുപോയിരുന്നുവെങ്കിലും അത് ഫെനിസ്യോ അച്ചന്‍ തന്നെയായിരുന്നു - മഹാദുഷ്ടനും തങ്ങളോടു മോശമായി പെരുമാറിയ ആളുമാണ് എന്ന് ഫ്രെഞ്ച് സഞ്ചാരി കുറിക്കുന്നുണ്ട്. തങ്ങള്‍ സാമൂതിരിയുമായി അടുപ്പം പുലര്‍ത്തുന്നത് അവര്‍ ഇഷ്ടപ്പെട്ടില്ല. അതിനാല്‍ കഴിയും വേഗം കൊച്ചിയിലേക്കു പോകണമെന്നും അവിടെനിന്ന് നാട്ടിലേക്ക് കപ്പല്‍ കിട്ടാന്‍ കൂടുതല്‍ എളുപ്പമാണ് എന്നുമാണ് ഇരുവരും അവരെ ഉപദേശിച്ചത്. അവസാനം അങ്ങനെത്തന്നെ ചെയ്യാന്‍ ലാവെലും മറ്റു രണ്ടു യാത്രികരും തീരുമാനിച്ചു. അവര്‍ മൂന്നുപേരും കത്തോലിക്കരായിരുന്നു. എന്നാല്‍, ഹോളണ്ട് സ്വദേശിയായ നാലാമന്‍ - അയാള്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസിയാണ് എന്നു വ്യക്തം - ഒരു കാരണവശാലും പോര്‍ച്ചുഗീസുകാരെ താന്‍ വിശ്വസിക്കുകയില്ല എന്നും അതിനാല്‍ അവരുടെ കൂടെ കൊച്ചിയിലേക്കില്ല എന്നും വ്യക്തമാക്കി. സാമൂതിരിയും അവരെ പിന്തിപ്പിക്കാന്‍ ശ്രമിച്ചു. പാതിരിമാരുടെ ഉപദേശം പൂര്‍ണ്ണമായും വിശ്വസിക്കരുത് എന്നാണ് അദ്ദേഹം അവരോടു പറഞ്ഞത്.

അതൊന്നും കണക്കിലെടുക്കാതെ യാത്ര പുറപ്പെട്ട മൂവര്‍ക്കും അന്നുതന്നെ നല്ല പണികിട്ടി. കോഴിക്കോടിന് തെക്ക് നങ്കൂരമിട്ട ചെറുകപ്പലില്‍ കേറാനായി സഞ്ചിയും മറ്റും താങ്ങിപ്പിടിച്ച് നിലാവത്ത് കടപ്പുറത്തുകൂടി നടന്ന മൂവരെയും ഇരുപതോളം വരുന്ന ഒരു സംഘം കടന്നാക്രമിച്ചു; കൈകാലുകള്‍ ബന്ധിച്ചു. ജോവാ ഫുര്‍ടാഡോ എന്നുപേരുള്ള ഒരു പോര്‍ച്ചുഗീസ് നാവികനാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പാതിരിമാരുടെ അറിവോടെയാണ് സംഭവം എന്നതിനു പിറ്റേന്നുതന്നെ അവര്‍ക്കു തെളിവു കിട്ടി. കാരണം ബന്ധനസ്ഥരായ മൂവരേയും പിറ്റേന്ന് ബേപ്പൂര്‍ പുഴയ്ക്ക് തെക്ക് ചാലിയം വഴി താനൂരില്‍ എത്തിച്ചപ്പോള്‍ പോര്‍ച്ചുഗീസുകാരന്‍ പാതിരി അവിടെ ഉണ്ടായിരുന്നു. സംഗതി കുഴപ്പമായി എന്നതിനാലാണ് അദ്ദേഹം ഓടിവന്നത്. കാരണം തന്റെ അതിഥികളുടെ നേരെ നടന്ന കയ്യേറ്റത്തില്‍ കുപിതനായ സാമൂതിരി പാതിരിമാരേയും സ്ഥലത്തെ പോര്‍ച്ചുഗീസ് വ്യാപാര പ്രതിനിധിയേയും വിളിച്ചുവരുത്തി താക്കീതു നല്‍കിയിരുന്നു. അതിനാല്‍ പ്രശ്നത്തില്‍നിന്നും എങ്ങനേയും തടിയൂരുക എന്നതായിരുന്നു അവരുടെ പരിപാടി. എന്നിരുന്നാലും ആക്രമണത്തില്‍ പാതിരിമാര്‍ക്കു നേരിട്ടു പങ്കുണ്ടോ എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പില്ല എന്നാണ് ലാവെല്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നത്. ഏതായാലും പോര്‍ച്ചുഗീസ് സഹായിയായ താനൂര്‍ രാജാവിന്റെ നാട്ടില്‍ ഒരു ദിവസം കഴിഞ്ഞ ശേഷം കടല്‍മാര്‍ഗ്ഗം കൊച്ചിയില്‍ എത്തിയ അവര്‍ കുറേ ദിവസം അവിടെ ജയിലില്‍ കഴിഞ്ഞു. പിന്നീട് കൊച്ചിയിലെ ഫ്രെഞ്ചുകാരായ ചില ജസ്യൂട്ട് പാതിരിമാരുടെ സഹായത്തോടെ ഗോവയിലേക്കുള്ള ഒരു കപ്പലില്‍ കയറിപ്പറ്റി. അങ്ങനെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നാട്ടില്‍ തിരിച്ചെത്താനുള്ള വഴി അവര്‍ക്കു മുന്നില്‍ തെളിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com