വിചാരണത്തടവുകാര്‍ എന്ന അനീതി

വിചാരണത്തടവുകാര്‍ കുറ്റാരോപിതര്‍ മാത്രമാണ്, അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് മനുഷ്യാവകാശലംഘനമാണ്
ജയില്‍
ജയില്‍ഫയല്‍

യിലിനുള്ളില്‍ സമയബോധം നഷ്ടമാകും. കാരണം, അവിടെ പ്രതീക്ഷകളില്ല, അടയാളപ്പെടുത്താന്‍ തീയതികളില്ല. ഭാഗമാകാന്‍ പരിപാടികളില്ല. ഓര്‍മ്മകളെപ്പോലും വിരസത തടസപ്പെടുത്തും- വിചാരണ തുടങ്ങിയിട്ടില്ലാത്ത കേസില്‍ ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദ് സുഹൃത്തിനോട് പറഞ്ഞ വാക്കുകളാണ് ഇത്. ഡല്‍ഹിയില്‍ ജെ.എന്‍.യുവില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്നു ഉമര്‍. വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന പേര് ചാര്‍ത്തിയാണ് 2020 സെപ്റ്റംബര്‍ 13-ന് യു.എ.പി.എ ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഈ മൂന്നര വര്‍ഷത്തിനിടെ ഉമറിനു നീതി നല്‍കാന്‍ രാജ്യത്തെ നിയമസംവിധാനങ്ങള്‍ തയ്യാറായില്ലെന്നു മാത്രമല്ല, അത് തുടര്‍ച്ചയായി നിഷേധിക്കുകയും ചെയ്യുന്നു. എട്ടു മാസത്തെ വിചാരണയ്ക്ക് ശേഷം 2022 മാര്‍ച്ചില്‍ ഡല്‍ഹി സെഷന്‍ കോര്‍ട്ട് ജാമ്യം നിഷേധിച്ച് തുടങ്ങിയ ആ അനീതി ഇപ്പോഴും തുടരുന്നു... ആ പേര് ഇന്ത്യന്‍ തടവറകളില്‍ ജാമ്യം പോലും കിട്ടാതെ കഴിയുന്ന രാഷ്ട്രീയ തടവുകാരുടെ പ്രതീകമാണ്.

അവര്‍ 76 ശതമാനം

ഇന്ത്യന്‍ ജയിലുകളില്‍ ഏറ്റവും കൂടുതലുള്ളത് വിചാരണത്തടവുകാരാണ്. ഇതില്‍ ഉമറിനെപ്പോലെയുള്ള രാഷ്ട്രീയത്തടവുകാരുമുണ്ട്. ഭരണകൂടം ശത്രുവായി കാണുന്ന സമൂഹത്തിന്റെ പ്രതീകമാണ് അവര്‍. പൊലീസ് സ്റ്റേഷനില്‍ കയറിയാല്‍ കുറ്റവാളിയെന്നു മുദ്രകുത്തുന്ന നമ്മുടെ പൊതുസമൂഹത്തില്‍ വിചാരണത്തടവുകാരായി ജയിലില്‍ കഴിയുന്നവരുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു. കുറ്റം തെളിഞ്ഞില്ലെങ്കില്‍പ്പോലും അവര്‍ കുറ്റവാളികളായി മുദ്രകുത്തപ്പെടുന്നു. ശേഷം കാലവും ജീവിതവും നഷ്ടമാകുന്നു.

1.2 ലക്ഷം മാത്രം

ഇന്ത്യന്‍ ജയിലുകളിലുള്ള അഞ്ചരലക്ഷം തടവുകാരില്‍ 1.2 ലക്ഷം പേര്‍ മാത്രമാണ് കോടതി ശിക്ഷവിധിച്ച് തടവനുഭവിക്കുന്നത്. ബാക്കിയുള്ള 4.3 ലക്ഷം പേര്‍ അനിശ്ചിതമായ വിചാരണ കാത്ത് തടവില്‍ കഴിയുന്നു. വേള്‍ഡ് പ്രിസണ്‍ ബ്രീഫിന്റെ കണക്കുപ്രകാരം വിചാരണയ്ക്ക് മുന്‍പുള്ള തടവുകാരില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ലിച്ചെന്‍സ്റ്റീന്‍, സാന്‍ മറീനോ, ഹെയ്തി, ഗാബോണ്‍, ബംഗ്ലാദേശ് എന്നിവയാണ് ഇന്ത്യയേക്കാള്‍ സ്ഥിതി മോശമായ രാജ്യങ്ങള്‍.

ജാമ്യം അകലെ

വിചാരണത്തടവുകാരായി തുടരേണ്ടിവരുന്നതിനു മറ്റൊരു പ്രധാന കാരണം, ജാമ്യം ലഭിക്കാതിരിക്കുന്നതാണ്. അത് പലപ്പോഴും കൃത്യമായ നിയമോപദേശമോ കോടതിയില്‍ വാദിക്കാന്‍ അഭിഭാഷകരോ ഇല്ലാത്തതു കാരണമാണ്. കോടതിയില്‍ കാര്യം അവതരിപ്പിച്ചെങ്കിലും ജാമ്യം സാങ്കേതികത്വങ്ങളുടെ പേരില്‍ തള്ളിപ്പോകും. ഉദാഹരണത്തിനു ജാമ്യത്തുക കെട്ടിവെക്കാനില്ലാതെ ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. ജാമ്യത്തിന് അടിസ്ഥാനമായി പണം വരുന്നത് മറ്റൊരു വിവേചനം കൂടിയാണ്. ഒരു കേസില്‍ അനാവശ്യമായി ജയിലില്‍ കിടക്കാതിരിക്കാനുള്ള, അഥവാ മനുഷ്യാവകാശം ലംഘിക്കപ്പെടാതിരിക്കാനുള്ള സാധ്യതപോലും അവര്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കഴിഞ്ഞ ഒരു ദശാബ്ദക്കാലയളവില്‍ രാഷ്ട്രീയത്തടവുകാരുടെ എണ്ണത്തില്‍ പത്തുശത മാനത്തിലധികം വര്‍ദ്ധനയുണ്ട്. 2012 മുതല്‍ 2022 വരെയുള്ള കണക്ക്* അനുസരിച്ച് വിചാരണ കാത്ത് കഴിയുന്ന തടവുകാരുടെ എണ്ണം 66 ശതമാനത്തില്‍നിന്ന് 76 ശതമാനമായി വര്‍ദ്ധിച്ചു. ഓരോ വര്‍ഷവും വിചാരണത്തടവുകാരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും 2020-ല്‍ കൊവിഡിന്റെ സമയത്ത് അത് വന്‍തോതില്‍ ഉയര്‍ന്നു. ആ വര്‍ഷമാണ് 69 ശതമാനമായിരുന്ന തടവുകാരുടെ എണ്ണം 76 ശതമാനത്തിലെത്തിയത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് വിവേകമില്ലാത്ത പൊലീസ് നടപടികളുടെ ഭാഗമായാണ് ഇത് സംഭവിച്ചത്.

വിശേഷാധികാരം

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളിലുള്ളവരെ അന്യായമായി തടവില്‍ വയ്ക്കാനും ഈ നിയമം ഉപയോഗിക്കുന്നു. നിയമസഹായം ലഭിക്കാത്തവരും ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്തവരും പ്രതീക്ഷകളില്ലാതെ തടവറയില്‍ കഴിയുന്നു. സാമ്പത്തികമായോ സാമൂഹികമായോ ജാതീയമായോ പ്രിവിലേജ് ഇല്ലാത്തവര്‍ തടവില്‍ത്തന്നെ കഴിയേണ്ടി വരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ജയിലുകളില്‍ ലീഗല്‍ എയ്ഡ് ക്ലിനിക്കുകള്‍ ഉണ്ടെങ്കിലും നിര്‍ധനരായ തടവുകാരുടെ കാര്യത്തില്‍ അപ്പീല്‍ നല്‍കുന്നതില്‍പോലും താമസമുണ്ടാകുന്നു. ഇക്കാര്യത്തില്‍ തടവുകാരെ സഹായിക്കാന്‍ ജയില്‍ അധികൃതര്‍ക്കും താല്പര്യമില്ല.

നാലില്‍ മൂന്നു പേര്‍

കഴിഞ്ഞ 25 വര്‍ഷത്തെ കണക്കെടുത്താല്‍ ഡല്‍ഹി, ബിഹാര്‍, ജമ്മു-കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ ജയിലുകളിലാണ് ഏറ്റവുമധികം വിചാരണത്തടവുകാരുള്ളത്. താരതമ്യേന ചെറിയ സംസ്ഥാനങ്ങളായ മണിപ്പൂരിലും ഛത്തീസ്ഗഡിലും കേന്ദ്രഭരണപ്രദേശങ്ങളിലും തടവുകാര്‍ കുറവാണ്. വലിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും 2021 മുതല്‍ വിചാരണത്തടവുകാരുടെ എണ്ണം കുറഞ്ഞിട്ടുമുണ്ട്. 2020-ലാണ് ഡല്‍ഹിയില്‍ തടവുകാരുടെ എണ്ണം ക്രമാതീതമായി കൂടിയത്. ബിഹാറില്‍ 2019 മുതല്‍ 2021 വരെ ശിക്ഷവിധിക്കപ്പെട്ട തടവുകാരുടെ എണ്ണം കുറഞ്ഞെങ്കിലും വിചാരണത്തടവുകാരുടെ എണ്ണം രണ്ടിരട്ടിയായി.

കേരളത്തില്‍

നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ 2020-ലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ തടവുപുള്ളികളില്‍ 59 ശതമാനം പേരും വിചാരണത്തടവുകാരാണെന്നും ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. പ്രതികളെ തുടര്‍ച്ചയായി തടവിലാക്കിയ ദിവസത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നിശ്ചയിച്ചു വിചാരണ ആരംഭിക്കണമെന്നു ഹൈക്കോടതി, വിചാരണക്കോടതികള്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. പ്രതികളുടേതല്ലാത്ത കാരണത്താല്‍ വിചാരണ നീണ്ടുപോയാല്‍ ഉചിത കേസാണെങ്കില്‍ ജാമ്യം അനുവദിക്കുന്നത് പരിഗണിക്കണമെന്നും പറഞ്ഞിരുന്നു.

ജാതിവിവേചനം ദളിത്-പിന്നാക്ക ജാതിയില്‍പ്പെട്ട വിചാരണ നേരിടുന്ന തടവുകാരുടെ എണ്ണത്തില്‍ തമിഴ്നാടാണ് മുന്നില്‍. കര്‍ണാടക തൊട്ടുപിന്നില്‍. 2023 ഡിസംബറിലെ കണക്ക് അനുസരിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ-ഒ.ബി.സി വിഭാഗങ്ങളാണ് ഇതില്‍ ഭൂരിഭാഗവും. ജയിലിനുള്ളിലും ജാതിവിവേചനം തടവുകാര്‍ നേരിടുന്നു.

വിദ്യാഭ്യാസം

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, ത്രിപുര, നാഗാലാന്‍ഡ്, അസംഎന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവരാണ് വിചാരണത്തടവുകാരില്‍ 80 ശതമാനവും. ബംഗാളില്‍ നാലില്‍ മൂന്നു തടവുകാരും പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കിയിട്ടില്ല. ഇതുകൊണ്ട് നിയമസഹായത്തെക്കുറിച്ചോ വ്യവസ്ഥകളെക്കുറിച്ചോ അറിയില്ല.

സ്റ്റാന്‍സ്വാമിയുടെ 'കൊലപാതകം'

ഭീമ കൊറഗാവ് കേസില്‍ അക്കാദമീഷ്യന്മാര്‍, ആക്ടിവിസ്റ്റുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിങ്ങനെ 16 പേരെ വേട്ടയാടി അഞ്ചര വര്‍ഷമാണ് ഭരണകൂടം തടവില്‍ പാര്‍പ്പിച്ചത്. ആ കേസില്‍ ഇനിയും വിചാരണ ആരംഭിച്ചിട്ടില്ല. കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ ജയിലിനുള്ളില്‍ കിടന്ന് മരിച്ചു, അഞ്ച് പേര്‍ അറസ്റ്റിലായി വര്‍ഷങ്ങള്‍ക്കു ശേഷം ജാമ്യം ലഭിച്ചു, ബാക്കിയുള്ളവര്‍ നീതിയുടെ വെളിച്ചം എന്നെങ്കിലും തേടിയെത്തുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു. ജെസ്യൂട്ട് പുരോഹിതന്‍ ഫാദര്‍ സ്റ്റാന്‍സ്വാമി തലോജ ജയിലിനുള്ളില്‍ കിടന്നു മരിക്കുമ്പോള്‍ അദ്ദേഹം കൊവിഡ് ബാധിതനായിരുന്നു. എണ്‍പത്തിനാലുകാരനായ ആത്മീയാചാര്യന്റെ പ്രായമോ പാര്‍ക്കിന്‍സണ്‍ തളര്‍ത്തിയ ശരീരമോ ഒന്നും ആര്‍ക്കും വിഷയമായില്ല.?

മഅ്ദനിയും രൂപേഷും 2010 ഓഗസ്റ്റ് 17-നാണ് മഅ്ദനിയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ 2007-ല്‍ കുറ്റവിമുക്തനായി തിരിച്ചെത്തിയതിനു പിന്നാലെയാണ് ബംഗളുരു കേസില്‍ അറസ്റ്റിലാകുന്നത്. രോഗാവശനായിട്ടും വിചാരണത്തടവില്‍ കഴിയുകയാണ് മഅ്ദനി. വിചാരണത്തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യു.എ.പി.എ കുറ്റങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടാനായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ മുന്നണി സര്‍ക്കാരാണ്.
ജയില്‍
ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദ് അറസ്റ്റിൽ; യുഎപിഎ ചുമത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com