ഇറ്റലിയിലെ മെറ്റേറ; കല്ലില്‍ കൊത്തിയ മായാനഗരം

ബസിലിക്കേറ്റ സംസ്ഥാനത്തിന്റെ ഭാഗമായ നഗരത്തിലൂടെ നടത്തിയ യാത്ര
മെറ്റേറ
മെറ്റേറ

ല്ലുകളുടെ നഗരമായ 'മറ്റേറ' ഇറ്റലിയുടെ തെക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്. പതിനായിരം വര്‍ഷങ്ങളായി തുടര്‍ച്ചയായി ജനവാസമുണ്ടായ ലോകത്തിലെ ചുരുക്കം ചില പുരാതന നഗരങ്ങളില്‍ മറ്റേറയും ഇടംപിടിച്ചിട്ടുണ്ട്. ഇതിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനാണ് അങ്ങോട്ടേക്ക് തിരിച്ചത്. പുഗ്ലിയ എന്ന സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബാരിയിലാണ് ഫ്‌ലൈറ്റില്‍ എത്തിച്ചേര്‍ന്നത്. അവിടന്ന് ബസില്‍ അറുപത്തിയഞ്ച് കിലോമീറ്റര്‍ അകലെയുള്ള മറ്റേറയിലേക്കു പുറപ്പെട്ടു. പുഗ്ലിയയുടെ തൊട്ടടുത്ത് കിടക്കുന്ന ബസിലിക്കേറ്റ സംസ്ഥാനത്തിന്റെ ഭാഗമാണ് മറ്റേറ. 'ടോഫു' എന്നു വിളിക്കുന്ന ചുണ്ണാമ്പുകല്ലിന്റെ പ്രദേശങ്ങളിലൂടെയാണ് സഞ്ചരിച്ചത്. അത്തരം ഒരു മലയിലാണ് മറ്റേറ പട്ടണം വികസിപ്പിച്ചെടുത്തിരിക്കുന്നത്. മലകള്‍ തുരന്നു ഗുഹകളിലായിരുന്നു മനുഷ്യര്‍ താമസിച്ചിരുന്നത്. പതിനേഴാം നൂറ്റാണ്ടോടെ ഭൂരിഭാഗം ആളുകളും മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി മറ്റിടങ്ങളിലേക്കു ചേക്കേറി. തീരെ പാവപ്പെട്ടവര്‍ മാത്രം അവശേഷിച്ചു. ഇറ്റലിയില്‍ മറ്റു ഭാഗങ്ങള്‍ വ്യാവസായിക വിപ്ലവത്തിനും നവോത്ഥാനത്തിനുമൊക്കെ ചുക്കാന്‍ പിടിച്ചപ്പോള്‍ മറ്റേറ മാത്രം ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്നു.

പാവപ്പെട്ട ആട്ടിടയരും കര്‍ഷകരും 1950 കാലഘട്ടം വരെ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളേയും കൂട്ടി ഗുഹകളിലായിരുന്നു താമസം. 1935-ല്‍ സാഹിത്യകാരന്‍ കാര്‍ലോ ലെവിയെ, ബെനിറ്റോ മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടം മറ്റേറയ്ക്ക് സമീപമുള്ള പട്ടണത്തിലേക്കു നാടുകടത്തിയപ്പോള്‍ മാത്രമാണ് അവിടത്തെ ദാരിദ്ര്യം അന്താരാഷ്ട്ര ശ്രദ്ധയില്‍പെട്ടത്. 1945-ല്‍ പ്രസിദ്ധീകരിച്ച 'ക്രൈസ്റ്റ് സ്റ്റോപ്പ്ഡ് അറ്റ് എബോളി' എന്ന തന്റെ പുസ്തകത്തില്‍ ലെവി മറ്റേറയില്‍ കണ്ട ഭയാനകത ഇങ്ങനെ ഉപസംഹരിച്ചു: ''എന്റെ ജീവിതത്തിലൊരിക്കലും ദാരിദ്ര്യത്തിന്റെ ഇത്രയും ദയനീയമായ ചിത്രം ഞാന്‍ കണ്ടിട്ടില്ല. ഡാന്റെയുടെ ഇന്‍ഫെര്‍ണോയുടെ കുട്ടികളുടെ പതിപ്പാണ് മറ്റേറ.'' മറ്റേറ 'ഷെയിം ഓഫ് ഇറ്റലി' എന്നറിയപ്പെട്ടു തുടങ്ങിയത് അങ്ങനെയാണ്.

ബസ് രണ്ടു മണിക്കൂര്‍കൊണ്ട് ഞങ്ങളെ മറ്റേറയിലെത്തിച്ചു. ഏതൊരു ചെറു യൂറോപ്യന്‍ പട്ടണത്തിലും കാണുന്ന കാഴ്ചകള്‍ - വൃത്തിയുള്ള വീഥികള്‍, വീഥിക്കിരുവശവും മരങ്ങള്‍, മനോഹരമായ കെട്ടിടങ്ങള്‍, സാവധാനം പോകുന്ന വാഹനങ്ങള്‍, വളര്‍ത്തുമൃഗങ്ങളെക്കൊണ്ട് നടക്കാനിറങ്ങിയവര്‍.

ഞങ്ങള്‍ പട്ടണത്തിന്റെ പഴയ ഭാഗത്തേക്ക് നടന്നു. അവിടെ രണ്ടു സാസ്സികള്‍ അഥവാ ഗുഹാ പ്രദേശങ്ങളുണ്ട്. സാസ്സി കാവിയോസോയും സാസ്സി ബാരിസാനോയും. കാവിയോസോ കാണാനാണ് ആദ്യം പോയത്. ഏറ്റവും പഴയ ഗുഹകള്‍ ഇവിടെയാണ്. പോകുന്ന വഴിക്കു പതിനാറാം നൂറ്റാണ്ടില്‍ പണിത പലാസോ ഡെല്‍ സെഡൈല്‍ കണ്ടു. പണ്ടത്തെ അധികാരകേന്ദ്രമായിരുന്നു അത്. കെട്ടിടത്തിനു മുകളിലായി രണ്ടു വിശുദ്ധരുടെ പ്രതിമ. കമാനത്തിനിരുവശങ്ങളിലുമായി നാല് സ്ത്രീ പ്രതിമകള്‍. കൂടുതലും ആണ്‍ പ്രതിമകളെയാണ് മുന്‍പ് ഇറ്റലിയില്‍ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ആ പ്രതിമകള്‍ കൗതുകമുണര്‍ത്തി. ഒന്നിന്റെ കയ്യില്‍ പാമ്പ് ചുറ്റിപ്പിടിച്ചിരിക്കുന്നു, രണ്ടാമത്തേതിന്റെ കയ്യില്‍ ഒരു പൊട്ടിയ തൂണ്, മൂന്നാമത്തേത് ഒരു ഗ്ലാസ്സിലേക്ക് വീഞ്ഞൊഴിക്കുന്നു, നാലാമത്തേത് ഒരു വാളും തുലാസും പിടിച്ചിരുന്നു. പ്രതിമകള്‍ അലങ്കാരമായിരുന്നില്ല. വിവേകം, ഉള്‍ക്കരുത്ത്, അച്ചടക്കം, ത്യാഗം എന്നിവയെ പ്രതിനിധാനം ചെയ്തു. അകത്തേക്കു പ്രവേശനമില്ലായിരുന്നു. ബ്രെഡ്, ചീസ്, തുടങ്ങിയവയുടെ വില നിര്‍ണ്ണയിക്കുക, വെള്ളത്തിന്റെ കരം പിരിക്കുക, തര്‍ക്കങ്ങള്‍ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഈ ടൗണ്‍ഹാളില്‍വെച്ചായിരുന്നു നടത്തിയിരുന്നത് എന്ന് അവിടെ എഴുതിവെച്ചിരുന്നു.

അവിടെ നിന്ന് ചെറിയ ഇടനാഴിയിലൂടെ ഒരു മലയുടെ അടിവാരത്തേക്കു നടന്നു. പന്ത്രണ്ട് ലെവലുകളിലായി 380 മീറ്റര്‍ താഴ്ച്ചയുണ്ട്. ഇരുവശങ്ങളിലും കെട്ടിടങ്ങളായിരുന്നു. പഴയകാല നിര്‍മ്മിതിയാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. പാറയില്‍ കൊത്തിയെടുത്ത ഭവനങ്ങളുള്ള മറ്റേറ പലസ്തീനിനോട് സാമ്യമുള്ളതിനാല്‍ ബൈബിള്‍ പ്രമേയമുള്ള സിനിമകളുടെ പ്രശസ്തമായ ചിത്രീകരണ സ്ഥലമാണ്. മെല്‍ ഗിബ്സണ്‍ നിര്‍മ്മിച്ച പാഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന ചലച്ചിത്രം ചിത്രീകരിച്ചത് ഇവിടെയായിരുന്നു.

മെറ്റേറ നഗരത്തിലെ പടവുകള്‍
മെറ്റേറ നഗരത്തിലെ പടവുകള്‍
കെട്ടിടങ്ങളെല്ലാം പഴയകാലത്തേതായതുകൊണ്ട് സെറ്റ് ഇടേണ്ടിവന്നില്ല. അതുപോലെ ഇരുപത്തിയഞ്ചാം ജെയിംസ് ബോണ്ട് ചിത്രമായ 'നോ ടൈം ടു ഡൈ'യുടെ ചില ഭാഗങ്ങളും ഈ പ്രദേശത്തുവെച്ചായിരുന്നു എടുത്തത്. ഞങ്ങള്‍ സാന്‍ പിയെട്രോ പള്ളിയുടെ മുന്നിലെത്തി. പള്ളിയുടെ ഒരുവശത്ത് ചെങ്കുത്തായ ഇറക്കമായിരുന്നു. അത് അവസാനിക്കുന്നിടത്ത് വറ്റിവരണ്ട നദിയുടെ കാഴ്ചകള്‍. എതിര്‍വശത്തു ചെങ്കുത്തായ മറ്റൊരു കയറ്റം. അവിടെ തേനീച്ചക്കൂടിലെ ദ്വാരങ്ങളെപ്പോലെ ആയിരത്തിയഞ്ഞൂറോളം ഗുഹകള്‍. അതായിരുന്നു അതിമനോഹരമായി കാണപ്പെട്ട മുര്‍ഗിയ നാഷണല്‍ പാര്‍ക്ക്. 1950 വരെ ഈ ഗുഹകളില്‍ സാധാരണ ആളുകള്‍ താമസിച്ചിരുന്നു. ഇവിടത്തെ ദാരിദ്ര്യം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചാവിഷയമായപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായ അല്‍സൈഡ് ഡി ഗാസ്പെരി സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ നേരിട്ടെത്തി.
നഗരക്കാഴ്ച
നഗരക്കാഴ്ച

ഗുഹയിലെ ജീവിതം അദ്ദേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഉടന്‍ തന്നെ ഇവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പട്ടണത്തിനു പുറത്തായി ഇവര്‍ക്കുവേണ്ടി ഗൃഹസമുച്ചയങ്ങള്‍ പണിതു. 1970-ഓടെ എല്ലാവരേയും അവിടെനിന്ന് മാറ്റിയിരുന്നു. അതോടെ ഗുഹകള്‍ ഉപേക്ഷിക്കപ്പെട്ടു. ഗുഹകള്‍ക്കിടയില്‍ നൂറ്റിയന്‍പതോളം ഗുഹാദേവാലയങ്ങള്‍ ഉണ്ടത്രേ. ഇവയെല്ലാം ഇപ്പോള്‍ യുനെസ്‌കോ പൈതൃക കെട്ടിടങ്ങളുടെ ഭാഗമാണ്. ഞങ്ങള്‍ നിന്നിരുന്ന വശത്തുള്ള ഗുഹകള്‍ 1980-ല്‍ ടൂറിസ്റ്റ് ആവശ്യങ്ങള്‍ക്കായി നവീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ മറ്റേറയില്‍ 'നവോത്ഥാനം' നടന്നു. ഇന്ന് നവീകരിച്ച ഗുഹകള്‍ എല്ലാം തന്നെ ഹോട്ടലുകളായോ കഫെകളായോ കടകളായോ ആണ് പ്രവര്‍ത്തിക്കുന്നത്. നല്ല വിലയായതിനാല്‍ ധനികരായ ടൂറിസ്റ്റുകളാണ് കൂടുതലും അവിടെ താമസിക്കാന്‍ തയ്യാറാകുക. ഏറ്റവും താഴെക്കിടയില്‍ താമസിച്ചവരുടെ വീടുകളില്‍ താമസിക്കാന്‍ ധനികര്‍ പൈസ ചെലവാക്കുന്നു! 1993-ല്‍ മെഡിറ്ററേനിയന്‍ പ്രദേശത്തിനു പുറത്തുള്ള ഏറ്റവും മികച്ച ഗുഹാസമുച്ചയം എന്നുള്ള നിലയ്ക്ക് മറ്റേറയ്ക്ക് യുനെസ്‌കോ ലോക പൈതൃക പദവി നല്‍കി. അതോടെ ടൂറിസ്റ്റുകളുടെ കുത്തൊഴുക്ക് ആരംഭിച്ചു.

കുന്നിന്‍ചെരുവിലെ ഗുഹാവീടുകള്‍

ചില ഗുഹഭവനങ്ങളില്‍ ടൂറിസ്റ്റുകള്‍ക്കു പ്രവേശിക്കാം. അഞ്ചു യൂറോ ആണ് ചാര്‍ജ്ജ്. ഞങ്ങള്‍ കാസ ഗ്രോട്ടയാണ് സന്ദര്‍ശിച്ചത്. രാവിലെയായതിനാല്‍ മറ്റ് ടൂറിസ്റ്റുകള്‍ ഒന്നുമില്ലായിരുന്നു. ഒരു ചെറുപ്പക്കാരിയാണ് ടിക്കറ്റ് തന്നത്. ഞാന്‍ അവരോട് ഈ വീട് അവരുടെയാണോ എന്ന് അന്വേഷിച്ചു. അവര്‍ അല്ലെന്നു തലയാട്ടി. ഉടമസ്ഥ അല്പസമയത്തിനുള്ളില്‍ എത്തുമായിരിക്കുമെന്ന് പറഞ്ഞു. ഞങ്ങള്‍ ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ചു. അവിടെ പാറ തുരന്നുണ്ടാക്കിയ ഒരു മുറി. ഈ മുറിയിലാണ് വിസില്ലോ കുടുംബം താമസിച്ചിരുന്നത്. മാതാപിതാക്കളും ഏഴു മക്കളുമടങ്ങുന്ന കുടുംബം. നേരെ തന്നെ കട്ടിലിട്ടിട്ടുണ്ട്. അടുത്ത് തടികൊണ്ടുള്ള അലമാരയും ഷെല്‍ഫും ഉണ്ട്. വശത്തുള്ള ചെറിയ ഗുഹയില്‍ അടുക്കള. ഉപയോഗിച്ചിരുന്ന ഭരണികള്‍, കല്‍ച്ചട്ടികള്‍, ഇരുമ്പു പാത്രങ്ങള്‍ എല്ലാം പ്രദര്‍ശിപ്പിച്ചിരുന്നു. തറയിലുള്ള ദ്വാരം ചില്ലുവെച്ച് മൂടിയിരുന്നു. ദ്വാരത്തില്‍ക്കൂടി നോക്കിയാല്‍ താഴെയൊരു ഗുഹപോലെ കാണാം. അതായിരുന്നു വെള്ള സംഭരണി. ഭിത്തിയില്‍ കുഞ്ഞു കുഞ്ഞു ദ്വാരങ്ങളിലായി പല നിത്യോപയോഗ വസ്തുക്കള്‍. പുറകുവശത്തുള്ള ചെറിയ ഗുഹയില്‍ നെയ്ത്തുയന്ത്രം. വശത്തുള്ള ചെറിയൊരു ഭാഗത്ത് കുതിരയുടെ പ്രതിമ. കുതിരയെ കെട്ടിയിരുന്നത് അവിടെയായിരുന്നെന്ന് എഴുതിവെച്ചിരുന്നു. ഒന്‍പത് മനുഷ്യരും കുതിരയും എല്ലാംകൂടി ഈ ഇടുങ്ങിയ സ്ഥലത്തു താമസിക്കുന്നത് ആലോചിക്കാന്‍ പോലും വയ്യ.

പുറത്തിറങ്ങി തൊട്ടടുത്തുള്ള മുറിയില്‍ മറ്റേറയെ പറ്റിയുള്ള ഒരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു. മറ്റേറയുടെ ചരിത്രവും പഴയകാല ചിത്രങ്ങളും കാണാന്‍ പറ്റി. തൊട്ടടുത്തുള്ള 'നേവിയറി' എന്ന ഗുഹ കണ്ടു. ഭൂമിക്കടിയില്‍ ആറേഴു മീറ്റര്‍ താഴ്ചയിലുള്ള ഗുഹ. അതായിരുന്നു 'സ്നോ സിസ്റ്റണ്‍' അഥവാ മഞ്ഞുസംഭരണി. നിലത്തൊട്ടിപ്പിടിക്കാതിരിക്കാന്‍ വടികളും ഇലയും നിരത്തും. മുകളിലുള്ള ചെറിയ ദ്വാരത്തിലൂടെ മഞ്ഞ് കോരി സംഭരണിയില്‍ ഇടും. ഇരുപതു സെന്റിമീറ്റര്‍ മഞ്ഞ് നിറച്ചാല്‍ കച്ചികൊണ്ട് മുകളില്‍ ഒരു പാളിയുണ്ടാക്കും. വീണ്ടും മഞ്ഞിടും. ഇത്തരത്തില്‍ ചെയ്യുന്നതുകൊണ്ട് ഐസിന്റെ ചെറിയ ഷീറ്റുകള്‍ വേര്‍പെടുത്താന്‍ കച്ചി സഹായിക്കും. ഇങ്ങനെ ശേഖരിക്കുന്ന മഞ്ഞിനു പലതായിരുന്നു ഉപയോഗം. കഴിക്കാനും ആഹാരം കേടാകാതെ സൂക്ഷിക്കാനും മുതല്‍ പനിക്കും വീക്കത്തിനും മുറിവുണക്കാനും വരെ മഞ്ഞ് ഉപയോഗിച്ചു. വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യതയ്ക്കുള്ള പരിഹാരവും ഇതായിരുന്നു.
ഗുഹാവീടുകള്‍
ഗുഹാവീടുകള്‍

അവിടന്നിറങ്ങി നടക്കാന്‍ തുടങ്ങുമ്പോള്‍ ടിക്കറ്റ് തന്ന പെണ്‍കുട്ടി എന്നെ വിളിച്ച് ഉടമസ്ഥയെ പരിചയപ്പെടുത്തി. അറുപതു വയസ്സ് തോന്നിക്കുന്ന സ്ത്രീ. മുറി ഇംഗ്ലീഷില്‍ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു. ''ഞാന്‍ ജനിച്ചത് ഇവിടെയായിരുന്നു. എനിക്ക് ഒരു വയസ്സുള്ളപ്പോഴാണ് സര്‍ക്കാര്‍ തന്ന വീട്ടിലേക്ക് മാറിയത്. അച്ഛനും അമ്മയ്ക്കും ഇവിടെനിന്ന് മാറുന്നത് ഒട്ടും ഇഷ്ടമായിരുന്നില്ല. ഞങ്ങളുടെ അയല്‍ക്കാരെല്ലാം മാറിയിട്ട് പത്തു കൊല്ലങ്ങള്‍ക്കു ശേഷം സര്‍ക്കാര്‍ ബലാല്‍ക്കാരനേയാണ് ഞങ്ങളെ മാറ്റിയത്. മറ്റുള്ളവരുമായുള്ള അടുപ്പം നഷ്ടപ്പെട്ടെന്ന് അമ്മയെന്നും സങ്കടപ്പെടുമായിരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എനിക്ക് ഇവിടെ ഇങ്ങനെയൊരു സംരംഭം തുടങ്ങാന്‍ ആശയം തോന്നിയത്. സര്‍ക്കാര്‍ കുറച്ച് ധനസഹായം തന്നു. അതും എന്റെ സമ്പാദ്യവും എല്ലാം ചേര്‍ത്തുവെച്ചാണ് ഞാന്‍ പരിപാടി തുടങ്ങിയത്.''

അടുത്തുള്ള കടയില്‍ വെള്ളനിറത്തിലെ കോഴികളുടെ കളിമണ്‍ പ്രതിമ കണ്ടു. തലയും വാലും മാത്രമായിരുന്നു നിറമുള്ളത്. അത് നോക്കിനില്‍ക്കുന്നത് കണ്ട് കടയിലെ സ്ത്രീ അതെടുത്തൂതി. കുയിലിന്റെ ശബ്ദമായിരുന്നു കോഴി പുറപ്പെടുവിച്ചത്! അപ്പോഴാണ് അതൊരു വിസിലാണെന്നു മനസ്സിലായത്. ആ സ്ത്രീ അതിനെപ്പറ്റി പറഞ്ഞുതന്നു. കൊച്ചുകുട്ടികളെ അടക്കം ചെയ്ത പുരാതന കല്ലറകളില്‍നിന്നു കണ്ടെത്തിയതാണ് 'കുക്കു ഡി മറ്റേറ' എന്ന വിസില്‍. മറ്റേറയുടെ സാംസ്‌കാരിക ചിഹ്നമാണിത്. കമിതാക്കള്‍ സ്നേഹത്തിന്റെ പ്രതീകമായി പരസ്പരം കൈമാറുന്നത്. വിവാഹസമയത്ത് നവദമ്പതികളെ അനുഗ്രഹിക്കാന്‍ ഇതു സമ്മാനിക്കാറുണ്ട്. ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന തിങ്കളാഴ്ച ദിവസം കുട്ടികള്‍ക്ക് ഈ കളിപ്പാട്ടം സമ്മാനിക്കാറുണ്ട്.

കുന്നിന്‍ചെരുവിലെ ഗുഹാവീടുകള്‍ക്കിടയിലൂടെ ഞങ്ങള്‍ ഏറെ ദൂരം നടന്നു. പഴയ ഏതോ കാലഘട്ടത്തില്‍ ജീവിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്. ഇതിനിടയില്‍ നാലഞ്ച് 'രൂപസ്ട്രിയന്‍' പള്ളികളും സന്ദര്‍ശിച്ചു. ഗുഹകളിലുള്ള ദേവാലയങ്ങളെയാണ് ഇപ്രകാരം വിളിക്കുന്നത്. വിശാലമായ ഗുഹകള്‍ക്കുള്ളില്‍ ദേവാലയമെന്നു തോന്നിപ്പിക്കാന്‍ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. ചുമരില്‍ വരച്ചിരുന്ന ചിത്രങ്ങളായിരുന്നു അങ്ങനെയൊരു സൂചന തരുന്ന ഒരേയൊരു വസ്തു. അതിലെല്ലാം സാധാരണ മനുഷ്യരെപ്പോലെയായിരുന്നു മാതാവിനേയും ക്രിസ്തുദേവനേയുമൊക്കെ വരച്ചുവെച്ചിരുന്നത്. മാതാവ് യേശുവിനു മുലകൊടുക്കുന്ന ചിത്രം സാന്റാ ലൂസിയ എന്ന പള്ളിയില്‍ കണ്ടു. കുന്നിന്റെ ഏറ്റവും മുകളിലായിരുന്നു മറ്റേറയിലെ കത്തീഡ്രല്‍. ഇറ്റലിയിലെ മറ്റു പള്ളികളെപ്പോലെ വളരെ ആര്‍ഭാടമായിട്ടായിരുന്നു അകത്ത് അലങ്കരിച്ചിരുന്നത്. ചുമരിലും മച്ചിലുമെല്ലാം പ്രശസ്ത കലാകാരന്മാര്‍ വരച്ച എണ്ണച്ഛായ ചിത്രങ്ങള്‍. അവിടന്ന് സാസ്സി ബാരിസാനോയിലേക്കു പോയി. കാവിയോസയുടെ നേരെ എതിര്‍വശത്താണ്. ഗുഹാഭവനങ്ങളെക്കാള്‍ അധികം പരമ്പരാഗത കല്‍വീടുകളാണ് ഈ പ്രദേശത്തുള്ളത്.
ദൂരക്കാഴ്ചയില്‍ നഗരം
ദൂരക്കാഴ്ചയില്‍ നഗരം

എന്നാല്‍, ഗുഹാദേവാലയങ്ങളില്‍വെച്ച് ഏറ്റവും വലുതായ സാന്‍ പിയെട്രോ പള്ളി ബാരിസാനോയിലാണ്. അവിടെയാണ് വിചിത്രമായ 'കോളാറ്റോയി' എന്ന ഡ്രയിനേജ് സീറ്റുകള്‍ കണ്ടത്. പള്ളിയുടെ ഭൂഗര്‍ഭ അറയില്‍ ഇരിപ്പിടം പോലെയും ഷെല്‍ഫുകള്‍ പോലെയും ഉണ്ടാക്കി വെച്ചിരുന്നു. മൃതദേഹം അഴുകുന്നതുവരെ മരിച്ച പുരോഹിതരെ ഈ സീറ്റുകളിലാണ് ഇരുത്തിയിരുന്നത്. പൂര്‍ണ്ണമായി അഴുകിക്കഴിഞ്ഞാല്‍ ബന്ധുക്കള്‍ എല്ലുകള്‍ എടുത്തുകൊണ്ടുപോയി സംസ്‌കരിക്കും. അതായിരുന്നു ഇവിടത്തെ രീതി. ഇപ്രകാരം ചെയ്യുന്നതുകൊണ്ട് മരിച്ചവര്‍ക്കു ഭൗമികജീവിതത്തോട് ക്രമേണ വിടപറയാന്‍ സാധിക്കുമെന്നാണ് വിശ്വാസം. നശിച്ചുപോകാത്ത അസ്ഥികള്‍ അനശ്വരമായ ആത്മാവിനെ പ്രതിനിധീകരിക്കുന്നതുകൊണ്ടാണ് അതു മാത്രം സംസ്‌കരിക്കുന്നത്. തിരികെ നടക്കാന്‍ നേരം അവസാനം കണ്ടത് പാലൊമ്പാരോ ലുന്‍ഗോ എന്ന ജലസംഭരണിയായിരുന്നു. മഴവെള്ളവും നീരുറവയും ശേഖരിക്കുന്ന നഗരത്തിലെ കേന്ദ്ര മഴവെള്ള സംഭരണിയായാണ് ഇത് 1832-ല്‍ നിര്‍മ്മിച്ചത്. പതിനഞ്ച് മീറ്റര്‍ ആയിരുന്നു അതിന്റെ താഴ്ച. വെള്ളം ചോര്‍ന്നുപോകാതിരിക്കാന്‍ ചുമരുകള്‍ കളിമണ്ണ് പൂശിയിരുന്നു. ജലസംഭരിണിയിലേക്കു പല ഇടങ്ങളില്‍നിന്നു വെള്ളം ഒഴുകിയെത്തിയിരുന്ന ചാലുകളും കാണാമായിരുന്നു. പട്ടണത്തിനാവശ്യമുള്ള വെള്ളം ഇവിടെയായിരുന്നു ശേഖരിച്ചിരുന്നത്.

ഗുഹകള്‍
ഗുഹകള്‍
ഉച്ചയായതോടെ എല്ലായിടത്തും ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞു. ഹോട്ടലുകള്‍ക്കു മുന്നില്‍ മേശയും കസേരയുമിട്ട് അതിഥികളെ വരവേല്‍ക്കുന്ന ഹോട്ടല്‍ ഉടമകള്‍. കഫെകളിലും സോവിനിയെര്‍ ഷോപ്പുകളിലും കച്ചവടം പൊടിപൊടിക്കുന്നു. ഞങ്ങള്‍ അടുത്തുള്ള ബേക്കറിയില്‍ കയറി മറ്റേറയിലെ പ്രശസ്തമായ ബ്രെഡ് വാങ്ങി. കൊച്ചു മലകള്‍ അടുക്കിവെച്ചിരിക്കുന്ന ആകൃതിയിലാണ് ബ്രെഡ്. ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്ന യീസ്റ്റ് അത്തിപ്പഴങ്ങളില്‍നിന്നും മുന്തിരിയില്‍നിന്നും വേര്‍തിരിച്ചെടുക്കുന്നതാണ്. രുചിയുള്ള ബ്രെഡും കഴിച്ച് ബസ് സ്റ്റോപ്പിലേക്ക് നടന്നു.
നഗരവീഥികള്‍
നഗരവീഥികള്‍

രുചിയുള്ള ബ്രെഡും കഴിച്ച് ബസ് സ്റ്റോപ്പിലേക്ക് നടന്നു. നാണക്കേടില്‍നിന്നു കരകയറിയ മറ്റേറ ഇന്നിപ്പോ രാജ്യത്തിന്റെ മാത്രമല്ല, യൂറോപ്പിന്റേയും കൂടി അഭിമാനമാണെന്ന് അനുഭവപ്പെട്ടു. അതുകൊണ്ടായിരിക്കണമല്ലോ 2019-ല്‍ യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനമായി മറ്റേറയെ തിരഞ്ഞെടുത്തത്. ''രണ്ടു നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും ഭവാന്‍'' പൂന്താനത്തിന്റ വരികളാണ് മനസ്സില്‍ ഓടിയെത്തിയത്.

മെറ്റേറ
ജനാധിപത്യത്തിന്റെ മരുഭൂമിയാകുന്ന ഇന്ത്യ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com