പോയ വർഷത്തിലെ മികച്ച കൃതിയേത് എന്ന ചോദ്യം പോയ വർഷങ്ങളിലെല്ലാം എന്നെ അലട്ടിയിട്ടുണ്ട്. ഉത്തരം ഒറ്റക്കൃതിയിലൊതുക്കുന്നതിലെ സാഹസം മുന്‍പും പിമ്പും എന്നെ വിഷമിപ്പിച്ചു. പോയ വർഷത്തിലെ എന്നല്ല, പോയ വർഷങ്ങളിലെത്തന്നെ മികച്ച കൃതി മുന്നിലുള്ളപ്പോൾ ഇക്കുറി
ആ ചോദ്യമെനിക്കാനന്ദം തരുന്നു. ഇത്ര നിസ്സംശയമായ ഒരുത്തരവും മുൻപെനിക്കൊരവസരം തന്നിട്ടില്ല. മനോരമ ബുക്സ് പ്രസിദ്ധപ്പെടുത്തിയ ‘മേതിൽ സമ്പൂർണ്ണം’ പേരവകാശപ്പെടുന്നപോലെ സമ്പൂർണ്ണമല്ലെങ്കിലും തെരഞ്ഞെടുപ്പ് പൂർണ്ണ തൃപ്തി തന്നില്ലെങ്കിലും അച്ചടിച്ച കടലാസ് അതിന്റെ വലുപ്പത്തിനൊത്തുയർന്നില്ലെങ്കിലും വരിതോറും അപൂർവ്വ മനോഹരം. ഷേക്‌സ്‌പിയർ സമ്പൂർണ്ണം ഷേക്‌സ്‌പിയർ ജീവിച്ചിരുന്ന കാലത്ത് പുറത്തുവന്നിരുന്നെങ്കിൽ എത്ര പേരതിനെ ഗൗനിക്കുമായിരുന്നു എന്നെനിക്കുറപ്പില്ലെങ്കിലും.
വൈവിദ്ധ്യത്തിൽ മേതിലോളം പോന്ന ഒരു മലയാളി എഴുത്തുകാരനും എന്റെ അറിവിലില്ല. കവിതയും ശാസ്ത്രവും നരവംശശാസ്ത്രവും പാരിസ്ഥിതിക ജ്ഞാനവും തത്ത്വചിന്തയും സ്‌പോർട്സും സംഗീതവും പോലെ പലതായ അഭിരുചികൾ കൂടിക്കലർന്നൊരാൾക്കു മാത്രം എഴുതാൻ കഴിയുന്ന ഉപന്യാസങ്ങളും നോവലെറ്റുകളും കവിതകളുമാണ് മേതിലിന്റേത്. തനിക്കു മാത്രം എത്താൻ കഴിയുന്ന നിരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും നിഗമനങ്ങളുമവയെ അപൂർവ്വമാക്കുന്നു. തനിക്കു മാത്രമെഴുതാൻ കഴിയുന്ന ഭാഷ എപ്പോഴുമവയെ കാവ്യാത്മകമാക്കുന്നു. മയിൽപ്പീലി വിടർത്തുമ്പോലെ ഇയാളെഴുതുന്നു. എന്റെ രുചി എന്റെ രചനയാണ്. ഇസ്മായിൽ കദരേയോട് എഴുതിയ ആദ്യ കൃതിയേതെന്നു ചോദിച്ചപ്പോൾ മാക്ബത്താണെന്നായിരുന്നു ഉത്തരം. മേതിലിനെ വായിക്കുമ്പോൾ വായനക്കാർ മേതിൽ കൃതികളുടെ കർത്താവാവുന്നു. അതിനു ശേഷിയില്ലാത്തവരാണ്, അതിനു മതിയല്ലാത്ത കൃതികളിൽ രമിക്കുന്നവരാണ് മേതിലിനെ അംഗീകരിക്കാത്തവരേറെയും. എന്റെ നാനാവിധമായ വ്യാപ്തിയുടെ പ്രഖ്യാപനമാണ് എനിക്ക് ‘മേതിൽ സമ്പൂർണ്ണം.’
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക