നിഷ്കളങ്കതയുടേയും അനുഭവത്തിന്റേയും ഗീതങ്ങള്‍

നിഷ്കളങ്കതയുടേയും അനുഭവത്തിന്റേയും ഗീതങ്ങള്‍

നാം ചെറുപ്പത്തിൽ കേട്ട ആഖ്യാനങ്ങളുടെ വിവിധങ്ങളായ അനുരണനങ്ങൾ തന്നെയാണ് നമ്മൾ. ഓരോ മനുഷ്യന്റേയും ഇന്ദ്രിയങ്ങൾ ഭക്ഷണം, വായു, വെള്ളം എന്നിവകൊണ്ട് മാത്രം വളരുന്നവയല്ല. നാം കേൾക്കുന്ന, കാണുന്ന, അനുഭവിക്കുന്ന ചെറുതോ വിശാലമോ ആയ ആഖ്യാനലോകത്ത് നാം നമ്മെ എപ്രകാരം രൂപപ്പെടുത്തുന്നുവെന്ന് പറഞ്ഞുതരുന്ന ഒരു പുസ്തകമാണ് ഇസ്രയേലി കവിയായ അമീർ ഓറിന്റേത്. 2020-ലെ ഗോൾഡൻ റീത്ത് അവാർഡ് ജേതാവായ അമീർ ഓറിന്റെ ലൂട്ടിനും വിങ്‌സിനും ശേഷം ഏറ്റവും ജനശ്രദ്ധ നേടിയ കവിതാപുസ്തകം, 2023-ൽ ബ്രോക്കൻ സ്ലീപ് ബുക്സ് പ്രസിദ്ധീകരിച്ച ചൈൽഡ് ആണ്.

സ്വയം അറിയാതെ തന്നെ ഉള്ളിൽ ഒരു കുഞ്ഞിനെ സൂക്ഷിക്കുന്ന മുതിർന്ന മനുഷ്യരേയും ലോകത്തിനു നേരെയുള്ള നിസ്സഹായതയോടും എന്നാൽ, സ്നേഹത്തോടും കൂടിയ നോട്ടങ്ങളേയും ഞാൻ ഈ പുസ്തകത്തിൽ അനുഭവിക്കുന്നു. കടലിന്റെ തീരത്ത് ഒറ്റക്കിരിക്കുന്ന കുട്ടി സ്വയം ഒരു രാജാവായി മാറുന്നതും, ദൈവസഹജമായ ഒരു മുറുമുറുപ്പിലൂടെ തിരകൾ അവനോടു പാടുന്ന ഒരേ ഈണം: “എല്ലാം വരും പോകും: കടലിനെ മാത്രം ശ്രദ്ധിക്കൂ” എന്നതുമാകുന്നു. യഥാർത്ഥ വീഴ്ചയുടെ ആഴം എത്രമാത്രമെന്നു ചെകുത്താനു മാത്രമേ അറിയൂ. സ്വന്തം കുഞ്ഞ് “ഇനിയൊന്നു കൈ ഉയർത്തിയാൽ നിന്റെ തല നിലത്ത്”, എന്ന് കളിതോക്ക് ചൂണ്ടി നിലക്ക് നിർത്തുന്ന കുഞ്ഞിന്റെ മുന്നിൽ തോറ്റുപോകുന്ന അച്ചന്റെ മുഖത്തു കവി കാണുന്നു. അതോടൊപ്പം തന്നെ മധുരമായ വായുവിനെപ്പറ്റിയും ചർമത്തിൽ തൊട്ടുരസി രസിക്കുന്ന വെള്ളത്തെപ്പറ്റിയും ലോകത്തോട് സന്തോഷത്തോടെ നിലവിളിക്കുന്ന ഹൃദയത്തിന്റെ മിടിപ്പിനെപ്പറ്റിയും ഈ പുസ്തകത്തിൽ ഉണ്ട്.

കുഞ്ഞിന്റെ ഭാവനയും ഭ്രമാത്മകതയും സൗന്ദര്യ/രാഷ്ട്രീയ ലോകങ്ങളും കവിതയിലെ വരികളിൽ ഒത്തുചേരുന്നു. നിഷ്കളങ്കതയുടേയും അനുഭവത്തിന്റേയും ഗീതങ്ങൾ ഒന്നുചേരുന്ന കവിതകളാണ് അമീറിന്റേത്. തീർച്ചയായും വായിക്കാവുന്ന ഒരു പുസ്തകം തന്നെയാണിത്.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com