കെഎ ജയശീലന്‍ എഴുതിയ 3 കവിതകള്‍

ചെടിയോട് ചോദിക്കാതെയാണോ ഇല വളരുന്നത്?എല്ലാ വളര്‍ച്ചകളും സ്വതന്ത്രങ്ങളാണോ?
കെഎ ജയശീലന്‍ എഴുതിയ 3 കവിതകള്‍

ചെടിയോടു ചോദിക്കാതെ

ചെടിയോട് ചോദിക്കാതെയാണോ 
ഇല വളരുന്നത്?
എല്ലാ വളര്‍ച്ചകളും 
സ്വതന്ത്രങ്ങളാണോ?

വേരു വളരുന്നതിനെ 
കൊമ്പറിയുന്നില്ല.

തമ്മിലറിയാത്ത വളര്‍ച്ചകളുടെ 
ആകത്തുകയായിത്തോന്നുന്നു
ചെടി.   

(ചെടിയുടെ അടുത്തുവന്നു സഞ്ചരിച്ചു 
ചെടിയുമായി ഇടപെടുന്ന 
ഈ പാറ്റ
ആ ആകത്തുകയില്‍
ഉള്‍പ്പെട്ടതാണോ?)

നിരത്തിലെ നായ്ക്കള്‍

വളര്‍ത്തുനായകള്‍ക്ക്  പേരുണ്ട്-നിരത്തിന്‍മേല്‍
വളര്‍ന്ന നായയ്‌ക്കൊരു വര്‍ഗ്ഗനാമമേ വേണ്ടു:
'നായ.' ഈ നാട്ടില്‍പ്പെയ്യും കനത്ത മഴയ്‌ക്കൊക്കെ
കോലായില്‍ കേറാന്‍നോക്കി, വേഗം ഇറക്കപ്പെട്ട്,
ഇരിക്കാന്‍ സ്വന്തമായൊരിടമില്ലാത്ത കൂട്ടര്
(ഉറുമ്പിനിടമുണ്ട്, തേനീച്ചയ്ക്കിടമുണ്ട്,
പാമ്പിനും പക്ഷികള്‍ക്കും ആടിനും പശുവിനും)
തികഞ്ഞ നിസ്സ്വത തന്നവകാശികളിവര്‍.
('അവകാശ'ത്തിന്നര്‍ത്ഥം 'സ്ഥല'മെന്നറിയാമോ?)

മരിക്കും ദൈവത്തിന്റെ ദായപത്രത്തിലിവ-
ര്‍ക്കൊരു മുഷ്ടിയും മണ്ണുവെച്ചിട്ടില്ലാത്തപോലെ.


മീനൂട്ട്

1
നിങ്ങള്‍ ജലത്തിലിരിപ്പവര്‍, നീരത്തില്‍  
മുങ്ങിക്കഴിവതേ ജീവനാകുന്നവര്‍,
മഗ്‌നതയാവശ്യമായവര്‍ എപ്പൊഴും. 
(ഒന്നോര്‍ക്കില്‍ ഞങ്ങളും മഗ്‌നരാം, വായുവില്‍!)

2
അല്ല, വല്ലപ്പൊഴും മേലോട്ട് തുള്ളിയാല്‍
(ഞങ്ങള്‍ ജലത്തിലേയ്ക്കൂളിയിടുന്നപോല്‍)
മിന്നിനിന്നീടാം ഞൊടിക്ക് വെളിച്ചത്തില്‍-
പിന്നെപ്പൊടുന്നനെ വീഴണം താഴേയ്ക്ക്. 
ഇല്ലിങ്ങ് താങ്ങും പിടുത്തവും നിങ്ങള്‍ക്ക്:
ഇല്ല നിങ്ങള്‍ക്കവകാശമീ വായുവില്‍.

3
രണ്ട് വിവിക്തഭൂതങ്ങളിലായേവം
ബന്ധിതരായിയകന്നുനില്‍ക്കുന്നവര്‍  
കണ്ടതേ വിസ്മയം! ഞാനീ പുഴക്കരെ
വന്നു പടവിലിറങ്ങുമ്പൊഴേയ്ക്കും, ഹേ!
പൊങ്ങിവന്നൂ നിങ്ങള്‍, എന്തോ പ്രതീക്ഷിച്ച്-
എങ്ങനെയെന്നെയറിഞ്ഞു, ജലത്തിന്റെ
ഭിന്നതയൊക്കെ വിലങ്ങി, യെന്‍ വായുവില്‍?

4
എല്ലാ വിശപ്പും ഭയങ്ങളുമൊന്നാണ്.
നമ്മള്‍ക്കതുകളില്‍ ചേര്‍ന്നു പിടിച്ചുപോയ്
ചെന്നെത്തി വാഴ്വാന്‍ കഴിയും പലപല
ഭിന്നബോധങ്ങളില്‍, ജന്തുജന്മങ്ങളില്‍.
ഇന്നിതാ മീനേ! ഈ സന്ദര്‍ഭസന്ധിയില്‍
നിന്റെ അശനായ - അല്ലേല്‍ കൊതി - നിന്നെ
എന്റെയരുകില്‍ വരുവിച്ചു: നല്ലതായ്!

5
ഞാനെറിഞ്ഞീടുമരി, എനിയ്‌ക്കെന്റെയേ
മോചനത്തിന്റൊരു നൂലുപോല്‍ തോന്നുന്നു-
എന്റകത്തീന്നു കേറാനുള്ള പാലമായ്. 
ഈ നറുംനൂലുകള്‍ അറ്റുപോയ്‌പ്പോകുകില്‍
എന്തായിരിയ്ക്കുമന്നെന്റെ ഏകാന്തത!
എന്നെന്നും തമ്മിലറിയട്ടെ ജീവികള്‍,
എല്ലാ വിഭിന്നതകള്‍ക്കും മുകളിലായ്.

ചിത്രീകരണം - കന്നി എം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com