ഉള്‍ഖനനം; ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ കവിത

ഉള്‍ഖനനം; ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ കവിത
ചിത്രം വിന്‍സെന്റ് പുളിക്കല്‍
ചിത്രം വിന്‍സെന്റ് പുളിക്കല്‍

പത്മനാഭക്ഷേത്രത്തിന്റെ നിലവറയില്‍
രത്‌നശേഖരങ്ങളുണ്ടെന്നറിഞ്ഞിടാതെ
നഷ്ടചരിത്രത്തിന്‍ പുറമ്പോക്കിലെങ്ങാണ്ടോ
പട്ടിണിയും പാടുമായിക്കഴിഞ്ഞവരേ,
വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ടശുഭചിന്ത.

അന്തിവെട്ടം വാര്‍ന്ന വേളിമലയ്ക്കു മേലേ
പഞ്ചമിച്ചന്ദ്രന്റെ പന്തം തെളിയുന്നേരം,
വഞ്ചിരാജാവിന്റെ വാളിന്‍ വായ്ത്തലപോലെ
ശംഖുമുഖം കടല്‍ത്തീരം തിളങ്ങുന്നേരം,
വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ
ഓര്‍ത്തുകൊണ്ടിരിക്കയാണെന്നശുഭചിന്ത.

ഒരു കാലം പൊരുതാനായ് ജനിച്ചവരേ,
കരിമ്പാറക്കെട്ടിനോടും കലഹിച്ചോരേ,
തിരണ്ട മണ്ണിനെപ്പോലും ഭോഗിച്ചവരേ,
തിരയുടെ കുഞ്ചിരോമം പറിച്ചവരേ,
ഇരുമ്പിന്റെ കൊലയറ തുറന്നവരേ,
പെരുംതീ പിഴിഞ്ഞു ചാറു കുടിച്ചവരേ,
വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയെല്ലാം
ഉള്‍ഖനനം ചെയ്‌തെടുക്കാന്‍ ശ്രമിക്കുന്നേരം,
പട്ടിപെറ്റുകിടക്കുന്ന മനസ്സുമായി
കര്‍ക്കടകം കാത്തിരിപ്പൂ കടത്തിണ്ണയില്‍.

(2011ല്‍ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com