'പറവകള്‍ ചോടുവയ്ക്കുന്ന പാട്ട്'- സര്‍ജു എഴുതിയ കവിത

By സര്‍ജു  |   Published: 31st May 2021 04:41 PM  |  

Last Updated: 31st May 2021 04:41 PM  |   A+A-   |  

 

ടം മാറാന്‍
എത്ര നേരം വേണം
ഒരു പക്ഷിക്ക്.
വാക്കുമാറാന്‍
കവിക്ക്.

ഉപ്പാ നിന്റെ അച്ഛനൊരു
പച്ചീര്‍ക്കിലും കൊണ്ടുവരുന്നു.

ഈരടി തീരും മുന്‍പ്
അതിടം മാറും.

അവിടിരുന്നാലും കാണും
അവിടിരുന്നാലും കാണും.

പറവകള്‍ ചോടുവയ്ക്കും താളത്തില്‍
ആരോ കെട്ടിയ പാട്ട്.

കുടികിടപ്പുകാരായ കുയിലുകള്‍
ഒരുക്കിവച്ച കൂട്ടിലെ കുരുവികള്‍
വിളിപ്പുറത്തുള്ള കാക്കകള്‍...
പറവകള്‍ പറഞ്ഞാല്‍ കേള്‍ക്കുന്നത്
കണ്ടുപഠിച്ചിട്ടും
അനുസരണ തെറ്റിയ കുട്ടിക്കാലത്ത്
വീട്ടില്‍ വന്ന പാട്ടായിരുന്നു.

ചുരുട്ടിയ മുഷ്ടി
ലംബമായിപിടിച്ച്
മരച്ചീനിയുടെ നീലത്തണ്ടില്‍നിന്ന്
ഒരിലപൊട്ടിച്ചതിന്‍മേല്‍ വച്ച്
മറ്റേ കൈവെള്ളകൊണ്ടടിച്ച്

തൊടിയിലെ മൗനത്തെ തുരത്തിയ
ഇലപ്പടക്കങ്ങള്‍
മുതിര്‍ന്നവരുടെ ഉച്ചമയക്കത്തില്‍.

അയവെട്ടുന്ന പശുവിന്‍ കൊമ്പില്‍ 
ചെമ്പോത്ത്
തന്തപ്പേടിയില്ലാതിരുന്നു.

സ്വന്തം തോണിയുന്തുന്ന ഒരാളുടെ
മെല്ലിച്ച കാലുകളോര്‍മ്മിപ്പിക്കും
പറവനടത്തങ്ങള്‍
തിരയിലേയ്ക്കും മേഘത്തിലേയ്ക്കും.