ഒച്ചകള്‍

ഒച്ചകള്‍
പാക്കിങ് കേസ് നിര്‍മ്മിക്കുന്ന
ചുമ്മാരിന്റെ അറക്കക്കമ്പനിയില്‍
ഞായറാഴ്ചയൊഴികെ എല്ലാ ദിവസവും
രാവിലെ കൃത്യം എട്ടുമണിക്ക്
മരപ്പലക അറുക്കല്‍ തുടങ്ങും.
അതിന്റെ കര്‍ണ്ണകഠോരമായ ഒച്ച കേട്ടാല്‍
എനിക്ക് വേവലാതി തുടങ്ങും:
സ്‌കൂളില്‍ പോകാനുള്ള നേരമായി!
കന്യാസ്ത്രീകള്‍ നടത്തുന്ന സ്‌കൂളാണ്
അവിടേക്ക് മടികൂടാതെ പോകുന്ന കുട്ടികള്‍
ഇനിയും ജനിച്ചിട്ടില്ല!
ആരെയും മടുപ്പിക്കാനുള്ള വിദ്യ
കന്യാസ്ത്രീകള്‍ക്കറിയാം;
വെറുപ്പിക്കാനുള്ള വിദ്യ അച്ചന്മാര്‍ക്കും!
ഞാന്‍ പോകുന്ന സ്‌കൂളില്‍ രണ്ടു കൂട്ടരുമുണ്ട്
ഈനാംപേച്ചിക്ക് മരപ്പട്ടിപോലെ!
അങ്ങനെയിരിക്കെ ഒരു ദിവസം
ചുമ്മാരിന്റെ കമ്പനിയില്‍നിന്ന്
ഒച്ചയൊന്നും കേട്ടില്ല:
ഞായറാഴ്ചയെന്നു കരുതി
അന്നു ഞാന്‍ സ്‌കൂളില്‍ പോയില്ല!
പിറ്റേന്നു വൈകുകയും ചെയ്തു
അത് പതിവായി!
അതിന്റെ പേരില്‍ ക്ലാസ്സില്‍
പലതവണ നാണംകെട്ടു;
ടീച്ചറുടെ കയ്യില്‍നിന്ന്
ചൂരല്‍പഴവും കിട്ടി പലവട്ടം;
പഠിത്തത്തില്‍ പിന്നാക്കം പോയി;
പരീക്ഷയില്‍ തോറ്റു;
പഠിപ്പു നിര്‍ത്തി!
വലുതായപ്പോള്‍ ഞാന്‍ സ്വന്തമായി
ഒരറക്കക്കമ്പനി തുടങ്ങി,
അതിന്റെ വേവലാതികളുമായി നടക്കുന്നു.
ചുമ്മാരിന്റെ കമ്പനി എന്നേ നിന്നുപോയി:
ഒച്ചകള്‍ ഒരിക്കലും നിന്നുപോയിക്കൂടാ!
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com