നിഴലുകളുടെ അലമാര
By ടി.പി. വിനോദ് | Published: 16th November 2023 11:46 AM |
Last Updated: 16th November 2023 11:47 AM | A+A A- |

പണ്ടുവായിച്ച പുസ്തകം
ഒന്നുകൂടി കാണുവാൻ
അലമാര തുറന്നു പരതി
പുറത്തേക്കെടുക്കുമ്പോൾ
അതിന്റെ നിഴൽ
മറ്റു പുസ്തകങ്ങളിലേക്ക്
ചാഞ്ഞുവീഴുന്നൊരു
നിമിഷാർദ്ധമുണ്ടായി.
നിഴലിനെ
വ്യക്തമായിക്കാണാൻ
കൈ അനക്കാതെ പിടിച്ചു.
പിന്നെ,
മുന്നോട്ടും പിന്നോട്ടും
പലദിശകളിൽ കൈ നീക്കി
നിഴലിന്റെ സാധ്യതകളെണ്ണി.
അലമാരയിലെ പുസ്തകങ്ങളുടെ
താളുകൾക്കിടയിൽ
എത്രയെത്ര നിഴലുകൾ
ഉറങ്ങുന്നുവെന്നാലോചിച്ചു.
പുസ്തകങ്ങളുടെ അലമാര
എന്ന് വിളിക്കുന്നതിനേക്കാൾ
നിഴലുകളുടെ അലമാര
എന്ന് വിളിക്കുന്നതാണ്
ശരിയെന്ന് തോന്നിപ്പോയി.
വെളിച്ചത്തിന്
നിഴലുകളെ ശേഖരിക്കാനുള്ള
ഉപാധികൾ മാത്രമാണ്
നമ്മളും നമ്മുടെ യാഥാർത്ഥ്യങ്ങളുമെന്ന്
എനിക്കെന്റെ
ഓർമ്മകളേയും
ആഗ്രഹങ്ങളേയും
പഠിപ്പിക്കണം.
