പി.എ. നാസിമുദ്ദീന്‍ എഴുതിയ രണ്ട് മരണ കവിതകള്‍

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
പി.എ. നാസിമുദ്ദീന്‍
പി.എ. നാസിമുദ്ദീന്‍

1.

നദിക്കരയില്‍

നിനച്ചിരിക്കാതെ

മൂളുന്ന പാട്ടുപോലെ

ഉറങ്ങിയെഴുന്നേറ്റിട്ടും

പിന്തുടരുന്ന സ്വപ്നത്തിന്റെ

അടര് പോലെ

നീ മരിച്ചു മണ്ണിലഴുകിക്കഴിഞ്ഞിട്ടും

അഴിമുഖത്ത്

ഞാന്‍ കവിതകളെഴുതുകയായിരുന്നു

നീ ചൂണ്ടയിടുകയും

ഓളങ്ങളെ തട്ടിയുണര്‍ത്തുന്ന കാറ്റ്

എന്റെ ഭാവനകളില്‍ വന്നലച്ചു

നീ പെട്ടെന്ന്

ചൂണ്ട വെട്ടിച്ചു

'വലിയ മീന്‍ പൊട്ടിച്ചുപോയ്'

മുജ്ജന്മബന്ധത്തിലെന്നപോലെ

അരികില്‍ വന്നുപറഞ്ഞു

പിന്നെ ചോദിച്ചു:

'ഒന്നു മിനുങ്ങിയാലോ'

ഉദ്വേഗത്തോടെ

പിന്നാലെ നടന്നു

നദിക്കരയിലെ

ജീര്‍ണ്ണിച്ച, ഉപേക്ഷിച്ച

ബോട്ടുജെട്ടിയായിരുന്നു

നിന്റെ കൊട്ടാരം

റാക്കുകുപ്പി തുറന്ന്

ഗ്ലാസ്സിലേക്കൊഴിച്ചു

'വീശടോ...'

അന്തരാളത്തിലേക്കൊഴുകിയ

രാസദ്രവം

എന്റെ കിളുന്തു കോശങ്ങളെ

പുകക്കുന്നതാസ്വദിച്ച്

ഒരു ഗഞ്ചാവു ബീഡികൊളുത്തി

നീ അണലിയുടെ

സന്തതിയാണെന്നറിഞ്ഞില്ല

ഓരോ വിളിയും

തടുക്കാനാകാത്ത

പ്രലോഭനങ്ങളായിരുന്നു

കൗമാരത്തില്‍

നാം തീര്‍ത്ത

പാപത്തിന്റെ പറുദീസകള്‍

ഓര്‍മ്മയിലുയിര്‍ക്കുന്നു

വേശ്യകളെ

കൊട്ടാരത്തിലേക്ക് കൊണ്ടുവന്ന്

അവരുടെ മാറില്‍

നാം നീന്തിത്തുടിച്ചു

ചുണങ്ങുകളുള്ള നിന്റെ ലിംഗം പിച്ചാത്തിപോലെ

അവരെ നോവിപ്പിച്ചു

ഗഞ്ചാവുപുകച്ചുരുളുകളില്‍

കാമം തീര്‍ക്കാന്‍

വഴികളില്ലാതാകുമ്പോള്‍

നാം ആഞ്ഞുപുണര്‍ന്നു

മൃദുവല്ലാത്ത

നമ്മുടെ ശരീരങ്ങള്‍

സ്വര്‍ഗ്ഗോദ്യാനങ്ങളാക്കി

നീ എന്റെ

ആത്മാവിന്റെ പാതിയായിരുന്നില്ല

സുഹൃത്തുപോലും ആയിരുന്നില്ല

പെരുവഴിയില്‍ കണ്ടുമുട്ടിയ

ഒരു വഴിപോക്കന്‍

എന്നിട്ടും

ജീവിതം മടുത്ത്

മരത്തില്‍ തൂങ്ങിയ വിവരമറിഞ്ഞ്

പാഞ്ഞെത്തിയപ്പോള്‍

ഔത്സുക്യത്തോടെ

ഉറ്റുനോക്കുന്ന

ആയിരം മുഖങ്ങളില്‍

എന്നെ കാണാനായ്

തല വട്ടം തിരിച്ചു

പോടാ... പുല്ലേ...

പറയുന്നതായ് തോന്നി

നീ മരിച്ചുമണ്ണിലഴുകിക്കഴിഞ്ഞിട്ടും

ഉറക്കമുണരുമ്പോള്‍

വീണ്ടും കാണും ദുഃസ്വപ്നംപോലെ.

2.

നഗരത്തില്‍

കൂണുപോലെ മുളക്കുന്ന

ചേരികളില്‍നിന്നോ

അലര്‍ച്ചകളും തിരക്കുമായ്

താടകപോലെ വളരുന്ന

നഗരത്തിന്റെ

ഒഴിഞ്ഞ ഇടങ്ങളില്‍നിന്നോ

നീ എത്തിച്ചേര്‍ന്നു

കടപ്പുറത്ത്

പ്രതിമകളുണ്ടാക്കുന്ന

ശില്പിയുടെ

പണിക്കാരനായിരുന്നു

നീ

മികവോടെ

അവ തലയുയര്‍ത്തിയപ്പോള്‍

എനിക്കൊപ്പം ചേര്‍ന്നു

നീയാരുടെയെങ്കിലും

നിഴലാകാന്‍ മോഹിച്ചു

ആജ്ഞകളും താക്കീതുകളും

കൊതിച്ചു

ദാസ്യം നിനക്ക് വീഞ്ഞായിരുന്നു

അഭിമാനം അരോചകവും

അതിനാല്‍

ഭാര്യ മാറ്റാര്‍ക്കോ ഒപ്പം പോയി

കുട്ടികള്‍ നിന്നെ വെറുത്തു

മാന്യതയുടെ ഭൂഷകളിലായിരുന്നവര്‍ക്ക്

മദ്യവും

മയക്കുമരുന്നും എത്തിച്ചു

മരണമടുത്ത

പ്രമാണിമാരുടെ

വീരഗാഥകള്‍ കേട്ടു

ധനികകള്‍ക്ക്

ഷോപ്പിങ്ങിന് കൂട്ടുപോയി

ഞാന്‍ എഴുത്തുമുറിയില്‍

ജാഗ്രതയോടെ

ജീവിതത്തെ നിരീക്ഷിച്ചപ്പോള്‍

നീ നിസ്സാരതയോടെ

എല്ലാറ്റിനെയും കണ്ട്

എതിര്‍ചിഹ്നമായി

ഉമ്മറത്തിരുന്നു

ഇരുളുമ്പോള്‍

സ്‌നേഹത്തോടെ

മറവിപാനീയമൊഴിച്ച്

നമ്മുടെ ബോധം

ഇടിഞ്ഞുതുടങ്ങുമ്പോള്‍

കുഞ്ഞുമകളുടെ പടം

പുറത്തേക്കെടുത്ത്

തേങ്ങി

എനിക്ക് ദുഃഖങ്ങളില്ല

സുഖങ്ങളും...

ബസ്

കാത്തുനില്‍ക്കുമ്പോള്‍

ഇവിടെ നില്‍ക്കൂ

ഇപ്പോള്‍ വരാമെന്നു പറഞ്ഞ്

കാണാതായി

പിന്നെ ഫോണില്‍

കിട്ടാതായി

പ്രതിമകളുണ്ടാക്കുന്ന

ശില്പിയുടെ മെസ്സേജ് വന്നു

വണ്ടിയിടിച്ച്

അനാഥജഡമായ് ഒരാള്‍

മോര്‍ച്ചറിയിലുണ്ടെന്ന്

അയാള്‍ക്ക്

നിന്റെ മുഖഛായയാണെന്ന്.

പി.എ. നാസിമുദ്ദീന്‍
ചിത്രശലഭങ്ങളുടെ മനുഷ്യജീവിതം; ഡി യേശുദാസ് എഴുതിയ കവിത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com