പ്രസാദ് രഘുവരന്‍ എഴുതിയ കവിത 'കെണി'

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
പ്രസാദ് രഘുവരന്‍ എഴുതിയ കവിത 'കെണി'

കെണി

പ്രസാദ് രഘുവരന്‍

രക്കാലുകളാണ് ആദ്യം.

അദൃശ്യമായ ഉന്നതികളില്‍നിന്നും

ഊര്‍ന്നിറങ്ങി, നൊടിയിടയില്‍

ജ്യാമിതി അസ്തിവാരമൊരുക്കും.

പിന്നെ,

കേന്ദ്രബിന്ദുവില്‍തുടങ്ങി,

ആരക്കാലുകളിലൂടെ പലവുരു

പ്രദക്ഷിണം വച്ച്,

പതിയെപ്പതിയെ വിസ്തൃതമാകുന്ന,

വൃത്തസ്സദൃശമാര്‍ന്ന

അനേകം ബഹുഭുജങ്ങള്‍.

നിര്‍മ്മാണം ഒരു കലയാണ്;

കണ്ടുകൊണ്ടിരിക്കാന്‍

ബഹുവിശേഷമാണ്.

വാഴ്ത്തുപാട്ടുകളേറെയുണ്ട്.

പ്രകൃതിയിലെ നെയ്ത്തുകാരെന്ന്

ഒരു കൂട്ടര്‍

പരാജയങ്ങള്‍ മാത്രം

വിധിക്കപ്പെട്ട രാജാവിന്

വര്‍ദ്ധിത വീര്യത്തിന്റെ അമൃതേകിയ

പ്രചോദക ഗുരുവെന്ന്

ഇനിയൊരു കൂട്ടര്‍.

പ്രസാദ് രഘുവരന്‍ എഴുതിയ കവിത 'കെണി'
എം.പി. രമേഷ് എഴുതിയ കവിത 'മ'രണഘടന

ആരാധനയുടെയന്ധാക്ഷരങ്ങളില്‍

വാഴ്ത്തുകള്‍ പെറ്റു പെരുകും.

ചിലര്‍ ആകര്‍ഷിതരായി വരും

മറ്റു ചിലര്‍ നിസ്സാരമെന്ന് കരുതും

കരവിരുതിന്റെ കമനീയതകളില്‍

പതുക്കിവച്ചിരിക്കുന്ന പശയുടെ

ബലിഷ്ഠകരങ്ങളാരും കാണാറില്ല.

കാണാത്തവര്‍ കുടുങ്ങുന്നു.

വിഫലമാകുന്ന പരിശ്രമത്തിന്റെ

ആന്ദോളനങ്ങള്‍ക്കൊടുവില്‍

ആവതില്ലാതാകുമ്പോള്‍,

ഭൂപടങ്ങളില്‍ വരച്ചിട്ട

നാലു വീതം ദിശകള്‍ക്കും

ഉപദിശകള്‍ക്കും ജീവന്‍ വച്ച മാതിരി,

എട്ടുകാലുകള്‍ പാഞ്ഞടുക്കും.

കുടുങ്ങിയ ജീവനുമേല്‍

ആ എട്ടുകാലുകള്‍ ഞെരിഞ്ഞമരും

ക്രൂരമായ മുഖത്തോടെ,

ബീഭത്സമായ ദംഷ്ട്രകള്‍ ആഴ്ത്തും

രോദനംപോലും നിഷേധിക്കപ്പെട്ട

അവസ്ഥയില്‍, പ്രാണനെ

അല്പാല്പമായി പിച്ചിച്ചീന്തും.

വിശപ്പടങ്ങാത്ത വേട്ടക്കാരന്‍

ഇരകള്‍ക്കായി വീണ്ടും കാത്തിരിക്കും.

പഴമയുടെ ചൂരുള്ള,

ശ്രവ്യസുഖമില്ലാത്ത,

ഒരു മുന്നറിയിപ്പിന്റെ സ്വരം ചിലമ്പുന്നു:

ചൂലെടുക്കണം, മാറാല നീക്കണം

വലയൊരുക്കും വഴികളില്‍, തെന്നി-

വീണങ്ങൊടുങ്ങാതിരിക്കുവാന്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com