ഹരിശങ്കരനശോകന്‍ എഴുതിയ കവിത: മലര്‍ന്ന് കിടക്കുന്നു

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ഹരിശങ്കരനശോകന്‍
ഹരിശങ്കരനശോകന്‍

ഊതിക്കാച്ചിയ നീലിമയുടെ നെടുകെ

വിരിഞ്ഞുവമിക്കുന്ന പക്ഷികള്‍.

കുമിഞ്ഞുകൂടിയഴിഞ്ഞുനടക്കുന്ന

വെളുത്ത മേഘങ്ങള്‍. തനിയെ

മിനുക്കിയെടുത്ത ശിലകളുടെ വരിയെ

തെളിഞ്ഞിറങ്ങുന്ന കുളിര്‍ത്ത അരുവി.

മഞ്ഞൊഴിഞ്ഞെമ്പാടും

വളര്‍ന്നുപൊന്തിയ

പുല്‍ത്തിരകള്‍. പുല്‍

ത്തിരകളിലെമ്പാടും

പൂവുകള്‍. പൂ

വാടും വാടികളിലൂടെ

കഴിയുന്നിടംവരെപ്പോയ്

ക്കഴിഞ്ഞെന്നുറപ്പാക്കി

മലര്‍ന്നുകിടക്കുന്നു.

2

കൊഴിഞ്ഞുവീഴുന്ന ഉല്‍ക്കകളെ

നഗ്‌നനേത്രങ്ങളുടെ കാഴ്ചക്കയ്യിന്

പെറുക്കിക്കൂട്ടാമെന്ന

സമവാക്യാധിഷ്ഠിതമായ

ശാസ്ത്രീയപ്രവചനം കേട്ടപാടെ

കണ്ണ് കഴിയാത്തൊരാള്‍

കാത് കഴിയാത്തൊരാളോട്

എന്തായീയെന്തായീയെന്ന്

ചോദിച്ചുതുടങ്ങുന്നു. ഉല്‍ക്കകള്‍

അവരുടെയന്തരീക്ഷത്തിലെങ്ങുമേ

അക്ഷിഗോചരനിലയില്‍

സംഭവിക്കുന്നില്ല.

കാത് കഴിയാത്തയാള്‍

കണ്ണ് കഴിയാത്തയാളോ

ടയാള്‍ ചോദിപ്പതെന്താ

ചോദിപ്പതെന്തായെന്ന്

ചോദിച്ചുകൊണ്ടെയിരിക്കെ

അവരിരുവടെയും വര്‍ഷങ്ങള്‍

മണിക്കൂര്‍നിമിഷങ്ങള്‍ നിമിഷാന്തര്‍ഗതങ്ങളായ

ജീവിതവര്‍ഷങ്ങള്‍

വേറെയേതൊക്കെയൊ

അന്തരീക്ഷങ്ങളിലേക്ക്

കൊഴിഞ്ഞുവീഴുന്നു. കാത്

കഴിയാത്തയാള്‍. കണ്ണ്

കഴിയാത്തയാള്‍. അവര്‍

ക്കിടയിലവരുടെ രാത്രി മാത്രം.

അവര്‍ക്കിടയിലവരുടെ രാത്രി

മാത്രം

രാത്രിയുറക്കമെന്തെന്നറിയാതെ

മലര്‍ന്നുകിടക്കുന്നു.

3

തടാകം മലകളെ

പ്രതിഫലിപ്പിക്കുന്നു.

തടാകത്തിലെ മലകള്‍ ഇളകിയാടുന്നു.

അസത്തായൊരു തത്വം

തടാകോപരി

മലര്‍ന്നുകിടക്കുന്നു.

4

വെറുതെ ഇതുവഴി കടക്കരുത്.

ഇതൊരു പ്രാര്‍ത്ഥനമന്ദിരമാണ്.

പുരാതനസംസ്‌കൃതികളുടെ

പുതിയ കാവല്‍ക്കാര്‍

അവര്‍ക്കാവുമ്പോലെ

വിശദീകരിക്കുന്നു.

പേരുവിവരങ്ങളുടെ ശിലാഫലകം

അവരെ ആത്മീയമായ് വഞ്ചിക്കുന്നു.

പാതിയിലേറെയും തുറന്നുപിടിച്ച

വാതിലിലൂടെ അവര്‍ തന്നെയും

അവരെ ഒറ്റുകൊടുക്കുന്നു.

മന്ദിരത്തിന്റെയുള്‍ക്കാഴ്ചകള്‍

വിനോദപ്രധാനമായ്

ആസ്വദിക്കപ്പെടുന്നു.

ചിത്രീകരണം-
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

5

ഞാനൊരു പുരോഹിതനാണ്.

ഈ കുതിരലാടം ഭാഗ്യം കൊണ്ടുവരും.

കയ്യിലുള്ളത് വല്ലതും തരൂ.

അയാളുടെ ഏറ്റവും വലിയ

സൗഭാഗ്യം

കീറിത്തുടങ്ങിയൊരു നീണ്ട

കുപ്പായം

കാറ്റത്തനങ്ങിക്കൊണ്ടിരുന്നു.

മലമുകളിലൂടെ സൂര്യന്‍

പൊന്തിവരുന്നത്

അയാളെ സന്തോഷിപ്പിക്കുന്നു.

ചാണകം പുരണ്ടൊരു ലാടം

അയാളുടെ വരണ്ട കൈവെള്ളയില്‍

മലര്‍ന്നുകിടക്കുന്നു.

6

ശീതകാലമായിരുന്നെങ്കില്‍

നിങ്ങളിതൊന്നുമേ

കാണുമായിരുന്നില്ല.

പക്ഷികള്‍. വെളുത്ത മേഘങ്ങള്‍.

കുളിര്‍ത്ത അരുവി.

പുല്‍ത്തിരകള്‍.

പൂക്കള്‍. ഭാഗ്യമെന്നല്ലേ പറയേണ്ടൂ.

ഇതൊരു ഗ്രീഷ്മകാലം.

പകല്‍വെളിച്ചത്തിന്റെ ചൂട്

രാവുറങ്ങാതെവിടെയും

മലര്‍ന്നുകിടക്കുന്നു.

7

കവചിതമായ അധികാരം

കൊടിപിടിച്ചു കവാത്തുനടത്തുന്ന

ഒഴിഞ്ഞ തെരുവുകള്‍.

ആക്രോശവിലാപങ്ങളിടകലര്‍ന്ന

പാതിരാപ്രാര്‍ത്ഥനകളുടെയലകള്‍.

കണ്ണിലെണ്ണയൊഴിച്ച്

തിരി നീട്ടിയ നിത്യവ്യാകുലത.

ശ്രേണീനിബദ്ധമായ

സായുധസന്നാഹങ്ങളുടെ

നിരന്തരസാന്നിദ്ധ്യങ്ങള്‍.

മടങ്ങാനൊരിടമില്ലാത്തവരെ

മരണസാധ്യതയുടെയും

വിഭവദാരിദ്ര്യങ്ങളുടെയും

ഉയര്‍ന്ന തോതുകളില്‍

ജീവിക്കാനനുവദിച്ചുകൊണ്ട്

ഛായാപടങ്ങളും കുങ്കുമപ്പൂക്കളും

സമാഹരിച്ച കൗതുകശാലികള്‍

മടങ്ങിപ്പോവുന്നു.

പുകവലിയുടെയിടവേളകളില്‍

തോല്‍സഞ്ചികള്‍ വില്‍ക്കുന്നൊരാള്‍

അയാളുടെ നേര്‍ത്ത വഞ്ചിയില്‍

ശുഭരാത്രി നേര്‍ന്നശേഷം തിരിച്ചുപോവുന്നു.

അയാളുടെ ഗ്രാമം

വിദൂരമായൊരു പ്രേമം

തടാകത്തിനപ്പുറം

ഇരുളിലെവിടെയൊ

മലര്‍ന്നുകിടക്കുന്നു.

ഹരിശങ്കരനശോകന്‍
ഭാവസഞ്ചാരി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com