എ.ആര്‍. സുരേഷ് എഴുതിയ കവിത: ഏകാന്തത്തില്‍ എന്നോട്

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

കാന്തത്തില്‍ എന്നോട്

ഇലകള്‍ നാടുകാണാന്‍പോയി കാണാതായ കാറ്റില്‍

സുഗന്ധത്തിരിയായ് നീ ഉടല്‍ കത്തിനിന്നും

'അലൈ പായുതേ' രാത്രിയില്‍

എല്ലാം സേര്‍ന്തു മിന്നും1 നിന്‍ കണ്‍നക്ഷത്രം കണ്ടും

വീണ്ടും കാണുംവരെ മനസ്സില്‍ കണ്ടിരുന്നും

കൂന്തല്‍ നെളിവില്‍ ഗര്‍വമഴിഞ്ഞും2

ശ്വാസം മുതല്‍ ശ്വാസം വരെ നിന്നെ ശ്വസിച്ചും

വിരല്‍ കയ്യേറി വരഞ്ഞും

പരസ്പരം കലങ്ങിക്കിടന്ന് സ്വാസ്ഥ്യം മുടിച്ച നഗരത്തില്‍,

ഓര്‍മ്മകള്‍കൊണ്ട് എണ്ണിത്തെറ്റിയ

വര്‍ഷങ്ങള്‍ കഴിഞ്ഞെത്തി

നീ വന്നു നില്‍ക്കുമെന്നോര്‍ത്തു മുന്നില്‍.

ഇത് ഞാനാണെന്നു മാത്രം പറഞ്ഞ്,

എന്റെ മറുപടിവരെ വിരിച്ചിട്ട മൗനത്തില്‍

രാത്രി മന്ദാരത്തില്‍ മഞ്ഞുപൊട്ടുംപോലെ

നിന്റെ രക്തനഖങ്ങള്‍ ഫോണില്‍ വീഴുന്നത്

വീണ്ടും കേള്‍ക്കുമെന്നോര്‍ത്തു.

കാപ്പിയേക്കാള്‍ സമയം കുടിച്ചിരുന്ന

കോഫി ഹൗസിന്റെ കോര്‍ണര്‍ മേശയില്‍

കണ്ണടച്ചു നോക്കിയാല്‍ കാണാം

നിന്റെ മൗനമാന നേരം.3

നടന്നും

തിരിച്ചു നിന്നോടൊപ്പം നടന്നും

നമുക്കിടയിലെ ദൂരം

കൈകോര്‍ത്ത വിയര്‍പ്പിന്‍ കനം മാത്രമായ അതേ വഴി.

ഒരേ ഇയര്‍ഫോണില്‍

ഇടംവലം നാം പകുത്തൊ'രുള്‍ക്കടല്‍...

ഇനിയും ത്രിസന്ധ്യ പൂ ചൂടിനില്‍ക്കും

ഇനിയും ഈ നമ്മള്‍ നടന്നുപോകും.4

അന്യകാമുകരെയൊക്കെ മടക്കിയെങ്കിലും5

പാതിയില്‍ മഞ്ഞ നിലച്ചുപോയൊരു ചെമ്പകം.

അതു വീണതിന്‍ ഭംഗി നാം കണ്ടിരുന്ന

നിഴല്‍രേഖയില്‍ നീണ്ട ബെഞ്ച്.

ഖനനദൂരത്തിനുമടിയില്‍ പോയൊടുങ്ങി

അതേ ബെഞ്ചില്‍

നമുക്കിടയിലകപ്പെട്ടു മുറിവേറ്റ സന്ധ്യകളേഴും.

അടിയാഴങ്ങളില്‍ ഒരു ആനന്ദ ഞായറെങ്കിലും തിരയുമ്പോള്‍

മരവിച്ചു നിലയ്ക്കുന്നു,

നിന്നെ തൊട്ടതിനാല്‍

എന്നിലേക്കിനിയും തിരിച്ചെത്താതെ വിറച്ച വിരലുകള്‍.

അകന്നുപോകുന്നു

മെയ്‌മെഴുകുരുകിപ്പടര്‍ന്ന കണ്‍മഷിനോട്ടം.

അതിനു സാക്ഷിയായ് നിന്ന

വാനം, കാട്ര്, ബൂമി.6

മഴ നനഞ്ഞ കുട മടക്കിയ കൈയുള്‍ത്തണുപ്പിന്‍ തണുപ്പ്.

ഉടല്‍മുക്തി നേടിയ നിന്റെ ജീന്‍സിന്റെ മഴമേഘനീലം.

അതില്‍ ഒറ്റ നക്ഷത്രമായ് മറന്നൊട്ടിയ പൊട്ട്.

ഒലീവില്‍,

യീസ്റ്റില്‍,

ഉപ്പില്‍ പെരുകിയ മാവിന്‍ മണമായ് നിന്റെ നനവ്.

മറന്നുപോയ് ഞാന്‍, പക്ഷേ, നമ്മള്‍ പരസ്പരം മറന്നത്.

ആദ്യമായ് കാണും മുന്‍പെന്നപോലെ

എവിടെയെന്നറിയാത്തവരായ് നമ്മളെന്ന്.

ആരു ഞാന്‍ നിനക്കെന്നൊരേ ചോദ്യത്താല്‍

നാം നമ്മെ അന്യരാക്കിയ

അശാന്തമൊരു സ്‌നേഹം.

അത് വഴിയായും യാത്ര തടഞ്ഞും,

മരമായും തണലെരിച്ചും നിലച്ചു.

നിന്നെ കാണാന്‍

കൂടെ വന്ന എന്നെവിട്ട്,

ഇത്രനാള്‍ വന്നുകാണാത്തൊരീ നഗരം വിട്ട്,

തിരിച്ചുപോകുന്നു ഞാന്‍.

1, 2, 3, 4, 6 തമിഴ്, മലയാള സിനിമാഗാനങ്ങളുടെ റഫറന്‍സ്.
5 വീണപൂവില്‍നിന്നും
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ബുദ്ധപഥം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com