ഡോ.ശിവപ്രസാദ് പി. എഴുതിയ കവിത: സമാശ്വാസം

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ഡോ.ശിവപ്രസാദ് പി. എഴുതിയ കവിത: സമാശ്വാസം

മാശ്വാസം

അമ്മ മിഴിപൂട്ടിയതിൻ

ചാവി,ചാരമായ് ചാരെ

(ആശ്വാസ*ത്തിൻ ചാവിപോയ്

കിണറ്റിൻവിളുമ്പിലായി നില,

വിളിയൊന്നുമേൽക്കാതെയായ്

തല തുവർത്തിയില്ലിതേവരെ

എത്തുന്നിടത്തൊന്നുമുറ(യ്)ക്കുന്നില്ല-

തിവിഷം തീണ്ടിയോ)

വാർഷികമായ്,

വേണം

മുഖത്തിനിയിറ്റു

സ്വാസ്ഥ്യമൂറും പടം,

കനച്ച തലയുമായ്

കുത്തിത്തറച്ചൊരാണി

നില്‍പ്പുണ്ടിപ്പഴും

നീലമങ്ങിങ്ങടരും പഴഞ്ചുമരിൻ നെഞ്ചിൽ!

പടങ്ങളുണ്ടനേകം ഫോണിൽ

അടരുംമുമ്പെടുത്തത്

ലാപ്പിലതിൻ പകർച്ചകൾ

പകർപ്പുകൾ പതിയിരുപ്പുകൾ!

ചിരിയുണ്ടു ചിലതിൽ,

ചിന്തയുണ്ടടിപ്പടവിലതിഗൂഢമായ്,

ചിരകാലവാസത്തിൻ

ചിതലുണ്ട്,

വിഷാദത്തിൽ

വരിതെറ്റിയ വിടവുണ്ട്

പല്ലിടയിലിനി നിറയാതെ.

(പണ്ട് ഞാൻ തോട്ടിയാൽ മാങ്ങയറുത്തതിൻ സാക്ഷ്യം!)

മീശനാരുകളുണ്ടാശാ-

പാശങ്ങളിൽ, മൂളാനൊരുങ്ങി നില്‍പ്പുണ്ടിശലിഴകളായ്

കൺതടങ്ങളിൽക്കറുപ്പും

കാണാതൊളിച്ച ചിലതണകെട്ടിയും

വീണലയ്ക്കും വെളിച്ചങ്ങളിലിണ-

ചേർന്നിരിപ്പുണ്ടിരുട്ടുകൾ!

നന്നേ നരച്ചു മുടി

ഇല്ലൊന്നിലുമൊട്ടുമേ സ്വാസ്ഥ്യമിപ്പഴുമാരെയോ കാത്തുനില്‍ക്കയാൽ.

സ്ഥിരവിഷാദത്തവിട്ടെന്നെ

പകച്ചുനോക്കയാൽ പുകഞ്ഞു ഞാൻ !

ഒറ്റ നില്‍പ്പാണാണി

നീലച്ചുമരിലിപ്പഴും

കനപ്പാൽപരന്ന മുഖമൊടെയേതു

പടം വേണം;

പങ്കാളിതൻ മുഖംതൂക്കാം,

എന്നെ വീണ്ടും പെറ്റവൾ!

സ്വാസ്ഥ്യമുണ്ടോ

അസ്വാസ്ഥ്യങ്ങളപ്പപ്പോൾ

കഴുകയാൽ,

കണ്ണിൽ കറുപ്പില്ല,

വെളിയ്ക്കായതൊക്കെയും ഫോണിലടക്കയാൽ

മീശരോമങ്ങളില്ല മിനുക്കയാൽ

കുഞ്ഞുജേസിബി നിരത്തിയിരിക്കയാൽ

മാങ്ങ മാളിൽനിന്നാകയാലില്ല

ദന്തമാളങ്ങളൊട്ടുമേ,

ചർമ്മം തെളിഞ്ഞിട്ടുണ്ടാരോ

ദയാൽത്തഴുകയാൽ,

ക്രീമോ കാമമോ!

മതി

ഇപ്പടം തൂങ്ങട്ടെ,

ആണി മറയട്ടെ,

എന്നെ വീണ്ടും പെറ്റവളെന്ന്

സമാശ്വസിക്കട്ടെ,

അവളത്

തിരുത്തുംമുന്‍പതിവേഗം

പടമാക്കട്ടെയത്തല!

* കല്പറ്റ നാരായണന്റെ ആശ്വാസം എന്ന കവിത

ഡോ.ശിവപ്രസാദ് പി. എഴുതിയ കവിത: സമാശ്വാസം
'മരണം'- എസ്. ജോസഫ് എഴുതിയ കവിത

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com