മോൻസി ജോസഫ് എഴുതിയ കവിത: എല്ലാത്തിനുമിടയിൽ

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
മോൻസി ജോസഫ്  എഴുതിയ കവിത: എല്ലാത്തിനുമിടയിൽ

എല്ലാത്തിനുമിടയിൽ അയാൾക്ക് അല്പം സമയം വേണമായിരുന്നു.

വേണമായിരുന്നു.

അത് അയാൾ എപ്പോഴും ആഗ്രഹിച്ചു.

തെറ്റു പറയാൻ പറ്റുമോ?

കുഞ്ഞായിരിക്കെ അമ്മ അവനെ കുളിപ്പിച്ചു. കുളിയൊക്കെ കൊള്ളാം

അതിനിടയിലും ഭൂലോകം സ്വർലോകം അമ്മേ

എന്നു പാടി അവൻ കളിച്ചു നടന്നു.

മനോഹരമായി വിശ്രമിച്ചു.

ഒരിടത്ത് വെറുതെ ഇരിക്കുമ്പോൾ പോലും ദൈവം സൃഷ്ടിച്ച കടൽതീരം

ആദ്യം കാണുന്നതുപോലെ വിശ്രമിച്ചുകൊണ്ടിരുന്നു.

വിശ്രമം തീരാതിരിക്കാൻ അയാൾ ആഗ്രഹിച്ചുകൊണ്ടിരുന്നു.

ദൈവത്തിന്റെ കയ്യിൽ കിടന്ന് ആടുന്നതുപോലെ...

ആടുന്നോ, സാധ്യത തീരെയില്ല.

ചെകുത്താൻ നല്ലതുപോലെ ചിരിച്ചു

ചെകുത്താൻ വല്ല പന്നിയിലും കേറി ഒളിക്കട്ടെ

പക്ഷേ, ഇയാൾ ചിലപ്പോൾ നിർത്താതെ ചിരിച്ചു നടന്നു.

തെറ്റു പറയാൻ പറ്റുമോ?

ഇല്ല

മനുഷ്യനായാൽ പിന്നെ...

അല്ല പിന്നെ.

ഇവനിപ്പോ എന്താ വേണ്ടത്

അമ്മ അവനോടു ചോദിച്ചു

അതറിയാമായിരുന്നേൽ ഞാനാരായേനെ.

എല്ലാത്തിനുമിടയിൽ

അയാൾക്ക് അല്പം സമയം വേണമായിരുന്നു.

അന്ത്യയാത്രാ ചുംബനം നൽകുമ്പോൾ

അമ്മ ചോദിച്ചു:

കിട്ടിയോ മോനെ നിനക്ക് അത്.

ഇനി കിട്ടിയേക്കും.

ദൈവദൂതനെപ്പോലെ അവൻ പ്രതിവചിച്ചു.

അവസാനമില്ലാതെ ഒരു കടൽത്തീരം അയാൾ ആഗ്രഹിച്ചു.

ഈ ഭൂമിയിൽ അതു വല്ലതും നടപ്പുള്ള കാര്യമാണോ?

...ഓർത്തുപോയി

ഭൂമിയിലാണ് എല്ലാം നടപ്പുള്ളത്

എന്നു പാടിക്കൊണ്ട് കളിക്കൂട്ടുകാരി മായാവിരലുകൾ ചലിപ്പിച്ചു.

അങ്ങനെയാണ് ആ വെറും മനുഷ്യൻ മരണത്തിൽനിന്നു രക്ഷപ്പെട്ടത്.

മോൻസി ജോസഫ്  എഴുതിയ കവിത: എല്ലാത്തിനുമിടയിൽ
അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍ എഴുതിയ കവിത: പീലാത്തോസിന്റെ പടയാളികള്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com