തിരുത്തപ്പെടേണ്ട അപരാധങ്ങള്‍: ലൈംഗിക അവകാശങ്ങള്‍ക്ക് വേണ്ടി, സ്ത്രീപീഡനത്തിനെതിരേ

ലൈംഗിക അവകാശങ്ങള്‍ക്ക് വേണ്ടി, സ്ത്രീപീഡനത്തിനെതിരേ സ്‌കൂളും വീടും സമൂഹവും ഇനിയും ഒരുപാട് തിരുത്തപ്പെടേണ്ടിയിരിക്കുന്നു
തിരുത്തപ്പെടേണ്ട അപരാധങ്ങള്‍: ലൈംഗിക അവകാശങ്ങള്‍ക്ക് വേണ്ടി, സ്ത്രീപീഡനത്തിനെതിരേ

രുപത്തിരണ്ട്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൂര്യനെല്ലിയില്‍ ഒരു പെണ്‍കുട്ടി ക്രൂരമായ ലൈംഗിക അതിക്രമം നേരിട്ടത്. ഇന്നും ഞെട്ടലോടെ മാത്രം കേരളം ഓര്‍ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന കേസ്. കേരളത്തിന്റെ ഏറ്റവും പുതിയ തലമുറപോലും ആ അനുഭവങ്ങളും കേസും വായിച്ചും അറിഞ്ഞും വന്നവരാണെന്നത് തീര്‍ച്ച. മാപ്പര്‍ഹിക്കാത്ത ആ തെറ്റിനെക്കുറിച്ച് വേവലാതിപ്പെട്ടവരാണ് നമ്മള്‍. എങ്ങനെയാണ് അതേ സമൂഹത്തില്‍ വീണ്ടും അത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ കഴിയുന്നത്. കണ്ണൂരില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ അറസ്റ്റിലായിരിക്കുന്നത് 20 പേരാണ്. 16 കേസുകള്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കേസുകളും പ്രതികളും ഉണ്ടായേക്കാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. വര്‍ഷങ്ങള്‍ക്കിപ്പുറം വിദ്യാഭ്യാസപരമായും സാങ്കേതികപരമായും നിയമപരമായും സഹജീവി ബോധത്തിലും കൂടുതല്‍ കൂടുതല്‍ വിശാലതയിലേക്ക് നീങ്ങിയെന്നു തോന്നിപ്പിക്കുന്ന ഇക്കാലത്തും സാമൂഹ്യസ്ഥിതി വ്യത്യസ്തമാകുന്നില്ല. കേരളസമൂഹം മാറിയിട്ടേയില്ല എന്നു പറയേണ്ടിവരും. നമ്മുടെ ചര്‍ച്ചകളും ബോധവല്‍ക്കരണവും എല്ലാം അടിത്തട്ടിലേയ്ക്ക് എത്തുന്നില്ല എന്നുറപ്പിക്കാം. സ്‌കൂളും വീടും സമൂഹവും ഇനിയും ഒരുപാട് തിരുത്തപ്പെടേണ്ടിയിരിക്കുന്നു. ലൈംഗിക അവകാശങ്ങള്‍ക്ക് വേണ്ടിയും സ്ത്രീപീഡനത്തിനെതിരേയും പോരാട്ടങ്ങള്‍ നടത്തുന്ന യുവജനരാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകര്‍ തന്നെ ഇത്തരം കേസുകളില്‍ പ്രതികളാവുന്നു എന്ന വൈരുദ്ധ്യവും കാണാതിരുന്നു കൂടാ.

പ്രതികളില്‍ അച്ഛനും
ലൈംഗീകമായി പീഡിപ്പിച്ചതിന്റെ പേരില്‍ 16 കേസുകള്‍. 20 പ്രതികള്‍. അതിലൊന്ന് അച്ഛനും. ഒരു പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനി അനുഭവിച്ച മാനസിക സംഘര്‍ഷം ചിന്തകള്‍ക്കപ്പുറത്താണ്. ചെറുപ്പം തൊട്ടേ വീട്ടില്‍ അച്ഛന്റെ ലൈംഗിക പീഡനം നിരന്തരം ഏറ്റുവാങ്ങിയ പെണ്‍കുട്ടി. പിന്നീട് ഫേസ്ബുക്ക് വഴിയുള്ള സൗഹൃദങ്ങള്‍ കുട്ടിയെ ചൂഷണം ചെയ്തു. അവരുടെ നിര്‍ദ്ദേശമനുസരിച്ച് പലയിടങ്ങളിലും അവര്‍ക്കൊപ്പം പോയി. അതെല്ലാം ഒറ്റപ്പെട്ട വ്യക്തികളായിരുന്നെങ്കില്‍ ധര്‍മ്മശാലയില്‍ ഹോട്ടല്‍ നടത്തിപ്പുകാരനായ സന്ദീപിനെ പരിചയപ്പെട്ടതോടെ പെണ്‍കുട്ടി വലിയൊരു റാക്കറ്റിലേക്ക് എത്തിപ്പെടുകയായിരുന്നു. നവംബറിലാണ് സന്ദീപിനെ പരിചയപ്പെട്ടത്. അതിനുശേഷം ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഇയാളാണെന്നാണ് പൊലീസിന്റെ ഭാഷ്യം. പറശ്ശിനിക്കടവില്‍ തന്നെയുള്ള ഹോട്ടലുകളിലും ജില്ലയിലെ വിവിധ ഇടങ്ങളിലെ വീടുകളിലും പെണ്‍കുട്ടിയുമായി സന്ദീപ് പോയതായി പൊലീസ് കണ്ടെത്തി. പണം കൈകാര്യം ചെയ്തതും ഇദ്ദേഹമായിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍പോലും ഹോട്ടലില്‍ എത്തിയതായും മൊഴിയുണ്ട്. സന്ദീപിന്റേയും കൂട്ടാളികളുടേയും പണത്തോടുള്ള ആര്‍ത്തിയാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ ക്രൂരത പുറത്തറിഞ്ഞത്. സഹോദരിയുടെ നഗ്‌നചിത്രം കയ്യിലുണ്ടെന്നും പണം തന്നില്ലെങ്കില്‍ പ്രചരിപ്പിക്കുമെന്നും പെണ്‍കുട്ടിയുടെ സഹോദരനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. ചെന്നൈയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ നാട്ടിലെത്തുകയും തുടര്‍ന്ന് ഇവരുമായി തര്‍ക്കമുണ്ടാകുകയും ചെയ്തു. വീട്ടിലെത്തിയശേഷം സഹോദരിയോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. അമ്മയും സഹോദരനും ചേര്‍ന്ന് കണ്ണൂര്‍ വനിതാസെല്ലില്‍ പരാതി നല്‍കി. തുടര്‍ന്നു കേസ് തളിപ്പറമ്പ് സ്റ്റേഷനിലേയ്ക്ക് മാറ്റി. ആ അന്വേഷണത്തിലാണ് പുതിയ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കൂടുതല്‍ ആളുകള്‍ പിടിയിലാകുകയും ചെയ്തത്. തളിപ്പറമ്പ്, എടക്കാട്, കുടിയാന്മല, പഴയങ്ങാടി, വളപട്ടണം എന്നീ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

വ്യാജ പ്രൊഫൈല്‍ വഴി സൗഹൃദം
അമ്മയും സഹോദരനും ഉണ്ടെങ്കിലും അച്ഛന്റെ പീഡനങ്ങളെക്കുറിച്ചൊന്നും അവരോട് പറയാനുള്ള സാഹചര്യമോ അടുപ്പമോ കുട്ടിക്ക് ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് നല്‍കുന്ന വിവരം. 
വീടോ സ്‌കൂളോ സുഹൃത്തുക്കളോ ഇവളുടെ സംരക്ഷകരായില്ല. ജീവിക്കാന്‍ മാത്രമുള്ള സ്ഥലമായി വീടും പാഠപുസ്തകങ്ങള്‍ പഠിക്കാനുള്ള ഇടമായി സ്‌കൂളുകളും ചുരുങ്ങിപ്പോയതിന്റെ ദുരവസ്ഥ. രാവിലെ സ്‌കൂളിലേക്ക് പോകുന്ന കുട്ടി യൂണിഫോമില്‍ തന്നെയാണ് പലപ്പോഴും ഹോട്ടലുകളിലടക്കം പോയത്. ആ യാത്രകളിലൊന്നും ഒരാളുപോലും അപകടകരമായ അവസ്ഥയിലൂടെ പൊയ്ക്കൊണ്ടിരുന്ന കുട്ടിയെ ശ്രദ്ധിച്ചില്ല. വൈകിട്ട് വീട്ടിലെത്തുന്ന അവളെ വീട്ടുകാരും ശ്രദ്ധിച്ചില്ല. മൊബൈല്‍ ഫോണ്‍ വഴി കൂടുതല്‍ കൂടുതല്‍ സൗഹൃദങ്ങളുണ്ടായിക്കൊണ്ടിരുന്നു. അഞ്ജന എന്ന ഫേസ്ബുക്ക് ഐഡി വഴിയാണ് സന്ദീപിലേക്കെത്തുന്നത്. അഞ്ജനയുടെ സുഹൃത്ത് എന്ന നിലയിലാണ് സന്ദീപിന്റെ സുഹൃത്ത് മൃദുല്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ചാറ്റിങ്ങിലൂടെ അടുപ്പക്കാരിയായ അഞ്ജന പറഞ്ഞതനുസരിച്ചാണ് പലയിടങ്ങളിലും പോയത് എന്നാണ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍, സൈബര്‍ വിങ്ങിന്റെ അന്വേഷണത്തില്‍ അത് വ്യാജ പ്രൈാഫൈല്‍ ആണെന്നും മൃദുല്‍ തന്നെയാണ് അത് കൈകാര്യം ചെയ്തിരുന്നത് എന്നും മനസ്സിലായി. ഒട്ടും സുരക്ഷിതമല്ലാത്ത വീട്ടില്‍നിന്നും പുറത്തിറങ്ങിയ അവള്‍ എത്തിപ്പെട്ടത് അതിനെക്കാള്‍ ക്രൂരമായ ഒരു സമൂഹത്തിലേക്കായിരുന്നു. വനിതാസെല്ലില്‍ പരാതി കൊടുക്കുന്നതു വരെ പറശ്ശിനിക്കടവിലെ ഹോട്ടലില്‍ വെച്ച് നടന്ന ഒരു പീഡനം മാത്രമാണ് അമ്മയും സഹോദരനും അറിഞ്ഞത്. പിന്നീട് രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് മകള്‍ അനുഭവിച്ച പീഡനത്തിന്റെ കാഠിന്യം ഇവരറിയുന്നത്. അതേ സ്‌കൂളിലെ മറ്റൊരു പെണ്‍കൂട്ടി കൂടി പീഡിപ്പിക്കപ്പെട്ടതായി മൊഴിയില്‍ പറഞ്ഞിരുന്നു. പ്രത്യേകം രജിസ്റ്റര്‍ ചെയ്ത ഈ കേസിലും രണ്ട് പേര്‍ അറസ്റ്റിലാണ്. രണ്ട് കേസിലും ഒരേ പ്രതി ഉള്‍പ്പെട്ടതിനാല്‍ രണ്ടും തമ്മില്‍ ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

അതിവേഗം പ്രതികള്‍ പിടിയില്‍
വിദഗ്ദ്ധമായ രീതിയിലുള്ള ഒരു അന്വേഷണമാണ് ഈ കേസില്‍ നടന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത്രയും പേരെ പിടികൂടാന്‍ കഴിഞ്ഞതും അതുകൊണ്ടുതന്നെ. ഡിസംബര്‍ മൂന്നിനാണ് കണ്ണൂര്‍ വനിതാസെല്ലില്‍ പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം എത്തിയത്. സംഭവം നടന്നത് തളിപ്പറമ്പ് സ്റ്റേഷന്‍ പരിധിയിലായതിനാലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്തും പരാതി അവര്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പിക്ക് കൈമാറുകയായിരുന്നു. ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പിന്നീട് അന്വേഷണം നടന്നത്. ഒരു പീഡനക്കേസ് മാത്രമായി ഒതുങ്ങിപ്പോകാവുന്ന കേസായിരുന്നു ഇതെന്നും കൃത്യസമയത്തുണ്ടായ ഇടപെടലാണ് കേസിന്റെ ഗതിമാറ്റിയതെന്നും ഡി.വൈ.എസ്.പി പറയുന്നു. 
''വീട്ടുകാര്‍ അറിയും എന്നതിനാല്‍ പെണ്‍കുട്ടി തുടക്കത്തില്‍ ഒന്നും തുറന്നുപറയാന്‍ തയ്യാറായിരുന്നില്ല. പറയുന്നതില്‍ പൊരുത്തക്കേടുകളുണ്ടായതിനാല്‍ പൊലീസിന്റെ സംശയം കൂടി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ചിത്രം കൂടുതല്‍ വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ച് കാലങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടി പോയ ടവര്‍ ലൊക്കേഷനുകളും അതിന് തൊട്ടുമുന്‍പ് വിളിച്ച കോള്‍ വിവരങ്ങളും അടക്കം പരിശോധിച്ചു. തുടക്കം മുതല്‍ സൈബര്‍ വിങ്ങിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. ജില്ലയില്‍ പലയിടങ്ങളിലും പല സമയങ്ങളിലായി പോയതായി കണ്ടെത്തി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയോട് ചോദ്യങ്ങള്‍ ചോദിച്ചപ്പോഴാണ് പല കാര്യങ്ങളും സമ്മതിച്ചത്. കുട്ടിയുടെ മൊഴി വരുന്ന അതേസമയം തന്നെ അതാതിടങ്ങളിലെ പൊലീസ് ടീമിനെ വിട്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു. വിവരം പുറത്തറിയുകയും വൈകുകയും ചെയ്താല്‍ പലരും രക്ഷപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ രണ്ടുപേര്‍ മാത്രമാണ് വിദേശത്തേക്ക് കടന്നത്. ചോദ്യം ചെയ്യാന്‍ പരിമിതികളുള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടിട്ടില്ല. ഒരു കൗണ്‍സിലറുടേയോ മനഃശാസ്ത്രജ്ഞന്റേയോ സഹായത്തോടെ കുട്ടിയോട് കൂടുതല്‍ സംസാരിക്കേണ്ടതാണെന്നാണ് അന്വേഷണത്തില്‍നിന്ന് എനിക്ക് വ്യക്തമാകുന്നത്. മജിസ്ട്രേറ്റിന് മുന്‍പില്‍ പെണ്‍കുട്ടി കൊടുക്കുന്ന മൊഴി മാത്രമാണ് ഇപ്പോള്‍ കേസിനാധാരം. തുടക്കത്തില്‍ പീഡനം നടത്തിയത് ഒറ്റപ്പെട്ട സംഘങ്ങളായിരുന്നു. അവസാനഘട്ടത്തില്‍ വലിയൊരു റാക്കറ്റിലേക്ക് പെണ്‍കുട്ടി എത്തപ്പെട്ടിരുന്നു. ഈ സമയത്തെങ്കിലും കാര്യങ്ങള്‍ പുറത്തുവന്നത് ഭാഗ്യമായി. ഒന്നോ രണ്ടോ മാസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന് ഊഹിക്കാന്‍പോലും പറ്റാത്തതാണ്. സ്‌കൂള്‍ യൂണിഫോമില്‍പോലും എത്തിയിട്ടും ഹോട്ടലില്‍ അതിനുള്ള സൗകര്യങ്ങള്‍ ചെയ്തുകിട്ടുന്നു എന്നുകൂടി ഓര്‍ക്കണം. ഹോട്ടലുകാരനേയും അറസ്റ്റു ചെയ്തിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ ഈ കേസില്‍ ഉണ്ടായേക്കാം'' ഡി.വൈ.എസ്.പി പറഞ്ഞു.

പ്രതിഷേധ പ്രകടനത്തിലും പ്രതികള്‍
കൂടുതലും ഫേസ്ബുക്ക് വഴിയുള്ള ഇടപാടുകളായതിനാല്‍ പ്രതികളെല്ലാം ചെറുപ്പക്കാരാണ്. 20-നും 35-നും ഇടയില്‍ പ്രായമുള്ളവരാണ് ഭൂരിഭാഗവും. പിടിയിലായവരില്‍ രണ്ടുപേര്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ്. പീഡനവിവരം പുറത്ത് വന്നയുടന്‍ പറശ്ശിനിക്കടവിലെ ഹോട്ടലിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പ്രതികളും പങ്കെടുത്തു എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആന്തൂരിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേരള രാഷ്ട്രീയത്തിലെ ഭാവി തലമുറയാണ് ലൈംഗിക അതിക്രമക്കേസില്‍ പിടിയിലാകുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പലരീതിയില്‍ കെണിയില്‍പ്പെടുത്തി ലൈംഗികമായി ഉപയോഗിക്കുന്നതില്‍ പങ്കാളിയാകുന്ന ഈ ചെറുപ്പക്കാരുടെ സാമൂഹ്യബോധത്തെ ഞെട്ടലോടെയെ കാണാന്‍ കഴിയൂ. സഹജീവികളോടും സ്ത്രീകളോടുമുള്ള അതിനീചമായ മനോഭാവം പുലര്‍ത്തുന്ന ഇത്തരം കുട്ടിരാഷ്ട്രീയക്കാരില്‍നിന്ന് കേരളം എന്താണ് പ്രതീക്ഷിക്കേണ്ടത്. നവോത്ഥാനത്തിനുവേണ്ടിയും ലൈംഗിക അവകാശങ്ങള്‍ക്കുവേണ്ടിയും സ്ത്രീസുരക്ഷയ്ക്കായും അവകാശപോരാട്ടങ്ങളും സംഗമങ്ങളും നടത്തുന്ന സംഘടനകള്‍ അതില്‍പ്പെട്ടവര്‍ക്കെങ്കിലും സാമൂഹ്യബോധത്തേയും ലിംഗനീതിയേയുംക്കുറിച്ച് ഒരിത്തിരിയെങ്കിലും ബോധവല്‍ക്കരണം നടത്തേണ്ടതാണ്. തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, ലൈംഗികപീഡനം, പോക്സോ വകുപ്പുകളാണ് പ്രതികളുടെ പേരിലുള്ളത്. കേസില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതിനാല്‍ ബി.ജെ.പി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കണ്ണൂര്‍ കാല്‍ടെക്‌സ് ഗാന്ധി സര്‍ക്കിളില്‍ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. രാഷ്ട്രീയമായ പോരും മുറുകുകയാണ്. പ്രതികള്‍ക്കൊപ്പം സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇതിനെതിരെ നല്‍കിയ പരാതിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച നാലുപേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ്‌ചെയ്തു കഴിഞ്ഞു.

എത്രകാലം സഹിക്കണം
സ്‌കൂളുകളിലും കൗമാരക്കാര്‍ക്കിടയിലും ലക്ഷങ്ങള്‍ ചെലവഴിച്ചു നടത്തുന്ന ബോധവല്‍ക്കരണങ്ങളുടെ ഫലം എവിടെയാണ്. കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന സര്‍ക്കാര്‍ സംവിധാനമടക്കമുള്ള സംഘടനകള്‍ക്ക് എന്തുകൊണ്ട് നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ കഴിയുന്നില്ല. സോഷ്യല്‍ മീഡിയകളും ഇന്റര്‍നെറ്റും ലോകത്ത് നടക്കുന്ന എല്ലാ ചതിക്കുഴികളേയും കാട്ടിത്തരുന്നതുകൂടിയാണ്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്ക് അതു മനസ്സിലാവാതെ പോകുന്നത്. പ്രണയത്തിന്റെ പേരില്‍പോലും കലഹങ്ങള്‍ ഉണ്ടാക്കുന്ന കുടുംബങ്ങള്‍ കുട്ടികള്‍ അകപ്പെടുന്ന അതിഭീകര റാക്കറ്റുകളെക്കുറിച്ച് അറിയാതെ പോകുന്നതെന്തുകൊണ്ടാണ്. കുടുംബത്തില്‍ ഒരു പെണ്‍കുട്ടി സുരക്ഷിതയല്ല എങ്കില്‍ എന്താണ് അതിന്റെ മറ്റു മാര്‍ഗ്ഗങ്ങള്‍. എത്രകാലം കുടുംബത്തിന്റെ മഹിമ ഉയര്‍ത്തിക്കാട്ടാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ പീഡനങ്ങള്‍ സഹിക്കേണ്ടിവരും. ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാണ്. ചര്‍ച്ചകളിലൂടെ ആരോഗ്യകരമായ ഒരു ജീവിതസാഹചര്യം കുട്ടികള്‍ക്ക് ഒരുക്കിക്കൊടുക്കേണ്ട ബാധ്യത നമുക്കുണ്ട്. ഒപ്പം പേടിപ്പെടുത്തുന്നത് അവസരം കിട്ടിയാല്‍ പെണ്‍കുട്ടികള്‍ക്കുമേല്‍ ലൈംഗിക അതിക്രമം കാട്ടുന്ന ഒരു ആണ്‍ക്കൂട്ടം ഏറ്റവും പുതിയ തലമുറയില്‍ കൂടി ഉണ്ട് എന്നതാണ്. നമ്മുടെ വീടുകളില്‍ പലതിലും ഇപ്പോഴും ആണ്‍മക്കളെ വളര്‍ത്തുന്നത് 'ആണാ'യിട്ടാണ്. വീടുകളില്‍നിന്നോ ഇടപെടുന്ന സമൂഹത്തില്‍നിന്നോ സംഘടനകളില്‍നിന്നോ ആ കാഴ്ചപ്പാടിന് മാറ്റം വരുത്തുന്ന ഒന്നും അവര്‍ക്ക് കിട്ടുന്നില്ല. ഒരു സമൂഹത്തിന്റെ പരാജയം കൂടിയാണത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com