അനീതിയാകുന്ന അമ്മരാജിയാകാത്ത പെണ്‍പ്രതിഷേധങ്ങള്‍

ആക്രമിക്കപ്പെട്ട നടിയോ അകത്ത് കിടക്കുന്ന പ്രതിയോ പൊലീസോ എന്തിന് ബഹുമാനപ്പെട്ട കോടതി പോലുമോ ഇതുവരെ തിരുത്തിയിട്ടില്ലാത്ത ജനപ്രിയ നായകന്റെ തെറ്റ് 'അമ്മപ്പട'യ്ക്കെങ്ങനെ തിരുത്താനാകും?.
അനീതിയാകുന്ന അമ്മരാജിയാകാത്ത പെണ്‍പ്രതിഷേധങ്ങള്‍

ഴുത്തുകാരന്റെ വൈകാരികതയും പി.കെ. റോസി എന്ന ആദ്യ മലയാള നടിയുടെ ജാതിയും ഒരല്‍പ്പനേരത്തേക്ക് മാറ്റിനിര്‍ത്തിയാല്‍ മലയാള ചലച്ചിത്രത്തിന്റെ ഉല്‍പ്പത്തിയുടെ നാലാം ദിവസം രണ്ട് കാര്യങ്ങള്‍ സംഭവിച്ചു. ഒന്ന് വെള്ളിത്തിര കീറാനും കരിങ്കല്ലെറിയാനും പേ പിടിച്ച ഒരാള്‍ക്കൂട്ടമുണ്ടായി. രണ്ട്, പ്രധാനമായും പെണ്ണെന്ന കാരണം കൊണ്ട് വെള്ളിത്തിരയിലെ നടി വേട്ടയാടപ്പെട്ടു. കല്ലെറിയാനും ആട്ടിപ്പായിക്കാനും അന്നാരും 'വിഗതകുമാര'നിലെ നടന്മാരുടെ ജാതി നോക്കിയതായി തെളിവില്ല. റോസി അനുഭവിച്ച ജാതി വിവേചനത്തിന്റെ ചരിത്ര സന്ദര്‍ഭത്തെ മറച്ചുവയ്ക്കാനല്ല, മറിച്ച് മലയാള സിനിമയുടെ ജന്മം മുതല്‍ രൂപമെടുത്ത രണ്ട് 'ഭൂതങ്ങളെ' 2018 ജൂണിലും സിനിമാ പ്രമാണിമാര്‍ തൊട്ടുതലോടി താണുവണങ്ങിക്കൊണ്ടിരുന്നു എന്നറിയിക്കാനാണ് ഇതു സൂചിപ്പിച്ചത്.

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍നിന്നും കഴിഞ്ഞ ദിവസം രാജിവച്ച നാലു നടിമാരുടെ വാക്കുകളില്‍ അമിതാലങ്കാര പ്രയോഗങ്ങള്‍ കൊണ്ടുള്ള പ്രഘോഷണങ്ങളും പ്രശംസകളുമല്ല. ഭൂതങ്ങളെ കുടത്തിലാക്കാനുള്ള ഇവരുടെ ശ്രമങ്ങള്‍ക്കുള്ള പിന്തുണ പൊതുസമൂഹത്തില്‍നിന്ന് സ്വാംശീകരിക്കുക എന്നതാണ് ഇപ്പോള്‍ ഇവര്‍ക്കാവശ്യം. കാരണം അത്രയേറേ ഇരുണ്ട ഇടമായി മാറിയിരിക്കുന്നു മലയാള സിനിമാലോകം. നടി ആക്രമിക്കപ്പെട്ട കേസ് കോടതിയില്‍ മുറുകിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ പൊതുബോധ നിര്‍മ്മിതിയുടെ ഏറ്റവും മികച്ച ഉപകരണമായ സിനിമയും അതിന്റെ ഏറ്റവും മികച്ച ഉപാധിയായ പണത്തിനും മേല്‍ അടയിരിക്കുന്ന ചലച്ചിത്ര മാടമ്പികള്‍ കുറ്റത്തില്‍നിന്ന് മുക്തനായിട്ടില്ലാത്ത നടനെ പൊതു മധ്യത്തില്‍ അവരോധിച്ചത് യാദൃച്ഛികമോ നിഷ്‌കളങ്കമോ അല്ല. 

കൊച്ചിയില്‍ കഴിഞ്ഞാഴ്ച നടന്ന വാര്‍ഷിക യോഗത്തിലാണ് താരസംഘടനയായ 'അമ്മ' ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുന്നത്. ദിലീപിനെതിരായ നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്നായിരുന്നു വിശദീകരണം. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന  അടിയന്തര അവൈലബിള്‍ എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞ വര്‍ഷം ദിലീപിനെ സംഘടനയില്‍നിന്നു പുറത്താക്കിയതായി പ്രഖ്യാപിക്കുന്നത്. സംഘടനാചട്ടം അനുസരിച്ച് അടിയന്തര സാഹചര്യത്തില്‍ അവൈലബിള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി എടുക്കുന്ന തീരുമാനം അടുത്ത നിര്‍വാഹക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനം ബന്ധപ്പെട്ട വ്യക്തിയെ അറിയിച്ച് വിശദീകരണം തേടണം എന്നാണ്. അതു തൃപ്തികരമല്ലെങ്കില്‍ കമ്മിറ്റിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ വീണ്ടും അവസരം നല്‍കിയിട്ടു വേണം നടപടിയെടുക്കാന്‍.

പുറത്താക്കിയതില്‍ ഇതു പാലിക്കപ്പെട്ടില്ല എന്നണ് ഇപ്പോഴത്തെ വാദം. ജനറല്‍ ബോഡി യോഗത്തിന്റെ അജന്‍ഡയില്‍ ഈ വിഷയം ഉണ്ടായിരുന്നില്ലെങ്കിലും ദിലീപിനായി ആദ്യം വിഷയം ഉന്നയിച്ചത് നടി ഊര്‍മ്മിള ഉണ്ണിയാണ്. ദിലീപ് കേസിനു പോയിരുന്നുവെങ്കില്‍ താരസംഘടന കുടുങ്ങിയേനെ എന്നായിരുന്നു ജോയിന്റ് സെക്രട്ടറിയായ നടന്‍ സിദ്ധിഖിന്റെ പ്രതികരണം. 
ദിലീപിനെ തിരികെ കൊണ്ടുവന്നത് തെറ്റുതിരുത്തല്‍ കര്‍മ്മമായിരുന്നുവെന്ന ഭാരവാഹികളുടെ വാദമാണ് ഏറേ കൗതുകരം. ആക്രമിക്കപ്പെട്ട നടിയോ അതിന്റെ പേരില്‍ അകത്ത് കിടക്കുന്ന പ്രതിയോ പൊലീസോ എന്തിന് ബഹുമാനപ്പെട്ട കോടതി പോലുമോ ഇതുവരെ തിരുത്തിയിട്ടില്ലാത്ത ജനപ്രിയ നായകന്റെ തെറ്റ് 'അമ്മപ്പട'യ്ക്കെങ്ങനെ തിരുത്താനാകും? അതല്ല വിശദീകരിക്കാനവസരം നല്‍കിയിട്ടില്ല എന്ന സാങ്കേതിക തെറ്റാണ് പ്രശ്‌നമെങ്കില്‍ ഏട്ടാണ്ട് മുന്‍പ് വിശദീകരണത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കാതെ അഭിനയം നിഷേധിക്കപ്പെട്ട തിലകനോട് മരണാനന്തരമെങ്കിലും തെറ്റ് തിരുത്തണമെന്ന് ഒരു 'ഉണ്ണി'മാര്‍ക്കും  തോന്നാത്തതെന്ത്?

ആണധികാരവും പണകൊഴുപ്പും അരങ്ങു വാഴുന്ന മലയാള സിനിമാലോകം അതിന്റെ ഉച്ചകോടിയലെത്തിയപ്പോഴാണ് വൃദ്ധതാരങ്ങള്‍ ശക്തരായത്. മുണ്ടു മടക്കലും മീശ പിരിക്കലും മടുത്തു തുടങ്ങിയപ്പോഴാണ് ജനപ്രിയനായകനും സംഘാംഗങ്ങളും ഉദിച്ചുയരുന്നത്. അക്കാലത്താണ് മലയാളസിനിമയില്‍ മാധ്യമ സൗഹൃദങ്ങളും പ്രത്യക്ഷ രാഷ്ട്രീയവും ചുവടുറപ്പിക്കുന്നത് എന്ന് കാണാനാവും. നിരന്തരമുള്ള സ്റ്റേജ് ഷോകള്‍, സിനിമാ മാധ്യമ അവാര്‍ഡ് രാത്രികള്‍, വന്‍കോലാഹലങ്ങള്‍ ഇക്കാലങ്ങളില്‍ മലയാളിയുടെ പൊതുസദസ്സുകളേയും ആസ്വാദനങ്ങളേയും കീഴടക്കുകയായിരുന്നു. അത്തരമൊരു സ്റ്റേജ് ഷോയ്ക്കിടെ ക്വട്ടേഷന്‍ ഫിക്സ് ചെയ്യപ്പെട്ടതിനാധാരമായ കാര്യങ്ങള്‍ ഉരുത്തിരഞ്ഞത് എന്നായിരുന്നു പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. 

മൂന്ന് താരങ്ങളെ പ്രത്യക്ഷ രാഷ്ട്രീയത്തില്‍ (അതും ഇടത് രാഷ്ട്രീയത്തില്‍) കൃത്യമായി പ്ലേസ് ചെയ്തുകൊണ്ടാണ് സിനിമാ അധോലോകം അതിന്റെ രാഷ്ട്രീയ ദൗത്യവും നിര്‍വ്വഹിച്ചത്. ഗണേഷ് കുമാര്‍, മുകേഷ്, ഇന്നസെന്റ്  എന്നിവരുടെ മൂല്യവും പ്രാഗല്‍ഭ്യവും ഒക്കെ വാ തോരാതെ ഒട്ടേറേ പറയാനുണ്ടാവും രാഷ്ട്രീയക്കാര്‍ക്ക്. പക്ഷേ, ഭരണാധികാര സ്ഥാനങ്ങളിലേക്കുള്ള സിനിമയും വഴിയും ലക്ഷ്യവുമായിരുന്നു അത് എന്നത് പകല്‍ പോലെ വ്യക്തമാണ്. ഇങ്ങനെ സിനിമയും അതിന്റെ മേനിക്കൊഴുപ്പും മൂല്യങ്ങളില്‍നിന്നും ചലച്ചിത്ര ദൗത്യങ്ങളില്‍നിന്നും കുതറി മാറി മാധ്യമ  രാഷ്ട്രീയ ഭൂഖണ്ഡങ്ങളില്‍ ചവുട്ടി നിന്നു കൊണ്ടാണ് താണ്ഡവമാടുന്നത്. ഈ കൂത്താട്ടങ്ങള്‍ക്ക് കൈ മെയ് മറന്ന് താളം കൊട്ടുന്ന ഫാന്‍സ് നിരയെ നോക്കിയാല്‍ ഒറ്റ നോട്ടത്തില്‍ മനസ്സിലാവും എത്രമാത്രം (നവ)മാധ്യമങ്ങള്‍ക്ക് വിധേയപ്പെട്ട മസ്തിഷ്‌കമാണവരുടേതെന്ന്. യുവജന പ്രസ്ഥാനങ്ങളുടെ ശുഷ്‌കിച്ച മൈതാനങ്ങള്‍ കണ്ടാല്‍ മനസ്സിലാവും ഇവിടെയെത്തേണ്ടിയിരുന്നവരേ ആരാണ് റാഞ്ചിയത് എന്ന്.

ആഴമുള്ള വിഷവേരുകളായി ഇതു പടര്‍ന്നിരിക്കുന്നതുകൊണ്ട് തന്നെ സിനിമയ്ക്കുള്ളില്‍നിന്ന് ഇതിനൊരുത്തരം കണ്ടെത്താനാവില്ല. രാഷ്ട്രീയ ധാര്‍മ്മികതയും മാധ്യമ ദൗത്യവും ഇവിടെ അനിവാര്യമാണ്. സമൂഹത്തിന്റെ പ്രതിരോധശേഷിയും ഇവിടെ ആവശ്യമാണ്. wcc എന്ന സ്ത്രീ സംഘടന ക്ഷേമം കാംക്ഷിച്ചു കൊണ്ടല്ല മറിച്ച് നടി ക്രൂരമായി ആക്രമിക്കപ്പെട്ടതിലെ പ്രതിരോധത്തിലൂന്നി ഉടലെടുത്ത സംഘടനയാണ്. അതുകൊണ്ട് തന്നെ മലയാളിയുടെ വെച്ചുകെട്ടിയ 'ആണത്തം' നിരന്തരം ആക്ഷേപങ്ങള്‍ ചൊരിഞ്ഞു കൊണ്ടേയിരിക്കുന്ന കാഴ്ചയാണ് ഇന്നു നാം കാണുന്നത്. wcc-ക്കെതിരേ  സ്പോണ്‍സേഡ് സൈബര്‍ പോരാളികളുടെ കൂട്ടയോട്ടമാണ്. ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രിക്കുണ്ടായിരുന്ന ആവേശം നിലവില്‍ കാണാനില്ല എന്ന ആക്ഷേപവും ഉന്നയിക്കപ്പെടുന്നുണ്ട്. സിനിമാ മേഖലയിലെ ലിംഗ വിവേചനങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഹേമ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. ലിംഗ വിവേചനത്തില്‍ പ്രത്യേകിച്ച് (സിനിമാ മേഖലയില്‍) 'പഠിക്കാനെന്തിരിക്കുന്നു' അഥവാ പഠിച്ചാല്‍ തന്നെ 'പഠിച്ചിട്ടെന്തെടുക്കാന്‍' എന്ന ചോദ്യവും നിലനില്‍ക്കുന്നു. ആ ചോദ്യത്തിന്റെ ലാളിത്യത്തിനു പോലും ചെവി കൊടുക്കാന്‍ ഭരണക്കൂടം തയ്യാറാകുന്നില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

wcc-യോടുള്ള അവമതിക്കലിന്റേയും ലിംഗപരമായ അവഹേളനത്തിന്റേയും സ്ത്രീ വിരുദ്ധതയുടേയും വഷളത്തരമായ ചാനല്‍ സ്റ്റേജ് ഷോക്കിടെ താരരാജക്കന്മാര്‍ ഉള്‍പ്പെടെ തകര്‍ത്ത്  അഭിനയിച്ച സ്‌കിറ്റ് മാത്രം മതിയാകും ഇവരുടെ താന്‍പോരിമയുടേയും തലച്ചോറിന്റേയും അളവറിയിക്കാന്‍. വള്‍ഗാരിറ്റിയുടേയും പെണ്‍വിരുദ്ധതയുടേയും സര്‍വ്വ അതിരുകളും ഭേദിച്ച സ്‌കിറ്റ് ചലച്ചിത്ര പ്രമാണിമാരുടെ തനിനിറം വ്യക്തമാക്കുമ്പോള്‍ അതില്‍ വേഷമിടാന്‍ അവളുടെ സഹപ്രവര്‍ത്തകരും ദേശീയ അവാര്‍ഡ് ജേതാവും ഉണ്ടായിരുന്നുവെന്നതും നമ്മെ അത്ഭുതപ്പെടുത്തില്ല. കാരണം വ്യക്തിത്വം പണയപ്പെടുത്തല്‍ മലയാള സിനിമയില്‍ ഇന്നൊരു പുതിയ കാര്യമല്ല. 

മലയാള സിനിമയില്‍
നിലനില്‍ക്കുന്നത്
ഫാസിസ്റ്റ് സമ്പ്രദായം

ഡോ ബിജു, സംവിധായകന്‍ 
സിനിമാമേഖലയില്‍നിന്ന് തന്നെയുള്ള പിന്തുണയേക്കാളേറേ wcc-യ്ക്കും നടിക്കും പിന്തുണ കിട്ടിയിട്ടുള്ളത് പൊതുസമൂഹത്തില്‍നിന്നാണ്. നടന്‍/നടിയെന്നുള്ള വേര്‍തിരിവ് മാത്രമല്ല പ്രധാന താരങ്ങളെ ഒഴിച്ച് കഴിഞ്ഞാല്‍ ബാക്കിയുള്ള താരങ്ങളെ പോലും അപ്രസക്തമാക്കുന്ന തരത്തില്‍ സിനിമയില്‍ വലിയൊരു വിവേചനമുണ്ട്. അതിന്റെ അധികാരഘടനയില്‍നിന്നുകൊണ്ട് തന്നെ സ്ത്രീ/പുരുഷന്‍ എന്ന വേര്‍തിരിവുണ്ട്. സാങ്കേതിക പ്രവര്‍ത്തകരെ വേര്‍തിരിച്ച് കാണിക്കാറുണ്ട്. തൊഴിലിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ വര്‍ണ്ണ വിവേചനം നിലനില്‍ക്കുന്ന ഫാസിസ്റ്റ് സമ്പ്രദായമാണ് മലയാള സിനിമയിലുള്ളത്. wcc-യെ സംബന്ധിച്ച് പുറത്തുനിന്ന് നോക്കുമ്പോള്‍ ജനകീയമാകുന്നില്ല, വേണ്ടത്ര അംഗങ്ങളില്ല എന്നതൊക്കെ ആരോപിക്കാനുണ്ടാകും.

ഡോ ബിജു
ഡോ ബിജു

ആണധികാരത്തിന്റെ ഇടമുള്ള, പുരുഷതാരങ്ങളാല്‍ മാത്രം നിയന്ത്രിക്കപ്പെടുന്ന ആള്‍ക്കാര്‍ വിചാരിച്ചാല്‍ എന്തും സാധ്യമാകും എന്ന ഇടത്തില്‍ നിന്നാണ് ഇങ്ങനെയൊരു സംഘടന ഉണ്ടായത്. എന്തൊക്കെ പരമിതികള്‍ ഉണ്ടെങ്കിലും അവയെ അവര്‍ക്ക് അതിജീവിക്കാന്‍ സാധിക്കുന്നു എന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. ആ പരിമിതികളെ ഭാവിയില്‍ മറികടക്കാന്‍ അവര്‍ക്ക് കഴിയും. 90 വര്‍ഷം പ്രായമായ മലയാള സിനിമയില്‍ ഇങ്ങനെയൊരു മൂവ്മെന്റ് ഉണ്ടായി എന്നത് തന്നെ അതിന്റെ എല്ലാ കുറവുകളെയും അപ്രസക്തമാക്കുമെന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com