കാന്‍സറില്ലാതെ കീമോ: അധികൃതരുടെ വീഴ്ച പറയാതെയുള്ള അന്വേഷണങ്ങള്‍

ഡോക്ടര്‍മാര്‍ നിരപരാധികളും രോഗിയുടെ നന്മ മാത്രം ആഗ്രഹിച്ചവരുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു 
കാന്‍സറില്ലാതെ കീമോ: അധികൃതരുടെ വീഴ്ച പറയാതെയുള്ള അന്വേഷണങ്ങള്‍

കാന്‍സറില്ലാത്ത രജനിക്ക് കീമോ ചികിത്സ നല്‍കി ജീവിതം മാറ്റിമറിച്ചവര്‍ക്കു രക്ഷപ്പെടാന്‍ വഴിയൊരുങ്ങുന്നു. മാറിടത്തിലെ ഒരു മുഴയുടെ പേരില്‍ രൂക്ഷ പാര്‍ശ്വഫലങ്ങളുള്ള ചികിത്സ സഹിക്കേണ്ടിവന്ന രജനിക്കു നീതി കിട്ടിയുമില്ല. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്ത് കുടശ്ശനാട് പാലമേല്‍ച്ചിറയിലെ മുപ്പത്തിയെട്ടു വയസ്സുകാരി രജനി കേരളത്തിന് ഇപ്പോള്‍ അപരിചിതയല്ല. കീമോ തെറാപ്പിക്കു മുന്‍പും ശേഷവുമുള്ള അവരുടെ രൂപവും മാധ്യമങ്ങളിലൂടെ കണ്ടു. സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കാന്‍സര്‍ ചികിത്സ നടത്താന്‍ ഇടയായതിനെക്കുറിച്ച് അന്വേഷിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു മുന്നിലുണ്ട്. 

കാര്യങ്ങള്‍ ഇവിടെ എത്തിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിരപരാധികളും രോഗിയുടെ നന്മ മാത്രം ആഗ്രഹിച്ചവരും വഴിവിട്ട് യാതൊന്നും ചെയ്യാത്തവരുമാണ് എന്നു റിപ്പോര്‍ട്ട് പറയുന്നു. ആര്‍.എം.ഒ കൂടിയായ സര്‍ജറി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍.പി. രെഞ്ജിന്‍, റേഡിയേഷന്‍ ഓങ്കോളജി അഡീഷണല്‍ പ്രൊഫസര്‍ ഡോ. കെ. സുരേഷ് കുമാര്‍, മെഡിക്കല്‍ കോളേജിനു സമീപത്തെ സി.എം.സി സ്‌കാന്‍ സെന്റര്‍, ഡയനോവ ലാബ്, അവിടുത്തെ പതോളജിസ്റ്റ് ഡോ. ജോസഫ് എന്നിവര്‍ക്കെതിരെ രജനി നല്‍കിയ പരാതിയില്‍ പൊലീസ് രജനിയുടെ മൊഴിയെടുത്തതല്ലാതെ പ്രത്യേകിച്ച് ഒരു അന്വേഷണവും ഉണ്ടായില്ല. ''അന്വേഷണം എവിടെ വരെയായി എന്നറിയില്ല. ഡോക്ടര്‍മാര്‍ക്കും ലാബിനും എതിരെ ഒരു നടപടിയുമുണ്ടായില്ല. ആരോഗ്യമന്ത്രിയെ ഞാന്‍ അങ്ങോട്ടു പോയി കണ്ടു. അവരൊക്കെ വലിയ തിരക്കുള്ളവരല്ലേ. നമ്മുടെ കാര്യമൊന്നും അവര്‍ക്കൊരു വിഷയമല്ലല്ലോ. സൗജന്യ ചികിത്സ നല്‍കുമെന്നു പറഞ്ഞതല്ലാതെ ആരും അന്വേഷിച്ചു വിളിച്ചില്ല. എന്റെ രൂപമെല്ലാം വല്ലാതെ മാറിപ്പോയി. പന്തളത്ത് തുണിക്കടയില്‍ ഉണ്ടായിരുന്ന ജോലിക്കു പോകാനും കഴിയുന്നില്ല. യാത്ര ചെയ്യാനും ജോലി ചെയ്യാനുമൊന്നും വയ്യാതായി.'' ബികോം ബിരുദധാരിയായ രജനി പറയുന്നു. 

വിവാഹമോചിതയാണ്. മകള്‍ ദേവനന്ദ മൂന്നില്‍ പഠിക്കുന്നു. അച്ഛന്‍ പീതാംബരന് കുടശ്ശനടയില്‍ ചെറിയൊരു കടയുള്ളതുകൊണ്ടാണ് ജീവിക്കുന്നത്. അമ്മ വിജയമ്മയുമുണ്ട് കുടുംബത്തില്‍. ഒത്തുതീര്‍പ്പിന് ആരോ സമീപിച്ചു എന്നു വാര്‍ത്ത വന്നെങ്കിലും അതു ശരിയല്ലെന്ന് രജനി പറഞ്ഞു. ''ലാബുകാര്‍ പിന്നെ വിളിക്കുകയോ ഞാന്‍ അവരെ വിളിക്കുകയോ ചെയ്തിട്ടില്ല. ലാബ് തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കാശുള്ളവര്‍ക്ക് എന്താ പ്രശ്‌നം?''

ഉന്നതതല സമിതി അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറിയെന്നും എന്തു ചെയ്യണം എന്ന കൂടിയാലോചനകള്‍ നടക്കുകയാണ് എന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡി.എം.ഇ) ഡോ. എ. റംലാ ബീവി പറഞ്ഞു. സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഡി.എം.ഇ വിസമ്മതിച്ചു. എന്നാല്‍ അന്വേഷണസമിതി റിപ്പോര്‍ട്ട് പൂര്‍ണ്ണരൂപത്തില്‍ മലയാളം വാരിക പുറത്തുവിടുകയാണ്. 

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഡി.എം.ഇയോട് വിശദീകരണം ചോദിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് അങ്ങനെ തന്നെ കമ്മിഷനും അയയ്ക്കുകയാണ് ചെയ്തത്. ജൂലൈ 26-ന് കമ്മിഷന്‍ അതു പരിഗണിക്കും. റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കില്ല എന്നാണ് പ്രതീക്ഷ എന്നും ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദത്തിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ വഴങ്ങില്ല എന്നും മാവേലിക്കര എം.എല്‍.എ ആര്‍. രാജേഷ് പറഞ്ഞു. ''തുടര്‍ ചികിത്സയുടെ കാര്യത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് വാങ്ങി. അവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് ആലപ്പുഴ കളക്ടറില്‍നിന്നു റിപ്പോര്‍ട്ടും വാങ്ങി. ഇവയുടെ അടിസ്ഥാനത്തില്‍ ചികിത്സാ, നഷ്ടപരിഹാരം എന്നീ കാര്യങ്ങളില്‍ വൈകാതെ തീരുമാനമുണ്ടാകും'' എന്നും എല്‍.ഡി.എഫ് പ്രതിനിധിയായ എം.എല്‍.എ. 

നടപടിയുണ്ടാകുമെന്നും സഹായം തരും എന്നും മുഖ്യമന്ത്രി എനിക്കു നേരിട്ടു വാക്കു തന്നതാണ് എന്ന് രജനി പറയുന്നു. ''പിറ്റേന്നു നിയമസഭയിലും അദ്ദേഹം അതുതന്നെ പറഞ്ഞു. അതു പാലിക്കും എന്നാണ് എന്റെ പ്രതീക്ഷ. മുഖ്യമന്ത്രി ഒരു വാക്കു പറഞ്ഞിട്ട് അതില്‍നിന്നു മാറാന്‍ ഇടയില്ല. അതുകൊണ്ട് കുറച്ചുകൂടി കാത്തിരിക്കാനാണ് തീരുമാനം. ജീവിച്ചു പോകാന്‍ ബുദ്ധിമുട്ടാണ് എന്നു പറഞ്ഞപ്പോള്‍ കാര്യങ്ങളെല്ലാം ഞാന്‍ അറിയുന്നുണ്ട്, വേണ്ടതു ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് റിപ്പോര്‍ട്ട് എത്തിയിട്ടുണ്ടാകില്ല. എത്തിയാല്‍ അനുകൂല തീരുമാനമുണ്ടാകാതിരിക്കില്ല എന്നാണ് വിശ്വാസം.'' മുഖ്യമന്ത്രിയെ ഒന്നുകൂടി കാണാന്‍ ഇപ്പോള്‍ ആലോചിച്ചിട്ടില്ല. കാണേണ്ടിവന്നാല്‍ കാണും.

ഒരു ഫലവും മറ്റു ഫലങ്ങളും 

വലതു മാറിടത്തിലെ മുഴയ്ക്കു ചികിത്സ തേടി കഴിഞ്ഞ ഫെബ്രുവരി 28-ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതോടെയാണ് പാവപ്പെട്ട രജനിയുടെ ജീവിതം തകിടംമറിഞ്ഞ സംഭവങ്ങളുടെ തുടക്കം. ഡോ. രെഞ്ജിനെയാണ് കണ്ടത്. കാന്‍സറാണോ എന്ന് അറിയാന്‍ അദ്ദേഹം അന്നുതന്നെ മാമോഗ്രാം ചെയ്യാന്‍ എഴുതിക്കൊടുത്തു. ''സി.എം.സി സ്‌കാന്‍ സെന്ററിന്റെ ലെറ്റര്‍പാഡിലാണ് മാമോഗ്രാമിന് എഴുതിത്തന്നത്. മെഡിക്കല്‍ കോളേജിലെ സ്‌കാന്‍ സെന്ററില്‍ അതിനു സൗകര്യമുണ്ടായിട്ടും പുറത്തു ചെയ്യിക്കുകയായിരുന്നു'' എന്ന് രജനിയുടെ തന്നെ വാക്കുകള്‍. സി.എം.സിയില്‍ മാമോഗ്രാം ചെയ്തപ്പോള്‍ കാന്‍സറാണ് എന്ന സൂചനയാണ് ലഭിച്ചത്. അതേത്തുടര്‍ന്ന് ബയോപ്സി ചെയ്യാനാണ് ഡയനോവ ലാബില്‍ പോയത്. ഒന്ന് ഡയനോവയിലും ഒന്നു മെഡിക്കല്‍ കോളേജിലെ പതോളജി ലാബിലും കൊടുത്തു. ഒരാഴ്ചയ്ക്കകം ഡയനോവയിലെ റിപ്പോര്‍ട്ട് വന്നു. കാന്‍സറുണ്ട് എന്നായിരുന്നു കണ്ടെത്തല്‍. മെഡിക്കല്‍ കോളേജ് ആശുപത്രി പിന്നെ വൈകിയില്ല, മാമോഗ്രാമിന്റേയും ബയോപ്സിയുടേയും ഫലം വച്ച് കാന്‍സറിനുള്ള ചികിത്സയിലേയ്ക്കു പോവുകയാണുണ്ടായത്. രജനിയെ കാന്‍സര്‍ വാര്‍ഡില്‍ അഡ്മിറ്റു ചെയ്തു. കീമോ തെറാപ്പിക്കുവേണ്ടി മാര്‍ച്ച് 19-ന് എത്താന്‍ നിര്‍ദ്ദേശിച്ചു വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. 19-നു ചെന്നപ്പോള്‍ ആദ്യത്തെ കീമോ എടുത്തു. കീമോ തെറാപ്പിക്കു പല പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നും അതൊക്കെ അനുഭവിക്കാന്‍ തയ്യാറാണെന്നുമുള്ള വിവരം ഒപ്പിട്ടു വാങ്ങുന്ന സാധാരണ നടപടിക്രമങ്ങള്‍ക്കു ശേഷമാണ് തുടങ്ങിയത്. ഏപ്രില്‍ ഒന്‍പതിന് അടുത്ത കീമോയ്ക്ക് എത്തണം എന്നു പറഞ്ഞാണ് അന്നു തിരിച്ചയച്ചത്. 

വീട്ടിലായിരിക്കെ പതോളജി ലാബില്‍നിന്ന് ഒരു ഡോക്ടര്‍ രജനിയെ വിളിച്ചു. ഡയനോവ ലാബില്‍ പരിശോധനയ്ക്കു കൊടുത്ത സ്ലൈഡും വാങ്ങി പതോളജി ലാബില്‍ കൊടുത്തിരുന്നു; ഒന്നുകൂടി പരിശോധിക്കാന്‍. അതിന്റെ ഫലവും ആദ്യം ബയോപ്സി ചെയ്യാന്‍ കൊടുത്തതിന്റെ ഫലവും ആയിട്ടുണ്ട് എന്നു ഡോക്ടര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത വെളിപ്പെടുത്തലിലാണ് രജനിയും കുടുംബവും പെട്ടുപോയത്: ''ഡയനോവയിലെ പരിശോധനയില്‍ കിട്ടിയ ഫലമേ അല്ല കിട്ടുന്നത്. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്.'' അടുത്ത ദിവസം പതോളജി ലാബില്‍ ചെന്നു ഫലം വാങ്ങി അതു കാണിക്കാന്‍ കാന്‍സര്‍ കെയര്‍ സെന്ററില്‍ പോയി. പക്ഷേ, ഡോക്ടര്‍ സുരേഷ് കുമാര്‍ ഉണ്ടായിരുന്നില്ല. ജൂനിയര്‍ ഡോക്ടര്‍മാരെ കാണിച്ചു. കാന്‍സറാണ് എന്ന് സ്ഥിരീകരിച്ച് ഒരു വട്ടം കീമോ തെറാപ്പി നടത്തിയ 'രോഗി' കാന്‍സറില്ലെന്നു തെളിയിക്കുന്ന റിപ്പോര്‍ട്ടുമായി വന്നു മുന്നില്‍ നിന്നപ്പോള്‍ ഡോക്ടര്‍മാര്‍ അമ്പരന്നു. അത് രജനിക്കു മനസ്സിലാവുകയും ചെയ്തു. പിറ്റേന്നു ഡോക്ടര്‍മാരുടെ മീറ്റിംഗ് ഉണ്ട്, അതുകഴിഞ്ഞ് അറിയിക്കാമെന്ന് അവര്‍ പറഞ്ഞു. സീനിയര്‍ ഡോക്ടര്‍മാരെ കാണിച്ചിട്ട് മുന്നോട്ടുള്ള ചികിത്സ തീരുമാനിക്കാം. അന്നു കീമോ എടുക്കുന്നില്ല എന്നും അറിയിച്ചു. രജനി മടങ്ങി.

പിന്നെ ഒരു വിവരവുമില്ലായിരുന്നു. ആരും കാന്‍സന്‍ വിഭാഗത്തില്‍നിന്നു വിളിച്ചുമില്ല പറഞ്ഞുമില്ല. കാന്‍സറിനു ചികിത്സ തുടങ്ങി ഇടയ്ക്കു വച്ചു കാന്‍സര്‍ രോഗിയല്ല എന്ന് അറിഞ്ഞതിന്റെ സന്തോഷത്തേക്കാള്‍ വല്ലാത്തൊരു ആശയക്കുഴപ്പത്തിലായിരുന്നു രജനി. അതുകൊണ്ട് ഇങ്ങോട്ടു വിളി വന്നില്ലെങ്കിലും അടുത്ത ദിവസം അങ്ങോട്ടു പോയി. കീമോ തുടങ്ങാന്‍ നിര്‍ദ്ദേശിച്ച ഡോ. സുരേഷ് കുമാര്‍ അന്നും ഉണ്ടായിരുന്നില്ല. പലവട്ടം പോയിട്ടും അദ്ദേഹത്തെ കാണാതിരുന്നപ്പോള്‍ ഡോ. രെഞ്ജിനെ കാണാന്‍ പോയി. പരിശോധനാ ഫലങ്ങളെല്ലാം കണ്ടു കഴിഞ്ഞിട്ടും അദ്ദേഹം പറയുന്നത് ഈ രോഗം ഉണ്ട് എന്നാണ്. ''കീമോ തുടരണം. ഡയനോവയിലെ ഡോക്ടറുമായി ഞാന്‍ സംസാരിച്ചു, രോഗം ഉണ്ടെന്നാണ് അവര്‍ പറയുന്നത്.'' അതല്ലാതെ അവര്‍ക്കൊരു അബദ്ധം പറ്റിയതായിട്ടേ അദ്ദേഹം പറഞ്ഞില്ല. ഡയനോവയില്‍ ബാക്കിയുണ്ടായിരുന്ന സ്ലൈഡ് കൂടി വാങ്ങി രജനി പതോളജി ലാബില്‍ കൊടുത്തു. അതിന്റെ ഫലം വന്നപ്പോഴും നെഗറ്റീവാണ്. 

അതോടെയാണ് നടന്നതെല്ലാം വിശദീകരിച്ച് ആശുപത്രി സൂപ്രണ്ടിനു പരാതി കൊടുത്തത്. അതുകഴിഞ്ഞ് രജനി നേരെ തിരുവനന്തപുരത്ത് റീജിയണല്‍ കാന്‍സര്‍ സെന്ററിലേക്ക് (ആര്‍.സി.സി) പോവുകയാണ് ചെയ്തത്. അവിടെ ആദ്യം ഏറ്റെടുക്കാനും പരിശോധിക്കാനും വിസമ്മതിച്ചു. ''കോട്ടയം മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ കെയര്‍ സെന്ററില്‍ പകുതി ചികിത്സിച്ചതാണല്ലോ. അതുകൊണ്ട് അവിടെനിന്നുള്ള റഫറന്‍സ് വേണം. ഞാനും 73 വയസ്സായ അച്ഛനും കൂടിയാണ് പോയത്. ഞങ്ങളുടെ സ്ഥിതിയും സംഭവിച്ച കാര്യങ്ങളുമെല്ലാം പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചു.'' അന്നുതന്നെ എസ്.എന്‍.എസി ടെസ്റ്റ് നടത്തി. അതിന്റെ ഫലം വന്നപ്പോഴും രോഗമില്ല. എങ്കിലും കോട്ടയത്ത് പതോളജി ലാബിലും ഡയനോവ ലാബിലും ചെയ്ത സ്ലൈഡുകളെല്ലാം വാങ്ങി ഒന്നുകൂടി ആര്‍.സി.സിയില്‍ പരിശോധിക്കണം എന്ന് ഡോ. പ്രിയ പറഞ്ഞു. എല്ലാം കൊണ്ടുകൊടുത്തു. ഫലം നെഗറ്റീവ്. ഇതിനു പിന്നാലെ സൂപ്രണ്ടിനു കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നു. അതിനു മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ രജനിയേയും വിളിച്ചു. ഒരു അസുഖവുമായി വന്നിട്ട് അതിനുള്ള ചികിത്സ ഇതുവരെ കിട്ടിയില്ലെന്നും കാന്‍സറിനുള്ള ചികിത്സയാണ് കിട്ടിയത് എന്നും പറഞ്ഞപ്പോള്‍ (അങ്ങനെ പറഞ്ഞപ്പോള്‍ മാത്രം) സര്‍ജന്‍ ഡോ. അനില്‍ കുമാറും മറ്റൊരു ലേഡി ഡോക്ടറും പരിശോധിച്ചു. മുഴ പൊട്ടിപ്പോകാന്‍ സാധ്യതയുള്ളതുകൊണ്ട് എത്രയും വേഗം സര്‍ജറി ചെയ്യണം. അടുത്ത ചൊവ്വാഴ്ചയാണ് ഒ.പി. അന്നു ചെന്ന് അഡ്മിറ്റാകാന്‍ പറഞ്ഞു. മെയ് 23-നു സര്‍ജറി ചെയ്തു. അതും പതോളജി ലാബില്‍ പരിശോധനയ്ക്കു കൊടുത്തു. അതിന്റെ ഫലം വന്നപ്പോള്‍ പോലും കാന്‍സറില്ല. അതുകഴിഞ്ഞാണ് പൊലീസില്‍ പരാതി കൊടുത്തത്. 

കീമോ ചെയ്തതിന്റെ തുടര്‍ച്ചയായി മുടി മുഴുവന്‍ കൊഴിഞ്ഞ രജനിയെ കേരളം കണ്ടതാണ്. രൂപം മാറി. ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായി. ഇനി അതു പരിഹരിക്കാന്‍ എന്തെങ്കിലും ചികിത്സ വേണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല. കീമോയുടെ ഭാഗമായി ശരീരത്തില്‍ കയറിയ മരുന്നുകള്‍ കയറിയതുതന്നെ. അതിനു പ്രതിവിധികള്‍ പ്രത്യേകിച്ചൊന്നുമില്ല. രജനിക്ക് ഇപ്പോള്‍ അധികം ദൂരം യാത്ര ചെയ്യാനൊന്നും വയ്യ, ശരീരത്തിന് അവശതയുണ്ട്. എന്തെങ്കിലും വയ്യായ്ക വരുമ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോയി മരുന്നു വാങ്ങും. അത്രതന്നെ. കുടുംബത്തിനു പത്തു സെന്റ് സ്ഥലവും കൊച്ചു വീടുമുള്ളതുകൊണ്ട് ആരും ഇറക്കിവിടില്ല എന്നൊരു ആശ്വാസമുണ്ട്. പക്ഷേ, അയല്‍ക്കാരോട് പണമായും പണയം വയ്ക്കാന്‍ സ്വര്‍ണ്ണമായും വാങ്ങിയതൊക്കെ തിരിച്ചു കൊടുക്കണം. 
 
അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് 

ഏപ്രില്‍ 30-നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഡി.എം.ഇ അന്വേഷണസമിതിയെ നിയോഗിച്ചത്. പതോളജി വിഭാഗം മേധാവി ഡോ. എസ്. ശങ്കര്‍, സര്‍ജറി വിഭാഗം മേധാവി ഡോ. വി. അനില്‍ കുമാര്‍, റേഡിയേഷന്‍ ഓങ്കോളജി മേധാവി ഡോ. രമ പി.ഐ., ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്‍ എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്. 

രജനിയെ ചികിത്സിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രശ്‌നങ്ങളും പരിശോധിക്കാനായിരുന്നു നിര്‍ദ്ദേശം. മെയ് ഏഴിനു സമിതി ആദ്യ സിറ്റിംഗ് നടത്തി രജനിയുടെ മൊഴിയെടുത്തു. ഒന്‍പതിന് ഡോ. കെ. സുരേഷ് കുമാര്‍, ഡോ. ആര്‍.പി. രെഞ്ജിന്‍, പതോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പ്രിയ പി.വി., റേഡിയേഷന്‍ ജൂനിയര്‍ റെസിഡന്റ് ഡോ. വിഷ്ണു എന്നിവരുടെ മൊഴിയെടുത്തു. ഡോ. വിഷ്ണുവാണ് പതോളജി ലാബിലെ ഫലങ്ങളെക്കുറിച്ച് രജനിയെ ഫോണില്‍ വിളിച്ച് അറിയിച്ചത്. രോഗി ഉന്നയിച്ച ആരോപണങ്ങളേയും പ്രശ്‌നങ്ങളേയും കുറിച്ചു വിശദമായ ചര്‍ച്ച ചെയ്‌തെന്നും മൊഴികളുടെ വിശകലനത്തിനും ലഭ്യമായ പ്രസക്ത രേഖകളുടെ പരിശോധനയ്ക്കും ശേഷം എത്തിച്ചേര്‍ന്നത് നാല് നിഗമനങ്ങളിലാണ് എന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് ഉപസംഹരിച്ചുകൊണ്ട് പറയുന്നു. അങ്ങേയറ്റത്തെ സുതാര്യതയോടേയും മാനുഷിക പരിഗണന വച്ചുമാണ് തയ്യാറാക്കിയത് എന്നും അവകാശപ്പെടുന്നു. നിഗമനങ്ങള്‍ ഇങ്ങനെ: ഒന്ന്, വകുപ്പുതല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടേയും നയങ്ങളുടേയും അടിസ്ഥാനത്തിലാണ് ഈ സംഭവങ്ങളുടെ ഭാഗമായവരെല്ലാം പ്രവര്‍ത്തിച്ചത്; രോഗിയുടെ ഉത്തമ താല്പര്യത്തിനുവേണ്ടി ഒരു തീര്‍പ്പു കല്പിക്കാന്‍ സ്വന്തം മികവു മുഴുവന്‍ അവര്‍ വിനിയോഗിച്ചു. രണ്ട്, രോഗി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ച് മതിയായ പരിരക്ഷയും ജാഗ്രതയും ഉറപ്പു വരുത്തി, രോഗിയുടെ ഭാഗത്തുനിന്നുള്ള സഹകരണത്തോടെ സ്ഥാപനത്തിലെ ശരിയായ സൗകര്യങ്ങള്‍ വിനിയോഗിച്ചാണ് കാര്യങ്ങള്‍ ചെയ്തത്. മൂന്നാമത്തേത് നിഗമനമല്ല, ശുപാര്‍ശയാണ്. ഭാവിയില്‍ ഇത്തരം അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ റേഡിയേഷന്‍, ഓങ്കോളജി, സര്‍ജറി, പതോളജി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ മികച്ച ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും നല്‍കണം; കൂടുതല്‍ ജീവനക്കാരേയും നിയമിക്കണം.

അന്വേഷണം ആറ് മണിക്കൂര്‍ കൊണ്ടാണ് നടത്തിയത് എന്നും ഉന്നതതലത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്തണം എന്നുമാണ് നാലാമതായി പറയുന്നത്. ഡോക്ടര്‍മാര്‍ക്കും ലാബിലെ പതോളജിസ്റ്റിനും വീഴ്ച പറ്റി എന്ന റിപ്പോര്‍ട്ടാണ് അന്വേഷണസമിതി കൊടുത്തത് എന്ന് അറിഞ്ഞതായാണ് രജനി മലയാളം വാരികയോടു പറഞ്ഞത്. അങ്ങനെയൊരു റിപ്പോര്‍ട്ട് സത്യസന്ധമാണ് എന്നും അവര്‍ പറഞ്ഞു. പക്ഷേ, ഞങ്ങള്‍ക്കു ലഭിച്ച റിപ്പോര്‍ട്ടില്‍ അത്തരം ഒരു വീഴ്ചയെക്കുറിച്ചും പരാമര്‍ശമില്ല. 

പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ടിനു കാത്തുനില്‍ക്കാതെ മാര്‍ച്ച് 19-നു വലതു മാറിടത്തിലെ മുഴ സംബന്ധിച്ച ചികിത്സയായി കീമോ തെറാപ്പി ചെയ്തു എന്ന് രജനി കൃതമായി മൊഴി നല്‍കിയിരുന്നു. അത് അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടിലുമുണ്ട്. മാര്‍ച്ച് ഒന്നിന് സി.എം.സി ഡയഗ്‌നോസ്റ്റിക് സെന്ററില്‍നിന്നു ലഭിച്ച മാമോഗ്രാം റിപ്പോര്‍ട്ടിന്റേയും മാര്‍ച്ച് ആറിന് ഡയനോവ ലബോറട്ടറിയില്‍ ചെയ്ത പതോളജിക്കല്‍ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണ് കീമോ തെറാപ്പി ചെയ്തത് എന്നു സമിതിയോടു ഡോ. കെ. സുരേഷ് കുമാര്‍ പറഞ്ഞു. ''വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ മുന്‍നിര്‍ത്തി കൂടിയാലോചനകള്‍ക്കു ശേഷം രോഗത്തിന്റെ അപ്പോഴത്തെ അവസ്ഥകൂടി കണക്കിലെടുത്തു സദുദ്ദേശ്യത്തോടെയാണ് ചെയ്തത്. രോഗം മറ്റ് അവയവങ്ങളിലേക്കു വ്യാപിക്കാതിരിക്കേണ്ടിയിരിക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. ഇത്തരം കേസുകളില്‍ പിന്തുടരാറുള്ള പതിവു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചു. കാന്‍സര്‍ ഇല്ലെന്ന് പതോളജി റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മള്‍ട്ടിഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡില്‍ കൂടുതല്‍ ചര്‍ച്ച ചെയ്തു കീമോ തെറാപ്പി നിര്‍ത്താന്‍ തീരുമാനിച്ചു''. ഡോ. സുരേഷ് കുമാറിന്റെ വിശദീകരണം.

മാമോഗ്രാം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ തുടങ്ങിയത് എന്ന് ആദ്യം ചികിത്സ നിര്‍ദ്ദേശിച്ച ഡോ. രെഞ്ജിന്‍ മൊഴി നല്‍കി. ''കീമോ തെറാപ്പി പരിഗണിക്കുന്നതിനു താന്‍ ഓങ്കോളജിയിലേക്കു പറഞ്ഞയയ്ക്കുകയായിരുന്നു.'' മുന്‍പു പരിശോധിച്ച പതോളജി സ്ലൈഡുകള്‍ കൊണ്ടുവരാന്‍ പറഞ്ഞ ദിവസം രജനി എത്താതിരുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ താന്‍ ഫോണില്‍ വിളിച്ചതായി സമിതിയെ ഡോ. വിഷ്ണു അറിയിച്ചു. ഫോണില്‍ സംസാരിച്ച അനിയത്തിയോട് ചികിത്സയെക്കുറിച്ചു മൃദുവായി പറഞ്ഞെന്നും ഡോ. വിഷ്ണു പറഞ്ഞു. മാറിടത്തിലെ മുഴയുടെ പതോളജിക്കല്‍ സ്വഭാവത്തെക്കുറിച്ചാണ് ഡോ. പ്രിയ മൊഴി നല്‍കിയത്. മാമോഗ്രാം റിപ്പോര്‍ട്ട് ശരിയായിരുന്നില്ല എന്നു പിന്നീട് പരിശോധനകളില്‍ വ്യക്തമായ സാഹചര്യത്തില്‍ സ്വാഭാവികമായും അതു ചെയ്ത സ്ഥാപനം ഡോ. രെഞ്ജിന്റെ മൊഴിയിലൂടെത്തന്നെ പ്രതിസ്ഥാനത്തായിരിക്കുകയാണ്. പക്ഷേ, തുടര്‍ നടപടി മാത്രമില്ല.

വലിയ അവകാശവാദങ്ങളോടെയാണ് ഈ സര്‍ക്കാര്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ 2016 നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയത്. നിയമം പ്രാബല്യത്തില്‍ വന്ന ശേഷം അതിന്റെ പരിധിയില്‍ സംസ്ഥാനത്തുണ്ടായ ഏറ്റവും പ്രധാന സംഭവം ഇതാണ്. സ്വകാര്യ ആശുപത്രികള്‍, സ്‌കാന്‍ സെന്ററുകള്‍, ലാബുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്കു സുപ്രധാനമായ പല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൊണ്ടുവന്ന നിയമമാണ് അത്. ലാബുകളുടേയും മറ്റും അംഗീകാരം, പരിശോധനകള്‍ക്കു നിശ്ചിത യോഗ്യതയുള്ളവരെ നിയമിക്കല്‍, രോഗികളോടുള്ള ഉത്തരവാദിത്വം. രോഗനിര്‍ണ്ണയം, പരിശോധനാ നിരക്കുകള്‍ തുടങ്ങിയ നിരവധി കാര്യങ്ങളുടെ കണിശതകൊണ്ട് ശ്രദ്ധേയമാണ് നിയമം. പക്ഷേ, അതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നീക്കം ഇതുവരെ സി.എം.സിക്കെതിരെയോ ഡയനോവ ലാബിനെതിരെയോ ഉണ്ടായിട്ടില്ല. ഡോ. രെഞ്ജിന്‍ കോട്ടയത്തെ പ്രമുഖ സി.പി.എം നേതാവ് വി.എന്‍. വാസവന്റെ അടുത്ത ബന്ധുവാണ് എന്നത് ഈ സംഭവവുമായി ബന്ധപ്പെടുത്തി ചൂണ്ടിക്കാണിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍, അതിനോടൊന്നും പ്രതികരിക്കാതെ നീതിയെക്കുറിച്ചുള്ള പ്രതീക്ഷകളില്‍ ഉറച്ചു നില്‍ക്കുകയാണ് രജനി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com