ഭരണഘടന ചര്‍ച്ച ചെയ്യപ്പെട്ട വര്‍ഷം, അയോധ്യയിലെ ചരിത്ര വിധി, ചാന്ദ്രയാൻ- 2019 പിന്നിടുമ്പോള്‍ ഇന്ത്യ

അധികാരമേല്‍ക്കുമ്പോള്‍ ഭരണഘടനയെ നമസ്‌കരിച്ച് ഇത്തവണ പാര്‍ലമെന്റിലെത്തിയ മോദി ഏറ്റവുമധികം പഴികേട്ടത് ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചതിനെ ചൊല്ലിയായിരുന്നു
ഭരണഘടന ചര്‍ച്ച ചെയ്യപ്പെട്ട വര്‍ഷം, അയോധ്യയിലെ ചരിത്ര വിധി, ചാന്ദ്രയാൻ- 2019 പിന്നിടുമ്പോള്‍ ഇന്ത്യ

ഭരണഘടനയെ രക്ഷിക്കാന്‍

ശ്മീരിന് പ്രത്യേകാധികാരം നല്‍കിയ ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തു കളഞ്ഞതിനു ശേഷമുള്ള മോദി സര്‍ക്കാരിന്റെ ആദ്യ ഭരണഘടനാ ദിനാചരണമായിരുന്നു നവംബര്‍ 26ന്. അധികാരമേല്‍ക്കുമ്പോള്‍ ഭരണഘടനയെ നമസ്‌കരിച്ച് ഇത്തവണ പാര്‍ലമെന്റിലെത്തിയ മോദി ഏറ്റവുമധികം പഴികേട്ടത് ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചതിനെ ചൊല്ലിയായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിനു ശേഷം ഭരണഘടനാ തത്വങ്ങള്‍ക്കു നേരെ നടന്ന ഏറ്റവും കടുത്ത കയ്യേറ്റമായിരുന്നു കശ്മീര്‍ വിഷയത്തിലുണ്ടായത്. ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനും അവിടത്തെ ജനപ്രതിനിധികളെയടക്കം ജയിലില്‍ അടക്കാനും പാര്‍ലമെന്റില്‍ തെറ്റായ വിവരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്ന് ആരോപണം നിലനില്‍ക്കുകയാണ്. ഭൂരിപക്ഷമില്ലാത്ത സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ഭരണഘടനാ തത്വങ്ങള്‍ക്കതീതമായാണ് മോദി സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷക്കാലവും സഹായിച്ചത്. ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ഹാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എംപിമാരെ അഭിസംബോധന ചെയ്യുമ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റ് വളപ്പിലെ അംബേദ്കറിന്റെ പ്രതിമയുടെ ചുറ്റിനും ഭരണഘടന വായിക്കുകയായിരുന്നു.

പൗരത്വത്തിന്റെ പെടാപ്പാടുകള്‍

പൗരത്വം തെളിയിക്കുന്നതിനു സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും സങ്കീര്‍ണമായ നടപടികള്‍ക്കൊടുവിലാണു 3.11 കോടി പേര്‍ ഉള്‍പ്പെട്ട പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടിക പ്രസിദ്ധീകരിച്ചതോടെ അസമിലെ 19 ലക്ഷത്തിലേറെ ജനങ്ങള്‍ വഴിയാധാരമായി. 41 ലക്ഷം പേരെ ഒഴിവാക്കിക്കൊണ്ടുള്ള കരടു പട്ടിക ഏറെ വിവാദമായിരുന്നു. കുടിയേറ്റക്കാരെ പുറത്താക്കണമെന്നും അസമിന്റെ തനിമ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള വര്‍ഷങ്ങള്‍നീണ്ട പ്രക്ഷോഭത്തിന് അറുതിവരുത്താന്‍ 1985ല്‍ ഒപ്പിട്ട അസം കരാറിന്റെ തുടര്‍ച്ചയായാണു പുതുക്കിയ ദേശീയ പൗരത്വ റജിസ്റ്റര്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്ത് നടപടിക്രമങ്ങള്‍ ഇഴഞ്ഞുനീങ്ങി. എന്നാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പടയോട്ടത്തിനു തുടക്കമിട്ട അസമില്‍, പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു എന്‍ആര്‍സി പുതുക്കി പ്രസിദ്ധീകരിക്കുമെന്നത്. അതാണ് ബിജെപി നടപ്പാക്കിയത്. ഫലത്തില്‍ ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലീങ്ങള്‍ക്ക് വരെ പൗരത്വം നിഷേധിക്കപ്പെട്ടു.

ചുഴലികള്‍ വിശീയകറ്റിയ വര്‍ഷം

ചുഴലിക്കാറ്റുകളുടെ എണ്ണത്തില്‍ 2019 സമീപകാല റെക്കോഡായിരുന്നു. ഈ വര്‍ഷം ഇന്ത്യന്‍ തീരത്ത് രൂപപ്പെട്ടത് അതിതീവ്രതയുള്ള എട്ട് ചുഴലിക്കാറ്റുകളാണ്. അറബിക്കടലില്‍വായു, ഹിക്ക, ക്യാര്‍, മഹ, പവന്‍, ടിസി 07എ എന്നീ ചുഴലികള്‍ രൂപം കൊണ്ടപ്പോള്‍ ബംഗാള്‍ തീരത്ത് പാബുക്കും ഫോണിയും ബുള്‍ബുള്ളും വന്നു. ഇന്ത്യന്‍ സമുദ്രങ്ങളില്‍ രൂപപ്പെടുന്ന ചുഴലികളുടെ എണ്ണത്തില്‍ മൂന്നിരട്ടിയോളം വര്‍ധനയുണ്ടായെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 1975ലും 1987ലുമാണ് ഇതിനു മുന്‍പ് ഏറ്റവുമധികം ചുഴലിക്കാറ്റുകള്‍ ഇന്ത്യന്‍ സമുദ്രങ്ങളിലുണ്ടായത്. 2004 ല്‍ പ്രഖ്യാപിച്ച 64 കാറ്റുകളുടെ പേരടങ്ങുന്ന ആദ്യപട്ടികയില്‍ ഇനി ഒരു കാറ്റുകൂടി മാത്രമാണ് ബാക്കിയുള്ളത്. 'ഉംഫന്‍' എന്നാണ് ഈ കാറ്റിന്റെ പേര്.

കളമറിഞ്ഞ് ചുവടുവയ്പ്പ്

പുല്‍വാമയും ബാലക്കോട്ട് ആക്രമണവുമാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിച്ചത്. അതുവരെ ഭരണവിരുദ്ധവികാരമായിരുന്നു രാജ്യത്തുടനീളം. ജിഎസ്ടിയും നോട്ടുനിരോധവും സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ വേറെ. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍ ബിജെപി ക്ഷീണിച്ചിരുന്നു. എന്നാല്‍, പുല്‍വാമയ്ക്കു ശേഷം ദേശസുരക്ഷയെ ആളിക്കത്തിക്കാന്‍ മോദിക്കായി. ആരുടെയും മുന്നില്‍ തലതാഴ്ത്താന്‍ അവസരം കൊടുക്കില്ലെന്നു പ്രഖ്യാപിച്ചു. അതോടെ, തെരഞ്ഞെടുപ്പു കളത്തില്‍ മോദി മുന്നിലെത്തി. തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പാക്കിസ്ഥാനെതിരെ 'വാക്കാക്രമണം' കൂടി നടത്തിയതോടെ അടിപതറുമെന്നു സംശയിച്ചിരുന്ന ഹിന്ദി ഹൃദയഭൂമിയില്‍ മോദിയും അമിത്ഷായും തിളങ്ങി. ഹിന്ദുത്വ അജന്‍ഡ ആദ്യഘട്ട വോട്ടെടുപ്പുകളില്‍ തന്നെ ഫലപ്രദമായി ഉപയോഗിക്കാന്‍ ബിജെപിക്കായി. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലത്തിലേക്കുള്ള ഒളിച്ചോട്ടമെന്നടക്കം വ്യാഖ്യാനിച്ചു.

ചരിത്രത്തിലെ വിധിയെഴുത്ത്

യോധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മാണത്തിനു കൈമാറാനും ബാബ്‌റി മസ്ജിദ് നിര്‍മിക്കാന്‍ അയോധ്യയില്‍ത്തന്നെ അഞ്ചേക്കര്‍ ഭൂമി നല്‍കാനുമായിരുന്നു സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി. പരിഹാരോന്മുഖം എന്നതിനപ്പുറം ഈ വിധിയുമായി ബന്ധപ്പെട്ട മറ്റു ചില ആശങ്കകളാണ് ചര്‍ച്ചാ വിഷയമായത്. ഭൂരിവാദങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഭരണഘടനാ കോടതിയുടെ ചിന്താഗതികള്‍ മാറിയെന്നതായിരുന്നു ആ ആശങ്കകളിലൊന്ന്. മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റകൃത്യമാണെന്നും നിയമ ലംഘനം ആയിരുന്നുവെന്നും പറഞ്ഞ സുപ്രീംകോടതി അതില്‍ എന്ത് ചെയ്യണമെന്ന് വ്യക്തമാക്കിയില്ല. നിയമവിരുദ്ധമായ രീതിയിലാണ് പള്ളി പൊളിച്ചതെങ്കില്‍ അത് പുനര്‍നിര്‍മ്മിക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത് എന്നുള്ള യുക്തിസഹമായ ചോദ്യത്തിനും വിധിയിലൂടെ ഉത്തരം കിട്ടിയില്ല. വര്‍ഗീയ, വൈകാരിക വികാരം ഉണര്‍ത്തി രാഷ്ട്രീയ ആയുധമാക്കി മാറ്റിയ ബിജെപിക്ക് കോടതിവിധി വിജയമാണ്. എന്നാല്‍, വിധിയെ നിക്ഷപക്ഷമായി അപഗ്രഥിക്കുമ്പോള്‍ മതേതര സംവിധാനത്തിന്റെ ആധാരശിലയുടെ ഭദ്രതയ്ക്ക് തന്നെ ഇളക്കം തട്ടിയിയെന്നു വ്യക്തം.

ഡല്‍ഹിക്ക് ശ്വാസംമുട്ടുന്നു

ഗ്യാസ് ചേംബറിനുള്ളിലെന്നവണ്ണം ശ്വാസം മുട്ടുകയായിരുന്നു ഇത്തവണ രാജ്യതലസ്ഥാനം. ഡല്‍ഹിയിലെ 1.8 കോടി ജനങ്ങള്‍ക്ക് ശ്വസിക്കാന്‍ പോലും ശുദ്ധവായു കിട്ടാത്ത അവസ്ഥ. ഓരോ വര്‍ഷവും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയരുന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കാര്‍ഷികവിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന്റെ പുക കൂടിയാകുമ്പോള്‍ നഗരം മൂടപ്പെടുന്നു. വാഹനമലിനീകരണം ഏറ്റവും കൂടുതലുള്ള നഗരങ്ങളുടെ പട്ടികയിലും ഡല്‍ഹി മുന്‍പിലാണ്. 2030 ആവുമ്പോഴേക്കും വാഹനങ്ങളുടെ എണ്ണം രണ്ടുകോടി കവിയുമെന്നാണു കണക്കുകൂട്ടല്‍. പ്രശ്‌നം ഗുരുതരമാകുമ്പോള്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍, അതൊന്നും ശാശ്വത പരിഹാരമാകുന്നില്ല. ഡല്‍ഹിയുടെ ആ ശ്വാസംമുട്ടല്‍ ഒരു മുന്നറിയിപ്പുകൂടിയാണ്. അന്തരീക്ഷ മലിനീകരണം കാരണം രാജ്യത്തു പ്രതിവര്‍ഷം 12 ലക്ഷത്തിലേറെ പേര്‍ മരിക്കുന്നുവെന്നാണു ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.

ബീഹാറിലെ കൂട്ടമരണങ്ങള്‍

സാമൂഹിക, സാമ്പത്തികരംഗങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന ബീഹാറിന്റെ അതിദയനീയമായ ചിത്രമാണ് ഇത്. മുസാഫര്‍പൂരിലാണ് കുഞ്ഞുങ്ങളുടെ മസ്തിഷ്‌കജ്വരബാധയും കൂട്ടമരണവുമുണ്ടായത്. അക്യൂട്ട് എന്‍സിഫലൈറ്റിസ് സിന്‍ഡ്രോം കാരണം മരണമടഞ്ഞത് 142 കുട്ടികള്‍. എന്നാല്‍, കൂട്ടമരണത്തേക്കാള്‍ ഭീതിജനകമായിരുന്നു അധികൃതരുടെ നിസ്സംഗത. രോഗപ്രതിരോധത്തിനെന്നല്ല, രോഗത്തിന് ചികിത്സിക്കാനുള്ള പ്രാഥമിക സൗകര്യങ്ങള്‍പോലും ഒരുക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ 10 കൊല്ലമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മുസഫര്‍പുരിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ രക്തപരിശോധനയ്ക്കുള്ള ഗ്ലൈക്കോമീറ്റര്‍ പോലുമില്ല. അര നൂറ്റാണ്ടു പഴക്കമുള്ള ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ ശിശുരോഗ വിഭാഗത്തില്‍ മതിയായ ബെഡുകളില്ലായിരുന്നു. വൈറോളജി ലാബില്ല. വര്‍ഷംതോറും രോഗബാധയുണ്ടാകുമ്പോള്‍ താല്‍ക്കാലിക വാര്‍ഡുകള്‍ തട്ടിക്കൂട്ടും. അടിയന്തരമായി ചില ശുചീകരണപ്രവൃത്തികള്‍ നടത്തും. സെപ്റ്റംബറില്‍ ചൂടുകുറഞ്ഞ് സംസ്ഥാനം ശൈത്യത്തിലേക്ക് കടക്കുന്നതോടെ രോഗത്തോടൊപ്പം സര്‍ക്കാരും പിന്‍വലിയും. പോഷകാഹാരക്കുറവാണ് രോഗബാധയുടെ പ്രധാന കാരണങ്ങളിലൊന്ന്.

ജെ.എന്‍.യു പ്രക്ഷോഭഭൂമി

ഫീസ് നിരക്കിലെ വര്‍ധനയും ഹോസ്റ്റല്‍ നിയമാവലിയിലെ പരിഷ്‌കാരവും മാത്രമായിരുന്നില്ല ജെ.എന്‍.യുവില്‍ ഇത്തവണ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ കാരണങ്ങള്‍. ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഘട്ടത്തിലൂടെയാണ് ലോകപ്രശസ്തമായ ഈ സര്‍വകലാശാല കടന്നുപോകുന്നത്. അടിയന്തരാവസ്ഥാക്കാലത്തുപോലും ഇത്രയധികം അടിച്ചമര്‍ത്തല്‍ നേരിടേണ്ടിവന്നിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തവണ തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളെ ഡല്‍ഹി പൊലീസ് കായികമായി നേരിടുകയായിരുന്നു. സംവാദാത്മകമായ അക്കാദമികാന്തരീക്ഷം കളങ്കിതമാക്കാനും നശിപ്പിക്കാനുമാണ് ഈ ശ്രമമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിയോജനങ്ങള്‍ക്ക് സ്ഥാനമുള്ള അക്കാദമികാന്തരീക്ഷം സംരക്ഷിക്കാനുള്ള ജെ.എന്‍.യുവിന്റെ ചെറുത്തുനില്‍പ്പും സമരവും ഫാസിസത്തിനെതിരെയുള്ള ജനാധിപത്യത്തിന്റെ പ്രതിരോധമാണ്.

അഗാധതയുടെ ഇരുളില്‍ ചന്ദ്രയാന്‍

.എസ്.ആര്‍.ഒയുടെ അഭിമാനപദ്ധതിയായിരുന്നു ചന്ദ്രയാന്‍2. ആരും ചെന്നെത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇറക്കുകയായിരുന്നു ദൗത്യം. സങ്കീര്‍ണമായ വിക്ഷേപണത്തിനു ശേഷം വിജയകരമായി ചന്ദ്രനിലിറങ്ങുന്നതായിരുന്നു ഏവരുടെയും മനസില്‍. എന്നാല്‍, അവസാന നിമിഷം കണ്‍ട്രോള്‍ റൂമിന് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായി. നിഴലുകളുടെ മറവില്‍ പേടകം ഒളിച്ചു. നാസയ്ക്കു പോലും പേടകം ആദ്യം കണ്ടെത്താനായില്ല. ചന്ദ്രനിലിറങ്ങാനുള്ള ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ അസ്തമിക്കുന്നില്ലെന്ന് പറയുന്നുണ്ടെങ്കിലും ബഹിരാകാശഭാവി വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പാണ്. 2012 ഓടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ ഭാവി സംബന്ധിച്ചും ചോദ്യമുയരുന്നു.

നൊബേല്‍ ഇന്ത്യ

വീന്ദ്രനാഥ് ടഗോര്‍, മദര്‍ തെരേസ, അമര്‍ത്യ സെന്‍ എന്നിവര്‍ക്കു ശേഷം നാലാം തവണയാണ് നൊബേല്‍ സമ്മാനം വീണ്ടും കൊല്‍ക്കത്തയിലേക്കെത്തിയത്. കൊല്‍ക്കത്തയില്‍ ജീവിച്ചു വളര്‍ന്ന ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിക്കും ഭാര്യ എസ്‌തേറിനുമായിരുന്നു പുരസ്‌കാരം ലഭിച്ചത്. ദാരിദ്ര്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട സാമ്പത്തികഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്.

കര്‍ഷകരുടെ കനല്‍വഴികള്‍

2018ലെ കര്‍ഷകപ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയെന്നവണ്ണം 2019ലും കര്‍ഷകപ്രക്ഷോഭങ്ങള്‍ സജീവമായി. ഫെബ്രുവരിയില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ ഒറ്റിക്കൊടുക്കുകയാണെന്ന് ആരോപിച്ച് ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് മാര്‍ച്ച് നടത്തി. 180 കിലോമീറ്റര്‍ ദൂരം കാല്‍നടയായെത്തിയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ ഉള്‍പ്പെട്ട ഏറ്റവും വലിയ കര്‍ഷക സംഘടനയായ ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ കീഴിലായിരുന്നു കര്‍ഷകര്‍ പ്രതിഷേധ റാലിയില്‍ അണിനിരന്നത്. മഹാരാഷ്ട്രയിലെ 23 ജില്ലകളില്‍ നിന്നുള്ള കര്‍ഷകരാണ് റാലിയുടെ ഭാഗമായത്. കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ലഭിക്കണം, വായ്പ എഴുതിത്തള്ളണം, വരള്‍ച്ച ബാധിച്ച കര്‍ഷര്‍ക്ക് ഇളവ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുന്‍വര്‍ഷങ്ങളിലെ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടതാണ് റാലി നടത്താന്‍ കര്‍ഷകരെ നിര്‍ബന്ധമാക്കിയത്. ഉത്തര്‍പ്രദേശിലും സമാനരീതിയില്‍ ഭാരതീയ കിസാന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ വന്‍ റാലി നടത്തിയിരുന്നു.

ചൂടുപകര്‍ന്ന ആത്മഹത്യ

രാജ്യത്തെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ 'കഫെ കോഫി ഡേ'യുടെ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ വ്യവസായ ലോകത്തെ ഞെട്ടിച്ചു. കടബാധ്യതയും ആദായനികുതി വകുപ്പിന്റെ പീഡനവുമായിരുന്നു ആത്മഹത്യക്ക് കാരണങ്ങള്‍. ആദായനികുതി വകുപ്പിന്റെ മുന്‍ ഡയറക്ടര്‍ ജനറലില്‍ നിന്ന് തനിക്കേറ്റ മാനസിക പീഡനങ്ങള്‍ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു, 6,547 കോടി രൂപയായിരുന്നു കഫേ കോഫിഡേയുടെ ബാധ്യത.

മഹാബലിപുരം ചീനയും ഇന്ത്യയും

ക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് മഹാബലിപുരത്താണ്. മുണ്ടും ഷര്‍ട്ടും വേഷ്ടിയും ധരിച്ചെത്തിയ മോദിയുടെ രാഷ്ട്രീയലക്ഷ്യം കൂടിയായിരുന്നു ഈ കൂടിക്കാഴ്ച. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയുടെ രാഷ്ട്രീയസ്വാധീനം വളര്‍ത്താന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.  ഇതു രണ്ടാംതവണയാണ് ഇന്ത്യയും ചൈനയും തമ്മില്‍ അനൗപചാരിക ഉച്ചകോടി നടക്കുന്നത്. കഴിഞ്ഞവര്‍ഷം വുഹാനിലായിരുന്നു ആദ്യ കൂടിക്കാഴ്ച നടന്നത്. ഉഭയകക്ഷി വാണിജ്യം, ഭീകരതയ്‌ക്കെതിരേയുള്ള കൂട്ടായ്മ, പരസ്പരവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയായി.

സ്വന്തംരാജ്യത്തോട് യുദ്ധം ചെയ്യേണ്ടി വരുന്ന ജനത

യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതമാക്കുകയായിരുന്നു ഇത്തവണ കശ്മീര്‍ ജനതയെ. കശ്മീരിനെ വിഭജിക്കുമ്പോഴും പ്രത്യേക പദവി എടുത്തുകളയുമ്പോഴും കേന്ദ്രസര്‍ക്കാരിനും ബിജെപിയും യുദ്ധം ജയിച്ച പ്രതീതിയായിരുന്നു. എന്നാല്‍, രാജ്യം മുഴുവന്‍ കശ്മീരിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ താഴ് വരയിലെ ആ ജനത ഇരുട്ടിലായിരുന്നു. നാല്‍പ്പതിനായിരം അധിക സൈനികരെയാണ് കശ്മീരില്‍ വിന്യസിച്ചത്. മുന്‍മുഖ്യമന്ത്രിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു കരുതല്‍ തടങ്കലിലാക്കി. ഇന്റര്‍നെറ്റ്‌മൊബൈല്‍ സേവനങ്ങള്‍ തടഞ്ഞു. തോക്കിന്‍മുനയില്‍ നിര്‍ത്തി അവരുടെ ഭാവി തന്നെ മാറ്റിമറിച്ചു. ചരിത്രത്തിലെ തെറ്റുതിരുത്തലായാണ് ആര്‍.എസ്.എസും ബിജെപി നേതാക്കളും ഇതിനെ കാണുന്നത്. കശ്മീരില്‍ എല്ലാം ഭദ്രമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. പുറമേ ശാന്തമെന്ന് തോന്നിക്കുമെങ്കിലും ഉള്ളില്‍ അമര്‍ഷം നീറിപ്പുകയുന്നുണ്ട്. ഈ രാഷ്ട്രീയ ശൂന്യത നീക്കുകയാണ് സര്‍ക്കാരിന്റെ അടുത്ത വെല്ലുവിളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com