കരുത്തന്‍ രണ്ടാമന്‍: അമിത് ഷായെക്കുറിച്ച് 

ആഭ്യന്തരമന്ത്രിയായ അമിത്ഷായുടെ ഭാവിനീക്കങ്ങള്‍ എന്തെല്ലാമാകും? ബുദ്ധിയും വിവേകവും ഗൂഢനീതിയും ആസൂത്രണവുംകൊണ്ടു നേടിയ അധികാര വിജയങ്ങള്‍  അമിത്ഷായെ മോദിയുടെ പിന്‍ഗാമിയാക്കുമോ?
കരുത്തന്‍ രണ്ടാമന്‍: അമിത് ഷായെക്കുറിച്ച് 

ദുര്‍ജ്ജനം കാലക്രമേണ നല്ലവരാകില്ലെന്നത് ചാണക്യസൂത്രങ്ങളിലൊന്നാണ്. മൗര്യസാമ്രാട്ട് ചന്ദ്രഗുപ്തന്റെ നിഴല്‍സഞ്ചാരിയായിരുന്ന കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിന്റെ ആരാധകനാണ് അമിത് അനില്‍ചന്ദ്ര ഷാ. കറുപ്പും വെളുപ്പും മാറിമറിയുന്ന കളങ്ങളില്‍ കാലാളുകളെ വെട്ടിവീഴ്ത്തുന്ന ചതുരംഗമാണ് ഇഷ്ടവിനോദം. മനുഷ്യമനസ്സിന്റെ വിഭജനമാണ് ആയുധം. ആത്യന്തിക ജയത്തിനുവേണ്ടിയുള്ള കരുനീക്കങ്ങളാണ് നിര്‍ണ്ണായകം. മന്ത്രിസഭയില്‍ തനിക്കു ശേഷം രണ്ടാമനെന്ന് മോദി നാടകീയമായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത് രാജ്നാഥ്സിങ്ങിനെയായിരുന്നു, ഫലത്തില്‍ അങ്ങനെയല്ലെങ്കിലും. പക്ഷേ, വകുപ്പു വിഭജനത്തില്‍ മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്ത അമിത്ഷായ്ക്ക് ലഭിച്ചത് ആഭ്യന്തരമന്ത്രിസ്ഥാനം. ഫലത്തില്‍ മന്ത്രിസഭയിലെ രണ്ടാമന്‍. മോദി കഴിഞ്ഞാല്‍ വിശ്വസ്തനായ സര്‍വ്വാധികാരി. പാര്‍ട്ടിയും സര്‍ക്കാരും നിയന്ത്രണത്തിലുള്ള അധികാരകേന്ദ്രം. മോദി പ്രധാനമന്ത്രിയും ഷാ ആഭ്യന്തരമന്ത്രിയുമായ ഭാവിരാഷ്ട്രീയം ഇത്രകണ്ട് ചര്‍ച്ചചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ചരിത്രത്തിലെ ചില ചെയ്തികളാണ്. ഗുജറാത്തിലെ നൃശംസതകളുടെ ആവര്‍ത്തനം രാജ്യമെങ്ങും ഉണ്ടായേക്കുമോയെന്ന ആശങ്കയാണ് അതിന് അടിസ്ഥാനം.

ആര്‍.എസ്.എസിന്റെ ആശയങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്ന, തീവ്രമായ നിലപാടുകള്‍ ആവര്‍ത്തിക്കുന്ന, അത് നടപ്പിലാക്കാന്‍ കാര്യശേഷിയുള്ള രാഷ്ട്രീയപ്പാര്‍ട്ടി നേതാവില്‍നിന്ന് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പദത്തിലേക്കുള്ള ഷായുടെ ചുവടുമാറ്റം നിര്‍ണ്ണായകമാണ്. പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുജറാത്തില്‍ സ്വീകരിച്ച അതേ തീവ്ര നിലപാടുകള്‍ തന്നെയാകും രാജ്യമെങ്ങും അദ്ദേഹം ആവര്‍ത്തിക്കുക. നോര്‍ത്ത് ബ്ലോക്കിലിരുന്ന് പ്രശ്‌നങ്ങളെ ശക്തമായി നേരിടുന്ന ആ ശൈലിയാണ് ഹിന്ദുത്വ ആരാധകര്‍ക്ക് ആവശ്യവും. ബഹുസ്വരമാര്‍ന്ന ഇന്ത്യന്‍ ജനാധിപത്യത്തില്‍ അദ്ദേഹം നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന ഈ നീക്കങ്ങള്‍ വലിയ സംഘര്‍ഷത്തിലേക്കാകും ചുവടുവയ്ക്കുക. ഒരു രാജ്യം, ഒരു നിയമം, ഒരു നികുതി, ഒരു മതം, ഒരു സംസ്‌കാരം, ഒരു ഭാഷ എന്നിവയാണ് മോദി ടീം ലക്ഷ്യമിടുന്ന പുതിയ ഇന്ത്യ. ഇന്ത്യന്‍ ഫെഡറലിസമല്ല, മറിച്ച് കോ-ഓപ്പറേറ്റീവ് ഫെഡറലിസമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്ന അധികാരവിഭജന ഘടന. തത്ത്വത്തില്‍ പ്രധാനമന്ത്രിയില്‍ അധികാരം കേന്ദ്രീകരിക്കുന്ന ഒരു കൂട്ടുകുടുംബ വ്യവസ്ഥ. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടപ്പോള്‍ ഈ വ്യവസ്ഥയെക്കുറിച്ചാണ് അമിത്ഷാ വ്യക്തമാക്കിയത്. അതുകൊണ്ടു തന്നെ, ഭരണഘടന ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഫെഡറലിസത്തിനു തന്നെയാകും ആദ്യ വെല്ലുവിളി നേരിടേണ്ടിവരിക.

ഇപ്പോള്‍ ഗവര്‍ണര്‍ ഭരണത്തിലുള്ള കശ്മീരാണ് മറ്റൊരു നിര്‍ണ്ണായക വിഷയം. കശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ നിദാനമായ 370, 35എ എന്നീ വകുപ്പുകള്‍ എടുത്തുകളയണമെന്നാണ് ബി.ജെ.പിയുടെ നിലപാട്. പ്രകടനപത്രികയില്‍ മുഖ്യവിഷയമായി പാര്‍ട്ടി ഉന്നയിച്ചതും ഈ വകുപ്പിന്റെ കാര്യമാണ്. കശ്മീരിനു പ്രത്യേക അധികാരം നല്‍കുന്ന ഈ വകുപ്പ് എടുത്തുകളഞ്ഞാല്‍ ഇന്ത്യന്‍ യൂണിയനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സുമടക്കമുള്ള കശ്മീരിലെ രാഷ്ട്രീയ കക്ഷികള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. സഖ്യകക്ഷി ആയിരുന്നിട്ടുകൂടി പി.ഡി.പി ഇക്കാര്യത്തില്‍ കടുത്ത വിയോജിപ്പാണ് അറിയിച്ചത്. സ്വന്തം അസ്തിത്വത്തെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ഈ നിലപാടില്‍ നിന്നൊരു വ്യതിചലനം ഈ പാര്‍ട്ടികള്‍ക്കുണ്ടാകുകയുമില്ല. ഒമര്‍ അബ്ദുള്ളയ്ക്ക് പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെങ്കില്‍ അതു നടക്കില്ല. ഇന്ത്യയില്‍ രണ്ടു പ്രധാനമന്ത്രിമാര്‍ വേണ്ടെന്നും ബി.ജെ.പി നേതാക്കള്‍ക്ക് ജീവന്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി തുടരുമെന്നുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും അമിത്ഷാ പ്രസംഗിച്ചത്. കശ്മീരിനെ ഇന്ത്യയില്‍നിന്ന് വേര്‍പെടുത്താനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം എന്നായിരുന്നു അമിത്ഷായുടെ പ്രചാരണതന്ത്രം.

ജനങ്ങളില്‍ ബഹുഭൂരിപക്ഷവും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെങ്കിലും ഇത്തവണ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കശ്മീരിലെ ആറു സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ വിജയിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റും. ഇപ്പോള്‍ ഗവര്‍ണര്‍ ഭരണമുള്ള ജമ്മു കശ്മീരില്‍ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. നവംബറിലുണ്ടാകുമെന്നു കരുതുന്ന ഈ തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം വര്‍ദ്ധിക്കേണ്ടത് ബി.ജെ.പിയുടെ അനിവാര്യതയുമാണ്. ഈ സാഹചര്യത്തില്‍ ഉടനടി കടുത്ത നടപടിക്ക് അമിത്ഷാ മുതിരില്ലെന്നാണ് കശ്മീരിലെ രാഷ്ട്രീയ കക്ഷികളുടെ വിലയിരുത്തല്‍. എന്നാല്‍, മറിച്ച് എന്തു സംഭവിച്ചാലും അതൊരു കലാപത്തിനായിരിക്കും വഴിതെളിക്കുക. ലോകത്ത് ഏറ്റവുമധികം സൈനികസാന്നിധ്യമുള്ള പ്രദേശമാണ് കശ്മീര്‍ താഴ്വര. ഇവിടെയുണ്ടാകുന്ന ചെറുരാഷ്ട്രീയ ചലനങ്ങള്‍ പോലും വലിയ കലാപങ്ങള്‍ക്കാകും വഴിതെളിക്കുക. ദശാബ്ദങ്ങളായി അടിച്ചമര്‍ത്തപ്പെടുന്ന ജനതയെ വീണ്ടും അസ്വാതന്ത്ര്യത്തിന്റേയും അസ്ഥിരതയുടേയും മുള്‍മുനയില്‍ നിര്‍ത്തുന്ന നയതീരുമാനങ്ങള്‍ രാജ്യാന്തരതലത്തിലും ഇന്ത്യക്ക് അപമാനമായേക്കാം. 
മുന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഷായുടെ അത്രയും തീവ്ര നിലപാടുകാരനല്ല. പാര്‍ട്ടി നിലപാട് തന്നെയാണ് അദ്ദേഹത്തിനുള്ളതെങ്കിലും പ്രശ്‌നങ്ങള്‍ കേള്‍ക്കാനുള്ള സഹിഷ്ണുത അദ്ദേഹം കാണിച്ചിരുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് 2016-ലുണ്ടായ പ്രക്ഷോഭങ്ങളെ തീവ്രമായി നേരിട്ടെങ്കിലും വലിയൊരു എടുത്തുചാട്ടത്തിനും അദ്ദേഹം മുതിര്‍ന്നിരുന്നില്ല. എന്നാല്‍, പട്ടേലിനു ശേഷമുള്ള ഉരുക്കുമനുഷ്യനായി ചിത്രീകരിക്കപ്പെടുന്ന ഷാ വരുമ്പോള്‍ അതല്ല സംഭവിക്കുകയെന്ന് കശ്മീരികള്‍ കണക്കുകൂട്ടുന്നു. ഇതിന്റെ പ്രതികരണമെന്നവണ്ണമാണ് ഷാ അധികാരമേറ്റെടുത്ത ദിവസം താഴ്വരയില്‍ ഉയര്‍ന്ന ജെയ്ഷെ മുഹമ്മദിന്റെ പതാകകള്‍. മോദിയുടെ ഭരണകാലയളവിലാണ് ചരിത്രത്തില്‍ ജമ്മു കശ്മീരില്‍ ഏറ്റവുമധികം സംഘര്‍ഷങ്ങളുണ്ടായതും. ഉറിയിലേയും പുല്‍വാമയിലേയും തീവ്രവാദാക്രമണങ്ങള്‍ ഉദാഹരണം. ഇതു കൂടാതെ രാഷ്ട്രീയമായ അസ്ഥിരത തുടരുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പിനു മുന്‍പുണ്ടായ ആക്രമണങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ച അമിത്ഷായും കൂട്ടരും അതിനുശേഷമുണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്കും സുരക്ഷാപിഴവുകള്‍ക്കും കാരണം ബോധിപ്പിക്കാന്‍ ബാധ്യസ്ഥരുമാണ്. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ബി.ജെ.പിയുടെ നിലപാടുകള്‍ എന്താണെന്ന് പാര്‍ട്ടിയുടെ മാനിഫെസ്റ്റോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ മാനദണ്ഡങ്ങള്‍ സാങ്കേതികമായി പാലിക്കാന്‍ കഴിയാത്തവരെ ചിതലുകള്‍ എന്നാണ് അമിത്ഷാ വിശേഷിപ്പിച്ചത്. പൗരത്വ പട്ടികയിലിടം കാണാത്തവരെയെല്ലാം രാജ്യത്തിനു പുറത്താക്കുമെന്നാണ് ഷായുടെ പ്രഖ്യാപനം. ഇത് ഈ സംസ്ഥാനങ്ങളില്‍ സൃഷ്ടിക്കാന്‍ പോകുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ ചെറുതല്ല. ബംഗ്ലാദേശില്‍നിന്ന് കുടിയേറിയ മതന്യൂനപക്ഷങ്ങളായ ഹിന്ദു-ജൈന-സിക്ക്-പാഴ്സി-ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്ക് പൗരത്വം അനുവദിക്കുന്ന ബില്‍ രാജ്യമൊട്ടാകെ അവതരിപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ലോക്സഭയില്‍ പാസ്സാക്കിയ ബില്‍ രാജ്യസഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ അവതരിപ്പിക്കാനായില്ല. രാജ്യസഭയില്‍ ഭൂരിപക്ഷം നേടുന്ന മുറയ്ക്ക് ബില്‍ പാസ്സാക്കിയെടുക്കുമെന്ന് അമിത്ഷാ ഇതിനകം വ്യക്തമാക്കിയിട്ടുമുണ്ട്. ബംഗാളില്‍ പൗരത്വബില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയും പറഞ്ഞിട്ടുണ്ട്. ആസാമിലെ പൗരത്വബില്ലില്‍ ബംഗാളി സംസാരിക്കുന്ന 22 ലക്ഷം ഹിന്ദുക്കളും അത്രയും തന്നെ മുസ്ലിങ്ങളും ഉള്‍പ്പെട്ടിട്ടില്ലെന്നും മമത പറയുന്നു. ജാതീയമായി വേര്‍തിരിക്കുന്ന ഈ ബില്ലിനെ എന്തു വില കൊടുത്തും തടയാനാണ് മമതയുടെ നീക്കം. ബംഗാളില്‍ ഇത്തവണ 18 സീറ്റുകള്‍ നേടിയ ബി.ജെ.പി രാഷ്ട്രീയമായി മേല്‍ക്കോയ്മ നേടാന്‍ പൗരത്വബില്ലിലൂടെ ശ്രമിക്കുകയും ചെയ്യും. ഫലത്തില്‍ അവിടെ മമത ബാനര്‍ജിയുമായി വലിയ സംഘര്‍ഷത്തിലേക്ക് ഇത് വഴിതെളിക്കും. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ മമത ചെറുത്താല്‍ അതിനെ എങ്ങനെ ബി.ജെ.പി നേരിടുമെന്നതും നിര്‍ണ്ണായകമാകും.

കോണ്‍ഗ്രസ്സാണ് മാവോയിസ്റ്റുകള്‍ക്ക് വളരാന്‍ വളമൊരുക്കിയതെന്ന ആരോപണം മുന്‍പേ തന്നെ അമിത്ഷാ ഉയര്‍ത്തിയിട്ടുണ്ട്. ഛത്തീസ്ഗഡില്‍ നക്സലിസം ചെറുക്കാന്‍ കഴിഞ്ഞത് നേട്ടമായി ഷാ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ അവതരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ മാവോയിസ്റ്റ് ഭീഷണിയെ സൈനികമായി നേരിടുകയെന്ന നയം കൂടുതല്‍ ശക്തമായി നടപ്പാക്കാനാവും അമിത്ഷായുടെ ശ്രമം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരേയും എഴുത്തുകാരേയും അധ്യാപകരേയുമൊക്കെ തടങ്കലിലാക്കിയതിനെതിരെ രാജ്യാന്തരതലത്തില്‍ വന്‍ പ്രതിഷേധമാണുണ്ടായത്. ഭീമ കോറഗാവ് കേസുമായി ബന്ധപ്പെട്ട് കവി പി. വരവരറാവും മാധ്യമപ്രവര്‍ത്തകനായ ഗൗതം നവലാഖും അഭിഭാഷകയായ സുധാ ഭരദ്വാജുമടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോദിയെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റമാണ് പൂനെ പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയത്. സാമൂഹ്യപ്രവര്‍ത്തകനായ ആനന്ദ് തെല്‍തുംബേയും അറസ്റ്റിലായി. രാഷ്ട്രീയമായി വിയോജിപ്പുള്ളവരെ കരുതിക്കൂട്ടി തടങ്കലിലാക്കുന്നതിനെതിരെ നോം ചോംസ്‌കിയും ജെയിംസ് പെട്രാസും ഏയ്ഞ്ചല ഡേവിസുമടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ലോക വനിതാദിനത്തില്‍ ഹര്‍വാര്‍ഡ് സര്‍വ്വകലാശാല പോലും ആദരിച്ച സുധാ ഭരദ്വാജ് ഇപ്പോഴും ജയിലിലാണ്. ചരിത്രകാരിയായ റോമിലാ ഥാപ്പര്‍, സാമ്പത്തിക ശാസ്ത്രജ്ഞരായ പ്രഭാത് പട്നായിക്, ദേവകി ജെയ്ന്‍, സോഷ്യോളജിസ്റ്റായ സതീഷ് ദേശ്പാണ്ഡെ എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. കീഴ്ക്കോടതികളെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ വ്യാപകമാകുമെന്ന ആശങ്കയാണ് അമിത്ഷായുടെ വരവോടെ ഉണ്ടായത്. ഇത് അര്‍ത്ഥവത്താകുന്ന രീതിയില്‍ ഭരണകൂടം ചെയ്യുന്ന നിയമപരമല്ലാത്ത പ്രവൃത്തികളും ഭീകരവാദം തന്നെയാണെന്ന മുന്നറിയിപ്പാണ് റോമിലാ ഥാപ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞ നടന്നതിന്റെ തൊട്ടുപിറ്റേന്ന് പത്രസമ്മേളനം വിളിച്ചു വ്യക്തമാക്കിയത്.  

നിലവില്‍ ബി.ജെ.പിക്ക് ഭരണം ലഭിക്കാത്ത സംസ്ഥാനങ്ങളിലുണ്ടാകുന്ന ആഭ്യന്തരപ്രശ്‌നങ്ങള്‍ കൂടുതല്‍ കാര്‍ക്കശ്യത്തോടെ കൈകാര്യം ചെയ്യുമെന്നതും പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും കര്‍ണാടകയിലും നേരിയ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. ഈ സംസ്ഥാനങ്ങളില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഏതെങ്കിലും രീതിയില്‍ ഭീഷണി നേരിട്ടാല്‍ ആഭ്യന്തരമന്ത്രാലയം എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും. പാര്‍ട്ടിവഴിയും അല്ലാതെയും അധികാരം പിടിച്ചെടുക്കാന്‍ സ്വീകരിച്ച വഴികള്‍ തന്നെയാകും തുടര്‍ന്നും അമിത്ഷാ സ്വീകരിക്കുകയെന്നതില്‍ തര്‍ക്കമില്ല. 

ഗുജറാത്തിലെ രണ്ടാമന്‍
പാരമ്പര്യമായി വ്യവസായികളായ ബനിയ കുടുംബത്തില്‍ ജനിച്ച അമിത്ഷായുടെ ജീവചരിത്രം നിഗൂഢമായ വഴിത്തിരിവുകള്‍ നിറഞ്ഞതാണ്. അച്ഛന് പി.വി.സി പൈപ്പ് വ്യാപാരമായിരുന്നു. ബയോകെമിസ്ട്രിയിലാണ് ബിരുദം നേടിയത്. വ്യാപാരത്തില്‍ അച്ഛനെ സഹായിക്കുന്നതിനിടെ സ്റ്റോക്ക് ബ്രോക്കറായും സഹകരണബാങ്കിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവിലെല്ലാം വിട്ടുവീഴ്ചയില്ലാത്ത ആര്‍.എസ്.എസ് പ്രചാരകനായിരുന്നു ഷാ. 1977-ല്‍ വല്ലഭായ് പട്ടേലിന്റെ മകള്‍ മണി ബെന്നിനായി തെരഞ്ഞെടുപ്പില്‍ പോസ്റ്റര്‍ ഒട്ടിച്ചാണ് തുടക്കം, അതും 13-ാം വയസ്സില്‍. ആര്‍.എസ്.എസില്‍നിന്ന് വിദ്യാര്‍ത്ഥി പരിഷത്തിലെത്തി. 1985-ലാണ് ബി.ജെ.പിയിലെത്തുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞ് യുവമോര്‍ച്ചയില്‍. 1989-ല്‍ അഹമ്മദാബാദില്‍ അദ്വാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ചുമതല വഹിച്ചു. ഈ കാലയളവിലാണ് നരേന്ദ്ര മോദിയുമായി അടുക്കുന്നതും. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ഇക്കാലയളവില്‍ മോദി. ഗുജറാത്ത് സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനമാണ് മോദി സഹചാരിക്കു നല്‍കിയത്. ഇതിനായി മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലില്‍ സമ്മര്‍ദ്ദംചെലുത്തി. പിന്നീടങ്ങോട്ട് അധികാരപടവുകള്‍ കയറിയ ഇരുവരും പട്ടേലിനേയും അദ്വാനിയടക്കമുള്ളവരേയും അരികിലിരുത്തി. രണ്ടു ദശാബ്ദം മുന്‍പ് അദ്വാനി മത്സരിച്ച സീറ്റില്‍ ഇത്തവണ ഇറങ്ങിയത് അമിത്ഷായായിരുന്നു. അതോടെ തലമുറമാറ്റം ബി.ജെ.പിയില്‍ പൂര്‍ണ്ണമായി. 1997-ലാണ് സര്‍ക്കേജില്‍നിന്ന് ആദ്യമായി അമിത്ഷാ എം.എല്‍.എയായത്. പിന്നീടങ്ങോട്ട് അഞ്ച് തവണ നിയമസഭയിലെത്തി. 2002-ല്‍ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദി പ്രതിക്കൂട്ടിലായപ്പോള്‍ നിഴലുപോലെ അമിത്ഷായുമുണ്ടായിരുന്നു. കലാപത്തിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് മോദി മുഖ്യമന്ത്രിയായപ്പോള്‍ അമിത്ഷാ മന്ത്രിസഭയിലെ രണ്ടാമനായി. താരതമ്യേന ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു ഷാ അപ്പോള്‍. കോണ്‍ഗ്രസ് നേതാവായ ദശരഥ് പട്ടേലില്‍നിന്ന് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് പിടിച്ചെടുത്ത ഷാ ഇതിനകം എതിരഭിപ്രായങ്ങളില്ലാതെ വളരുകയായിരുന്നു. കേശുഭായി പട്ടേലിന്റെ അടുത്ത അനുയായിയും വി.എച്ച്.പി നേതാവുമായ ഗോര്‍ധന്‍ സധാപിയെ ഒഴിവാക്കിയാണ് മോദി അമിത്ഷായെ മന്ത്രിസഭയില്‍ രണ്ടാമനാക്കിയത്. അന്ന് പതിന്നാലോളം വകുപ്പുകളാണ് ഷായുടെ ചുമതലയിലുണ്ടായിരുന്നത്.

ധനമന്ത്രിയായിരുന്ന വിജുഭായ് വാലയെയായിരുന്നു മന്ത്രിസഭയിലെ രണ്ടാമനായി ഏവരും കണ്ടിരുന്നത്. എന്നാല്‍, അതായിരുന്നില്ല സത്യം. മോദി കഴിഞ്ഞാല്‍ പിന്നെ തീരുമാനങ്ങള്‍ മുഴുവന്‍ എടുത്തത് അമിത്ഷായായിരുന്നു. 2003 ജനുവരി മുതല്‍ 2010 ജൂലൈ വരെ അദ്ദേഹം മന്ത്രിയായി തുടര്‍ന്നു. ഗുജറാത്തില്‍ ഏറ്റമുട്ടല്‍ കൊലപാതകങ്ങള്‍ വ്യാപകമായി നടന്ന കാലം കൂടിയായിരുന്നു അത്. അങ്ങനെയാണ് സൊറാഹുബുദ്ദീന്‍ കേസ് വരുന്നത്. സൊറാഹുബുദ്ദീന്‍, കൗസര്‍ബി, തുള്‍സി റാം, പ്രജാപതി എന്നിവരെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് സി.ബി.ഐ കണ്ടെത്തി. ഈ കേസില്‍ അമിത്ഷാ അറസ്റ്റിലായി. സബര്‍മതി ജയിലില്‍ മൂന്നു മാസം കഴിഞ്ഞ ഷായ്ക്ക് പിന്നീട് ജാമ്യം ലഭിച്ചെങ്കിലും ഗുജറാത്തില്‍ പ്രവേശിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയില്ല. ഈ കാലയളവിലാണ് പാര്‍ട്ടിയുടെ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. മോദി അധികാരത്തിലെത്തിയ 2014-ല്‍ യു.പിയുടെ തെരഞ്ഞെടുപ്പ് ചുമതല നിര്‍വ്വഹിച്ചത് അദ്ദേഹമാണ്. മോദി അധികാരത്തിലെത്തിയ ശേഷം രാജ്നാഥ് സിങ്ങിനു പകരം ഷാ പാര്‍ട്ടി പ്രസിഡന്റായി. 2014 ഡിസംബറില്‍ അമിത്ഷാ കുറ്റവിമുക്തനാക്കപ്പെട്ടു. അമിത്ഷായുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ചിരുന്ന ജഡ്ജി ബി.എച്ച്. ലോയ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചു. ഇതിനിടയില്‍ 2017-ല്‍ ഗുജറാത്തില്‍നിന്ന് രാജ്യസഭാംഗമായ ഷാ പാര്‍ട്ടിയിലും സര്‍ക്കാരിലും അധികാരകേന്ദ്രമാകുകയായിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com