പ്രണയിച്ചതിന്റെ പേരില്‍ തല മൊട്ടയടിച്ച് ആള്‍ക്കൂട്ട വിചാരണ, വീടുകയറി ആക്രമണം, അപവാദ പ്രചാരണം; വേട്ടയാടപ്പെടുന്ന ഒരു കുടുംബം

പ്രണയത്തിന്റെ പേരില്‍ ഒരു കുടുംബത്തെയാകെ വേട്ടയാടുമ്പോള്‍, ജീവിക്കാന്‍ വേണ്ടി കളക്ടറേറ്റിനു മുന്നില്‍ മൂന്ന് ആണ്‍കുട്ടികള്‍ക്ക് നിരാഹാരമിരിക്കേണ്ടി വന്നു 
ഉബൈ​ദും സഹോദരൻമാരും കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ/ ഫോട്ടോ: മനു മാവേലില്‍
ഉബൈ​ദും സഹോദരൻമാരും കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ/ ഫോട്ടോ: മനു മാവേലില്‍

പ്രണയിച്ചതിന്റെ പേരില്‍ നിരന്തരം അക്രമത്തിനിരയാക്കപ്പെടുന്ന ഒരു കുടുംബം. പ്രണയിച്ചവനെ മര്‍ദ്ദിച്ച് തെരുവിലൂടെ നടത്തി തല മൊട്ടയടിച്ച് ആനന്ദിച്ച ആള്‍ക്കൂട്ടം. പരാതിപറയാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ തെറിവിളിയും ഭീഷണിയുമായി മൊഴിയെടുക്കാന്‍ പോലും കൂട്ടാക്കാതിരുന്ന പൊലീസ്. സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തിനായി പതിനെട്ടും പതിനാറും പതിന്നാലും വയസ്സുള്ള മൂന്നു ആണ്‍കുട്ടികള്‍ ഒരു വഴിയും കാണാതെ ഒടുവില്‍ കളക്ടറെ തേടിയെത്തി. കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കും എന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നാണ് കളക്ടര്‍ പോലും ആ കുട്ടികളോട് പറഞ്ഞത്. കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് ഈ കുടുംബവും കുട്ടികളും ഇപ്പോഴും ഭീതിയിലാണ്. പ്രണയം ഒരു വലിയ തെറ്റാണെന്നും നാട്ടില്‍ സദാചാരം നിലനിര്‍ത്തേണ്ടത് തങ്ങളാണെന്നുമുള്ള മൗഢ്യം ബാധിച്ച കുറെ മനുഷ്യര്‍ പല നാടുകളിലുമുണ്ട്. ഇതൊരു ഗുരുതരമായ ക്രിമിനല്‍ കുറ്റമായി കേരളത്തിന്റെ ഭരണവര്‍ഗ്ഗം ഇപ്പോഴും കണ്ടിട്ടില്ല. 

തല മൊട്ടയടിപ്പിച്ച് ആള്‍ക്കൂട്ടം

കുന്നമംഗലം പതിമംഗലത്ത് മുഹമ്മദ് ഫര്‍ഷാദ് എന്ന ഇരുപത്തിന്നാലുകാരനും നാട്ടുകാരിയായ പെണ്‍കുട്ടിയും പ്രണയിച്ചതാണ് കുറെ പേരെ പ്രകോപിതരാക്കിയത്. ഒരേ മതത്തില്‍പ്പെട്ടവരാണെങ്കിലും സാമ്പത്തിക അന്തരമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പിനിടയാക്കിയത്. കുട്ടിയുടെ ബന്ധുക്കളും അവരുടെ പരിചയത്തിലുള്ള ചില നാട്ടുകാരും ഫര്‍ഷാദിനെ കണ്ട് സംസാരിച്ചു. പ്രണയത്തില്‍നിന്ന് പിന്‍മാറാന്‍ ഒരുക്കമല്ല എന്ന കാര്യം ഫര്‍ഷാദ് അവരെ അറിയിക്കുകയും ചെയ്തു. മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ ഫര്‍ഷാദ് പിന്നീട് ഗള്‍ഫിലേക്ക് പോയി. കഴിഞ്ഞ മാസം നാട്ടില്‍ അവധിക്കെത്തിയപ്പോഴാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായത്.

മുഹമ്മദ് ഫര്‍ഷാദ്
മുഹമ്മദ് ഫര്‍ഷാദ്

''ഞാന്‍ മോശമായ രീതിയിലൊന്നും പെരുമാറിയിട്ടില്ല. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഒരു ദിവസം എന്നെ അങ്ങാടിയിലേക്ക് വിളിച്ചു. ഇക്കാര്യം സംസാരിക്കാനാണ് എന്നും പറഞ്ഞു. എനിക്കറിയാവുന്ന ആളുകള്‍ തന്നെയാണ്. ഞാന്‍ പോയപ്പോള്‍ തൊട്ടടുത്തുള്ള സിമന്റ് ഗോഡൗണില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. ഞാന്‍ ഭംഗിയായി മുടിയും താടിയുമൊക്കെ കൊണ്ടുനടക്കുന്ന ഒരാളാണ്. അടിച്ച് അവശനാക്കിയശേഷം കുറേപ്പേര് കൂടി എന്നെ റോഡിലൂടെ നടത്തിച്ച് ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി. മുടി മൊട്ടയടിച്ചു. താടിയും കളഞ്ഞു. പ്രേമിക്കരുത് എന്നതായിരുന്നു അവരുടെ ആവശ്യം. ഫോണും പിടിച്ചെടുത്തു. എനിക്ക് ചുറ്റിലും ഒരാള്‍ക്കൂട്ട ഭീകരതയായിരുന്നു കുറേ നേരം നടന്നത്. ഞാന്‍ ഇതൊന്നും വീട്ടുകാരോട് പറഞ്ഞില്ല. എന്റെ സുഹൃത്തുക്കളേയും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീടും എന്നെ ഉപദ്രവിക്കും എന്നെനിക്കു തോന്നിയതിനാല്‍ അവധി തീരുന്നതിനു മുന്‍പേ ഞാന്‍ തിരിച്ച് ഗള്‍ഫിലേക്ക് വന്നു. ആരോടും പരാതി പറയാനും പോയില്ല. എന്നെ കിട്ടാതെ വന്നതോടെ എന്റെ കുടുംബത്തേയും അനിയന്മാരേയും ഉപദ്രവിക്കുകയാണിപ്പോള്‍''- ഫര്‍ഷാദ് പറയുന്നു.

താന്‍ നാട്ടില്‍നിന്നു പോയാല്‍ പ്രശ്നങ്ങള്‍ തീരും എന്ന് വിചാരിച്ച ഫര്‍ഷാദിനു തെറ്റി. നാട്ടിലെ ഗുണ്ടകള്‍ കുടുംബത്തെ വേട്ടയാടാന്‍ തുടങ്ങി. ഡ്രൈവര്‍ ആയി ജോലിനോക്കിയിരുന്ന ഫര്‍ഷാദിന്റെ അച്ഛനെ ടൗണില്‍ വെച്ച് മകന്റെ കാര്യത്തില്‍ ചോദ്യം ചെയ്യുകയും അടിക്കുകയും ചെയ്തു. ഒരു അപകടത്തെ തുടര്‍ന്ന് കൈയ്ക്ക് സ്വാധീനം കുറവാണ് അദ്ദേഹത്തിന്. അദ്ദേഹത്തിന് എന്തെങ്കിലും പറ്റുമോ എന്ന ഭയം കാരണം മക്കള്‍ അദ്ദേഹത്തെ വീട്ടില്‍നിന്നും മാറ്റിയിരിക്കുകയാണിപ്പോള്‍.

അബ്ദുള്‍ ഉബൈദ്​
അബ്ദുള്‍ ഉബൈദ്​

നീതി നിഷേധിച്ച് പൊലീസ് 

ഫര്‍ഷാദിന്റെ അനിയന്‍ പതിനെട്ടുകാരനായ അബ്ദുള്‍ ഉബൈദാണ് പിന്നീട് കൂടുതല്‍ അക്രമങ്ങള്‍ നേരിട്ടത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ഉബൈദ്. നാട്ടിലെ പ്രശ്നങ്ങളും കേസും ഒക്കെയായതോടെ കോളേജില്‍ അവധി കൂടുതലായി. പരീക്ഷയെഴുതാനും പറ്റിയില്ല. ഇതോടെ പഠിത്തവും നിലച്ചു. ദുരാചാര ഗുണ്ടകളുടെ അക്രമത്തെക്കുറിച്ച് ഉബൈദ് പറയുന്നു: ''ഒരു ദിവസം ഫോണില്‍ വിളിച്ച് എന്നോട് അങ്ങാടിയിലേക്ക് ചെല്ലാന്‍ പറഞ്ഞു. എനിക്ക് പേടിയായിരുന്നു. സംസാരിക്കാന്‍ മാത്രമാണ് എന്ന് അവര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ചെന്നു. എട്ട് പേരുണ്ടായിരുന്നു. ചെന്ന ഉടനെ തന്നെ കൂട്ടം ചേര്‍ന്ന് എന്നെ അടിച്ചു. വായില്‍നിന്നും മൂക്കില്‍നിന്നും ചോരയൊലിപ്പിച്ച് ഞാന്‍  പൊലീസ് സ്റ്റേഷനിലേക്ക് ഓടിപ്പോയി. 15 മിനിറ്റ് സ്റ്റേഷന്റെ സ്റ്റെപ്പില്‍ ഇരുന്നു. അതിനു ശേഷമാണ് വന്ന് കാര്യം ചോദിച്ചത്. ഞാന്‍ നടന്ന സംഭവം പറഞ്ഞപ്പോള്‍ എസ്.ഐ. എന്നെ ഒരു ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്കു പോകാന്‍ പറഞ്ഞു. കുറച്ചു ദൂരം എത്തിയപ്പോള്‍ എന്റെ കയ്യില്‍ പൈസയില്ല എന്നറിഞ്ഞ് ഓട്ടോക്കാരന്‍ അവിടെ ഇറക്കിവിട്ടു. പിന്നെ തൊട്ടടുത്ത കടയില്‍നിന്ന് പൈസ വാങ്ങി വേറൊരു ഓട്ടോ വിളിച്ചാണ് ആശുപത്രിയില്‍ പോയത്. പിറ്റേന്ന് വൈകുന്നേരമായിട്ടും എഫ്.ഐ.ആര്‍. ഇട്ടിട്ടില്ല എന്ന് അറിഞ്ഞു. നാട്ടിലെ പൊതുപ്രവര്‍ത്തകനായ നൗഷാദ് തെക്കയിലിനേയും കൂട്ടി സ്റ്റേഷനില്‍ ചെന്നു. കാര്യം ചോദിച്ചപ്പോഴേക്കും ഭയങ്കര തെറിവിളിയും ഭീഷണിയും ആയിരുന്നു. നമ്മള്‍ ചില സിനിമയിലൊക്കെ കാണില്ലേ, അതുപോലെയായിരുന്നു അവിടത്തെ പെരുമാറ്റം. അവര്‍ക്കെതിരെ കേസുകൊടുത്താല്‍ നീയും കുടുംബവും അകത്ത് കിടക്കേണ്ടിവരും എന്നാണ് പറഞ്ഞത്.

എന്റെ കയ്യിലുണ്ടായിരുന്ന ആശുപത്രിയില്‍നിന്നുള്ള രേഖകള്‍ അവിടെ വാങ്ങിവെച്ചു. പിന്നീട് അവര്‍ എഴുതിയ ദുര്‍ബ്ബലമായ പരാതിയില്‍ എന്നെക്കൊണ്ട് ഒപ്പുവെപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്ന പേരില്‍ എന്റെ കൂടെ വന്ന നാഷാദ് തെക്കെയിലിനെതിരെ കേസും എടുത്തു. 

രാത്രി  വീട്ടിലെത്തി ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോള്‍ ജനലിന്റെ ചില്ല് എറിഞ്ഞു പൊട്ടിച്ചു. പുറത്തിറങ്ങി നോക്കിയപ്പോള്‍ ഞാന്‍ പരാതി കൊടുത്ത ആളുകളും ബന്ധുക്കളുമാണ്. സ്റ്റേഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കണം എന്നാണ് ആവശ്യം. പറ്റില്ല എന്ന് പറഞ്ഞതോടെ കത്തിയെടുത്ത് കുത്താന്‍വന്നു. കൈകൊണ്ട് തടുത്തപ്പോള്‍ വിരല്‍ മുറിഞ്ഞു. തടയാന്‍ വന്ന ഉമ്മയെ മുടിക്കുത്തിനു പിടിച്ച് ചവിട്ടി നിലത്തിട്ടു. ചെറിയ അനിയന്മാരേയും മര്‍ദ്ദിച്ചു. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ സ്റ്റേഷനിലേക്ക് വിളിച്ചു. പക്ഷേ, പൊലീസുകാരാരും വന്നില്ല. കുറച്ച് നാട്ടുകാര്‍ വന്ന് ഹോസ്പിറ്റലില്‍ കൊണ്ടുപോയി. ഹോസ്പിറ്റലില്‍നിന്ന് പിറ്റേന്ന് വീട്ടിലെത്തിയപ്പോള്‍ എസ്.ഐ. വന്നു. ''വലിയവലിയ ആള്‍ക്കാര്‍ക്കെതിരെ കേസ് കൊടുക്കണ്ട എന്ന് ഞാന്‍ പറഞ്ഞതല്ലേ. പറയുന്നത് കേട്ടാല്‍ പോരായിരുന്നോ'' എന്നാണ് എസ്.ഐ. പറഞ്ഞത്. കേസ് അതിന്റെ വഴിക്ക് നടക്കട്ടെ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്ന് പറഞ്ഞ് അദ്ദേഹം പോയി.

പിന്നീടാണ് അറിഞ്ഞത് എനിക്കും നൗഷാദിനും എതിരെ പ്രതികളിലൊരാളുടെ ഭാര്യയെ വീട്ടില്‍ കയറി പീഡിപ്പിച്ചു എന്ന പരാതിയില്‍ കേസെടുത്തിട്ടുണ്ട് എന്ന്. ആ പരാതിയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് ഞാന്‍ എന്റെ കേസുമായി ബന്ധപ്പെട്ട് കുന്നമംഗലം പൊലീസ് സ്റ്റേഷനിലുണ്ട്. സി.സി.ടിവി നോക്കിയാല്‍ അതൊക്കെ വ്യക്തമാകും. ജാമ്യം കിട്ടാത്ത വകുപ്പുപ്രകാരമാണ് കേസ്. അതുകൊണ്ട് കുറച്ച് ദിവസം നാട്ടില്‍നിന്നു മാറിനില്‍ക്കേണ്ടിവന്നു. പിന്നീട് കോടതിയില്‍നിന്ന് ജാമ്യം എടുത്തു. എന്നെ അടിച്ചവര്‍ക്കെതിരെ ഇതുവരേയും നടപടിയെടുത്തിട്ടുമില്ല. ഫേസ്ബുക്കില്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് പോസ്റ്റ് ഇട്ടതോടെ പൊലീസിനെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തി എന്ന രീതിയില്‍ ഐ.ടി. ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഞാന്‍ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ട് എന്നുള്ള പ്രചാരണവും വ്യാപകമാണ്.

കളക്ടറേറ്റില്‍ നിരാഹാരം

ആള്‍ക്കൂട്ട വിചാരണയും വീടുകയറി അക്രമവും മര്‍ദ്ദനവും അപവാദപ്രചാരണവും തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പൊലീസിന്റെ നിലപാട് പ്രതികള്‍ക്ക് അനുകൂലമാണ്. 18 വയസ്സുകാരനായ ഒരു ചെറുപ്പക്കാരന്റെ വിദ്യാഭ്യാസംപോലും മുടങ്ങി. സ്ത്രീപീഡനം അടക്കമുള്ള കേസുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഒരു വഴിയും കാണാതെയാണ് പ്ലക്കാര്‍ഡുകളുമായി പത്താംക്ലാസ്സിലും പ്ലസ്ടുവിനും പഠിക്കുന്ന അനിയന്മാര്‍ക്കൊപ്പം ഉബൈദ് കോഴിക്കോട് കളക്ടറേറ്റിനു മുന്‍പില്‍ ഒരു ദിവസം മുഴുവന്‍ നിരാഹാരമിരുന്നത്. ഞങ്ങള്‍ക്കും സ്വന്തം നാട്ടില്‍ ജീവിക്കണം, ആള്‍ക്കൂട്ട ആക്രമണം തടയുക, സദാചാര ഗുണ്ടകളെ അറസ്റ്റുചെയ്യുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയവയാണ് പ്ലക്കാര്‍ഡില്‍ എഴുതിയത്. കളക്ടര്‍ വൈകിട്ട് ചര്‍ച്ച വിളിച്ച് കമ്മിഷണറുമായി സംസാരിച്ചിരുന്നു. വേണ്ട നടപടികള്‍ കൈക്കൊള്ളാം എന്ന ഉറപ്പും നല്‍കി. ഉബൈദിനും നൗഷാദ് തെക്കയിലിനുമെതിരെ കേസെടുത്തതിന്റെ പേരില്‍ കുന്നമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഗുണ്ടാ അക്രമത്തിനെതിരെ ഫര്‍ഷാദ് ഗര്‍ഫില്‍നിന്ന് മുഖ്യമന്ത്രിക്കു പരാതികൊടുത്തിട്ടുണ്ട്. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും ഉബൈദും പരാതി നല്‍കിയിട്ടുണ്ട്.

പൊലീസ് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ സ്റ്റേഷൻ മാർച്ച്
പൊലീസ് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ സ്റ്റേഷൻ മാർച്ച്

നിയമപരമായി ഒരാളെ സഹായിച്ചതിന്റെ പേരിലാണ് തന്നെ കുടുക്കിയത് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ പറയുന്നു: ''ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്കെതിരെ കേസെടുത്തത്. ആരും ആരെയും സഹായിക്കാന്‍ പാടില്ല എന്നാണോ പൊലീസ് കരുതുന്നത്. നാട്ടില്‍ വിചാരണ നടത്തി ഗുണ്ടായിസം നടത്തുകയാണ് ഒരു കൂട്ടര്‍. 

തെറ്റു കാണുന്നുണ്ടെങ്കില്‍ നിയമപരമായി അല്ലേ ഇടപെടേണ്ടത്. സാമ്പത്തികവും കുടുംബമഹിമയുമാണ് ഇവിടെ വിഷയം. പീഡനക്കേസില്‍ കുടുക്കിയതോടെ എനിക്കും മാറിനില്‍ക്കേണ്ടിവന്നു. എനിക്കറിയാം, പ്രമുഖരാണ് എതിര്‍ഭാഗത്ത് എന്ന്. എന്നാലും നീതിനിഷേധത്തിനെതിരെ പ്രതികരിക്കണ്ടേ. ഈ കുട്ടികളെ അങ്ങനെ ഗുണ്ടകള്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ലല്ലോ''- നൗഷാദ് പറയുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ചോരയൊലിപ്പിച്ച് എത്തിയ ഒരാളെ മൊഴിയെടുക്കുന്നതിനെക്കാള്‍ മുഖ്യം ചികിത്സ കൊടുക്കുക എന്നുള്ളതുകൊണ്ടാണ് വണ്ടിവിളിച്ച് ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്നും കുന്നമംഗലം പൊലീസ് പറയുന്നു. രാത്രി തന്നെ ഉബൈദ് ഡിസ്ച്ചാര്‍ജ് ചെയ്ത് വീട്ടില്‍ പോയി. പിറ്റേന്ന് മൊഴിയെടുക്കാന്‍ പോകുന്നതിനു മുന്‍പുതന്നെ അവര്‍ സ്റ്റേഷനില്‍ എത്തുകയായിരുന്നു. പരാതിയില്‍  പറഞ്ഞ പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടുണ്ട്- കുന്നമംഗലം പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com