കത്തിക്കുത്തില്‍ കുരുങ്ങിയ റാങ്ക് ലിസ്റ്റ്

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തു മുതല്‍ കൊവിഡ് മൂലമുണ്ടായ ലോക്ഡൗണ്‍ വരെ തകര്‍ത്തു കളഞ്ഞത് പൊലീസ് സേനയിലേക്ക് നിയമനം കാത്തിരുന്ന അനേകം തൊഴില്‍ രഹിതരുടെ പ്രതീക്ഷകളെയാണ്
ഉ​ദ്യോ​ഗാർത്ഥികൾ സമരരം​ഗത്ത്
ഉ​ദ്യോ​ഗാർത്ഥികൾ സമരരം​ഗത്ത്

തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ ദിവസങ്ങളായി സമരത്തിലാണ്. പഠിച്ച് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിലെത്തിയിട്ടും ജോലിയിലേക്കെത്താന്‍ കഴിയാത്തവര്‍. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് മുതല്‍ കൊറോണ വരെ ആശങ്കയിലാഴ്ത്തിയതാണ് കേരള പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ്. നിയമനം സ്വപ്നം കണ്ട ആയിരക്കണക്കിനു ചെറുപ്പക്കാരെ പുറത്തുനിര്‍ത്തികൊണ്ട് ലിസ്റ്റിന്റെ കാലാവധി ജൂണ്‍ 30-ന് അവസാനിച്ചു. ആദ്യ ബാച്ച് മാത്രമാണ് ഈ ലിസ്റ്റ് പ്രകാരം നടന്നത്. ഒഴിവുകളുടെ എണ്ണം കണക്കാക്കി നോക്കുമ്പോള്‍ ലിസ്റ്റിലുള്ള ഭൂരിഭാഗം പേര്‍ക്കും നിയമനം കിട്ടേണ്ടതാണ്. ഏഴ് ബറ്റാലിയനുകളിലേക്കായിരുന്നു പരീക്ഷ നടത്തിയത്. നിയമനം കിട്ടാത്ത ഉദ്യോഗാര്‍ത്ഥികള്‍ കൊറോണക്കാലത്തും തെരുവില്‍ സമരത്തിനിറങ്ങേണ്ടിവന്നു. പി.എസ്.സി.യുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് പുറത്തുവന്ന ലിസ്റ്റുകൂടിയാണ് സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ്. പി.എസ്.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടതോടെ അഞ്ചുമാസത്തോളം റാങ്ക് ലിസ്റ്റ് മരവിപ്പിച്ചു. നിയമനത്തിനുള്ള തയ്യാറെടുപ്പ് മുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇത്തരം കാരണങ്ങളാല്‍ ആശങ്കയിലായിരുന്നു. ഒടുവില്‍ കാലാവധി നീട്ടാതെ ലിസ്റ്റ് റദ്ദാക്കുകയും ചെയ്തു. സമരങ്ങളും കേസുകളുമായി ഇവര്‍ മുന്നോട്ടു പോകുകയാണ്.

പകുതിയോളം പേര്‍ പുറത്ത്

സെപ്ഷ്യല്‍ ആംഡ് ഫോഴ്സ് (എസ്.എ.പി.), മലബാര്‍ സ്പെഷ്യല്‍ പൊലീസ് (എം.എസ്.പി.) കേരള ആംഡ് പൊലീസ് (കെ.എ.പി-ബറ്റാലിയന്‍ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്) എന്നിങ്ങനെ ഏഴ് ബറ്റാലിയനിലേക്കുള്ള ഒഴിവുകളിലേക്കാണ് 2017 നവംബറില്‍ പി.എസ്.സി വിളിച്ചത്. 2018 ജൂലായില്‍ പരീക്ഷ നടന്നു. 2019 ഏപ്രില്‍-മെയ് മാസങ്ങളിലായി ഫിസിക്കല്‍ ടെസ്റ്റും നടത്തി. 2019 ജൂലായില്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏഴ് ബറ്റാലിയനിലുമായി 7580 പേരുടെ മെയിന്‍ ലിസ്റ്റും 3360 പേരുടെ സപ്ലിമെന്ററി ലിസ്റ്റുമാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ 5629 പേര്‍ക്കാണ് അഡ്വൈസ് മെമ്മോ കിട്ടിയത്. ഇതില്‍ നിയമനം ലഭിച്ചത് 4500 ഓളം പേര്‍ക്കാണ്. അതായത് പകുതിയിലധികം പേര്‍ ജൂണ്‍ 30-ന് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതോടെ പുറത്തായി.

അഡ്വൈസ് അയച്ചവരില്‍ തന്നെ വേറെ ജോലിയില്‍ പ്രവേശിച്ചവരോ മറ്റോ ആയി ജോയിന്‍ ചെയ്യാത്തവരുടെ ഒഴിവുപോലും നികത്തപ്പെട്ടില്ല. ഉദാഹരണത്തിന് 953 പേര്‍ക്ക് അഡ്വൈസ് അയച്ച കെ.എ.പി രണ്ട് ബറ്റാലിയനില്‍ 851 പേരാണ് ജോയിന്‍ ചെയ്തത്. 152 തസ്തികയും ഒഴിവാണ്. 2016-ലാണ് ഇതിനു മുന്‍പ് സേനയില്‍ സി.പി.ഒ. നിയമനം നടന്നത്.

ഏറ്റവും സുതാര്യമെന്ന് കേരളസമൂഹം വിശ്വസിച്ചിരുന്ന പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ വിശ്വാസ്യത തകര്‍ന്നുവീണതും ഈ റാങ്ക് ലിസ്റ്റോടെയായിരുന്നു. ബാഹ്യ ഇടപെടലുകള്‍ പി.എസ്.സി പരീക്ഷകളില്‍ ഒരിക്കലും സാധ്യമാവില്ല എന്ന ധാരണയാണ് 2019-ല്‍ തിരുത്തപ്പെട്ടത്. അതും അപ്രതീക്ഷിതമായി മറ്റൊരു കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നതുകൊണ്ടുമാത്രം.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി എ.എന്‍. നസീം അടക്കം ഏഴുപേര്‍ പ്രതികളായി. ഈ കേസന്വേഷണത്തിന്റെ ഇടയിലാണ് പി.എസ്.സിയും വിവാദത്തിലായത്. കെ.എ.പി നാലാം ബറ്റാലിയന്‍ (കാസര്‍കോഡ്) റാങ്ക് ലിസ്റ്റില്‍ ശിവരഞ്ജിത്തായിരുന്നു ഒന്നാം റാങ്കുകാരന്‍. നസീമിന് ഇരുപത്തിയെട്ടാം റാങ്കും.
തുടര്‍ന്ന് റാങ്ക് ലിസ്റ്റിന്റെ സുതാര്യത ചോദ്യം ചെയ്ത് ചില ഉദ്യോഗാര്‍ത്ഥികള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് ക്രമക്കേട് ബോധ്യപ്പെട്ടത്. തുടക്കത്തില്‍ യാതൊരു ക്രമക്കേടും നടന്നിട്ടില്ല എന്ന വാദത്തില്‍ ഉറച്ചുനിന്നിരുന്നു പി.എസ്.സി. പിന്നീട് നടന്ന അന്വേഷണത്തില്‍ ശിവരഞ്ജിത്ത്, നിസാം, പ്രണവ് എന്നിവര്‍ പരീക്ഷയില്‍ കൃത്രിമം കാട്ടിയതായി തെളിഞ്ഞു. മൊബൈല്‍ ഫോണ്‍ വഴി ഉത്തരങ്ങള്‍ പുറത്തുനിന്ന് എത്തുകയായിരുന്നു. പരീക്ഷാ സമയത്ത് 90-ലധികം സന്ദേശങ്ങള്‍ എത്തിയതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ലിസ്റ്റ് മരവിപ്പിച്ചു. ലിസ്റ്റ് റദ്ദാക്കിയേക്കുമെന്ന അഭ്യൂഹം ഉദ്യോഗാര്‍ത്ഥികളെ ഏറെ ആശങ്കാകുലരാക്കിയിരുന്നു. അന്വേഷണത്തിനൊടുവില്‍ ഈ മൂന്നുപേരെ ഒഴിവാക്കി ലിസ്റ്റ് പ്രാബല്യത്തിലായി. അഞ്ചുമാസത്തോളം ലിസ്റ്റ് നിയമനം നടക്കാതെ മരവിച്ചുകിടന്നു. മൂന്ന് മാസത്തോളം കൊറോണ പ്രശ്നത്തിന്റെ പേരിലും കാര്യങ്ങള്‍ മന്ദഗതിയിലായി. നിലവില്‍ നിയമന പ്രവര്‍ത്തനങ്ങള്‍ നടന്നത് നാലുമാസം മാത്രമാണ്.

സമരത്തിലേക്ക്

റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പ്രശ്നപരിഹാരത്തിനായി ഉദ്യോഗാര്‍ത്ഥികള്‍ കേസുമായി മുന്നോട്ട് പോകുകയാണ്. കൊറോണക്കാലമായിട്ടും പല ജില്ലകളിലും തെരുവില്‍ സമരത്തിനുമിറങ്ങി.

നിലവില്‍ ഒഴിവുള്ള തസ്തികയിലേക്കുപോലും നിയമനം നടത്താതെയാണ് ലിസ്റ്റ് റദ്ദാകുന്നത്.

ഇതിനിടയില്‍ ജൂണ്‍ 18-ന് 1200 താല്‍ക്കാലിക പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമനം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവും ഇറങ്ങി. ഇതിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ താമസം കൂടാതെ നികത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് താല്‍ക്കാലിക പൊലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ ഉണ്ടാക്കുന്നത്. നിലവിലുള്ള ഉദ്യോഗസ്ഥരുടെ വിരമിക്കല്‍, ശൂന്യവേതന അവധി, മരണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ഒഴിവുകള്‍ ഓരോ വര്‍ഷവും 1500-നടുത്താണ്. ഈ വര്‍ഷവും ഇത്രയും ഒഴിവുകള്‍ ഉണ്ടാകും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുന്നതിനാല്‍ വളരെ വേഗത്തില്‍ ഒഴിവുകള്‍ നികത്തപ്പെടേണ്ടതുമാണ്.

കെ.എ.പി ബറ്റാലിയന്‍ രണ്ടിലെ ഉദ്യോഗാര്‍ത്ഥികള്‍ നിലവിലുള്ള ഒഴിവുകളുടെ എണ്ണം വിവരാവകാശം വഴി ശേഖരിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റിന്റെ കാലാവധി തീരുന്ന ജൂണ്‍ 30-ന് ട്രൈബ്യൂണലിന്റെ വിധി വന്നു. പരാതിയില്‍ പറയുന്ന പ്രകാരം കെ.എ.പി-രണ്ടിലെ 650 ഒഴിവുകള്‍ ശരിവെച്ചുകൊണ്ടും ജൂണ്‍ 30-ന് തന്നെ ആ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിലവിലെ റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടത്തണമെന്നുമുള്ള വിധിയാണ് ട്രൈബ്യൂണലിന്റേതായി വന്നത്. തൃശൂര്‍- പാലക്കാട് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഈ വിധിയുടെ ആശ്വാസത്തിലാണ്. മറ്റിടങ്ങളിലെ ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമൊന്നുമായില്ല. ട്രൈബ്യൂണലിന്റെ വിധിക്കെതിരെ പി.എസ്.സി അപ്പീലിന് പോകാനുള്ള സാധ്യതയുമുണ്ട്.

നിയമപരമായി മുന്നോട്ടുപോകാന്‍ കെ.എ.പി-രണ്ട് ബറ്റാലിയന്‍ ലിസ്റ്റില്‍പ്പെട്ട ഞങ്ങള്‍ തീരുമാനിച്ചതുകൊണ്ടാണ് ട്രൈബ്യൂണലില്‍ പോയതെന്ന് ഉദ്യോഗാര്‍ത്ഥിയും തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശിയുമായ സിഖില്‍ മച്ചിങ്ങല്‍ പറയുന്നു. ''ഞങ്ങളുടെ ഭാവി ഇനി ആ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും. പ്രളയം കാരണം ഫിസിക്കല്‍ ടെസ്റ്റ് തന്നെ സാധാരണ നടത്തുന്നതിനേക്കാള്‍ വൈകിയാണ് നടന്നത്. 2019 ജൂലായ് ഒന്നിനാണ് ലിസ്റ്റ് വന്നത്. പിന്നീടുള്ള കുത്തുകേസും പ്രശ്നങ്ങളും എല്ലാം കഴിഞ്ഞ് 2020 ഫെബ്രുവരി ആയപ്പോഴാണ് ആദ്യത്തെ അഡ്വൈസ് മെമ്മോ അയയ്ക്കുന്നത്. അത്രയും വൈകിയാണ് ഇതിന്റെ നിയമന നടപടികള്‍ നടന്നത്''- സിഖില്‍ പറയുന്നു.

സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ (എസ്.ഐ.എസ്.എഫ്) 2000 പുതിയ തസ്തികകള്‍ക്കും ഇതിനിടയില്‍ അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ ആംഡ് പൊലീസ് ബറ്റാലിയനില്‍നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് എസ്.ഐ.എസ്.എഫിലേക്ക് നിയമിച്ചിരുന്നത്. പുതിയ തസ്തികകള്‍ ഉണ്ടാക്കുന്നതോടെ നിലവില്‍ ഡെപ്യൂട്ടേഷനില്‍ പോയവര്‍ ബറ്റാലിയനുകളിലേക്ക് തിരിച്ചെത്തേണ്ടിവരുമെന്നും ഇതിനായി തസ്തികകള്‍ ഒഴിച്ചിടുകയാണെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍, എസ്.ഐ.എസ്.എഫിലേക്ക് പുതിയ റിക്രൂട്ട്മെന്റിനു പകരം നിലവിലെ ലിസ്റ്റില്‍നിന്നും നിയമനം നടത്തുന്നതും പരിഗണിക്കപ്പെട്ടിട്ടില്ല. 2020 മാര്‍ച്ചില്‍ കാലാവധി അവസാനിക്കുന്ന ചില ലിസ്റ്റുകള്‍ക്ക് മൂന്നുമാസം കൂടി നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും സിവില്‍ പൊലീസ് ഓഫീസര്‍ ലിസ്റ്റിന് അത്തരം ആനുകൂല്യങ്ങളും ലഭിച്ചില്ല. മൂന്നുവര്‍ഷം കാലാവധിയുള്ള റാങ്ക് ലിസ്റ്റുകള്‍ക്കുവരെ കാലാവധി നീട്ടിനല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. സി.പി.ഒ ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്.

ഒരു വര്‍ഷം മാത്രം കാലാവധിയുള്ള റാങ്ക് പട്ടികയില്‍ തങ്ങളുടേതല്ലാത്ത കാരണത്താലാണ് ഏഴ് മാസത്തോളം നഷ്ടമായതെന്ന് എസ്.എ.പി ബറ്റാലിയന്‍ റാങ്ക് ഹോള്‍ഡറും നെയ്യാറ്റിന്‍കര സ്വദേശിയുമായ അരവിന്ദ് കണ്ണന്‍ പറയുന്നു. ''പല റാങ്ക് ലിസ്റ്റുകളുടേയും കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്. ആ പരിഗണന ലഭിക്കാന്‍ ഏറ്റവും അര്‍ഹതയുള്ള ഞങ്ങള്‍ക്ക് ആ ആനുകൂല്യം കിട്ടിയതുമില്ല. 1200 താല്‍ക്കാലിക കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഞങ്ങളുടെ ലിസ്റ്റില്‍നിന്നും നിയമനം നടത്തണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ് വന്നത്. എന്നാല്‍, അതുപോലും നടക്കുന്നതിനു മുന്‍പ് തന്നെ ലിസ്റ്റിന്റെ കാലാവധി തീര്‍ന്നു''- അരവിന്ദ് പറയുന്നു.

ലിസ്റ്റില്‍പ്പെട്ട ഭൂരിഭാഗം പേര്‍ക്കും നിയമനം നല്‍കാനുള്ള ഒഴിവുകള്‍ നിലവില്‍ സേനയിലുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതീക്ഷിക്കുന്ന ഒഴിവുകളും പ്രമോഷന്‍, ട്രാന്‍സഫര്‍, ഡെപ്യൂട്ടേഷന്‍ ഒഴിവുകളും കൃത്യമായി പി.എസ്.സിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത അവസ്ഥ നിലവിലുണ്ട്. പലപ്പോഴും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഓഫീസുകള്‍ കയറിയിറങ്ങി വിവരാവകാശം വഴിയും മറ്റും ഒഴിവുകളുടെ എണ്ണമെടുത്ത് പി.എസ്.സിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട അവസ്ഥയാണ്. യോഗ്യതയില്ലാത്ത കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും പുറത്തുവരുന്ന ഘട്ടത്തില്‍ തന്നെയാണ് പി.എസ്.സി വഴിയുള്ള നിയമനത്തില്‍നിന്നും ആയിരക്കണക്കിനു യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പുറത്തായിപ്പോകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com