മികവില്‍ നിന്ന് കൂടുതല്‍ മികവിലേക്ക്, നിശ്ചയദാര്‍ഢ്യത്തോടെ ഈ കലാലയ മുത്തശ്ശി

ഉന്നത വിദ്യാഭ്യാസരംഗത്ത് മികവിന്റെ മാനദണ്ഡങ്ങള്‍ പുലര്‍ത്തുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്ത തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ ക്യാംപസ് അത്യന്തം രാഷ്ട്രീയനിര്‍ഭരമാണ്
ഫോട്ടോ: വിന്‍സെന്റ് പുളിക്കല്‍/എക്‌സ്പ്രസ്
ഫോട്ടോ: വിന്‍സെന്റ് പുളിക്കല്‍/എക്‌സ്പ്രസ്

കാമ്പസ് രാഷ്ട്രീയത്തിന്റെ പേരിലുള്ള കുപ്രചാരണങ്ങള്‍ക്കെല്ലാം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് നല്‍കുന്ന ചുട്ടമറുപടിയാണ് രാജ്യത്തെ ഉന്നത നിലവാരമുള്ള കോളേജുകളുടെ പട്ടികയില്‍ തുടര്‍ച്ചയായി നേടുന്ന മികച്ച സ്ഥാനം. മികവിന്റെ മാനദണ്ഡങ്ങളെല്ലാം ചേര്‍ന്നുവരുന്ന കോളേജുകളില്‍ തുടര്‍ച്ചയായി മുന്നിലെത്തുന്നത് മൂന്നാം വട്ടം. കേന്ദ്ര മനുഷ്യവിഭവശേഷി വികസന വകുപ്പ് 2020-ലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിം (എന്‍.ഐ.ആര്‍.എഫ്) ഫലങ്ങള്‍ ജൂണ്‍ 11-നു പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ കോളേജുകളില്‍ ഒന്നാമത്, ദേശീയതലത്തില്‍ ഇരുപത്തിമൂന്നാം സ്ഥാനം. നിസ്സാരമല്ല ഈ കോളേജിന്റെ നേട്ടം. 2018-ലും 2019-ലും യൂണിവേഴ്സിറ്റി കോളേജിനു മുന്നിലെത്താന്‍ കേരളത്തിലെ മറ്റൊരു കോളേജിനും കഴിഞ്ഞിരുന്നില്ല. സര്‍വ്വകലാശാലകള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇതര സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് വര്‍ഷം തോറും ദേശീയ തലത്തില്‍ റാങ്കിംഗ് നിര്‍ണ്ണയിക്കുന്നത്. 2015 സെപ്റ്റംബറില്‍ എന്‍.ഐ.ആര്‍.എഫ് റാങ്കിംഗ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചതിനേത്തുടര്‍ന്ന് 2016 മുതലാണ് തുടങ്ങിയത്. ആദ്യവര്‍ഷം സര്‍വ്വകലാശാലകളും മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളും എന്‍ജിനീയറിംഗ്, ഫാര്‍മസി കോളേജുകളും മാത്രമാണ് പരിഗണനയില്‍ ഉണ്ടായിരുന്നത്, കോളേജുകള്‍ ഉണ്ടായിരുന്നില്ല. പിറ്റേ വര്‍ഷം കേരളത്തില്‍നിന്ന് 11 കോളേജുകള്‍ പട്ടികയില്‍ ഇടം നേടി; അതില്‍ ഒരു സര്‍ക്കാര്‍ കോളേജ് പോലും ഉണ്ടായിരുന്നില്ല. എന്നാല്‍, അതിനുശേഷം യൂണിവേഴ്സിറ്റി കോളേജ് വിട്ടുകൊടുത്തില്ലെന്നു മാത്രമല്ല, കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളുടെ പ്രാതിനിധ്യവും വര്‍ദ്ധിച്ചു. ഇത്തവണ നാലു കോളേജുകളുണ്ട്.

ഇത്തവണ ഏറ്റവും മികച്ച സ്‌കോര്‍ ലഭിച്ച 100 കോളേജുകളില്‍ കേരളത്തിലെ 20 കോളേജുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് പതിനെട്ടും 2018-ല്‍ പതിനേഴും ആയിരുന്നു. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ മുന്നില്‍ കേരള സര്‍വ്വകലാശാല; ഇരുപത്തിമൂന്നും ഒന്നും തന്നെ റാങ്കുകള്‍. യൂണിവേഴ്സിറ്റി കോളേജിന്റെ സ്‌കോര്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്നു. 2019-ല്‍ 59.37, ഇത്തവണ 61.08.

മനുഷ്യവിഭവശേഷി വികസന മന്ത്രാലയം നിയോഗിക്കുന്ന ഉന്നതതല സമിതിയാണ് റാങ്ക് നിര്‍ണ്ണയിക്കുന്നത്. അദ്ധ്യയനം, ബോധനരീതി, പഠനവിഭവങ്ങള്‍, ഗവേഷണ പ്രവര്‍ത്തനം, പ്രസിദ്ധീകരണങ്ങളുടെ ഗുണമേന്മ, ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം, സാമൂഹിക പ്രവര്‍ത്തനം, സാമൂഹിക നീതി ഉറപ്പാക്കല്‍, ധനസമാഹാരണം - വിനിയോഗം, അംഗപരിമിതരുടേയും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരുടേയും മറ്റും പ്രാതിനിധ്യം, സ്ത്രീശാക്തീകരണം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങളിലെ മികവാണ് ഉയര്‍ന്ന സ്‌കോര്‍ ലഭിക്കുന്നതിന്റെ അളവുകോലുകള്‍. വ്യക്തവും നിയതവുമായ മാനദണ്ഡങ്ങള്‍ എന്‍.ഐ.ആര്‍.എഫ് റാങ്കിനെ ആധികാരികം മാത്രമല്ല, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വപ്നവുമാക്കി മാറ്റിയിരിക്കുന്നു.

കാമ്പസ് രാഷ്ട്രീയത്തിന്റെ എല്ലാ കുഴപ്പങ്ങള്‍ക്കും ഉദാഹരണമായി യൂണിവേഴ്സിറ്റി കോളേജിനെ വിശേഷിപ്പിക്കാന്‍ നടക്കുന്ന 'മത്സരങ്ങളെ'ക്കൂടിയാണ് ഇവിടുത്തെ അധ്യാപക, വിദ്യാര്‍ത്ഥി കൂട്ടായ്മ തോല്‍പ്പിക്കുന്നത്. പഠിച്ചിറങ്ങിയ കോളേജിനെ ശരിയായി തിരിച്ചറിയുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കുമുണ്ട് ഈ ജയത്തിലൊരു പങ്ക്. കാമ്പസ് അക്രമങ്ങളുടെ നിറം ചേര്‍ത്ത കഥകള്‍ യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഏറെ അകലെയാണ് എന്ന് അറിയണമെങ്കില്‍ യൂണിവേഴ്സിറ്റി കോളേജിനെ അറിയണം; മികവിന്റെ തിളക്കം കാണണം. എല്ലാ സര്‍ക്കാര്‍ കോളേജുകളിലെയും പോലെ ഭൂരിഭാഗവും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന ഇടമാണ് ഇതും. കൊവിഡ് ലോക്ഡൗണ്‍ മൂലം ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ആക്കിയപ്പോള്‍ അതിനു വേണ്ട സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ എത്രയുണ്ടെന്ന് കോളേജ് ഒരു അന്വേഷണം നടത്തി. ലാപ്ടോപ്പും ടാബും പോയിട്ട് സ്മാര്‍ട്ട് ഫോണ്‍ പോലുമില്ലാത്ത 346 ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളെയാണ് കണ്ടെത്തിത്. കോളേജിലെ ആകെ വിദ്യാര്‍ത്ഥികളുടെ പത്ത് ശതമാനത്തോളം. അവരുടെ വിട്ടുവീഴ്ചയില്ലാത്ത പഠനമികവിന്റെ കൂടി പര്യായമാണ് എന്‍.ഐ.ആര്‍.എഫും നാക് (നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) അക്രഡിറ്റേഷനും അടക്കമുള്ള അംഗീകാരങ്ങളുടെ ആവര്‍ത്തനം. ''മറ്റൊന്നുമായും കൂട്ടിച്ചേര്‍ത്തു വയ്ക്കാന്‍ പറ്റാത്തത്ര അക്കാദമിക മികവുണ്ട്. 23 ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇരുപതും ബിരുദാനന്തര ബിരുദ ഡിപ്പാര്‍ട്ടുമെന്റുകളാണ്. മികച്ച ഗവേഷണം. ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും മികച്ച റാങ്കുകള്‍. അതായത് ഏറ്റവും നല്ല വിദ്യാര്‍ത്ഥികള്‍ ഈ കോളേജിലേക്കു വരുന്നു'' പ്രിന്‍സിപ്പല്‍ പ്രൊഫ. ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു. ''പ്രഗത്ഭരായ അധ്യാപകരാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. അത് യൂണിവേഴ്സിറ്റി കോളേജിന്റെ അക്കാദമിക മികവിനെ എല്ലാക്കാലത്തും സ്വാധീനിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലും കോളേജ് ആ മികവു പുലര്‍ത്തി'' മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. നബീസാ ഉമ്മാളിന്റെ വാക്കുകള്‍. പതിറ്റാണ്ടുകള്‍ മുന്‍പ് യൂണിവേഴ്സിറ്റി കോളേജില്‍ത്തന്നെ ബി.എയ്ക്കും എം.എയ്ക്കും പഠിച്ച്, ഉന്നത വിജയം നേടി പിന്നീട് അധ്യാപികയും പ്രിന്‍സിപ്പലുമായ ചരിത്രമാണ് തൊണ്ണൂറു തികഞ്ഞ മുന്‍ എം.എല്‍.എ നബീസാ ഉമ്മാളിന്റേത്.

മികവിന്റെ കാമ്പസ്

നിരവധി മേഖലകളിലെ പ്രതിഭകളെ ലോകത്തിനു നല്‍കിയ കാമ്പസാണ് ഇത്. അവരുടെ പ്രവര്‍ത്തന മേഖലകളുടെ വൈവിധ്യവും അവര്‍ നേടിയ ഇടവും വിസ്മയിപ്പിക്കും. വിഖ്യാത ആണവ ശാസ്ത്രജ്ഞനായി മാറിയ ഡോ. പി.കെ. അയ്യങ്കാര്‍, പേരെടുത്ത നയതന്ത്രജ്ഞന്‍ ടി.പി. ശ്രീനിവാസന്‍, ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍, ഇന്‍ഫോസിസ് സ്ഥാപക സി.ഇ.ഒ ക്രിസ് ഗോപാലകൃഷ്ണന്‍, മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, മുന്‍ ഡി.ജി.പി കെ. ജേക്കബ് പുന്നൂസ്, പ്രശസ്ത ചലച്ചിത്രകാരന്‍ ഷാജി എന്‍. കരുണ്‍, മുന്‍ എം.പിയും മുന്‍ മന്ത്രിയുമായ പി.സി. ചാക്കോ അങ്ങനെ നീളുന്നു ആ നിര. അധ്യാപകരായിരുന്നവരില്‍ എ.ആര്‍. രാജരാജ വര്‍മ്മ മുതല്‍ ഒ.എന്‍.വി കുറുപ്പും ആര്‍. നരേന്ദ്രപ്രസാദും പ്രൊഫ. ഹൃദയകുമാരിയും ഉള്‍പ്പെടെ കേരളമുള്ള കാലത്തോളം ഓര്‍മ്മിക്കപ്പെടുന്നവരുടെ വലിയ പട്ടികയുണ്ട്. ''ഏറ്റവുമധികം അക്കാദമിക മികവുള്ള കോളേജുകളിലൊന്നായി യൂണിവേഴ്സിറ്റി കോളേജ് മാറി. രാജ്യത്തെ തന്നെ ഏറ്റവും നല്ല അധ്യാപകരുള്ള കോളേജുകളിലൊന്നുമാണ്.'' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റും മുന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമായ അഡ്വ. എസ്.പി. ദീപക് ചൂണ്ടിക്കാട്ടുന്നു.
 
കേരളത്തിന്റെ, പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ വിജ്ഞാനകേന്ദ്രമാണ് യൂണിവേഴ്സിറ്റി കോളേജ് എന്ന് കാര്യകാരണസഹിതം വിശദീകരിക്കുന്നു, ഇവിടെ വിദ്യാര്‍ത്ഥിയായിരുന്ന ജി.എസ്. പ്രദീപ്. ''അക്കാദമിക കാര്യത്തില്‍ മാത്രമല്ല ഈ നേട്ടങ്ങള്‍. ഏതു കാര്യത്തിലും ഒന്നിനൊന്ന് മികവാണ്. സ്വതന്ത്ര ചിന്തയുള്ളവരും മൗലികമായി വിശകലനം ചെയ്യാന്‍ പാകതയുള്ളവരുമായി പല കാലങ്ങളിലായി കോളേജിലെ കുട്ടികള്‍ മാറിയിട്ടുണ്ട്, അറിവെന്നു പറയുന്നത് അടച്ചിട്ട മുറിയില്‍ കോട്ടും സൂട്ടുമിട്ട് ടൈയും കെട്ടി ഇരിക്കുന്നവരുടെ അറിവു മാത്രമല്ല, കാതുകൊണ്ട് കേള്‍ക്കുകയും നാവുകൊണ്ട് പറയുകയും ചെയ്യുന്ന യന്ത്രങ്ങളായി വിദ്യാര്‍ത്ഥികളെ മാറ്റുന്നതല്ല വിദ്യാഭ്യാസം. മനസ്സുകൊണ്ടു കേള്‍ക്കുകയും മനസ്സുകൊണ്ടു കാണുകയും മനസ്സുകൊണ്ട് അറിയുകയും ചെയ്യുന്നവരുടെ കേന്ദ്രമായാണ് യൂണിവേഴ്സിറ്റി കോളേജിന്റെ സര്‍ഗ്ഗാത്മകത നിലനില്‍ക്കുന്നത്'' - ജി.എസ്. പ്രദീപ് വിശദീകരിക്കുന്നു.

അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെപ്പോലെ എന്നും സജീവമായി നിലനിന്നിരുന്നു എന്ന് ഓര്‍മ്മിക്കുന്നു പ്രശസ്ത നര്‍ത്തകി ഡോ. നീനാ പ്രസാദ്. ''അതാണ് കോളേജിനെ മികവുറ്റതാക്കിയത്. അറ്റന്‍ഡന്‍സ് കിട്ടാന്‍ വേണ്ടിയായിരുന്നില്ല കുട്ടികള്‍ ക്ലാസ്സില്‍ പോയിരുന്നത്. ഓരോ അധ്യാപകരും അവരുടെ മികവുകൊണ്ട് ഒളിമങ്ങാത്ത ഇടം സൃഷ്ടിച്ചിരുന്നു. അനുഭവവും മികവും ഉള്ളവരായിരുന്നു അവര്‍. എത്രയോ ക്ലാസ്സുകള്‍ ഇന്നും ആ മിഴിവിലും ആഴത്തിലും ഓര്‍മ്മയിലുണ്ട്. ഹൃദയംകൊണ്ട് ഓരോ അധ്യാപകരും സ്പര്‍ശിച്ചിരുന്നു.'' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമായ നീനാ പ്രസാദ് പറഞ്ഞു. ''കാണുന്ന കാര്യത്തെ, ചുറ്റുപാടിനെ മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥിക്കു കഴിയണം. വായനയ്ക്ക് അതീതമായ പാരസ്പര്യത്തിലേക്ക് മനസ്സ് സജ്ജമാകുന്നില്ലെങ്കില്‍ കാമ്പസ് ഒരു വരണ്ട ഇടമായിരിക്കും. യൂണിവേഴ്സിറ്റ് കോളേജ് കാമ്പസ് ഒരിക്കലും അങ്ങനെ ആയിരുന്നില്ല.''

''നല്ല പഠനാന്തരീക്ഷം ആ കോളേജില്‍ ഉണ്ട് എന്നതുതന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. പുറത്തു പറയുന്ന ആരോപണങ്ങളൊന്നും കോളേജിലെ പഠനത്തെ ബാധിക്കുന്നില്ല. ഡിപ്പാര്‍ട്ടുമെന്റുകളുടേയും അധ്യാപകരുടേയും മികച്ച നിലവാരവും വിദ്യാര്‍ത്ഥികളുടെ സമര്‍പ്പണവും തന്നെയാണ് ഓര്‍മ്മിക്കാനുള്ളത്. അടിയും വെട്ടും കുത്തുമൊന്നുമല്ല'' മലപ്പുറത്തുനിന്ന് യൂണിവേഴ്സിറ്റി കോളേജില്‍ വന്നു ബി.എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായ എസ്. സാന്ദ്രയുടെ വാക്കുകളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റേയും ശബ്ദമുണ്ട്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. സാംബന്റെ മകളാണ് 2017-ല്‍ ബിരുദ പഠനം കഴിഞ്ഞു ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദപഠനം പൂര്‍ത്തിയാക്കിയ സാന്ദ്ര. കേരളത്തിലെ മറ്റേതു കോളേജുകളിലേയും പോലെ ഇവിടെയും പെണ്‍കുട്ടികള്‍ തന്നെയാണ് കൂടുതല്‍. സാമൂഹിക പിന്നാക്കാവസ്ഥയുള്ള വിഭാഗങ്ങളുടേയും പെണ്‍കുട്ടികളുടേയും വിദ്യാഭ്യാസം വെല്ലുവിളിയായിരുന്ന കാലത്തുപോലും അതിനെതിരെ നിലകൊണ്ട കോളേജ്. അതും ഈ കോളേജിന്റെ നിലനില്‍പ്പിനു കൂടുതല്‍ പ്രസക്തി നല്‍കുന്നു.

ആക്രമണത്തിന്റെ രാഷ്ട്രീയം

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല യൂണിവേഴ്സിറ്റി കോളേജിനെതിരായ രാഷ്ട്രീയ ആരോപണങ്ങള്‍. രാഷ്ട്രീയ കരുനീക്കങ്ങളും കൂടെത്തന്നെയുണ്ടായിരുന്നു. തലസ്ഥാന നഗരമധ്യത്തില്‍നിന്ന് കോളേജ് മാറ്റാനുള്ള നീക്കമാണ് അതില്‍ പ്രധാനം. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഒരു ഘട്ടത്തില്‍ അതു നടപ്പാക്കുകയും ചെയ്തു. പാളയത്തുനിന്ന് നഗരത്തിനു പുറത്തുള്ള കാര്യവട്ടത്തേക്കു കോളേജ് മാറ്റി. വിക്ടോറിയന്‍ മാതൃകയിലുള്ള മനോഹരമായ കെട്ടിടങ്ങളിലും ചുറ്റുപാടുകളിലും കണ്ണുവച്ച വന്‍കിട സ്വകാര്യ ഹോട്ടലിനുവേണ്ടിയാണ് ഈ മാറ്റം എന്ന ആരോപണം ഉയര്‍ന്നു. അധ്യാപക, വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കരുണാകരന്‍ തീരുമാനം മാറ്റിയില്ലെങ്കിലും കൈമാറ്റം നടന്നില്ല. പ്രതിഷേധം രൂക്ഷമായി നില്‍ക്കുന്നതിനിടെയാണ് നിയമസഭാ തെരഞ്ഞെടുപ്പും ഭരണമാറ്റവും ഉണ്ടായത്. അധികാരമേറ്റ ഇ.കെ. നായനാര്‍ മന്ത്രിസഭയുടെ ആദ്യയോഗത്തില്‍ത്തന്നെ കോളേജ് തിരിച്ചുകൊണ്ടുവരാന്‍ തീരുമാനമെടുത്തു. സെക്രട്ടേറിയറ്റില്‍നിന്ന് മുഖ്യമന്ത്രി നടന്ന് കോളേജിലെത്തിയാണ് തീരുമാനം പ്രഖ്യാപിച്ചത്. അന്നത്തെ വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും മാത്രമല്ല, പാളയം മാര്‍ക്കറ്റിലെ തൊഴിലാളികളുടേയും ഓര്‍മ്മയെ ത്രസിപ്പിക്കുന്നുണ്ട് ആ അനുഭവം. പക്ഷേ, കാമ്പസുമായി ബന്ധപ്പെട്ട എന്തു വിവാദം ഉണ്ടായാലും കോളേജ് നഗരത്തില്‍നിന്നു മാറ്റണം എന്ന ആവശ്യം ഇപ്പോഴും ഉയര്‍ത്തുന്നവരുണ്ട്. സമീപകാലത്ത് ഈ ആവശ്യം ഉന്നയിച്ചവരിലൊരാള്‍ കെ. മുരളീധരനാണ് എന്നതു ശ്രദ്ധേയമായി. ''ഭരണകൂട നെറികേടുകള്‍ക്കെതിരെ ആദ്യം തീക്ഷ്ണ പ്രതികരണമുയര്‍ത്തുന്ന സമരകേന്ദ്രം കൂടിയാണ് ഈ കോളേജ്. അന്ന് കെ. കരുണാകരനും ഇന്ന് മകന്‍ കെ. മുരളീധരനും ഭയപ്പെടുന്നതും പൊളിച്ചുനീക്കണമെന്ന് ആവര്‍ത്തിച്ച് പറയുന്നതും ഈ ഒരൊറ്റക്കാരണംകൊണ്ടു മാത്രമാണ്.'' എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ദേവ് പറയുന്നു.

നിരവധി ശിഷ്യരുള്ള അധ്യാപകനും ഏറെ വായനക്കാരുള്ള സാഹിത്യവിമര്‍ശകനുമായിരുന്ന പ്രൊഫ എസ്. ഗുപ്തന്‍ നായരുടേയും മറ്റും നേതൃത്വത്തില്‍ നടന്ന കാമ്പസ് രാഷ്ട്രീയവിരുദ്ധ പ്രചാരണം ശക്തമായിരുന്നു. 1990-കളുടെ തുടക്കത്തില്‍ വിദ്യാഭ്യാസ സംരക്ഷണസമിതി രൂപീകരിച്ചാണ് കാമ്പസ് രാഷ്ട്രീയത്തിനെതിരെ വന്‍ പ്രചാരണം ആരംഭിച്ചത്. ''യഥാര്‍ത്ഥത്തില്‍ യൂണിവേഴ്സിറ്റി കോളേജ് കാമ്പസിലെ രാഷ്ട്രീയം അവസാനിപ്പിക്കുക എന്നതായിരുന്നു അതിന്റെ പ്രധാന ഉന്നം. കാമ്പസ് രാഷ്ട്രീയം അക്രമരാഷ്ട്രീയമാണ് എന്ന പ്രചാരണം പ്രമുഖ അധ്യാപകരുടേയും അക്കാദമിക മേഖലയിലെ പ്രമുഖരുടേയും ഭാഗത്തുനിന്നുണ്ടായി.'' വിദ്യാര്‍ത്ഥിയായും അധ്യാപികയായും ഈ കോളേജിനെ അടുത്തറിഞ്ഞ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല ഓര്‍മ്മിക്കുന്നു. ആ പ്രചാരണത്തിനു തൊട്ടു പിന്നാലെയാണ് ശ്രീകല ഇവിടെ വിദ്യാര്‍ത്ഥിയായത്. വിമന്‍സ് കോളേജില്‍ പ്രീഡിഗ്രിയും ബിരുദപഠനവും കഴിഞ്ഞ് അവിടെത്തന്നെ പി.ജിക്കും ചേരാമായിരുന്നു. പക്ഷേ, യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കണം എന്ന ആഗ്രഹംകൊണ്ടാണ് മാറിയത്. മലയാളം എം.എ ഒന്നാം റാങ്കോടെയാണ് വിജയിച്ചത്. ആ റാങ്കിനൊരു പ്രത്യേകതയുണ്ട്. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയും ചെയര്‍പേഴ്സണുമൊക്കെയായി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ വളരെ സജീവമായിരുന്നു. അങ്ങനെയൊരാള്‍ക്കും റാങ്കോടെ വിജയിക്കാന്‍ കഴിയുന്ന അന്തരീക്ഷം കോളേജിന് ഉണ്ടായിരുന്നു എന്നതു പ്രധാനമാണ്. നൂറ്റിയമ്പതാം വാര്‍ഷികാഘോഷത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്നു. ഇവിടെ അദ്ധ്യാപികയായിരിക്കെയാണ് ഡെപ്യൂട്ടേഷനില്‍ സാക്ഷരതാ മിഷന്റെ ചുമതലയേറ്റത്. ഒന്നു ശ്രദ്ധിച്ചാല്‍ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയൊക്കെപ്പോലെ ഉയര്‍ന്നുവരാന്‍ കഴിയുന്ന കാമ്പസ് എന്നാണ് അവരുടെ അഭിപ്രായം. '23 ഡിപ്പാര്‍ട്ടുമെന്റുകളുള്ള കോളേജ്; ഗവേഷണ കേന്ദ്രം. വലിയ സാധ്യതകളുണ്ട്. പക്ഷേ, അതിനെ പ്രത്യേകരീതിയില്‍ ടാര്‍ഗറ്റ് ചെയ്‌തോ പ്രചരിപ്പിച്ചോ മോശമാക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് സമൂഹത്തില്‍ തെറ്റായ ധാരണയുള്ളത്. ചില അധ്യാപകരുടെ ഭാഗത്തു നിന്നുതന്നെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ കോളേജില്‍ ചേരരുത്, വെറുതെ ജീവിതം നശിപ്പിക്കണോ എന്ന് അഡ്മിഷനു വരുന്ന കുട്ടികളോട് ചോദിക്കുന്ന അദ്ധ്യാപകരുണ്ട്. അവര്‍ വലിയ സാമൂഹികദ്രോഹമാണ് ചെയ്യുന്നത്. ആ സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടുതന്നെ സ്ഥാപനത്തേയും വിദ്യാര്‍ത്ഥികളേയും ദ്രോഹിക്കുന്നവര്‍ക്ക് എന്തു പ്രതിബദ്ധതയാണുള്ളത്? അവരും കൂടി ചേര്‍ന്നു സൃഷ്ടിച്ചിരിക്കുന്ന തെറ്റായ ധാരണയുടെയൊക്കെ അടിസ്ഥാനം അരാഷ്ട്രീയതയാണ്. അരാഷ്ട്രീയത വര്‍ഗ്ഗീയ രാഷ്ട്രീയത്തിലേക്കാണ് എത്തുക. വര്‍ഗ്ഗീയവിഷമില്ലാത്ത കാമ്പസായി ഇവിടം നില്‍ക്കുന്നത് ഉയര്‍ന്ന രാഷ്ട്രീയബോധം കൊണ്ടാണ്'' -ഡോ. ശ്രീകല വിശദീകരിക്കുന്നു.

തൂണിലും തുരുമ്പിലും രാഷ്ട്രീയം

ലഹരിമരുന്നുകളുടെ സ്വാധീനത്തില്‍നിന്നു മാറിനില്‍ക്കുന്ന കാമ്പസ് എന്നത് എല്ലാക്കാലത്തും ഈ കോളേജിന്റെ വലിയ പ്രത്യേകതയാണ്. ലഹരിമരുന്നും റാഗിംഗും നിരവധി കോളേജുകളില്‍ പ്രശ്‌നമായി മാറിയ കാലത്തും ഈ രണ്ടു പ്രശ്‌നങ്ങള്‍ കാര്യമായി ബാധിച്ചില്ല. അതിനൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് രാഷ്ട്രീയ ജാഗ്രതയാണ്, കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ടല്ലാതെ തന്നെ രാഷ്ട്രീയബോധമുള്ള കാമ്പസ് എന്നതാണ്.

രാഷ്ട്രീയബോധം എന്നത് ഒരു വലിയ വൈജ്ഞാനിക ശാഖയാണ് എന്ന് ജി.എസ്. പ്രദീപ് നിരീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ പി.കെ. ഗംഗാധരന്‍ യൂണിവേഴ്സിറ്റി കോളേജിലെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. അന്ന് എസ്.എഫ് (സ്റ്റുഡന്റ്സ് ഫെഡറേഷന്‍) ആണ് ഇടതു വിദ്യാര്‍ത്ഥി സംഘടന. കമ്യൂണിസ്റ്റായതുകൊണ്ട് ഒ.എന്‍.വി കുറുപ്പിനു പ്രവേശനം കൊടുക്കാതിരുന്നതും അച്ഛന്റെ അതിശക്തമായ പ്രതിഷേധവും അതിനുണ്ടായ ഫലവുമൊക്കെ പ്രദീപിന്റെ യൂണിവേഴ്സിറ്റി കോളേജ് ഓര്‍മ്മകളുടെ ഭാഗമാണ്. എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം അവിടെ വിദ്യാര്‍ത്ഥിയായി. അപ്പോഴും അതു കഴിഞ്ഞും ഈ കോളേജ് പ്രിയപ്പെട്ടതാണ്. കോളേജില്‍നിന്നുപോയ ശേഷവും ആ കാമ്പസും ലൈബ്രറിയുമൊക്കെയായി ബന്ധപ്പെട്ട കൂട്ടായ്മകളും അവിടെ നടത്തിയ സാഹിത്യസംഭാഷണങ്ങളും വിഷയങ്ങളുമൊക്കെ അറിവുകളെ ഒരുപാട് സ്വാധീനിച്ചു. രാഷ്ട്രീയം എന്നത് ബാലറ്റ് രാഷ്ട്രീയത്തിന് ഉപരിയാണ്. രാഷ്ട്രീയമില്ലാത്ത ഒന്നുമില്ല എന്ന ഉള്‍ക്കൊള്ളലുണ്ട് യൂണിവേഴ്സിറ്റി കോളേജിന്; ഈ കോളേജ് കേരളത്തില്‍ ഒന്നാമതാകുന്നത് ആ മാനവികമായ തിരിച്ചറിവുകൊണ്ടാണ്-  ജി.എസ്. പ്രദീപിന്റെ വാക്കുകള്‍.

''കോളേജിനെ രാഷ്ട്രീയത്തിന്റെ പേരില്‍ കടന്നാക്രമിക്കുന്നതില്‍ കാര്യമില്ല. എസ്.എഫ്.ഐക്ക് എല്ലാക്കാലത്തും മേധാവിത്വം ഉണ്ടായിരുന്നു എന്നതു ശരിയാണ്. പക്ഷേ, കോളേജ് യൂണിയന്‍ എന്ന നിലയ്ക്ക് സജീവമായ സാന്നിധ്യം വേണ്ടതുതന്നെയാണ്. ഓവനില്‍ ബേക്ക് ചെയ്‌തെടുത്തതുപോലെയുള്ള കുട്ടികളല്ല കാമ്പസില്‍നിന്നു പുറത്തിറങ്ങേണ്ടത്. സാമൂഹിക അവബോധത്തില്‍ ജീവിക്കുന്നവരാകണം. ആ അന്തരീക്ഷം കോളേജില്‍ ഉണ്ടാകണം. യൂണിവേഴ്സിറ്റി കോളേജില്‍ എന്നും അത് ഉണ്ടായിരുന്നു'' നീനാ പ്രസാദ് പറയുന്നു. ''അത്തരമൊരു രാഷ്ട്രീയ അന്തരീക്ഷത്തില്‍ വന്നതുകൊണ്ടാണ് ജീവിതത്തില്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ എനിക്കു കഴിഞ്ഞത്. നൃത്തം ജീവിതമാക്കിയാല്‍ ഭാവിയുണ്ടോ എന്ന സംശയത്തേക്കാള്‍ ആ പാഷന്റെ പിന്നാലെ പോകാനുള്ള ധൈര്യം ലഭിച്ചത് ആ കോളേജ് അന്തരീക്ഷത്തിന്റെ തുടര്‍ച്ചയായാണ്. യൂണിവേഴ്സിറ്റി കോളേജ് എന്നെ പാകപ്പെടുത്തി എന്നു ഞാന്‍ അഭിമാനത്തോടെ പറയും.''

''വിവിധ രാഷ്ട്രീയ നിലപാടുകളുള്ളവര്‍ തന്നെയാണ് യൂണിവേഴ്സിറ്റി കോളേജിലും പഠിക്കുന്നത്. പക്ഷേ, കോളേജില്‍ വന്നതിനുശേഷം അവര്‍ക്ക് പ്രതികരിക്കേണ്ട വിഷയങ്ങളില്‍ പ്രതികരിക്കും. അക്കാര്യത്തില്‍ ഏറ്റവും ശരിയായ നിലപാടുകളെടുക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളുമായി അവര്‍ ചേര്‍ന്നുനില്‍ക്കും'' അഡ്വ. എസ്.പി. ദീപക് പറയുന്നു. ''എല്ലാക്കാലത്തും വിവിധ സാമൂഹിക വിഷയങ്ങളില്‍ ആദ്യംതന്നെ പ്രതികരിച്ചിട്ടുള്ളവരാണ് യൂണിവേഴ്സിറ്റി കോളേജിലെ കുട്ടികള്‍. അടിയന്തരാവസ്ഥയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന കാമ്പസാണിത്. വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ക്കും ഫീസ് വര്‍ദ്ധനവിനും ഉള്‍പ്പെടെ എതിരായ പ്രക്ഷോഭങ്ങള്‍ ഉദാഹരണം. കോളേജിനുള്ളില്‍ കുട്ടികള്‍ക്കു നേരെ പൊലീസ് വെടിവെയ്പുപോലും ഉണ്ടായിട്ടുണ്ട്. എന്നാല്‍, സമയത്ത് ആ കുട്ടികള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ശരിയായിരുന്നു എന്ന് കാലം തെളിയിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ അന്നത്തെ പ്രിന്‍സിപ്പല്‍ നബീസാ ഉമ്മാള്‍ ടീച്ചര്‍ പ്രമേയം വായിച്ചു കഴിഞ്ഞയുടന്‍, സിക്കുകാര്‍ക്കെതിരായ അക്രമങ്ങളിലെ പ്രതിഷേധവും രേഖപ്പെടുത്തണം എന്നു വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. പല ഘട്ടങ്ങളിലും അത്തരം പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. മയക്കുമരുന്നിന്റെ കാമ്പസായി ഒരു ഘട്ടത്തില്‍ ഈ കാമ്പസിനെ മാറ്റാന്‍ പുറത്തുനിന്നുള്ളവര്‍ ശ്രമിച്ചപ്പോള്‍ വിദ്യാര്‍ത്ഥികളാണ് ചെറുത്തു തോല്പിച്ചത്. പക്ഷേ, കാമ്പസിനുള്ളിലെ ഒറ്റപ്പെട്ട സംഭവങ്ങളെ വലുതാക്കി കാണിച്ച് കോളേജിനെ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നുണ്ട്. അതിലും രാഷ്ട്രീയമുണ്ട്.''

കേരളത്തിന്റെ സാമൂഹിക മുന്നേറ്റവുമായി ചേര്‍ത്തുവായിക്കാവുന്ന ചരിത്രമുള്ള കോളേജ് എന്നത് പ്രധാനമാണ് എന്ന് പ്രിന്‍സിപ്പല്‍ ബി. ഉണ്ണികൃഷ്ണന്‍. ''ദേശീയ പ്രസ്ഥാനം ഉള്‍പ്പെടെ എല്ലാ മുന്നേറ്റങ്ങളിലും ഈ കോളേജും പങ്കാളിത്തം വഹിച്ചു. സ്വാതന്ത്ര്യാനന്തര കേരളത്തിലെ വിദ്യാഭ്യാസ നയരൂപീകരണത്തില്‍ ഈ കോളേജിലെ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. ഇതൊക്കെക്കൊണ്ടുതന്നെ അര്‍ഹിക്കുന്ന നേട്ടമാണ് ഇത്. എന്‍.ഐ.ആര്‍.എഫും നാക്കും (naac) അടക്കമുള്ള അംഗീകാരങ്ങളിലേക്ക് എത്തണമെങ്കില്‍ മികവുണ്ടായാല്‍ മാത്രം പോരാ അതു നന്നായി രേഖപ്പെടുത്തി അവതരിപ്പിക്കാനും കഴിയണം. ഡോക്കുമെന്റേഷനിലെ ഈ മികവും യൂണിവേഴ്സിറ്റി കോളേജിനുണ്ട്. ഒരു പറ്റം അദ്ധ്യാപകര്‍ എല്ലാ സമയത്തും ഈ കോളേജിന്റെ കാര്യങ്ങളില്‍ മുഴുകിയിരിക്കുന്നു. ഇതൊന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ചെയ്യുന്നതല്ല; സമൂഹം അറിയുന്നു പോലുമില്ല.'' പക്ഷേ, ചില അനഭിമതമായ കാര്യങ്ങള്‍ ഉണ്ടാകും എന്ന് അദ്ദേഹം സമ്മതിക്കുന്നു. എല്ലായിടത്തും അതിന്റെ ഭാഗമാകുന്നത് വളരെക്കുറച്ചു പേര്‍ മാത്രമാണ്; ഇവിടെയും അങ്ങനെ തന്നെയാണ്. പക്ഷേ, അത് ഉയര്‍ത്തിക്കാണിച്ച് കോളേജിനെ മോശമാക്കാനുള്ള ശ്രമങ്ങള്‍ക്കു മറുപടിയാണ് തുടര്‍ച്ചയായ അംഗീകാരം- പ്രിന്‍സിപ്പല്‍ പറയുന്നു.

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ കോളേജുകളേയും എന്‍.ഐ.ആര്‍.എഫ് റാങ്കിംഗില്‍ കൊണ്ടുവരണം എന്ന അഭിപ്രായം കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിനു മുന്നില്‍ ഒരു പ്രപ്പോസലായി വയ്ക്കാനുള്ള ശ്രമത്തിലാണ് യൂണിവേഴ്സിറ്റി കോളേജ്. മറ്റു കോളേജുകളില്‍ ആവശ്യമെങ്കില്‍ ഇവിടുത്തെ രീതികള്‍ എങ്ങനെ ഉള്‍പ്പെടുത്താം എന്നു ശ്രമിക്കണം എന്നത് ഒരു ശുപാര്‍ശയായി സമര്‍പ്പിക്കും. ഓരോന്നും ഓരോ കോളേജാണ്. എല്ലായിടത്തും സമര്‍ത്ഥരായ അദ്ധ്യാപകരുമുണ്ട്. പക്ഷേ, ഡയറക്ടറേറ്റ് മുന്‍കയ്യെടുത്ത് യൂണിവേഴ്സിറ്റി കോളേജിന്റെ പ്രവര്‍ത്തനമികവ് എങ്ങനെ പൊതുവായി ഉപയോഗപ്പെടുത്താം എന്നതിലൊരു ശ്രദ്ധ വയ്ക്കുന്നത് ഗുണകരമാകും എന്നാണ് ചൂണ്ടിക്കാണിക്കുക. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍നിന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍നിന്നും കോളേജുകള്‍ക്കു ലഭിക്കുന്ന പിന്തുണയ്‌ക്കൊപ്പം ഈയൊരു ശ്രമംകൂടി നടത്തിയാല്‍ കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളുടെ ചിത്രം കൂടുതല്‍ മാറും എന്ന പ്രതീക്ഷയാണ് ഇതിനു പിന്നില്‍. അംഗീകാരങ്ങള്‍ യൂണിവേഴ്സിറ്റി കോളേജ് ആഘോഷമാക്കി മാറ്റാറില്ല. കോളേജ് തലത്തില്‍ മാത്രം ഒരു ചടങ്ങിലൊതുങ്ങും. ഇത്തവണ സാഹചര്യങ്ങള്‍ അനുവദിക്കാത്തതുകൊണ്ട് അതുപോലും പരിമിതപ്പെടുത്തേണ്ടിവന്നു. പക്ഷേ, മികവില്‍നിന്നു കൂടുതല്‍ മികവിലേക്കുള്ള പടികളില്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് ഈ കലാലയ മുത്തശ്ശിയുടെ നില്‍പ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com