വിചിത്രം, ഗുരുതരം കാസര്‍കോട്ടെ കൊലപാതകങ്ങള്‍

കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയ്ക്കാണ് കുപ്രസിദ്ധി. എന്നാല്‍, കാസര്‍കോട്ടെ കൊലകള്‍ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാറില്ല
വിചിത്രം, ഗുരുതരം കാസര്‍കോട്ടെ കൊലപാതകങ്ങള്‍

കാസര്‍കോട്ടെ രാഷ്ട്രീയ-മതവിദ്വേഷ കൊലപാതകങ്ങളിലെ പ്രതികള്‍ 'വെറുതെ വിടപ്പെടുന്നവരാണ്.' പത്തും പന്ത്രണ്ടും വര്‍ഷം വരെ കോടതിയും പൊലീസും മറ്റു സംവിധാനങ്ങളും കേസിനുവേണ്ടി സമയം ചെലവഴിക്കുമെങ്കിലും പ്രതികളൊന്നും ശിക്ഷിക്കപ്പെടാറില്ല. കൊലപാതകം നടന്നത് സത്യമാണ്, കൊല്ലപ്പെട്ടതും സത്യമാണ്, പക്ഷേ, കൊന്നയാള്‍-ഭൂരിഭാഗം കേസുകളിലും അങ്ങനെയൊരാളുണ്ടാകില്ല. വിചിത്രവും ഗുരുതരവുമാണ് കാസര്‍കോട്ടെ കൊലപാതകങ്ങളുടെ സ്ഥിതി. കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയ്ക്കാണ് കുപ്രസിദ്ധി. കാസര്‍കോട്ടെ കൊലകള്‍ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാറില്ല. അതുകൊണ്ടുതന്നെ പിന്നീടുണ്ടാകുന്ന കേസിന്റെ പുരോഗതിയും അധികമാരും ശ്രദ്ധിക്കാറില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ഏട്ട് മതവിദ്വേഷ-രാഷ്ട്രീയ കൊലപാതക കേസുകളില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടു. 2008-ല്‍ കാസര്‍കോഡ് വര്‍ഗ്ഗീയ കലാപത്തിനു തുടക്കമിട്ട സന്ദീപ് വധം ഉള്‍പ്പെടെയാണിത്. ലാഘവത്തോടെയുള്ള കേസന്വേഷണവും തുടര്‍നടപടികളും ഇവിടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. 2008 മുതലുള്ള കണക്കെടുത്താല്‍ വര്‍ഗ്ഗീയവും രാഷ്ട്രീയവുമായ ഇരുപതിലധികം കൊലപാതകങ്ങള്‍ കാസര്‍കോട് നടന്നിട്ടുണ്ട്.

ഒന്നിനും തെളിവില്ല 

ജൂണ്‍ 24-ന് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത് മൂന്ന് കൊലപാതക കേസിലാണ്. വലിയ അദ്ഭുതങ്ങളൊന്നും സംഭവിക്കാത്തത് കൊണ്ട് മൂന്ന് കേസിലും തെളിവുകളുടേയും സാക്ഷികളുടേയും അഭാവത്തില്‍ കോടതി പ്രതികളെ വെറുതെ വിട്ടു. 14 പ്രതികള്‍ അങ്ങനെ കുറ്റവിമുക്തരായി. സന്ദീപ്, അബ്ദുള്‍ സത്താര്‍, സി. നാരായണന്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസുകളിലാണ് വിധി പറഞ്ഞത്. പ്രതികള്‍ നിരപരാധികളാണെങ്കില്‍ ജീവിതത്തില്‍ നീണ്ട വര്‍ഷം നിയമപോരാട്ടത്തിനു മാറ്റിവെക്കേണ്ടി വരികയും അത്രയും കാലം കൊലപാതകി എന്നു സമൂഹത്തില്‍ അറിയപ്പെടുകയും ചെയ്ത ഇവരുടെ അവകാശങ്ങള്‍ക്കുവേണ്ടി മനുഷ്യാവകാശ സംഘടനകളെങ്കിലും ഇടപെടേണ്ടതല്ലേ. കാസര്‍ഗോഡ് എറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു ബി. സന്ദീപിന്റെ കൊലക്കേസ്. 2008-ല്‍ കാസര്‍ഗോഡിനെ വര്‍ഗ്ഗീയ കലാപത്തിലേക്ക് നയിച്ച കൊലപാതകമായിരുന്നു ഇത്. മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സന്ദീപിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് നടന്ന വര്‍ഗ്ഗീയ സഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

2008 ഏപ്രില്‍ 14-നു രാത്രി കാസര്‍ഗോഡ് പുതിയ സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് നെല്ലിക്കുന്ന് കടപ്പുറം സ്വദേശിയായ സന്ദീപിന് (24) കുത്തേറ്റത്. സഹോദരനും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പള്ളിയുടെ പരിസരത്ത് മൂത്രമൊഴിച്ചു എന്നാരോപിച്ച് ഒരു സംഘം ആളുകള്‍ ചോദ്യം ചെയ്യുകയും സംഘര്‍ഷം നടക്കുകയുമായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സന്ദീപ് മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സന്ദീപിന്റെ സഹോദരനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. പ്രധാനസാക്ഷിയായി കേസിനൊപ്പം ഏറെകാലം ഈ സഹോദരനുണ്ടായിരുന്നു. അടുത്തിടെ ഇദ്ദേഹം ആത്മഹത്യ ചെയ്തതോടെ കാര്യങ്ങള്‍ മെല്ലെയായി.

പൊവ്വലിലെ മുഹമ്മദ് റഫീഖ് (35), ഫോര്‍ട്ട് റോഡിലെ ഷഹല്‍ ഖാന്‍ (35) ചെങ്കള നാലാംമൈല്‍ പി.എ. അബ്ദുര്‍ റഹ്മാന്‍ (48) വിദ്യാനഗറിലെ എ.എ. അബ്ദുല്‍ സത്താര്‍ (42), ചെങ്കള തൈവളപ്പിലെ കെ.എം. അബ്ദുല്‍ അസ്ലം (38) ഉളിയത്തടുക്കയിലെ എം. ഹാരിസ് (38), അണങ്കൂരിലെ ഷബീര്‍ (36) ഉളിയത്തടുക്കയിലെ മുഹമ്മദ് റാഫി (40) എന്നിവരാണ് വിചാരണ നേരിട്ടത്. കേസില്‍ ഹാജരാകാതിരുന്ന എട്ടാംപ്രതി ഉപ്പളയിലെ സിറാജുദ്ദീന്റെ വിചാരണ പിന്നീട് നടക്കും. 25 സാക്ഷികളില്‍ 18 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ.എന്‍. അശോക് കുമാറാണ് ഹാജരായത്. 

സംഭവം നടന്ന് 12 വര്‍ഷത്തിനുശേഷമാണ് കേസിനു വിധിയാകുന്നത്. നാല് അന്വേഷണ ഉദ്യോഗസ്ഥര്‍ മാറി വന്ന കേസായിരുന്നു ഇത്. കാസര്‍കോട് സി.ഐമാരായിരുന്ന എം. പ്രദീപ്കുമാര്‍, വി.യു. കുര്യാക്കോസ്, കെ.കെ. മാര്‍ക്കോസ് എന്നിവര്‍ മാറി മാറി അന്വേഷിച്ച കേസില്‍ കാസര്‍കോട് എസ്.ഐ. ആയിരുന്ന മധുസൂദനന്‍ നായരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സന്ദീപിന്റെ കേസില്‍ നാല് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉണ്ടായത് കേസിനെ ബാധിച്ചിട്ടുണ്ടെന്ന് അഡ്വ. എ.എന്‍. അശോക് കുമാര്‍ പറയുന്നു. ''കേസിന്റെ തുടക്കം മുതല്‍ അവസാനം വരെ ഒരു പൊലീസ് ഓഫീസറുടെ നേതൃത്വത്തില്‍ തന്നെയായിരിക്കണം അന്വേഷിക്കേണ്ടത്. പല അപാകതകളും ഇല്ലാതാക്കാന്‍ ഇതുകൊണ്ട് കഴിയും. ലോ ആന്റ് ഓര്‍ഡര്‍ ക്രൈമുമായി വേര്‍പ്പെടുത്താത്തിടത്തോളം കാലം കേരളത്തില്‍ ഇതുപോലെ സംഭവിച്ചുകൊണ്ടിരിക്കും. ഇത് രണ്ടും ഒരേ ടീം ചെയ്യുമ്പോള്‍ പല പരിമിതികളുമുണ്ടാകും. പല സംസ്ഥാനങ്ങളിലും പ്രത്യേക വിങ്ങുണ്ട്. കര്‍ണാടകത്തില്‍ സി.ഐ.ഡി., തമിഴ്നാട്ടില്‍ ക്യൂ ബ്രാഞ്ച് ഒക്കെയാണ് ക്രൈം അന്വേഷിക്കുന്നത്. ആ സംവിധാനം കേരളത്തിലും വേണം'' - അദ്ദേഹം പറയുന്നു.

മദ്രസാ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയവർ  അറസ്റ്റിലായപ്പോൾ
മദ്രസാ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയവർ  അറസ്റ്റിലായപ്പോൾ

വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് 

സന്ദീപ് വധത്തിനുശേഷം നടന്ന സംഘര്‍ഷത്തിലാണ് മുഹമ്മദ് സിനാന്‍, അഡ്വ. സുഹാസ്, സി.എ. മുഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ടത്. 2013-ല്‍ത്തന്നെ വിധി വന്ന മുഹമ്മദ് സിനാന്റെ കേസിലെ പ്രതികളേയും കോടതി വെറുതെ വിടുകയായിരുന്നു. അഡ്വ. സുഹാസിന്റെ കേസ് തലശ്ശേരി കോടതിയിലും മുഹമ്മദ് കേസിന്റെ വിചാരണ കാസര്‍ഗോഡും നടന്നുവരുന്നു. രണ്ടു കേസിലും ശിക്ഷാനടപടികള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് നിയമരംഗത്തുള്ളവര്‍ തന്നെ പറയുന്നു. 

അന്നുനടന്ന വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ നാശനഷ്ടങ്ങള്‍ ഏറെയായിരുന്നു. സന്ദീപിന്റെ കൊലപാതകത്തിന്റെ പിറ്റേ ദിവസം ബി.ജെ.പി. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. കറന്തക്കാട് വെച്ച് മുസ്ലിം ചെറുപ്പക്കാരെ ബി.ജെ.പി-ആര്‍.എസ്.എസ് സംഘം തടഞ്ഞുവെച്ച് ആക്രമിച്ചു. ഇതിനു തുടര്‍ച്ചയായി മൊഗ്രാലിനടുത്ത് ബി.ജെ.പി പ്രവര്‍ത്തകരായ കൃഷ്ണപ്രസാദിനും ചന്ദ്രഹാസ ആചാര്യയ്ക്കും കുത്തേറ്റു. തൊട്ടടുത്ത ദിവസം ഏപ്രില്‍ 16 - ബി.ജെ.പി. കോട്ടയായ അനെബാഗിലുവില്‍ വെച്ച് ബെക്കില്‍ പോകുകയായിരുന്ന മുഹമ്മദ് സിനാന്‍ എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്നു. ഏപ്രില്‍ 17-ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനും അഡ്വക്കേറ്റുമായ പി. സുഹാസിനെ കാസര്‍കോട് വെച്ച് വെട്ടിക്കൊന്നു. പിറ്റേന്ന് അടുക്കത്ത്ബയലില്‍ സി.എം. മുഹമ്മദ് കുഞ്ഞിയും കൊല്ലപ്പെട്ടു. 12 വര്‍ഷം കഴിഞ്ഞിട്ടും രണ്ടു കേസുകളിലെ വിചാരണ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നതേയുള്ളൂ.

രാഷ്ട്രീയവും വര്‍ഗ്ഗീയവും
 
കാസര്‍കോട് നടക്കുന്ന പല കൊലപാതകങ്ങളും രാഷ്ട്രീയമാണോ മതവിദ്വേഷമാണോ എന്നു തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലാണ്. ചില കൊലപാതകങ്ങളെ മതത്തിന്റെ പേരില്‍ എളുപ്പത്തില്‍ ആരോപിക്കാനും കഴിയാറുണ്ട്.

2013 സെപ്തംബറില്‍ സി.പി.എം പ്രവര്‍ത്തകനായ മാങ്ങാട് ആര്യടുക്കത്തെ എം.ബി. ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടിരുന്നു. തിരുവോണ ദിവസം രാത്രി 8.30-ന് വീട്ടിലേക്കുള്ള വഴിയിലായിരുന്നു കൊലപാതകം. വര്‍ഗ്ഗീയ കൊലപാതകം ആണെന്ന രീതിയില്‍ തുടക്കത്തില്‍ പ്രചാരണങ്ങള്‍ നടന്നു. പിന്നീട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കേസില്‍ അറസ്റ്റിലാവുകയും അഞ്ചു വര്‍ഷത്തിനുശേഷം 2018-ല്‍ തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയും ചെയ്തു.

ഷുക്കൂര്‍ വധക്കേസില്‍ 2012 ഓഗസ്റ്റില്‍ പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എം നടത്തിയ ഹര്‍ത്താലിനിടെ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. തച്ചങ്ങാട് കേന്ദ്രീകരിച്ച് നടത്തിയ പ്രകടനം മൗവ്വലില്‍ എത്തിയതോടെ സംഘര്‍ഷമായി. ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ മനോജാണ് മരിച്ചത്.
ലീഗ് പ്രവര്‍ത്തകര്‍ മനോജിനെ ചവിട്ടികൊന്നു എന്നാരോപിച്ച് രണ്ടാംദിവസവും ഹര്‍ത്താല്‍ നടന്നു. മനോജിനെ കൊലപ്പെടുത്തിയത് മുസ്ലിം ലീഗിലെ തീവ്രവാദികളാണെന്നും അവര്‍ നേതൃത്വത്തിന്റെ പുറത്താണെന്നും സി.പി.എം നേതാക്കള്‍ ആരോപിച്ചിരുന്നു. ഹര്‍ത്താലില്‍ വ്യാപകമായ അക്രമസംഭവങ്ങളുമുണ്ടായി. പിന്നീട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ഹൃദയാഘാതമായിരുന്നു.

2009 നവംബര്‍ 15-ന് കാസര്‍കോട് മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ ആരിക്കാടിയിലെ അസ്‌കര്‍ കുത്തേറ്റു മരിച്ചിരുന്നു. ഈ കേസില്‍ രണ്ടാംപ്രതിയായ സജിത്തിനെ കോടതി വെറുതെ വിട്ടു. പിന്നീട് സജിത്തിനു നേരെയും വധശ്രമമുണ്ടായി. ഈ കേസിലും സാമുദായികമായ വിദ്വേഷം ആരോപിക്കപ്പെട്ടിരുന്നു.

തെളിവില്ലാതെ മരിച്ചവര്‍
 
ജൂണ്‍ 24-നു പ്രതികളെ വിട്ടയച്ച മറ്റു രണ്ട് കേസുകള്‍ അബ്ദുള്‍ സത്താറിന്റേയും സി. നാരായണന്റേതുമാണ്.

2008 ഡിസംബര്‍ 21-ന് ഉപ്പള സൊങ്കലില്‍ വീടിനടുത്ത് വെച്ചാണ് അബ്ദുള്‍ സത്താര്‍ കുത്തേറ്റു മരിച്ചത്. മുഹമ്മദ് ഫാറൂഖ്, ഇബ്രാഹിം ഖലീല്‍, സൈനുദ്ദീന്‍ എന്നിവരായിരുന്നു പ്രതികള്‍. 2015 ഓഗസ്റ്റ് 28-ന് ഓണനാളിലാണ് സി.പി.എം പ്രവര്‍ത്തകനായ സി. നാരായണന്‍ കൊല്ലപ്പെട്ടത്. 

നാരായണനൊപ്പം സഹോദരന്‍ സി. അരവിന്ദനും കുത്തേറ്റിരുന്നു. അരവിന്ദന്‍ ദൃക്സാക്ഷിയായിട്ടും കേസ് കൃത്യമായി മുന്നോട്ട് പോയില്ല. ബി.ജെ.പി പ്രവര്‍ത്തകരായ ശ്രീനാഥ്, വിജയന്‍, പുഷ്പരാജ് എന്നിവരായിരുന്നു പ്രതികള്‍. 2019 മെയില്‍ സാബിത്ത് വധക്കേസിലെ ഏഴ് പ്രതികളേയും സെഷന്‍സ് കോടതി വെറുതെ വിട്ടു. 2013 ജൂലൈ ഏഴിനാണ് തുണിക്കടയിലെ ജോലിക്കാരനായ 18-കാരന്‍ സാബിത്ത് കൊല്ലപ്പെട്ടത്. റോഡിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്ന മട്ടിലായിരുന്നു പൊലീസിന്റെ അന്വേഷണം. എന്നാല്‍, മതവിദ്വേഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നിയമരംഗത്തുള്ളവര്‍ പറയുന്നു. സാബിത്ത്, മുഹമ്മദ് സിനാന്‍, റിഷാദ് എന്നീ കേസില്‍ പ്രതികള്‍ക്കായി ഹാജരായത് അഡ്വ. ശ്രീധരന്‍ പിള്ളയാണ്. ഹാജരായ എല്ലാ കേസിലും പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കി വെറുതെ വിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 2011-ല്‍ നടന്ന ചൂരിയിലെ റിഷാദിന്റെ കൊലപാതകത്തിലും പ്രതികള്‍ രക്ഷപ്പെട്ടു.

കാസര്‍കോട് നടക്കുന്ന കൊലപാതകങ്ങളില്‍ ഭൂരിഭാഗവും മതവിദ്വേഷത്തിന്റെ പേരിലുള്ളതാണ്. മദ്രസ അധ്യാപകനായ 32-കാരന്‍ റിയാസ് മൗലവി 2017 മാര്‍ച്ച് 20-ന് കൊല്ലപ്പെട്ടതിന്റെ വിചാരണയും നടന്നുകൊണ്ടിരിക്കുകയാണ്. മധൂര്‍ പഞ്ചായത്തിലെ ചൂരിയില്‍ മുജാഹിദ്ദീന്‍ ജുമാ മസ്ജിദിലാണ് കുടക് സ്വദേശിയായ റിയാസിന് കുത്തേറ്റത്. മൂന്ന് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കേസില്‍ അറസ്റ്റിലാണ്. 89 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എ. ശ്രീനിവാസ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യമെടുത്താല്‍ കൃപേഷിന്റേയും ശരത്ത്ലാലിന്റേയും കേസിലും ദുര്‍ബ്ബലമായ കുറ്റപത്രം സമര്‍പ്പിച്ചത് വിവാദമായിരുന്നു. കാര്യക്ഷമമല്ലാത്ത പൊലീസ് അന്വേഷണം, സ്വാധീനത്തിനു വഴങ്ങുന്ന ഉദ്യോഗസ്ഥര്‍, സാക്ഷികള്‍ക്ക് സംരക്ഷണം കൊടുക്കാതിരിക്കുക, നീണ്ടുപോകുന്ന വിചാരണ, പ്രോസിക്യൂഷന്റെ പരാജയം എന്നിവയെല്ലാമാണ് ഓരോ കേസിലും തിരിച്ചടിയാകുന്നത്.

അന്വേഷണത്തിലെ മികവ് കുറവ് പ്രധാനകാരണമാണെന്ന് അഡ്വ. സി. ഷുക്കൂര്‍ പറയുന്നു. ''സാക്ഷികളെ കേസ് തീരുന്നതുവരെ കൃത്യമായി കൊണ്ടുപോകുന്നതിനുള്ള താല്പര്യം പ്രോസിക്യൂഷനും വേണം. ക്രമസമാധാനപാലനവും കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതും വ്യത്യസ്ത വിഭാഗങ്ങളെ ഏല്‍പ്പിക്കുക എന്നത് പ്രധാനമാണ്. എസ്.പി. തലത്തിലുള്ള ഒരാള്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണം നടത്തണം. തുടക്കം മുതല്‍ അവസാനം റിപ്പോര്‍ട്ട് കൊടുക്കുന്നതുവരെ പൊലീസിന്റേയും വക്കീലന്മാരുടേയും ഒരു ടീം ചര്‍ച്ച ചെയ്ത് എന്തൊക്കെ വേണം എന്നു തീരുമാനിക്കണം. സുപ്രീം കോടതിയില്‍ നിന്നടക്കമുള്ള ഏറ്റവും പുതിയ തീരുമാനങ്ങള്‍ വരെ അപ്പപ്പോള്‍ അറിയാനും കേസില്‍ നടപ്പാക്കാനും പറ്റണം. എങ്കില്‍ മാത്രമേ ഇത് തടയാന്‍ പറ്റൂ'' - അദ്ദേഹം പറയുന്നു.

റിയാസ് മൗലവി
റിയാസ് മൗലവി

മതേതരശക്തികളുടെ ഇടപെടല്‍ വേണം 
എം.വി. ബാലകൃഷ്ണന്‍ 
സി.പി.എം. ജില്ലാസെക്രട്ടറി

കൊലക്കേസ് പ്രതികളെ വെറുതെവിടുന്നത് അങ്ങേയറ്റം ഖേദകരമാണ്. ഗൗരവതരമായി ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തെ എടുക്കേണ്ടതുണ്ട്. ക്രമസമാധാന പാലനവും കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതും രണ്ട് വിഭാഗങ്ങള്‍ തന്നെ കൈകാര്യം ചെയ്യുന്ന രീതിയില്‍ പുനക്രമീകരണം നടത്തണം. കാസര്‍കോട് മഞ്ചേശ്വരം ഭാഗങ്ങളില്‍ വര്‍ഗ്ഗീയത നിലനില്‍ക്കുന്നുണ്ട്. ഒരു വശത്ത് ബി.ജെ.പിയും മറ്റേവശത്ത് ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ പോലുള്ള സംഘടനകളുമാണ്. ലീഗിന്റെ സഹായവും അതിനുണ്ട്. വര്‍ഗ്ഗീയശക്തികളെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കളിക്കുന്നതുകൊണ്ടാണ് ഇത്തരം കേസുകളില്‍ പ്രതികള്‍ വിട്ടുപോകുന്നതിനു കാരണമാകുന്നത്. ഇതും പരിശോധിക്കണം. ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഭൂരിപക്ഷ വര്‍ഗ്ഗീയതയും നല്ലതുപോലെ തിമര്‍ത്താടുന്ന ഒരു പ്രദേശമാണ് കാസര്‍കോട് ജില്ലയുടെ വടക്കന്‍ ഭാഗം. കാസര്‍കോട് നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മതേതരശക്തികളുടെ ഇടപെടല്‍ അനിവാര്യമാണ്.

അന്വേഷണമില്ല തെളിവും 
ഹക്കീം കുന്നില്‍ 
ഡി.സി.സി. പ്രസിഡന്റ് 

കേസന്വേഷണം കൃത്യമായി മുന്നോട്ട് പോകാറില്ല. കേസന്വേഷണം മാത്രമല്ല സാക്ഷി പറയുന്നവര്‍ക്ക് സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം കൂടി പൊലീസിനും സര്‍ക്കാറിനുമുണ്ട്. അത് ചെയ്യാത്തതുകൊണ്ടുതന്നെ കൃത്യം ചെയ്യുന്നവര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ വരും. പ്രതികള്‍ ശക്തരാണ്. ഇത്രയധികം കൊലപാതകങ്ങള്‍ നടന്നിട്ടും ഇതിനകത്തെ ഗൂഢാലോചന എവിടെയും തെളിയിക്കപ്പെടുന്നില്ല. പ്രതികള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുക്കുന്നവരെ ഒരു കേസിലും കാണാനില്ല. അത് പ്രധാനമാണ്. അവരെപ്പോഴും കര്‍ട്ടന്റെ പിറകിലാണ്. ജില്ലയിലെ മതവിദ്വേഷ കൊലക്കേസുകളിലെ ഗൂഢാലോചകരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ കഴിയണം. രാഷ്ട്രീയ ലക്ഷ്യംപോലുമല്ല പല കൊലപാതകങ്ങളും. ഒന്നുമറിയാത്ത നിരപരാധികളാണ് പലപ്പോഴും കൊല്ലപ്പെടുന്നത്. സര്‍ക്കാര്‍ ഗൗരവത്തില്‍ ഇക്കാര്യം കാണുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com