ജമാഅത്തെ ഇസ്ലാമിയുടെ കേരള മോഹങ്ങള്‍

സ്വന്തം അടിത്തറ വികസിപ്പിക്കുക മാത്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്ഷ്യം. അതാകട്ടെ, മാതൃസംഘടന ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം തന്നെയാണ്
വെൽഫെയർ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ നേതൃത്വത്തിൽ ഇടതു സർക്കാരിന്റെ മുന്നോക്ക സമുദായ സംവരണത്തിനെതിരെ നടന്ന പ്രതിഷേധം
വെൽഫെയർ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ നേതൃത്വത്തിൽ ഇടതു സർക്കാരിന്റെ മുന്നോക്ക സമുദായ സംവരണത്തിനെതിരെ നടന്ന പ്രതിഷേധം

മാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഉണ്ടാക്കിയിരിക്കുന്ന ബന്ധത്തിനു പേര് പ്രാദേശിക ഒത്തുതീര്‍പ്പ്; എന്നാല്‍, യാഥാര്‍ത്ഥ്യം അതല്ല. സംസ്ഥാനാടിസ്ഥാനത്തില്‍ തീരുമാനിച്ചുറപ്പിച്ചു നടപ്പാക്കുന്ന ധാരണ തന്നെയാണുള്ളത്; അപ്രഖ്യാപിത രാഷ്ട്രീയ സഖ്യം. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രൂപപ്പെട്ട രാഷ്ട്രീയ സഖ്യത്തിന്റെ തുടര്‍ച്ചയാണ് ഇത്. ഇവിടംകൊണ്ടു തീരുകയുമില്ല. മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ക്കൂടി ബാധകമാകുന്ന ധാരണയുടെ വിശദാംശങ്ങള്‍ പോലും രണ്ടു പക്ഷവും കൂട്ടായി ചര്‍ച്ച ചെയ്തു തയ്യാറാക്കിക്കഴിഞ്ഞു. ഇതു സമര്‍ത്ഥമായി മറച്ചുവച്ചാണ് പ്രാദേശിക നീക്കുപോക്ക് എന്ന് ആവര്‍ത്തിച്ചു പറയുന്നത്. ധാരണ യു.ഡി.എഫ് വെളിപ്പെടുത്താതിരിക്കുന്നതിനു പല കാരണങ്ങളുണ്ട്. യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന ഹിന്ദു വോട്ടുകളും മതേതര വോട്ടുകളും നഷ്ടപ്പെടാന്‍ ജമാഅത്തെ ഇസ്ലാമി ബന്ധം ഇടയാക്കുമോ എന്ന ആശങ്കയാണ് ഏറ്റവും പ്രധാനം. സി.പി.എം നടത്താന്‍ ഇടയുള്ള രാഷ്ട്രീയ കടന്നാക്രമണത്തെക്കുറിച്ചുള്ള പേടിയാണ് രണ്ടാമത്തെ കാരണം. ദേശീയതലത്തില്‍ത്തന്നെ സംഘ്പരിവാര്‍ ഇത് പ്രചരണമാക്കിയാല്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് ബന്ധം വിലക്കിയാലോ എന്ന ആശങ്കയാണ് മൂന്നാമത്തേത്. അപ്രഖ്യാപിത ധാരണ ആയാലും സ്വന്തം അടിത്തറ വികസിപ്പിക്കുക മാത്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്ഷ്യം. അതാകട്ടെ, മാതൃസംഘടന ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യംതന്നെയാണ്: തദ്ദേശ സ്ഥാപനങ്ങളില്‍ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുക; നിയമസഭയില്‍ അക്കൗണ്ട് തുറക്കുക.

വിവാദങ്ങളെ അവഗണിച്ചു ധാരണയും സഖ്യവുമായി മുന്നോട്ടു പോവുകതന്നെയാണ് യു.ഡി.എഫ്. മുന്നണി കണ്‍വീനര്‍ എം.എം. ഹസ്സന്‍ ജമാഅത്ത് അമീര്‍ എം.ഐ. അബ്ദുല്‍ അസീസിനെ സന്ദര്‍ശിച്ചതിനു പിന്നാലെ യു.ഡി.എഫ്-ജമാഅത്തെ ബന്ധം സജീവ ചര്‍ച്ചയായത് യാദൃച്ഛികം മാത്രം. മറ്റു നിരവധി നേതാക്കളെ കണ്ടതിന്റെ ഭാഗമായാണ് അമീറിനേയും ഹസ്സന്‍ കണ്ടത്. എന്നാല്‍, സഖ്യ ചര്‍ച്ചയുടെ ഭാഗമായിത്തന്നെ യു.ഡി.എഫിന്റെ ഒട്ടുമിക്ക നേതാക്കളും ഒരു വര്‍ഷത്തിനിടയില്‍ നിരവധി ജമാഅത്ത്, വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായും എല്‍.ഡി.എഫുമായും പ്രാദേശിക നീക്കുപോക്കുണ്ടാക്കിയ വെല്‍ഫെയര്‍ പാര്‍ട്ടി 42 വാര്‍ഡുകളിലാണ് വിജയിച്ചത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫിനെ പിന്തുണച്ചു; ഒരിടത്തും വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചില്ല. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കൂടി ബാധകമാകുന്ന ധാരണ വേണം എന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വമാണ് വാശിപിടിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, മുസ്ലിംലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ്, ആര്‍.എസ്.പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഒരുപടികൂടി കടന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ ബന്ധം ഉറപ്പിക്കുന്നതിനു ലീഗ് ജനറല്‍ സെക്രട്ടറി കെ.പി. എ മജീദ് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വത്തിനു കത്തും നല്‍കി.

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിശ്ചിത വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും യു.ഡി.എഫും പരസ്പരം മത്സരിക്കില്ല. ഇതുവഴി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തദ്ദേശ ജനപ്രതിനിധികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. തിരിച്ച് അവരുടെ സഹായം യു.ഡി.എഫിനു ഗുണകരമാകുമെന്ന് മുന്നണി നേതൃത്വവും പ്രതീക്ഷിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിന്തുണയുള്ള വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എന്നു തുറന്നു പറയാതെ ഏതാനും സീറ്റുകളില്‍ പൊതുസ്വതന്ത്രരെ മത്സരിപ്പിക്കും. യു.ഡി.എഫിനു വിജയം ഉറപ്പിക്കാന്‍ കഴിയുന്ന നിയോജകമണ്ഡലങ്ങളും അക്കൂട്ടത്തില്‍ ഉണ്ടാകും. ആ പൊതു സ്വതന്ത്രര്‍ക്ക് രാഷ്ട്രീയമായി വെല്‍ഫെയര്‍ പാര്‍ട്ടിയോടായിരിക്കും പ്രതിബദ്ധത.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഓരോ തീരുമാനവും. ആര്‍.എസ്.എസ് ബി.ജെ.പിക്കുമേല്‍ ഉള്ളതുപോലെ ഓരോ ഇടപെടലിലും സ്വാധീനം. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ദേശീയ വൈസ് പ്രസിഡന്റ് ഇ.സി. ആയിഷ എന്നിവര്‍ ജമാഅത്ത് ഉന്നതാധികാര സമിതി (ശൂറാ) അംഗങ്ങളാണ്. ജമാഅത്തിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും ഇടയില്‍ ഇവര്‍ കൂടി ഉള്‍പ്പെട്ട കൂടിയാലോചനാ സമിതിയുമുണ്ട്. ഈ ഫ്രാക്ഷന്‍ കമ്മിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമാണ് ലോക്സഭാ തെരഞ്ഞെടുപ്പു കാലത്തുതന്നെ മൂന്നു തെരഞ്ഞെടുപ്പുകളിലേക്കുമുള്ള പൊതുധാരണ ഉണ്ടാക്കിയത്. 2011 ഒക്ടോബറില്‍ രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്തു മത്സരിച്ച് അറുപതിനായിരത്തോളം വോട്ടുകള്‍ നേടിയിരുന്നു. അതിന്റെ ഇരട്ടി വോട്ടുകള്‍ 2019-ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തില്‍ തങ്ങള്‍ക്കു നല്‍കാന്‍ കഴിഞ്ഞു എന്നാണ് അവകാശവാദം.

ഗുരുവായൂരിലെ തുടക്കം

ഗുരുവായൂര്‍ നിയമസഭാ നിയോജകമണ്ഡലത്തില്‍ 1994ലെ ഉപതെരഞ്ഞെടുപ്പ്. 1992 ഡിസംബര്‍ ആറിനു ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തശേഷം കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. 1991-ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചത് മുസ്ലിം ലീഗ് നേതാവ് പി.എം. അബൂബക്കര്‍ ആയിരുന്നു. ബാബരി മസ്ജിദ് വിഷയത്തില്‍ കോണ്‍ഗ്രസ് തകര്‍ക്കുന്നതു നോക്കിനിന്ന പ്രധാനമന്ത്രി നരസിംഹറാവു ഉള്‍പ്പെടെയുള്ളവരുടെ നിലപാടില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് യു.ഡി.എഫ് വിടണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നു. അതിനു തയ്യാറാകാതിരുന്നതോടെ ഉന്നത നേതാവായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഐ.എന്‍.എല്‍ രൂപീകരിച്ചു. അതില്‍ സുപ്രധാന പങ്ക് വഹിക്കുന്നതിന് പി.എം. അബൂബക്കര്‍ നിയമസഭാംഗത്വം രാജിവച്ചു. അതേത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. സി.പി.എം സഹയാത്രികനായ പ്രമുഖ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് എല്‍.ഡി.എഫ് സ്വതന്ത്രന്‍; വാഗ്മിയും മതപണ്ഡിതനുമായ മുസ്ലിംലീഗ് നേതാവ് എം.പി. അബ്ദുസ്സമദ് സമദാനി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പു രംഗത്ത് ജമാഅത്തെ ഇസ്ലാമി ആദ്യമായി മറയില്ലാതെ ഇറങ്ങിക്കളിച്ചത് ആ തെരഞ്ഞെടുപ്പിലാണ്. പരസ്യ പിന്തുണയും മാധ്യമം ദിനപത്രത്തിന്റെ മറയില്ലാത്ത ഇടതുപക്ഷാനുകൂല പ്രചാരണവും വഴി അന്നാണ് ജമാഅത്ത് വോട്ട് ബാങ്ക് രൂപംകൊള്ളുന്നതും. ജയം പി.ടി. കുഞ്ഞുമുഹമ്മദിന്. അദ്ദേഹം 32560 വോട്ടും സമദാനി 30508 വോട്ടും നേടി. ഭൂരിപക്ഷം 2052 വോട്ട് മാത്രം. പക്ഷേ, ആ വിജയം നിര്‍ണ്ണായകമായിരുന്നു. 1992-ന്റെ ഡിസംബര്‍ ആറിന്റെ പകവീട്ടാന്‍, കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ്സിനും അവരുടെ ഘടകകക്ഷി മുസ്ലിംലീഗിനും പരാജയം ഉറപ്പാക്കുന്നതിന് ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിനൊപ്പം കൈമെയ് മറന്ന് ഇറങ്ങിയതിന്റെ ഫലമായി വ്യാഖ്യാനിക്കപ്പെട്ടു. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റേയും പി.എം. അബൂബക്കറിന്റേയും ഐ.എന്‍.എല്ലിന്റേയും പ്രചാരണരംഗത്തെ ഇടപെടല്‍ സി.പി.എമ്മിനു വലിയ സഹായമാണ് ചെയ്തത്. അതും ചരിത്രം. പക്ഷേ, ജമാഅത്തെ ഇസ്ലാമിയാണ് കുഞ്ഞുമുഹമ്മദിന്റെ വിജയം ഏറ്റവും ആഘോഷിച്ചത്. സി.പി.എം ജമാഅത്തിനെ അംഗീകരിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. ഇടതു പുരോഗമന രാഷ്ട്രീയത്തിന്റെ മുഖംമൂടി ജമാഅത്തിനു കിട്ടുകയും ചെയ്തു.

പിന്നീട് 1996-ലെ പൊതു തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് ഗുരുവായൂര്‍ മണ്ഡലം നിലനിര്‍ത്തി. കുഞ്ഞുമുഹമ്മദും സമദാനിയും തന്നെയായിരുന്നു സ്ഥാനാര്‍ത്ഥികള്‍. കുഞ്ഞുമുഹമ്മദിനു 39870, സമദാനിക്ക് 37034 വോട്ട്; ഭൂരിപക്ഷം 2836. 1991-ല്‍ പി.എം. അബൂബക്കര്‍ സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.കെ. കമ്മുവിനെ 5676 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 1987-ല്‍ മുസ്ലിംലീഗിന്റെ ഉന്നത നേതാവ് പി.കെ.കെ. ബാവയുടെ ഭൂരിപക്ഷം 7934 വോട്ടായിരുന്നു. 1982-ലും പി.കെ.കെ. ബാവയാണ് ജയിച്ചത്. 1977-ലും 1980-ലും മുസ്ലിം ലീഗിലെ ബി.വി. സീതി തങ്ങള്‍ ജയിച്ച മണ്ഡലം. അവിടെ തങ്ങള്‍ ഇടതുപക്ഷത്തിന് അക്കൗണ്ട് തുറന്നു കൊടുത്തു എന്ന മട്ടിലായിരുന്നു ജമാഅത്ത് ക്യാംപെയിന്‍. 1994-ഉം 1996-ഉം ജമാഅത്തെ ഇസ്ലാമിയുടെ കേരള മോഹങ്ങള്‍ക്കു പുതിയ ചിറകുകളാണ് നല്‍കിയത്. രാഷ്ട്രീയ സ്വാധീനത്തിന്റെ വന്‍ പ്രലോഭനത്തിലേക്ക് അവര്‍ തുനിഞ്ഞിറങ്ങി. വോട്ട് ഇടതുപക്ഷത്തിനു മാത്രമായി നല്‍കേണ്ടതില്ല എന്നും തരംപോലെ മാറി മാറി ഉപയോഗിക്കാമെന്നും സംഘടന തിരിച്ചറിഞ്ഞു. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ യു.ഡി.എഫിനേയും എല്‍.ഡി.എഫിനേയുമാണ് പിന്തുണച്ചത്. അതായത് സ്ഥാനാര്‍ത്ഥികളുടെ മൂല്യം നോക്കി വോട്ടു ചെയ്യുന്ന രീതി. അവരുടെ മാനദണ്ഡങ്ങള്‍ പ്രകാരം വോട്ടു കൊടുക്കേണ്ടവരും കൊടുക്കരുതാത്തവരും രണ്ടു മുന്നണിയിലുമുണ്ടായിരുന്നു. സംസ്ഥാനതലത്തില്‍ വളരെ ചെറിയ വോട്ടുബാങ്കായിരുന്നെങ്കിലും ഗുരുവായൂര്‍ ഫലം ചൂണ്ടിക്കാട്ടിത്തന്നെയാണ് അവര്‍ അവകാശവാദം ഉന്നയിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ലീഗ് പി.കെ.കെ. ബാവയെ വീണ്ടും ഗുരുവായൂരില്‍ മത്സരിപ്പിച്ചു. മൂന്നാമതും സി.പി.എം സ്വതന്ത്രനായ പി.ടി. കുഞ്ഞുമുഹമ്മദ് 9526 വോട്ടുകള്‍ക്ക് തോല്‍ക്കുകയും ചെയ്തു. ജമാഅത്തിന് ഉത്തരം മുട്ടിയ ഫലം.

എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ 2001-ല്‍ യു.ഡി.എഫ് അധികാരത്തിലെത്തിയത് മുന്‍പൊരിക്കലുമില്ലാത്ത വന്‍ ഭൂരിപക്ഷത്തോടെ ആയിരുന്നു. അബ്ദുല്‍ നാസര്‍ മഅ്ദനിയെ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ തമിഴ്നാട് പൊലീസിനു പിടിച്ചുകൊടുത്തു എന്നു വ്യാപകമായി പ്രചരിപ്പിച്ച് യു.ഡി.എഫ് പരമാവധി മുസ്ലിം വികാരം ഇളക്കിയിരുന്നു. ഉമ്മന്‍ ചാണ്ടിയും എം.എം. ഹസ്സനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിക്കുകയും ചെയ്തു. അധികാരത്തിലെത്തിയാല്‍ മഅ്ദനിക്കുവേണ്ടി ഇടപെടും എന്നായിരുന്നു വാഗ്ദാനം. മഅ്ദനിക്കും യു.ഡി.എഫിനും ഇടയില്‍ ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിലേയും മാധ്യമത്തിലേയും പ്രമുഖര്‍ മധ്യസ്ഥരായി. പി.ഡി.പിയുടെ പിന്തുണ ഉറപ്പാവുകയും യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് വരികയും ചെയ്തതോടെ ജമാഅത്തെ ഇസ്ലാമി നേതൃത്വം സ്വന്തം നിലയില്‍ ചില നിബന്ധനകള്‍ വച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലും വഖഫ് ബോര്‍ഡിലും പ്രാതിനിധ്യം വേണം എന്നതായിരുന്നു അതില്‍ പ്രധാനം. യു.ഡി.എഫ് ഉറപ്പു നല്‍കുകയും ഹജ്ജ്, വഖഫ് കാര്യ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവും പ്രത്യേക താല്പര്യമെടുത്ത് അത് നടത്തിക്കൊടുക്കുകയും ചെയ്തു. ആദ്യമായാണ് അത്തരം സര്‍ക്കാര്‍തല സമിതികളില്‍ ജമാഅത്തിനു പ്രാതിനിധ്യം കിട്ടിയത്. മാത്രമല്ല, കാന്തപുരം വിഭാഗം സുന്നികളെ ഹജ്ജ് കമ്മിറ്റിയില്‍നിന്നും വഖഫ് ബോര്‍ഡില്‍നിന്നും പൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും പരസ്യ പിന്തുണ പ്രഖ്യാപിക്കാതിരുന്ന തങ്ങളെ മാറ്റിനിര്‍ത്തി ജമാഅത്തിനെ പരിഗണിച്ചത് കാന്തപുരം വിഭാഗത്തെ പ്രകോപിപ്പിച്ചു. കാന്തപുരം നേരിട്ട് മുഖ്യമന്ത്രി എ.കെ. ആന്റണിയെ കണ്ട് ഇക്കാര്യം സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ ആന്റണി മടിച്ചു. കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധിസംഘം കുഞ്ഞാലിക്കുട്ടിയെ കണ്ടു സംസാരിച്ചിട്ടും മാറ്റമുണ്ടായില്ല. അവര്‍ അതിനു പകരം വീട്ടിയത് 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ്. ലീഗിനേയും യു.ഡി.എഫിനേയും മാത്രമല്ല, സി.പി.എമ്മിനെപ്പോലും ഞെട്ടിച്ചാണ് ആ തെരഞ്ഞെടുപ്പില്‍ മഞ്ചേരി ലോക്സഭാ മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെ.പി.എ. മജീദിനെ സി.പി.എമ്മിലെ ടി.കെ. ഹംസ തോല്‍പ്പിച്ചത്. കാന്തപുരം വിഭാഗം അതിശക്തമായി ലീഗിനും യു.ഡി.എഫിനും നല്‍കിയ തിരിച്ചടി. കോണ്‍ഗ്രസ്സിന് ഒരു സീറ്റില്‍പ്പോലും ജയിക്കാനായില്ല എന്നതിനേക്കാള്‍ പ്രഹരശേഷി ഉണ്ടായിരുന്നു ലീഗിന്റെ തോല്‍വിക്ക്. കാന്തപുരത്തെ പിണക്കി ജമാഅത്തിനു നല്‍കിയ പദവികള്‍ക്ക് അവരില്‍ വേണ്ടവിധമുള്ള പ്രത്യുപകാരം ഉണ്ടായുമില്ല. ആ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഇടത്തും വലത്തുമായി വീതംവച്ചു നല്‍കുകയായിരുന്നു.

ബാബ്‌റിക്കു ശേഷം കേരളത്തില്‍ നടന്ന ആദ്യ ലോക്സഭാ ഉപതെരഞ്ഞെടുപ്പായ ഒറ്റപ്പാലം തെരഞ്ഞെടുപ്പിലും സി.പി.എമ്മിനു വന്‍ വിജയമുണ്ടായി. ബാബറി പ്രശ്‌നത്തിലെ കോണ്‍ഗ്രസ്സിനെതിരായ വികാരം സ്ഥാനാര്‍ത്ഥി എം. ശിവരാമനു വന്‍ ഭൂരിപക്ഷം നല്‍കി. അവിടെയും ജമാഅത്തുകാര്‍ സജീവമായെങ്കിലും അവരുടെ സ്വാധീനം മണ്ഡലത്തില്‍ വളരെക്കുറവായിരുന്നു.

ഇടത്തും വലത്തും

2015-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികളുമായുള്ള സഹകരണത്തിലൂടെയും ജനപ്രതിനിധികളുണ്ടായി; അപ്പോഴേയ്ക്കും വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിച്ചു നാലു വര്‍ഷം പിന്നിട്ടിരുന്നു. എന്നാല്‍, ജമാഅത്തെ ഇസ്ലാമി മാതൃസംഘടനയാണ് എന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയോ തിരിച്ച് അതു തങ്ങള്‍ രൂപീകരിച്ച പാര്‍ട്ടിയാണെന്ന് ജമാഅത്തെ ഇസ്ലാമിയോ അംഗീകരിച്ചു തരില്ല. മാറി മാറി വിവിധ പാര്‍ട്ടികളേയും മുന്നണികളേയും പിന്തുണയ്ക്കുന്നതിനിടെ സ്വന്തം നിലയില്‍ ബദല്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണത്തിനു ജമാഅത്തെ ഇസ്ലാമി ശ്രമിച്ചത് സ്വാഭാവികമാണ് എന്നു സമ്മതിക്കും. എന്നാല്‍, വെല്‍ഫെയര്‍ പാര്‍ട്ടിക്കു സ്വന്തം ഭരണഘടനയും പരിപാടിയുമുണ്ട് എന്നു ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്ര പാര്‍ട്ടിയാണ് എന്നു വാദിക്കുന്നത്. ജമാഅത്ത് ശൂറായില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അംഗമാണ് എന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ ഇ.കെ. വിഭാഗം സമസ്ത ശൂറാ അംഗമാണ് എന്നും നേതൃത്വം പറയുന്നു. കോണ്‍ഗ്രസ്സിലും മറ്റു പല പാര്‍ട്ടികളിലും എന്‍.എസ്.എസ്സിന്റേയും എസ്.എന്‍.ഡി.പിയുടേയും കരയോഗം ഭാരവാഹികള്‍ മുതല്‍ മുകളിലേക്കുള്ളവരുണ്ട് എന്നാണ് ന്യായീകരണത്തിന്റെ രണ്ടാം ഭാഗം. ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ നേരിട്ടു പാര്‍ട്ടികളുമായി ചര്‍ച്ച നടത്താറില്ല, സൗഹൃദ സംഭാഷണങ്ങള്‍ മാത്രമേയുള്ളൂ എന്നാണ് പറയുന്നത്. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല.

2015-ല്‍ യു.ഡി.എഫുമായി സഹകരിച്ച് ആറ് വാര്‍ഡുകളില്‍ ജയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഹകരണംകൊണ്ട് ലീഗുകാരും കോണ്‍ഗ്രസ്സുകാരും ഉള്‍പ്പെടെ യു.ഡി.എഫിനും ജയമുണ്ടായി. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി നഗരസഭയില്‍ രണ്ട് കൗണ്‍സിലര്‍മാര്‍, മലപ്പുറം ജില്ലയിലെ വളാഞ്ചേരി നഗരസഭയില്‍ ഒരു കൗണ്‍സിലര്‍, നന്നമ്പ്ര ഗ്രാമപഞ്ചായത്തിലും എടയൂര്‍ ഗ്രാമപഞ്ചായത്തിലും മെമ്പര്‍മാര്‍ ഇതൊക്കെ യു.ഡി.എഫുമായി സഹകരിച്ചു ജയിച്ചവരാണ്. മലപ്പുറം ജില്ലയില്‍ പറപ്പൂര്‍ പഞ്ചായത്ത് ഭരിക്കുന്നതു ലീഗൊഴികെ എല്ലാവരും ചേര്‍ന്ന സാമ്പാര്‍ മുന്നണിയാണ്. അവിടെ വെല്‍ഫെയര്‍ പാര്‍ട്ടിക്കും ഒരു മെമ്പറുണ്ട്. അന്ന് സംസ്ഥാന ഭരണം യു.ഡി.എഫിനായിരുന്നതുകൊണ്ട് സര്‍ക്കാരിനെതിരെ നിരന്തരം സമരം ചെയ്തുവന്ന പാര്‍ട്ടി എന്ന നിലയിലാണ് കൂടുതല്‍ സഹകരണം എല്‍.ഡി.എഫുമായി ഉണ്ടായത് എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പറയുന്നു. 20 ജനപ്രതിനിധികളാണ് അങ്ങനെ ഉണ്ടായത്. എല്‍.ഡി.എഫ് ഭരിക്കുന്ന മുക്കം നഗരസഭയില്‍ മൂന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കൗണ്‍സിലര്‍മാരുടെ പിന്തുണ അവര്‍ക്കാണ്. കൊടിയത്തൂര്‍, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകളില്‍ രണ്ടുവീതം അംഗങ്ങളുണ്ട്. ആലപ്പുഴ ജില്ലയിലെ അരൂര്‍ ഗ്രാമപഞ്ചായത്തിലും പാണാവള്ളി നഗരസഭയിലും എല്‍.ഡി.എഫുമായി സഹകരിച്ചാണ് വിജയിച്ചത്. എല്‍.ഡി.എഫാണ് ഭരിക്കുന്നത്. ഇപ്പോഴും പിന്തുണയ്ക്കുന്നു; അത് വേണ്ടെന്നു പറഞ്ഞിട്ടില്ല എന്ന് വെല്‍ഫെയര്‍ ഇപ്പോഴത്തെ സി.പി.എം വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഏക അംഗം രണ്ടു വര്‍ഷം എല്‍.ഡി.എഫിനെ പിന്തുണച്ചു, അവര്‍ ഭരിക്കുകയും ചെയ്തു. പിന്നീട് ചില പ്രാദേശിക അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് പിന്തുണ പിന്‍വലിച്ചപ്പോള്‍ ഭരണം പോയി; വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയില്‍ അവിടെ യു.ഡി.എഫ് ഭരണത്തിലെത്തി.

കുറച്ചു സമയമെടുത്തിട്ടായാലും സ്വന്തം രാഷ്ട്രീയാടിത്തറ ശക്തിപ്പെടുത്തുക എന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി നയം. അധികാരവും പങ്കാളിത്തവും പ്രാതിനിധ്യവും വേണം. അതിലൂടെയേ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ പറ്റുകയുള്ളു. അതിനു യോജിച്ച തീരുമാനം അതാതു സമയത്ത് എടുക്കും. 140-ല്‍ 118 നിയോജകമണ്ഡലങ്ങളിലും നിലവില്‍ പാര്‍ട്ടിക്കു കമ്മിറ്റിയുണ്ട്. അറുനൂറ് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തനമുണ്ട്. കഴിഞ്ഞ തവണ 300-ഓളം സീറ്റുകളില്‍ മത്സരിച്ചു, നൂറെണ്ണത്തില്‍ ധാരണയുണ്ടായിരുന്നു. ജയിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകള്‍. 11 പുരുഷന്മാര്‍ മാത്രമാണുള്ളത്. സ്ത്രീകളില്‍ ജനറല്‍ സീറ്റില്‍ ജയിച്ചവരുമുണ്ട്. ആലപ്പുഴ അരൂര്‍ പഞ്ചായത്തില്‍ യാസ്മിന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയാണ്. പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ എം. റെജീന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ. മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ്.

ഇപ്പോള്‍ തള്ളിപ്പറയുന്നതും 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വെല്‍ഫെയര്‍ പാര്‍ട്ടി നിലപാടുമായി ചേര്‍ത്താണ് ജമാഅത്തും പാര്‍ട്ടിയും കാണുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രീണിപ്പിക്കുന്നത് ഉള്‍പ്പെടെ തന്ത്രപരമായി അന്തരീക്ഷം നിര്‍മ്മിക്കാന്‍ സി.പി.എമ്മിനെ കഴിഞ്ഞിട്ടേയുള്ളൂ എന്ന് ജമാഅത്തെ ഇസ്ലാമി പറയുന്നു. ''ബൗദ്ധിക സ്വാധീനം ചെലുത്താന്‍ കോണ്‍ഗ്രസ്സിനോ ലീഗിനോ കഴിയില്ല. അതുകൊണ്ടുതന്നെ സി.പി.എം ഉണ്ടാക്കുന്ന ഒഴുക്കിലാണ് കേരളം പോവുക. ഇടതുപക്ഷം യു.എ.പി.എ കാര്യത്തില്‍ കേരളത്തില്‍ സ്വീകരിക്കുന്നത് നീചമായ ഇരട്ടത്താപ്പാണ്. പക്ഷേ, ഉത്തരേന്ത്യയില്‍ ഉണ്ടാകുന്ന സമരങ്ങള്‍ പോലും അതിനെതിരെ കേരളത്തില്‍ ഉണ്ടായില്ല. കേരളത്തിലെ ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും സി.പി.എമ്മിനെതിരെ മിണ്ടില്ല'' -ജമാഅത്ത് നേതൃത്വം പറയുന്നു. സി.പി.എം ഒരു മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണ് എന്ന് ജമാഅത്തെ ഇസ്ലാമിക്കും സഹ സംഘടനകള്‍ക്കും അഭിപ്രായമില്ല. പക്ഷേ, കേരളത്തില്‍ തെരഞ്ഞെടുപ്പു വിജയത്തിനുവേണ്ടി അവസരവാദ നിലപാടെടുക്കുന്നു എന്നാണ് വിമര്‍ശനം.

മതരാഷ്ട്രവും ദൈവിക ഭരണവും  

രാഷ്ട്രം ഒരു മതത്തേയും പ്രോത്സാഹിപ്പിക്കാത്ത മതനിരപേക്ഷതയാണ് ജമാഅത്തും ഇന്ത്യയില്‍ പിന്തുണയ്ക്കുന്നത്. ഇന്ത്യ പോലെ ബഹുമത സമൂഹത്തിനു യോജിച്ചത് അതാണെന്നും സമ്മതിക്കുന്നു.
തുടക്കകാലത്ത് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ വോട്ടു ചെയ്തിരുന്നില്ല. ദൈവത്തേയും ഇസ്ലാമിനേയും നിരാകരിക്കുന്നവരാണ് പൊതുവെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നത് എന്നാണ് കാരണം പറഞ്ഞിരുന്നത്. 1975-ലെ ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യപരമായ അടിയന്തരാവസ്ഥക്കാലത്ത് ജമാഅത്തും നിരോധിക്കപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ടു ചെയ്യാന്‍ അംഗങ്ങളെ അനുവദിച്ചത്. സ്വേച്ഛാധിപത്യത്തിനെതിരായ വോട്ട് എന്നായിരുന്നു നിലപാട്.

ഹുക്കൂമത്തെ ഇലാഹി അഥവാ സ്രഷ്ടാവിന്റെ ഭരണം ആണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമായി തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നത്. ദൈവിക ഭരണമെന്നാല്‍ ദൈവത്തിന്റെ പ്രതിനിധികളായി മനുഷ്യര്‍ നടത്തുന്ന ഇസ്ലാമിക ഭരണം. പിന്നീട് അതു മയപ്പെടുത്തി ഇഖാമത്തുദ്ദീന്‍ എന്നു മാറ്റി; അതായത് മതത്തിന്റെ പ്രചാരണമാണ് ലക്ഷ്യമെന്നും മതം സ്ഥാപിക്കല്‍ മതരാഷ്ട്രവാദമല്ലെന്നും വളച്ചുകെട്ടി പറഞ്ഞു. ഹുക്കൂമത്തെ ഇലാഹിയെക്കുറിച്ച് ഇപ്പോള്‍ അര്‍ത്ഥഗര്‍ഭ മൗനമാണ് ജമാഅത്തെ ഇസ്ലാമിക്ക്. പകരം ഇഖാമത്തുദ്ദീനേക്കുറിച്ച് പറയുന്നത് ഇങ്ങനെ: ''ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ലക്ഷ്യം ഇഖാമത്തുദ്ദീന്‍ ആകുന്നു. അതിന്റെ സാക്ഷാല്‍ പ്രേരകശക്തി ദൈവിക പ്രീതിയും പരലോക വിജയവും കരസ്ഥമാക്കുക എന്നതാകുന്നു.'' ഈ ലക്ഷ്യപ്രഖ്യാപനം സ്പഷ്ടവും ഖണ്ഡിതവുമാണ് എന്നും എന്നാല്‍, വിദൂരമാണ് എന്നും സംഘടന വ്യക്തമാക്കുന്നു.

പക്ഷേ, ജമാഅത്തിന്റെ ആദര്‍ശം സംശയരഹിതമാണ്. ജമാഅത്തെ ഇസ്ലാമി ഭരണഘടനയുടെ രണ്ടാം ഖണ്ഡികയാണ് അതു വ്യക്തമാക്കുന്നത്. ''സ്വജീവിതത്തിലെ സകല ഇടപാടുകളിലും സാക്ഷാല്‍ പ്രമാണവും മൂലാധാരവും അടിസ്ഥാനരേഖയുമായി ദൈവിക ഗ്രന്ഥവും പ്രവാചക അദ്ധ്യാപനങ്ങളും അംഗീകരിക്കുക. ഖുര്‍ആനിനും പ്രവാചകചര്യക്കും യോജിക്കുന്ന ആദര്‍ശവും വിശ്വാസവും മാത്രം അവലംബിക്കുകയും അവയ്‌ക്കെതിരായതെന്തും തിരസ്‌കരിക്കുകയും ചെയ്യുക.''

ഇസ്ലാമിക രാഷ്ട്രം ജമാഅത്തെ ഇസ്ലാമി ലക്ഷ്യം
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന
 

''വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുമായി സഖ്യത്തിനൊരുങ്ങുന്ന മുസ്ലിംലീഗിന്റെ തീരുമാനം മതനിരപേക്ഷ രാഷ്ട്രീയത്തോടുള്ള വെല്ലുവിളിയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ നേരിടാനുള്ള ശക്തി യു.ഡി.എഫിന് ഇല്ല എന്ന തിരിച്ചറിവാണ് തീരുമാനത്തിനു പിന്നില്‍. ഈ നീക്കം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ്. ഭൂരിപക്ഷ വര്‍ഗ്ഗീയത വളര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ മുന്നോട്ടു വരുമ്പോള്‍ മതനിരപേക്ഷ നിര ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. എന്നാല്‍, കമ്യൂണിസ്റ്റു വിരുദ്ധ രാഷ്ട്രീയം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന യു.ഡി.എഫ് വര്‍ഗ്ഗീയ ശക്തികളോട് സന്ധി ചെയ്യുന്നത് ആത്മഹത്യാപരമാണ്. ഇസ്ലാമിക രാഷ്ട്രം എന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമി പിന്തുടരുന്നത്. ഇത് ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ മുസ്ലിംലീഗിന്റെ നടപടി സമുദായ താല്പര്യത്തിന് എതിരാണെന്ന് മുസ്ലിം ജനവിഭാഗം തിരിച്ചറിയണം.''

രാഷ്ട്രീയം പറയുമ്പോള്‍ വര്‍ഗ്ഗീയമായി കാണുന്നു
പി. മുജീബ് റഹ്മാന്‍  
ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍, കേരളം

സി.പി.എം തന്ത്രം ഭൂരിപക്ഷ വോട്ടുറപ്പിക്കാനുള്ള അജന്‍ഡയാണ് മുന്നോട്ടുവയ്ക്കുന്നത്. സംഘപരിവാറിനെ പിന്നിലാക്കുന്ന വിധം കോണ്‍ഗ്രസ്, ലീഗ്, ജമാഅത്തെ ഇസ്ലാമി നേതാക്കളെ ചേര്‍ത്ത് പ്രചരിപ്പിക്കുന്നു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ മറ്റു നിരവധി രാഷ്ട്രീയ, സമുദായ സംഘടനാ നേതാക്കളെ സന്ദര്‍ശിച്ചതുപോലെ തന്നെയാണ് ജമാഅത്ത് അമീര്‍ എം.ഐ. അബ്ദുല്‍ അസീസിനേയും കണ്ടത്. എന്നാല്‍ ഹസ്സന്‍, അമീര്‍, കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ചര്‍ച്ചയായി അതിനെ മാറ്റാനാണ് സി.പി.എം ശ്രമിക്കുന്നത്. ഭൂരിപക്ഷ സമുദായ വോട്ടുകള്‍ കൂടെനിര്‍ത്താന്‍ ജമാത്തിനെ ആയുധമാക്കുന്നു.

ജമാഅത്ത് എന്നു മുതലാണ് സി.പി.എമ്മിനു തൊടാന്‍ വയ്യാതായത് എന്ന് അവര്‍ പറയണം. സി.പി.എമ്മിനും ഞങ്ങള്‍ പിന്തുണ കൊടുത്തിട്ടുണ്ട്. ആര്‍ക്കു പിന്തുണ കൊടുത്താലും അത് അവരുടെ മെച്ചത്തിനു വേണ്ടിയല്ല, ജമാഅത്തിന്റെ നിലപാട് ഉയര്‍ത്തിപ്പിടിക്കാനാണ് ചെയ്യുന്നത്. ഇതുവരെ തെരഞ്ഞെടുപ്പുകളില്‍ പിന്തുണ നല്‍കിയതെല്ലാം അങ്ങനെ തന്നെയാണ്.

2000-നുശേഷം മാത്രമെടുത്താല്‍ത്തന്നെ 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടിയേരി ഉള്‍പ്പെടെ ജമാഅത്തിന്റെ പിന്തുണ ലഭിച്ചവരാണ്. ഫാസിസത്തിനെതിരെ, കൃത്യമായി രാഷ്ട്രീയം പറഞ്ഞാണ് പിന്തുണ നല്‍കിയത്. പക്ഷേ, മറ്റാരെയെങ്കിലും പോലെ വോട്ടു കച്ചവടം നടത്തുകയോ ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ വച്ചു ചര്‍ച്ച ചെയ്യുകയോ ജമാഅത്ത് രീതിയല്ല. രാജ്യവും രാജ്യതാല്പര്യങ്ങളുമാണ് പ്രധാനം.
 
2006-ല്‍ അധികാരത്തിലെത്തിയ വി.എസ്. സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെ അജന്‍ഡ കിനാലൂര്‍ പ്രശ്‌നത്തില്‍ പൊളിച്ചത് ജമാഅത്ത് യുവജന സംഘടന സോളിഡാരിറ്റിയാണ്. എന്നിട്ടും 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20-ല്‍ 18 സീറ്റുകളിലും ഇടതുമുന്നണിക്കു പിന്തുണ നല്‍കി. സമുദായം നോക്കി മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീറിനെ പൊന്നാനിയിലും വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.ഐ. ഷാനവാസിനേയും പിന്തുണച്ചു. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എളമരം കരീമിനുള്‍പ്പെടെ വീണ്ടും ജമാഅത്ത് വോട്ടു ചെയ്തു. 124 മണ്ഡലങ്ങളിലാണ് അന്ന് ഇടതുപക്ഷത്തെ പിന്തുണച്ചത്. അതിന്റെ പേരിലാണ് ജമാഅത്തെ ഇസ്ലാമി നേതാവായിരുന്ന ഹമീദ് വാണിമേല്‍ രാജിവച്ചുപോയത്. ഇടതുപക്ഷത്തിനു പിന്തുണ നല്‍കാന്‍ പാടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിനുശേഷമാണ് വെല്‍ഫെയര് പാര്‍ട്ടിയുടെ രൂപീകരണം. പിന്നെ ജമാഅത്ത് എന്ന നിലയില്‍ രാഷ്ട്രീയ നയവും നിലപാടും പ്രഖ്യാപിച്ചില്ല, പാര്‍ട്ടിയാണ് തീരുമാനമെടുത്തു പ്രഖ്യാപിച്ചത്.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പിന്തുണച്ചത് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ലോക്സഭയില്‍ ഏറ്റവും വലിയ കക്ഷിയാകണം എന്നുദ്ദേശിച്ചാണ്. കോണ്‍ഗ്രസ്സിനോടുള്ള എല്ലാ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അവരെ പിന്തുണച്ചത്. ജമാഅത്ത് ഈ നിലപാടെടുത്തത് കേരളത്തിലാകെ ന്യൂനപക്ഷ വോട്ടുകളുടെ മൊത്തത്തിലുള്ള യു.ഡി.എഫ് അനുകൂല ഏകീകരണത്തിന് ഇടയാക്കി. അതിന്റെ ഫലം യു.ഡി.എഫിനു കിട്ടുകയും എല്‍.ഡി.എഫിന്റെ വലിയ പരാജയത്തിന് ഇടയാക്കുകയും ചെയ്തു. അതിന്റെ വിരോധമാണ് സി.പി.എമ്മിന്.

പിണറായി വിജയന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ആഭ്യന്തരവകുപ്പ് ഏറ്റവും വലിയ പരാജയമാണ്. റിയാസ് മൗലവി വധക്കേസ് അട്ടിമറിയും യു.എ.പി.എയുടെ ദുരുപയോഗവും മുതല്‍ ഏറ്റവുമൊടുവില്‍ സംവരണ അട്ടിമറി വരെ മുസ്ലിം വിരുദ്ധമാണ്. സര്‍ക്കാര്‍ തന്നെ ഇസ്ലാമോ ഫോബിക് സമീപനം സ്വീകരിക്കുന്നു. രാഷ്ട്രീയം പറയുമ്പോള്‍ അത് വര്‍ഗ്ഗീയമായി കാണുന്നു.

ആക്രമണം അവസരവാദപരം
കെ.എ. ഷഫീഖ്
(വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി)

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ നയം പാര്‍ട്ടിക്ക് പരമാവധി ജനപ്രതിനിധികള്‍ ഉണ്ടാവുക എന്നതായിരുന്നു. സ്വന്തം നിലയ്ക്കു മത്സരിക്കുന്നതിനോടൊപ്പം തന്നെ രണ്ടു മതനിരപേക്ഷ മുന്നണികളുമായോ മുന്നണികളിലെ പാര്‍ട്ടികളുമായോ പ്രാദേശിക നീക്കുപോക്ക് നടത്തുക. സഖ്യമല്ല, മുന്നണിയുമല്ല, നീക്കുപോക്ക് മാത്രം. ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒരു ധാരണ. ചിലയിടത്ത് അതു വിജയിച്ചു. യു.ഡി.എഫും എല്‍.ഡി.എഫും ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരുപോലെയാണ്. പക്ഷേ, ഇപ്പോള്‍ എല്‍.ഡി.എഫ് നിലപാട് ഞങ്ങളോടു കുറച്ച് നിഷേധാത്മകമാണ്. ഇതുവരെ അവര്‍ സമീപിച്ചില്ല. യു.ഡി.എഫ് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സഹകരണത്തിനു താല്പര്യം കാണിക്കുകയും ചെയ്തു.

ഞങ്ങളുമായി സഹകരിച്ചുകൊണ്ടുതന്നെ ഞങ്ങളെ കുറ്റപ്പെടുത്തുന്നത് അവസരവാദപരമാണ്. മറ്റൊരുതരം ഏകീകരണമാണ് അതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. മുസ്ലിം വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കുകയും നഷ്ടപ്പെട്ടുപോയി എന്നു കരുതുന്ന ഹിന്ദു വോട്ട് തിരിച്ചുകൊണ്ടുവരികയും ചെയ്യുകയാണ് ലക്ഷ്യം. യു.ഡി.എഫ് എന്നത് മുസ്ലിം ഗ്രൂപ്പുകളുമായി സഹകരിക്കുന്ന മുന്നണിയാണ് എന്ന അന്തരീക്ഷമുണ്ടാക്കുക, അതുവഴി ഹിന്ദുവോട്ട് സമാഹരിക്കുക. അതിനു വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. കോടിയേരിയുമായി അദ്ദേഹത്തിന്റെ ഫ്‌ലാറ്റില്‍ വച്ചു ചര്‍ച്ച നടത്തി. സി.പി.എമ്മിന്റെ രീതിയനുസരിച്ച് നീക്കുപോക്ക് പ്രാദേശിക തലത്തിലാണെങ്കിലും തീരുമാനം മുകളില്‍നിന്നുതന്നെ വരണം. രാഷ്ട്രീയ തീരുമാനമില്ലാതെ സി.പി.എമ്മിന്റെ ഒരു ഘടകംപോലും അനങ്ങില്ല. കോടിയേരി അനുകൂലമായി പ്രതികരിച്ച ശേഷം വിവിധ ജില്ലാ നേതാക്കളുമായി ചര്‍ച്ച ചെയ്താണ് പ്രാദേശിക നീക്കുപോക്ക് രൂപപ്പെടുത്തിയത്. ആലപ്പുഴയില്‍ ജി. സുധാകരനും സജി ചെറിയാനും കോഴിക്കോട്ട് ടി.പി. രാമകൃഷ്ണനും ഞങ്ങളുമായി ചര്‍ച്ച നടത്തിയവരാണ്. മലപ്പുറത്ത് പാലൊളി മുഹമ്മദുകുട്ടി ഉള്‍പ്പെടെ പങ്കെടുത്ത ചര്‍ച്ചയാണു നടന്നത്. ഞങ്ങളെ വലിയ ഭീകരവാദ പ്രസ്ഥാനവും തീവ്രവാദികളും മതമൗലിക വാദികളുമൊക്കെയായി ചിത്രീകരിക്കുമ്പോള്‍, ഇതേ ഞങ്ങളുമായി നിങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ചര്‍ച്ച നടത്തിയിരുന്നല്ലോ എന്നു തിരിച്ചു ചോദിക്കേണ്ടിവരികയാണ്. അന്ന് ഞങ്ങളെ വേണം, അതുകൊണ്ടു ഭീകരവാദികളല്ല.

ബി.ജെ.പിയെ പുറത്താക്കുക എന്ന പ്രഥമ മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ തീരുമാനമെടുത്താണ് 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണച്ചത്. കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ്സിനു കിട്ടിയാല്‍ അവര്‍ കേന്ദ്രത്തില്‍ ഏറ്റവും വലിയ കക്ഷിയാകും എന്നു പ്രതീക്ഷിച്ചാണ് പിന്തുണച്ചത്. അതുണ്ടായില്ല എന്നത് മറ്റൊരു കാര്യമാണ്. പക്ഷേ, ശ്രമിക്കുമ്പോള്‍ അങ്ങനെയാണു പ്രതീക്ഷിക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ നിലപാടും സി.പി.എമ്മിന്റെ ദേശീയ നിലപാടും ഒന്നുതന്നെയായിരുന്നു. കേരളത്തിന്റെ അതിര്‍ത്തി ജില്ലയായ കന്യാകുമാരിയില്‍ കോണ്‍ഗ്രസ്സുമായി സഹകരിച്ചാണ് സി.പി.എം പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാണ് അവര്‍. അതായത് സി.പി.എം ഞങ്ങളോടു സ്വീകരിക്കുന്നത് നയപരമായ നിലപാടല്ല, ഭൂരിപക്ഷ വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ തികച്ചും അവസരവാദപരമായ നിലപാടെടുക്കുകയാണ്. മുസ്ലിം ഭീതിയാണ് സംഘപരിവാര്‍ സൃഷ്ടിക്കുന്നത്; അത് ആര് സൃഷ്ടിച്ചാലും ആത്യന്തിക ഫലം അവര്‍ക്കു തന്നെയാണ് കിട്ടുക.

ഞങ്ങള്‍ വര്‍ഗ്ഗീയശക്തിയാണെന്നു പറയുമ്പോള്‍ അതിനു തെളിവു വേണ്ടേ. ഞങ്ങളുടെ എന്തു പ്രവര്‍ത്തനവും നയവും നിലപാടുമാണ് വര്‍ഗ്ഗീയം എന്നുകൂടി അവര്‍ പറയണം. മുസ്ലിം നേതൃത്വത്തിലുള്ള, ഭൂരിപക്ഷം മുസ്ലിം അംഗങ്ങളുള്ള പാര്‍ട്ടി വര്‍ഗ്ഗീയമാണ് എന്നു പറയാതെ പറയുകയാണ്. ഫലത്തില്‍ ഇത് ബി.ജെ.പി നരേഷനാണ്. രാഷ്ട്രീയമായി സംഘപരിവാറുമായി സാമ്യപ്പെടുന്ന ഒട്ടേറെ തലങ്ങള്‍ സി.പി.എമ്മിനുണ്ട്. അതില്‍നിന്നുകൊണ്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെ ആക്രമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com